ഡോൺ ശാന്തമായൊഴുകുന്നു
കർത്താവ് | Michail Aleksandrovich Sholokhov |
---|---|
യഥാർത്ഥ പേര് | Tikhiy Don/Тихий Дон (part 1) |
പരിഭാഷ | Stephen Garry |
രാജ്യം | സോവിയറ്റ് യൂണിയൻ |
ഭാഷ | റഷ്യൻ |
പരമ്പര | Tikhiy Don/Тихий Дон |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Alfred A. Knopf (Eng. trans. USA) |
പ്രസിദ്ധീകരിച്ച തിയതി | 1928 and 1940 (in serial) & 1934 (this volume in book form) |
മാധ്യമം | Print (Hardback & Paperback) |
ISBN | ISBN 1-58963-312-1 (2001 English translation) |
OCLC | 51565813 |
ശേഷമുള്ള പുസ്തകം | The Don Flows Home to the Sea |
സുപ്രസിദ്ധമായ ഒരു റഷ്യൻ നോവലിന്റെ മലയാള വിവർത്തനമാണ് ഡോൺ ശാന്തമായൊഴുകുന്നു എന്ന കൃതി. റഷ്യൻ ഭാഷയിൽ മിഖായേൽ ഷോളോഖോവ് രചിച്ച പ്രഥമ നോവലായ തിഖിഡോൺ ആണ് മൂലകൃതി. റഷ്യനിൽ തിഖിഡോൺ (Tikhy Don)[1] എന്നും ഇംഗ്ലീഷിൽ ദ് ക്വയറ്റ് ഡോൺ (The Quiet Don) എന്നും അറിയപ്പെടുന്നു. ഷോളോഖോവ് 1928-ൽ ഈ നോവലിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. പന്ത്രണ്ട് വർഷം കൊണ്ടാണ് (1928-40) നാലു വാല്യങ്ങളിലുള്ള ഈ നോവലിന്റെ പ്രസിദ്ധീകരണം പൂർത്തിയായത്. അതിന്റെ ഒരു ഭാഗം ഇംഗ്ലീഷിൽ ആൻഡ് ക്വയറ്റ് ഫ്ളോസ് ദ് ഡോൺ (1934) എന്ന പേരിലാണ് പ്രസിദ്ധീകൃതമായത്. ഈ കൃതി ഇംഗ്ലീഷിൽ വിവർത്തനം ചെയ്തത് സ്റ്റീഫൻ ക്യാരിയാണ്. റോബർട്ട് ഡാഗ്ലീഷും ഈ നോവലിന്റെ പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്യു ലൂക്ക് ഇതിന്റെ മലയാള പരിഭാഷ രണ്ടു വാല്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡോൺ ശാന്തമായൊഴുകുന്നു, ഡോൺ സമുദ്രത്തിലേക്കു തന്നെ ഒഴുകുന്നു എന്നീ പേരുകളിലാണ് ആ വാല്യങ്ങൾ പുറത്തുവന്നത്. 1965-ൽ ഇവ പ്രസിദ്ധീകൃതമായി.
പ്രതിപാദ്യം
[തിരുത്തുക]1917 ഒക്ടോബറിലെ ബോൾഷെവിക്ക് വിപ്ലവത്തെത്തുടർന്ന് രൂപംകൊണ്ട സോവിയറ്റ് യൂണിയനിലാണ് കഥ നടക്കുന്നത്. ബോൾഷെവിക്കുകളിൽ നിന്ന് സ്വതന്ത്രമാകാൻ വേണ്ടി ഡോൺ കൊസ്സാക്കുകൾ നടത്തിയ ത്യാഗപൂർണവും രൂക്ഷവുമായ ആഭ്യന്തര സമരമാണ് ഈ കൃതിയിലെ പ്രതിപാദ്യം. വിവാദമായ ചിത്രീകരണം പ്രത്യേകം ശ്രദ്ധേയമാണ്. റഷ്യയിലുടനീളം പ്രചാരം സിദ്ധിച്ച ഈ സാഹിത്യസൃഷ്ടിയിലെ മുഖ്യകഥാധാര ഗ്രിഗോറിമെലഖോവും ഭർത്തൃമതിയായ അക്സീനയായും തമ്മിലുള്ള പ്രേമമാണ്. ഗ്രിഗോറിയുടെ ജീവിതത്തിലൂടെ കൊസ്സാക്ക് ജനതയുടെ സാമൂഹിക, മാനസിക പ്രശ്നങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. ഈ കഥാപാത്രത്തിന്റെ സ്വഭാവ ചിത്രീകരണത്തിലും വിധിനിർണയത്തിലും ഷോളോഖോവ് പ്രകടിപ്പിച്ച കരുത്തും മികവും അന്നത്തെ സാമൂഹിക വ്യവസ്ഥിതിയുടെ പുരോഗതിക്കു വളരെയധികം സഹായകമായി. യഥാർഥമായ സ്ഥിതിസമത്വം വിഭാവനം ചെയ്യുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണിത്. ഇതിന്റെ രചനയിലൂടെ ഷോളോഖോവ് വിശ്വസാഹിത്യകാരന്മാരുടെ പദവിയിലേക്കുയർന്നു.
ഇതിവൃത്തം
[തിരുത്തുക]ഡോൺ തീരത്തെ മെലെഖോവ് കുടുംബത്തിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. കുടുംബത്തിലെ മൂത്തമകൻ, ഗ്രിഗോർ അയൽവാസിയായ സ്റ്റെപൻ അസ്തഖോവയുടെ ഭാര്യയായ അക്സീനയുമായി പ്രണയത്തിലാകുന്നു. എന്നാൽ ഗ്രിഗോറിന്റെ പിതാവ് നതാലിയ കൊർഷനോവുമായി മകന്റെ വിവാഹം നടത്തി. സ്വന്തം ഭാര്യയെ അംഗീകരിക്കാതെ അക്സീനയുമായുള്ള ബന്ധം ഗ്രിഗോർ തുടരുകയും ഇത് നാട്ടിൽ പാട്ടായിത്തീരുകയും ചെയ്തു. ഈ സംഭവത്തിൽ കൂപിതനായ പിതാവ് മകനെ വീട്ടിൽനിന്നു പുറത്താക്കുന്നതോടെ അക്സീനയുമായുള്ള ഗ്രിഗോറിന്റെ ബന്ധം ശക്തമാകുകയും ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ഒരു മകൾ ജനിക്കുകയും ചെയ്തു. ദാമ്പത്യ ജീവിതത്തിൽ നിരാശയായ നതാലിയ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും അവർ മരണത്തിൽനിന്ന് രക്ഷപ്പെടുകയാണുണ്ടായത്. മെലെഖോവ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തു. സൈനിക സേവനത്തിനു ശേഷം തിരിച്ചുവന്ന ഗ്രിഗോർ തന്റെ മേലുദ്യോഗസ്ഥന്റെ മകൻ യുജീനുമായുള്ള അക്സീനയുടെ അവിഹിത ബന്ധം മനസ്സിലാക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്തു. സ്വഗൃഹത്തിൽ തിരിച്ചുവന്ന ഗ്രിഗോർ ഭാര്യയുമായി രമ്യതയിലെത്തി. യുദ്ധക്കളത്തിൽ കാമുകിയുടെ ഭർത്താവും തന്റെ മുഖ്യ ശത്രുവുമായ സ്റ്റെപൻ അസ്തഖോവയെ ഗ്രിഗോർ കാണാനിടയായി. ഒരാക്രമണത്തിനിടയിൽ അസ്തഖോവയുടെ ജീവൻതന്നെ ഗ്രിഗോർ രക്ഷിക്കുകയുണ്ടായി.
വിപ്ലവാരംഭത്തിൽ നിലവിൽ വന്ന കെറെൻസ്കി ഭരണത്തിനു പകരം ഒരു സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപം കൊണ്ടു. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും തങ്ങളുടെ സ്വതന്ത്രമായ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്ന കൊസ്സാക്കുകൾ ഡോൺ പ്രദേശത്തിനു മാത്രമായി ഒരു ഭരണകൂടം വേണമെന്ന് വാദിക്കുകയുമുണ്ടായി. എന്നാൽ ഒരു വിഭാഗം കോർനിലോവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തു നിലകൊണ്ടു. റെഡ് ആർമിയുടെ നേതൃനിരയിലെ ഒരു ഉദ്യോഗസ്ഥനായി ഗ്രിഗോർ അവരോധിക്കപ്പെട്ടു. ഈ ആഭ്യന്തര യുദ്ധത്തിൽ കോർനിലോവിന്റെ നേതൃത്വത്തിലുണ്ടായ പ്രതിപക്ഷ വിഭാഗം വിജയം കൈവരിച്ചു.
വിപ്ലവകാലത്ത് പെട്രോഗ്രാഡിനെതിരായി നടന്ന ആക്രമണത്തിൽ കൊസ്സാക്കുകൾ വഹിച്ച പങ്കാണ് ഷോളോഖോവ് ചിത്രീകരിക്കാൻ ശ്രമിച്ചത്. വിപ്ലവത്തെ അടിച്ചമർത്തുവാനുള്ള യത്നത്തിൽ കൊസ്സാക്കുകൾ എന്തുകൊണ്ട് സഹകരിച്ചു എന്നതിന്റെ ഉത്തരം വ്യക്തമാക്കാൻ ഇവർ ആരാണെന്നും ഇവർ വസിക്കുന്ന ഡോൺ ഭൂമി ഏതു തരത്തിലുള്ളതാണെന്നും വായനക്കാരെ ധരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് നോവലിസ്റ്റിനു തോന്നി. അങ്ങനെയാണ് കൊസ്സാക്കുകളുടെ ജീവിതരീതി ഈ കൃതിയിൽ വിശദമാക്കാൻ അദ്ദേഹം മുതിർന്നത്. ഒക്ടോബർ വിപ്ലവത്തിന്റേയും അതിനെത്തുടർന്നുണ്ടായ ഭീകരമായ ആഭ്യന്തര സമരത്തിന്റേയും ചിത്രീകരണം ഈ കൃതിക്ക് ചരിത്ര പ്രാധാന്യം നൽകുന്നു. ഇതിവൃത്ത ഘടനയിലും കലാപരമായ ശില്പ ഭദ്രതയിലും ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന വിശ്വോത്തര നോവലിനെ നമ്മുടെ ഓർമയിലെത്തിക്കും ഈ പ്രകൃഷ്ടകൃതി. ടോൾസ്റ്റോയിയെ അനുകരിച്ച് ഷോളോഖോവും ജീവചരിത്രവും യുദ്ധരംഗങ്ങളും ഗ്രാമീണ ജീവിതവും സാമൂഹികകലഹങ്ങളും രാഷ്ട്രീയ പരിവർത്തനങ്ങളും ആകർഷകമായി സമന്വയിപ്പിച്ചു ചിത്രീകരിച്ചിരിക്കുന്നു. തെക്കുകിഴക്കൻ റഷ്യയിൽ, ഡോൺ തടങ്ങളിൽ നിവസിക്കുന്ന കൊസ്സാക്കുകളുടെ ജീവിത സമ്പ്രദായങ്ങളെ പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ഈ നോവലിൽ 1914-17-ലെ റസ്സോ-ജർമൻ യുദ്ധവും തുടർന്നുണ്ടായ ഒക്ടോബർ വിപ്ലവവും 1918-21-ലെ ആഭ്യന്തര സമരവും വസ്തുനിഷ്ഠവും ഹൃദയസ്പർശിയുമായി ചിത്രീകരിച്ചിരിക്കുന്നു.
പ്രിയങ്കരമായ ഗ്രന്ഥം
[തിരുത്തുക]1940-നും 50-നുമിടയ്ക്ക് മൂലകൃതിയുടെ പല പതിപ്പുകളിലായി അച്ചടിച്ച അൻപതു ലക്ഷത്തിലധികം കോപ്പികൾ റഷ്യയിൽ വിറ്റഴിഞ്ഞു. സോവിയറ്റ് സാഹിത്യത്തിൽ വളരെ പ്രചാരം സിദ്ധിച്ചതും പ്രിയങ്കരവുമായ ഒരു ഗ്രന്ഥമാണിത്. അനവധി വിദേശ ഭാഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു. ഐവാൻ ഡെഡ്രോ വ്സ്കിയുടെ സമർഥമായ സംവിധായകത്വത്തിൽ സംഗീത നാടകമായും അനന്തരം ചലച്ചിത്രമായും ആവിഷ്കരിക്കപ്പെട്ട് കലാകുതുകികളെ ഈ കൃതി ആനന്ദിപ്പിക്കുകയുണ്ടായി. 1941-ലെ സ്റ്റേറ്റ് പ്രൈസിന് ഷോളോഖോവിന്റെ ഡോൺ നോവൽ തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ http://www.britannica.com/EBchecked/topic/541489/Mikhail-Aleksandrovich-Sholokhov Mikhail Aleksandrovich Sholokhov
പുറംകണ്ണികൾ
[തിരുത്തുക]- http://www.archive.org/details/andquietflowsdon00shol
- http://www.amazon.com/Quiet-Flows-Don-v/dp/1589633121
- http://www.readin.com/books/don/thebook.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡോൺ ശാന്തമായൊഴുകുന്നു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |