അധിസസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോസ്റ്റ റീക്കയിൽ കാണപ്പെടുന്ന ഒരു അധിപാദപം

മറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അധിവസിച്ചു ജീവിക്കുന്ന സസ്യമാണ് അധിപാദപം. സാധാരണ സസ്യങ്ങളെല്ലാം തന്നെ മണ്ണിൽ വളരുന്നവയാണെങ്കിലും മറ്റു സസ്യങ്ങളുടെ കാണ്ഡങ്ങളിലും ശാഖകളിലും പറ്റിപ്പിടിച്ചു ജീവിക്കുന്നവയും വിരളമല്ല. വൃക്ഷങ്ങൾ തിങ്ങിക്കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പൊതുവേ ജീവിതമത്സരം അതിരൂക്ഷമായിരിക്കും. വൃക്ഷങ്ങളുടെ ചോലയിൽ ജീവിക്കുന്ന സസ്യങ്ങൾക്ക് വേണ്ടത്ര ആഹാരവും സൂര്യപ്രകാശവും ലഭിക്കുവാൻ പ്രയാസമാണ്. ഈ വിധ പ്രത്യേക സാഹചര്യങ്ങളിൽ ജീവിതമത്സരത്തെ നേരിടുവാൻവേണ്ടി ചില സസ്യങ്ങൾ മറ്റു സസ്യങ്ങളുടെ മുകളിൽ വസിക്കാനുള്ള അനുകൂലനങ്ങൾ ആർജ്ജിച്ചു. ഈ ചെടികൾ ആഹാരത്തിനായി അവയുടെ ആതിഥേയനെ ആശ്രയിക്കുന്നില്ല. ഇപ്രകാരം മറ്റു സസ്യങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതമാകാത്ത രീതിയിൽ, അവയെ വെറുമൊരു വാസസ്ഥാനം മാത്രമായി ഉപയോഗിച്ചു ജീവിക്കുന്ന സസ്യങ്ങളെ അധിപാദപം എന്നു പറയുന്നു. പരിണാമപരമായി അധിപാദപങ്ങൾ വളരെ ആധുനികങ്ങളാണെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

മറ്റു സസ്യങ്ങളിൽ നിലയുറപ്പിക്കുന്നതിന് അധിപാദപങ്ങൾക്ക് സഹായകമായിട്ടുള്ളത് അവയിൽ കാണുന്ന നിരവധി പറ്റുവേരുകളാണ്. അന്തരീക്ഷത്തിൽനിന്നും ജലം ലഭിക്കുന്നതിനുള്ള പ്രയാസം കാരണം സാധാരണ മരുസസ്യങ്ങളിൽ കാണാറുള്ള കട്ടികൂടിയ ക്യൂട്ടിക്കിൾ, ഉള്ളിലേക്കു തള്ളിനില്ക്കുന്ന സസ്യരന്ധ്രങ്ങൾ, അധശ്ചർമം, വാഹകലയുടെ സമൃദ്ധി തുടങ്ങിയ സവിശേഷതകൾ ഇവയിലും കാണാം. മണ്ണിൽനിന്നു വളരെ ഉയരത്തിൽ വസിക്കുന്ന ഈ ചെടികൾക്ക് ആഹാരത്തിനായി പ്രധാനമായും അന്തരീക്ഷത്തിലെ നീരാവിയേയും പൊടിപടലങ്ങളേയും ആശ്രയിക്കേണ്ടിയിരിക്കുന്നു.

ഹവായിയിൽ കാണപ്പെടുന്ന ഒരു അധിപാദപം

അന്തരീക്ഷത്തിലെ നീരാവി ആഗിരണം ചെയ്യുന്നതിനായി ഇവയിൽ വെലാമിൻ വേരുകൾ എന്ന ഒരു പ്രത്യേകതരം വായവവേരുകൾ കൂടിയുണ്ട്. കാണ്ഡത്തിന്റെ ഏതുഭാഗത്തുനിന്നും ഉദ്ഭവിച്ച് വായുവിൽ സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്ന ഈ വേരുകൾ അന്തരീക്ഷത്തിലെ നീരാവി ആഗിരണം ചെയ്യുന്നു. ഈ വേരുകളുടെ ബഹിർഭാഗത്തു സ്ഥിതിചെയ്യുന്ന വെലാമിൻ ടിഷ്യുവാണ് പ്രധാനമായും ഈ ധർമം വഹിക്കുന്നത്. വെലാമിൻ ടിഷ്യുവിലെ കോശങ്ങളിൽ പ്രോട്ടോപ്ലാസം കാണാറില്ല. കട്ടികൂടിയ ഭിത്തികളാണുള്ളത്. വരണ്ട കാലാവസ്ഥയിൽ ഈ വേരുകൾക്ക് മിക്കവാറും പച്ചകലർന്ന ചാരനിറമായിരിക്കും. ജലാംശം കൂടുതൽ ലഭ്യമാകുമ്പോൾ അവ ഒരുവിധം കടുംപച്ചയായി മാറുന്നു. ഓർക്കിഡേസീ കുടുംബത്തിലെ അധിപാദപങ്ങളിലാണ് ഇത്തരത്തിലുള്ള വേരുകൾ സുലഭമായി കണ്ടുവരുന്നത്. അധിജീവിസസ്യങ്ങളായ വാൻഡ, ബൾബോഫില്ലം, സാക്കോലോബിയം തുടങ്ങിയ ചെടികൾ ഈ കുടുംബത്തിൽപ്പെട്ടവയാണ്.

അപുഷ്പികളിലും ധാരാളം അധിപാദപങ്ങളുണ്ട്. ഡ്രൈനേറിയ, ഡ്രൈമോഗ്ലോസം തുടങ്ങിയ പന്നൽ ചെടികളും പോളിട്രൈക്കം, ഫ്യൂണേറിയ, പോറെല്ല തുടങ്ങിയവയും സയാനോഫൈസീ, ക്ലോറോഫൈസീ തുടങ്ങിയ വർഗങ്ങളിലെ പല ആൽഗകളും അധിജീവിസസ്യങ്ങളാണ്.

ആൽ തുടങ്ങിയ പല വൃക്ഷങ്ങളും അവയുടെ ജീവിതം ആരംഭിക്കുന്നത് പലപ്പോഴും അധിപാദപങ്ങളായിട്ടാണ്. പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല. കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു. ഇതുപോലെ പ്രകൃത്യാ അധിപാദപങ്ങളായ പല സസ്യങ്ങളും സാധാരണരീതിയിൽ മണ്ണിൽ വളരുന്നതിനു കഴിവുള്ളവയാണ്.

ഇതും കാണുക[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധിസസ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധിസസ്യം&oldid=3318138" എന്ന താളിൽനിന്ന് ശേഖരിച്ചത്