Jump to content

സെൽസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമ്പരാഗത ഗ്രെക്കോ-റോമൻ മത-ദാർശനിക-സാമൂഹ്യ നിലപാടിൽനിന്ന്, ക്രിസ്തുമതത്തെ നിശിതമായി വിമർശിക്കുന്ന 'സത്യവചനം'(alethès lógos) [1]എന്ന താർക്കികരചനയുടെ (Polemic)പേരിൽ പ്രശസ്തനായ രണ്ടാം നൂറ്റാണ്ടിലെ പേഗൻ ചിന്തകനാണ് സെൽസസ്. സെൽസസിന്റെ ഗ്രന്ഥം പിൽക്കാലത്ത് നഷ്ടമായി. അതിനെ വിമർശിച്ച് മൂന്നാം നുറ്റാണ്ടിലെ ക്രൈസ്തവചിന്തകനായ ഒരിജൻ എഴുതിയ "സെൽസസിന് മറുപടി" (Contra Celsum) എന്ന രചന മൂലമാണ് സെൽസസും അദ്ദേഹത്തിന്റെ ഗ്രന്ഥവും ഇന്ന് അനുസ്മരിക്കപ്പെടുന്നത്.


ഉദ്ധരണികളും, പുനരാഖ്യാനങ്ങളും പരാമർശങ്ങളും വഴി സെൽസസിന്റെ കൃതിയിലെ വാദങ്ങൾ ഓരോന്നായവതരിപ്പിച്ച് ഒരിജൻ അവക്ക് മറുപടി പറഞ്ഞു. സെൽസസിന്റെ പുസ്തകത്തിൽനിന്ന്, ഒരിജന്റെ 'മറുപടി'യിൽ ഉൾപ്പെടാതെ നഷ്ടമായത് പത്തിലൊന്നുമാത്രമാണെന്ന് പറയപ്പെടുന്നു. [1] ഉൾപ്പെടുത്തിയവയിൽ മുക്കാൽ ഭാഗവും, സെൽസസിൽ നിന്ന് വാക്കോടുവാക്കായ ഉദ്ധരണികളുമാണ്.

പശ്ചാത്തലം[തിരുത്തുക]

ക്രി.വ. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗമായിരുന്നിരിക്കണം സെൽസസിന്റെ പ്രവർത്തനകാലം. മാർക്കസ് ഔറേലിയസിന്റെ ഭരണകാലത്ത് ജീവിച്ചിരുന്നെന്നും, ക്രിസ്തുമതത്തെ വിമർശിച്ച് 'സത്യവചനം' എന്ന കൃതി രചിച്ചു എന്നും അതിന്റെ രചനാകാലം ക്രി.വ. 175-നും 180-നും ഇടക്കായിരുന്നെന്നും മാത്രമാണ് സെൽസസിനെക്കുറിച്ച് ആകെയുള്ള അറിവ്. രണ്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തെ എതിർത്ത പല സെൽസസ്മാരിൽ ഒരാൾ മാത്രമായിരുന്നു അദ്ദേഹം. ഒരുപക്ഷേ, കവി ലൂഷന്റെ(Lucian) സുഹൃത്തായി അറിയപ്പെടുന്ന സെൽസസ് ഇദ്ദേഹമായിരിക്കാം. എന്നാൽ ഇതും ഉറപ്പില്ലാത്ത കാര്യമാണ്; കാരണം ലൂഷന്റെ സുഹൃത്തായ സെൽസസ്, എപ്പിക്യൂറസിന്റെ അനുയായി അയിരുന്നു; 'സത്യവചനത്തിൽ' പ്രത്യക്ഷപ്പെടുന്ന സെൽസസാകട്ടെ, തത്ത്വചിന്തയിൽ എപ്പിക്യൂറസിന്റെ വിരുദ്ധചേരിയിലായിരുന്ന പ്ലേറ്റോയുടേയും ഒരുപക്ഷേ, യഹൂദപ്ലേറ്റോണിസ്റ്റായിരുന്ന അൽക്സാണ്ഡ്രിയയിലെ ഫിലോയുടേയും അനുയായി ആയിരുന്നു. [2]


സെൽസ് ഗ്രീസിലോ റോമിലോ നിന്നുള്ളവനായിരുന്നെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ യഹൂദമതവുമായും ഈജിപ്ഷ്യൻ ആശയങ്ങളും ആചാരങ്ങളുമായുമുള്ള അദ്ദേഹത്തിന്റെ പരിചയം കണക്കിലെടുത്ത്, റോമാ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ളവനായിരുന്നിരിക്കാം അദ്ദേഹം എന്നു കരുതുന്ന ചരിത്രകാരന്മാരുമുണ്ട്. അതേസമയം പൗരസ്ത്യസംസ്കാരങ്ങളുമായുള്ള പരിചയം ദേശാടനവും റോമിൽത്തന്നെയുണ്ടായിരുന്ന വിദേശികളുമായുള്ള സഹവാസവും മൂലം നേടിയതായിരിക്കാം എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.


'സത്യവചനം' എഴുതപ്പെട്ടത് റോമിലാണെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. എന്നാൽ കൃതിയിൽ തന്നെയുള്ള തെളിവുകളെ ആധാരമാക്കി രചന നടന്നത് അലക്സാൻഡ്രിയയിലാണ് ഇന്ന് പലരും വാദിക്കുന്നു. ഈജിപ്ഷ്യൻ ചരിത്രത്തേയും, ആചാരരീതികളേയും അടുത്തറിഞ്ഞ മട്ടിലുള്ള പരാമർശങ്ങൾ 'സത്യവചനത്തിൽ' പലയിടത്തുമുണ്ട്. അതിൽ പ്രത്യക്ഷപ്പെടുന്ന യഹൂദർ റോമിൽ നിന്നുള്ളവരല്ല; ദൈവവചനം (Logos) എന്ന ഗ്രീക്ക് ആശയം സ്വാംശീകരിച്ചുകഴിഞ്ഞിരുന്ന പൗരസ്ത്യരാണ്.


രചനാകാലത്തെക്കുറിച്ചുള്ള സൂചനകളും ഗ്രന്ഥത്തിലുണ്ട്. അപ്പൊൾ സാമ്രാജ്യം ഒരു സുരക്ഷാപ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ജർമ്മൻ ഗോത്രങ്ങൾക്കെതിരെ മാർക്കസ് ഔറെലിയസ് നടത്തിയ സൈനിക നീക്കങ്ങളായിരിക്കണം (സെൽസസിന് മറുപടി viii.69)ഇതിനു പശ്ചാത്തലമായുള്ളത്. മതപരമായ നവീനതകൾക്കെതിരെ ജാഗ്രതപാലിക്കാൻ ഔറേലിയസ് പ്രവിശ്യാധികാരികളോടും നിയമപാലകരോടും ആവശ്യപ്പെട്ട കാലവുമായിരുന്നു അത്. ക്രി.വ. 180-ലുണ്ടായ ഔറേലിയസിന്റെ മരണം വരെ തുടർന്ന ക്രിസ്തുമതപീഡനത്തിന് തുടക്കമിട്ട ഈ കല്പനയുടെ കാലം ക്രി.വ. 176-177 ആണ്. ആ വർഷങ്ങളിൽ കമ്മോഡസ് സഹ-സാമ്രാട്ടായിരുന്നു. ഈ കൂട്ടുഭരണത്തെ സെൽസസ് പരാമർശിക്കുന്നുണ്ട്. (സെൽസസിന് മറുപടി viii.71).


പോർഫിറി തുടങ്ങിയ ക്രിസ്തുമതവിമർശകന്മാരുടെ രചനകളെപ്പോലെ അപലപിക്കപ്പെട്ട സെൽസസിന്റെ കൃതി, കാലക്രമത്തിൽ നഷ്ടമായി. അതിനെക്കുറിച്ചന്വേഷിക്കുന്നവർക്ക് ഇന്നു ലഭ്യമായ ഒരേയൊരു രേഖയായ "സെൽസസിന് മറുപടി" ഒരിജൻ എഴുതിയത് 'സത്യവചനം' പ്രസിദ്ധീകരിക്കപ്പെട്ട് എഴുപത് വർഷത്തോളം കഴിഞ്ഞാണ്. സെൽസസിന്റെയും അദ്ദേഹത്തിന്റെ കൃതിയുടേയും സ്മരണ നിലനിർത്തിയ ഒരിജന്റെ രചന നടന്നത് ക്രി.വ. 248-ലായിരുന്നിരിക്കണം. അപ്പോൾ ചക്രവർത്തിയായിരുന്ന അറബി ഫിലിപ്പിന്റെ അലംഭാവമോ സഹിഷ്ണുതയോ മൂലം, ക്രിസ്തുമതം കാര്യമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാൽ അധികാരസ്ഥാനങ്ങളുമായുള്ള അതിന്റെ ബന്ധം ഒട്ടും സൗഹാർദ്ദപൂർണ്ണമായിരുന്നില്ല. റോം അതിന്റെ സ്ഥാപനത്തിന്റെ സഹസ്രാബ്ദി ആഘോഷിക്കുകയായിരുന്നു. സ്വാഭാവികമായും സാമ്രാജ്യാഭിമാനം ഔന്നത്യത്തിലായിരുന്നു. അതേസമയം ക്രൈസ്തവചിന്തകനായ ഒരിജൻ, സാമ്രാജ്യത്തേയും സീസറിന് കല്പ്പിക്കപ്പെട്ട ദിവ്യത്വത്തേയും, പിതാവായ ദൈവത്തിന്റെ രാജത്വം, സ്വർഗരാജ്യത്തിലെ വിശ്വാസികളുടെ പൗരത്വം, എന്നീ ക്രൈസ്തവാശയങ്ങളെ മുൻനിർത്തി വിലയിരത്തി. അത്തരത്തിലുള്ള പരിഗണനയിൽ, സാമ്രാജ്യത്തിന്റെ സഹസ്രാബ്ദക്കാലത്തിന് ഒരുദിവസത്തിന്റെ വിലപോലുമില്ലായിരുന്നു. മാർക്കസ് ഔറേലിയസിന്റെ കാലത്തെഴുതപ്പെട്ട സെൽസസിന്റെ പഴയ കൃതിക്ക് ഒരു പ്രത്യാഖ്യാനം എഴുതാൻ ഒരിജനെ പ്രേരിപ്പിച്ചത് ഈ സാഹചര്യങ്ങളായിരിക്കണം. തിര‍ക്കിട്ടെഴുതിയ മട്ട് ഒരിജന്റെ 'മറുപടിയിൽ' പലയിടത്തുമുണ്ട്. എന്നാൽ രണ്ടാം നൂറ്റാണ്ടിലെ ഏറെ ശ്രദ്ധേയമായ ഒരു കൃതിയുടെ ഏകമാത്രസ്മരണികയാണതെന്നോർക്കുമ്പോൾ, അതിന്റെ കുറവുകളെല്ലാം അവഗണിക്കാനാവും.


ക്രി.വ. 240-നടുത്ത് സുഹൃത്ത് അംബ്രോസിയസാണ് സെൽസസിന്റെ കൃതിയുടെ ഒരു പ്രതി, ഒരു പ്രത്യാഖ്യാനം രചിക്കാൻ ആവശ്യപ്പെട്ട് ഒരിജന് അയച്ചുകൊടുത്ത്. ആദ്യത്തെ വൈമനസ്യത്തിന് ശേഷം ഒരിജൻ അത് നിർവഹിക്കുകയും ചെയ്തു. [1] ഒരിജന്റെ രചനകളിൽ ഏറ്റവും ദീർഘമായത് സെൽസസിന് കൊടുത്ത ഈ മറുപടിയാണ്.[3]

'സത്യവചനത്തിന്റെ' ഉറവിടങ്ങൾ[തിരുത്തുക]

യഹൂദമതത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള കഥകളുമായി സെൽസസിന് നല്ല പരിചയമുണ്ടായിരുന്നു. ക്രിസ്തുമതത്തെ അറിഞ്ഞു വിമർശിക്കാൻ യഹൂദമതത്തിലാണ് തുടങ്ങേണ്ടത് എന്ന ന്യായത്തിലാണ് സെൽസസ് തന്റെ വിമർശനത്തിന്റെ ആദ്യഭാഗം എഴുതിയത്. ഉല്പത്തി, ഈനോക്ക് തുടങ്ങിയ ഗ്രന്ഥങ്ങളുമായി അദ്ദേഹം നല്ല പരിചയം കാട്ടുന്നുണ്ട്. എന്നാൽ പ്രവചനഗ്രന്ഥങ്ങളെയോ സങ്കീർത്തനങ്ങളെയോ അദ്ദേഹം കാര്യമായി ഉപയോഗിക്കുന്നില്ല. ക്രൈസ്തവരുടേതുമാത്രമായ ഒരു രചനാസംഹിതയെ അദ്ദേഹം പരാമർശിക്കുകയും സമാന്തരസുവിശേഷങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. യോഹന്നാന്റെ സുവിശേഷം അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചില്ല. പൗലോസിന്റെ ലേഖങ്ങളുമായുള്ള പരിചയം ഉറപ്പില്ലെങ്കിലും, പൗലോസിന്റെ ആശയങ്ങൾ സെൽസസിന്റെ രചനയിൽ പ്രതിഭലിക്കുന്നുണ്ട്. യേശുവിന്റെ ജീവിതത്തെക്കുറിച്ച് സെൽസസ് നൽകുന്ന ചിത്രം യഹൂദതാൽമുദിലുള്ളതിനോട് സാമ്യം കാട്ടുന്നുണ്ട്.[2]


ജ്ഞാനവാദികളേയും അവരുടെ ലിഖിതങ്ങളേയും സെൽസസിന് പരിചയമുണ്ടായിരുന്നു (അദ്ധ്യായം viii.15, vi.25). മാർസിയന്റെ രചനകളുടെ കാര്യവും അങ്ങനെ തന്നെ. ക്രിസ്ത്യാനികൾക്കിടയിലെ വിഭാഗങ്ങൾ, ക്രിസ്തുമതത്തിന്റെ വളർച്ചയിലെ വിവിധ ഘട്ടങ്ങൾ എന്നിവയെക്കുറിച്ചും സെൽസസ് അറിവ് പ്രകടിപ്പിക്കുന്നുണ്ട്. ക്രിസ്തുമതത്തിന്റെ അസ്ഥിരതയെക്കുറിച്ച് വാദിക്കാൻ ഈ അറിവ് അദ്ദേഹം സാമർഥ്യത്തോടെ ഉപയോഗിക്കുന്നു. യാഥാസ്ഥിതികരും അല്ലാത്തവരും, ആരംഭകാലങ്ങളും പിൽക്കാലവും, ക്രിസ്തുവും അപ്പസ്തോലന്മാരും, ബൈബിളിന്റെ വികാസത്തിലെ ഘട്ടങ്ങൾ തുടങ്ങിയ ദ്വന്തങ്ങളെയെല്ലാം അവയിലെ വൈരുദ്ധ്യം എടുത്തുകാട്ടാനായി സെൽസസ് ഉപയോഗിക്കുന്നു.

സെൽസസിന്റെ വിമർശനം[തിരുത്തുക]

സെൽസസിന്റെ കൃതി രണ്ടു ഭാഗങ്ങളായാണ്. ആദ്യഭാഗത്തെ വിമർശനം യഹൂദമതത്തിന്റെ വക്താവായ ഒരാളുടെ നിലപാടുകളായും, രണ്ടാമത്തെ ഭാഗത്തേത് പേഗൻ ചിന്തകനായ തന്റെ സ്വന്തം അഭിപ്രായങ്ങളായും ആണ് സെൽസസ് അവതരിപ്പിച്ചിരിക്കുന്നത്. യുക്തിയെ അവഗണിച്ച് അന്ധമായ വിശ്വാസത്തെ ആശ്രയിക്കുന്നവരായി ചിത്രീകരിച്ച് ക്രിസ്ത്യാനികളെ വിമർശിക്കുകയും പരിഹസിക്കുകയുമാണ് സെൽസസ് തന്റെ രചനയിലുടനീളം ചെയ്യുന്നത്.


ക്രിസ്ത്യാനികൾക്കെതിരെ യഹൂദർ ഉന്നയിച്ചിരുന്ന പതിവുവിമർശനങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സെൽസസ് തന്റെതന്നെ ആക്രമണത്തിന് വഴിയൊരുക്കുന്നത്: യേശു അവിഹിതബന്ധത്തിൽ ജനിച്ചവനും[ഖ]ഈജിപ്തിലെ വിജ്ഞാനം ഉൾക്കൊണ്ട് വളർന്നവനുമാണ്; അവന്റെ ദാരിദ്ര്യം നിറഞ്ഞ ജീവിതവും പരിതാപകരമായ അന്ത്യവും, സ്വന്തം ദൈവികപ്രതാപത്തെപറ്റിയുള്ള അവകാശവാദങ്ങൾ പൊള്ളയായിരുന്നെന്ന് തെളിയിക്കുന്നു; പഴയനിയമത്തിലെ പ്രവചനങ്ങളാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനം എന്നുപറയുന്നത് നുണയാണ്; ക്രിസ്ത്വനുയായികളിൽ ചിലർക്കുമാത്രം വെളിവായെന്നുപറയുന്ന യേശുവിന്റെ ഉയിർത്തെഴുന്നേൽപിനെക്കുറിച്ചുള്ള ജല്പനങ്ങൾ അസംബന്ധമാണ് - ഇതൊക്കെയായിരുന്നു ക്രിസ്ത്യാനികൾക്കെതിരെയുള്ള യഹൂദരുടെ വിമർശനങ്ങളിൽ നിന്ന് സെൽസസ് ആവർത്തിച്ചത്. അവർ വിമർശിക്കുന്ന ക്രിസ്ത്യാനികളെപ്പോലെ തന്നെ പരിഹാസ്യരാണ് യഹൂദരും എന്നും സെൽസസ് കരുതി. സ്വർഗ്ഗത്തിൽ നിന്ന് ഒരു രക്ഷകൻ വന്നെന്ന് ഒരുകൂട്ടർ വിശ്വസിക്കുമ്പോൾ രണ്ടാമത്തെ കൂട്ടർ അവന്റെ വരവിനായി ഇപ്പോഴും കാത്തിരിക്കുന്നു. ഈജിപ്തിൽ നിന്ന് ഓടിപ്പോന്ന അടിമകളാണ് യഹൂദരെങ്കിലും[2] പ്രാചീനമായ ഒരു വിശ്വാസം പിൻപറ്റുന്ന പുരാതനജനത എന്ന് മെച്ചമെങ്കിലും അവർക്കുണ്ട്.


ദൈവത്തിന്റെ മനുഷ്യാവതാരം എന്ന ആശയം തന്നെ വിഡ്ഢിത്തമാണ്; തങ്ങളോട് സ്രഷ്ടാവിനുള്ളത് സവിശേഷബന്ധമാണെന്ന് മനുഷ്യജാതിക്ക് എങ്ങനെ കരുതാനാകും? ഈച്ചക്കും ഉറുമ്പിനും ആനയ്ക്കുമൊക്കെ അങ്ങനെ തോന്നിക്കൂടേ? മനുഷ്യർക്കിടയിലേക്ക് വരാനാണെങ്കിൽ, അത് യഹൂദനായിത്തന്നെ വേണമെന്ന് ദൈവം നിർബന്ധിക്കുമോ? ദൈവത്തിന്റെ പ്രത്യേക പരിപാലന തങ്ങൾക്കുണ്ടെന്ന ക്രിസ്ത്യാനികളുടെ വിശ്വാസം അസംബന്ധവും ദൈവനിന്ദയുമാണ്. ചളിനിലത്തിലെ മണ്ഡൂകസഭയെയും ചാണകക്കൂനയിലെ പുഴുക്കളുടെ സൂനഹദോസിനേയും പോലെ "ഞങ്ങൾക്കുവേണ്ടിയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്" എന്ന് ക്രിസ്ത്യാനികൾ വിളിച്ചുകൂവുന്നു.


ഓരോ ദേശത്തിനും അതിന്റെ പ്രത്യേകം ദേവത ഉണ്ടെന്നുകരുതുന്നതാണ് കൂടുതൽ യുക്തിസഹമായിട്ടുള്ളത് എന്ന് സെൽസസ് വാദിച്ചു. പ്രവാചകന്മാരും സ്വർഗ്ഗീയദൂതന്മാരും ഒന്നിലേറെ ദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്പിതചരിത്രത്തെ ആശ്രയിച്ചുള്ള ഈ തരംതാണ തത്ത്വചിന്ത പ്രചരിപ്പിച്ച് നടക്കുന്ന നെയ്ത്തുകാരേയും ചെരുപ്പുകുത്തികളേയും പോലുള്ളവർക്ക് അഭ്യസ്തവിദ്യരെ ആകർഷിക്കാനാവില്ല. [ക]തങ്ങളേക്കാൾ മുതിർന്നവരും ബുദ്ധിമാന്മാരുമായ യജമാനന്മാരുടെ മുന്നിൽ വാതുറക്കാൻ ധൈര്യം കാട്ടാത്താത്ത ഈ അടിമകൾ, കുട്ടികളേയും ബുദ്ധിയില്ലാത്ത പെണ്ണുങ്ങളേയും ഒറ്റുക്കുകിട്ടുമ്പോൾ, വാചാലരാകുന്നു.[4] ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിനു വേണ്ട യോഗ്യതകൾ അജ്ഞതയും ബാലിശമായ ഭീതുത്വവുമാണ്.

അദ്ദേഹം എഴുതി:

പിശാചുബാധ അകറ്റാനുള്ള കഴിവ് അവകാശപ്പെട്ടുനടന്നവരെ സെൽസസ് വിശേഷിപ്പിച്ചത് ചെകുത്താന്റെ ചങ്ങാതികളെന്നാണ്. നഗരങ്ങൾക്കും ദേശങ്ങൾക്കും അവയുടെ നിവാസികൾ‍ക്കും നരകശാപം പ്രവചിച്ച് പട്ടണങ്ങളിലും അധിവാസസ്ഥാനങ്ങളിലും അച്ചടക്കമില്ലാതെ അലഞ്ഞുതിരിയുന്ന നാടോടിപ്രവാചകന്മാരും സെൽസസിന്റെ വിമർശനത്തിനിരകളായി.


ക്രിസ്ത്യാനികൾ അവിശ്വസ്തരും പള്ളികൾ നിയമനിഷേധികളുടെ കൂട്ടങ്ങളും (Illicit Collegium) ആണെന്നതായിരുന്നു സെൽസസിന്റെ ഏറ്റവും വലിയ പരാതി.

സെൽസസിന്റെ പ്രത്യേകത[തിരുത്തുക]

