ഇൻക സാമ്രാജ്യം
Inca Empire Tawantinsuyu (Quechua) | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1438–1533 | |||||||||||||
The Inca Empire at its greatest extent | |||||||||||||
തലസ്ഥാനം | Cusco (1438–1533) | ||||||||||||
പൊതുവായ ഭാഷകൾ | Quechua (official), Aymara, Puquina, Jaqi family, Muchik and scores of smaller languages. | ||||||||||||
മതം | Inca religion | ||||||||||||
ഗവൺമെൻ്റ് | Divine, absolute monarchy | ||||||||||||
• 1438–1471 | Pachacuti | ||||||||||||
• 1471–1493 | Túpac Inca Yupanqui | ||||||||||||
• 1493–1527 | Huayna Capac | ||||||||||||
• 1527–1532 | Huáscar | ||||||||||||
• 1532–1533 | Atahualpa | ||||||||||||
ചരിത്ര യുഗം | Pre-Columbian era | ||||||||||||
• Pachacuti created the Tawantinsuyu | 1438 | ||||||||||||
1529–1532 | |||||||||||||
• Spanish conquest led by Francisco Pizarro | 1533 | ||||||||||||
• End of the last Inca resistance | 1572 | ||||||||||||
വിസ്തീർണ്ണം | |||||||||||||
1527 | 2,000,000 km2 (770,000 sq mi) | ||||||||||||
Population | |||||||||||||
• 1527 | 10000000 | ||||||||||||
| |||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Argentina Bolivia Chile Colombia Ecuador Peru |
ഇൻക സാമ്രാജ്യം കൊളമ്പിയൻ കാലഘട്ടത്തിനു മുമ്പുള്ള[2] അമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു. പതിനാറാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ആയിരുന്നുവെന്നു കരുതപ്പെടുന്നു.[3] ഇൻക സാമ്രാജ്യത്തിന്റെ ഭരണ, രാഷ്ട്രീയ, സൈനിക കേന്ദ്രങ്ങൾ ഇന്നത്തെ പെറുവിലെ കുസ്ക്കോയിലാണ് സ്ഥിതിചെയ്തിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെറുവിലെ മലനിരകളിൽനിന്ന് ഇൻക സംസ്കാരം ഉദിച്ചുയർന്നിരുന്നു. ഈ സാമ്രാജ്യത്തിൻറെ അവസാനത്തെ ശക്തികേന്ദ്രം 1572 ൽ സ്പാനിഷുകാർ കീഴടക്കി.
ചരിത്രം
[തിരുത്തുക]ക്വെചുവൻ വംശജരായിരുന്ന ഇങ്കാകൾ ആദിമകാലത്ത് അലഞ്ഞുനടക്കുന്ന പ്രകൃതക്കാരായിരുന്നു. പ്രാരംഭകാലത്ത് അവരുടെ നേതാവിനെയും കുടുംബത്തെയും ദ്യോതിപ്പിക്കാനാൻ ഉപയോഗിച്ചിരുന്ന ഇങ്കാ എന്ന സംജ്ഞയിൽ ക്രമേണ മുഴുവൻ ക്വെചുവഗോത്രവും അറിയപ്പെടാൻ തുടങ്ങി. ഗോത്രത്തിലെ പ്രധാന വ്യക്തികൾ ചേർന്നു തെരഞ്ഞെടുക്കുന്ന നേതാവ് ഭരണം നടത്തിപ്പോന്നു. രാജ്യവിസ്‌തൃതി വർധിച്ചതോടെ ഭരണാധിപന്മാരുടെ അന്തസ്സും ശക്തിയും കൂടുകയും അവർ ആരാധനാമൂർത്തികളായിത്തീരുകയും ചെയ്‌തു.
ഇങ്കാ രാജവംശത്തിന്റെ സ്ഥാപകൻ മാങ്കോ കപാക്ക് ആണെന്നാണ് ഐതിഹ്യം. എ.ഡി. 12-ാം ശ.-ത്തോടുകൂടി ഇങ്കാകൾ തങ്ങളുടെ സ്വാധീനം കൂസ്‌കോയ്‌ക്കു സമീപമുള്ള താഴ്‌വരകളിലേക്കും വ്യാപിപ്പിച്ചതായി ഊഹിക്കപ്പെടുന്നു. കപാക്കിനെത്തുടർന്നുവന്ന പല ഭരണാധിപന്മാരും തൊട്ടടുത്തുള്ള ആദിവാസികളെ കീഴടക്കി തങ്ങളുടെ സ്വാധീനമേഖല വിപുലീകരിക്കുകയുണ്ടായി. 14-ാം ശതകത്തോടുകൂടി കീഴടക്കപ്പെട്ട പ്രദേശങ്ങളെ മുഴുവൻ അവർ ഏകീകരിച്ചു സുദൃഢമാക്കി. യൂറോപ്യന്മാരുടെ ആഗമനകാലത്ത് (15-ാം ശ.) 'പുതിയലോക'ത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ഇങ്കാകളുടേതായിരുന്നു.
വടക്ക് മധ്യഇക്വഡോറിനും തെക്ക് മധ്യചിലിക്കുമിടയിലും, പടിഞ്ഞാറ് പസിഫിക് സമുദ്ര തീരം മുതൽ കിഴക്ക് ആൻഡീസ് പർവതസാനുക്കൾവരെയുമായിരുന്നു ഇങ്കാസാമ്രാജ്യത്തിന്റെ വ്യാപ്‌തി. രാജ്യത്തെ നാലു ഭരണവിഭാഗങ്ങളായി തിരിച്ചിരുന്നു: (1) ചിഞ്ചേ സൂയോ (2) കോളാ സൂയോ (3) ആന്തിസൂയോ (4) കൺടി സൂയോ. ഈ പ്രദേശങ്ങൾക്കു വെളിയിലും ഇങ്കാസ്വാധീനം വ്യാപിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്.
പിന്തുടർച്ചക്രമം.
