മട്ടന്നൂർ ശങ്കരൻകുട്ടി
കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി. തായമ്പകയിലൂടെയാണ് ഇദ്ദേഹത്തിന് കൂടുതൽ പ്രശസ്തിയെങ്കിലും ഇതിനു പുറമേ മറ്റു ചെണ്ടമേളങ്ങളിലും പഞ്ചവാദ്യത്തിലും അതീവനിപുണനാണ്.
വാദ്യകലയിലെ മികവിന്റെ അംഗീകാരമായി 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1] ഇതിനുപുറമേ കേരള സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടേയും പുരസ്കാരങ്ങൾ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ലഭിച്ചിട്ടുണ്ട്.[2] കേരളത്തിലെ വാദ്യമേളക്കാരുടെ ഉന്നതസ്ഥാനമായിക്കണക്കാക്കുന്ന തൃശൂർ പൂരത്തിൽ, എട്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണക്കാരനായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ശങ്കരൻകുട്ടി ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവികന്മാർ മട്ടന്നൂർ ക്ഷേത്രത്തിലെ ചെണ്ടക്കാരായിരുന്നു.
സോപാനസംഗീതത്തിന്റെയും ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിലാണ് മട്ടന്നൂർ ശങ്കരൻ കുട്ടി വളർന്നുവന്നത്. വീട്ടിൽ നിന്നു തന്നെ അദ്ദേഹം ബാല്യത്തിലേ ചെണ്ടയും ഇടക്കയും അഭ്യസിച്ചു. പിന്നീട് പേരൂർ ഗാന്ധിസേവാസദനത്തിൽ നിന്ന് അദ്ദേഹം കഥകളി ചെണ്ടയിൽ പാഠങ്ങൾ അഭ്യസിച്ചു. ഈ വിദ്യാലയത്തിലെ ഗുരുക്കളായിരുന്ന പല്ലാസ്സന ചന്ദ്ര മന്നടിയാരിൽ നിന്നും സദനം വാസുവിൽ നിന്നുമായിരുന്നു അദ്ദേഹം തായമ്പകയും കഥകളി ചെണ്ടയും പഠിച്ചത്. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ശങ്കരമാരാരിൽ നിന്നും അദ്ദേഹം ഇടക്കയും അഭ്യസിച്ചു. സദനത്തിൽ നിന്ന് കഥകളി ചെണ്ടയിൽ ഡിസ്റ്റിംഗ്ഷനോടെ പഠനം പൂർത്തിയാക്കുമ്പോൾ അദ്ദേഹം തായമ്പക, കഥകളി ചെണ്ട, എന്നിവയ്ക്കു പുറമേ സോപാന സംഗീതം, പാണി എന്നിവയിലും നിപുണനായി മാറിയിരുന്നു.
വെള്ളിനേഴി ഗവ.ഹൈസ്ക്കൂളിൽ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായും ഇദ്ദേഹം ജോലി ചെയ്തിരുന്നു.
[തിരുത്തുക] തായമ്പകക്കാരൻ
ഒരു തായമ്പക വാദ്യക്കാരനായി ഉള്ള ശങ്കരൻ കുട്ടിയുടെ തുടക്കം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ആലിപ്പറമ്പിൽ ശിവരാമ പൊതുവാൾ, പല്ലാവൂർ അപ്പുമാരാർ എന്നീ ഇരട്ടത്തായമ്പകക്കാരുടെ പങ്കാളിയായതോടെ കേരളത്തിലെ സാംസ്കാരികലോകം ശങ്കരൻകുട്ടിയെ ശ്രദ്ധിച്ചു തുടങ്ങി.[2]
യുവാവായിരിക്കെതന്നെ ഏറ്റവും കഴിവുറ്റ തായമ്പകക്കാരനായി പേരെടുത്തു. താളസ്ഥിതി,സാധകം,ശബ്ദഭംഗി, കാലപ്രമാണം, ഭാവം, സംഗീതം എന്നിങ്ങനെ വാദ്യകലാകാരന് വേണ്ടസിദ്ധികൾ മട്ടന്നൂരിൽ സജ്ജമാണ്. പഴമ നിലനിർത്തികൊണ്ടുതന്നെ ട്രിപ്പിൾ തായമ്പകയിൽ സ്വന്തമായി ശൈലിയുണ്ടാക്കി. പഞ്ചാരി, പഞ്ചവാദ്യം, വാദ്യമഞ്ജരി, ശ്രുതി മേളം എന്നീപരീക്ഷണ സമ്പ്രദായങ്ങൾക്ക് നേത്യത്വം നല്കി. പാണ്ടിമേളവും പഞ്ചാരിയും കഥകളിമേളവും പ്രയോഗിച്ചു ഫലിപ്പിക്കാനും നവീനാർത്ഥതലങ്ങൾ വിന്യസിപ്പിക്കാനും മട്ടന്നൂരിന് സാധിച്ചു.[അവലംബം ആവശ്യമാണ്]
[തിരുത്തുക] പരീക്ഷണങ്ങൾ
ഇന്ത്യയിലെപ്പാടും സഞ്ചരിച്ച് ചെണ്ടമേളങ്ങൾ നടത്തുകയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വാദ്യസംഗീതങ്ങൾ കേൾക്കുകയും ചെയ്ത ശങ്കരൻ കുട്ടി ചെണ്ടവായനയിൽ കാലാനുസൃതമായ മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിൽ താല്പര്യം കാണിച്ചു. ഫ്യുഷൻ മ്യൂസിക്കിൽ പങ്കെടുത്ത് പാശ്ചാത്യ-പൗരസ്ത്യവാദ്യങ്ങളുമായി ചെണ്ടവാദ്യത്തെ ഇണക്കി.കേരളീയവാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഇദ്ദേഹം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു.
മട്ടന്നൂരിന്റെ തായമ്പക ചെണ്ടയുടെ പാരമ്പര്യമായുള്ള മേളങ്ങളിൽ നിന്നും വ്യതിചലിച്ചവയായിരുന്നു. തൃശ്ശൂർ പൂരത്തിന് തനിയേ ചിട്ടപ്പെടുത്തി പാരമ്പര്യമായ രീതിയിൽ നിന്നും മാറി ചെണ്ടവായിച്ചത് യാഥാസ്ഥിതികരായ രസികരിൽ നിന്നും വിമർശനം പിടിച്ചുപറ്റി.
തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടി മേളത്തിലെ പ്രധാനിയായിരുന്ന കാലത്ത് പഞ്ചവാദ്യത്തിന്റെ ഒരു ഭാഗം ത്രിപുട താളത്തിൽ (അടന്ത) നിന്നു മാറ്റി പഞ്ചാരി താളത്തിൽ ചിട്ടപ്പെടുത്തി. ഇത് യാഥാസ്ഥിതികരുടെ വൻവിമർശനങ്ങൾക്ക് വഴിവക്കുകയും പലരും അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രായോഗികമല്ല എന്നു പറഞ്ഞ് തള്ളിക്കളയുകയും ചെയ്തു. എങ്കിലും മട്ടന്നൂർ ശങ്കരൻകുട്ടി വാദ്യകലയിൽ തന്റേതായ പാത പിന്തുടരുന്നു.[2]
പ്രശസ്ത മൃദംഗം വായനക്കാരനായ ഉമയാൾപുരം ശിവരാമനുമൊത്ത് പലതവണ ജുഗൽബന്ദികളും മട്ടന്നൂർ ശങ്കരൻ കുട്ടി നടത്തിയിട്ടുണ്ട്. ഇവ വളരെ ജനപ്രിയമാണ്.
[തിരുത്തുക] തൃശൂർ പൂരത്തിൽ
30 വർഷത്തോളം തൃശൂർ പൂരത്തിന്റെ മേളസംഘത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കാളിയായിരുന്നിട്ടുണ്ട്. 2003 മുതൽ തിരുവമ്പാടി വിഭാത്തിന്റെ പ്രമാണക്കാരനായിരുന്നു. എട്ടു വർഷങ്ങൾക്കു ശേഷം 2011-ൽ പ്രമാണസ്ഥാനത്തുനിന്ന് ഒഴിഞ്ഞു.[3]. ആ സ്ഥാനം കിഴക്കൂട്ട് അനിയൻ മാരാർക്ക് നൽകപ്പെട്ടു.
[തിരുത്തുക] സിനിമ
1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന മലയാള ചലച്ചിത്രത്തിൽ ഇദേഹം ശ്രടെയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. രാമൻ എന്ന പക്കമേളക്കാരന്റ വേഷം തന്മയത്വത്തോടെ അദേഹം അവതരിപ്പിക്കുകയും ചെയ്തു.
[തിരുത്തുക] അവലംബം
- ↑ http://pib.nic.in/release/release.asp?relid=46983
- ↑ 2.0 2.1 2.2 വി. കലാധരൻ (2005 നവംബർ 4). "Heir to a proud musical legacy" (ഇംഗ്ലീഷ് ഭാഷയിൽ) (html). ദ ഹിന്ദു. http://www.hindu.com/fr/2005/11/04/stories/2005110401920200.htm, ശേഖരിച്ചത്: 24 സെപ്റ്റംബർ 2011.
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/article1763365.ece