Jump to content

എപ്പിക്റ്റീറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എപ്പിക്റ്റീറ്റസ്
കാലഘട്ടംപൗരാണികചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരസ്റ്റോയിസിസം
പ്രധാന താത്പര്യങ്ങൾസന്മാർഗശാസ്ത്രം

എപ്പിക്റ്റീറ്റസ്)(ഗ്രീക്ക്: Ἐπίκτητος) പുരാതനകാലത്തെ ഒരു സ്റ്റോയിക് തത്ത്വചിന്തകനായിരുന്നു. ക്രിസ്തുവർഷം 55-നും 135-നും ഇടക്കാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ആധുനിക ടർക്കിയിൽ പെടുന്ന ഹൈരാപോലിസിൽ ഒരടിമയായി ജനിച്ച അദ്ദേഹം പിന്നീട് റോമിലെത്തിയെന്നും ഡൊമിഷൻ ചക്രവർത്തിയുടെ കാലത്ത് റോം തത്ത്വചിന്തകന്മാരെ പുറത്താക്കിയതിനെ തുടർന്ന് ഗ്രീസിലെ നിക്കോപൊലിസിലെത്തി ജീവിതത്തിന്റെ പ്രധാനഭാഗം അവിടെ കഴിച്ച് മരിച്ചുവെന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ, ശിഷ്യൻ ഏരിയൻ രേഖപ്പെടുത്തി പ്രഭാഷണങ്ങൾ(Discourses) എന്ന പേരിൽ പ്രസിദ്ധീകരിക്കുകയാണുണ്ടായത്.


തത്ത്വചിന്ത ഒരു പഠനപദ്ധതിയല്ല ജീവിതരീതയാണെന്ന് എപ്പിക്റ്റീറ്റസ് കരുതി. പുറംലോകത്തെ സംഭവങ്ങളൊക്കെ വിധിയുടെ നിശ്ചയമനുസരിച്ച് സംഭവിക്കുന്നതാകയാൽ നമ്മുടെ നിയന്ത്രണത്തിനപ്പുറത്താണെന്നും, എന്നാൽ സംഭവിക്കുന്നതിനെയൊക്കെ നിർവികാരമായ ശാന്തിയിൽ സ്വീകരിക്കുവാൻ നമുക്കാകുമെന്നുമാണ് അദ്ദേഹത്തിന്റെ ചിന്തയുടെ മുഖ്യനിലപാട്. അതേസമയം, ഓരോരുത്തർക്കും അവരുടെ കർമ്മങ്ങളെ പരിശോധിച്ച് കണിശമായ സം‌യമനത്തിലൂടെ നിയന്ത്രിക്കാനാകുമെന്നതുകൊണ്ട്, വ്യക്തികൾ അവരുടെ പ്രവർത്തികൾക്ക് ഉത്തരവാദികളാണെന്നും അദ്ദേഹം പഠിപ്പിച്ചു. നമ്മുടെ നിയന്ത്രണത്തിനപ്പുറത്തുള്ളതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിൽ നിന്നും കഴിവിൽ പെട്ടതിനെ നിറവേറ്റാതിരിക്കുന്നതിൽ നിന്നുമാണ് ദുഃഖം ജനിക്കുന്നത്. വിശ്വനഗരത്തിലെ പൗരന്മാരെന്ന നിലയിൽ നാം നമ്മുടെ സഹജീവികളായ മനുഷ്യരോടുള്ള കടമകൾ നിറവേറ്റണം. ഇത്തരത്തിലുള്ള ജീവിതം നമ്മെ സന്തുഷ്ടിയിലെത്തിക്കുന്നു.


ജീവിതം

[തിരുത്തുക]

ക്രി.വ. 55-നടുത്ത്[1] ഇന്നത്തെ തുർക്കിയിൽ പെടുന്ന ഹൈരാപോലിസിലാണ് [2]എപ്പീക്റ്റീറ്റസ് ജനിച്ചത്. മാതാപിതാക്കന്മാർ നൽകിയ പേര് എന്തെന്ന് അറിവില്ല—എപ്പിക്റ്റീറ്റസ് എന്നത് 'വാങ്ങപ്പെട്ടവൻ' എന്ന് അർത്ഥമുള്ള ഗ്രീക്ക് പദമാണ്. നീറോയുടെ സമയത്ത് മോചനം കിട്ടിയ അടിമയും വലിയ ധനാഢ്യനും ആയിരുന്ന എപ്പാഫ്രോഡൈറ്റസ് എന്നയാളുടെ അടിമയായി റോമിലാണ് എപ്പീക്റ്റീറ്റസ് യൗവനം കഴിച്ചത്. അടിമയായിരിക്കുമ്പോൾ തന്നെ, മ്യൂസോനിയസ് റൂഫസ് എന്നയാളുടെ കീഴിൽ അദ്ദേഹം സ്റ്റോയിക് തത്ത്വചിന്ത പഠിച്ചു.[3][4] എപ്പീക്റ്റീറ്റസ് അംഗവിഹീനനായിരുന്നെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഒരു കാൽ എപ്പാഫ്രോഡൈറ്റസ് ഒടിച്ചതാണെന്ന് സെൽസസ് രേഖപ്പെടുത്തിയത് ഒരിജൻ ആവർത്തിക്കുന്നുണ്ടെങ്കിലും[5] അദ്ദേഹം ജന്മനാ മുടന്തനായിരുന്നെന്ന സിലീഷ്യായിലെ സിം‌പ്ലീഷിയസിന്റെ സാക്‌ഷ്യമാണ് കൂടുതൽ വിശ്വസനീയം.[6]

എപ്പീക്റ്റീറ്റസ് ജീവിതത്തിന്റെ പ്രധാനഭാഗം കഴിച്ചുകൂട്ടിയ നിക്കോപോലിസിലെ റോമൻ ഭരണകാല അവശിഷ്ടങ്ങൾ


എപ്പീക്റ്റീറ്റസിന് അടിമത്തത്തിൽ നിന്ന് മോചനം ലഭിച്ചതെങ്ങനെയെന്ന് നിശ്ചയമില്ല. ഏതായാലും താമസിയാതെ അദ്ദേഹം റോമിൽ തത്ത്വചിന്ത പഠിപ്പിക്കാൻ തുടങ്ങി. ക്രി.വ. 93-നടുത്ത് ഡൊമിഷൻ ചക്രവർത്തി എല്ലാ തത്ത്വചിന്തകന്മാരേയും റോമിൽ നിന്നും, ഒടുവിൽ ഇറ്റലിയിൽ നിന്നുതന്നെയും പുറത്താക്കിയതിനെ തുടർന്ന് [7]എപ്പീക്റ്റീറ്റസ് ഗ്രീസിലെ എപ്പിറസ് പ്രദേശത്തുള്ള നിക്കോപോലിസിലേക്കുപോയി അവിടെ ഒരു തത്ത്വചിന്താപാഠശാല സ്ഥാപിച്ചു. [8]


