എൽദോ മോർ ബസേലിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൽദോ മോർ ബസേലിയോസ് അഥവാ മഫ്രിയാനൊ മോർ ബസേലിയോസ് യെൽദൊ എന്ന യെൽദൊ ബാവ ജനിച്ചത് ഇന്നത്തെ ഇറാഖിലെ മൊസൂളിനടുത്തുള്ള ബഖ്ദിദ എന്ന സ്ഥലത്താണ്. അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ എൽദൊ മാർ ബഹനാന്റെ ആശ്രമത്തിൽ ചെരുകയും, എ.ഡി. 1678ൽ മഫ്രിയാന (കാതോലിക്ക) ആയി അന്നത്തെ അന്ത്യോക്യൻ പാത്രിയർക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദുൽ മശിഹയിൽ നിന്നും സ്ഥാനമേല്ക്കുകയും ചെയ്തു.

ഇന്ത്യയിലേക്കുള്ള പ്രയാണം[തിരുത്തുക]

മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം

അന്നത്തെ മലങ്കര സഭാതലവനായിരുന്ന മാർത്തോമ്മാ രണ്ടാമൻ അന്ത്യോക്യയിലേക്ക് അയച്ച അഭ്യർത്ഥനപ്രകാരം, 1685ൽ മാർ ബസേലിയോസ് തന്റെ 92-ആം വയസിൽ മലങ്കരയിലേക്ക് തന്റെ യാത്രയാരംഭിച്ചു. പൊർച്ചുഗീസുകാരുടെ കയ്യിൽ പെടാതിരിക്കാൻ അദ്ദേഹം ബസ്രയിൽ നിന്നും കപ്പൽ മാർഗ്ഗം തലശ്ശേരിയിൽ എത്തുകയും അവിടെ നിന്നും കാൽനടയായി കോതമംഗലത്ത് എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹോദരനായ ജെമ്മ, മാർ ഇവാനിയോസ് ഹിദയത്തുള്ള എപ്പിസ്കോപ്പ, യൊവെയ്, മത്തായി എന്ന് പേരുള്ള 2 റമ്പാന്മാർ എന്നിവർ ഉണ്ടായിരുന്നു.[1] എന്നാൽ 1685 സെപ്റ്റംബർ 14നു ബാവായും, ഹിദയത്തുള്ള എപിസ്കോപ്പായും മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. അവർ കാൽനടയായി സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ നിറഞ്ഞതായിരുന്നു.[2]

അത്ഭുതപ്രവർത്തികൾ[തിരുത്തുക]

അദ്ദേഹം കോതമംഗലത്ത് എത്തിയപ്പോൾ വനത്തിൽ വച്ച് കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ചക്കാല നായർ സമുദായത്തിൽ പെട്ട ഒരു യുവാവിനെ കാണുകയും, അയാളോട് പള്ളിയിലേക്കുള്ള വഴി കാണിക്കാൻ ആവശ്യപെടുകയും ചെയ്തു. തന്റെ വളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപൊകുമെന്ന് അയാൾ പറഞ്ഞപ്പോൾ ബാവ തന്റെ സ്ലീബാകൊണ്ട് നിലത്ത് ഒരു വൃത്തം വരക്കുകയും കാലികൾ എല്ലാം അതിൽ കയറിനില്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം .[അവലംബം ആവശ്യമാണ്] ആ നായർ യുവാവിന്റെ സഹോദരി പ്രസവവേദനയാൽ ബുദ്ധിമുട്ടുന്ന കാര്യം അറിയിച്ചപ്പോൾ ബാവ കരിക്കു വീഴ്ത്തി നൽകിയതായും വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഈ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ കോതമംഗലം തിരുനാളിന് ഇപ്പോഴും വഴികാണിക്കുന്നത് ആ നായർ കുടുംബമാണ്.

അന്ത്യം[തിരുത്തുക]

1685 സെപ്റ്റംബർ 14നാണ് ബാവ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ എത്തുന്നത്. മാർ ഹിദായത്തുള്ള റമ്പാനെ മാർ ഇവാനിയോസ് എന്ന പേരിൽ അദ്ദേഹം മെത്രാനായി വാഴിച്ചു. ദീർഘയാത്രയും തന്റെ പ്രായവും മൂലം ബാവ ക്ഷീണിതനായിരുന്നു .സെപ്റ്റംബർ 27നു അദ്ദെഹത്തിനു മൂറോൻ കൊണ്ടുള്ള അന്ത്യകൂദാശ നൽകുകയും, രണ്ടു ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 19) അദ്ദേഹം കാലം ചെയ്യുകയും ചെയ്തു. അദേഹത്തെ പള്ളിയുടെ മദ്ബഹായുടെ സമീപമാണ് കബറടക്കിയിരിക്കുന്നത്. തന്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന്‌ ബാവ തന്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നതായും, അദ്ദേഹത്തിന്റെ മരണസമയത്ത് അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

വിശുദ്ധ പദവി[തിരുത്തുക]

യെൽദോ മാർ ബസേലിയോസ് ബാവായെ 1947 നവംബർ 5 നു പരിശുദ്ധനായി ബസേലിയോസ്സ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. അദേഹത്തിന്റേ ഓർമപ്പെരുന്നാൽ യാക്കോബായ സഭയിൽ ഒക്ടോബർ 2,3 എന്നീ തീയതികളിൽ ആചരിക്കപ്പെടുന്നു. കോതമംഗലത്തിന് സമീപമുള്ള യാക്കോബായ വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി കുട്ടികൾക്ക് “എൽദോ” എന്നോ “ബേസിൽ” എന്നോ പേരിടാറുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-22.
  2. http://www.baselios.org/Baselios_Yeldho.htm
"https://ml.wikipedia.org/w/index.php?title=എൽദോ_മോർ_ബസേലിയോസ്&oldid=3968220" എന്ന താളിൽനിന്ന് ശേഖരിച്ചത്