മഴവില്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അലാസ്കയിലെ റാങ്കെല്‍-സെന്റ് എലിയാസ് ദേശീയോദ്യാനത്തില്‍ കാണപ്പെട്ട മഴവില്ല്

അന്തരീക്ഷത്തിലെ ജലകണികകളില്‍ പതിക്കുന്ന പ്രകാശത്തിന്‌ പ്രകീര്‍ണ്ണനം സംഭവിക്കുന്നതുമൂലം കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്‌ മഴവില്ല്[1]. ചാപമായി‌ പ്രത്യക്ഷപ്പെടുന്ന മഴവില്ലില്‍ ദൃശ്യപ്രകാശത്തിലെ ഘടകവര്‍ണ്ണങ്ങള്‍ വേര്‍പിരിഞ്ഞ് ന്യൂട്ടന്റെ സപ്തവര്‍ണ്ണങ്ങളായി കാണാന്‍ കഴിയും. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇന്‍ഡിഗോ, വയലറ്റ് എന്നിവയാണ്‌ ന്യൂട്ടന്റെ സപ്തവര്‍ണ്ണങ്ങള്‍. ഇതില്‍ ചുവപ്പ് ചാപത്തിന്റെ ബഹിര്‍ഭാഗത്തായും, വയലറ്റ് അന്തര്‍ഭാഗത്തായും വരും. മറ്റുവര്‍ണ്ണങ്ങള്‍ ഇവയ്ക്കിടയില്‍ ക്രമമായി വിന്യസിക്കപ്പെട്ടിരിക്കും. രാവിലെയോ വൈകിട്ടോ സൂര്യന്‌ എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക[2].

മഴവില്ല് ഒരു വൈകുന്നേര കാഴ്ച

[തിരുത്തുക] കാരണം

ജലകണികയില്‍ നടക്കുന്ന പ്രകീര്‍ണ്ണനം
ജലകണികയില്‍ സാധാരണ നടക്കുന്ന ആന്തര പ്രതിഫലനം

ഒരു ജലകണികയുടെ മുകള്‍ഭാഗത്ത് അനുയോജ്യമായ കോണില്‍ പതിക്കുന്ന പ്രകാശരശ്മി കണികയ്ക്കുള്ളിലേക്ക് അപവര്‍ത്തനം ചെയ്യപ്പെടുകയും, തുടര്‍ന്നത് കണികയ്ക്കുള്ളില്‍ തന്നെ ആന്തരപ്രതിഫലനത്തിനു വിധേയമാവുകയും തുടര്‍ന്ന് കണികയുടെ താഴെക്കൂടി പുറത്തേക്കു കടക്കുകയും ചെയ്യുന്നു. പുറത്തേക്കു കടക്കുന്ന സന്ദര്‍ഭത്തില്‍ പ്രകാശരശ്മി വീണ്ടും അപവര്‍ത്തനത്തിനു വിധേയമാകുന്നുണ്ട്. തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പുരശ്മിക്ക് അപവര്‍ത്തനഫലമായിയുണ്ടാകുന്ന വ്യതിയാനം മറ്റുരശ്മികളെ അപേക്ഷിച്ച് കുറവായിരിക്കും, തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റ് രശ്മിക്കായിരിക്കും ഏറ്റവും കൂടുതല്‍ അപവര്‍ത്തനം സംഭവിച്ചിട്ടുണ്ടാവുക.[3][4][5] ഇത്തരത്തില്‍ നടക്കുന്ന രണ്ട് അപവര്‍ത്തനങ്ങളുടെ ഫലമായി പ്രകാശരശ്മി പൂര്‍ണ്ണമായും ഘടകരശ്മികളായി പിരിയുന്നു. മഴവില്ലിനെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ഒരു കണികയില്‍നിന്നും വരുന്ന ഒരു രശ്മി മാത്രമേ കാണാന്‍ കഴിയൂ, ഇത്തരത്തില്‍ നിരവധി കണികകളില്‍ നിന്നും പ്രകീര്‍ണ്ണനം സംഭവിച്ച രശ്മികള്‍ കണ്ണില്‍ പതിക്കുമ്പോള്‍ നിരീക്ഷിക്കുന്നയാള്‍ ഒരു മഴവില്ലു കാണുന്നതായിരിക്കും. ചുവപ്പ് ദൃഷ്ടിരേഖയില്‍ 42.8 ഡിഗ്രീ കോണും, വയലറ്റ് 40.8 ഡിഗ്രി കോണുമാണ്‌ സൃഷ്ടിക്കുക. വിഘടിക്കാത്ത പ്രകാശരശ്മിയും, നിരീക്ഷിക്കുന്നയാളും അന്തരീക്ഷത്തിലുള്ള ജലകണികകളില്‍ അനുയോജ്യമായ കോണുകള്‍ പാലിക്കുന്നുവെങ്കില്‍ നിരീക്ഷിക്കുന്നയാള്‍ക്ക് ഇത്തരത്തില്‍ പ്രകീര്‍ണ്ണനം ചെയ്തുവരുന്ന നിരവധി രശ്മികള്‍ കാണാവുന്നതായിരിക്കും. നിരീക്ഷിക്കുന്നയാള്‍ ഒരു ത്രിമാനതലത്തിന്റെ ഒരുതലത്തില്‍ നിന്ന് നോക്കുമ്പോള്‍ മറ്റ് രണ്ട് തലങ്ങളിലുമായി ഇത്തരത്തില്‍ കോണുകള്‍ പാലിച്ച് കാണാന്‍ കഴിയുക ഒരു വൃത്തമായിരിക്കും, എന്നാല്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ കാഴ്ച്ചയുടെ ഒരു ഭാഗം ഭൂമിയാല്‍ മറയപ്പെട്ടിരിക്കും അതുകൊണ്ട് ഭൂമിയില്‍ നിന്നു മഴവില്ലിനെ നോക്കിയാല്‍ കാണാവുന്ന ഏറ്റവും വലിയ ചാപം അര്‍ദ്ധവൃത്തമായിരിക്കും, അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് ജലകണികകളുണ്ടെങ്കിലും മറ്റൊരു ഭാഗത്ത് ജലകണികകള്‍ ഇല്ലങ്കില്‍ ഈ അര്‍ദ്ധവൃത്തം പൂര്‍ണ്ണമായിരിക്കില്ല. അതുകൊണ്ടാണ്‌ മഴവില്ലുകളില്‍ അധികവും വൃത്തചാപങ്ങളായി കാണപ്പെടുന്നത്. അന്തരീക്ഷത്തില്‍ അനുയോജ്യമായ ഉയരത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ ഇരിക്കുന്നതോ, ഉയര്‍ന്ന മലമുകളില്‍ നില്‍ക്കുന്നതോ ആയ ഒരാള്‍ക്ക് പൂര്‍ണ്ണവൃത്തമായോ അര്‍ദ്ധവൃത്തത്തേക്കാളും വലിയ ചാപമായോ മഴവില്ല് കാണാന്‍ കഴിയുന്നതാണ്‌[6]. നിരീക്ഷിക്കുന്നയാള്‍ ഉയര്‍ന്ന കോണില്‍ നില്‍ക്കുന്ന ജലകണികകളില്‍ നിന്ന്‍ വരുന്ന ചുവപ്പുരശ്മികളും, താഴ്ന്ന കോണില്‍ നില്‍ക്കുന്ന ജലകണികകളില്‍ നിന്നും വയലറ്റ് രശ്മികളും കാണുന്നതുകൊണ്ടാണ്‌ ചുവപ്പ് ചാപത്തിന്റെ ബഹിര്‍ഭാഗത്തായും വയലറ്റ് ഉള്ളിലായും കാണുന്നത്.

[തിരുത്തുക] സമാന പ്രതിഭാസങ്ങള്‍

ദ്വിതീയമഴവില്ലിനു കാരണമാകുന്ന ആന്തരപ്രതിഫലനം

സാധാരണ കാണുന്നയിനം മഴവില്ലും, അതിന്റത്ര തെളിഞ്ഞു കാണാത്ത ഉയര്‍ന്ന കോണില്‍ ഒരു ദ്വിതീയ മഴവില്ലും ചിലപ്പോള്‍ കാണാവുന്നതാണ്‌. ദ്വിതീയ മഴവില്ലും പ്രകാശത്തിനു ജലകണികകളില്‍ പ്രകീര്‍ണ്ണനം സംഭവിക്കുന്നതു മൂലമുണ്ടാകുന്നതാണ്‌ പക്ഷേ ആ കണികകളില്‍ ആന്തരിക പ്രതിഫലനം രണ്ടുപ്രാവശ്യം നടക്കുന്നുണ്ട്[7][8]. അതിന്റെ ഫലമായി, സാധാരണ മഴവില്ലില്‍ നിന്നും വ്യത്യസ്തമായി വയലറ്റ് പുറത്തും ചുവപ്പ് അകത്തുമായിട്ടായിരിക്കും കാണുക. സാധാരണ മഴവില്ലിലാണെങ്കില്‍ കൂടി, ജലകണികകളില്‍ പൂര്‍ണ്ണ ആന്തരിക പ്രതിഫലനം നടക്കുന്നില്ല. പ്രകാശത്തിന്റെ ഒരു ഭാഗം പ്രതിഫലിക്കാതെ പുറത്തേയ്ക്കു പോകുന്നുണ്ട്. രണ്ട് പ്രാവശ്യമായി ആന്തരിക പ്രതിഫലനം നടന്നതിന്റെ ഫലമായി നാം കാണുന്ന നിറങ്ങള്‍ക്ക് അതുകൊണ്ട് തീവ്രത കുറവായിരിക്കും. അതിനാലാണ്‌ ദ്വിതീയ മഴവില്ല് എപ്പോഴും അല്പം മങ്ങിക്കാണുന്നത്. ആന്തരിക പ്രതിഫലനം നടക്കുന്ന കൂടെ തന്നെ കുറെയധികം രശ്മികള്‍ അതിനുവിധേയമാകാതെ പോകുന്നുണ്ട്. ഇവയ്ക്ക് ഒരു പ്രാവശ്യം അപവര്‍ത്തനം സംഭവിച്ചതായിരിക്കും, ഇത്തരത്തിലുള്ള രശ്മികള്‍ ഏകദേശം പ്രകാശസ്രോതസ്സിന്റെ ദിശയില്‍ നിന്നു തന്നെയായിരിക്കും വരിക. അതുകൊണ്ട് അവ കാണാന്‍ കഴിയില്ല.

ചന്ദ്രപ്രകാശവും ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മഴവില്ല് ഉണ്ടാക്കാറുണ്ട്[9]. എന്നാല്‍ മനുഷ്യന്റെ കണ്ണിന്‌ കുറഞ്ഞവെളിച്ചത്തില്‍ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് കുറവായതിനാല്‍ മഴവില്ലിലെ ഏഴുനിറങ്ങളും കാണാന്‍ കഴിഞ്ഞെന്നു വരില്ല.

ഒരു പ്രകാശ സ്രോതസ്സിന്‌ എതിര്‍ദ്ദിശയില്‍ വെള്ളം കണികകളാക്കി ചീറ്റിച്ചാലും മഴവില്ല് കാണാന്‍ കഴിയുന്നതാണ്‌.

[തിരുത്തുക] അവലംബം

  1. http://www.hindu.com/seta/2005/07/07/stories/2005070700151700.htm
  2. http://eo.ucar.edu/rainbows/
  3. http://www.hagmolen.nl/regenboog/0/0_brekingsindices.htm
  4. http://www.math.gatech.edu/~andrew/Math1501Sp2001/Rainbows.pdf
  5. http://www.colorado.edu/physics/phys1140/phys1140_sp09/doc/Lab03.pdf
  6. http://www.usna.edu/Users/oceano/raylee/RainbowBridge/Chapter_8.html
  7. http://www.atoptics.co.uk/rainbows/ord2form.htm
  8. http://ww2010.atmos.uiuc.edu/(Gh)/guides/mtr/opt/wtr/rnbw/scnd.rxml
  9. http://www.pa.uky.edu/~sciworks/light/preview/rainbo.htm

"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B4%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം