കൽക്കിപുരാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭവിഷ്യപുരാണത്തിന്റെ ഉപപുരാണമാണ് കൽക്കിപുരാണം.

പൗരാണിക സാഹിത്യം ഭാരതീയ സംസ്കാരത്തിന്റെ കലവറയാണ് . രസകരമായ കഥാഖ്യാനങ്ങളോടെ സാധാരണമനുഷ്യരെ ധർമ്മത്തിന്റെയും ഭക്തിയുടെയും മാർഗ്ഗത്തിലേക്കു നയിക്കുന്നവയാണ് പുരാണങ്ങൾ.പുരാണങ്ങൾ പ്രധാനമായും പതിനെട്ടെണ്ണമാണ് . ഈ പതിനെട്ടെണ്ണത്തെ മഹാപുരാണങ്ങൾ എന്ന് പറയുന്നു .ഈ മഹാപുരാണങ്ങളുടെ അനുബന്ധമായി ചമയ്ക്കപ്പെട്ടിരിക്കുന്നവയാണ് ഉപപുരാണങ്ങൾ . ഇവയുടെ എണ്ണം ഏതാണ്ട് അന്പതിനോടടുത്താണ് . എങ്കിലും അവയിൽ പതിനെട്ടെണ്ണമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത് . അത്തരത്തിലുള്ള പ്രധാനമായ പതിനെട്ടു ഉപപുരാണങ്ങളിൽ ഒന്നാണ് ഭവിഷ്യപുരാണത്തിന്റെ അനുബന്ധമായ ശ്രീ കൽക്കിപുരാണം .വ്യാസപുത്രനും പുരാണങ്ങളുടെ ആഖ്യാതാവുമായ സൂതപൗരാണികൻ നൈമിശാരണ്യത്തിലെ മഹർഷിമാരോട് പറയുന്നതായിട്ടാണ് ഇതിന്റെയും ആഖ്യാനം . മഹാവിഷ്ണുവിന്റെ പത്താമത്തെ മഹാവതാരമായ കൽക്കിഭഗവാന്റെ തിരുവവതാരവും തുടർന്നുള്ള അദ്ദേഹത്തിൻറെ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതത്തിലെ സംഭവഗതികളുമാണ് ഇതിലെ പ്രതിപാദ്യം . ഈ പുരാണത്തെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു . അവ യഥാക്രമം പ്രഥമാംശം. ദ്വിതീയാംശം. തൃതീയാംശം. എന്നിവയാണ് .

പ്രഥമാംശം[തിരുത്തുക]

ഇതിൽ ഏഴു അദ്ധ്യായങ്ങളുണ്ട് . ആദ്യമായി കലിവിവരണമാണ് . കലിയുഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ധര്മ്മത്തിനു വളരെയേറെ ഹാനിയുണ്ടായി .ഈശ്വരാരാധന പാടെ അപ്രത്യക്ഷമായി . യജ്ഞങ്ങൾ മുടങ്ങിയതോടെ ഹവിർഭാഗം ലഭിക്കാതെ ദേവന്മാർ ക്ഷീണിതരായി ഭവിച്ചു .ദുഃഖിതരായ ദേവന്മാർ പിന്നീട് ഭൂമിയിലെ കലിയുഗത്തിലെ അവസ്ഥയും തങ്ങളുടെ വിഷമസ്ഥിതിയും അറിയിക്കാനായി സത്യലോകത്തെത്തി ബ്രഹ്മാവിനെ കാണുന്നു . ബ്രഹ്‌മാവ്‌ ദേവന്മാരെയും കൂട്ടിക്കൊണ്ടു ഗോലോകത്തെത്തുകയും ഭഗവാൻ കൃഷ്ണനെക്കണ്ടു ദേവന്മാരുടെ വിഷമതകൾ അറിയിക്കുകയും ചെയ്തു . ദേവന്മാരുടെയും ബ്രഹ്‌മാവിന്റെയും വിഷമതകൾ കണ്ടു ഭഗവാൻ കൃഷ്ണൻ താൻ എടുക്കുവാൻ പോകുന്ന കൽക്കി എന്ന അവതാരത്തെക്കുറിച്ചും തുടർന്ന് കലിയുഗത്തെ സംഹരിച്ചു കൃതയുഗം സ്ഥാപിക്കുന്ന കാര്യത്തെക്കുറിച്ചും അവരോടു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു . കലിയുഗത്തെ സംഹരിക്കാനും കൃതയുഗം സ്ഥാപിക്കാനുമായി മഹാവിഷ്ണു വൈശാഖ മാസത്തിലെ ശുക്ളപക്ഷ ദ്വാദശി ദിവസം ശാംഭലം എന്ന ഗ്രാമത്തിൽ അക്കാലത്തെ ബ്രാഹ്മണശ്രേഷ്ഠനായ വിഷ്ണുയശസ്സിന്റെ ഗൃഹത്തിൽ അദ്ദേഹത്തിൻറെ പുത്രനായി സുമതി എന്ന ബ്രാഹ്മണിയിൽ ജനിച്ചു . ആ സമയം ലോകം വളരെയേറെ പ്രസന്നമായിത്തീരുകയും ദിക്കുകളൊക്കെ നല്ലതുപോലെ തെളിയുകയും എല്ലാപേരുടെയും മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത ആനന്ദമുണ്ടാവുകയും ചെയ്തു . വിഷ്ണുയശസ്സിന്റെ ഗൃഹത്തിലെ ചെടികളൊക്കെ നന്നായി പൂത്തു തളിർത്തു . ശംഭലഗ്രാമത്തിൽ നിന്നും ഭഗവാന്റെ പ്രഭാവത്താൽ ദുഃഖവും ദുരിതങ്ങളും ഓടി മറഞ്ഞു . ജനങ്ങളെല്ലാം കലിയുടെ പ്രേരണയാലുള്ള അധർമ്മങ്ങൾ മറന്നു ധർമ്മിഷ്ഠരായി ജീവിക്കുവാൻ തുടങ്ങി. ലോകം കൂടുതൽ സുന്ദരമായി കാണപ്പെട്ടു . പക്ഷിമൃഗാദികൾ പോലും വളരെയേറെ ശോഭയുള്ളവരായിത്തീർന്നു .

