അദർശനീയത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനുഷ്യർ അന്യോന്യം കാണുന്നതിനെ വിലക്കിയിരുന്ന ഒരു ആചാരവ്യവസ്ഥയാണ് അദർശനീയത. ജാതിയുടെ പേരിൽ ജനങ്ങൾക്ക് ഉച്ചനീചത്വം നല്കി സമുദായത്തെ നിയന്ത്രിക്കുന്ന പതിവ് ഇന്ത്യയിലുണ്ടായിരുന്നു. വളരെ പഴക്കമുള്ളതാണ് ഈ ആചാരം. അദർശനീയത, അസ്പൃശ്യത, അടുത്തുവരാൻ പാടില്ലായ്മ എന്നിവയെല്ലാം സൂചിപ്പിക്കുവാൻ മലയാളത്തിൽ തീണ്ടൽ എന്ന പദമാണ് പ്രചാരത്തിലിരിക്കുന്നത്. എന്നാൽ അസ്പൃശ്യത എന്ന ആശയത്തെ പ്രത്യേകമായി സൂചിപ്പിക്കുവാൻ തൊടീൽ എന്ന പദം കേരളത്തിലെ ചില പ്രദേശങ്ങളിൽ ഉപയോഗിച്ചുവരുന്നുണ്ട്.

അയിത്തം[തിരുത്തുക]

തീണ്ടലിന്റെ ഉത്പത്തിക്ക് അടിത്തറ പാകിയത് അശുദ്ധം എന്ന സങ്കല്പമാണ്. ഹിന്ദുക്കളുടെ ഇടയിൽ അശുദ്ധം (അയിത്തം) മരണത്തിനും ജനനത്തിനും ആർത്തവത്തിനും കല്പിച്ചിരുന്നു. ചരിത്രപരമായി, തീണ്ടൽ ആര്യൻമാരുടെ ഒരു സംഭാവനയാണെന്ന് കരുതപ്പെടുന്നു. അവരുടെ ആഗമനത്തിനുശേഷം ഹിന്ദുക്കൾ സവർണർ, അവർണർ എന്നു രണ്ടായി തിരിക്കപ്പെട്ടു. അവർണരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിലേർപ്പെടുന്ന സവർണർ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. അദർശനീയത ഈ ആചാരത്തിന്റെ ഏറ്റവും കഠിനമായ രൂപമാണ്. ജാതികളുടെ ഉച്ചനീചത്വകല്പനയനുസരിച്ച് ഇത് പല രൂപത്തിലും തോതിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂജ നടത്തിയും വേദം ഉരുവിട്ടും ജീവിക്കുന്ന ആഢ്യബ്രാഹ്മണർ പവിത്രമായതിനെ മാത്രമേ ദർശിക്കാവൂ. അധഃസ്ഥിതരെ ദർശിക്കുന്ന മാത്രയിൽ ഇവർ അശുദ്ധരാകുന്നു എന്നാണ് സങ്കല്പം. ഒരു നമ്പൂതിരി തെരുവിൽക്കൂടി സഞ്ചരിക്കുമ്പോൾ താഴ്ന്ന ജാതികൾ വഴിമാറിപ്പോകുന്നതിനുവേണ്ടി ഹോയ്, ഹോയ് എന്നു വിളിക്കുമായിരുന്നു. മലബാറിലെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണഭിത്തി, ശൂദ്രഭിത്തി മുതലായ പേരുകളിൽ നിർമിച്ചിരുന്ന ഭിത്തികളുടെ ഉദ്ദേശ്യം ഈ ജാതികൾ പരസ്പരം ദർശിക്കാതിരിക്കുക എന്നുള്ളതായിരുന്നിരിക്കണം.

അനാചാരങ്ങൾ[തിരുത്തുക]

ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിയിലുള്ള ഒരാളെ ഏതെങ്കിലും ജോലിക്കു നിർത്തുകയാണെങ്കിൽ അയാളുടെ ദൃഷ്ടി മറ്റുള്ളവരുടെമേൽ പതിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജോലി ചെയ്യുമ്പോൾ അയാൾ താഴേക്കു മാത്രമേ നോക്കാൻ പാടുണ്ടായിരുന്നുള്ളു. അയാളുടെ ദൃഷ്ടി അടുക്കളയിലെ ഉപകരണങ്ങളുടെ മേൽ പതിഞ്ഞാൽ അവ ഉടഞ്ഞുപോകുമെന്ന് ഒരു വിശ്വാസം തന്നെ ഉണ്ടായിരുന്നു.

കൊല്ലവർഷം 871-നു മുമ്പുവരെ തെക്കൻ തിരുവിതാംകൂറിൽ മണ്ണാപ്പേടി എന്നും വടക്ക് പുലപ്പേടി എന്നും പറപ്പേടി എന്നും പറയപ്പെട്ടിരുന്ന ഒരു ആചാരം നിലവിലിരുന്നു. പുലയരും പറയരും മണ്ണാൻമാരും നായൻമാരെ ശല്യപ്പെടുത്തുക പതിവായിരുന്നു. നായൻമാരുടെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്ന പതിവുമുണ്ടായിരുന്നത്രെ. ഇങ്ങനെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് ഇവരുടെ സമുദായത്തിൽ അംഗീകരിക്കപ്പെട്ട ഒരു വിവാഹസമ്പ്രദായവുമായിരുന്നു. ഒരിക്കൽ മോഷ്ടിക്കപ്പെട്ട് അന്യന്റെ കൂടെപ്പോയ സ്ത്രീകളെ സ്വസമുദായത്തിലേക്ക് തിരിച്ചെടുക്കുവാനും പ്രയാസമായിരുന്നു. ഒടുവിൽ ഈ ശല്യത്തിന് ഒരറുതിവരുത്താൻ ഒരു സന്ധിയെന്നോണം ഒരാചാരം നിലവിൽ വന്നു. ഈ സമ്പ്രദായം പുലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഒരു പ്രത്യേക മാസവും ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇതിന്റെ കാലം കർക്കടകമാസമാണ്. ഈ കാലത്ത് ഒരു നായർ സ്ത്രീ അകമ്പടികൂടാതെ സൂര്യോദയത്തിനുമുൻപും സൂര്യാസ്തമനത്തിനുശേഷവും വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ, വീടിന്റെ മുറ്റത്തായാൽ പോലും ഒരു മണ്ണാനോ പുലയനോ പറയനോ എവിടെയെങ്കിലും ഒളിച്ചിരുന്ന് കണ്ടേ, കണ്ടേ എന്നു വിളിച്ചുപറഞ്ഞാൽ, അങ്ങനെ വിളിച്ചുപറഞ്ഞവന്റെ കൂടെ അവൾ പോകണമായിരുന്നു. അങ്ങനെ പോകുന്ന സ്ത്രീക്ക് ജാതിഭ്രഷ്ട് കല്പിക്കുക ആയിരുന്നു ശിക്ഷ. അവൾ ഏതെങ്കിലുംവിധം ഓടി രക്ഷപ്പെടാൻ തുനിഞ്ഞാൽ ബന്ധുക്കൾ അവളെ കൊല്ലാൻവരെ തയ്യാറാകുമായിരുന്നു. ഇവിടെ സ്ത്രീയുടെ അപരാധം ഒരു താഴ്ന്ന ജാതിക്കാരനാൽ കാണപ്പെട്ടു എന്നതു മാത്രമാണ്. മൂന്നു നാലു ശതാബ്ദങ്ങൾക്കു മുൻപുതന്നെ ഈ ആചാരം നാമാവശേഷമായി. ഈ ആചാരം നിർത്തലാക്കിയത് വേണാട്ടധിപനായിരുന്ന ഉണ്ണിക്കേരളവർമ മൂന്നാമൻ ആണ് (ഭ.കാ. എ.ഡി. 1718-24). കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുപോലുള്ള നിരോധനങ്ങൾ ഉണ്ടായിരുന്നിരിക്കാം.

രജസ്വലകളായ സ്ത്രീകളെ കാണുന്നതും അദർശനീയതയുടെ പരിധിയിൽ വരുന്നു. ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് തീർഥയാത്ര പോകാൻ വ്രതമെടുത്തിട്ടുള്ളവർ രജസ്വലകളായ സ്ത്രീകളെ കാണാൻ പാടില്ലെന്ന് ഒരു ആചാരമുണ്ട്. അങ്ങനെ കണ്ടാൽ അയാൾ പ്രായശ്ചിത്തം ചെയ്യണം. ഇതിൽ കാണുന്ന ആൾക്കാണ് ദോഷം സംഭവിക്കുന്നത്. ധാർമികമായി, വ്രതഭംഗം വരുത്തിയതിന്റെ ദോഷം രജസ്വലയായ ആ സ്ത്രീക്ക് ഉണ്ടെന്ന വിശ്വാസവും നിലവിലിരുന്നു.

നമ്പൂതിരിമാരിൽ മൂത്ത സഹോദരൻ മാത്രമേ സജാതീയ വിവാഹം ചെയ്തിരുന്നുള്ളൂ. ജ്യേഷ്ഠന്റെ പത്നിയെ അനുജൻമാർ കാണാൻ പാടില്ല എന്ന ഒരാചാരം ഉണ്ടായിരുന്നു. നമ്പൂതിരി സ്ത്രീകൾ അന്തർജനങ്ങളായിരുന്നതുകൊണ്ട് പരപുരുഷൻമാർക്കും കാണാൻ പാടില്ലാത്തവരായിരുന്നു. ഇത് ഒരുതരം പർദാ സമ്പ്രദായം തന്നെയാണെന്നു പറയാം.

ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഹിന്ദുക്കളുടെ ഇടയിൽ പർദാ സമ്പ്രദായം നിലവിലിരുന്നു. ഇന്നും ചുരുക്കം ചില സ്ഥലങ്ങളിൽ ഈ സമ്പ്രദായം നിലവിലുണ്ട്. മുഹമ്മദീയരുടെ ഇടയിൽ പർദാസമ്പ്രദായം സർവസാധാരണമാണ്. കേരളത്തിലെ മുഹമ്മദീയർ സാമാന്യമായി പർദാ സ്വീകരിച്ചവരായിരുന്നില്ല. പക്ഷേ, അവരുടെ ഇടയിലെ യാഥാസ്ഥിതികരും ധനികരും ആ സമ്പ്രദായം സ്വീകരിച്ചിരുന്നു. ഇന്നും അവർ പർദാസമ്പ്രദായം ഏറെക്കുറെ ആചരിക്കുന്നുണ്ട്.

വംശശുദ്ധിയിൽ നിർബന്ധമുണ്ടായിരുന്നതു കൊണ്ടാണ് ഹൈന്ദവ ആചാര്യന്മാർ അദർശനീയത വിധിച്ചിരുന്നത്. വർണസങ്കരം വരുന്നത് പാപമായും സമുദായദ്രോഹമായും അവർ കരുതിയിരുന്നു.

അയിത്താചാരം പ്രബലമായിരുന്ന കാലഘട്ടത്തിൽ കേരളത്തിലെ നായാടികളെ കാണുന്നതുതന്നെ വിലക്കിയിരുന്നു. അങ്ങനെ നായാടി കണ്ടവരെ പ്രായശ്ചിത്തം ചെയ്തിട്ടേ സമുദായം അംഗീകരിച്ചിരുന്നുള്ളു. ഇവിടെ നായാടി അദർശനീയനായിരുന്നു; കണ്ടതുകൊണ്ടുള്ള ദോഷം കണ്ടവനും.

ജാതിയുടെ പേരിലും മറ്റുമുള്ള ഈ അനാചാരങ്ങളുടെ നേർക്ക് പലരും വിരൽ ചൂണ്ടുകയുണ്ടായി. മതവും കീഴ്വഴക്കവും ഈ ആചാരത്തിന്റെ രക്ഷാകവചങ്ങളായിരുന്നതുകൊണ്ട് ആദ്യകാലങ്ങളിൽ ഇതിനെതിരായി വളരെയൊന്നും ചെയ്യുവാൻ കഴിഞ്ഞില്ല. സാമൂഹിക പരിഷ്കർത്താക്കളുടെ ശ്രമഫലമായി ഇത്തരം ആചാരങ്ങൾ നിശ്ശേഷം തുടച്ചുമാറ്റപ്പെടുകയും അഖിലേന്ത്യാടിസ്ഥാനത്തിൽ അധഃസ്ഥിതസംഘടനകൾ രൂപംകൊള്ളുകയും ഇന്ത്യൻ ഭരണഘടന അധഃസ്ഥിതർക്ക് അർഹമായ പദവി നൽകുകയും ചെയ്തു. 1965-ലെ അൺടച്ചബിലിറ്റി (ഫൈൻസ്) ആക്റ്റ് അയിത്താചാര (കുറ്റങ്ങൾ) ആക്റ്റ് പാസ്സായതോടുകൂടി അയിത്തം ഏതുരൂപത്തിലും ആചരിക്കുന്നത് ഇന്ത്യ മുഴുവൻ കുറ്റകരമായി. അതോടുകൂടി നായാടിയെ കണ്ടാലുള്ള പാതിത്യവും അപ്രത്യക്ഷമായി. എങ്കിലും നാട്ടിൽ ഇന്നും അതിന്റെ അവശിഷ്ടങ്ങൾ കാണുന്നുണ്ട്.

ഇതു കൂടി കാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അദർശനീയത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അദർശനീയത&oldid=1969295" എന്ന താളിൽനിന്ന് ശേഖരിച്ചത്