നിറം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണിന്റെ ദൃഷ്ടിപടലത്തില്‍ പതിക്കുന്ന പ്രകാശരശ്മിയുടെ തരംഗദൈര്‍ഘ്യത്തിനനുസരിച്ച് ലഭിക്കുന്ന അനുഭവമാണ് നിറം. അതാര്യവസ്തു പ്രതിഫലിപ്പിക്കുന്നതോ വിസരണം ചെയ്യുന്നതോ ആയ ഘടകപ്രകാശത്തേയും സുതാര്യവസ്തു കടത്തിവിടുന്ന ഘടകപ്രകാശത്തേയും പ്രകാശം പൊഴിക്കുന്ന വസ്തു ഉത്സര്‍ജ്ജിക്കുന്ന പ്രകാശത്തേയും അതിന്റെ നിറം എന്നു പറയുന്നു. വിദ്യുത് കാന്തിക വര്‍ണ്ണരാജിയിലെ ചെറിയൊരു ഭാഗം മാത്രമേ മനുഷ്യനു നഗ്നനേത്രമുപയോഗിച്ച് കാണാന്‍ കഴിയുകയുള്ളുവെങ്കിലും അതിനുള്ളില്‍ തരംഗദൈര്‍ഘ്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ദശലക്ഷക്കണക്കിനു വ്യത്യസ്തനിറങ്ങള്‍ മനുഷ്യനു കാണാന്‍ കഴിവുണ്ട്. ദൃശ്യപ്രകാശത്തിലെ എല്ലാ ഘടകവര്‍ണ്ണങ്ങളും പ്രതിഫലിപ്പിക്കുന്ന വസ്തു വെളുപ്പ് നിറത്തിലായിരിക്കും കാണുക. അതുപോലെ ഒരു ഘടകവര്‍ണ്ണത്തേയും പ്രതിഫലിപ്പിക്കാത്ത പ്രതലം കറുപ്പുനിറത്തിലും കാണുന്നതായിരിക്കും.
[തിരുത്തുക] നിറത്തിന്റെ കാഴ്ച
മനുഷ്യന്‍ നിറങ്ങളെ വ്യത്യസ്തങ്ങളായി കാണുന്നത് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശരശ്മികളെ തിരിച്ചറിയാനുള്ള കണ്ണിലെ ദൃഷ്ടിപടലത്തിന്റെ കഴിവുകൊണ്ടാണ്. നിറങ്ങള്‍ കാണാനായി കണ്ണ് അതിന്റെ ദൃഷ്ടിപടലത്തിലെ കോണ്‍ കോശങ്ങളെ ഉപയോഗിക്കുന്നു. മൂന്നു തരത്തിലുള്ള കോണ്‍ കോശങ്ങളാണ് കണ്ണിലുള്ളത്, തരംഗദൈര്‍ഘ്യം തീരെ കുറഞ്ഞവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എസ് കോണ്‍ കോശങ്ങള്‍, ഇടത്തരം തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എം കോണ്‍ കോശങ്ങള്‍, കൂടിയ തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എല്‍ കോണ്‍ കോശങ്ങള്‍ എന്നിവയാണവ. ഇവയിലോരോ ഇനം മാത്രമാണ് ഉദ്ദീപിക്കപ്പെടുന്നതെങ്കില്‍ യഥാക്രമം നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുന്നു.
| പേര് | Hex triplet | |
|---|---|---|
| വെള്ള | #FFFFFF | |
| ചാരനിറം | #808080 | |
| വെള്ളിനിറം | #C0C0C0 | |
| കറുപ്പ് | #000000 | |
| പവിഴനിറം | #FF7F50 | |
| രക്തവര്‍ണ്ണം | #DC143C | |
| മറൂണ്‍ | #800000 | |
| ചുവപ്പ് | #FF0000 | |
| ഓറഞ്ച് നിറം | #FFA500 | |
| കാവി | #CC7722 | |
| തവിട്ട് | #964B00 | |
| മഞ്ഞ | #FFFF00 | |
| സ്വര്‍ണ്ണനിറം | #FFD700 | |
| ഇളമ്പച്ച | #00FF00 | |
| പച്ച | #00CC00 | |
| Aquamarine | #7FFFD4 | |
| സിയാന്‍ | #00FFFF | |
| റ്റീല്‍ | #008080 | |
| നീല | #0000FF | |
| നീലം | #0000AF | |
| മാന്തളിര്‍ | #660099 | |
| വയലറ്റ് | #8B00FF | |
| ഇളം ചുവപ്പ് | #DF00DF | |
| പാടലവര്‍ണ്ണം | #FFC0CB |
തരംഗദൈര്‍ഘ്യം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പ്രകാശരശ്മിയിലെ ഊര്‍ജ്ജം വ്യത്യാസപ്പെടുന്നുണ്ട്. ഈ ഊര്‍ജ്ജവ്യത്യാസത്താല്‍ വ്യത്യസ്ത കോശങ്ങള്‍ വ്യത്യസ്ത അളവില്‍ ഉദ്ദീപിക്കപ്പെടുന്നു. ഉദാഹരണമായി 535 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മി കണ്ണില്‍ പതിക്കുമ്പോള്‍ എം കോണ്‍ കോശങ്ങള്‍ മാത്രമേ ഉദ്ദീപിക്കപ്പെടുന്നുള്ളു, തത്ഫലമായി നമ്മള്‍ പച്ചനിറം മാത്രം കാണുന്നു. നിറം തിരിച്ചറിയുന്നതിനായി തലച്ചോര്‍ വ്യത്യസ്ത കോശദ്വയങ്ങള്‍ (എസ്-എം അഥവാ നീല-പച്ച, എസ്-എല്‍ അഥവാ നീല-ചുവപ്പ്, എം-എല്‍ അഥവാ പച്ച-ചുവപ്പ്) നല്‍കുന്ന വിവരങ്ങള്‍ക്കു പുറമേ കണ്ണിലെ റോഡ് കോശങ്ങള്‍ നല്‍കുന്ന കറുപ്പ്-വെളുപ്പ് ദൃശ്യത്തിന്റെ വിവരങ്ങളും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് പ്രകാശം ഉള്ള അവസ്ഥയിലും പ്രകാശം കുറവുള്ള അവസ്ഥയിലും ഒരേ നിറം വ്യത്യസ്തമായി കാണാനിടയുണ്ട്. പ്രകാശം വളരെ കുറവുള്ള അവസ്ഥയില്‍ തലച്ചോര്‍ കോണ്‍ കോശങ്ങള്‍ നല്‍കുന്ന വിവരങ്ങളെ കണക്കിലെടുക്കാതെ അരണ്ട വെളിച്ചത്തില്‍ കൂടുതല്‍ ക്ഷമതയുള്ള റോഡ് കോശങ്ങള്‍ നല്‍കുന്ന വിവരങ്ങളാണ് ദൃശ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക. അതിനാല്‍ അത്തരം അവസ്ഥയില്‍ ദൃശ്യം കറുപ്പും വെളുപ്പുമായിട്ടാവും കാണുക.
നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വര്‍ണ്ണങ്ങള്‍ എന്നു വിളിക്കുന്നു.ഒരു സമന്വിത പ്രകാശം വളരെയധികം വര്‍ണ്ണങ്ങള്‍ ചേര്‍ന്നതാണെങ്കിലും കണ്ണ് അതിനെ തിരിച്ചറിയുന്നത് ഈ മൂന്നു നിറങ്ങള്‍ ഉപയോഗിച്ചാണ്. തിരിച്ചറിയപ്പെടുന്ന നിറങ്ങള്‍ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സംയോജനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്. കോശങ്ങള്‍ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ് ഇങ്ങനെ വിവിധ സംയോജനങ്ങളുണ്ടാകുന്നത്. പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേര്‍ന്ന് ദ്വിതീയ വര്‍ണ്ണങ്ങളായ സിയന്‍ (നീല-പച്ച), മഞ്ഞ (ചുവപ്പ്-പച്ച), മജന്ത (ചുവപ്പ്-നീല) എന്നീ നിറങ്ങള്‍ ഉണ്ടാകുന്നു. ദ്വിതീയ വര്‍ണ്ണങ്ങള്‍ തമ്മിലുള്ളതോ, ദ്വിതീയ വര്‍ണ്ണങ്ങളും പ്രാഥമിക വര്‍ണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി അനവധി വര്‍ണ്ണങ്ങള്‍ കാണാന്‍ കഴിയുന്നു. വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വര്‍ണ്ണങ്ങള്‍ കാണാന്‍ കഴിയുന്നതാണ്. ടെലിവിഷന്‍ തുടങ്ങിയ ഉപകരണങ്ങള്‍ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വര്‍ണ്ണദൃശ്യങ്ങള്‍ കാട്ടിത്തരുന്നത്. കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോണ്‍കോശങ്ങള്‍ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് വര്‍ണ്ണാന്ധത എന്നു പറയുന്നു.