എപ്പീക്റ്റീറ്റസിന്റെ ഏറ്റവും അറിയപ്പെടുന്ന ശിഷ്യനായ ഏരിയൻ ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചു. തന്റെ പ്രശസ്തരചനയായ പ്രഭാഷണങ്ങൾ ഗുരുമുഖത്തുനിന്ന് കേട്ടവ കുറിച്ചെടുത്തതിന്റെ ഫലമാണെന്നാണ് ഏരിയൻ അവകാശപ്പെട്ടിട്ടുള്ളത്. എന്നാൽ സോക്രട്ടീസിനെ മുൻനിർത്തി പ്ലേറ്റോ രചിച്ച സം‌വാദങ്ങളെപ്പോലെ(Dalaogues) പ്രഭാഷണങ്ങളേയും ഏരിയൻ തന്നെ രചിച്ച ഒരു സ്വതന്ത്രകൃതിയായാണ് കണക്കാക്കേണ്ടത് എന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുണ്ട്.[9]"ശ്രോതാക്കളിൽ താൻ ആഗ്രഹിക്കുന്ന അനുഭവമെന്തോ അതു തന്നെ ഉളവാക്കാൻ കഴിവുണ്ടായിരുന്ന" ഒരുജ്ജ്വലപ്രഭാഷകനായിരുന്നു എപ്പീക്റ്റീറ്റസ് എന്നാണ് ഏരിയൻ രേഖപ്പെടുത്തിയിരിക്കുന്നത്."[10] അക്കാലത്തെ പ്രഗല്ഭന്മാരിൽ പലരും അദ്ദേഹവുമായി സംഭാഷണം നടത്താൻ ആഗ്രഹിച്ചു.[11] ഹാഡ്രിയൻ ചക്രവർത്തിപോലും അദ്ദേഹവുമായി സൗഹൃദത്തിലായിരുന്നു.[12] നിക്കോപോലിസിലെ എപ്പീക്റ്റീറ്റസിന്റെ പാഠശാലയിൽ അദ്ദേഹത്തിന്റെ പ്രഭാഷണം ഹാഡ്രിയൻ ശ്രവിച്ചിരിക്കാമെന്ന് പറയപ്പെടുന്നു.[13][14]


സ്വകാര്യസ്വത്തായി ഒന്നും കൂട്ടിവയ്ക്കാതെ, അതീവലളിതമായൊരു ജീവിതമാണ് എപ്പീക്റ്റീറ്റസ് നയിച്ചത്. [6] ഏറെക്കാലം ഒറ്റക്കായിരുന്നു ജീവിതം. [15] എന്നാൽ വാർദ്ധക്യത്തിൽ അദ്ദേഹം ഒരു സുഹൃത്തിന്റെ, മരണത്തിന് ഉപേക്ഷിക്കപ്പെടുമായിരുന്ന കുട്ടിയെ ദത്തെടുത്ത്, ഒരു സ്ത്രീയുടെ സഹായത്തോടെ വളർത്തി.[16] ക്രി.വ. 135-നടുത്താണ് അദ്ദേഹം മരിച്ചത്.[17] എപ്പീക്റ്റീറ്റസിന്റെ മരണശേഷം അദ്ദേഹത്തിന്റെ എണ്ണവിളക്ക് ഒരാരാധകൻ മൂവായിരം ദ്രാക്മ വിലക്ക് വാങ്ങി.[18]

എപ്പീക്റ്റീറ്റസ് സ്വയം എന്തെങ്കിലും എഴുതിയിട്ടുള്ളതായി അറിവില്ല. അദ്ദേഹത്തിന്റെ ചിന്തയുടെ രേഖയായി ആകെ അവശേഷിച്ചിട്ടുള്ളത് അലക്സാണ്ടർ ചക്രവർത്തിയുടെ ജീവചരിത്രങ്ങളിലൊന്നായ അനാബസിസ് അലക്സാൻഡ്രി എന്ന രചനയുടെ കർത്താവായ ഏരിയൻ രേഖപ്പെടുത്തിയ പ്രഭാഷണങ്ങളാണ്. [10] പ്രഭാഷണങ്ങൾ എന്നറിയപ്പെടുന്ന മുഖ്യകൃതിയുടെ ആകെയുണ്ടായിരുന്ന എട്ടു ഭാഗങ്ങളിൽ നാലെണ്ണമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.[19] പ്രഭാഷണങ്ങളുടെ എളുപ്പം ഉപയോഗിക്കാൻ പാകത്തിലുള്ള ഒരു സംഗ്രഹവും ഏരിയൻ തയ്യാറാക്കിയിട്ടുണ്ട്. എൻകൈറിഡിയൻ എന്നാണ് അതറിയപ്പെടുന്നത്. പ്രഭാഷണങ്ങളുടെ ആമുഖത്തിൽ ഏരിയൻ ഇങ്ങനെ എഴുതിയിട്ടുണ്ട്: "എപ്പിക്റ്റീറ്റസിൽ നിന്ന് കേൾക്കുന്നതെല്ലാം, കഴിയുന്നത്ര വാക്കോടുവാക്കുതന്നെ, അദ്ദേഹത്തിന്റെ ചിന്താരീതിയുടേയും ലളിതഭാഷണത്തിന്റേയും ഒരു സ്മരണികയെന്ന നിലയിലും, ഭാവിയിൽ എനിക്ക് ഉപയോഗപ്പെടട്ടെ എന്നു കരുതിയും ഞാൻ എഴുതിയെടുക്കുമായിരുന്നു."[10]


