Jump to content

അമ്പലംചുറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്പലംചുറ്റി
അമ്പലംചുറ്റി, ഒരു ചിത്രീകരണം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. affinis
Binomial name
Apus affinis
(JE Gray, 1830)

അപ്പോഡിഡെ പക്ഷികുടുംബത്തിൽപ്പെടുന്ന പനങ്കൂളൻ പക്ഷികളോടു സാദൃശ്യമുള്ള ശരപ്പക്ഷിയാണ് അമ്പലംചുറ്റി.[2] [3][4][5] ഇതിന്റെ ശാസ്ത്രീയനാമം അപ്പസ് എഫിനിസ് എഫിനിസ് എന്നാണ്. പനങ്കൂളനെക്കാൾ വളരെ ഇരുണ്ടതും, തടിച്ച ശരീരമുള്ളതുമാണ് അമ്പലം ചുറ്റികൾ.

കാണപ്പെടുന്ന സ്ഥലങ്ങൾ

[തിരുത്തുക]
അമ്പലംചുറ്റി, കൊൽക്കത്തയിൽ നിന്നും

അമ്പലങ്ങളുള്ള പ്രദേശങ്ങളിലെല്ലാം ഇവയെ കാണാം. തൃശൂർ, എറണാകുളം, തിരുവനന്തപുരം, മധുര, ചിദംബരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭക്തജനങ്ങളെപ്പോലെ തന്നെ ഈ പക്ഷികളും കൂട്ടം ചേർന്ന് പ്രദക്ഷിണം വയ്ക്കുന്നതു കാണാം. ഇവ ഇടയ്ക്കിടെ ച്ച്വി-ച്ച്വീ-ച്ച്വി-ച്ച്വീ എന്നൊരു ശബ്ദവും പുറപ്പെടുവിയ്ക്കും. പുരാതന കെട്ടിടങ്ങളുടെ ഗോപുരങ്ങളും ഇരുണ്ട് ഇടുങ്ങിയ പടിപ്പുരകളും മറ്റും ഇവ കൂടുകെട്ടാനും വിശ്രമിക്കാനും ഉപയോഗപ്പെടുത്തുന്നു. പാലങ്ങളുടെയും അണക്കെട്ടുകളുടെയും അടിവശത്ത് 50-100 പക്ഷികളടങ്ങുന്ന കൂട്ടങ്ങളായി കൂടുകെട്ടി ഇവ പാർക്കുന്നു.

ശരീരഘടന

[തിരുത്തുക]

അമ്പലംചുറ്റി പക്ഷികൾക്ക് നല്ല കറുപ്പു നിറമാണ്. ശ്രോണിയിൽ വീതിയുള്ള വെള്ളപ്പട്ടയുണ്ട്. താടിയും തൊണ്ടയും വെള്ളനിറമാണ്, ചിലയവസരങ്ങളിൽ മാത്രമേ ഈ വെള്ളനിറം തെളിഞ്ഞു കാണാറുള്ളു. വാൽ കുറുകിയതായിരിക്കും.

മലകളിലുള്ള ഗുഹകളിലും പാറയിടുക്കുകളിലും പോലും കൂടുകെട്ടി ജീവിക്കുന്ന അമ്പലംചുറ്റികൾ തൂവലും വയ്ക്കോലും ചപ്പുചവറുമൊക്കെ ഉമിനീരുകൊണ്ട് ഒട്ടിച്ചുണ്ടാക്കി തീരെ വടിവില്ലാത്ത അർധഗോളാകൃതിയിലുള്ള നിരവധി കൂടുകൾ അടുത്തടുത്തായി ഉണ്ടാക്കുന്നു. അൻപതിലധികമുള്ള സമൂഹങ്ങളായോ വൻ പറ്റങ്ങളായോ ആണ് അമ്പലംചുറ്റികൾ ജീവിക്കുന്നത്. ഇവ പലപ്പോഴും രാത്രിയിലും ആകാശത്തിൽ തന്നെ കഴിച്ചുകൂട്ടാറുണ്ട്.

ഭക്ഷണരീതി

[തിരുത്തുക]

പകൽ സമയം മുഴുവൻ ആകാശത്തിൽ പറക്കുന്ന പ്രാണികളെ പിടിച്ചു ഭക്ഷിക്കുന്നു. പക്ഷിക്കുഞ്ഞുങ്ങൾ മുതിർന്നാൽ സദാ കൂടിന്റെ പുറത്തേക്കു തലയിട്ട് ഭക്ഷണം കാത്തിരിക്കുന്നു. എത്ര ഭക്ഷിച്ചാലും മതിവരാത്ത കുഞ്ഞുങ്ങളെ തീറ്റുന്നതിനായും സ്വന്തം ഭക്ഷണത്തിനായും ആയിരക്കണക്കിനു പ്രാണികളെ അമ്പലംചുറ്റികൾ കൊന്നൊടുക്കുന്നു. അതിനാൽ ഇവ മനുഷ്യന് ചെയ്യുന്ന ഉപകാരം വർണനാതീതമാണ്.

പ്രജനനം

[തിരുത്തുക]

കൂടിനുള്ളിൽ വൃത്തിയിൽ തൂവൽ മെത്തയുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുന്നത്. ഫെബ്രുവരി മുതൽ സെപ്തംബർ. വരെയാണ് ഇവയുടെ പ്രജനന കാലം. ഓരോ പിടയും 2-4 മുട്ടകളിടും. ഒരു വർഷത്തിൽ തന്നെ രണ്ടു തവണ മുട്ടയിടും. മുട്ടകൾക്ക് തൂവെള്ള നിറമാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ആൺപെൺ പക്ഷികളൊരുമിച്ച് സംരക്ഷിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International (2004). Apus affinis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്പലംചുറ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമ്പലംചുറ്റി&oldid=3612780" എന്ന താളിൽനിന്ന് ശേഖരിച്ചത്