ഛായാഗ്രാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ലാര്‍ജ് ഫോര്‍മാറ്റ് കാമറയിലെ ലെന്‍സും മൌണ്ടിങ്ങും

ചിത്രങ്ങള്‍ പകര്‍ത്താനുപയോഗിക്കുന്ന യന്ത്രത്തെയാണ് ക്യാമറ അഥവാ ഛായാഗ്രാഹി എന്നു പറയുന്നത്. രംഗത്തിന്റെ ഒരു യഥാര്‍ത്ഥചിത്രം ക്യാമറയിലെ ലെന്‍സ് അതിനു പുറകിലുള്ള ഒരു പ്രകാശസംവേദനശേഷിയുള്ള പദാര്‍ത്ഥത്തില്‍ പതിപ്പിക്കുന്നു. അങ്ങനെ ഈ ചിത്രം ആ പദാര്‍ത്ഥത്തില്‍ ശേഖരിക്കപ്പെടുന്നു.

ഫിലിം ഉപയോഗിക്കുന്ന തരം നിശ്ചലഛായാഗ്രാഹിയില്‍ ഈ പ്രകാശസംവേദനപദാര്‍ത്ഥം ഒരു ഛായാഗ്രഹണഫിലിം ആയിരിക്കും. ഒരു ചലച്ചിത്രഛായാഗ്രാഹിയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഛായാഗ്രഹണഫിലിം നാടയായിരിക്കും ഈ സ്ഥാനത്തുണ്ടായിരിക്കുക. ഈ നാടയില്‍ ഒരു ചെറിയ ഇടവേളയില്‍ത്തന്നെ ചിത്രങ്ങള്‍ ഒന്നിനു പുറകേ ഒന്നായി തുടര്‍ച്ചയായി ആലേഖനം ചെയ്യപ്പെടുന്നു.

എന്നാല്‍ ഒരു ടെലിവിഷന്‍ ക്യാമറ അഥവാ വീഡിയോ ക്യാമറയില്‍ പ്രകാശസംവേദനക്ഷമതയുള്ള വൈദ്യുതോപകരണത്തിലാണ് ലെന്‍സില്‍ നിന്നുള്ള ചിത്രം പതിക്കുന്നത്. ഈ ഉപകരണം ചിത്രത്തെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുന്നു. ഡിജിറ്റല്‍ ഛായാഗ്രാഹിയിലും ഇത്തരം സെന്‍സറുകളാണ് ഫിലിമിന് പകരമായി ഉപയോഗിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] വിവിധ തരം ക്യാമറകള്‍

ഛായാഗ്രാഹികളെ 35 മി.മീ. ഫോര്‍മാറ്റ് കാമറകള്‍, മദ്ധ്യമ ഫോര്‍മാറ്റ് കാമറകള്‍, വലിയ ഫോര്‍മാറ്റ് കാമറകള്‍, പ്രത്യേകതരം കാമറകള്‍ എന്നിങ്ങനെ സാമാന്യമായി തരം തിരിക്കാം.

[തിരുത്തുക] 35 മി.മീ. കാമറകള്‍

ഇതില്‍ തന്നെ ഫിലിം കാമറയും ഡിജിറ്റല്‍ കാമറയും ഉണ്ട്. പ്രധാനമായും

  1. കോം‍പാക്റ്റ് കാമറകള്‍ (ഒതുക്കമുള്ളവ)
  2. മാനുവല്‍ എസ്.എല്‍.ആര്‍.
  3. ആട്ടോമാറ്റിക്ക് എസ്.എല്‍.ആര്‍

[തിരുത്തുക] ഡിജിറ്റല്‍ 35 മി.മീ. കാമറകള്‍

  1. അള്‍ട്രാ കോം‍പാക്റ്റ് കാമറകള്‍
  2. കോം‍പാക്റ്റ് കാമറകള്‍
  3. പ്രോസൂമര്‍ കാമറകള്‍
  4. ബിഡ്ജ് എസ്.എല്‍.ആര്‍. കാമറകള്‍
  5. എസ്.എല്‍.ആര്‍. കാമറകള്‍