ക്രിസ്തുമതത്തിന്റെ ആരംഭനൂറ്റാണ്ടുകളിൽ അതിനെ എതിർത്ത എഴുത്തുകാരിൽ പ്രത്യേകപരിഗണന അർഹിക്കുന്നവരാണ് സെൽസസും പോർഫിറിയും. ഉന്നതമായ ആദർശങ്ങൾ, രചനാവൈഭവം, ലക്‌ഷ്യബോധം തുടങ്ങിയ കാര്യങ്ങളിൽ അവർ സമന്മാരാണ്. എന്നാൽ മതത്തോടുള്ള അവരുടെ നിലപാടുകൾ തമ്മിൽ വലിയ അന്തരമുണ്ട്. എല്ലാത്തിനുമുപരി തത്ത്വചിന്തകനായിരുന്നെങ്കിലും അഗാധമായ മതബോധം പോർഫിറിക്കുണ്ടായിരുന്നു. ദൈവത്തെക്കുറിച്ചുള്ള ജ്ഞാനമാണ് തന്റെ അന്വേഷണങ്ങളിൽ അദ്ദേഹം ലക്‌ഷ്യമാക്കിയത്. മതവിശ്വാസത്തെ പരിഹസിക്കുന്ന രചനകൾക്ക് പേരുകേട്ട ലൂഷന്റെ സുഹൃത്തായിരുന്ന സെൽസസാകട്ടെ, എപ്പിക്യൂറിയനും പ്ലേറ്റോണിസ്റ്റും ഒക്കെ ആയി കാണപ്പെട്ടെങ്കിലും തത്ത്വചിന്തകനെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നില്ല. ലോകവ്യവഹാരചതുരനായിരുന്ന അദ്ദേഹം അജ്ഞേയവാദിയായിരുന്നിരിക്കാം. ക്രൈസ്തവലേഖകനായ മിനൂസിയസ് ഫെലിക്സിന്റെ രചനയിൽ പ്രത്യക്ഷപ്പെടുന്ന സിസിലിയസ് എന്ന കഥാപാത്രത്തിന്റെ കാര്യത്തിലെന്നപോലെ, സാമ്രാജ്യത്തിനപ്പുറം ഒരു മതം സെൽസസിനില്ലായിരുന്നു. അദ്ദേഹം സൂക്‌ഷ്മദർശിയും, ശുഭാപ്തിവിശ്വാസിയും, യുക്തിവാദിയും ആയിരുന്നു. സെൽസസിന്റെ ബോധത്തിൽ സംശയഭാവവും, ധാർമ്മികമായ പലതരം ബോദ്ധ്യങ്ങളും, ദേശജാതികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരുന്ന ഇതിഹാസങ്ങളേയും അവയുടെ മൂല്യങ്ങളുടെ ആപേക്ഷികതയെക്കുറിച്ചുള്ള അറിവും കെട്ടുപിണഞ്ഞുകിടന്നിരുന്നു. സെൽസസിന്റെ ചിന്താരീതിയെ രൂപപ്പെടുത്തിയത് എപ്പിക്യൂറസുന്റെ ആശയങ്ങളല്ല, തുറന്നമനസ്സുള്ള അക്കാലത്തെ പ്ലേറ്റോണിസമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ലോകജ്ഞാനത്തിന് പ്ലേറ്റോണിസത്തെ ഉൾക്കൊള്ളാനായെങ്കിലും അതിന്റെ ആഴമായ മതബോധം അദ്ദേഹത്തിന് അന്യമായി തുടർന്നു.


കാടൻ അന്ധവിശ്വാസമായി താൻ കണ്ട ക്രിസ്തുമതത്തെ വിമർശിക്കുന്ന സെൽസസ്, ലോകജ്ഞാനിയായ ഒരു മനുഷ്യന്റെ മട്ടിൽ, പരിഹാസവും സംശയഭാവവും പ്രകടിപ്പിക്കുന്നുണ്ട്. "ലോക സ്രഷ്ടാവിനെ കണ്ടെത്തുക ദുഷ്കരമാണെങ്കിൽ, കണ്ടെത്തിയ സ്രഷ്ടാവിനെ മറ്റുള്ളവർക്ക് ബോദ്ധ്യമാക്കിക്കൊടുക്കുക അസാദ്ധ്യമാണ്" എന്ന പ്ലേറ്റോയുടെ വാക്കുകൾ സെൽസസ് അംഗീകാരപൂർവം ആവർത്തിക്കുന്നുണ്ട്. തത്ത്വചിന്തക്ക് പരമാവധി കഴിയുന്നത് ദൈവത്തെക്കുറിച്ച് അവ്യക്തധാരണ നൽകാനാണ്. ക്രിസ്ത്യാനിയാകട്ടെ, ക്രിസ്തുവിൽ ദൈവത്തെ വേണ്ടുവോളം അറിയാനാകുമെന്നും ആ ദൈവം എല്ലാവർക്കും പ്രാപ്യനാണെന്നും പഠിപ്പിച്ചു. രൂക്ഷമായ മറ്റൊരു പ്രശ്നം ലോകത്തിൽ കാണുന്ന തിന്മയോടുള്ള സമീപനമാണ്. ഭൗതികലോകത്തിൽ തിന്മ നിത്യസാന്നിധ്യമായിരിക്കുമെന്ന് സെൽസസ് വിശ്വസിച്ചു. ശരീരങ്ങളുടെ ഉയിർപ്പിന്റെ സിദ്ധാന്തം പോലെ, അധസ്ഥിതരുടെ ഹീനാവസ്ഥക്ക് അന്ത്യമുണ്ടെന്ന് പഠിപ്പിച്ച സിദ്ധാന്തങ്ങളെ സെൽസസ് എതിർക്കാൻ കാരണമിതാണ്. സെൽസസിനെപ്പോലുള്ള പ്ലേറ്റോണിസ്റ്റുകളും, ജ്ഞാനവാദികളെപ്പോലെ ദ്വൈതവിശ്വാസികളായിരുന്നു.

സെൽസസിന്റെ കാലത്തെ സഭ[തിരുത്തുക]

സത്യവചനം പൗരാണികസാഹിത്യത്തെയോ, സഭയും ഭരണകൂടവുമായുള്ള ബന്ധത്തെയോ സ്വാധീനിച്ചില്ല. തെർത്തുല്യനിലും മിനൂസിയസ് ഫെലിക്സിലും മുഴക്കങ്ങൾ കേൾപ്പിച്ച ശേഷം ഒരിജൻ വീണ്ടും ജീവൻ കൊടുക്കുന്നതുവരെ അത് അറിയപ്പെടാതെയിരുന്നു. നവപ്ലേറ്റോണിസ്റ്റുകളിൽ പലരും സെൽസസിനെ ആശ്രയിച്ചിരിക്കാം. സത്യവചനത്തിലെ ആശയങ്ങൾ പോർഫിറിയിലും ജൂലിയനിലും കാണാം. എന്നാൽ, സെൽസസിനു ശേഷം കാനോനിക ബൈബിൾസംഹിത ഉറച്ചത്, പിൽക്കാലവിമർശകരുടെ സമീപനത്തെ മാറ്റിയിട്ടുണ്ട്.


കൂടുതൽ പ്രസക്തമായ ചോദ്യം രണ്ടാം നൂറ്റാണ്ടിനവസാനകാലത്തെ ക്രിസ്തുമതത്തിന്റെ ശക്തിയെക്കുറിച്ച് സെൽസസിന്റെ രചനയിൽ നിന്ന് എന്തുമനസ്സിലാക്കാം എന്നാതാണ്. ക്രിസ്തുമതം അതിനെ ആശ്രയിച്ചവർക്ക് നലകിയ ആത്മീയസാന്ത്വനത്തെ മനസ്സിലാക്കാൻ സെൽസസിന് കഴിയുമായിരുന്നില്ല എന്നു വാദിക്കാം. ക്രിസ്തുമതത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കാതെ പരസ്പരം പോരടിക്കുന്ന ജ്ഞാനവാദികളുടേതും മറ്റുമായ ഒട്ടനേകം മതപ്രസ്ഥാനങ്ങളിൽ ഒന്നുമാത്രമായി അതിനെ കണ്ട സെൽസസിന് അതിന്റെ ദൗർബല്യങ്ങൾ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു. എന്നാൽ ക്രിസ്തുമതസിദ്ധാന്തങ്ങളുടെ ശക്തി സെൽസസിന് ബോദ്ധ്യമായിരുന്നു എന്ന് അദ്ദേഹത്തിന്റെ രചന സൂക്ഷിച്ചു വായിക്കുന്നവർക്ക് തോന്നിക്കൂടായ്കയില്ല.[ഗ] ക്രിസ്തുമതത്തിന്റെ ധാർമ്മികപഠനങ്ങളെ വിമർശിക്കാൻ, അവ മൗലികമല്ല എന്ന വാദം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ദൈവവചനം ദൈവപുത്രനാണെന്ന ക്രിസ്തീയനിലപാടുമായി അദ്ദേഹം പൂർണ്ണ യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.


സത്യവചനത്തിന്റെ അവസാനം സെൽസസ് ക്രിസ്ത്യാനികളോട് നടത്തുന്ന അഭ്യർഥന ശ്രദ്ധേയമാണ്. "വരുക, മുഖ്യധാരയോടുചേരുക. ചക്രവർത്തിയുടെ പാർശ്വങ്ങളിൽ നിങ്ങളുടെ സ്ഥാനം കയ്യേൽക്കുക. നിങ്ങൾക്ക് മറ്റൊരു രാഷ്ട്രമോ ഉത്തരവാദിത്തമോ ഉണ്ടെന്ന് അവകാശപ്പെടാതിരിക്കുക. എല്ലാവരും നിങ്ങളെപ്പോലെ രാഷ്ട്രകാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നാൽ, ലോകം നിയമബോധമില്ലാത്ത കാടന്മാരുടെ പിടിയിൽ പെട്ടുപോകും(viii.68)" എന്ന ആ അഭ്യർഥന അനുരഞ്ജനത്തിനുള്ള ഒരു വിളിയായിരുന്നു. ക്രിസ്ത്യാനികൾ കാര്യപ്രാപ്തിയില്ലാത്തവരല്ല എന്ന് സമ്മതിക്കുന്ന സെൽസസ്, അവരോട്, സ്വന്തം വിശ്വാസങ്ങൾ വിടാതെയാണെങ്കിലും ദേശീയമതത്തൊട് ഒത്തുപോയി നല്ല പൗരന്മാരായിരിക്കാൻ ആവശ്യപ്പെടുന്നു. അപകടസന്ധിയിലായിരുന്ന സാമ്രാജ്യത്തിന്റെ പേരിൽ നടത്തിയ ഈ അഭ്യർഥന അതിന്റെ ആത്മാർഥതയും ഉദാരതയും കൊണ്ട് ശ്രദ്ധേയമായിരിക്കുന്നു. ക്രൈസ്തവസഭക്ക് അക്കാലത്തുണ്ടായിരുന്ന ശക്തിയെ അത് സൂചിപ്പിക്കുന്നുണ്ട്. എണ്ണത്തിൽ ഒരുപക്ഷേ ക്രിസ്ത്യാനികൾ സാമ്രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ പത്തുശമാനം വരുമായിരുന്നിരിക്കും. എന്നാൽ അവരുടെ സ്വാധീനം അംഗബലം നൽകുന്ന സുചനയെ അതിലംഘിക്കുന്നതായിരുന്നിരിക്കണം.