ആദ്യകാലസ്റ്റോയിക് ചിന്തകന്മാരേക്കാളധികമായി എപ്പിക്റ്റീറ്റസ് സന്മാർഗ്ഗത്തിൽ ശ്രദ്ധയൂന്നി. ആശയങ്ങൾക്ക് താൻ സോക്രട്ടീസിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ആവർത്തിച്ചുപറഞ്ഞ അദ്ദേഹം, നമ്മുടെ ലക്‌ഷ്യം നമ്മുടെ ജീവിതങ്ങളുടെമേൽ അധീശത്വം നേടുകയെന്നതാനെന്ന് പറഞ്ഞു. എല്ലാത്തിന്റേയും മാറ്റമില്ലാത്തതും, അലംഘ്യവും, വിട്ടുവീഴ്ചയില്ലാതെ എല്ലാവർക്കും ബാധകവുമായ യഥാർഥസ്വഭാവം ഗ്രഹിക്കാൻ അനുയായികളെ പ്രൊത്സാഹിപ്പിക്കുകയാണ് സ്റ്റോയിക് ഗുരുവിന്റെ കടമ എന്ന് അദ്ദേഹം കരുതി.


"വസ്തുക്കളെ" അവയുടെ മേലുള്ള നമ്മുടെ സ്വാധീനത്തെ അടിസ്ഥാനമാക്കി, നിയന്ത്രിക്കാനാവുന്നവയും അല്ലാത്തവയുമെന്ന് രണ്ടു വർഗ്ഗങ്ങളായി തിരിക്കാം എന്ന് എപ്പിക്റ്റീറ്റസ് പഠിപ്പിച്ചു. നമ്മുടെ നിയന്ത്രണത്തിന് വഴങ്ങുന്നവ ആവേഗം, ആഗ്രഹം, വെറുപ്പ് തുടങ്ങിയവയാണ്. നമുക്ക് നിയന്ത്രിക്കാനാവാത്തവ ആരോഗ്യം, ഭൗതികസമ്പത്ത്, പ്രശസ്തി തുടങ്ങിയവയും. തുടർന്ന് എപ്പിക്റ്റീറ്റസ് തന്റെ ചിന്തയിലെ രണ്ടുമുഖ്യസങ്കല്പങ്ങളായ 'സന്മാർഗഭാവം' (Prohairesis), 'വിവേചന' (Dihairesis) എന്നിവയെപ്പറ്റി പറയുന്നു. സന്മാർഗഭാവമാണ് മനുഷ്യരെ മറ്റു ജീവികളിൽ നിന്ന് വ്യതിരിക്തരാക്കുന്നത്. അതിനെ ആധാരമാക്കിയുള്ള തീരുമാനങ്ങളിൽ നിന്നാണ് നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും, ആകർഷണവികർഷണങ്ങളും, സമ്മതവിസമ്മതങ്ങളും ജനിക്കുന്നത്. "നമ്മുടെ സന്മാർഗഭാവമെന്തോ അതാണ് നാം" എന്ന് എപ്പിക്റ്റീറ്റസ് ആവർത്തിച്ച് പറയാറുണ്ടായിരുന്നു. സന്മാർഗഭാവത്തിന്റെ വിധിയാണ് നമ്മുടെ 'വിവേചന'. അത് നമ്മെ, നമ്മുടെ പൂർണ്ണനിയന്ത്രണത്തിനുവഴങ്ങുന്നവയെ അല്ലാത്തവയിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നു. അവസാനമായി, നല്ലതും ചീത്തയും നമ്മുടെ സന്മാർഗഭാവത്തിലല്ലാതെ ബാഹ്യവസ്തുക്കളിലല്ല നിലകൊള്ളുന്നത് എന്ന് എപ്പിക്റ്റീറ്റസ് പഠിപ്പിച്ചു. ഈ തത്ത്വങ്ങളൊക്കെ ആഴത്തിൽ ഗ്രഹിച്ച് ദൈനദിനജീവിതത്തിൽ നടപ്പാക്കാൻ ശീലിക്കുന്നവൻ ദാർശനികജീവിതത്തിന് പാകപ്പെട്ടിരിക്കുന്നു. ദാർശനികജീവിതത്തിന്റെ ലക്‌ഷ്യം 'അതരാക്സിയ'(Ataraxia) അല്ലെങ്കിൽ സന്തുഷ്ടി ആണ്. സന്തുഷ്ടി എന്നത് മനസ്സിന്റെ അചഞ്ചലശാന്തിയാണ്. ബാഹ്യലോകത്തിൽ കണ്ടുമുട്ടുന്നവ നമ്മുടെ നിയന്ത്രണത്തിനുവഴങ്ങുന്നവയല്ലെന്നറിഞ്ഞ് അവയോടുള്ള നിർമമത്വമാണത്. ഈ യുക്തി, വസ്തുക്കളുടെ യഥാർഥ സ്വഭാവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്, അതായത്, ലോകത്തിന്റേയും പ്രപഞ്ചത്തിന്റേയും മുൻനിശ്ചിതവും സങ്കീർണ്ണവുമായ ക്രമത്തിന് അനുസരണമാണ്. 'അതരാക്സിയ' എപ്പിക്റ്റീറ്റസിന്റേയും മറ്റു സ്റ്റോയിക് ചിന്തകന്മാരുടേയും സങ്കല്പത്തിലെ "ആനന്ദവും നിറവും" ആയിരുന്നു.


