പഞ്ചാരിമേളം
കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു ചെണ്ടമേളമാണ് പഞ്ചാരിമേളം. പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ചെണ്ട, കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്. കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക് താൾ 'നും സമാനമാണ് ആറക്ഷരകാലമുള്ള പഞ്ചാരി താളം.
പഞ്ചാരി മേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 96, 48, 24, 12, 6 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
ക്ഷേത്രമതിൽക്കെട്ടിന് അകത്തു നടക്കുന്ന ശീവേലികൾക്ക് സാധാരണയായി പഞ്ചാരിമേളമാണ് അവതരിപ്പിക്കുക. പഞ്ചാരി പോലെ തന്നെ പ്രസിദ്ധമായ പാണ്ടിമേളം ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക, ക്ഷേത്രമതിൽക്കെട്ടിന് അകത്ത് കൊട്ടുന്ന ഏക പാണ്ടിമേളം തൃശൂർപൂരത്തിന്റെ ഇലഞ്ഞിത്തറമേളം മാത്രമാണ്.
[തിരുത്തുക] പ്രധാന വേദികൾ
പ്രധാനാമായും തൃശൂർ ജില്ലയിലെ വിവിധ ഉത്സവങ്ങളിൽ പഞ്ചാരിമേളം അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ചു വരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം, കുട്ടനെല്ലൂർ പൂരം, ഒല്ലൂർ ഗ്രാമത്തിലുള്ള ശ്രീ ഇടക്കുന്നി ഭഗവതീക്ഷേത്ര ഉത്സവം എന്നിവ ചില പ്രധാനപ്പെട്ട പഞ്ചാരിമേളം അവതരിപ്പിക്കുന്ന വേദികൾ ആണ്. വൃശ്ചിക മാസത്തിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലും നവരാത്രിയോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ കൊടുന്തരപ്പുള്ളി ആഗ്രഹരത്തിലും നടക്കുന്ന പഞ്ചാരി മേളങ്ങളും പ്രശസ്തമാണ്.
[തിരുത്തുക] പ്രശസ്ത കലാകാരന്മാർ
തൃപ്പേക്കുളം അച്ചുത മാരാർ, പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ , ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, കരിമ്പുഴ ഗോപി പോതുവാൾ, തിരുവല്ല രാധാകൃഷ്ണൻ , ചൊവ്വല്ലൂർ മോഹനൻ , പയ്യന്നൂർ നാരായണ മാരാർ, ഗുരുവായൂർ ഹരിദാസ് എന്നിവർ പഞ്ചാരി മേളം അവതരിപ്പിക്കുന്ന ചില പ്രസിദ്ധരായ കലാകാരന്മാർ ആണ്.
മണ്മറഞ്ഞ ചെണ്ട/പഞ്ചാരിമേളം കലാകാരന്മാർ: പെരുവനം അപ്പു മാരാർ, ചക്കംകുളം അപ്പു മാരാർ, കരിമ്പുഴ രാമ പൊതുവാൾ, മുളങ്കുന്നന്നതുകാവ് അപ്പുക്കുട്ട കുറുപ്പ്, കാച്ചാംകുറിച്ചി കണ്ണൻ, കുറുപ്പത്ത് ഈച്ചര മാരാർ, കാരേക്കാട്ട് ഈച്ചര മാരാർ