[തിരുത്തുക]കാനേഷുമാരിക്കണക്കുകളുടെ അഭാവം മൂലം ഇങ്കാകളുടെ ജനസംഖ്യ കൃത്യമായി അറിയാൻ കഴിയുകയില്ല. പട്ടണങ്ങളുടെയും ദുർഗങ്ങളുടെയും അവശിഷ്‌ടങ്ങളിൽനിന്നു ലഭ്യമായ അറിവനുസരിച്ച്, ആൻഡീസ് താഴ്‌വരകളിലും സമുദ്രതീരത്തോടടുത്തുള്ള മരുപ്പച്ചകളിലും ജനസാന്ദ്രത ഏറിയിരുന്നതായി കണക്കാക്കാം. അക്കാലങ്ങളിൽ ഇവരുടെ ജനസംഖ്യ ഒരു കോടിയോളം വരുമായിരുന്നു എന്ന് ചില പണ്ഡിതന്മാർ കണക്കാക്കുന്നു. തലസ്ഥാനവും പ്രധാന നഗരവുമായിരുന്ന കൂസ്‌കോയിൽ ഏകദേശം 50,000 പേർ വസിച്ചിരുന്നു. 20-ലേറെ ചെറുനഗരങ്ങൾ ഇങ്കാ സാമ്രാജ്യത്തിലുണ്ടായിരുന്നു. ക്വെചുവൻ ആയിരുന്നു ഔദ്യോഗികഭാഷ. എന്നാൽ ജനങ്ങൾ പല ഭാഷാഭേദങ്ങളും സ്വീകരിച്ചുവന്നു. കീഴടക്കപ്പെട്ട അയമാരന്മാരുടെ ഭാഷപോലും ചിലർക്കു സ്വീകാര്യമായിരുന്നു. വർഗങ്ങളായി പിരിഞ്ഞ ക്വെചുവന്മാർ ഗ്രാമാധിവാസങ്ങൾക്കു രൂപം നല്‌കി. ഇവരുടെ ഗോത്രസമാജത്തിലേക്ക് വർഗങ്ങളിൽനിന്നും പ്രതിനിധികളെ തെരഞ്ഞെടുത്തയച്ചിരുന്നു. ഓരോ വർഗവും അമ്മവഴിയുള്ള പിന്തുടർച്ച ക്രമമാണ് അംഗീകരിച്ചിരുന്നത്; അതുപോലെ വർഗങ്ങൾക്കു വ്യത്യസ്‌തമായ അനുഷ്‌ഠാനങ്ങളും സാമൂഹിക കടമകളും ആദികാലത്തുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇങ്കാസാമ്രാജ്യത്തിന്റെ ഏകീകരണത്തിനുശേഷവും വർഗ്ഗാടിസ്ഥാനത്തിലുള്ള സഹകരണവും ധാരണയും തുടർന്നുപോന്നു. ഒരു പരിധിവരെ സ്വകാര്യസ്വത്തിനുള്ള അവകാശം നിലനിന്നിരുന്നു. കുലീന വർഗങ്ങളുടെയിടയിൽ പൈതൃകസ്വത്തിന് അവകാശമുണ്ടായിരുന്നു. പിതാവ്, പുത്രന്മാർക്കായി ജംഗമവസ്‌തുക്കൾ നീക്കിവച്ചുവന്നു. അനന്തരാവകാശികളുടെ അഭാവത്തിൽ സ്വത്ത് രാഷ്‌ട്രം ഏറ്റെടുക്കുകയായിരുന്നു പതിവ്. രാജവംശരും ചില പ്രത്യേകാവകാശമുള്ള വിഭാഗങ്ങളും ചേർന്ന ഒരു കുലീനവർഗം-ഒറിജോൺസ് (orejones)ഇവരുടെയിടയിലുണ്ടായിരുന്നു. സാമൂഹികഘടനയിൽ "പുതിയലോക'ത്ത് ഇങ്കാകളുടെ നേട്ടം പരിപൂർണമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
നിരവധിവർഗങ്ങൾ ചേർന്നതായിരുന്നു ഇങ്കാ സാമ്രാജ്യം; വർഗങ്ങളാകട്ടെ പല ഗോത്രങ്ങൾ ചേർന്നതും. ഓരോ ഗോത്രവും ഏതാണ്ടു നിശ്ചിതമായ ഒരതിർത്തിയും അതിൽ ചില പ്രത്യേകാവകാശങ്ങളും പുലർത്തിപ്പോന്നു. ചിലയിടത്ത് കീഴടക്കിയ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ച് ഇങ്കാകളുടെ നേതൃത്വത്തിൽ ഭരണം നടത്തിയിരുന്നു, ഒരു ഗോത്രത്തെ പുതിയതായി കീഴടക്കിക്കഴിഞ്ഞാൽ അവരുടെ ഭൂമിയെ മൂന്നായി വീതിക്കുന്നു; ഇവയിൽ ഒരു ഭാഗം പരാജിതർക്കും മറ്റൊരുഭാഗം ആരാധനാമൂർത്തിയായ സൂര്യനും, മൂന്നാമത്തേത് ഇങ്കാകൾക്കും അവകാശപ്പെട്ടതായി കരുതിപ്പോന്നിരുന്നു. രണ്ടും, മൂന്നും ഭാഗങ്ങളിൽനിന്നുള്ള വരുമാനം പുരോഹിതന്മാർക്കും ഭരണകൂടത്തിനുമുള്ളതായിരുന്നു. രാജ്യത്തെ ഭൂരിഭാഗം കന്നുകാലികളും ആട്ടിൻപറ്റവും മറ്റും ഇങ്കാകൾ, സൂര്യൻ, കുലീനർ എന്നിവരുടേതായി കണക്കാക്കിവന്നു.
സൂര്യാരാധന.
[തിരുത്തുക]പ്രകൃതിപ്രതിഭാസങ്ങളെയും പരേതരായവരെയും ഇവർ ആരാധിച്ചിരുന്നു. പ്രകൃത്യുപാസനയിൽത്തന്നെ ഭിന്നത ദൃശ്യമായിരുന്നു. തീരദേശവാസികൾ സമുദ്രത്തെയും ഗിരിവാസികൾ കരടി, സിംഹം എന്നീ മൃഗങ്ങളെയും, സമതലവാസികൾ മിന്നലിനെയും മഴവില്ലിനെയും ആരാധിച്ചുപോന്നു. ഇങ്കാകളുടെ ആക്രമണവും പുതിയ ഗോത്രങ്ങളുടെ കീഴടങ്ങലും വർധിച്ചതോടെ ദൈവങ്ങളുടെ എച്ചവും വർധിച്ചു; ഇതോടെ കീഴടക്കപ്പെട്ടവരുടെ ആരാധനാമൂർത്തികൾകൂടി ഇങ്കാദേവഗണത്തിലേക്കു പുതുതായി ചേർക്കപ്പെട്ടു. ഓരോ കുടുംബവും മൺമറഞ്ഞവരെ ആദരവോടെ കരുതിയിരുന്നു. അവരുടെ അസ്ഥികൾ ശവകൂടിരങ്ങളിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടുപോന്നു. വർഗങ്ങൾ അവരവരുടെ തലവന്മാരെയും വീരയോദ്ധാക്കളെയും പൂജിച്ചിരുന്നു. ഇങ്കാകൾ അവരുടെ രാജാക്കന്മാരെയും ആരാധിച്ചിരുന്നു. മരണാനന്തരം അവരുടെ "മമ്മി'കളെയും സർവോപരി ഇങ്കാകൾ സൂര്യാരാധനയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു; ഇതുതന്നെയായിരുന്നു രാജ്യത്തിന്റെ ഔദ്യോഗികമതവും. ഇങ്കാദൈവങ്ങൾ മൊത്തത്തിൽ ആദിത്യന്റെ സന്തതികളായി കരുതപ്പെട്ടിരുന്നു.
മങ്കോ കപാക്ക് തന്നെയായിരുന്നു സൂര്യാരാധനയുടെ പ്രാരംഭകൻ. താനും സഹോദരിയും സൂര്യസന്തതികളാണെന്ന് കപാക്ക് അവകാശപ്പെട്ടു. അപരിഷ്‌കൃതരായ ഇങ്കാകളെ ജീവിതത്തിനു സജ്ജരാക്കാൻ കപാക്കിനെ സൂര്യൻ നിയോഗിച്ചതാണത്ര. പ്രജകളെ പുത്രനിർവിശേഷം സ്‌നേഹിക്കുകയും പോറ്റുകയും ചെയ്യുമെങ്കിൽ, തന്റെ സ്‌നേഹവായ്‌പിന് അർഹനാകുമെന്നു സൂര്യൻ കപാക്കിനോടു പറഞ്ഞതായി ഇങ്കാകൾ വിശ്വസിച്ചു. "ഞാൻ ഈ ലോകത്തിനു മുഴുവൻ നന്മചെയ്യുന്നു; മനുഷ്യരാശിക്കുവേണ്ട പ്രകാശം നല്‌കുന്നു; തണുപ്പിൽനിന്നു രക്ഷനല്‌കുന്നു; വിളവുകൾ പാകമാക്കുന്നു; മഞ്ഞും നല്ല കാലാവസ്ഥയും നല്‌കുന്നു; ഈ വിശ്വംമുഴുവൻ ഞാൻ ദിവസവും പ്രദക്ഷിണം വയ്‌ക്കുന്നു; മനുഷ്യരുടെ ആവശ്യങ്ങൾ നേരിൽ കാണുകയും അത് അവർക്കു പ്രാപ്യമാക്കുകയും ചെയ്യുന്നു; എന്റെ മാർഗ്ഗം നിങ്ങളെപ്പോലെ സ്വന്തം സന്തതികളും പിന്തുടരുമെന്നു ഞാൻ കരുതുന്നു' സൂര്യൻ കപാക്കിനും സഹോദരിക്കും നല്‌കിയ നിർദ്ദേശമിതാണെന്ന് ഇങ്കാകൾ വിശ്വസിച്ചിരുന്നു.
സൂര്യാരാധന സാർവത്രികമാക്കാനും രാജാധികാരത്തിനു ദിവ്യത്വമേകാനും ഈ തന്ത്രം അത്യന്തം സഹായിച്ചിരിക്കണം. പില്‌ക്കാല ഇങ്കാജനത കപാക്കിനെ ഒരു അർധദൈവമായിട്ടുതന്നെയാണ് കരുതിയിരുന്നത്. സൂര്യതേജസ്സിന്റെ പ്രതീകമെന്നമട്ടിൽ തിളക്കമേറിയ ഒരു പടച്ചട്ട കപാക്ക് അണിഞ്ഞിരുന്നു. കൂസ്‌കോയിലെ സൂര്യക്ഷേത്രത്തിൽ ഇതേ ലക്ഷ്യത്തോടെ ഒരു സുവർണത്തളികയും പ്രതിഷ്‌ഠിച്ചിരുന്നു. കപാക്കിന്റെ പുത്രനായ സിഞ്ചിറോക്ക കൊറികാഞ്ചയിൽ ഒരു സൂര്യക്ഷേത്രം പണിയിച്ചിട്ടുള്ളതായി പരാമർശമുണ്ട്.
സുര്യാരാധന സുസ്ഥാപിതമായതിനുശേഷവും പ്രാകൃതദൈവങ്ങളിലുള്ള വിശ്വാസം ഇങ്കാകളുടെ ഇടയിൽ പൂർണമായി നശിച്ചിരുന്നില്ല; സൂര്യനു പുറമേ ചന്ദ്രൻ, നക്ഷത്രങ്ങൾ, ഇടിമിന്നൽ, സൃഷ്‌ടിദേവനായ വീരകോചൻ, വിശുദ്ധഗിരികൾ, ഗുഹകൾ എന്നിവയെല്ലാം ഇങ്കാകളുടെ ആരാധനയ്‌ക്കും ആദരവിനും പാത്രീഭവിച്ചിരുന്നു.
യുദ്ധാവേശം
[തിരുത്തുക]ഇങ്കാകളുടെ സൈനികഘടന കെട്ടുറപ്പുള്ളതായിരുന്നു. യുദ്ധവും സൈനികശക്തിയും ഇങ്കാസാമ്രാജ്യത്തിന്റെ അടിസ്ഥാനശിലകളാണ്. യുദ്ധകുതുകികളും അതോടൊപ്പംതന്നെ കാർഷികവൃത്തിയിൽ പ്രിയമുള്ളവരുമായിരുന്ന ഇങ്കാകൾ ആക്രമണാനന്തരം ഉടനെ ചെയ്‌തിരുന്ന പ്രവൃത്തി പരാജിതരുടെ ഭൂമിയിൽ കൃഷിയിറക്കുക എന്നതായിരുന്നു. സാധാരണ പടയാളികളെ കർഷകരുടെ ഇടയിൽനിന്നാണ് തിരഞ്ഞെടുത്തിരുന്നത്. കുറഞ്ഞൊരു കാലത്തേക്ക് ഇവർക്ക് ആയുധപരിശീലനം നല്‌കുകയും അതിനുശേഷം അതേ സ്ഥാനത്തേക്കു പുതിയ ആളുകളെ നിയോഗിക്കുകയും ചെയ്‌തുപോന്നു. യുദ്ധം ഏറ്റവും അപരിഷ്‌കൃതമായ രീതിയിലായിരുന്നു. വിജയാനന്തരം ലഹരിയിൽ മുഴുകിയിരുന്ന ഇങ്കാകൾക്കു വേണ്ടുന്ന സാധനസാമഗ്രികൾ നല്‌കുവാൻ പരാജിതർ നിർബന്ധിതരായിരുന്നു. കോട്ടകൊത്തളങ്ങൾ കെട്ടുവാനും ഇവരെ ഉപയോഗിച്ചിരുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിർമ്മിക്കപ്പെട്ട ഇത്തരം കോട്ടകൾ ഇങ്കാ സമ്രാജ്യത്തിന്റെ യഥാർഥ ശക്തിദുർഗങ്ങൾ തന്നെയായിരുന്നു, പ്രത്യേക കോണങ്ങളോടും മൂലകളോടുംകൂടി നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ടകളുടെ പാർശ്വങ്ങളിലൂടെ ആക്രമണകാരികൾക്കെതിരെ തീവമിപ്പിക്കുവാൻ ചില സംവിധാനങ്ങളുണ്ടായിരുന്നു. വളരെ ഭാരംവരുന്ന ഒറ്റക്കല്ലുകൾതന്നെ കോട്ടകളുടെ നിർമിതിക്കായി ഉപയോഗിച്ചിരുന്നു.
ഗ്രീക്കുകാരെപ്പോലെ ഇങ്കാകളും കൈയടക്കിയ പ്രദേശങ്ങളിൽ സൈനികാധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കുക പതിവായിരുന്നു; ഇവയെ "മിതിമേയികൾ' എന്നാണു പറഞ്ഞിരുന്നത്. മിതിമേയികുടിയേറ്റക്കാർ ഏതദ്ദേശീയരുടെ ഭാഷ പഠിക്കുവാൻ ബാധ്യസ്ഥരായിരുന്നു; എന്നാൽ സ്വന്തം ഭാഷയെ അവഗണിക്കുവാൻ അവരെ അനുവദിച്ചിരുന്നില്ല. ഈ നയം മിതിമേയികൾ ഇങ്കാ സാമ്രാജ്യത്തോടു കൂറു പുലർത്തുന്നതിനും അതോടൊപ്പം പരാജിതവിഭാഗവുമായി അടുത്തിടപഴകി അവരുടെ വിശ്വാസമാർജിക്കുന്നതിനും സഹായകമായി. ഇവർ പൊലീസിന്റെയും ചാരന്മാരുടെയും സേവനമനുഷ്‌ഠിച്ചുപോന്നു. നിഷ്‌കൃഷ്‌ഠമായ ഒരു പ്രത്യേകവേഷം ഇവർക്കായി നിശ്ചയിച്ചിരുന്നു. അനുവാദംകൂടാതെ നാട്ടിലേക്കു മടങ്ങാനോ പാർപ്പിടം മാറ്റുവാനോ ഇവർക്കധികാരമുണ്ടായിരുന്നില്ല.
ഗതാഗതസൗകര്യം.
[തിരുത്തുക]ഇങ്കാ സാമ്രാജ്യത്തിന്റെ ഏകീകരണത്തിൽ നിരത്തുകൾ സുപ്രധാനപങ്കു വഹിച്ചിരുന്നു. റോഡുകളുടെ നിർമ്മാണം, സംരക്ഷണം എന്നിവയ്‌ക്കും പരാജിതജനവിഭാഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി. തലസ്ഥാനമായ കൂസ്‌കോയിൽനിന്ന് നാനാദിക്കുകളിലേക്കും റോഡുകൾ വെട്ടിയിരുന്നു. പ്രധാന റോഡുകൾ ഇടറോഡുകൾമൂലം പരസ്‌പരം ബന്ധിക്കപ്പെട്ടുമിരുന്നു. ദുരാരോഹമായ പാറക്കെട്ടുകളിൽകൂടിപ്പോലും അവർ റോഡുവെട്ടിയിരുന്നതായി പറയപ്പെടുന്നു. റോഡരികിൽ ചില പ്രത്യേകകേന്ദ്രങ്ങളിലായി സത്രങ്ങളും വെടിക്കോപ്പുസംഭരണശാലകളും നിർമിച്ചിരുന്നു. ഈ വീഥികൾ പ്രധാനമായും രാജദൂതന്മാർക്കു വേണ്ടിയുള്ളവയായിരുന്നു.
വാസ്‌തുശില്‌പം. വികാസം പ്രാപിച്ച വാസ്‌തുവിദ്യ ഇങ്കാകൾക്ക് വശമായിരുന്നു. വാസഗൃഹനിർമ്മാണത്തിന് സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത അഡോബ് എന്ന കളിമൺകട്ടകൾ തീരപ്രദേശങ്ങളിലും കല്ലുകൾ ഉന്നതപ്രദേശങ്ങളിലും ഇവർ ഉപയോഗിച്ചിരുന്നു. എന്നാൽ കൊട്ടാരങ്ങൾ, ദേവാലയങ്ങൾ, കോട്ടകൊത്തളങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ടൺകണക്കിനു ഭാരമുള്ള കൂറ്റൻകല്ലുകളാണ് ഉപയോഗിച്ചിരുന്നത്. കുമ്മായമോ, സിമന്റോ കൂടാതെ കല്ലുകളെ അവയുടെ വശങ്ങളുടെ സ്വഭാവമനുസരിച്ച് അടുക്കിച്ചേർത്താണ് ഭിത്തികൾ കെട്ടിപ്പടുത്തിരുന്നത്. നൂറ്റാണ്ടുകൾക്കുശേഷവും ഈ കല്ലുകളുടെ അടുക്കുകൾക്കിടയിലേക്ക് നേർത്ത ഒരു കത്തിപോലും കടത്താൻ സാധിക്കാത്തവിധം അസാമാന്യമായ വൈദഗ്‌ധ്യം കെട്ടിടനിർമ്മാണത്തിൽ ഇവർ പ്രകടിപ്പിച്ചിരുന്നു. കമാനാകൃതിയിലും അർധകമാനാകൃതിയിലുമുള്ള കെട്ടിടങ്ങളും ഇവർ നിർമിച്ചിരുന്നുവെങ്കിലും സമചതുരാകൃതിയിലുള്ള കെട്ടിടങ്ങളായിരുന്നു അധികവും. പശ്ചാത്തലത്തിന് അനുയോജ്യമായ നിർമ്മാണശൈലിയാണ് ഇവർ പൊതുവേ സ്വീകരിച്ചിരുന്നത്. ഭിത്തിയും വാതായനങ്ങളുമെല്ലാം മുകളിലേക്കു കൂമ്പിയ മട്ടിലായിരുന്നു കെട്ടിടങ്ങളിൽ പണിതിരുന്നത്. ഓരോ ഭരണാധികാരിക്കുവേണ്ടിയും ഓരോ പുതിയ മന്ദിരം പ്രത്യേകം നിർമ്മിക്കുന്നതിൽ അതീവ തത്‌പരരായിരുന്ന ഇങ്കാകൾ എഞ്ചിനീയറിങ്ങിന്റെ മറ്റു പല മേഖലകളിലും തങ്ങളുടെ പ്രാവീണ്യം പ്രകടമാക്കിയിരുന്നു. കൃഷിക്കായി തോടുകളും കുളങ്ങളും ഇവർ വെട്ടിയുണ്ടാക്കി. റോഡുകളിൽ പാലങ്ങൾ നിർമ്മിക്കുന്നതിലും സവിശേഷമായ വൈദഗ്‌ധ്യം അവർ പ്രദർശിപ്പിച്ചു.
സാക്‌സാഹുവാമാൻ, ഒല്ലൻതായ്‌തമ്പോ, മാച്ചുപിക്‌ചു എന്നിവിടങ്ങളിൽനിന്നും കണ്ടെടുത്തിട്ടുള്ള ഭീമാകാരങ്ങളായ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളിൽനിന്നും എഞ്ചിനീയറിങ്ങിലും ഗൃഹനിർമ്മാണത്തിലും വിവിധ കരകൗശലങ്ങളിലും ഇവർക്കുണ്ടായിരുന്ന അന്യാദൃശമായ കഴിവുകളെക്കുറിച്ചു മനസ്സിലാക്കാവുന്നതാണ്. സ്‌പാനിഷ് ആക്രമണകാരികൾ ഇവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്‌തതായി പരാമർശമുണ്ട്.
കരകൗശലം.
[തിരുത്തുക]കളിമൺ ഉപയോഗിച്ചുള്ള പാത്രനിർമ്മാണത്തിലും പ്രതിമാനിർമ്മാണത്തിലും ഇവർ വിദഗ്‌ധരായിരുന്നു. മാച്ചുപിക്‌ചുവിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള മൺപാത്രങ്ങൾക്ക് ഗ്രീക്ക് പാത്രങ്ങളോട് സാദൃശ്യമുണ്ട്. മഴു, പിച്ചാത്തി, കച്ചാടി, ചവണ, സൂചി, കരണ്ടി, വള, മണി, ചിലങ്ക തുടങ്ങിയ ഉപകരണങ്ങളും അലങ്കാരവസ്‌തുക്കളും ഇവർ പിത്തളയിൽ നിർമിച്ചിരുന്നു. കൊട്ടാരങ്ങൾ ദേവാലയങ്ങൾ എന്നിവയുടെ പ്രധാനമുറികളിൽ പലതരം രൂപങ്ങളും അനുഷ്‌ഠാനങ്ങളുടെ രൂപമാതൃകകളും ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള സ്വർണത്തകിടുകൾ ഇവർ പതിച്ചിരുന്നു. മരങ്ങൾ, ചെടികൾ, പക്ഷികൾ എന്നിവയുടെ രൂപമാതൃകകൾ സ്വർണത്തിലോ വെള്ളിയിലോ ഉണ്ടാക്കി ഉദ്യാനങ്ങൾ അലങ്കരിക്കുന്നതിൽ ഇവർ തത്‌പരരായിരുന്നു. സ്വർണപ്പണിയിൽ വിദഗ്‌ധരായിരുന്ന ഇങ്കാകൾ നിർമിച്ച പുഷ്‌പചഷകങ്ങളും ആഭരണങ്ങളും പ്രതിമകളും മറ്റും സ്‌പെയിൻകാർ ഇവരിൽനിന്ന് ധാരാളമായി പിടിച്ചെടുത്തു. അതിൽ അപൂർവം ചിലതുമാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
അതിലോലമായ സൂക്ഷ്‌മോപകരണങ്ങളുണ്ടാക്കുവാൻ പറ്റിയ ഒരു ലോഹമിശ്രിതത്തിന്റെ നിർമ്മാണരീതികൾ അവർക്കറിയാമായിരുന്നു. തലയോട്ടി തുറന്നുള്ള ശസ്‌ത്രക്രിയയ്‌ക്കുവരെ ഉപയോഗിച്ചിരുന്ന ശസ്‌ത്രക്രിയോപകരണങ്ങൾ ഇവർ നിർമിച്ചിരുന്നു. വർണഭംഗിയുള്ള അങ്കികളും മറ്റു വസ്‌ത്രങ്ങളും നെയ്യുന്നതിൽ ഇങ്കാവനിതകൾ വിദഗ്‌ധകളായിരുന്നു. ലോഹപ്പണി, മൺപാത്രങ്ങളുടെയും ആടയാഭരണങ്ങളുടെയും നിർമ്മാണം തുടങ്ങിയവയിൽ ഇങ്കാകൾ പ്രദർശിപ്പിച്ച സാമർഥ്യം അവരുടെ സൗന്ദര്യബോധത്തിന്റെയും കലാവൈദഗ്‌ധ്യത്തിന്റെയും നിദർശനങ്ങളാണ്.
സുകുമാരകലകൾ.
[തിരുത്തുക]പരമ്പരാഗതമായ നൃത്തസംഗീതാദികളിലുള്ള നൈപുണ്യവും ഇങ്കാകൾ നിലനിർത്തിപ്പോന്നു. സ്വകാര്യവിനോദങ്ങൾക്കും മതസംബന്ധിയായ ആഘോഷവേളകൾക്കും നൃത്തപരിപാടികൾ സാധാരണമായിരുന്നു. പോർക്കളത്തിൽവച്ചും പടയാളികൾ ഉത്സാഹപ്രകടനാർഥം നൃത്തമാടിയിരുന്നു, ക്രുദ്ധരായ ഭരണത്തലവരെ സാന്ത്വനപ്പെടുത്തുവാനും ഇവർ നൃത്തം ഒരുപാധിയാക്കിയിരുന്നു. ഇത്തരം നൃത്തപ്രകടനങ്ങളിൽ ദേശീയജീവിതത്തിന്റെ ഭിന്നരൂപങ്ങൾ പ്രതിഫലിച്ചിരുന്നു. നൃത്തസംഗീതവേളകളിൽ ഗായകർ പ്രണയഗാനങ്ങളും സമരഗാനങ്ങളും ആലപിച്ചിരുന്നു. ഒരു ഇങ്കായെ ശ്‌ളാഘിച്ചുകൊണ്ടുള്ള വീരഗാഥ ക്വെചുവൻ ഭാഷയിൽനിന്നും സ്‌പാനിഷിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്.
ലേഖനവിദ്യ.
[തിരുത്തുക]ഇങ്കാകൾ സ്വന്തമായ ഒരു അക്ഷരമാലയ്‌ക്കോ ചിത്രലിപിക്കോ രൂപം നല്‌കിയിട്ടില്ല എന്നാണ് ഗവേഷകരുടെ അഭിപ്രായം. സ്‌പാനിഷ് കുടിയേറ്റക്കാലത്ത് ആശയവിനിമയത്തിനും ആലേഖനത്തിനുമായി "ഖ്യുപു' എന്ന സാങ്കേതികമാർഗ്ഗമാണ് ഇങ്കാകൾ ഉപയോഗിച്ചിരുന്നത്. പല നീളത്തിൽ, നിരവധി കെട്ടുകളുള്ള വർണനൂലുകളെ ഒരു പ്രത്യേക രീതിയിൽ സംവിധാനപ്പെടുത്തിയാണ് ഖ്യുപുകൾ ഉണ്ടാക്കിയിരുന്നത്. ഖ്യുപുകൾ മുഴുവൻ സ്‌പാനിഷ് ആക്രമണകാരികൾ നശിപ്പിച്ചുകളഞ്ഞു.
ഭൂവുടമയും കൃഷിയും.
[തിരുത്തുക]ഭൂമിയുടെ ഉടമസ്ഥത വ്യക്തികൾക്കായിരുന്നില്ല, കുടുംബത്തിനായിരുന്നു. കുടുംബത്തിലെ അംഗസംഖ്യയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഭൂമി വിഭജിച്ചു നല്‌കിയിരുന്നു. സ്വന്തം ഭൂമിയിലെ കൃഷിക്കുപുറമേ, മതസ്ഥാപനങ്ങളുടെയും അശക്തരുടെയും കൃഷിഭൂമിയിലെ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ മറ്റുള്ളവർ ബാധ്യസ്ഥരായിരുന്നു. മച്ചിന്റെ ഗുണവും മേന്മയും ഇവർ പരമാവധി ചൂഷണം ചെയ്‌തു. അനുകൂലകാലാവസ്ഥയും വളപുഷ്‌ടിയുമുള്ള പ്രദേശത്ത് അവർ കടുംകൃഷി ചെയ്‌തിരുന്നു. ചോളം, ഉരുളക്കിഴങ്ങ്, കുരുമുളക്, തക്കാളി, നിലക്കടല, അമര, മത്തൻ, മരച്ചീനി, പരുത്തി, കൊക്കോ, പഴവർഗങ്ങൾ എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ. മത്സ്യവും, ചെമ്മരിയാട്, ലാമ, ഗിനിപ്പന്നി, മാൻ എന്നിവയുടെ മാംസവും ഇവരുടെ പ്രധാനഭക്ഷണമായിരുന്നു.
മരാമത്തുജോലികൾക്കും, ഖനിപ്രവൃത്തികൾക്കുംവേണ്ടി ഇങ്കാകൾ തങ്ങളുടെ പ്രയത്‌നശക്തി വിനിയോഗിച്ചു; കൂടാതെ പട്ടാളക്കാരായും രാജദൂതന്മാരായും സേവനമനുഷ്‌ഠിക്കുവാൻ സാധാരണക്കാർ ബാധ്യസ്ഥരായിരുന്നു. എല്ലാ ജോലികളും ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിലാണ് നടത്തിയിരുന്നത്; എന്നാൽ തൊഴിലാളികൾക്ക് അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്തുകൊണ്ടുള്ള ജോലി മാത്രമേ നല്‌കിയിരുന്നുള്ളൂ.
രാഷ്‌ട്രത്തിനും ദേവാലയത്തിനും നല്‌കേണ്ടിയിരുന്ന ഉത്‌പന്നവിഹിതങ്ങൾ തലസ്ഥാനമായ കൂസ്‌കോയിലേക്കു നേരിട്ടെത്തിച്ചതിനുശേഷം ബാക്കിയുള്ളവ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള സംഭരണശാലകളിലേക്കു നീക്കംചെയ്യുക പതിവായിരുന്നു. ഇവിടെനിന്നാണ് വിവിധാവശ്യങ്ങൾക്കും പല കേന്ദ്രങ്ങൾക്കുമായി വിതരണം നടത്തിയിരുന്നത്. രാജകുടുംബാംഗങ്ങളും അപൂർവം ചില കുലീനരുമൊഴികെ മറ്റാരുംതന്നെ അമിതമായ സുഖഭോഗങ്ങളിൽ മുഴുകിയല്ല ജീവിച്ചിരുന്നത്. സാധാരണക്കാർ വെറും കൂരകളിലാണു പാർത്തിരുന്നത്. ചുടുകട്ടയും തടിയും ചിലപ്പോൾ കരിങ്കല്ലും ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചിരുന്നത്.
ആരാധനാമൂർത്തിയായ സൂര്യദേവനെ ഉദ്ദേശിച്ചുള്ള ആർഭാടപൂർവമായ ഉത്സവാഘോഷങ്ങളോടെ ഇങ്കാവർഷം ആരംഭിക്കുന്നു. അയനകാലവും സമരാത്രദിനങ്ങളും കണക്കാക്കുവാൻ ഇങ്കാകൾ അവരുടേതായ ഒരു മാർഗ്ഗം ആസൂത്രണം ചെയ്‌തു. കൂസ്‌കോകുന്നിന്റെ പൂർവപാർശ്വത്തിൽ ചതുഷ്‌ക്കോണാകൃതിയുള്ള എട്ടു സൗധങ്ങൾ അവർ നിർമിച്ചു. സൂര്യരശ്‌മികൾ ഈ സൗധശ്യംഗങ്ങൾക്കിടയിൽകൂടി കടന്നുപോകുന്ന രീതി വീക്ഷിക്കുവാനും അതിൽനിന്നു വേനലിന്റെയും വർഷത്തിന്റെയും ഗതിവിഗതികൾ നിരീക്ഷിക്കുവാനും ഇങ്കാ പുരോഹിതന്മാർക്കു കഴിഞ്ഞിരുന്നതായി വിശ്വസിക്കപ്പെടുന്നു.
