കൽപാത്തി രഥോത്സവം
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ (മഹാവിഷ്ണു), മന്തക്കര മഹാഗണപതി തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തികളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.[1]
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി.യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥസ്വാമിക്ഷേത്രം സന്ദർശിച്ചു മടങ്ങിയ തമിഴ്‌നാട് മായാവാരം സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടു വന്ന ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കാശി വിശ്വനാഥസ്വാമിക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പാതി കൽപ്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, വള്ളിദേവസേന സമേതനായ സുബ്രമണ്യൻ, ഗണപതി, സൂര്യൻ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്. ഈ ക്ഷേത്രത്തിന് സമീപത്തായി ലക്ഷ്മീസമേതനായ ഭഗവാൻ നാരായണന്നും, ഗണപതിക്കും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽപാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ പ്രദേശങ്ങളിൽ ഒന്നാണ്. ശിവക്ഷേത്രനിർമ്മാണത്തോടനുബന്ധിച്ചാണ് ഇവർ ഇവിടേക്ക് കുടിയേറിയത്.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള പട്ടണം: പാലക്കാട് - 3 കി.മീ അകലെ
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട് - 3 കി.മീ അകലെ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ - 55 കി.മീ അകലെ
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "കൽപാത്തി അഗ്രഹാരത്തെരുവുകളിൽ ദേവരഥങ്ങളുടെ പ്രയാണം; ദേവരഥ സംഗമം വെള്ളിയാഴ്ച". Malayala Manorama. 14 November 2018. Retrieved 15 November 2018.