കൽക്കിഭഗവാൻ ജനിക്കുന്നതിനു മുൻപേ , ദേവന്മാരുടെ അംശങ്ങളായി കവി, പ്രാജ്ഞൻ, സുമന്ത്രൻ തുടങ്ങിയ മൂന്ന് ജ്യേഷ്ഠന്മാർ കൽക്കിക്ക് ജനിച്ചിരുന്നു . കൂടാതെ ഈശ്വരന്മാരുടെ അംശങ്ങളായി ഗർഗ്യൻ , ഭർഗ്യൻ , വിശാലൻ തുടങ്ങിയ മൂന്ന് ബ്രാഹ്മണശ്രേഷ്ഠരും കൽക്കിയുടെ ഗോത്രത്തിലുണ്ടായി . ഇവരെല്ലാം വിഷ്ണുഭക്തനായ വിശാഖയൂപരാജാവിന്റെ സംരക്ഷണയിൽ വളർന്നു വന്നു .

തുടർന്ന് കൽക്കിയുടെ ഉപനയനവും , പരശുരാമന് ശിഷ്യപ്പെട്ടു ബാലനായ കൽക്കി ആയുധവിദ്യ അഭ്യസിക്കുന്നതും , ശിവനെ പൂജിച്ചു വരങ്ങൾ നേടുന്നതുമാണ് ഇതിൽ വർണ്ണിക്കുന്നത് . ഭഗവാൻ ശിവൻ കൽക്കിയിൽ പ്രസന്നനായി വില്വാദകേശ്വരം ക്ഷേത്രത്തിൽ വച്ച് കൽക്കിക്കു ദർശനം നൽകുകയും , രത്നത്സരു എന്ന ദിവ്യമായ വാളും , സർവ്വജ്ഞാനിയായ ഒരു തത്തയേയും , ഒരിക്കലും ക്ഷീണിക്കാത്തതും ശിവന്റെ അഗ്നിയിൽ നിന്നും ജനിച്ചതും പല രൂപങ്ങളും ധരിച്ചു ആകാശത്തും സകല ലോകങ്ങളിലും സഞ്ചരിക്കാൻ കഴിവുള്ളതുമായ ഗാരുഡം എന്ന കുതിരയേയും കൽക്കിക്ക് നൽകുകയുണ്ടായി .

തുടർന്ന് ലക്ഷ്മിദേവിയുടെ അംശമായി ശ്രീലങ്കയിൽ ജനിച്ച പദ്മ എന്ന ദേവിയുടെ കഥയും , അവൾക്കു കൽക്കിദേവനോടുള്ള പ്രണയവുമാണ് വർണ്ണിക്കുന്നത് . ശിവൻ കൊടുത്ത തത്തയായിരുന്നു കൽക്കിക്കും പദ്മയ്ക്കുമിടയിൽ ദൂതനായി വർത്തിച്ചത് .

ദ്വിതീയാംശം[തിരുത്തുക]

ഇതിൽ കൽക്കിഭഗവാൻ പദ്മയെ വിവാഹം കഴിക്കുന്നതും അനന്തമഹർഷിയുടെ ചരിത്രവും , കൽക്കിഭഗവാന്റെ ചില യുദ്ധങ്ങളുമാണ് വർണ്ണിക്കുന്നത് . അക്കാലത്തു ഈശ്വരവിശ്വാസമില്ലാത്തവരും നീചന്മാരുമായ ജനങ്ങളായിരുന്നു ലോകത്തിൽ ഭൂരിഭാഗവും .അവരെ "ബൗദ്ധന്മാർ" എന്നാണു കൽക്കിപുരാണം വിവക്ഷിക്കുന്നത് . ഭൗതികമായ ബുദ്ധികൊണ്ട് മാത്രം ചിന്തിക്കുന്നവരെന്നോ , ഭൗതിക ബുദ്ധിയുള്ളവരാകയാൽ ആത്മീയതയെ തിരസ്ക്കരിക്കുന്നവരെന്നോ അർത്ഥമെടുക്കാം . അവരൊക്കെ ഉദരത്തെയും ലൈംഗികാവയവത്തെയും മാത്രം തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരും ഈശ്വരനെ ആരാധിക്കാത്തവരും , മഹാശക്തിശാലികളും , ആയിരുന്നു . ധർമ്മരക്ഷകനായ കൽക്കി , തന്റെ ബന്ധുക്കളോടും സൈന്യങ്ങളോടുമൊപ്പം കീകടപുരം എന്ന ബൗദ്ധന്മാരുടെ ദേശത്തെത്തി ആക്രമണം തുടങ്ങി . കീകടപുരത്തെ കൽക്കി വളഞ്ഞപ്പോൾ അവിടത്തെ ബൗദ്ധരാജാവായ ജിനൻ കൽക്കിക്കെതിരെ രണ്ടു അക്ഷൗഹിണിയോടൊപ്പം യുദ്ധത്തിനായി എത്തിച്ചേർന്നു .തുടർന്ന് നടന്ന അതിഭയങ്കരമായ യുദ്ധത്തിൽ ബൗദ്ധരാജാവായ ജിനനെ കൽക്കി കൊന്നു . മഹാഭയങ്കരമായ ആ യുദ്ധത്തിൽ വിജയം ലഭിക്കാതായപ്പോൾ ,ബൗദ്ധരാജാവായ ശുദ്ധോദനൻ തന്റെ ഉപാസനാ ശക്തിയായ മായാദേവിയെ വിളിക്കുന്നു .ഈ മായാദേവിയാണ് ലോകത്തെ ജ്ഞാനത്തിൽ നിന്നും ശിവഭക്തിയിൽ നിന്നും അകറ്റി അജ്ഞാനത്തിലും ഭൗതിക മോഹങ്ങളിലും തളച്ചിടുന്നത് . ഈ മായാദേവിയെ കണ്ടപ്പോൾ കൽക്കിയുടെ സൈനികരെല്ലാം മോഹിച്ചു പ്രജ്ഞ നശിച്ചു പ്രതിമ കണക്കെ നിന്നുപോയി. . അസംഖ്യം വിചിത്രങ്ങളായ യുദ്ധവൈഭവങ്ങൾ പ്രകടിപ്പിച്ച മായാദേവിയെ ജയിക്കുവാൻ ദേവാംശങ്ങളായ കൽക്കിയുടെ സേനകൾക്കു പോലും സാധിച്ചില്ല . ബ്രഹ്‌മാവിനെപോലും കുഴക്കുന്നവളാണ് ഈ മായാദേവി. യുദ്ധം ഇത്തരത്തിലായപ്പോൾ , ലോകനാഥനായ കൽക്കിഭഗവാൻ യുദ്ധരംഗത്തേക്കു പ്രവേശിച്ചു മായാദേവിയെ ഒന്ന് നോക്കി .മായാദേവിയുടെ ഭർത്താവാണ് സാക്ഷാൽ വിഷ്ണുഭഗവാൻ . പതിയായ കൽക്കിഭഗവാൻ മുന്നിലെത്തിയപ്പോൾ മായാദേവി സുന്ദരഗാത്രിയായി കൽക്കിദേവന്റെ ശരീരത്തിൽ പ്രവേശിച്ചു അദ്ദേഹത്തിൽ ലയിച്ചു മുക്തയായി . തുടർന്നു കൽക്കി ഭഗവാൻ , കടാക്ഷം കൊണ്ട് തന്റെ സൈനികർക്കു പ്രജ്ഞയേകി . ഉണർന്നെണീറ്റ അവർ ബൗദ്ധന്മാരെ നിഗ്രഹിക്കുവാനായി യുദ്ധരംഗത്തേക്കു പ്രവേശിച്ചു . മായാദേവി ലോകത്തു നിന്നും അപ്രത്യക്ഷയായപ്പോൾ, ലോകരെല്ലാം ഭൗതികമോഹങ്ങൾ ഉപേക്ഷിക്കുകയും ഈശ്വരഭക്തിയേയും ജ്ഞാനത്തേയും ആശ്രയിച്ചു ലോകമംഗളം ആചരിക്കുകയും ചെയ്തു . എന്നാൽ ബൗദ്ധന്മാർ ഇതുകണ്ട് നിലവിളിച്ചുപോയി . അവരുടെ പൗരുഷമെല്ലാം നശിച്ചു . കൽക്കിസേനയോട് ഏറ്റുമുട്ടിയ അവർ അപ്പാടെ മുടിഞ്ഞു പോയി . തുടർന്നു പരാജിതരായ ബൗദ്ധന്മാരുടെ ധനമെല്ലാം എടുത്തു കൽക്കി ഭഗവാൻ സജ്ജനങ്ങൾക്കു ദാനം ചെയ്തു .

തൃതീയാംശം[തിരുത്തുക]

ഈ ഭാഗത്തിൽ കൽക്കി, മ്ളേച്ഛന്മാരെ(ദുർജ്ജനങ്ങളെ) ധീരമായ യുദ്ധത്തിൽ കൊന്നൊടുക്കുന്നു . തുടർന്ന് മ്ളേച്ഛരെല്ലാം (ധർമ്മധ്വംസകരെല്ലാം) കൊല്ലപ്പെട്ടപ്പോൾ അവരുടെ ഭാര്യമാരായ സ്ത്രീകളെല്ലാം കുതിരകളിലും ആനകളിലും പക്ഷികളിലും കയറി കൽക്കിയോടു യുദ്ധത്തിന് വന്നുചേർന്നു . അവരെയെല്ലാം കൽക്കി ദിവ്യശക്തികൊണ്ടു അടക്കി, സദുപദേശങ്ങൾ നൽകി വിട്ടയച്ചു . തുടർന്ന് ഭൂമിയിൽ ശ്രേഷ്ഠരാജ്യങ്ങൾ പടുത്തുയർത്തിയ കൽക്കി ലോകത്തെങ്ങും ധർമ്മരക്ഷണം ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ചു .

കലിയുഗ സംഹാരം[തിരുത്തുക]

കലിയുഗത്തിലെ ഭീകരരാജാക്കന്മാരെയും അധർമ്മികളെയും സംഹരിക്കുവാനായി കൽക്കി ഭഗവാൻ യാത്രയാകുമ്പോൾ ധർമ്മം ഒരു ബ്രാഹ്മണ വേഷത്തിൽ വന്നു തന്റെ ദുഃഖമറിയിക്കുന്നു . തുടർന്ന് സത്യയുഗവും അവിടെ എത്തിച്ചേരുന്നു . സത്യയുഗം മൂർത്തിയെടുത്തു അതിതേജസ്വിയായി അവിടെ വന്നിട്ട്; കൽക്കി ഭഗവാനോട്; തനിക്കു ഭൂമിയിൽ പ്രവർത്തനം ആരംഭിക്കാനുള്ള സമയമായെന്നും എന്നാൽ ഇനിയും വിട്ടുപോകാത്ത കലിയുഗം കാരണം അതിനു പൂർണ്ണമായും സാധിക്കുന്നില്ലെന്നും അറിയിച്ചു . കൽക്കിദേവൻ ധർമ്മത്തിനും സത്യയുഗത്തിനും ആശ്വാസം പകർന്നുകൊണ്ട് ധർമ്മദേവനോട് ഇങ്ങനെ പറഞ്ഞു . " ദേവാ . സത്യയുഗം ആഗതമായിരിക്കുന്നതു കണ്ടാലും . ഞാൻ ബൗദ്ധരെയും മ്ളേച്ഛരേയും (ധർമ്മധ്വംസകന്മാരായ നീചന്മാരെയെല്ലാം) നിഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു . ശേഷിപ്പുള്ള പാതകികളെ ഉടനെ തന്നെ വധിക്കുന്നുണ്ട് . യജ്ഞം, തപസ്സു, ദാനം , വൃതം തുടങ്ങിയവയോടെ അങ്ങ് സത്യയുഗത്തോടൊപ്പം സഞ്ചരിക്കുക " . തുടർന്ന് അദൃശ്യരായി കഴിഞ്ഞിരുന്ന സൂര്യ-ചന്ദ്ര വംശങ്ങളുടെ രാജാക്കന്മാരും ക്ഷത്രിയവംശ ബീജങ്ങളുമായ മരു , ദേവാപി എന്നീ രാജാക്കളോടും , തന്റെ സുഹൃത് ബന്ധുക്കളോടും കൽക്കി കലിക്കെതിരായി യുദ്ധത്തിന് പുറപ്പെട്ടു .