വേഷവിധാനങ്ങൾ.
[തിരുത്തുക]അയഞ്ഞതും കൈയില്ലാത്തതുമായ മുട്ടോളമെത്തുന്ന കുപ്പായമാണ് ഇങ്കാകൾ ധരിച്ചിരുന്നത്. സമചതുരാകൃതിയുള്ള കുറിയമുണ്ട് മാറിൽ കെട്ടിയിടുകപതിവായിരുന്നു. നാരോ തുകലോ ഉപയോഗിച്ചുള്ള പാപ്പാസുകളും ഇവർ നിർമിച്ചിരുന്നു. മാങ്കോ കപാക്കിന്റെ പത്‌നിയും സഹോദരിയുമായ മാമാ ഒക്‌ളോ ആയിരുന്നു ഇങ്കാസ്‌ത്രീകളെ വസ്‌ത്രം നെയ്യാനും പാപ്പാസുണ്ടാക്കാനും അഭ്യസിപ്പിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. ലളിതമായ ഈ വേഷം പില്‌ക്കാലത്തു പരിഷ്‌കരിക്കപ്പെട്ടു. മേൽത്തരം നാരുപയോഗിച്ചു കമനീയമായ വസ്‌ത്രങ്ങൾ അവർ നെയ്‌തുണ്ടാക്കി. കുലീനരും രാജകുമാരിമാരും മോടിയായി വസ്‌ത്രധാരണം ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു; രാജകുടുംബാംഗങ്ങൾ വിലകൂടിയ കർണാഭരണങ്ങൾ അണിഞ്ഞിരുന്നതായും തെളിവുകളുണ്ട്.
രാജഭക്തി.
[തിരുത്തുക]ജനങ്ങളുടെമേൽ പൂർണനിയന്ത്രണവും അവരിൽ ശിക്ഷണബോധവും ഏർപ്പെടുത്തുവാൻ ഇങ്കാഭരണാധികാരികൾക്കു കഴിഞ്ഞിരുന്നു; എന്നാൽ സദ്‌ഭരണത്തെ ലക്ഷ്യമാക്കിയുള്ള പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും അവർ വിസ്‌മരിച്ചിരുന്നില്ല. സൂര്യവംശജരെന്ന അവകാശവാദം ഭരണാധിപന്മാരുടെ മഹത്ത്വത്തിന്റെ മാറ്റു കൂട്ടുവാൻ അത്യന്തം സഹായിച്ചു. സൂര്യനുമായി തങ്ങൾക്കു നിരന്തരസമ്പർക്കമുണ്ടെന്നുപോലും ഇങ്കാകൾ വിശ്വസിച്ചിരുന്നു. രാജഭക്തിയെ ത്വരിപ്പിക്കാനുതകുന്ന തരത്തിലുള്ള പല നിയമങ്ങളും അനുഷ്‌ഠാനങ്ങളും നിലവിലിരുന്നു. അവ പ്രാവർത്തികമാക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
രാജാക്കന്മാരിലുള്ള ദേവത്വാരോപണം ഇങ്കാ സാമ്രാജ്യ രൂപവത്‌കരണത്തിന്റെ താങ്ങും തണലുമായി ഭവിച്ചു. അഗണ്യരായി കഴിഞ്ഞിരുന്ന ഇങ്കാകളെ 1440-ൽ ചങ്കാഗോത്രക്കാർ ആക്രമിച്ചതോടെയാണ് അവരുടെ വീറും വീര്യവും പുറത്തായത്. ഇങ്കാകൾ തോല്‌പിക്കപ്പെട്ടെങ്കിലും വളരെവേഗംതന്നെ അവർ പടവെട്ടി വിജയം പുനഃസ്ഥാപിക്കുകയുണ്ടായി. ഈ വിജയം സാമ്രാജ്യസൃഷ്‌ടിയുടെ സാഹസികമേഖലയിലേക്കു അവരെ നയിച്ചു. ആക്രമണത്തിൽ അനുപമമായ സാമർഥ്യവും രാജ്യഭരണത്തിൽ അസാധാരണമായ കർമവൈഭവവും ഉള്ളവരായിരുന്നു ഇങ്കാഭരണാധിപന്മാർ. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇങ്കാകൾ ആവുന്നത്ര ശ്രമിച്ചിരുന്നു. അനുനയങ്ങൾ കൊണ്ടും പ്രലോഭനങ്ങൾകൊണ്ടും കീഴടക്കാൻ കഴിയുന്ന ഗോത്രങ്ങളുടെമേൽ ശക്തിയുടെയും യുദ്ധത്തിന്റെയും ഉരുക്കുമുഷ്‌ടികൾ ഇവർ പ്രയോഗിച്ചിരുന്നില്ല; എന്നാൽ മാരകമായ പ്രഹരമേല്‌പിക്കുവാൻ പോന്നവിധം സുശക്തവും സുസംഘടിതവുമായിരുന്നു ഇങ്കാസേന.
ഭരണകൂടം.
[തിരുത്തുക]രാജ്യത്തിലെ പ്രധാന ഔദ്യോഗികപദവികളെല്ലാം രാജകുടുംബാംഗങ്ങൾ തന്നെയാണ് വഹിച്ചിരുന്നത്; കുലീനരുടെ പദവി ഇവർക്കു താഴെയായിരുന്നു. സമസ്‌തസൗഭാഗ്യങ്ങളുടെയും പ്രത്യേകാവകാശങ്ങളുടെയും ഉടമകളായിരുന്നു ഇങ്കാഭരണാധിപന്മാർ. കീഴടക്കപ്പെട്ട ഗോത്രത്തലവന്മാരെയും ക്രമേണ ഈ വിശേഷാധികാര പദവി നല്‌കി ഇവർ ബഹുമാനിച്ചുപോന്നു. അവരുടെ പുത്രന്മാർക്ക് കൂസ്‌കോയിൽ വിദ്യാഭ്യാസസൗകര്യമേർപ്പെടുത്തുകയും അവരെ കൊട്ടാരത്തിലെ മതാനുഷ്‌ഠാനങ്ങൾക്കായി നിയോഗിക്കുകയും ചെയ്‌തു. നഷ്‌ടപ്പെട്ട ശക്തിക്കും സ്വാതന്ത്യ്രത്തിനും പരിഹാരമായി ഇങ്കാസാമ്രാജ്യത്തിലെ ഉന്നതമായ പദവികൾ ഇവർക്കു നല്‌കപ്പെട്ടു. വർഗപരമായ വ്യക്തിത്വം നിലനിർത്തുന്നതിലും അവർക്കു സ്വാതന്ത്യ്രമുണ്ടായിരുന്നു. അന്തസ്സും വൈശിഷ്‌ട്യവുമുള്ള ഒരു ജനതയാണു തങ്ങളെന്ന ചിന്ത ഇങ്കാകളെ എപ്പോഴും കർമനിരതരാക്കിവന്നു. പുതുതായി കീഴടക്കുന്ന സ്ഥലങ്ങളിൽ പാർക്കുന്നതിന് ഇവർ പ്രത്യേക സംഘങ്ങളെ അയച്ചിരുന്നു. ഇവരുടെ വാസകേന്ദ്രങ്ങൾ ഇങ്കാസാമ്രാജ്യത്തിന്റെ ചിഹ്നങ്ങളും മർമങ്ങളുമായി കരുതിപ്പോന്നു. ക്വെചുവൻ ഭാഷ സംസാരിക്കുന്ന മറ്റു ഗോത്രക്കാരെപ്പോലും തങ്ങളുടെ സ്വന്തം ആളുകളായി കൈക്കൊള്ളാൻ ഇങ്കാകൾ മടിച്ചില്ല. വർഗബോധവും ദൃഢനിശ്ചയവുമുള്ള ഒരു ജനതയായിരുന്നു ഇങ്കാകൾ.
ഇങ്കാസാമ്രാജ്യം അസാധാരണമാംവിധം കെട്ടുറപ്പുള്ളതായിരുന്നു എന്നതിന് നാലു ശതാബ്‌ദക്കാലത്തെ അന്യൂനമായ അതിന്റെ നിലനില്‌പുതന്നെ തെളിവാണ്. കലാപങ്ങളും ആഭ്യന്തരസമരങ്ങളും നന്നേ വിരളമായിരുന്നു. 1330 മുതൽ 1530 വരെയുള്ള കാലഘട്ടത്തിൽ കേവലം ഒരൊറ്റ ഭരണാധിപൻ മാത്രമാണ് അധികാരഭ്രഷ്‌ടനായത്. അവിധേയത്വം, ഗൂഢാലോചന, പിന്തുടർച്ചാതർക്കങ്ങൾ എന്നിവ അപൂർവമായിരുന്നു. ഗൂഢാലോചനകളും ഉപജാപങ്ങളും നിർദാക്ഷിണ്യം അമർച്ച ചെയ്യപ്പെട്ടിരുന്നു. രാജ്യദ്രാഹികളെ തൂക്കിലിടുകയോ തടവിലാക്കുകയോ അടിമകളാക്കുകയോ ചെയ്യുകയായിരുന്നു പതിവ്. വാർത്താപ്രാധാന്യമുള്ള കാര്യങ്ങൾ സാമ്രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും വളരെ വേഗത്തിൽ തലസ്ഥാനത്തെത്തിക്കാൻ വ്യവസ്ഥകളുണ്ടായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച സന്ദേശവാഹകരായിരുന്നു ഇതിന്റെ സൂത്രധാരന്മാർ. ഇത്തരമൊരു സംവിധാനത്തിൻകീഴിൽ കലാപങ്ങൾക്കുള്ള സാഹചര്യങ്ങളും സാധ്യതകളും പരിമിതമായിരുന്നു.
അപചയം.
[തിരുത്തുക]ഇങ്കാസാമ്രാജ്യം ഒരു ആഭ്യന്തര സമരത്തിന്റെ നീർച്ചുഴിയിലകപ്പെട്ടിരുന്ന കാലത്തായിരുന്നു സ്‌പാനിഷ് ആക്രമണം നടന്നത്. ചില പ്രത്യേക സാഹചര്യങ്ങൾ സൃഷ്‌ടിച്ച ഈ സ്ഥിതിവിശേഷം അവരുടെ ശക്തിക്ഷയത്തിനും നാശത്തിനും വഴിയൊരുക്കി. ഇങ്കാരാജാവായ ഹ്വായ്‌നി കപാക് 1525-ൽ ജാരസന്തതിക്കുവേണ്ടി സാമ്രാജ്യം വിഭജിച്ചു. ക്വിറ്റോ കേന്ദ്രമാക്കി സാമ്രാജ്യത്തിന്റെ ഉത്തരഭാഗം ഈ ഗണികാപുത്രനും കൂസ്‌കോ കേന്ദ്രമാക്കി ശേഷഭാഗം ഔരസപുത്രനും കൊടുത്തു. ഇവർ പരസ്‌പരം സ്‌പർധയിലും കലഹത്തിലുമാണ് കഴിഞ്ഞിരുന്നത്. വിഭജിക്കപ്പെട്ട ഇങ്കാശക്തി സ്‌പെയിൻകാരുടെ ആധിപത്യത്തിനു വഴിയൊരുക്കി. 1533-ൽ ഫ്രാൻസിസ്‌കോ പിസാറോ (1470-1541)യുടെ നേതൃത്വത്തിൽ സ്‌പെയിൻകാർ ഇങ്കാകളെ തോല്‌പിച്ചു കീഴടക്കി, അവസാനത്തെ ഇങ്കാരാജാവായ അറ്റാവാല്‌പയെ തടവുകാരനാക്കുകയും പിന്നീട് വധിക്കുകയും ചെയ്‌തതോടെ (1533 ആഗ. 29) ഇങ്കാസാമ്രാജ്യം അസ്‌തമിച്ചു.
അവലംബം
[തിരുത്തുക]- ↑ Namnama, Katrina; DeGuzman, Kathleen, "The Inca Empire", K12, USA, archived from the original on 27 ഫെബ്രുവരി 2008
- ↑ Schwartz, Glenn M.; Nichols, John J. (15 August 2010). After Collapse: The Regeneration of Complex Societies. University of Arizona Press. ISBN 978-0-8165-2936-0.
- ↑ Moseley, Michael E. (2001), The Incas and their Ancestors, London: Thames and Hudson, p. 7