സ്വാധീനം

[തിരുത്തുക]

എപ്പെക്റ്റീറ്റസിന്റെ കാലം കഴിഞ്ഞ് ഏറെ വൈകാതെ അധികാരത്തിലേറിയ റോമൻ ചക്രവർത്തിയും സ്റ്റോയിക് ചിന്തകനുമായ മാർക്കസ് ഔറേലിയസിനെ എപ്പിക്റ്റീറ്റസിന്റെ ചിന്ത സ്വാധീനിച്ചിരുന്നു. ഔറേലിയസിന്റെ 'ധ്യാനങ്ങൾ' (Meditations) എന്ന പ്രഖ്യാതരചനയിൽ എപ്പിക്റ്റീറ്റസിന്റെ ആശയങ്ങൾ പ്രതിലിക്കുകയും അദ്ദേഹം പരാമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ക്രിസ്തുമതാരംഭത്തിനുശേഷം 'പേഗൻ' വിശ്വാസങ്ങൾ പിന്തുടർന്നുജീവിച്ചവനെങ്കിലും എപ്പിക്റ്റീറ്റസിന്റെ ചിന്തയുടെ സരളതയും ആത്മാർഥതയും പിൽക്കാലങ്ങളിലെ ക്രൈസ്തവചിന്തകന്മാരേയും ആകർഷിച്ചു. ഹിപ്പോയിലെ അഗസ്തിനും യോഹന്നാൻ ക്രിസോസ്തോമസും അദ്ദേഹത്തെ പുകഴ്ത്തി. എപ്പിക്റ്റീറ്റസിന്റെ ചിന്തയുടെ സംഗ്രഹമായ ഏരിയന്റെ 'എൻകൈറിഡിയൻ' എന്ന കൃതി, ചില്ലറമാറ്റങ്ങളോടെ ക്രൈസ്തവലോകം, സം‌ന്യാസികൾക്കുള്ള നിയമയും മാർഗരേഖയുമായി സ്വീകരിച്ചു. [20]


