സെനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈലിയായിലെ സെനോ

ഒരു പുരാതന ഗ്രീക്ക് തത്വചിന്തകനാണ് ഗണിതശാസ്ത്രജ്ഞനുമാണ് സെനോ (ജീവിതകാലം ഏകദേശം ബി.സി. 490–നും 430-നുമിടയിൽ). ഗണിതശാസ്ത്രത്തിന്റെ ഭാഷയിലൂടെ പ്രപഞ്ചത്തിന് വ്യാഖ്യാനം നൽകാൻ ഇദ്ദേഹം ശ്രമിച്ചു, മായാവാദത്തിനും അസ്തിത്വവാദത്തിനും അടിത്തറ പാകി.

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

ബി.സി. 500-നോടടുത്ത് തെക്കൻ ഇറ്റലിയിലെ ഈലിയായിലാണ് സെനോ ജനിച്ചത്. പർമേനിദേസ് എന്ന പണ്ഡിതൻ നടത്തിയിരുന്ന് വിദ്യാലയത്തിൽ പഠനം നടത്തി. മായാവാദത്തോട് സാദൃശ്യമുള്ള ആശയങ്ങൾ അവതരിപ്പിച്ചയാളാണ് പാർമേനിദേസ്.

സെനോയുടെ 'വിരോധാഭാസങ്ങൾ'[തിരുത്തുക]

സെനോയുടെ വിരോധാഭാസങ്ങൾ (Paradoxes) പ്രശസ്തങ്ങളാണ്. അവയിൽ ചിലവ താഴെക്കൊടുക്കുന്നു.

  • ഒരാൾ ഒരു ബിന്ദുവിൽ നിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് പോകുന്നു എന്നിരിയ്ക്കട്ടെ. ലക്ഷ്യത്തിലെത്താൻ, ഇരുബിന്ദുക്കളുടേയും മദ്ധ്യബിന്ദു കടന്നുപോകണം. ആ മദ്ധ്യബിന്ദുവിലെത്താനാകട്ടെ, അതുവരെയുള്ള ദൂരത്തിന്റെ മദ്ധ്യബിന്ദു കടക്കണം. അങ്ങനെ, മദ്ധ്യബിന്ദു എന്ന ഈ ആശയം അനന്തമായതിനാൽ ചലനം തന്നെ ഗണിതശാസ്ത്രപരമായി അസാദ്ധ്യമായ ഒരു അനുഭവം ആണെന്ന് സെനോ അഭിപ്രായപ്പെട്ടു.
  • ആമയും അക്കിലിസും മുന്നിലും പിന്നിലുമായി നിൽക്കുന്നു. ആമ മിനിറ്റിൽ പത്തടി വേഗത്തിലും അക്കിലിസ് ഇരുപതടി വേഗത്തിലും ഓടുന്നു. ആമ ആരംഭത്തിൽ അക്കിലിസിനേക്കാൾ ഇരുപതടി മുന്നിൽ നിൽക്കുന്നു. ഓടിത്തുടങ്ങുമ്പോൾ ആമ നിന്ന സ്ഥലത്തെത്താൻ അക്കിലിസിന് ഒരു മിനുറ്റ് വേണം. ഈ സമയം ആമ പത്തടി മുന്നോട്ട് പോകും. ഈ ദൂരം സഞ്ചരിയ്ക്കാൻ അക്കിലിസിന് 1/2 മിനുറ്റ് വേണം. ഇപ്രകാരം അനന്തമായ ഈ ശ്രേണി 1+1/2+1/4+1/8+............തുടർന്നാൽ അക്കിലിസിന് ആമയെ പിന്തള്ളുക അസാദ്ധ്യമാണ്. ഗണിതശാസ്ത്രപരമായി ഈ അനുഭവവും യഥാർത്ഥമല്ല എന്ന് സെനോ അഭിപ്രായപ്പെട്ടു.
  • ഒരു കല്ല് എടുത്തെറിയുന്നു എന്നിരിയ്ക്കട്ടെ. കല്ല് അന്തരീക്ഷത്തിലൂടെ ചലിയ്ക്കുന്നതായി അനുഭവപ്പെടുന്നു എങ്കിലും ഓരോ നിമിഷത്തിലും കല്ല് നിശ്ചലാവസ്ഥയിലാണ്. തുടർച്ചയായ നിമിഷങ്ങളിൽ കല്ലിന്റെ ഈ നിശ്ചലാവസ്ഥ ചലിയ്ക്കുന്നതായി തോന്നുന്നു. ഗണിതശാസ്ത്രപരമായി ഈ അനുഭവവും അസാദ്ധ്യമാണെന്ന് സെനോ തെളിയിച്ചു.

