ഈനാമ്പേച്ചി (ജനുസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈനാമ്പേച്ചി[1]
ഇൻഡ്യൻ ഈനാമ്പേച്ചി, മാനിസ് ക്രാസിക്കൗഡേറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
കശേരുകികൾ
Class:
സസ്തനികൾ
Infraclass:
യൂത്തീരിയ
Superorder:
ലൗറാസിയാത്തീരിയ
Order:
ഫിലോഡേറ്റ

Family:
മാനിഡേ

Genus:
മാനിസ്

നിലവിലുള്ള 8 ജാതികൾ

ഫിലിപ്പൈൻ ഈനാമ്പേച്ചി
ഭീമൻ ഈനാമ്പേച്ചി
മൈതാന ഈനാമ്പേച്ചി
മരംകേറി ഈനാമ്പേച്ചി
നീൾ‌വാലൻ ഈനാമ്പേച്ചി
ഇന്ത്യൻ ഈനാമ്പേച്ചി
ചീനൻ ഈനാമ്പേച്ചി
ജാവൻ ഈനാമ്പേച്ചി

ഫിലോഡേറ്റ ഗോത്രത്തിൽ പെട്ട ഒരു സസ്തനിയാണ്‌ ഈനാമ്പേച്ചി. ഉറുമ്പുതീനി, അളുങ്ക് എന്നീ പേരിലും അറിയപ്പെടുന്നു. ഈ ഗോത്രത്തിൽ മാനിഡേ എന്ന ഏക കുടുംബവും അതിൽ എട്ടു ജാതികളുള്ള മാനിസ് എന്ന ജനുസും മാത്രമാണ്‌ അവശേഷിച്ചിട്ടുള്ളത്. ഇവയ്ക്കുപുറമേയുള്ള ജാതികൾ അന്യംനിന്നുപോയി. അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് [2]. ഈനാമ്പേച്ചി ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിൻ എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. സസ്തനികൾക്കിടയിൽ ഈ അനുകൂലനം ഉള്ള ഏക ഗോത്രം ഈനാമ്പേച്ചികളുടേതാണ്‌.[3]ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്‌ ഇവ കാണപ്പെടുന്നത്. ഇവയുടെ ഇംഗ്ലീഷ് പേര്‌ "പാൻ‌ഗോളിൻ" എന്നാണ്‌. "ചുരുണ്ടുകൂടുന്നത്" എന്നർത്ഥമുള്ള 'പെങ്കുലിങ്ങ്' എന്ന മലയൻഭാഷാപദത്തിൽ നിന്നാണ്‌ ഈ പേരിന്റെ നിഷ്പത്തി. ഇന്ത്യൻ ഈനാമ്പേച്ചി (ശാസ്ത്രീയനാമം: Manis crassicaudata) ആണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നത്.


നിശാചാരികളായ ഈനാമ്പേച്ചികളെ അവയുടെ അതിതീക്ഷ്ണമായ ഘ്രാണശേഷി ഇരതേടാൻ സഹായിക്കുന്നു. നീളവാലൻ ഈനാമ്പേച്ചികൾ (long-tailed pangolin) പകലും സക്രിയരായിരിക്കാറുണ്ട്. എങ്കിലും പൊതുവേ ഇനാമ്പേച്ചികൾ പകൽ മുഴുവൻ പന്തുപോലെ ഉരുണ്ട് ഉറങ്ങി കഴിയുന്നു.[4]

ആന്റ് ഈറ്റർ, തേവാങ്ക് എന്നിവയോട് രൂപസാദൃശ്യം പുലർത്തുന്ന ആർമെഡില്ലോകൾക്കൊപ്പവും ഇവയെ മുൻ‌കാലങ്ങളിൽ വർഗ്ഗീകരിച്ചിരുന്നു. പക്ഷേ ജനിതകശാസ്ത്രം നൽകുന്ന പുതിയ തെളിവുകൾ,[5] ജീവിച്ചിരിക്കുന്ന ജന്തുക്കളിൽ ഇവയുടെ ഏറ്റവുമടുത്ത ബന്ധുക്കൾ മാംസഭോജികളാണെന്ന അനുമാനത്തിലേയ്ക്കു നയിക്കുന്നു.[6]അന്യംനിന്നുപോയ അനേകം വിഭാഗങ്ങൾ അടങ്ങുന്ന "സിമോലെസ്റ്റ" ജന്തുഗോത്രത്തിൽ പെടുന്നവയാണ്‌ ഇവയെന്ന് കരുതുന്ന ജീവാശ്മവിദഗ്ദ്ധന്മാരുമുണ്ട്.

രൂപം, സ്വഭാവം[തിരുത്തുക]

ഇന്തോനേഷ്യയിൽ ജാവാദ്വീപിലെ സുന്ദാ ഈനാമ്പേച്ചി, "മാനിസ് ജാവാനിക്ക"

വലിയ ഫലകങ്ങൾ പോലുള്ള ശൽക്കങ്ങളാണ്‌ ഈനാമ്പേച്ചിയുടെ ശരീരപ്രകൃതിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. കാഠിന്യമേറിയ കെരാറ്റിൻ എന്ന വസ്തു കൊണ്ടാണ്‌ ഈ ശൽകങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മനുഷ്യരുടേയും നാൽക്കാലികളുടേയും നഖങ്ങൾ നിർമ്മിച്ചിരിക്കുന്ന വസ്തു തന്നെയാണിത്. നവജാതമായ ഈനമ്പേച്ചികളിൽ മൃദുവായിരിക്കുന്ന ശൽക്കങ്ങൾ അവ വളരുന്നതോടെ കാഠിന്യം നേടുന്നു. ശത്രുഭീഷണി നേരിടുമ്പോൾ, തല വാലിനടിയിൽ ഒളിച്ച്, ശൽക്കങ്ങളെ പ്രതിരോധകവചമാക്കി പന്തുപോലെ ചുരുണ്ടുകൂടാൻ ഇവയ്ക്കാകുന്നു. കത്തിപോലെ നിശിതമായ ശൽക്കങ്ങൾ പ്രതിരോധത്തെ സഹായിക്കുന്നു. തേവാങ്കുകളെപ്പോലെ ഈനാമ്പേച്ചികൾക്കും ശരീരത്തിന്റെ പിൻ‌ഭാഗത്തെ ഗ്രന്ഥികളിൽ നിന്ന് രൂക്ഷഗന്ധമുള്ള ഒരുതരം ശ്രവം വമിപ്പിക്കാനാകും. ഇവയുടെ കാലുകൾ നീളം കുറഞ്ഞവയും കൂർത്ത നഖങ്ങൾ ഉള്ളവയുമാണ്‌. നഖങ്ങൾ ചിതലിന്റേയും ഉറുമ്പിന്റേയും പുറ്റുകൾ മാന്താനും പിടിച്ചുകയറാനും പ്രയോജനപ്പെടുന്നു. സഞ്ചരിക്കുമ്പോൾ, കൂർത്ത് ഏറെ നീളമുള്ള നഖങ്ങളെ സം‌രക്ഷിക്കാനായി മുൻ‌കാല്പത്തികൾ മടക്കി വച്ചിരിക്കും.

ജാതി അനുസരിച്ച് ഈനാമ്പേച്ചികൾക്ക് 30 സെന്റീമീറ്റർ തുടങ്ങി 100 സെന്റിമീറ്റർ വരെ (12 മുതൽ 39 വരെ ഇഞ്ച്) വലിപ്പമുണ്ടാകാം. പെൺ ഈനാമ്പേച്ചികൾക്ക് പൊതുവേ വലിപ്പം കുറവായിരിക്കും.

ഏറെ നീളത്തിൽ ഉദരാശയത്തോളം വരെ എത്തുന്ന നാവാണ്‌ ഇവക്കുള്ളത്. ഏകോന്മുഖ പരിണാമം (convergent evolution) മൂലം ഈനാമ്പേച്ചികൾക്കും ഭീമൻ ഉറുമ്പുതീനിക്കും കുഴൽച്ചുണ്ടൻ തേൻ വാവലിനും (tube-lipped nectar bat) കണ്ഠത്തിലെ ഹൈപ്പോയിഡ് അസ്ഥിയിൽ ഉറപ്പിച്ചിട്ടില്ലാത്ത നാവാണുള്ളത്. ഇവയുടെ നാവുകൾ, കണ്ഠകൂപത്തെ കടന്ന് ഔരസാശയത്തോളം എത്തിനിൽക്കുന്നു. [7] നാവിന്റെ ഈ നീൾച്ച നിലകൊള്ളുന്നത് നെഞ്ഞസ്ഥിക്കും(sternum) ശ്വാസനാളത്തിനും ഇടയിലാണ്‌. വലിയ ഈനാമ്പേച്ചികൾക്ക് അവയുടെ നാവ് 40 സെന്റിമീറ്റർ (16 ഇഞ്ച്) വരെ നീട്ടാനാകും. [4]

ആഹാരം[തിരുത്തുക]

ഒരീനാമ്പേച്ചിയുടെ ചിത്രം

ഈനാമ്പേച്ചികൾക്ക് പല്ല് ഇല്ലാത്തതിനാൽ ചവയ്ക്കാനാവില്ല. ചിതല്പുറ്റുകളേയും മറ്റും മുൻ‌കാലുകളിലെ കൂർത്ത നഖങ്ങൾ ഉപയോഗിച്ച് പൊളിച്ചതിനു ശേഷം നീണ്ട നാക്ക് അവയ്ക്കുള്ളിലേയ്ക്കു കടത്തിയാണ്‌ ഇവ ഇരതേടുന്നത്. ഉറുമ്പുകളെ നാവിൽ ഒട്ടിച്ചെടുക്കാൻ സഹായിക്കുന്നതരം ഉമിനീർ പുറപ്പെടുവിക്കുന്ന ഗ്രന്ഥികൾ അവയുടെ ഔരസാശയത്തിലുണ്ട്.

മരം‌കേറി ഈനാമ്പേച്ചിയെപ്പോലുള്ള ചില ജാതികൾ നീണ്ട വാലുപയോഗിച്ച് വൃക്ഷശാഖകളിൽ ചുറ്റിപ്പിടിച്ചു കിടന്ന് അവയുടെ തൊലിയ്ക്കുള്ളിൽ ഷഡ്പദങ്ങളെ കണ്ടെത്തി ആഹരിക്കുന്നു.

പ്രത്യുത്പാദനം[തിരുത്തുക]

ഈനാമ്പേച്ചികളുടെ ഗർഭകാലം 120 മുതൽ 150 വരെ ദിവസമാണ്‌. ആഫ്രിക്കൻ ഇനങ്ങളിൽ ഒരു പ്രസവത്തിൽ ഒരു കുഞ്ഞ് മാത്രം പിറക്കുന്നു. ഏഷ്യൻ ഇനങ്ങളിൽ ഒരു പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ വരെ കണ്ടേക്കാം.[4] പിറവിയിൽ കുഞ്ഞുങ്ങളുടെ തൂക്കം 80 മുതൽ 450 ഗ്രാം വരെ ഉണ്ടായിരിക്കും. തുടക്കത്തിൽ ശൽക്കങ്ങൾ മൃദുവായിരിക്കും. അമ്മമാരുടെ വാലിൽ പിടിച്ചിരുന്ന് കുഞ്ഞുങ്ങൾ അവരോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ തുരന്ന് മാളങ്ങൾ ഉണ്ടാക്കുന്ന ഇനങ്ങളിൽ കുഞ്ഞുങ്ങൾ ആദ്യത്തെ 2-4 ആഴ്ചക്കാലം മാളത്തിൽ കഴിയുന്നു. മൂന്നാം മാസത്തിലാണ്‌ മുലകുടി മാറുന്നത്. രണ്ടു വയസ്സാകുന്നതോടെ ഈനമ്പേച്ചികൾ ലൈംഗിക പക്വത പ്രാപിക്കുന്നു.[8]

അവലംബം[തിരുത്തുക]

  1. Schlitter, D.A. (2005). Wilson, D.E.; Reeder, D.M. (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. pp. 530–531. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. "Poaching threatens rare Asian anteaters". Retrieved 2014 ഫെബ്രുവരി 16. {{cite web}}: Check date values in: |accessdate= (help)
  3. The Encyclopedia of World Wildlife. Paragon Books. 2006. p. 63. {{cite book}}: Unknown parameter |writer= ignored (help)
  4. 4.0 4.1 4.2 Mondadori, Arnoldo Ed., ed. (1988). Great Book of the Animal Kingdom. New York: Arch Cape Press. p. 252.
  5. Murphy, Willian J.; et al. (2001-12-14). "Resolution of the Early Placental Mammal Radiation Using Bayesian Phylogenetics". Science. 294 (5550): 2348–2351. doi:10.1126/science.1067179. PMID 11743200. {{cite journal}}: Explicit use of et al. in: |author= (help)
  6. BioMed Central | Full text | A higher-level MRP supertree of placental mammals
  7. Chan, Lap-Ki (1995). "Extrinsic Lingual Musculature of Two Pangolins (Pholidota: Manidae)". Journal of Mammalogy. Journal of Mammalogy, Vol. 76, No. 2. 76 (2): 472–480. doi:10.2307/1382356.
  8. Dickman, Christopher R. (1984). Macdonald, D. (ed.). The Encyclopedia of Mammals. New York: Facts on File. pp. 780–781. ISBN 0-87196-871-1.
"https://ml.wikipedia.org/w/index.php?title=ഈനാമ്പേച്ചി_(ജനുസ്സ്)&oldid=3778334" എന്ന താളിൽനിന്ന് ശേഖരിച്ചത്