ഉറക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കുട്ടി ഉറങ്ങുന്നു

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ്‌ ഉറക്കം എന്ന് പറയുന്നത്.[1] മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ജന്തുലോകത്തിലെ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ,മത്സ്യങ്ങൾ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളിൽ അവയുടെ നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്. ഇതിന്റെ ആവശ്യം അപൂർണ്ണമായി മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ . കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണ്‌. [2]

ഉറങ്ങുമ്പോൾ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, ശരീരഊഷ്മാവ്, രക്തസമ്മർദ്ദം എന്നിവ ഉണർന്നിരിക്കുന്ന സമയത്തതിനേക്കാൾ കുറവായിരിക്കും. ജീവി ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടുന്നു. ഉറങ്ങുമ്പോഴാണ് അത് കുറയുന്നത്[3]

ഉറക്കത്തിന്റെ പ്രക്രിയയെ പല സ്ഥലങ്ങളിൽ പല രീതിയിൽ ആണ് പറയുന്നത്. ധ്വനി മാറുന്ന രീതിയിൽ ആണ് അർത്ഥതലങ്ങൾ മാറുന്നത്. ഉറക്കത്തിനെ കിടുക്കുക്ക, കിടുക്ക എന്നീ രീതിയിലും പറയാറുണ്ട്.

ഉറക്കത്തിന്റെ രണ്ടു ദശകൾ[തിരുത്തുക]

ഉറക്കത്തോടു ചേർന്ന്‌ രണ്ടു തരം വൈദ്യുത പ്രവർത്തനങ്ങളാണ് മസ്‌തിഷ്‌കത്തിൽ നടക്കുന്നത്‌. അവ താഴെ പറയുന്നു

ഇവ രണ്ടും സാധാരണനിലയിൽ തൊണ്ണൂറു മുതൽ 110 വരെ മിനിറ്റിടവിട്ട്‌ മാറിമാറി വരുന്നു.[4]

ഇവയിൽ ദ്രുതദൃഷ്ടി ചലനദശയ്ക്ക്‌ അമിത പ്രാധാന്യമുണ്ട്‌. സ്വപ്നങ്ങളും അതിനൊപ്പമുള്ള ശാരീരികമാനസിക ചേഷ്ടകളും സംഭവിക്കുന്നത് ഈ ദശയിലാണ്. പുരുഷന്മാർക്കുണ്ടാകുന്ന നൈസർഗ്ഗിക ലൈംഗികോദ്ധാരണം ഈ ദശയുടെ ഒരു പ്രത്യേകതയാണ്.

എന്നാൽ ദൃഷ്ടീ ചലന വിഹീനദശ താരതമ്യേന ഗാഢനിദ്രയുടെ ഭാഗമാണ്. സ്വപ്നാടനം പോലുള്ള സങ്കീർണ്ണ പ്രവർത്തനങ്ങൾ ഈ ദശയിൽ ഉണ്ടാകും.

രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം. എഴുപതു വയസ്സുള്ള 15,000 സ്ത്രീകളിലാണ് അഞ്ചു വർഷത്തോളം നീണ്ട നിരീക്ഷണം നടത്തിയത്്. ഓർമയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകൾ എല്ലാവരിലും കൂടെക്കൂടെ നടത്തി. ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറിൽ താഴെയോ ഉറങ്ങുന്നവരേക്കാൾ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂർ ഉറങ്ങുന്നവരുടെ തലച്ചോറാണ്. ഉറക്കത്തിലെ കൃത്യതയില്ലായ്മ വാർധക്യത്തോടടുത്തവരിൽ അൽഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാർന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവർത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം.

ഉറക്കത്തിന്റെ ഉറവിടം[തിരുത്തുക]

ഉറക്കത്തിൽ നടക്കുന്ന സജീവ പ്രവർത്തനങ്ങൾ മസ്‌തിഷ്‌ക തണ്ടിലും “ഡയൽ കെ ഫലോൺ“എന്ന ഭാഗത്തുള്ള സിരാതന്തുക്കളിലുമാണ് കേന്ദ്രികരിച്ചിരിക്കുന്നത്‌. ഇ.ഇ.ജി ഇത്‌ തെളിയിക്കുന്നു.

നിദ്രയുടെ ദൈർഘ്യം[തിരുത്തുക]

വയസ്സ് ഒരു ദിവസം ഉറങ്ങേണ്ട ശരാശരി സമയം
ജനിച്ച ഉടനെയുള്ള കുട്ടികൾ 18 മണിക്കൂർ വരെ
1-12 മാസം വരെയുള്ള കുട്ടികൾ 14–18 മണിക്കൂർ
1-3 വർഷം വരെ 12-15 മണിക്കൂർ
3-5 വർഷം വരെ 11-13 മണിക്കൂർ
5-12 വരെയുള്ള കുട്ടികൾ 9-11 മണിക്കൂർ
കൗമാരപ്രായക്കാർ 8-9 മണിക്കൂർ
പ്രായപൂർത്തിയായവർ 7-8 (+)മണിക്കൂർ
ഗർഭിണികളായ സ്ത്രീകൾ 8 (+) മണിക്കൂർ


നിദ്രയിലെ അവസ്ഥാ വിശേഷങ്ങൾ[തിരുത്തുക]

സ്വപ്നാടനം, സ്വപ്നസംഭാഷണം, പേടിസ്വപ്നങ്ങൾ, നിദ്രാധിക്യം, നിദ്രാലസ്യം എന്നിവ ഈ അവസ്ഥകളില്പെടുത്താം.


സ്വപ്നാടനം[തിരുത്തുക]

മാംസപേശികളുടെയും കൈകാലുകളുടെയും സംഘടിത പ്രവർത്തനം നിയന്ത്രിക്കുന്ന ശിരോകേന്ദ്രങ്ങളും മാനസിക പ്രവർത്തനങ്ങളുടെയും ഉണർവിന്റേയും മസ്തിഷ്ക്ക കേന്ദ്രങ്ങളും, തമ്മിലുള്ള വിയോജിപ്പാണ് ഗാഡനിദ്രയിൽ നടക്കുന്ന സ്വപ്നാടനത്തിന് കാരണമായി പറയുന്നത്‌. സ്വപ്നാടനക്കാരിൽ ഭൂരിഭാഗവും കുട്ടികളാണെങ്കിലും, അപൂർവമായി മുതിർന്നവരിലും ഈ ശീലം കാണാറുണ്ട്‌. ദൃഷ്ടീചലന വിഹീനദശയെന്നു വിശേഷിപ്പിച്ച ഗാഡനിദ്രയിലാണ് ഈ പ്രക്രിയ നടക്കുന്നത്.

ഉറക്കമില്ലായ്‌മ-കാരണങ്ങൾ[തിരുത്തുക]

  • മാനസിക അസ്വാസ്ഥ്യങ്ങൾ--ഉൽക്കണ്ഠ, ലൈംഗികാവേശം, രോഗഭീതി, വിഷാദരോഗം.
  • പരിസരമായി ബന്ധപ്പെട്ടവ--ദീപ ശബ്ദ കലുഷിതമായ പരിസരങ്ങൾ, ആൾത്തിരക്ക്‌, അസുഖകരമായ കിടക്കയും കിടപ്പറയും.
  • അമിത സ്വപ്നവും പേടിസ്വപ്നങ്ങളും.
  • ഔഷധങ്ങൾ--പല ഔഷധങ്ങളും നിദ്രയെ സാരമായി ബാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്‌.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സർക്കേഡിയൻ റിഥം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-05.
  2. Bingham, Roger (2007). "Waking Up To Sleep". The Science Network. മൂലതാളിൽ (Several conference videos) നിന്നും 2012-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-25. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  3. പേജ് 21,All about human body- അഡോൺ പ്ബ്ലിഷിങ്ങ് ഗ്രൂപ്പ്
  4. Swierzewski, Stanley J., M.D. (01 December 2000, reviewed 04 December 2007). "Sleep Stages. Overview, Waking, Non-REM, REM, Sleep Cycle, Factors, Age". Sleep Channel, Healthcommunities.com. ശേഖരിച്ചത് 2008-02-10. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഉറക്കം&oldid=3784790" എന്ന താളിൽനിന്ന് ശേഖരിച്ചത്