കലിദേശത്തിന്റെ സ്ഥിതി[തിരുത്തുക]

കലിയുടെ ദേശം വളരെയേറെ മലിനമായതും പൂച്ചകളും, നായ്ക്കളും, മലം ഭക്ഷിക്കുന്ന കാക്കകളും നിറഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായിരുന്നു . എല്ലാ വീടുകളും ഭരിച്ചിരുന്നത് സ്ത്രീകളായിരുന്നു . അവർ ചൂതുകളിയിലേർപ്പെട്ടു എപ്പോഴും വിവാദിച്ചുകൊണ്ടിരുന്നപ്പോൾ പുരുഷന്മാർ വീട്ടുവേല ചെയ്യുകയും ദാസികളേക്കാൾ നീചമായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു .കൽക്കി ഭഗവാന്റെ പോരാളികൾ സജ്ജനങ്ങളെ സല്കരിച്ചുകൊണ്ടും ധർമ്മഗാഥകൾ പാടിക്കൊണ്ടും കലിദേശങ്ങളെ ആക്രമിച്ചു .

ഭീകരയുദ്ധം[തിരുത്തുക]

യുദ്ധത്തിനായി കൽക്കിഭഗവാൻ യാത്ര തുടങ്ങിയതറിഞ്ഞു കലി ക്രോധാവേശം പൂണ്ടു . തന്റെ സേനയിൽ പുത്രപൗത്രാദികളായ അധർമ്മ ബീജന്മാരെയും , കോടിക്കണക്കിനു മ്ളേച്ഛൻമാരെയും കൂടെക്കൂട്ടി മൂങ്ങ കൊടിയടയാളമായ തേരിൽ കയറി വിശസനം എന്ന നരകതുല്യമായ നഗരത്തിൽ നിന്നും പുറത്തിറങ്ങി . ഋഷിമാരോടൊത്തു സഞ്ചരിച്ചിരുന്ന ധർമ്മം,കൽക്കി ഭഗവാന്റെ ആശിസ്സുകളോടെ കലിയുമായി യുദ്ധം തുടങ്ങി . സത്യം ദംഭത്തിനോടും , പ്രസാദം ലോഭത്തിനോടും , അഭയം ക്രോധത്തോടും , സുഖം ഭയത്തോടും പ്രീതി നരകത്തോടും ഘോരമായി എതിരിട്ടു . ആധിയോട് ധർമ്മഭടനായ യോഗവും , വിനയമാകുന്ന ധർമ്മഭടൻ ഗ്ളാനിയോടും ഏറ്റുമുട്ടി . ബ്രഹ്മാദിദേവന്മാർ ആ ഘോരയുദ്ധം കാണുവാനായി എത്തിച്ചേർന്നു . മരു രാജാവ് ഖശന്മാരെയും കാംബോജരെയും കൊന്നൊടുക്കി . വിശാഖയൂപരാജാവ് പുളിന്ദൻമാരെയും ശ്വപച്ചന്മാരെയും കൊന്നൊടുക്കി . മറ്റു അസംഖ്യം കലിയുടെ അനുയായികളോട് കൽക്കിഭഗവാന്റെ അനുയായികൾ ഏറ്റുമുട്ടി . ഭൂമി സ്വർഗ്ഗം പാതാളം തുടങ്ങിയ ത്രിലോകങ്ങളിലും മഹായുദ്ധം വ്യാപിച്ചു .ആകാശമണ്ഡലങ്ങളും യുദ്ധത്തിന് വേദിയായിത്തീർന്നു . [കൽക്കിപുരാണം തൃതീയാംശം അദ്ധ്യായം 5,6 ]

കോക-വികോക വധം[തിരുത്തുക]

മ്ളേച്ഛന്മാരുമായുള്ള യുദ്ധത്തിൽ വൃകാസുരന്റെ സന്താനങ്ങളായി കോകൻ, വികോകൻ തുടങ്ങി രണ്ടു മഹാസുരന്മാർ കലിക്കുവേണ്ടി യുദ്ധത്തിനായി എത്തിച്ചേർന്നിരുന്നു . ദേവന്മാർക്കൊക്കെ ഭയത്തെ ജനിപ്പിക്കുന്നവരും ബ്രഹ്‌മാവിൽ നിന്നും വരം നേടിയവരുമായ ആ മഹാസുരന്മാരെ ഈശ്വരനൊഴിച്ചു മറ്റാരാലും കൊല്ലുവാൻ സാധിക്കുകയില്ല . അവർ യുദ്ധഭൂമിയിലെത്തിയപ്പോൾ ദേവന്മാരൊക്കെ ഭയന്നു വിറച്ചു . മഹാപ്രഭാവശാലികളായ അവരോടു സർവ്വശക്തനായ കൽക്കി ഭഗവാൻ തന്നെ നേരിട്ടു യുദ്ധം ചെയ്തു . ഭഗവാന്റെ അസ്ത്രങ്ങളേറ്റു കോകൻ ശിരസ്സ് മുറിഞ്ഞു വീണെങ്കിലും വികോകൻ അവനെയൊന്നു നോക്കിയതോടെ കോകൻ ജീവിച്ചെണീറ്റു വന്നു . ഇതുകണ്ട് ദേവന്മാരെല്ലാം ഞെട്ടിപ്പോയി . വികോകനെയും കൽക്കിദേവൻ ഇതുപോലെ വധിച്ചുവെങ്കിലും കോകന്റെ ദൃഷ്ടിയേറ്റതോടെ വികോകനും ജീവിച്ചു . ഇതുകണ്ട് കൽക്കിദേവനും വിസ്മയമുണ്ടായി . ഇത്തരത്തിൽ പലവുരു ആവർത്തിച്ചപ്പോൾ കൽക്കിദേവൻ യുദ്ധം നിറുത്തിവച്ചു ധ്യാനനിരതനായി . ബ്രഹ്‌മാവിന്റെയും ആദികർത്താവായ കൽക്കിഭഗവാൻ ധ്യാനനിമഗ്നനായപ്പോൾ ബ്രഹ്‌മാവ്‌ അവിടെ വരികയും കൽക്കി ഭഗവാനോട് ഇത്തരത്തിൽ പറയുകയും ചെയ്തു . " ലോകനാഥാ . ഇവരെ അസ്ത്രശസ്ത്രങ്ങളാൽ വധിക്കുക സാധ്യമല്ല . കൈകൊണ്ടു രണ്ടുപേരെയും ഒരേ നിമിഷം ഒന്നുപോലെ ശിരസ്സിൽ പ്രഹരിച്ചാൽ മാത്രമേ ഇവർ മരിക്കുകയുള്ളൂ . ഇവരിൽ ഒരാൾ മറ്റവനെ നോക്കിയാലും മരിച്ച അപരൻ ജീവിക്കുന്നതാണ് . അതിനാൽ ഇവർ പരസ്പരം ദൃഷ്ടിപ്പെടാത്ത നിമിഷത്തിൽ ഒരേ സമയം ശിരസ്സിൽ പ്രഹരിച്ചു ഇവരെ വധിക്കുക . " തുടർന്ന് കൽക്കി ഭഗവാൻ ശ്രദ്ധാപൂർവ്വം ചുവടു വച്ചുകൊണ്ടു അവരുടെ മധ്യത്തിലെത്തി ഒരേ സമയം അവരുടെ ശിരസ്സുകളിൽ ആഞ്ഞടിച്ചു . സ്വർഗ്ഗസ്ഥരായ ദേവന്മാരെപ്പോലും ഭയപ്പെടുത്തുന്നവരും പ്രകൃതിയിലെ സർവ്വതിനേയും ആഹരിക്കുന്നവരും ദിക്കുകൾക്കു പോലും ഭീതി ജനിപ്പിക്കുന്നവരുമായ ആ ഭയങ്കരന്മാർ കൽക്കി ഭഗവാന്റെ പ്രഹരമേറ്റ് ശിരസ്സ് തകർന്നു മരിച്ചു വീണു . ഇപ്രകാരം അത്ഭുതം സൃഷ്ടിക്കുന്ന കൽക്കിഭഗവാന്റെ പരാക്രമം കണ്ടു ദേവഗന്ധർവൻമാർ അദ്ദേഹത്തെ സ്തുതിക്കുവാൻ തുടങ്ങി . കലിയുഗത്തിലെ അതിപ്രബലമായ രണ്ടു ദുഷ്ടശക്തികളെയാണ് കൽക്കിഭഗവാൻ കൊന്നു വീഴ്ത്തിയത് . വലിയ രണ്ടു കൊടുമുടികൾ പോലെ അവർ ഭൂമിയിൽ ചത്തു കിടക്കുന്നതു കണ്ടു സജ്ജനങ്ങൾക്കു വലുതായ ആശ്വാസമുണ്ടായി . കൽക്കിയുടെ വിജയം കണ്ടു പുളകിതനായ കവി പതിനായിരം മ്ളേച്ഛമഹാരഥികളെ കൊന്നൊടുക്കി . ഒരു ലക്ഷം പേരെ പ്രാജ്ഞനും അൻപതിനായിരം പേരെ സുമന്ത്രനും കൊന്നൊടുക്കി . ഗര്ഗഗ്യനും ഭർഗ്ഗ്യനും വിശാലനും കോടിക്കണക്കിനു മ്ളേച്ഛമഹാരഥികളെ കൊന്നൊടുക്കി . [കൽക്കിപുരാണം തൃതീയാംശം അദ്ധ്യായം 7 ]

കലിയുഗസമാപ്തി[തിരുത്തുക]

ധർമ്മം സത്യയുഗത്തോട് ചേർന്ന് കലിയോട് ഘോരയുദ്ധം ചെയ്തു . ധർമ്മത്തിന്റെയും സത്യയുഗത്തിന്റെയും തീക്ഷ്ണമായ അസ്ത്രങ്ങളേറ്റ് കലിയുഗം തോൽക്കുകയും അവന്റെ രഥം തകർന്നുപോകുകയും ചെയ്തു . അവന്റെ ശരീരത്തിൽ നിന്നും കറുത്ത ദുർഗന്ധമുള്ള രക്തമൊഴുകിത്തുടങ്ങി . കലിയുടെ മുഖം ഭീകരമായിത്തീർന്നു . തുടർന്ന് ധർമ്മത്തെക്കണ്ടു ഭയന്ന കലിയുഗം സ്ത്രീകളുടെ അധികാരം നടക്കുന്ന സ്ഥലത്തേക്ക് ഓടിച്ചെന്നു . അവിടെച്ചെന്നു സ്ത്രീസ്വാമിനികളുടെ അഭയം തേടി പാർത്തു . കലിയുടെ ഭടന്മാരായ ആധി , വ്യാധി ,ക്രോധം, ദംഭം,ഭയം ,നരകം തുടങ്ങിയവരെല്ലാം ധർമ്മത്തിന്റെ ഭടന്മാരാൽ കൊല്ലപ്പെട്ടു . തുടർന്ന് സത്യയുഗവും ധർമ്മവും ഋഷിമാരും കലിയുടെ സ്ത്രീസ്വാമിനീ-സ്ഥാനത്തെത്തുകയും ബാണാഗ്നിയാൽ ആ ദേശത്തെ ചുട്ടു ചാമ്പലാക്കുകയും ചെയ്തു . കലിയുടെ സ്ത്രീപുത്രാദികളായ കുടുംബാംഗങ്ങൾ സർവ്വരും കൊല്ലപ്പെട്ടു . തുടർന്ന് എരിഞ്ഞ ശരീരത്തോട് കൂടിയ കലിയുഗം ഏകനായിത്തീരുകയും ദീനമായ മനസ്സോടെ നിലവിളിച്ചുകൊണ്ട് രഹസ്യമായി ഭാരതവർഷം ഉപേക്ഷിച്ചു മറ്റെവിടേക്കോ കടന്നുകളയുകയും ചെയ്തു . ഇത്തരത്തിൽ കലിയുഗത്തിന്റെ പരിസമാപ്തി വരികയും കൃതയുഗം എന്ന സത്യയുഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു .

അനന്തര സംഭവങ്ങൾ[തിരുത്തുക]

തുടർന്ന് വിഷ്ണുഭക്തനായ ശശിധ്വജനുമായുള്ള യുദ്ധവും അദ്ദേഹത്തിൻറെ പുത്രിയായ രമാദേവിയെ കൽക്കി ഭഗവാൻ വിവാഹം ചെയ്യുന്നതുമാണ് പ്രതിപാദ്യം . രമാദേവി പൂർവ്വജന്മത്തിൽ കൃഷ്ണപത്നിയായ സത്യഭാമ ആയിരുന്നു . [കൽക്കിപുരാണം തൃതീയാംശം അദ്ധ്യായങ്ങൾ 8 , 9 ,10 ,11 ] തുടർന്ന് വിഷകന്യകയെ മോചിപ്പിച്ചു അവളുടെ ദുഷ്ടതയെ നശിപ്പിച്ചു അമൃതകന്യകയാക്കുന്നതും , കൃതയുഗസ്ഥാപനവും വിവരിക്കുന്നു . തുടർന്ന് വിഷ്ണുയശസ്സിന്റെ മോക്ഷപ്രാപ്തിയും , കൽക്കിഭഗവാന്റെ ക്രീഡകളും അത്ഭുതപ്രവർത്തികളും വിവരിക്കുന്നു .