എപ്പിക്റ്റീറ്റസിന്റെ ചിന്തയുടേയും വ്യക്തിത്വത്തിന്റേയും ചിത്രങ്ങൾ ആധുനിക സാഹിത്യകാരന്മാരിൽ പലരുടേയും രചനകളിൽ കാണാം. മാത്യു ആർനോൾഡിന്റെ "ഒരു സുഹൃത്തിന്" (To a Friend) എന്ന ഭാവഗീതത്തിൽ എപ്പിക്റ്റീറ്റസ് പരാമർശിക്കപ്പെടുന്നുണ്ട്. വെസ്പേസിയൻ ചക്രവർത്തിയുടെ ക്രൂരനായ പുത്രൻ (ഡൊമിഷൻ), തനിക്ക് മാനക്കേടായി തോന്നിയ(തത്ത്വചിന്തയെ) റോമിൽ നിന്ന് തുരത്തിയ കാലത്ത്, നിക്കോപോലിസിൽ ഏരിയനെ പഠിപ്പിച്ച മുടന്തൻ അടിമ(Halting Slave) കഷ്ടകാലങ്ങളിൽ തനിക്ക് ആശ്വാസം പകർന്നു എന്നാണ് ആർനോൾഡ് എഴുതിയിരിക്കുന്നത്.


ഇരുപതാം നൂറ്റാണ്ടിലെ നോവലിസ്റ്റായ ജെയിംസ് ജോയ്സിന്റെ "കലാകാരന്റെ യൗവനചിത്രം" (Portrait of the Artist as a Young Man) എന്ന നോവലിലെ നായകൻ സ്റ്റീഫൻ ഡെഡാലസും അയാളുടെ കലാശാലയിലെ ഡീനും തമ്മിൽ നടക്കുന്ന ഒരു ചർച്ചയിലും എപ്പിക്റ്റീറ്റസ് പ്രത്യക്ഷപ്പെടുന്നുണ്ട്. നോവലിലെ ആ ഭാഗം ഇങ്ങനെ പോകുന്നു:-

നോവലിന്റെ ആ ഭാഗത്ത് തുടർന്നും എപ്പിറ്റീറ്റസ് പലവട്ടം പരാമർശിക്കപ്പെടുന്നുണ്ട്.

സൈക്കോളജി

[തിരുത്തുക]

റേഷണൽ ഇമോട്ടീവ് ബിഹേവിയർ തെറാപ്പിയുടെ ഉപഞ്ജാതാവായ ആൽബർട്ട് എല്ലിസ് എപ്പിക്റ്റീറ്റസിനെ തന്റെ സൈക്കോതെറാപ്പിയുടെ സമ്പ്രദായത്തിന്റെ അടിസ്ഥാനമായി വിലയിരുത്തുന്നു.[22][23][24]

നുറുങ്ങുകൾ

[തിരുത്തുക]
  • എപ്പിക്റ്റീറ്റസിന്റെ മുടന്തിനെക്കുറിച്ച് സെൽസസ് പറയുന്ന കഥ വിശ്വസിക്കാമെങ്കിൽ അതിന് കാരണക്കാരൻ അടിമായായിരുന്നപ്പോൾ അദ്ദേഹത്തിന്റെ യജമാനനായിരുന്ന എപ്പാഫ്രോഡൈറ്റസായിരുന്നു. ക്രൂരനായ എപ്പാഫ്രോഡൈറ്റസ്, നേരമ്പോക്കിനുവേണ്ടി എപ്പിക്റ്റീറ്റസിന്റെ കാൽ പിടിച്ചു തിരിക്കുമായിരുന്നു. ആ വിനോദം തുടർന്നാൽ കാൽ ഒടിഞ്ഞുപോകാൻ സാധ്യതയുണ്ടെന്ന് യജമാനന് ശാന്തമായി മുന്നറിയിപ്പുകൊടുക്കുക മാത്രമാണ് എപ്പിക്റ്റീറ്റസ് ചെയ്തിരുന്നത്. അവസാനം കാൽ ഒടിഞ്ഞപ്പോഴും "കാൽ ഒടിയുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ" എന്ന് ക്ഷോഭിക്കാതെ പറയുകയാണത്രെ എപ്പിക്റ്റീറ്റസ് ചെയ്തത്.[25]


  • ശിഷ്യന്മാരെ വിവാഹം കഴിക്കാൻ എപ്പിക്റ്റീറ്റസ് ഉപദേശിച്ചെന്നറിഞ്ഞ് ഡെമോനാക്സ് എന്നയാൾ എപ്പിക്റ്റീറ്റസിന്റെ 'മകളെ' വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്രെ. അയാൾ തന്റെ അവിവാഹിതാവസ്ഥയെ കളിയാകയാണെന്ന് മനസ്സിലാക്കിയ എപ്പിക്റ്റീറ്റസ് "മനുഷ്യർക്ക് വിജ്ഞാനം പകർന്നുകൊടുക്കുന്നത്, പതിഞ്ഞമൂക്കുള്ള രണ്ടോ മൂന്നോ മക്കൾക്ക്(two or three pug-nosed children) ജന്മം കൊടുക്കുന്നതുപോലെ മഹത്ത്വമുള്ള സേവനമാണ് എന്നു പറഞ്ഞ് സ്വന്തം അവസ്ഥയെ ന്യായീകരിക്കുകയാണ് ചെയ്തത്. [20]

അവലംബം

[തിരുത്തുക]
  1. എപ്പീക്റ്റീറ്റസിന്റെ കൃത്യമായ ജനനവർഷം നിശ്ചയമില്ല. ഡൊമിഷൻ ചക്രവർത്തി ക്രി.വ. 93-ൽ എല്ലാ തത്ത്വചിന്തകന്മാരെയും റോമിൽ നിന്ന് പുറത്താക്കിയ സമയത്ത് അദ്ദേഹം തത്ത്വചിന്ത പഠിപ്പിക്കാൻ മാത്രം മുതിർന്നവനായിരുന്നിരിക്കണം. ക്രി.വ. 108-ൽ അദ്ദേഹം ശിഷ്യൻ ഏരിയനോട് താൻ ഒരു വൃദ്ധനാണെന്ന് പറയുന്നുമുണ്ട്. Discourses Archived 2011-04-10 at the Wayback Machine., i.9.10; i.16.20; ii.6.23; etc.
  2. Suda, Epictetus.
  3. Epictetus, Discourses Archived 2011-04-10 at the Wayback Machine., i.7.32.
  4. Epictetus, Discourses Archived 2011-04-10 at the Wayback Machine., i.9.29.
  5. ഒരിജൻ, Contra Celcus. vii.
  6. 6.0 6.1 Simplicius, Commentary on the Enchiridion, 13.
  7. Suetonius, Domitian Archived 2007-08-04 at the Wayback Machine., x.
  8. Aulus Gellius, Attic Nights, xv. 11.
  9. Hendrik Selle: Dichtung oder Wahrheit – Der Autor der Epiktetischen Predigten. Philologus 145 [2001] 269-290
  10. 10.0 10.1 10.2 Epictetus, Discourses Archived 2011-04-10 at the Wayback Machine., prologue.
  11. Epictetus, Discourses Archived 2011-04-10 at the Wayback Machine., i.11; ii.14; iii.4; iii. 7; etc.
  12. Historia Augusta, Hadrian Archived 2014-02-21 at the Wayback Machine., 16.
  13. Fox, Robin പൗരാണികലോകം: ഹോമർ മുതൽ ഹാഡ്രിയൻ വരെയുള്ള ഐതിഹാസിക ചരിത്രം Basic Books. 2006 pg 578
  14. രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലൊന്നിൽ രചിക്കപ്പെട്ടിരിക്കാവുന്ന Altercatio Hadriani Et Epicteti എന്ന രചനയിൽ ഹാഡ്രിയനും എപ്പീക്റ്റീറ്റസും തമ്മിലുള്ള ഒരു സാങ്കല്പിക സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്.
  15. Simplicius, Commentary on the Enchiridion, 46. ലൂസിയന്റെ ഡെമോനാക്സിന്റെ ജീവിതം എന്ന കൃതിയിൽ എപ്പീക്റ്റീറ്റസിന്റെ അവിവാഹിതാവസ്ഥയെ കളിയാക്കുന്ന ഒരു തമാശയുണ്ട്.
  16. Simplicius, Commentary on the Enchiridion, 46. അദ്ദേഹം ആ സ്ത്രീയെ വിവാഹം കഴിച്ചിരിക്കാം. എന്നാൽ സിപ്ലിസിയസ് രേഖപ്പെടുത്തിയിരിക്കുന്നതിൽ അവ്യക്തതയുണ്ട്.
  17. ക്രി.വ. 117 മുതൽ 138 വരെ ഭരിച്ച ഹാഡ്രിയന്റെ വാഴ്ചക്കാലത്ത് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു. ക്രി.വ. 121-ൽ ജനിച്ച മാർക്കസ് ഔറേലിയസ് ചക്രവർത്തി അദ്ദേഹത്തിന്റെ ആരാധകനായിരുന്നെങ്കിലും അവർ കണ്ടുമുട്ടിയിട്ടില്ല; രണ്ടാം നൂറ്റാണ്ടിന്റെ നടുവിൽ ഔലസ് ഗെല്ലിയസ് എപ്പീക്റ്റീറ്റസ് സമീപകാലത്തെ ജീവിച്ചിരുന്ന ആളാണെന്നമട്ടിൽ എഴുതിയിട്ടുണ്ട്. (ii.18.10)
  18. Lucian, Remarks to an illiterate book-lover.
  19. Photius, Bibliotheca, states that there were eight books.
  20. 20.0 20.1 Will Durant, Story of Civilization, Part-III പുറങ്ങൾ 490-494
  21. A Portrait of the Artist as a Young Man - Jonathan Cape Ltd പ്രസിദ്ധീകരിച്ച പതിപ്പ് - അദ്ധ്യായം 5 - പുറം 213
  22. Green, Adam (2003-10-13). "Ageless, Guiltless". The New Yorker.
  23. Schatzman, Morton (2007-07-30). "Albert Ellis: Psychotherapist who preached a rational, behavioural approach". The Independent. Archived from the original on 2007-10-18.
  24. Burkeman, Oliver (2007-08-10). "Albert Ellis: Influential American psychologist who led the revolution in cognitive therapy". The Guardian.
  25. Will Durant - Story of Philosophy - പുറങ്ങൾ 78-79


ഗ്രന്ഥസൂചി

[തിരുത്തുക]
  • Epictetus, Nicholas P. White (trans.), The Handbook, ISBN 0-915145-69-3, 1983.
  • Epictetus, George Long (trans.), Enchiridion, ISBN 0-87975-703-5, 1955.
  • Adolf Friedrich Bonhoffer, William O. Stephens trans., The Ethics of the Stoic Epictetus, ISBN 0-8204-5139-8, 2000.
  • A. A. Long, Epictetus: A Stoic and Socratic Guide to Life, ISBN 0-19-924556-8, 2002.
  • William O. Stephens, Stoic Ethics: Epictetus and Happiness as Freedom, ISBN 0-8264-9608-3, 2007.
  • Epictetus, The Discourses (The Handbook, Fragments), Everyman Edition, Edited by Christopher Gill, ISBN 0-460-87312-1, 2003.
  • Robert Dobbin, Epictetus Discourses: Book 1 (Clarendon Later Ancient Philosophers), Oxford: Clarendon Press, ISBN 0-19-823664-6, 1998.
  • Michel Foucault, The Hermeneutics of the Subject: Lectures at the Collège de France, 1981–1982, New York: Picador, 2005, ISBN 0-312-42570-8.
  • Epictetus: The Discourses, trans. W. A. Oldfather. 2 vols. (Loeb Classical Library edition.) Cambridge, MA: Harvard University Press, 1925 & 1928. ISBN 0-674-99145-1 and ISBN 0-674-99240-7.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ എപ്പിക്റ്റീറ്റസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
Wikisource
Wikisource
ഗ്രീക്ക് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=എപ്പിക്റ്റീറ്റസ്&oldid=3989441" എന്ന താളിൽനിന്ന് ശേഖരിച്ചത്