തന്റെ വിരോധാഭാസങ്ങളിലെല്ലാം ഒന്നിനെ അനന്തമായി വിഭജിച്ച്, അതുളവാക്കുന്ന വൈരുദ്ധ്യം എടുത്ത് കാണിയ്ക്കുക എന്ന അടിസ്ഥാനസ്വഭാവത്തേയാണ് വിശദീകരിച്ചത്. [1]

മരണം[തിരുത്തുക]

ഈലിയായിലെ(Elea) സ്വേച്ഛാപതി നിയാർക്കസിനെ അധികാരഭ്രഷ്ടനാക്കാൻ ശ്രമിച്ചവർക്കൊപ്പം സെനോയും ചേർന്നു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സെനോ പിടിയിലാവുകയും ഒടുവിൽ നാല്പതാം വയസ്സിൽ മർദ്ദനമേറ്റും മരിക്കുകയും ചെയ്തു. മർദ്ദനങ്ങളെല്ലാം അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെ സഹിച്ചതായി പറയപ്പെടുന്നു.

വിലയിരുത്തൽ[തിരുത്തുക]

ആരെന്തു പറഞ്ഞാലും അതു തെറ്റാണെന്നു വാദിക്കുന്ന ഇരുമുന-നാവുകാരൻ എന്ന് ഫിലിയസിലെ തിമോൻ സെനോയെ വിശേഷിപ്പിച്ചു. എന്നാൽ യുവപ്രായത്തിലെ തന്റെ കുസൃതികളെ ദാർശനികന്മാർ ഗൗരവമായെടുത്തെതാണു പ്രശ്നമായതെന്നു പക്വപ്രായത്തിൽ സെനോ പരിതപിച്ചതായി പറയപ്പെടുന്നു. സെനോയെ നിശിതമായി വിമർശിച്ചിരുന്ന സോക്രട്ടീസ് പോലും അദ്ദേഹത്തിന്റെ സംവാദശൈലി പിന്തുടർന്ന കാര്യം വിൽ ഡുറാന്റ് ചൂണ്ടിക്കാണിക്കുന്നു.[൧] പ്ലേറ്റോ മുതൽ ബെർട്രാൻഡ് റസ്സൽ വരെയുള്ളവർ ചർച്ച ചെയ്ത സെനോയുടെ 'വിരോധാഭാസങ്ങൾ' വാക്കുകളെ വസ്തുക്കളായി തെറ്റിദ്ധരിക്കുന്ന രീതി നിലനിക്കുന്ന കാലത്തോളം ചർച്ച ചെയ്യപ്പെടുമെന്നും ഡുറാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അനന്തം (Infinite) എന്നത്, അന്തിമലക്ഷ്യത്തെ സങ്കല്പിക്കാനുള്ള മനസ്സിന്റെ കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന കേവലം ഒരു വാക്കു മാത്രമാണെന്നും സ്ഥല-കാലങ്ങളും ചലനവും, ഇടബിന്ദുക്കളോ ഖണ്ഡങ്ങളോ ഇല്ലാത്ത നൈരന്ത്യര്യങ്ങൾ ആണെന്നും തിരിച്ചറിയുമ്പോൾ സെനോയുടെ വിരോധാഭാസങ്ങൾ ഇല്ലാതാവുന്നു.[2]

കുറിപ്പുകൾ[തിരുത്തുക]

^  സെനോയെ അനുകരിക്കുന്നതിൽ സോക്രട്ടീസ് കാട്ടിയ സാമർത്ഥ്യം മൂലം, മനസ്സമാധാനം കിട്ടാൻ അദ്ദേഹത്തെ കൊല്ലുകയല്ലാതെ മനുഷ്യർക്കു വഴിയില്ലാതായെന്നും ഡുറാന്റ് പറയുന്നു.[2]

അവലംബം[തിരുത്തുക]

  1. ഗണിതശാസ്ത്രത്തിലെ അതികായന്മാർ,പ്രൊഫ.കെ.രാമകൃഷ്ണപിള്ള,കേരള ശാസ്ത്രസാഹിത്യ പരിഷദ്
  2. 2.0 2.1 വിൽ ഡുറാന്റ്, "ഗ്രീസിന്റെ ജീവിതം", സംസ്കാരത്തിന്റെ കഥ, (രണ്ടാം ഭാഗം - പുറം 351)
"https://ml.wikipedia.org/w/index.php?title=സെനോ&oldid=1941539" എന്ന താളിൽനിന്നു ശേഖരിച്ചത്