കൽക്കിഭഗവാൻ ലോകം മുഴുവനും ഉത്തമന്മാരായ ധർമ്മരാജാക്കൾക്കു നൽകി . രാജാക്കന്മാരിൽ ശ്രഷ്ഠനായ മരുവിനെ , അയോദ്ധ്യയുടെ അധിപതിയായി കൽക്കി വാഴിച്ചു . ചന്ദ്രവംശത്തിന്റെ നാഥനായി ദേവാപി മഹാരാജാവിനെ അഞ്ചു പ്രമുഖ ദേശങ്ങൾക്കു അധിപതിയാക്കി വാരണാവതത്തിൽ ഇരുത്തി . ഇത്തരത്തിൽ ഗൃഹസ്ഥനായ കൽക്കിഭഗവാൻ ലോകത്തെ കാത്തുരക്ഷിച്ചു . കൽക്കിഭഗവാൻ സഹോദരന്മാർ , പുത്രന്മാർ , ബന്ധുക്കൾ , കുടുംബക്കാർ , തുഷ്ടരായ ഭൂമിയിലെ ജീവജാലങ്ങൾ എന്നിവയോടൊപ്പം ശംഭലഗ്രാമത്തിൽ അനേകകാലം പാർത്തുവന്നു . ശംഭലഗ്രാമം ദേവലോകം പോലെ ഭൂമിയുടെ മധ്യത്തിൽ ശോഭിച്ചു . അവിടെ അറുപത്തിനാല് തീർത്ഥങ്ങൾ കാണപ്പെട്ടു . കൽക്കിയുടെ തേജസ്സുകൊണ്ടു അക്കാലത്തു മരിക്കുന്നവരെല്ലാം പാപം തീർന്നു സ്വർഗ്ഗം പ്രാപിച്ചുകൊണ്ടിരുന്നു . ദേവന്മാർ ലോകം മുഴുവനും ഓടി നടന്നു ധർമ്മിഷ്ഠർക്കു ഇഷ്ടഫലങ്ങൾ നൽകിക്കൊണ്ട് സഞ്ചരിച്ചു . കൽക്കിഭഗവാൻ ലോകപാലനം ചെയ്തിരുന്നപ്പോൾ ഭൂമിയിലെ പ്രജകളിൽ ആരും തന്നെ അധർമ്മിയോ അൽപ്പായുസ്സോ ദരിദ്രനോ പാഷണ്ടനോ കപടാചാരിയോ ആയിരുന്നില്ല . ജീവിവർഗ്ഗമാകെ ആധിവ്യാധികളും ക്ളേശവും പരസ്പരം ഈർഷ്യയുമില്ലാതെ ദേവഭൂമിയിലെ ദേവന്മാർക്ക് തുല്യം സദാ ആനന്ദത്തോടെ വസിച്ചു . തുടർന്ന് സത്യയുഗവും ധർമ്മവും കലിയെന്ന ശത്രുവിന്റെ നാശത്തോടെ സ്വസ്ഥരായി ഭൂമിയിൽ സഞ്ചരിച്ചു . അനേകകാലം ലോകത്തിൽ ധർമ്മം നിലനിന്നു . മുനിമാർ ഘോരമായി തപസ്സു ചെയ്തു ലോകത്തിനു മംഗളമുണ്ടാക്കി . വേദങ്ങളും അഷ്ടാദശപുരാണങ്ങളും ധർമ്മയജ്ഞങ്ങളും സ്വരൂപികളായി ഭൂമിയിൽ പ്രവേശിച്ചു .


അദ്ധ്യായം 19 കൽക്കിയുടെ വൈകുണ്ഠ പ്രാപ്തിയും , അദ്ധ്യായം 20 ഗംഗാസ്തവവും, അധ്യായം 21 പുരാണത്തിന്റെ മാഹാത്മ്യവും വർണ്ണിക്കുന്നവയാണ് .

അവലംബം[തിരുത്തുക]


പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
"https://ml.wikipedia.org/w/index.php?title=കൽക്കിപുരാണം&oldid=3573096" എന്ന താളിൽനിന്ന് ശേഖരിച്ചത്