കെ.സി. അബ്ദുല്ല മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.സി. അബ്ദുല്ല

മൗലവി
ജനനം(1920-02-22)ഫെബ്രുവരി 22, 1920
മരണംഓഗസ്റ്റ് 13, 1995(1995-08-13) (പ്രായം 75)
തൊഴിൽജമാ അത്തെ ഇസ്‌ലാമി ഹിന്ദിന്റെ കേരള ഘടകത്തിന്റെ മുൻ അമീർ
ജീവിതപങ്കാളി(കൾ)ഉമയ്യ
മാതാപിതാക്ക(ൾ)ഹുസൈൻ മുസ്‌ലിയാർ, അത്വിയ്യ

കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനായിരുന്നു കെ.സി. അബ്ദുല്ല മൗലവി[1]. ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ്[2][3], മുസ്‌ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. ഹാജിസാഹിബിന്റെ നിര്യാണത്തിന്‌ ശേഷം 1959 നും 1990 നുമിടയിൽ 22 വർഷം കെ.സി. അബ്ദുല്ല മൗലവിയായിരുന്നു ജമാഅത്തെ ഇസ്‌ലാമി കേരളയുടെ അമീർ.

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ 1920 ഫെബ്രുവരി 22നാണ് കെ.സി അബ്ദുല്ല മൗലവി ജനിച്ചത്. കുന്നത്തുചാലിൽ ഹുസൈൻ മുസ്‌ലിയാരാണ് പിതാവ്. മാതാവ് അത്വിയ്യ.

നാട്ടിൽ നിന്ന് അഞ്ചാംതരം വരെ സ്കൂൾ വിദ്യാഭ്യാസവും പള്ളിദർസിലെ പ്രാഥമിക പഠനവും പൂർത്തിയാക്കിയശേഷം പൂനൂർ, പെരിങ്ങാടി എന്നിവിടങ്ങളിലെ ദർസുകളിലും വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിലും ഉപരിപഠനം നടത്തി. 1943-ൽ വെല്ലൂരിൽ നിന്ന് എം.എഫ്.ബി. ബിരുദം നേടി. പിന്നീട് നാട്ടിലെത്തിയ കെ.സി. വാഴക്കാട് ദാറുൽ ഉലൂം പ്രിൻസിപ്പലും കേരള ജംഇയ്യത്തുൽ ഉലമാ നേതാവുമായിരുന്ന എം.സി.സി അബ്ദുർറഹ്മാൻ മൗലവിയുടെ ക്ഷണമനുസരിച്ച് അവിടെ അദ്ധ്യാപകനായി. പിന്നീട് കോളേജ് തിരൂരങ്ങാടിയിലേക്ക് മാറ്റിയപ്പോൾ കെ.സിയും അങ്ങോട്ടുപോയി. അതിനിടെ മദിരാശി സർവകലാശാലയിൽനിന്ന് അഫ്ദലുൽ ഉലമ ബിരുദവും നേടി. 1946 മുതൽ 1949 വരെ കാസർഗോട്ടെ ആലിയ (ഇന്നത്തെ ആലിയാ അറബിക് കോളേജ്)യിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

നേതൃരംഗത്ത്[തിരുത്തുക]

1947 ജൂലൈയിൽ കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് വിട്ട് ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനായി മാറി.[4] 1948 ജനുവരിയിൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. അതേവർഷം ആഗസ്റിൽ ജമാഅത്തിന്റെ സംസ്ഥാന കൂടിയാലോചനാ സമിതിയിൽ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1959-1972,[4] 1979-1982, 1984-1990 എന്നീ കാലയളവുകളിലായി 22 വർഷം ജമാഅത്തെ ഇസ്‌ലാമി കേരളയുടെ അമീറായി സേവനമനുഷ്ടിച്ചു.

1949-ൽ പ്രബോധനം പ്രതിപക്ഷപത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോൾ അദ്ദേഹം ആലിയ വിട്ട് എടയൂരിലെത്തി പ്രബോധനത്തിന്റെ സഹപത്രാധിപരായി ചുമതലയേറ്റു. 1950 മുതൽ മരണംവരെ ജമാഅത്തിന്റെ അഖിലേന്ത്യാ കൂടിയാലോചനാ സമിതി (മജ്‌ലിസ് ശൂറ)യിലും പ്രതിനിധിസഭ(മജ്‌ലിസെ നുമാഇന്തഗാൻ)യിലും അംഗമായിരുന്നു.

1965-ലെ ഇന്ത്യാ-പാക് യുദ്ധവേളയിലും 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് പ്രസ്ഥാനം നിരോധിക്കപ്പെട്ടതിനെ തുടർന്നും അറസ്റ്റിലായ കെ.സി. ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ സ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ(എസ്‌.ഐ.ഒ.) സംസ്ഥാന ശാഖ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.

എസ്.ഐ.ഒയുടെ മാതൃകയിൽ വിദ്യാർത്ഥിനികൾക്കായി, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ.) എന്ന പേരിൽ സംഘടന രൂപവത്കരിച്ചുകൊണ്ട് കേരളത്തിലാദ്യമായി[അവലംബം ആവശ്യമാണ്] സ്ത്രീകൾക്കിടയിൽ സംഘടിത ഇസ്‌ലാമിക പ്രവർത്തനത്തിന് തുടക്കം കുറിച്ചതും കെ.സിയുടെ രക്ഷാകർത്തൃത്വത്തിലായിരുന്നു[അവലംബം ആവശ്യമാണ്].

1970 -കളിൽ മുസ്‌ലിം ലീഗും എം.ഇ.എസ്സും ഭിന്നിച്ചപ്പോഴും പിൽക്കാലത്ത് മുസ്‌ലിംലീഗ് പിളർന്നപ്പോഴും ഐക്യം പുനഃസ്ഥാപിക്കുന്നതിന് ഇതര ജമാഅത്ത് നേതാക്കളോടൊപ്പം കെ.സിയും പരിശ്രമിച്ചു[അവലംബം ആവശ്യമാണ്]. 1979-ൽ പുളിക്കലിൽ ചേർന്ന കേരള നദ്‌വത്തുൽ മുജാഹിദീന്റെ സംസ്ഥാന സമ്മേളനത്തിനു ശേഷം സുഊദിഅറേബ്യയിലെ ശൈഖ് ഉമർ ഫുല്ലാതയുടെ മധ്യസ്ഥതയിൽ മുജാഹിദ് നേതാക്കളുമായി കെ.സി. ഐക്യകരാറിൽ ഒപ്പുവെക്കുകയുണ്ടായി[അവലംബം ആവശ്യമാണ്].

വിദ്യാഭ്യാസ പരിഷ്കാരങ്ങൾ[തിരുത്തുക]

1952-ൽ ചേന്ദമംഗല്ലൂരിൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ, 1961-ൽ വനിതാ ഇസ്‌ലാമിക വിദ്യാലയമായ ചേന്ദമംഗല്ലൂരിലെ മദ്റസത്തുൽ ബനാത്ത് എന്നിവ സ്ഥാപിക്കാൻ മുൻകൈ എടുത്തു.

ആർട്സ് ആന്റ് ഇസ്‌ലാമിക് (എ.ഐ.സി), ദഅ്‌വ കോഴ്സുകളുടെ ഉപജ്ഞാതാവും കെ.സിയാണ്[അവലംബം ആവശ്യമാണ്]. 1967-ൽ രൂപീകൃതമായതു മുതൽ തന്റെ മരണം വരെ കെ.സിയാണ് ചേന്ദമംഗല്ലൂരിലെ ഇസ്‌ലാഹിയാ അസോസിയേഷന് നേതൃത്വം നൽകിയത്. മജ്‌ലിസുത്തഅ്‌ലീമുൽ ഇസ്‌ലാമി കേരളയുടെ രൂപകരണത്തിലും പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

പത്ര ശിൽപ്പി[തിരുത്തുക]

മാധ്യമം ദിനപത്രത്തിന്റെ മുഖ്യ ശിൽപി കെ.സി അബ്ദുല്ല മൗലവിയാണ്. പ്രബോധനം വാരികയുടെയും മാസികയുടെയും വളർച്ചയിൽ അദ്ദേഹം കാര്യമായ പങ്കുവഹിച്ചു. മലർവാടി ബാലമാസിക, ആരാമം വനിതാമാസിക, ശാസ്ത്രവിചാരം മാസിക, ബോധനം ദ്വൈമാസിക എന്നിവയുടെ പിറവിക്കു പിന്നിലും അദ്ദേഹത്തിന്റെ നേതൃത്വമായിരുന്നു.

സ്മാരകം[തിരുത്തുക]

കെ.സി അബ്ദുല്ല മൌലവിയുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചേന്ദമംഗല്ലൂരിലെ കെ.സി. ഫൌണ്ടേഷൻ. സ്കൂൾ ഓഫ് ഖുർആൻ ആന്റ് സയൻസ് എന്ന പേരിൽ ഫൌണ്ടേഷന് കീഴിൽ ഖുർആൻ പഠന-ഗവേഷണ സ്ഥാപനം പ്രവർത്തിക്കുന്നു.

രചനകൾ[തിരുത്തുക]

അറബി, ഉർദു ഭാഷകളിൽ വ്യുൽപത്തിയും ഇംഗ്ലീഷിൽ സാമാന്യജ്ഞാനവുമുണ്ടായിരുന്നു കെ.സിക്ക്. ഒട്ടേറെ പ്രബന്ധങ്ങളും ഒരു ഡസനോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്:

 • അല്ലാഹു ഖുർആനിൽ[5]
 • പരലോകം ഖുർആനിൽ
 • ഇബാദത്ത് ഒരു സമഗ്രപഠനം[6].
 • നമസ്കാരത്തിന്റെ ചൈതന്യം[7]
 • നോമ്പിന്റെ ചൈതന്യം[8]
 • പ്രബോധനം ഒരു മുഖവുര
 • ജിന്നുകളും മലക്കുകളും
 • ഖാദിയാനിസത്തിന്റെ അടിവേരുകൾ[9][10]
 • പ്രബോധനം ഖുർആനിൽ[11][12]
 • പ്രബോധനത്തിന്റെ പ്രാധാന്യം

വിവർത്തനങ്ങൾ[തിരുത്തുക]

 1. ഇസ്‌ലാമും സോഷ്യലിസവും[2]
 2. സത്യമാർഗം.

മരണം[തിരുത്തുക]

1995 ഓഗസ്റ്റ് 13

അവലംബം[തിരുത്തുക]

 1. M. Abdul Samad. Islam in Kerala: Groups and Movements in the 20th Century. p. 122. Retrieved 19 ഒക്ടോബർ 2019.
 2. 2.0 2.1 Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 161. Archived from the original (PDF) on 2020-04-22. Retrieved 4 നവംബർ 2019.
 3. T. Hashim. Islamic Traditions in Malabar Boundaries Appropriations and Resistances (PDF). p. 221. Retrieved 11 മാർച്ച് 2020.
 4. 4.0 4.1 മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 135. Retrieved 22 ഒക്ടോബർ 2019.
 5. P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 114. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
 6. M. Abdul Samad. Islam in Kerala: Groups and Movements in the 20th Century. p. 190. Retrieved 19 ഒക്ടോബർ 2019.
 7. P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 164. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
 8. P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 167. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
 9. Development of Islamic movement in Kerala in modern times (PDF). p. 249. Retrieved 21 ഒക്ടോബർ 2019.
 10. Development of Islamic movement in Kerala in modern times (PDF). p. 262. Retrieved 21 ഒക്ടോബർ 2019.
 11. Sakeer Hussain P. Development of islamic studies in Kerala during 18th century to 20th century-Aligarh Muslim University. Chapter 3. p. 116. Retrieved 21 മാർച്ച് 2020.{{cite book}}: CS1 maint: location (link)
 12. Sakeer Hussain P. Development of islamic studies in Kerala during 18th century to 20th century-Aligarh Muslim University. Bibliography. p. 253. Retrieved 21 മാർച്ച് 2020.


"https://ml.wikipedia.org/w/index.php?title=കെ.സി._അബ്ദുല്ല_മൗലവി&oldid=3659384" എന്ന താളിൽനിന്ന് ശേഖരിച്ചത്