[തിരുത്തുക] മദ്ധ്യ തല കാമറകള്‍

വലിയ പലക പോലുള്ള ഫിലിമുകള്‍ ഉപയോഗിച്ചുള്ള വലിയ കാമറകള്‍ക്കും 35 മി.മി. കാമറകള്‍ക്കും ഇടക്കാണിവ വരുന്നത്. ഇവ തന്നെ പലവിധമുണ്ട്

  1. 6 x 4.5 സെ.മീ കാമറ
  2. 6 x 6 സെ.മീ കാമറ
    1. ഡയറക്റ്റ് വിഷന്‍ കാമറ
  3. 6 x 7 സെ.മീ കാമറ
  4. 6 x 9 സെ.മീ കാമറ
  5. ട്വിന്‍ റിഫ്ലെക്സ് കാമറ

[തിരുത്തുക] പ്രത്യേക കാമറകള്‍

  1. തല്‍‍ക്ഷണ കാമറകള്‍ ഉദാ: പോളറോയ്ഡ്
  2. ജലപ്രതിരോധ കാമറകള്‍ (വാട്ടര്‍ പ്രൂഫ്)
  3. സമുദ്രോപയോഗ കാമറകള്‍
  4. വിശാലക്കാഴ്ച കാമറകള്‍ (വൈഡ് വ്യൂ)
  5. വിസ്താരമാ കാമറകള്‍ (പാനറോമിക് വ്യൂ)
  6. ബൃഹദ് തല കാമറകള്‍ (ലാര്‍ജ് ഫോര്‍മാറ്റ്)

[തിരുത്തുക] ക്യാമറയുടെ ഭാഗങ്ങള്‍

കണ്ണിന്റെ പ്രവര്‍ത്തനം തന്നെയാണ്‌ ക്യാമറയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനവും. ക്യാമറയുടെ പ്രധാനഭാഗങ്ങള്‍ താഴെപ്പറയുന്നു.

[തിരുത്തുക] അപെര്‍ച്വര്‍

കൂടിയതും കുറഞ്ഞതുമായ അപ്പെര്‍ച്വര്‍ വ്യാസം

കാമറയിലേക്ക് കടക്കുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നതിനായി വ്യാസം വ്യത്യാസപ്പെടുത്താന്‍ സാധിക്കുന്നതരത്തിലുള്ള ദ്വാരമാണ് അപ്പെര്‍ച്വര്‍. കാമറയുടെ ലെന്‍സിനു പുറകില്‍ കണ്ണിലെ ഐറിസിനു സമാനമായ പ്രവര്‍ത്തനമാണ് അപ്പെര്‍ച്വര്‍ ചെയ്യുന്നത്.

അപെര്‍ച്വറിന്റെ വലുപ്പം വ്യത്യാസപ്പെടുത്തുന്നതിനനുസരിച്ച് ചിത്രത്തിന്റെ തെളിച്ചത്തിലും മാറ്റം വരുന്നു. രംഗം ഇരുണ്ടതാണെങ്കില്‍ അപെര്‍ച്വര്‍ വ്യാസം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. രംഗം തെളിച്ചമുള്ളതാണെങ്കില്‍ അപ്പെര്‍ച്വര്‍ വ്യാസം കുറക്കുകയും വേണം.

അപ്പെര്‍ച്വറിന്റെ വലുപ്പത്തെ സ്റ്റോപ്പ് എന്നാണ് പറയുന്നത്. എഫ് സംഖ്യ ഉപയോഗിച്ചാണ് അപ്പെര്‍ച്വര്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് എഫ്-22 ഒരു കുറഞ്ഞ അപ്പെര്‍ച്വര്‍ വ്യാസത്തേയും എഫ്-2 എന്നത് കൂടിയ അപ്പെര്‍ച്വര്‍ വ്യാസത്തേയും സൂചിപ്പിക്കുന്നു.

എഫ് നമ്പര്‍ എന്നത് ലെന്‍സിന്റെ ഫോക്കസ് ദൂരത്തിന്റേയും അപ്പെര്‍ച്വര്‍ വ്യാസത്തിന്റേയും അനുപാതമാണ്.

വിവിധ ഷട്ടര്‍ വേഗതയില്‍ ഒരേ രംഗം ചിത്രീകരിച്ചിരിക്കുന്നു. ഷട്ടര്‍ എത്ര സെക്കന്റ് തുറന്നിരുന്നു എന്നതാണ്‌ ചിത്രത്തിനു താഴെ കാണിച്ചിരിക്കുന്നത്

[തിരുത്തുക] ഷട്ടര്‍

ക്യാമറയിലേക്ക് കടക്കുന്ന പ്രകാശത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണിത്. ചിത്രം എടുക്കുന്നതിനായി ഷട്ടര്‍ റിലീസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ഷട്ടര്‍ തുറക്കുകയും ലെന്‍സില്‍ നിന്നും പ്രകാശം ക്യാമറക്കകത്തേക്ക് കടക്കുകയും ഫിലിമില്‍ ചിത്രം പതിയുകയും ചെയ്യുന്നു. ഷട്ടര്‍ തുറന്നതിനു ശേഷം അത് അടഞ്ഞ് പൂര്‍വ്വസ്ഥിതി കൈക്കൊള്ളുന്നു.

നല്ല വെളിച്ചമുള്ളപ്പോള്‍ ഒരു സെക്കന്റിന്റെ ഒരു ചെറിയ അംശം സമയം മാത്രമേ ഷട്ടര്‍ തുറക്കേണ്ട ആവശ്യമുള്ളൂ. ഷട്ടര്‍ വേഗത കൂടിയാല്‍ ചലിക്കുന്ന വസ്തുക്കളുളെ ചിത്രത്തില്‍ നിശ്ചലമായി ചിത്രീകരിക്കാം. എന്നാല്‍ വെളിച്ചം കുറവുള്ള സമയത്ത് ആവശ്യത്തിന്‌ പ്രകാശം ഇല്ലാതെ വരുമ്പോള്‍ ഷട്ടര്‍ കൂടുല് സമയം തുറന്നിരിക്കേണ്ടതായി വരുന്നു. രാത്രി ഫ്ലാഷ് ഇല്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍ ഷട്ടര്‍ വേഗത കുറക്കേണ്ടി വരും. ഇങ്ങനെയുള്ള പടങ്ങള്‍ക്ക് കാമറ നിശ്ചലമായി വക്കേണ്ടത് അത്യാവശ്യമാണ്‌. ഇതിനായി മുക്കാലി(ട്രൈപ്പോഡ്) ഒറ്റക്കാലി (മൊണോ പോഡ്) തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ട്. അല്ലാത്ത പക്ഷം കാമറ പിടിച്ചിരിക്കുന്ന കൈ അനങ്ങുന്നത് ചിത്രത്തിന്റെ വ്യക്തതയെ പ്രതികൂലമഅയി ബാധിക്കും .

[തിരുത്തുക] ഫ്ലാഷ്

ഫ്ലാഷിന്റെ സഹായത്തോടെ എടുത്തിരിക്കുന്ന ജലത്തുള്ളികളുടെ ചിത്രം

ഇരുണ്ട സ്ഥലങ്ങളില്‍ നിന്നും രാത്രികാലങ്ങളിലും ഛായാഗ്രഹണം നടത്തുന്നതിന് ക്യാമറയോടൊപ്പമുള്ള മിന്നല്‍‌വിളക്ക് സഹായിക്കുന്നു. രംഗത്തിന്‌ വെളിച്ചം നല്‍കുക എന്നതു കൂടാതെ അതിവേഗത്തില്‍ നീങ്ങുന്ന വസ്തുക്കളുടെ നിശ്ചലചിത്രം എടുക്കുക, പ്രകൃത്യാലുള്ള പ്രകാശത്തില്‍ നിന്നും വ്യത്യസ്ഥമായ പ്രകാശത്തില്‍ ചിത്രമെടുക്കുക തുടങ്ങിയ ഉപയോഗങ്ങള്‍ക്കും ഫ്ലാഷ് ഉപയോഗിക്കുന്നു.

രംഗത്തിനാവശ്യമായ മുഴുവന്‍ പ്രകാശമോ ഇരുണ്ട സ്ഥലങ്ങളില്‍ അധികം പ്രകാശമോ ഫ്ലാഷ് നല്‍കുന്നു. മിക്ക ക്യാമറകള്‍ക്കും കൂടെ ഘടിപ്പിച്ച രീതിയില്‍ ഇലക്ട്രോണിക് ഫ്ലാഷ് ഉണ്ടായിരിക്കും. ഡിസ്ചാര്‍ജ് വിളക്ക് ഉപയോഗിക്കുന്ന ഇത്തരം ഫ്ലാഷില്‍ ഒരു ചെറിയ സ്ഫടികക്കുഴലില്‍ പ്രത്യേക വാതകം നിറച്ചിരിക്കും. കുഴലിനിരുവശത്തും ഉന്നത വോള്‍ട്ടതയില്‍ വൈദ്യുതി ചെലുത്തുമ്പോള്‍ വാതകത്തിലൂടെ ഡിസ്ചാര്‍ജ് നടക്കുകയും നിമിഷനേരത്തെക്ക് തെളിഞ്ഞ മിന്നല്‍ ഉണ്ടാകുകയും ചെയ്യും.

ഹാന്‍ഡ് ഹെല്‍ഡ് ഡിജിറ്റല്‍ ആംബിയന്റ് ലൈറ്റ് മീറ്റര്‍

[തിരുത്തുക] പ്രകാശമാപിനി

ചിത്രം എടുക്കുന്ന രംഗത്ത് എത്ര പ്രകാശം ലഭ്യമാണ് എന്നളക്കുന്ന ഉപകരണമാണ് പ്രകാശമാപിനി അഥവാ ലൈറ്റ് മീറ്റര്‍. ഇതിനെ എക്സ്പോഷര്‍ മീറ്റര്‍ എന്നും പറയുന്നു.

മിക്ക ക്യാമറകള്‍ക്കും അതിനോടു കൂടെത്തന്നെ ലൈറ്റ് മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ക്യാമറയില്‍ ഘടിപ്പിക്കാത്ത തരത്തിലുള്ള പ്രകാശമാപിനികളും ഉപയോഗത്തിലുണ്ട്. രംഗത്തു നിന്നും വരുന്ന പ്രകാശത്തിന്റെ തീവ്രത ഈ ഉപകരണം അളക്കുന്നു. പ്രകാശം അളക്കുന്നതിന് ഒരു ഫോട്ടോസെല്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രകാശത്തെ വൈദ്യുതിയായി മാറ്റുന്ന ഉപകരണമാണ് ഫോട്ടോസെല്‍. ചില ക്യാമറകളില്‍ ഈ അളവ് ഛായാഗ്രാഹകനെ അറിയിക്കുകയും പ്രകാശത്തിന്റെ അളവിനനുസരിച്ച് അയാള്‍ അപ്പെര്‍ച്വര്‍ ക്രമീകരിക്കുകയും ചെയ്യും.

എന്നാല്‍ ഓട്ടോമാറ്റിക് ക്യാമറകളില്‍ ഫോട്ടോസെല്ലില്‍ നിന്നും വരുന്ന വൈദ്യുതതരംഗത്തിനനുസരിച്ച് ക്യാമറയുടെ അപ്പെര്‍ച്വറും, ഷട്ടര്‍ തുറക്കേണ്ട ഇടവേളയും തനിയേ ക്രമീകരിക്കപ്പെടുന്നു. ഇങ്ങനെ ഒരു നല്ല ചിത്രത്തിനാവശ്യമായ രീതിയില്‍ കൃത്യമായ അളവില്‍ പ്രകാശം ഫിലിമില്‍ പതിക്കാനനുവദിക്കുന്നു.

[തിരുത്തുക] ലെന്‍സ്

ചിത്രീകരിക്കേണ്ട രംഗത്തിനനുസരിച്ച് ക്യാമറകളില്‍ വിവിധതരം ലെന്‍സുകള്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] വിശാലവീക്ഷണ ലെന്‍സ്

കാനന്റെ ഒരു വിശാലവീക്ഷണലെന്‍സ്

രംഗത്തിന്റെ ഒരു വിശാലവീക്ഷണം ലഭ്യമാക്കുന്നതിനായുപയോഗിക്കുന്ന ലെന്‍സുകളാണ് വൈഡ് അംഗിള്‍ ലെന്‍സ്. ഇത്തരം ലെന്‍സുകളുടെ ഫോക്കസ് ദൂരം കുറവായിരിക്കും. വലിയ ഒരു വീക്ഷണകോണിലുള്ള രംഗത്തെ പകര്‍ത്താന്‍ ഈ ലെന്‍സുകളുപയോഗിച്ച് സാധിക്കുന്നു.

500 മി.മി. ടെലിഫോട്ടോ ലെന്‍സ്

[തിരുത്തുക] ടെലിഫോട്ടോ ലെന്‍സ്

വിദൂരവസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെന്‍സുകളാണ് ടെലിഫോട്ടോ ലെന്‍സ്. അതായത് ഇതിന് വളരെ ചെറിയ ഒരു വീക്ഷണകോണിലുള്ള വസ്തുക്കളുടെ ചിത്രമേ എടുക്കാന്‍ സാധിക്കൂ. ഇത്തരം ലെന്‍സുകള്‍ക്ക് ഫോക്കസ്‍ ദൂരം കൂടുതലായിരിക്കും. ഈ ഫോക്കസ് ദൂരത്തിനനുസരിച്ച് ഫിലിം ക്രമീകരിക്കേണ്ടതുകൊണ്ട് ഈ ലെന്‍സ് ക്യാമറക്കു മുന്നില്‍ നീണ്ടിരിക്കുന്ന കുഴലിനു മുന്നിലായിരിക്കും ഘടിപ്പിച്ചിരിക്കുന്നത്.

[തിരുത്തുക] സൂം ലെന്‍സ്

നിക്കോണിന്റെ ഒരു സൂം ലെന്‍സ്

ലെന്‍സിന്റെ ഫോക്കസ് ദൂരം ക്രമീകരിച്ച് ഒരു വൈഡ് ആംഗിള്‍ ലെന്‍സായും ടെലിഫോട്ടോ ലെന്‍സായും മാറാന്‍ കഴിവുള്ളതരം ലെന്‍സുകളാണ് സൂം ലെന്‍സുകള്‍. ഇത്തരം ലെന്‍സുകളുപയോഗിച്ച് ആവശ്യത്തിനനുസരിച്ച് വീക്ഷണകോണില്‍ ഒരു പരിധി വരെ മാറ്റം വരുത്താം.

വിവിധ ലെന്‍സുകളുപയോഗിക്കുമ്പോള്‍ ചിത്രത്തിനുണ്ടാകുന്ന മാറ്റത്തിന്റെ ഉദാഹരണം താഴെ കാണിച്ചിരിക്കുന്നു. ഈ ചിത്രങ്ങളെല്ലാം 35 മില്ലീമീറ്റര്‍ ഫിലിമില്‍ ഒരേ ദൂരത്തു നിന്ന് വിവിധ ഫോക്കസ് ദൂരമുള്ള ലെന്‍സുകളുപയോഗിച്ച് ഒരേ രംഗം ചിത്രീകരിച്ചതാണ്‌. ലെന്‍സുകളുടെ ഫോക്കസ് ദൂരം ചിത്രത്തിനു താഴെ കൊടുത്തിരിക്കുന്നു.
28 mm ലെന്‍സ്
50 mm ലെന്‍സ്
70 mm ലെന്‍സ്
210 mm ലെന്‍സ്

[തിരുത്തുക] ഫോക്കസ്

വിവിധ ദൂരങ്ങളിലുള്ള വസ്തുക്കളുടേ വ്യക്തമായ ചിത്രം ക്യാമറയില്‍ പതിയുന്നതിന്‌ ലെന്‍സിന്റെ ഫോക്കസ് ദൂരം ക്രമീകരിക്കേണ്ടതുണ്ട്. ക്യാമറയുടെ ലെന്‍സിനു ചുറ്റും കാണുന്ന വളയങ്ങള്‍ തിരിച്ചാണ്‌ ഫോക്കസ് ദൂരം അല്പ്പാല്പ്പമായി ക്രമീകരിക്കുന്നത്.

[തിരുത്തുക] ഓട്ടോഫോക്കസ്

വ്യക്തമായ ചിത്രം എടുക്കുന്നതിനായി ക്യാമറയുടെ ഫോക്കസ് ദൂരം തനിയേ ക്രമീകരിക്കുന്ന സം‌വിധാനമാണ്‌ ഓട്ടോഫോക്കസ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് എടുക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ വ്യക്തത പരിശോധിക്കുകയും അതിനനുസരിച്ച് ചിത്രം വ്യക്തമാകുന്നതുവരെ ലെന്‍സ് ക്രമീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഈ സം‌വിധാനത്തില്‍ ചെയ്യുന്നത്. ചില ക്യാമറകളില്‍ പകര്‍ത്താനുദ്ദേശിക്കുന്ന വസ്തുവിന്റെ ദൂരം അളക്കുന്നതിന്‌ ഇന്‍ഫ്രാറെഡ് കിരണം ഉപയോഗപ്പെടുത്തുന്നു. ഈ കിരണത്തിന്റെ പ്രതിഫലനം അളന്ന് വസ്തുവിന്റെ ദൂരം മനസിലാക്കി ലെന്‍സ് ക്രമീകരിക്കുന്നു.

[തിരുത്തുക] വ്യൂ ഫൈന്‍ഡര്‍

എടുക്കാനുദ്ദേശിക്കുന്ന ചിത്രം എങ്ങനെയിരിക്കും എന്ന് ഛായാഗ്രാഹകന്‌ കാണിച്ചുകൊടുക്കുന്നതിനുള്ള ക്യാമറയുടെ ഭാഗമാണ്‌ വ്യൂ ഫൈന്‍ഡര്‍. ക്യാമറയുടെ പ്രധാന ലെന്‍സ് ഉപയോഗിച്ചുണ്ടാകുന്നതുപോലൊരു ചിത്രം വ്യൂ ഫൈന്‍ഡര്‍ മറ്റൊരു ലെന്‍സിലൂടെ ഛായാഗ്രാഹകന്‌ കാണിച്ചു കൊടുക്കുന്നു. എസ്.എല്‍.ആര്‍. ക്യാമറകളില്‍ പ്രധാന ലെന്‍സ് തന്നെയാണ്‌ വ്യൂ ഫൈന്‍ഡറിനു വേണ്ടിയും ഉപയോഗിക്കുന്നത്.

[തിരുത്തുക] എസ്.എല്‍.ആര്‍. (സിങ്കിള്‍-ലെന്‍സ് റിഫ്ലെക്സ്) ക്യാമറ

എസ്.എല്‍.ആര്‍. ക്യാമറയുടെ ഘടകങ്ങള്‍.
1 - 4-എലമെന്റ് ലെന്‍സ്
2 - റിഫ്ലക്സ് മിറര്‍
3 - ഫോക്കല്‍ പ്ലേന്‍ ഷട്ടര്‍
4 - സെന്‍സര്‍
5 - Matte focusing screen
6 - Condenser lens
7 - Pentaprism
8 - Eyepiece

ചിത്രം എടുക്കുന്നതിനും വ്യൂ ഫൈന്‍ഡറിനും ഒരേ ലെന്‍സ് ഉപയോഗിക്കുന്ന തരം ക്യാമറകളാണ് എസ്.എല്‍.ആര്‍. സാധാരണ ക്യാമറകളില്‍ വ്യൂ ഫൈന്‍ഡറിനായി‍ ക്യാമറയുടെ പ്രധാന ലെന്‍സ് ഉപയോഗിക്കുന്നില്ല.

എസ്.എല്‍.ആര്‍. ക്യാമറകളില്‍ ഒരു വിജാഗിരിയില്‍ പിടിപ്പിച്ചിട്ടുള്ള ഒരു കണ്ണാടി ഫിലിമിനു മുന്‍പിലായി വച്ചിരിക്കും. ചിത്രം എടുക്കുന്നതുവരെ ലെന്‍സില്‍ നിന്നുള്ള പ്രതിരൂപം ഈ കണ്ണാടിയിലൂടെ വ്യൂ ഫൈന്‍ഡറിലെത്തി ഛായാഗ്രാഹകന്‌ കാണാന്‍ സാധിക്കുന്നു. ചിത്രം എടുക്കുന്ന സമയത്ത് ഈ കണ്ണാടി ഉയരുകയും ചിത്രം ഫിലിമില്‍ പതിയുകയും ചെയ്യുന്നു.

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

[തിരുത്തുക] ഇതും കാണുക

ഡിജിറ്റല്‍ ക്യാമറ

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

http://photo.net/learn/

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%9B%E0%B4%BE%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B9%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം