Jump to content

ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം
ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം 1900ൽ
ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം 1900ൽ
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കൊല്ലം
പ്രദേശം:ആര്യങ്കാവ്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:അയ്യപ്പൻ

പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണു് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. കൊല്ലം തിരുമംഗലം ദേശീയ പാതയുടെ ഓരത്ത് 35 അടി താഴ്ചയിലാണ് ക്ഷേത്രം. ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലേക്കുള്ള പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തുവശത്തായി അയ്യപ്പന്റെ കാവൽദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പതിഷ്ഠിച്ചിട്ടുണ്ട്. പടികൾ അവസാനിക്കുന്നതിനു മുൻപിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്. ക്ഷേത്രത്തിനു തൊട്ടടുത്തായി കല്ലടയാർ ഒഴുകുന്നു. നാലമ്പലത്തിനുള്ളിൽ പുരുഷന്മാർക്ക് പ്രവേശിക്കാം. എന്നാൽ ശബരിമലയിലേതുപോലെ ഇവിടെയും പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല.

ധനുമാസത്തിലാണ് ഇവിടുത്തെ ഉത്സവം. ആര്യങ്കാവ് ക്ഷേത്രം കേരളം – തമിഴ്‌നാട് അതിർത്തിയിലായതിനാൽ നാലമ്പലത്തിനുള്ളിൽ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ്. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് തൃക്കല്യാണം.

തൃക്കല്യാണം

[തിരുത്തുക]

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലുള്ള ആര്യങ്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വർഷാവർഷം നടക്കുന്ന അപൂർവ്വചടങ്ങാണ് തൃക്കല്യാണം. *ക്ഷേത്രത്തിലെ മൂർത്തിയായ ശാസ്താവിന്റെ വിവാഹമാണിത്. വധു തമിഴത്തിയായ മാമ്പഴത്തറ ഭഗവതിയാണ്*.

  • ഐതിഹ്യം*

ആര്യങ്കാവിൽ നിന്ന് പാണ്ഡ്യനാട്ടിലേക്ക് *ആയുധാഭ്യാസപഠനത്തിനായി പോയ ആര്യൻ എന്ന യുവാവിൽ ഗുരുപുത്രിയായ ബ്രാഹ്മണസ്ത്രീ അനുരക്തയായി*. നിത്യബ്രഹ്മചര്യവ്രതം അനുഷ്ഠിക്കാൻ തീരുമാനമെന്ന് ആര്യൻ പറഞ്ഞ് ആവശ്യം നിരാകരിച്ചെങ്കിലും *ആയുധപഠനത്തിനു ശേഷം തിരികെ വന്ന ആര്യനൊപ്പം അവളും വീടുവിട്ടിറങ്ങി*. ആര്യൻ ശാസ്താവിന്റെ ചൈതന്യമായിരുന്നു. *ആര്യങ്കാവിലെത്തിയ അവൾ ശാസ്താവിന്റെ പ്രതിഷ്ഠയിൽ വലയം ചെയ്തു. എന്നാൽ അവിവാഹിതനായ ശാസ്താവിനൊപ്പം സ്ത്രീ വസിക്കുന്നതിനാൽ നാട്ടിൽ പല അസ്വസ്ഥതകളും കണ്ടു വരികയും നാട്ടിലെ പ്രമുഖനായ ഒരു ബ്രാഹ്മണ മാന്ത്രികൻ ദേവിയെ ആവാഹിച്ച് ഒരു മാമ്പഴത്തറയിൽ കുടിയിരുത്തി*. ശേഷം അടുത്ത ശുഭമുഹൂർത്തത്തിൽ (ധനുമാസത്തിൽ) അവരുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. *വിവാഹദിവസം താലികെട്ടിനു തൊട്ടുമുൻപായി ദേവി രജസ്വലയായി ക്ഷേത്രത്തിനു പുറത്താകുകയും വിവാഹം മുടങ്ങുകയും ചെയ്തു, എല്ലാ വർഷവും ഈ ചടങ്ങ് തുടർന്ന് പോരുന്നു*.

  • ചടങ്ങുകൾ*

ആര്യങ്കാവ് ക്ഷേത്രം കേരളം – തമിഴ്‌നാട് അതിർത്തിയിലായതിനാൽ നാലമ്പലത്തിനുള്ളിൽ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ്. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് (ധനു 10) തൃക്കല്യാണം. വരനായ ശാസ്താവിന്റെ ബന്ധുജനങ്ങളായി മലയാളികളും (തിരുവിതാംകൂറുകാർ) മാമ്പഴത്തറഭഗവതിയുടെ ബന്ധുക്കളായി തമിഴ് ബ്രാഹ്മണരുമാണ് (സൗരാഷ്ട്ര മാഹജന സംഘാംഗങ്ങൾ) എത്തുന്നത്. മാമ്പഴത്തറയിൽ നിന്ന് ഭഗവതിയെ സൗരാഷ്ട്രക്കാർ വിളിച്ചുകൊണ്ടുവന്നാണ് കല്യാണത്തിന് തയ്യാറെടുക്കുന്നത്. ക്ഷേത്രപരിസരത്തെ കൊട്ടാരത്തിലാണ് ആദ്യചടങ്ങുകൾ. ധനു 9നു പാണ്ഡ്യൻ മുടിപ്പ് ചടങ്ങുകളോടെ നിശ്ചയകല്ല്യാണം. ധനു പത്തിനു തൃക്കല്യാണം. വിവാഹത്തിന്റേതായ എല്ലാ ചടങ്ങുകളും വിഭവസമൃദ്ധമായ സദ്യയുമുണ്ട്. ദേവനേയും ദേവിയേയും പുഷ്പാലംകൃതമായ പല്ലക്കിൽ ഇരുത്തി എഴുന്നള്ളിച്ചാണ് തൃക്കല്യാണ മണ്ഡപത്തിലെ ഊഞ്ഞാൽ പീഠത്തിൽ വിവാഹച്ചടങ്ങുകൾക്കായി കൊണ്ടിരുത്തുന്നത്. *പ്രധാന ചടങ്ങുകൾ തുടങ്ങി താലികെട്ടാവാറാകുമ്പോൾ ദേവി ഋതുമതിയാകും. അതിന്റെ പ്രതീകമായി വധുവിന്റെ ആളുകളുടെ കൂട്ടത്തിലെ കാരണവർ ചുവന്ന പട്ടുയർത്തി വിവാഹം മാറ്റിവച്ചതായി പ്രഖ്യാപിക്കും*. തുടർന്ന് അടുത്ത ദിവസം ശുദ്ധികലശ ചടങ്ങുകളായ കുംഭാഭിഷേകവും കലശാഭിഷേകവും നടത്തി ക്ഷേത്രാശുദ്ധി നീക്കുന്നതോടെ ചടങ്ങുകൾക്ക് അവസാനമാകും.[1]

അവലംബം

[തിരുത്തുക]

തിരുവരയൻ വാഴും ആര്യങ്കാവ് ക്ഷേത്രം - മലയാള മനോരമ, 2012 നവംബർ 15 വ്യാഴം. ഡി. ജയകൃഷ്ണൻ (പേജ് 4)

  1. https://www.facebook.com/menoncv/posts/10206136341767596