നുറുങ്ങുകൾ[തിരുത്തുക]

  • കോൺസ്റ്റന്റൈൻ ചക്രവർത്തി സെൽസസിനേക്കാൽ ബുദ്ധിമാനായിരുന്നെന്ന് വിൽ ഡുറാന്റ് നിരീക്ഷിക്കുന്നുണ്ട്. മൃതമായിക്കഴിഞ്ഞ ഒരു വിശ്വാസസംഹിതക്ക്, റോമിനെ രക്ഷപെടുത്താൻ കഴിയില്ലെന്ന് കോൺസ്റ്റന്റൈൻ മനസ്സിലാക്കി.[5]
  • രാഷ്ട്രത്തിനുവേണ്ടിയുള്ള സൈന്യസേവനത്തിൽ നിന്ന് ക്രിസ്ത്യാനികൾ ഒഴിഞ്ഞുനിൽക്കുന്നെവെന്നതായിരുന്നു സെൽസസിന്റെ ഒരു പരാതി. സൈന്യസേവനം വഴി സാമ്രാജ്യത്തെ സഹായിക്കുന്നില്ലെങ്കിലും ക്രിസ്ത്യാനികൾ സാമ്രാജ്യത്തിനുവേണ്ടി പ്രാർഥിക്കുന്നുണ്ടെന്നായിരുന്നു ഇതിന് ഒരിജൻ പറഞ്ഞ സമാധാനം.[5]

കുറിപ്പുകൾ[തിരുത്തുക]

ക.^ സമ്പത്തും വിദ്യാഭ്യാസവും ഇല്ലാത്തവർ മാത്രമായിരുന്നു അക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചിരുന്നതെന്ന സെൽസസിന്റെ വാദം വസ്തുതകൾക്ക് നിർക്കാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. റോമിലെ പ്രാമാണിക കുടുംബങ്ങളിൽ ചിലതിൽ നിന്നുള്ളവർ പോലും ആദ്യപരിവർത്തിതരിൽ പെട്ടിരുന്നു. ഡൊമിഷ്യൻ ചക്രവർത്തിയുടെ അടുത്ത ബന്ധുക്കളിൽ ഒരാൾ പോലും ക്രിസ്ത്യാനിയായിരുന്നു. ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും ദരിദ്രരും പാവങ്ങളും ആയിരുന്നുവെന്ന വിമർശനം ശരിയായിരിക്കണം. എന്നാൽ റോമാസാമ്രാജ്യത്തിലെ ഏതുജനസമൂഹത്തിന്റെ മാതൃകയെടുത്താലും ബഹുഭൂരിപക്ഷവും ദരിദ്രരായിരുന്നിരിക്കും. [6]"They were far from being the dregs of the people as Celsus would claim; they lived for the most part orderly and industrious lives, financed Missions, and raised funds for impoverished Christian communities." [5]


ഖ.^ "റോമൻ പട്ടാളക്കാരനേയും മേരിയേയും കഥാപാത്രങ്ങളാക്കി സെൽസസും മറ്റും പിൽക്കാലത്ത് പറഞ്ഞുനടന്ന കഥകൾ അസമർഥമായ കെട്ടുകഥകളാണെന്നാണ് പൊതുവേ പണ്ഡിതമതം". [5]


ഗ.^ Crude and Misinformed though many of the criticisms of Christianity were, here was an awareness that a force was entering the world which, if given free scope, would overturn the existing culture. [6]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Celsus the Platonist - കത്തോലിക്കാവിജ്ഞാനകോശം - http://www.newadvent.org/cathen/03490a.htm
  2. 2.0 2.1 2.2 Celsus - Jewish Encyclopedia - http://www.jewishencyclopedia.com/view.jsp?artid=290&letter=C
  3. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം, പുറം 327
  4. Vivian Green - A New History of Christianity, Christian Beginnings - പുറം 12
  5. 5.0 5.1 5.2 5.3 Story of Civilization-III(Ceasar & Christ) Will Durant
  6. 6.0 6.1 A History of Christianity, The Social Origins of Early Christians(പുറം 80) Kenneth Scott Latourette - Harper & Brothers Publishers, New York
"https://ml.wikipedia.org/w/index.php?title=സെൽസസ്&oldid=3648292" എന്ന താളിൽനിന്ന് ശേഖരിച്ചത്