ഉള്ളടക്കത്തിലേക്ക് പോവുക

കാലടി ശ്രീകൃഷ്ണ‍സ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The only temple installed by ADI SHANKARA in KALADY
കാലടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം - കിഴക്കേ ഗോപുരം

മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ അങ്കമാലിയ്ക്കടുത്ത് കാലടി ദേശത്ത്, പെരിയാറിന്റെ വടക്കേ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തൃക്കാലടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവാണ് യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. എന്നാൽ, ഭഗവാന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണനായാണ് ഇവിടെ സങ്കല്പം. കൂടാതെ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ആധുനിക ഹിന്ദുമതത്തിന്റെ സ്ഥാപകനായി കണക്കാക്കിവരുന്ന ആദിശങ്കരാചാര്യരുടെ കുലദേവതാക്ഷേത്രം എന്ന നിലയിൽ അതിപ്രസിദ്ധമായ ഒരു ക്ഷേത്രമാണിത്. മകരമാസത്തിലെ തിരുവോണം നാളിൽ കൊടികയറി എട്ടുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, വൈശാഖമാസത്തിലെ ശങ്കരജയന്തി തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. ശങ്കരജയന്തിയോടനുബന്ധിച്ച് ഇവിടെ നടക്കുന്ന കനകധാരായജ്ഞം അതിപ്രസിദ്ധമാണ്. ശങ്കരാചാര്യരുടെ പ്രസിദ്ധ കൃതികളിലൊന്നായ കനകധാരാ സ്തോത്രത്തിലെ വരികൾ ഉപയോഗിച്ചുനടത്തുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കുന്നത് സർവ്വൈശ്വര്യലബ്ധിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ശങ്കരാചാര്യരുടെ കുടുംബമായ കാപ്പിള്ളി മനയുടെയും, സമീപത്തുള്ള മറ്റൊരു കുടുംബമായ തലയാറ്റുമ്പിള്ളി മനയുടെയും കീഴിലുള്ള ഒരു പ്രത്യേക ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്.


കാലടി ക്ഷേത്രത്തിന് എത്ര വർഷം പഴക്കമുണ്ടെന്നത് വ്യക്തമല്ല. എന്നാൽ, ശങ്കരാചാര്യരുടെ കാലത്തിനുമുമ്പുതന്നെ ഇവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നത് തീർച്ചയാണ്. എന്നാൽ, ഇന്നത്തെ സ്ഥാനത്തായിരുന്നില്ല ക്ഷേത്രം, മറിച്ച് ഇവിടെനിന്ന് അല്പം മാറിയായിരുന്നു. ക്ഷേത്രം ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറിയതിന്റെ ഐതിഹ്യം ശങ്കരാചാര്യരുമായി ബന്ധപ്പെട്ടുതന്നെയാണ് കിടക്കുന്നത്. ഇതേ കഥയാണ് കാലടി എന്ന സ്ഥലനാമവുമായും ബന്ധപ്പെട്ടുകിടക്കുന്നത്. അതിങ്ങനെ:

ആദ്യകാലത്ത്, ഇന്നത്തെ കാലടിയിൽ നിന്ന് ഏകദേശം മൂന്നുകിലോമീറ്റർ വടക്കുമാറിയാണ് (ഏകദേശം അങ്കമാലി ഭാഗത്തുകൂടെ) പെരിയാർ ഒഴുകിയിരുന്നത്. ശങ്കരാചാര്യരുടെ അമ്മയായിരുന്ന ആര്യാംബ നിത്യവും ഇത്രയും ദൂരം നടന്നുപോയാണ് പെരിയാറിൽ പോയി സ്നാനകർമ്മാദികൾ നടത്തിയിരുന്നത്. എന്നാൽ, പ്രായമേറെച്ചെന്നപ്പോൾ ആര്യാംബയ്ക്ക് നടന്നുപോയി കുളിയ്ക്കുക ബുദ്ധിമുട്ടാകുകയും, തദവസരത്തിൽ കുട്ടിയായിരുന്ന ശങ്കരാചാര്യർ, . അതിനുമുമ്പ് ശശലം എന്നറിയപ്പെട്ടിരുന്ന ഗ്രാമം, അതിനുശേഷം ഇക്കാരണത്താൽ കാലടി എന്നറിയപ്പെടാൻ തുടങ്ങി.

തുലാമാസത്തിലെ തിരുവോണം നാളിലാണ് ഇവിടെ പ്രതിഷ്ഠ നടന്നത്. ദേവപ്രീതികരമായ കാലമായി കണക്കാക്കപ്പെടുന്ന ഉത്തരായനത്തിലേ പ്രതിഷ്ഠ നടത്താവൂ എന്ന താന്ത്രികവിധി തെറ്റിച്ച്, ദക്ഷിണായനത്തിലാണ് ഇവിടെ ഭഗവാന്റെ പുനഃപ്രതിഷ്ഠ നടന്നത്. ആദ്യനിവേദ്യമായി ചതുഃശതം എന്ന അതിവിശേഷപ്പെട്ട പായസം ഭഗവാന് നൽകുകയും ചെയ്തു. ഇവിടത്തെ പ്രതിഷ്ഠയോടനുബന്ധിച്ചാണ് ശങ്കരാചാര്യർ, തന്റെ പ്രസിദ്ധമായ അച്യുതാഷ്ടകം എന്ന സ്തോത്രകൃതി ചൊല്ലിയത്. ശങ്കരാചാര്യർ കാലടിയിൽ സ്വന്തം കൈകൾ കൊണ്ട് പ്രതിഷ്ഠ നടത്തിയ ഏക ക്ഷേത്രം എന്ന ഖ്യാതിയും അങ്ങനെ കാലടി ക്ഷേത്രം നേടി. പിൽക്കാലത്ത്, തന്റെ അമ്മയുടെ മരണാനന്തരക്രിയകളിൽ സഹായിച്ച ശിഷ്യൻ വിഷ്ണുശർമ്മയുടെ കുടുംബമായ തലയാറ്റുമ്പിള്ളി മനയ്ക്കും ക്ഷേത്രത്തിന്റെ അവകാശം ആചാര്യർ വീതിച്ചുകൊടുത്തു. ഇന്നും ഇരുകുടുംബക്കാരുടെയും നിയന്ത്രണത്തിൽ ക്ഷേത്രം നിലനിന്നുപോരുന്നു.