ഡങ്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡങ്കൻ

മുൻ സ്കോട്ടിഷ് രാജാവായിരുന്നു ഡങ്കൻ (ഭരണകാലം 1034-40). സ്കോട്ടിഷ് രാജാവായിരുന്ന മാൽകോം (Malcolm) ദ്വിതീയന്റെ (ഭരണകാലം 1005-34) പുത്രിയായിരുന്നു ഡങ്കന്റെ മാതാവ്; പിതാവ് ക്രിനാൻ (Crinan). സ്റ്റ്രത് ക്ലൈഡ് (Strathclyde) പ്രദേശം സ്കോട്ടിഷ് രാജ്യത്തിൽ ഉൾപ്പെട്ടതോടെ (സുമാർ 1034) മാൽകോം അവിടത്തെ ഭരണച്ചുമതല ഡങ്കനെ ഏല്പിച്ചു. പതിവിന് വിപരീതമായ ഒരു നടപടിയായിരുന്നു ഇത്. രാജകുടുംബത്തിലെ രണ്ട് ശാഖകളിൽ ഓരോന്നിനായി ഒന്നിടവിട്ട് രാജപദവി നൽകിപ്പോന്നിരുന്ന പിന്തുടർച്ചാക്രമം മാൽകോം മറികടന്നു. പിന്തുടർച്ചയ്ക്ക് ഏറ്റവും അനുയോജ്യനായത് രാജകുടംബത്തിലെ ശ്രേഷ്ഠനായ വ്യക്തിയാണെന്നും പലപ്പോഴും മത്സരത്തിലൂടെയാണ് ഈ സ്ഥാനം നേടിയെടുക്കുന്നതെന്നുമുള്ള കെൽറ്റ് പാരമ്പര്യത്തിനു വിരുദ്ധമായി പിൻതലമുറയിലെ ഒരംഗം എന്ന പരിഗണന മാത്രമാണ് ഡങ്കനെ രാജപദവിയിലേക്ക് അവരോധിച്ചപ്പോൾ മാൽകോം കൈക്കൊണ്ടത്. മൽക്കോമിനെ പിന്തുടർന്ന് ഡങ്കൺ 1034-ൽ സ്കോട്ടിഷ് രാജാവായി. ദർഹാം പ്രദേശം കീഴടക്കാനായി ഇദ്ദേഹം 1039-ൽ യുദ്ധം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജനറൽ ആയിരിക്കുകയും രാജഭരണത്തിന് അവകാശമുന്നയിക്കുകയും ചെയ്തിരുന്ന മൊറെയിലെ ഉപരാജാവായിരുന്ന മക്ബെത്ത് ഇദ്ദേഹത്തെ 1040-ൽ വധിച്ചു. ഡങ്കനും മക്ബെത്തുമായുള്ള ഈ ഏറ്റുമുട്ടലിന്റെ ദുരന്തനാടകാവിഷ്കാരമാണ് ഷെയ്ക്സ്പിയറുടെ മക്ബെത്തിൽ നാം കാണുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡങ്കൻ (സു.1001-40) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡങ്കൻ&oldid=3633130" എന്ന താളിൽനിന്ന് ശേഖരിച്ചത്