പ്രാചീന ഗ്രീക്ക് നാഗരികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാര്‍ഥിനോണ്‍ ക്ഷേത്രം:പ്രാചീന ഗ്രീക്കു വാസ്തുകലയുടെ പ്രതീകം.ഏതന്‍സിലെ 'അക്രോപൊളിസ്‌' എന്ന സ്ഥലത്താണിത്‌.

ആധുനിക യൂറോപ്യന്‍ സംസ്കാരത്തിന്‌ അടിത്തറ പാകിയത്‌ പ്രാചീന ഗ്രീക്ക്‌ സംസ്കാരമാണ്‌.തെക്കു കിഴക്കേ യൂറോപ്പില്‍ ബാള്‍ക്കന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്ത്‌ ഉള്‍ക്കടലുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ്‌ ഗ്രീസ്‌. കടലിനോടുള്ള ഈ സാമിപ്യവും വാസയോഗ്യമായ നിരവധി താഴ്‌വരകളോടു കൂടിയ ഭൂപ്രകൃതിയും സുഖകരമായ സമശീതോഷ്ണ കാലാവസ്ഥയും ബി.സി. എട്ടാം [1] നൂറ്റാണ്ടില്‍ ഗ്രീസില്‍ ഒരു മഹത്തായ സംസ്കാരം ഉടലെടുക്കാന്‍ സഹായകമായി. ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നാഗരികത നവോദ്ധാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളര്‍ച്ചയ്ക്ക്‌ നിരവധി സംഭാവനകള്‍ നല്‍കി.

ഉള്ളടക്കം

[തിരുത്തുക] കാലഘട്ടം

മറ്റു പല പുരാതന സംസ്കാരങ്ങളെയും പോലെ ഗ്രീക്ക്‌ സംസ്കാരത്തിന്റെയും കൃത്യമായ കാലഘട്ടം കണക്കാക്കപ്പെട്ടിട്ടില്ല. മൈസീനിയന്‍ ഗ്രീസിന്റെ ആരംഭകാലമായി കണക്കാക്കപ്പെടുന്ന ബി.സി.1200-നും ആദ്യ ഒളിമ്പിക്സ്‌ നടന്നതായി കണക്കാക്കപ്പെടുന്ന ബി.സി.750-നും ഇടയിലാണ്‌ ഗ്രീക്ക്‌ നാഗരികതയുടെ സുവര്‍ണകാലം. ബി.സി.323-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണത്തോടെ[2] ഹെല്ലനിക്‌ യുഗം ആരംഭിച്ചു.ബി.സി.136-ലെ റോമന്‍ ആക്രമണം വരെ ഗ്രീക്ക്‌ സംസ്കാരം അതിന്റെ എല്ലാ പ്രൗഠിയോടും കൂടി നിലനിന്നു എന്നതിന്‌ വ്യക്തമായ തെളിവുകള്‍ ലഭ്യമാണ്‌.

[തിരുത്തുക] ജനങ്ങള്‍

ഗ്രീക്ക്‌ നാഗരികതയുടെ ആവിര്‍ഭാവത്തിനു മുന്‍പ്‌ ഗ്രീസില്‍ നിലനിന്നിരുന്നത്‌ ഈജിയന്‍ നാഗരികതയായിരുന്നു. പിന്നീട്‌ അയോണിയന്മാരും ബി.സി 2000-ത്തിനും 1500-നും ഇടയ്ക്ക്‌ ഡാന്യൂബ്‌ നദീതടത്തിലെ ഇടയന്മാരായിരുന്ന അക്കേയന്മാരും ഗ്രീസിലേയ്ക്ക്‌ കുടിയേറി. ഇവരില്‍ നിന്നാണ്‌ 'ഗ്രീക്ക്‌' എന്ന പേര്‌ ഉത്ഭവിച്ചത്‌. തുടര്‍ന്നു വന്ന ഡോറിയന്മാര്‍ ബി.സി 12-ആം നൂറ്റാണ്ടു മുതല്‍ 200വര്‍ഷം ഗ്രീസ്‌ ഭരിച്ചു. ആദിപിതാവായ ഹെല്ലന്റെ സ്മരണയ്ക്കായി അവര്‍ ഹെല്ലന്മാര്‍ എന്ന പേരു സ്വീകരിച്ചു. ഗ്രീക്കു കാരും ഇന്ത്യയിലെ ആര്യന്മാരും ഇറാനിയന്മാരും ഒരേവര്‍ഗത്തില്‍പ്പെട്ടവരാണെന്ന്‌ ചില നരവംശശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

[തിരുത്തുക] ചരിത്രം

[തിരുത്തുക] മൈസീനിയന്‍ നാഗരികത: ബി.സി.പന്ത്രണ്ടാം നൂറ്റാണ്ടു വരെ

പ്രമാണം:Ancient Greek cities.PNG
പുരാതന ഗ്രീസിലെ നഗരങ്ങള്‍.

ബി.സി.1400-മുതല്‍ 1200 വരെ ,ഗ്രീസില്‍ മൈസീനിയന്‍ ആധിപത്യം നിലനിന്നിരുന്ന കാലഘട്ടം മൈസീനിയന്‍ കാലഘട്ടം എന്നറിയപ്പെടുന്നു.ഗ്രീക്ക്‌ ഉപദ്വീപിലെ പെലോപ്പൊനീഷ്യന്‍ ഉപദ്വീപിലാണ്‌ 'സുവര്‍ണനഗരം' എന്നറിയപ്പെട്ടിരുന്ന മൈസീനി നഗരം സ്ഥിതി ചെയ്തിരുന്നത്‌.ബി.സി പതിന്നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നോസസ്‌ നഗരത്തിന്റെ പതനത്തോടെ ഗ്രീസിലെ പ്രധാന വാണിജ്യകേന്ദ്രം എന്ന സ്ഥാനം മൈസീനിയ്ക്കു ലഭിച്ചു. ചിത്രരചനയിലും ലോഹശില്‍പകലയിലും വാണിജ്യത്തിലും മൈസീനിയന്മാര്‍ അദ്വിതീയരായിരുന്നു. അവര്‍ സര്‍പ്പങ്ങളെ ആരാധിച്ചിരുന്നു. മരണാനന്തര ജീവിതത്തിലും വിശ്വാസമുണ്ടായിരുന്നു.

ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി മൈസീനിയയിലെ ഒരുവിഭാഗം രാജാക്കന്മാര്‍ ഗ്രീക്കില്‍ ഫെഡറല്‍ സവിധാനം ഏര്‍പ്പെടുത്തി. ഏറ്റവും പ്രശസ്ഥനായ മൈസീനിയന്‍ രാജാവ്‌ അഗമമ്നണ്‍ ആയിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗ്രീക്കുകാര്‍ ട്രോയ്‌ നഗരം ആക്രമിച്ചു കീഴ്പ്പെടുത്തി.

[തിരുത്തുക] ഹോമര്‍ യുഗം: ബി.സി.പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ഒന്‍പതാം നൂറ്റാണ്ടു വരെ

ഇലിയഡ്‌,ഒഡീസ്സി എന്നീ ഗ്രീക്ക്‌ ഇതിഹാസങ്ങള്‍ രചിച്ച അന്ധകവിയാണ്‌ ഹോമര്‍. ബി.സി ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹോമറിന്റെ കൃതികളില്‍ ബി.സി പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ഒന്‍പതാം നൂറ്റാണ്ടു വരെയുള്ള ഗ്രീക്ക്‌ സംസ്കാരത്തിന്റെ വളര്‍ച്ചയെയും ജനജീവിതത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു

ഹോമറിന്റെ കൃതികളിലെ ഗ്രീക്ക്‌ ജനത വെളുത്ത്‌ ഉയരം കൂടിയവരായിരുന്നു.അവര്‍ ഗ്രാമങ്ങളില്‍ ജീവിച്ചു.ഓരോ ഗ്രാമവും മറ്റുള്ളവയുമായി സമ്പര്‍ക്കമില്ലാതെ പ്രത്യേകം രാഷ്ട്രങ്ങളായി നിലനിന്നു. ഓരോ രാജ്യത്തും രാജാക്കന്മാരുമുണ്ടായിരുന്നു. സേനാനായകനും,ഭരണ കര്‍ത്താവും പുരോഹിതനും ന്യായാധിപനും രാജാവു തന്നെയായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു നിയമങ്ങള്‍. അവ രാജാവിനും ബാധകമായിരുന്നു. സമൂഹത്തിന്റെ മുകള്‍ത്തട്ടിലുണ്ടായിരുന്ന പ്രഭുക്കന്മാര്‍ ഭരണ നിര്‍വ്വഹണത്തില്‍ രാജാവിനെ സഹായിച്ചു പോന്നു. ജനങ്ങളുടെ തൊഴില്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു. ശില്‍പകലയിലും,ചിത്രകലയിലും ശാസ്ത്രത്തിലും നിപുണരായ ഒരു പ്രത്യേക ജനവിഭാഗവുമുണ്ടായിരുന്നു. എല്ലാവരും പ്രഭുക്കന്മാരുടെ ആശ്രിതരായിരുന്നു

ഹോമര്‍ യുഗത്തിലെ ജനങ്ങള്‍ ബഹുദൈവാരാധകരായിരുന്നു. അവര്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നില്ല. രാജാവു തന്നെയായിരുന്നു പ്രധാന പുരോഹിതന്‍. അവര്‍ "വെളിപാടു"കളില്‍ വിശ്വസിച്ചിരുന്നു. കേരളത്തിലെ വെളിച്ചപ്പാടുകളെപ്പോലെ ഒരു വിഭാഗം ജനങ്ങള്‍ "ഒറാക്കിള്‍" എന്നറിയപ്പെട്ടിരുന്ന വെളിപാടു സ്ഥലങ്ങളില്‍ 'വെളിച്ചപ്പെട്ടിരുന്നു'.

ഇക്കാലത്തെ ഗ്രീക്കുകാര്‍ക്ക്‌ അക്ഷരജ്ഞാനമുണ്ടായിരുന്നില്ലെന്നാണ്‌ അനുമാനം. ഇലിയഡും ഒഡീസ്സിയും നാടന്‍പാട്ടുകളുടെ രൂപത്തിലായിരുന്നു പ്രചരിച്ചത്‌. വാസ്തു ശില്‍പകലയില്‍ ഇവര്‍ വിദഗ്ധരായിരുന്നു. ലോഹങ്ങളിലെ കൊത്തുപണികളിലും,കെട്ടിടനിര്‍മ്മാണത്തിലും അവര്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. വ്യാപാരകാര്യങ്ങളില്‍ അവര്‍ തികച്ചും അജ്ഞരായിരുന്നു. 'കച്ചവടക്കാരന്‍' എന്നര്‍ത്ഥം വരുന്ന വാക്കു പോലും അക്കാലത്ത്‌ ഗ്രീക്ക്‌ ഭാഷയിലുണ്ടായിരുന്നില്ല.

[തിരുത്തുക] ബി.സി. എട്ടാം നൂറ്റാണ്ട്‌

വികലമായിരുന്ന മയേഷ്യന്‍ ലിപിയില്‍ നിന്നും,വ്യക്തമായ നിയമങ്ങളുള്ള ഫിനേഷ്യന്‍ ലിപിയിലേക്കുള്ള മാറ്റവും,തുടര്‍ന്ന്‌ സാക്ഷരതയിലും എഴുത്തു വിദ്യയിലും ഗ്രീക്കുകാര്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ വളര്‍ച്ചയുമാണ്‌ ഈ കാലഘട്ടത്തിന്റെ മുഖമുദ്ര.

[തിരുത്തുക] ഏഴാം നൂറ്റാണ്ട്‌

ഈ കാലഘട്ടത്തില്‍ രാജഭരണത്തില്‍ നിന്നും പ്രഭുത്വത്തിലേയ്ക്കും,പിന്നീട്‌ ഏകാധിപത്യഥിലേയ്ക്കും നഗരരാഷ്ട്രങ്ങള്‍ കൂപ്പുകുത്തി. ഏകാധിപതികള്‍ ആദ്യം ടൈറനോസ്‌(tyrannos) എന്നും പിന്നീട്‌ ടെറന്റ്‌(terrent)എന്നും അറിയപ്പെട്ടു.ഇന്ന്‌ ഇംഗ്ലീഷില്‍ 'ടെറന്റ്‌' എന്ന പദത്തിനര്‍ത്ഥം "ജനദ്രോഹിയായ ഏകാധിപതി" എന്നാണ്‌.എന്നാല്‍ ഗ്രീസിലെ ടെറന്റുകള്‍ പ്രഭുക്കന്മാരുടെ സ്വേച്ഛാധികാരം അടിച്ചമര്‍ത്തി ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരായിരുന്നു.[3]


ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്‌ ഗ്രീസില്‍ 'വ്യാപാരികള്‍' എന്ന പുതിയ വര്‍ഗ്ഗം ഉദയം ചെയ്തത്‌. നാണയസമ്പ്രദായവും ക്രയവിക്രയ സംസ്കാരവും അവരുടെ സംഭാവനകളായിരുന്നു. കുറഞ്ഞകാലം കൊണ്ടു തന്നെ അവര്‍ ഗ്രീക്ക്‌ സാമ്പത്തികവ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തി. അവരുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച അക്കാലത്തെ ഭരണാധികാരികളില്‍ ഭീതിയുളവാക്കി.

ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ഏതന്‍സില്‍ നിലനിന്നിരുന്ന ഒരു നാണയം ;ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ നിന്ന്‌.

വര്‍ധിച്ച ജനസംഖ്യയും,സ്ഥലപരിമിതിയും, ഒരു ചെറിയ വിഭാഗത്തിന്റെ കൈവശം കുന്നു കൂടിയ കണക്കറ്റ സമ്പത്തും സാമൂഹിക അസമത്വത്തിനും, അധികാര മത്സരങ്ങള്‍ക്കും കളമൊരുക്കി. [4]സ്പാര്‍ട്ടയില്‍ വളര്‍ന്നു വന്ന പ്രഭുവര്‍ഗ്ഗം അയല്‍ രാജ്യമായ മൈസീനിയ ആക്രമിച്ചു. ഇരുപതു കൊല്ലത്തെ സുദീര്‍ഘമായ ചെറുത്തു നില്‍പിനു ശേഷം മൈസീനിയ സ്പാര്‍ട്ടയില്‍ ലയിച്ചു.പിന്നീട്‌ ഇടയ്ക്കിടെയുണ്ടായ ആഭ്യന്തരകലഹങ്ങള്‍ അടിച്ചമര്‍ത്താനായി,ഓരോ സ്പാര്‍ട്ടന്‍ പൗരനും നിര്‍ബന്ധിത സൈനികസേവനം വേണമെന്ന നിയമം നിലവില്‍ വരുത്തി. ഈ കാലഘട്ടത്തില്‍ ഏതന്‍സും സമാനമായ മാറ്റങ്ങളിലൂടെ കടന്നു പോകയായിരുന്നു. നിരവധി ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു ശേഷം,ആര്‍ക്കണ്‍ രാജാവിന്റെ നേതൃത്വത്തില്‍, ബി.സി.621-ല്‍, ഏതന്‍സില്‍ ഒരു ഏകീകൃത നിയമസംഹിത നിലവില്‍ വന്നു.

ചുരുക്കത്തില്‍ ഏഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും സാമൂഹിക സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ ഗ്രീസില്‍ കൊടികുത്തി വാണു.


[തിരുത്തുക] ആറാം നൂറ്റാണ്ട്‌

ആറാം നൂറ്റാണ്ടിലെ ഗ്രീക്ക്‌ അധിനിവേശപ്രദേശങ്ങള്‍ .

നഗരരാഷ്ട്രങ്ങളുടെ ഉദയവും വളര്‍ച്ചയുമാണ്‌ ഈ നൂറ്റാണ്ടിലെ പ്രധാന സംഭവവികാസം.ഒരു നഗരവും അതിനു ചുറ്റുമുള്ള നിരവധി കാര്‍ഷികഗ്രാമങ്ങളും ചേര്‍ന്നതായിരുന്നു ഒരു നഗരരാഷ്ട്രം.ഏതന്‍സ്‌,സ്പാര്‍ട്ട,കൊറിന്ത്‌,തെബിസ്‌ എന്നിവയായിരുന്നു പ്രധാന നഗരരാഷ്ട്രങ്ങള്‍.അവയില്‍ ഏതന്‍സും,കൊറിന്തും വാണിജ്യകേന്ദ്രങ്ങളായി ഉയര്‍ന്നു. ദ്രുതഗതിയിലുള്ള ജനസംഖ്യാവര്‍ധനവും, സ്ഥലപരിമിതിയും യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക്‌ കുടിയേറിപ്പാര്‍ക്കാന്‍ ഗ്രീക്കുകാരെ നിര്‍ബന്ധിതരാക്കി.ദക്ഷിണ ഇറ്റലിയിലേയ്ക്കും,സിസിലിയിലേയ്ക്കും,ഏഷ്യാമൈനറിലേയ്ക്കുമുള്ള കുടിയേറ്റം കോളനികളുടെ രൂപീകരണത്തിനും ഗ്രീക്ക്‌ സംസ്കാരത്തിന്റെ വ്യാപനത്തിനും കാരണമായി.പുത്തന്‍ വ്യാപാര സാധ്യതകള്‍ ഗ്രീക്കുകാരുടെ ജീവിത നിലവാരം അഞ്ചിരട്ടി വരെ ഉയര്‍ത്തി.

ആറാം നൂറ്റാണ്ടില്‍ ഏതന്‍സ്‌ പെസിസ്ട്രാറ്റസിന്റെയും മക്കളായ ഹിപ്പിയസിന്റെയും ഹിപ്പാര്‍ക്കസിന്റെയും അധീനതയിലായി.ബി.സി.510-ല്‍ അഥീനിയന്‍ ഉപരിവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായ ക്ലീസ്തനീസ്‌[5] സ്പാര്‍ട്ടയിലെ ഭരണാധികാരികളുടെ സഹായത്തോടെ ഏതന്‍സ്‌ പിടിച്ചടക്കി.അദ്ദേഹമാണ്‌ ആദ്യമായി 'ജനാധിപത്യം' എന്ന ആശയം അവതരിപ്പിച്ചത്‌.തുടര്‍ന്ന്‌ ഏതന്‍സിന്‌ വികസനത്തിന്റെ സുവര്‍ണകാലമായിരുന്നു.

[തിരുത്തുക] 5-ാ‍ം നൂറ്റാണ്ട്‌

5-ാ‍ം നൂറ്റാണ്ട്‌ ഗ്രീസിന്‌ വളര്‍ച്ചയുടെയും ഒപ്പം യുദ്ധങ്ങളുടെയും കാലമായിരുന്നു.

[തിരുത്തുക] പെരിക്ലിയന്‍ യുഗം

പെരിക്ലിസ്‌

ഗ്രീസില്‍ പെരിക്ലിസിന്റെ(495-429 BC) ഭരണകാലമാണ്‌ പെരിക്ലിയന്‍ യുഗം എന്നറിയപ്പെടുന്നത്‌.ഏതന്‍സിലെ നാവിക സേനാനായകനായിരുന്ന സാന്തിപ്പസിന്റെയും ഭരണകര്‍ത്താവായിരുന്ന ക്ലൈസ്തനിസിന്റെ സഹോദരിയായിരുന്ന അഗാരിസ്റ്റയുടെയും മകനായി.[6] 5-ാ‍ം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജനിച്ച പെരിക്ലിസ്‌ ബി.സി.461-ല്‍ ഏതന്‍സിന്റെ അനിഷേധ്യ നേതാവും ഭരണാധികാരിയുമായി.അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ എല്ലാ മണ്ഡലങ്ങളിലും ഏതന്‍സ്‌ വളര്‍ച്ചയുടെ പൂര്‍ണത കൈവരിച്ചു.അതിനാല്‍ "ഏതന്‍സിന്റെ സുവര്‍ണകാലം എന്നാണ്‌ ഈ കാലഘട്ടത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്‌.അക്കാലത്ത്‌ ഏതന്‍സ്‌ നഗരം ഹെല്ലാസിന്റെ പാഠശാല(The School Of Hellas) എന്നു വിഖ്യാതമായി.ചെറുപ്പം മുതല്‍ക്കേ പൗരബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കിവന്നതിനാലായിരുന്നു അത്‌.രാഷ്ട്രീയ രംഗത്ത്‌ പരിപൂര്‍ണ പ്രജാപ്രഭുത്വ ഭരണം നടപ്പിലാക്കിയത്‌ ഇക്കാലത്താണ്‌.

[തിരുത്തുക] ഗ്രീക്ക്‌-പേര്‍ഷ്യന്‍ യുദ്ധങ്ങള്‍

5-ാ‍ം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്‌,അയോണിയയിലെ ഗ്രീക്ക്‌ ആധിപത്യം അവസാനിപ്പിച്ച ശേഷം,പേര്‍ഷ്യന്‍ രാജാവായിരുന്ന ദാരിയസ്‌ ഒന്നാമന്‍ ബി.സി.490-ല്‍ ഗ്രീസ്‌ ആക്രമിച്ചു.മാരത്തോണ്‍ യുദ്ധം(Battle of Marathon) എന്നറിയപ്പെട്ട പ്രസ്തുത യുദ്ധത്തില്‍ അഥീനിയന്‍ പട്ടാളം ഐതിഹാസിക വിജയം നേടി.പിന്നീട്‌ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം,ദാരിയസ്‌ ഒന്നാമന്റെ മകന്‍ സെറസ്‌ ഒന്നാമന്‍ നടത്തിയ ആക്രമണത്തിലും ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങള്‍ ഒന്നിച്ചു നിന്ന്‌ വിജയം കൈവരിച്ചു.ഗ്രീക്ക്‌ പേര്‍ഷ്യന്‍ യുദ്ധ പരമ്പര ബി.സി.449-വരെ തുടര്‍ന്നു.അവസാനം അയോണിയ അടക്കമുള്ള ഗ്രീക്ക്‌ കോളനികള്‍ പേര്‍ഷ്യന്‍ സ്വാധീനത്തില്‍ നിന്നും മുക്തമാക്കുവാന്‍ ഗ്രീക്ക്‌ പട്ടാളത്തിനു കഴിഞ്ഞു.

[തിരുത്തുക] പെലോപ്പൊനീഷ്യന്‍ യുദ്ധം

ഗ്രീക്ക്‌-പേര്‍ഷ്യന്‍ യുദ്ധങ്ങള്‍ക്കു ശേഷം ഗ്രീക്ക്‌ സാമ്രാജ്യത്തിന്റെ വലിയ പങ്കും അഥീനിയന്‍ സൈന്യത്തിന്റെ കീഴിലായി.ഇത്‌ ഏതന്‍സും സ്പാര്‍ട്ടയും തമ്മിലുള്ള ആഭ്യന്തരകലഹത്തിലും ഒടുവില്‍ പെലോപ്പൊണേഷ്യന്‍ യുദ്ധത്തിലും കലാശിച്ചു.ബി.സി.431 മുതല്‍ 404 വരെയായിരുന്നു യുദ്ധം.യുദ്ദത്തിന്റെ ആദ്യഘട്ടത്തില്‍ അസാമാന്യമായ നാവികശക്തി ഏതന്‍സിന്‌ രക്ഷയായെങ്കിലും,സിസിലിയിലെ പരാജയവും(ബി.സി.413),പേര്‍ഷ്യന്‍ സഹായത്തോടെ അയോണിയയില്‍ നിന്നുള്ള ധാന്യലഭ്യത ഇല്ല്ലാതാക്കുകയെന്ന സ്പാര്‍ട്ടയുടെ തന്ത്രവും(ബി.സി.404) ഏതന്‍സിന്‌ തിരിച്ചടിയായി.ഒടുവില്‍ ബി.സി.405-ല്‍ അഥീനിയന്‍ സൈന്യം പരാജയം സമ്മതിച്ചു.അപ്പോഴേയ്ക്കും അധീനതയിലുണ്ടായിരുന്ന കോളനികളുടെ മുക്കാല്‍ പങ്കും ഏതന്‍സിനു നഷ്ടമായിരുന്നു.

അഥീനിയന്‍ സാമ്രാജ്യം:പെലൊപ്പനേഷ്യന്‍ യുദ്ധത്തിനു തൊട്ടു മുന്‍പ്‌.(431BC)

[തിരുത്തുക] 4-ാ‍ം നൂറ്റാണ്ട്‌

പെലോപ്പൊനീഷ്യന്‍ യുദ്ധത്തിലുണ്ടായ വിജയം ഗ്രീസില്‍ സ്പാര്‍ട്ടയ്ക്ക്‌ സര്‍വാധികാരം നേടിക്കൊടുത്തു.എന്നാല്‍ ബി.സി 395-ല്‍ ഏതന്‍സും,തെബിസും,കൊറിന്തും അടക്കമുള്ള ഒരു കൂട്ടം നഗരരാഷ്ട്രങ്ങള്‍ ഒരുമിച്ചുനിന്ന്‌ സ്പാര്‍ട്ടയുടെ സര്‍വ്വാധിപത്യത്തെ ചോദ്യം ചെയ്തു.താഴേക്കിടയില്‍ നിന്നാരംഭിച്ച ഈ ചലനങ്ങള്‍ ഒടുവില്‍ കൊറിന്ത്യന്‍ യുദ്ധത്തില്‍ (ബി.സി.395-387)അവസാനിച്ചു.പിന്നെയും 16 വര്‍ഷം കൂടി സ്പാര്‍ട്ടന്‍ ആധിപത്യം നില നിന്നു.ബി.സി.871-ല്‍ തെബിസുമായുണ്ടായ ലെറ്റ്ച്യൂറായുദ്ധത്തിലേറ്റ പരാജയത്തോടെ ഗ്രീസിലെ സ്പാര്‍ട്ടന്‍ ആധിപത്യം അവസാനിച്ചു.

സ്പാര്‍ട്ട സമ്പത്തിലും സൈനികശക്തിയിലും രണ്ടാം സ്ഥാനത്തേയ്ക്ക്‌ പിന്തള്ളപ്പെട്ടപ്പോള്‍ തെബിസ്‌ ഒരു പുതിയ ശക്തിയായി ഉയര്‍ന്നു.ബി.സി.361-ഓടു കൂടി തെബിസിന്റെയും ശക്തി ക്ഷയിച്ചു.

[തിരുത്തുക] മാസിഡോണിയന്‍ സാമ്രാജ്യം

നിരന്തരമായ യുദ്ധങ്ങള്‍ ഗ്രീക്ക്‌ സംസ്കാരത്തിന്റെ പ്രൗഠി ക്ഷയിപ്പിച്ചു.ആ കാലഘട്ടത്തിലാണ്‌ പടിഞ്ഞാറന്‍ ഗ്രീക്കിലെ മാസിഡോണിയന്‍ സാമ്രാജ്യത്തിന്റെ ഉദയം.മാസിഡോണിയന്‍ ചക്രവര്‍ത്തിയായിരുന്ന മഹാനായ ഫിലിപ്‌ രണ്ടാമന്‍,തെസ്സാലിയും ത്രേസ്സുമടക്കമുള്ള ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങള്‍ കീഴടക്കി പടയോട്ടം ആരംഭിച്ചത്‌.ഏതന്‍സിന്റെ നേതൃത്വത്തിലുള്ള കോണ്‍ഫെഡറേഷന്‍ മാസിഡോണിയന്‍ ആക്രമണത്തെ ചെറുത്തുവെങ്കിലും ബി.സി.338-ല്‍ നടന്ന ഷീറോണിയാ യുദ്ധത്തില്‍ അവര്‍ പരാജയപ്പെടുകയും സ്പാര്‍ട്ടയൊഴികെയുള്ള എല്ലാ ഗ്രീക്ക്‌ രാഷ്ട്രങ്ങളും ഫിലിപ്പിന്‌ കീഴടങ്ങുകയും ചെയ്തു.തുറ്റര്‍ന്ന്‌ ഏഷ്യാമൈനര്‍ ആക്രമിച്ചു കീഴടക്കാന്‍ പദ്ധതിയിട്ടെങ്കിലും, ബി.സി.336-ല്‍ തന്റെ അനുയായിയുടെ കൈയാല്‍ ഫിലിപ്‌ ചക്രവര്‍ത്തി കൊല്ലപ്പെട്ടു.

ഫിലിപ്പിന്റെ പുത്രനായ അലക്സാണ്ടര്‍ ബി.സി.337-ലാണ്‌ അധികാരമേറ്റത്‌.പേര്‍ഷ്യന്‍ രാജാവായിരുന്ന ദാരിയസ്‌ മൂന്നാമനെയും സിറിയന്‍ പാലസ്തീനി ഭരണാധികാരികളെയും,ഈജിപ്റ്റിലെ ഫറവോയെയും പരാജയപ്പെടുത്തി,ഗംഗാ സമതലപ്രദേശം വരെയെത്തിയ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ബി.സി.323-ാ‍മാണ്ടില്‍ അന്തരിച്ചു.

[തിരുത്തുക] ഹെല്ലനിക്‌ യുഗം

അലക്സാണ്ടറുടെ മരണത്തിനും റോമാക്കാര്‍ ഗ്രീസ്‌ ആക്രമിയ്ക്കുന്നതിനും ഇടയിലുള്ള കാലഘട്ടമാണ്‌ ഹെല്ലനിക്‌ യുഗം എന്നറിയപ്പെടുന്നത്‌. അലക്സാണ്ടറുടെ ഭരണകാലത്ത്‌ യവനസംസ്കാരത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം പ്രധാന സേനാനായകന്മാര്‍ തമ്മില്‍ രാജ്യം പങ്കു വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ യുദ്ധം ബി.സി.331-ഓടു കൂടി മൂര്‍ധന്യതയിലെത്തുകയും ബി.സി.301-ലെ ഇപ്സസ്‌ യുദ്ധത്തോടെ വിഭജനം പൂര്‍ത്തിയാകുകയും ചെയ്തു.ഈജിപ്റ്റും ഫിനീഷ്യയും പാലസ്തീനും ടോളമിയുടെ അധികാരപരിധിയിലായിരുന്നു.സെല്യൂക്കസ്‌മെസപ്പൊട്ടോമിയയുടെയും പേഴ്സ്യയുടെയും സിറിയയുടെയും അധിപനായി. ലിസിമാക്കസിന്‌ ഏഷ്യാമൈനറിന്റെയും ത്രെയിസിന്റെയും ആധിപത്യം ലഭിച്ചു

മൂന്നാം നൂറ്റാണ്ടിന്റെ അവസാനം റോമന്‍ ആക്രമണത്തോടെ ഹെല്ലനിക്‌ യുഗം അവസാനിച്ചു.ബി.സി.136-ാ‍മാണ്ടോടു കൂടി ഗ്രീസിന്റെ മുക്കാല്‍ പങ്കും റോമന്‍ അധീനതയിലായി.സെല്യൂക്കസ്‌ സാമ്രാജ്യം ബി.സി.64 വരെയും ടോളമിയുടെ സാമ്രാജ്യം ബി.സി.30 വരെയും റോമന്‍ പടയോട്ടത്തെ ചെറുത്തു നിന്നുവെങ്കിലും ഒടുവില്‍ റോമിന്‌ കീഴ്പ്പെട്ടു.റോമിന്റെ ആധിപത്യം യവന സംസ്കാരത്തെ പൂര്‍ണമായി തളര്‍ത്തിയില്ല.ഗ്രീസില്‍ കൃസ്തുമതത്തിന്റെ വ്യാപനം പൂര്‍ണമാകുന്നതുവരെ ആ മഹത്തായ നാഗരികത തലയുയര്‍ത്തി നിലനിന്നു.

[തിരുത്തുക] സാമൂഹ്യ ജീവിതം

ഏതന്‍സില്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ നാലു തട്ടുകളായി തിരിച്ചിരുന്നു.കൂടുതല്‍ സമ്പത്തു നെടുന്നവര്‍ക്ക്‌ താഴ്‌ന്ന തട്ടില്‍ നിന്ന്‌ ഉയര്‍ന്ന തട്ടുകളിലേയ്ക്‌ ഉയരാന്‍ അവസരമുണ്ടായിരുന്നു.കൃഷിക്കാരും കന്നുകാലി വളര്‍ത്തുന്നവരുമായിരുന്നു എന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിച്ചിരുന്നത്‌.ശില്‍പകലയിലും, വാസ്തുവിദ്യയിലും വിദഗ്ദരായിരുന്ന മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു. അവരെല്ലാം ഉപരി വര്‍ഗ്ഗമായിരുന്ന ഭൂവുടമകളുടെ ആശ്രിതരായിരുന്നു. . ബി.സി. ഏഴാം നൂറ്റാണ്ടോടു കൂടി വ്യാപാരികള്‍ എന്ന പുതിയ വര്‍ഗ്ഗം ഉദയം ചെയ്തു.സമ്പത്ത്‌ ആ ചെറിയ വിഭാഗത്തിന്റെ കൈയില്‍ കുന്നു കൂടുകയും, സ്വാഭാവികമായും അവര്‍ സമൂഹത്തിന്റെ മുകള്‍ത്തട്ടിലേയ്ക്കുയരുകയും ചെയ്തു.

സ്പാര്‍ട്ടയില്‍ ശിക്ഷണം പൂര്‍ത്തിയാക്കിയ പുരുഷന്മാര്‍ക്കെല്ലാം തുല്യപരിഗണന നല്‍കപ്പെട്ടിരുന്നു.എങ്കിലും പുരോഹിതന്‍ കൂടിയായിരുന്ന ഭരണാധികാരി ഉയര്‍ന്ന കുടുംബ പാരമ്പര്യമുള്ളവരായിരിക്കണമെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു. അടിമകള്‍ ഗ്രീസില്‍ ധാരാളമായുണ്ടായിരുന്നു.അവര്‍ക്ക്‌ കുടുംബജീവിതം നയിയ്ക്കാനും,വസ്തുവകകള്‍ കൈവശം വയ്ക്കാനും അധികാരമുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയാവകാശങ്ങള്‍ നല്‍കിയിരുന്നില്ല.ബി.സി.5-ാ‍ം നൂറ്റാണ്ടോടു കൂടി ഗ്രീക്കിലെ ആകെ ജനതയുടെ മൂന്നിലൊരു ഭാഗം അടിമകളായിരുന്നു.

താഴേക്കിടയിലുള്ള കര്‍ഷകകുടുംബങ്ങള്‍ പോലും അടിമകളെ പോറ്റിയിരുന്നു.റോമന്‍ സമൂഹത്തില്‍ നിന്നും വ്യത്യസ്തമായി, അടിമകളെ സ്വതന്ത്രരാക്കാന്‍ ഉടമകള്‍ക്ക്‌ അവകാശമുണ്ടായിരുന്നു.അടിമകളെ ഉപദ്രവിയ്ക്കാനോ കൊല്ലാനോ ഉള്ള സ്വാതന്ത്ര്യം ഉടമകള്‍ക്കുണ്ടായിരുന്നില്ല.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമെന്ന പോലെ രാഷ്ട്രങ്ങള്‍ക്കും സ്വന്തമായി അടിമകള്‍ ഉണ്ടായിരുന്നു.പൗരന്മാരുടെ സുരക്ഷയും ആരാധനാലയങ്ങ്ലുടെ പരിപാലനവുമായിരുന്നു അവരുടെ പ്രധാന ചുമതല.


[തിരുത്തുക] മതവിശ്വാസങ്ങള്‍

ബഹുദൈവവിശ്വാസികളായിരുന്നു ഗ്രീക്കുകാര്‍.ഒളിമ്പസ്‌ പര്‍വ്വതത്തില്‍ നിവസിച്ചിരുന്നതായി വിശ്വസിച്ചിരുന്ന 12 ഒളിമ്പ്യന്മാരായിരുന്നു പ്രധാന ദേവന്മാര്‍.ആകാശത്തിന്റെയും ഇറ്റിമിന്നലിന്റെയും ദേവനായിരുന്ന സീയൂസ്‌,അദ്ദേഹത്തിന്റെ ഭാര്യ ഹീര,വരുണ ദെവനായ പോസിഡണ്‍,സൂര്യദേവന്‍ അപ്പോളോ,കലയുടെ ദേവതയായ അഥീന,യുദ്ധദേവനായ ആരെസ്‌,ധാന്യങ്ങളുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ഡിമിറ്റര്‍,സൗന്ദര്യത്തിന്റെയും സ്നേഹത്ത്ന്റെയും ദേവതയായ ആഫ്രോഡിറ്റി,അടുപ്പിന്റെ ദേവിയായ ഹെസ്റ്റിയ,കര്‍ഷകരുടെയും ഇടയന്മാരുടെയും ദേവനായ ഹെര്‍മസ്‌,പ്രേമത്തിന്റെ ദേവനായ ഈറോസ്‌,കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രക്ഷകയായ ആര്‍ടിമിസ്‌ ദേവി എന്നിവരായിരുന്നു ഒളിമ്പ്യന്മാര്‍.യുദ്ധവിജയത്തിനും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഗ്രീക്ക്‌ ജനത ദേവന്മാരെ സമ്പ്രീതരാക്കാന്‍ ശ്രമിച്ചു.അവര്‍ സ്വര്‍ഗ്ഗ നരകങ്ങളില്‍ വിശ്വസിച്ചിരുന്നില്ല.

[തിരുത്തുക] രാഷ്ട്രീയം

ഗ്രീക്കുകാര്‍ ആദ്യം ഗ്രാമങ്ങളിലാണ്‌ ജീവിച്ചിരുന്നത്‌.ഗ്രീസിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഓരോ ഗ്രാമവും മറ്റുള്ളവയില്‍ നിന്ന്‌ വേര്‍തിരിക്കപ്പെട്ടിരുന്നു.കാലക്രമത്തില്‍ ഗ്രാമങ്ങള്‍ ഒന്നു ചേര്‍ന്ന്‌ പൊതു സമുദായങ്ങള്‍ സംഘടിപ്പിയ്ക്കപ്പെട്ടു.ഇങ്ങനേ സംഘടിപ്പിയ്ക്കപ്പെട്ട സമുദായങ്ങള്‍ "പോളിസ്‌" എന്നറിയപ്പെട്ടു.ഈ പോളിസുകള്‍ പിന്നീട്‌ നഗരരാഷ്ട്രങ്ങളായി വളര്‍ന്നു. ഒരുനഗരവും കുറെ കാര്‍ഷിക ഗ്രാമങ്ങളും ചെര്‍ന്നതായിരുന്നു ഒരു നഗരരാഷ്ട്രം.മതപരമായ ഉത്സവങ്ങള്‍ എല്ലാ നഗരരാഷ്ട്രങ്ങളെയും ഒന്നിച്ചു കൂടാന്‍ സഹായിച്ചു.ഒളിമ്പിക്‌ കായിക മത്സരങ്ങളും ഹോമറുടെ ഇതിഹാസങ്ങളും അവരില്‍ ഐക്യം വളര്‍ത്തി. നഗരരാഷ്ട്രങ്ങളുടെ ഭരണം രാജാക്കന്മാരില്‍ നിന്നും പ്രഭുക്കന്മാരിലേയ്ക്ക്‌ മാറിമറിഞ്ഞു.വ്യാപാരികളെന്ന സമ്പന്ന വര്‍ഗ്ഗത്തിന്റെ ഉദയത്തോടെ പ്രഭുത്വഭരണം അവസാനിപ്പിച്ച്‌ ഏകാധിപതികളായ ടെറന്റുകള്‍ ഭരണം കൈയടക്കി.കലയു സാഹിത്യവും തത്വചിന്തയും പ്രോത്സാഹിപ്പിച്ചിരുന്നവരായിരുന്നു ടെറന്റുകള്‍.കൊറിന്ത്‌ എന്ന നഗരരാഷ്ട്രത്തിന്റെ ടെരന്റായിരുന്ന പെരിയാന്‍ഡര്‍ പ്രജാക്ഷേമതത്പരനായിരുന്നു. ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങളില്‍ ജനായത്ത ഭരണത്തിന്‌ കളമൊരുക്കിയത്‌ ടെറന്റുകളാണെന്നു പറയാം.പ്രജാപ്രഭുത്വത്തിന്‌ ഗ്രീക്കുകാര്‍ നല്‍കിയ പേര്‌ "ഡെമോക്രസി" എന്നാണ്‌.ജനങ്ങള്‍ എന്നര്‍ത്ഥം വരുന്ന "ഡെമോസ്‌" എന്ന വാക്കില്‍ നിന്നാണ്‌ "ഡെമോക്രസി" യുടെ ഉദയം.എന്നാള്‍ ഗ്രീക്ക്‌ ഡെമോക്രസിയില്‍ പങ്കു ചേരാന്‍ അവകാശമുള്ളവര്‍ വളരെ കുറവായിരുന്നു.അടിമകള്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശമുണ്ടായിരുന്നില്ല.കാലക്രമത്തില്‍ ഗ്രീക്ക്‌ ജനാധിപത്യം അധ്പതിയ്ക്കുകയും സ്വയം നശിയ്ക്കുകയും ചെയ്തു.



[തിരുത്തുക] വിദ്യാഭ്യാസം

വിട്ടുവീഴ്ചയില്ലാത്ത്‌ ശിക്ഷണമായിരുന്നു പ്രാചീന ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങളിലെ പ്രഭുകുടുംബങ്ങളില്‍ ജനിക്കുന്ന പൗരന്‌ വിധിയ്ക്കപ്പെട്ടിരുന്നത്‌.വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ കുടുംബത്തില്‍ നിന്നു വെര്‍പെടുത്തി പ്രത്യേകം പരിശീലനകെന്ദ്രങ്ങളില്‍ കൊണ്ടുപോയി ആയോധനമുറകളിലും തത്വചിന്തയിലും പരിശീലനം നല്‍കിയിരുന്നു.വിദ്യാഭ്യാസത്തിനു ശേഷം സൈനിക സേവനം നടത്താന്‍ ഓരോ പൗരനും നിര്‍ബന്ധിതനായിരുന്നു. പെരിക്ലിസിന്റെ ഭരണകാലത്ത്‌ ഏതന്‍സ്‌ "ഹെല്ലാസിന്റെ പാഠശാല" എന്ന വിശേഷണത്തിനര്‍ഹമായി.മറ്റു നഗരരാഷ്ട്രങ്ങളില്‍ നിന്നും പൗരന്മാര്‍ ശിക്ഷണത്തിന്‌ ഏതന്‍സില്‍ വന്നു ചേര്‍ന്നു.രാഷ്ട്രമീമാംസയും,പൗരധര്‍മ്മവുമായിരുന്നു പ്രധാന പഠനവിഷയങ്ങള്‍.

[തിരുത്തുക] നിയമവ്യവസ്ഥ

പ്രാചീന ഗ്രീസിലെ നിയമ വ്യവസ്ഥ മതാചാരങ്ങളില്‍ അധിഷ്ഠിതമായിരുന്നു.പ്രധാന പുരോഹിതന്‍ കൂടിയായിരുന്ന രാജാവും നിയമങ്ങള്‍നുഷ്ഠിയ്ക്കാന്‍ ബാധ്യസ്ഥനായിരുന്നു.



[തിരുത്തുക] സാംസ്കാരിക സംഭാവനകള്‍

[തിരുത്തുക] കല,വാസ്തുവിദ്യ

ഇന്നു യൂറോപ്പില്‍ പ്രബലമായി നിലനില്‍ക്കുന്ന പല ചിത്ര,വാസ്തുകലാ സങ്കേതങ്ങളും പ്രാചീന ഗ്രീക്ക്‌ കലാസംസ്കാരത്തിന്റെ ബാക്കിപത്രങ്ങളാണ്‌.പെരിക്ലിയന്‍ കാലഘട്ടത്തോടെ വളര്‍ച്ചയുടെ പൂര്‍ണത കൈവരിച്ച്‌ ഗ്രീക്ക്‌ കല,അലക്സാണ്ടറുടെ പടയോട്ടത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു.ലോഹപ്പാത്രങ്ങളിലെയും മണ്‍പാത്രങ്ങളിലെയും കൊത്തുപണികളും മാര്‍ബിള്‍ ശില്‍പനിര്‍മാണവും ചിത്രകലയും അവരുടെ പ്രത്യേകതകളായി വളര്‍ന്നു. ബി.സി.1000-നും 700 നുമിടയ്ക്ക് പാത്രങ്ങളില്‍ ജ്യാമിതീയ രൂപങ്ങള്‍ രച്ചു ചേര്‍ക്കുന്ന രീതി നിലവില്‍ വന്നു.ബി.സി.500 നവരെ പാത്രങ്ങളില്‍ കറുത്ത ചായം കൊണ്ട് ചിത്രങ്ങള്‍ വരച്ചു.ബി.സി.500നു ശേഷം കറുപ്പില്‍ കടും ചുവപ്പ് ചായമുപയോഗിച്ച് ദേവകളുടെ ചിത്രങ്ങള്‍ വരച്ചു തുടങ്ങി.[7]

ബിസി 5-ആം നൂറ്റാണ്ടില്‍ കൊറിന്ത്യയില്‍ നിര്‍മിയ്ക്കപ്പെട്ട പാത്രം

.

ചുണ്ണാമ്പു കല്ലുകളില്‍ നിര്‍മ്മിയ്ക്കപ്പെട്ടവയായിരുന്നു സാധാരണ കെട്ടിടങ്ങളില്‍ പലതും.ഗ്രീക്ക്‌ വാസ്തുവിദ്യാമികവിന്റെ മകുടോദാഹരണമാണ്‌ ഏതന്‍സിലെ പാര്‍ഥിനോണ്‍ ക്ഷേത്രം.മനോഹരമായി അലങ്കരിച്ച ക്ഷേത്രത്തിനുള്ളില്‍ സ്വര്‍ണവും ആനക്കൊമ്പും കൊണ്ടു തീര്‍ത്ത അഥീനാദേവിയുടെ ശില്പവുമുണ്ട്.[8].ഏതന്‍സിലെ തന്നെ ഹെപ്പാസ്റ്റസിന്റെ ക്ഷേത്രം മറ്റൊരു ഉദാത്ത സൃഷ്ടിയാണ്‌.ഏതന്‍സിലെ തന്നെ എറിക്ത്യോണ്‍ രാജാവ് പണിയിച്ച അഥീനാക്ഷേത്രവും അതിമനോഹരമയ ശില്പങ്ങളാല്‍ അലംകൃതമാണ്‌.

പുരാതന ലോകാത്ഭുതങ്ങളില്‍ ഒന്നായിരുന്ന, എഫീസസ്സിലെ ക്ഷേത്രം മറ്റൊരു മനോഹര സൃഷ്ടിയാണ്‌.ബി.സി. 356-ല്‍ ആ ക്ഷേത്രം കത്തി നശിച്ചു.ആ രാത്രിയിലാണ്‌ മഹനായ അലക്സാണ്ടര്‍ ജനിച്ചത്.!!!

ഏതന്‍സിലെ ഹെപ്പാസ്റ്റസ്‌ ക്ഷേത്രം;ബി.സി.5-ം നൂറ്റാണ്ടില്‍ നിര്‍മ്മിയ്ക്കപ്പെട്ടത്‌.

[തിരുത്തുക] സാഹിത്യം

ലിഖിത വിദ്യയുടെ പ്രചാരത്തിനു മുന്‍പു തന്നെ ഗ്രീസില്‍ സാഹിത്യരംഗം ശക്തിപ്പെട്ടിരുന്നു.ഹോമറുടെ പ്രശസ്ത കൃതികളായ "ഇലിയഡും" "ഒഡീസ്സിയും" വായ്മൊഴി രൂപത്തിലാണ്‌ പ്രചരിയ്ക്കപ്പെട്ടത്‌[9].പിന്നീട്‌ പെരിക്ലിയന്‍ യുഗത്തില്‍ ഗീതകങ്ങള്‍ എന്ന സാഹിത്യ ശാഖ പുഷ്ടിപ്പെട്ടു.അഞ്ചാം നൂറ്റാണ്ടില്‍ തീബ്സില്‍ ജീവിച്ചിരുന്ന കവികള്‍ ലിറിക്‌ കവികളില്‍ അഗ്രഗണ്യനായിരുന്നു.5-ാ‍ം നൂറ്റാണ്ടിലെ തന്നെ ഈസ്കിലസ്‌ ഗ്രീക്ക്‌ ദുരന്തനാടകശാഖയ്ക്ക്‌ തുടക്കം കുറിച്ചു.ചരിത്രത്തിന്റെ പിതാവെന്നു വിഖ്യാതനായ ഹെറഡോട്ടസും തത്വചിന്തകരായിരുന്ന അരിസ്റ്റോട്ടിലും പ്രസംഗകലാവിദഗ്ധനായിരുന്ന ഡെമോസ്തനീസും അവരുടെതായ സംഭാവനകള്‍ സാഹിത്യത്തിനു നല്‍കി.

[തിരുത്തുക] തത്വചിന്ത

ബി.സി.ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഥെയില്‍സില്‍ നിന്നാണ്‌ ഗ്രീക്ക്‌ തത്വചിന്തയുടെ വേരുകള്‍ ആരംഭിയ്ക്കുന്നത്‌.അക്കാലത്തെ ചിന്തകന്മാരധികവും ഭൗതികവാദികളായിരുന്നു.മൈലീഷ്യന്‍ സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ആ തത്വചിന്താധാരയ്ക്കെതിരായി ഉയര്‍ന്നു വന്നവരാണ്‌ പൈതഗോറിയന്മാര്‍.ഗണിതശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന പൈതഗോറസിന്റെ നെതൃത്വത്തില്‍ ഉയര്‍ന്നു വന്ന ഈ ചിന്താസരണി ആത്മീയതയില്‍ അധിഷ്ഠിതമായിരുന്നു.

ബി.സി.5-ാ‍ം നൂറ്റാണ്ടിലാണ്‌ സോഫിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉദയം.[10]. "വിവേകം" എന്നര്‍ഥം വരുന്ന സോഫിയ എന്ന പദത്തില്‍ നിന്നാണ്‌ ഈ വാക്ക്‌ ഉദയം ചെയ്തത്‌.സദാചാരമെന്നൊന്നില്ലെന്നും സാഹചര്യങ്ങള്‍ക്കനുസൃതമായി സദാചാരമാനദണ്ഡങ്ങള്‍ മാറ്റപ്പെടണമെന്നുമായിരുന്നു അവരുടെ വാദം.തര്‍ക്ക ശാസ്ത്രവും വ്യാകരണവും സോഫിസ്റ്റുകളുടെ സംഭാവനകളാണ്‌.

പ്ലേറ്റോയും അരിസ്റ്റോട്ടിലും

വിജ്ഞാനത്തിന്റെ മഹത്വം വ്യക്തമാക്കുന്നവയായിരുന്നു മഹാനായ സോക്രട്ടീസിന്റെയും, ശിഷ്യനായ പ്ലേറ്റൊയുടെയും ചിന്താഗതികള്‍.അവര്‍ അന്ധമായ പാരമ്പര്യവാദത്തെ എതിര്‍ക്കുകയും വിപ്ലവകരമായ മാറ്റത്തിനു വേണ്ടി വാദിയ്ക്കുകയും ചെയ്തു.പ്ലേറ്റോ ബി.സി.387-ല്‍ സ്ഥാപിച്ച[11] അക്കാദമി എന്ന സര്‍വ്വകലാശാല പ്രാചീന ഗ്രീസിന്റെ ധിഷണാകേന്ദ്രമായി വളര്‍ന്നു. പ്ലേറ്റോയുടെ ശിഷ്യനായിരുന്നു മഹാനായ അരിസ്റ്റോട്ടില്‍.ജ്യോതിശാസ്ത്രത്തിലും,തര്‍ക്കശാസ്ത്രത്തിലും സാഹിത്യത്തിലും രാഷ്ട്രമീമാംസയിലും വിഖ്യാതനായിരുന്ന അദ്ദേഹം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിതാവായ ഫിലിപ്‌ രാജാവിന്റെ ഗുരു കൂടിയായിരുന്നു.

[തിരുത്തുക] ശാസ്ത്രം

"വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌" എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസും പൈതഗോറിയന്‍ സിദ്ധാന്തത്ത്ന്റെ ഉപജ്ഞാതാവായ പൈതഗോറസും,ജ്യോതിശാസ്ത്രജ്ഞനായിരുന്ന അരിസ്റ്റോട്ടിലും ആര്‍ക്കിമിഡീസുമെല്ലാം ഗ്രീക്ക്‌ ശാസ്ത്രപുരോഗതിയ്ക്ക്‌ ഗണ്യമായ സംഭാവനകള്‍ നല്‍കി.

[തിരുത്തുക] കായികരംഗം

യുദ്ധപരിശീലനത്തിന്റെയും ദേവാരാധനയുടെയും ഭാഗമായിരുന്നു ഗ്രീക്കു കാര്‍ക്ക് കായിക മത്സരങ്ങള്‍.മിക്ക നഗരരാഷ്ട്രങ്ങളിലും സൈനികസേവനം നിര്‍ബന്ധിതമാക്കിയിരുന്നതിനാല്‍ ആരോഗ്യ പരിപാലനത്തിനായി ചെറുപ്പക്കാര്‍ കായികവിനൊദങ്ങളില്‍ ഏര്‍പ്പെട്ടു. പ്രാദേശികമായ മത്സരങ്ങള്‍ കൂടാതെ വളരെ വലിയ കായിക മാമാങ്കങ്ങളും നടന്നിരുന്നു.അഥീനാദേവിയോടുള്ള ബഹുമാനാര്‍ത്ഥം നാലു വര്‍ഷത്തിലൊരിയ്ക്കല്‍ ഏതന്‍സിലെ ഒളിമ്പിയായിലും,പാന്തിനായിലും നടന്നിരുന്ന കായിക മാമാങ്കങ്ങളാണ്‌ പില്‍കാലത്ത് ഒളിമ്പിക്സ് എന്ന പേരില്‍ വളര്‍ന്നത്.[12] പരസ്പരം പോരാടുന്ന യോദ്ധാക്കളുറ്റെ ഒലിവ് ചില്ല കൊണ്ടുല്ല കിരീടമാണ്‌ സമ്മാനമായി നല്‍കിയിരുന്നത്.അവ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ചിഹ്നമായിരുന്നു..[13] ബി.സി.776 മുതല്‍ എ.ഡി.393 പ്രാചീന ഒളിമ്പിക്സ് നിലനിന്നു[14]. മാരത്തോണ്‍ എന്ന ദീര്‍ഘദൂര ഓട്ടത്തിന്റെ ജന്മദേശം ഗ്രീസാണ്‌.ബി.സി.490-ലെ ഗ്രീക്ക്-പേര്‍ഷ്യന്‍ യുദ്ധത്തില്‍ ഏതന്‍ വിജയം നേറ്റിയതിനു ശേഷം, പ്രസ്തുത വാര്‍ത്ത നാട്ടിലറിയിക്കാന്‍,മാരത്തോണ്‍ മുതല്‍ ഏതന്‍സ് വരെ ഏകദേശം 25 മൈല്‍ ദൂരം ഓടിയ ഫിഡിപ്പസാണ്‌ ചരിത്രത്തിലെ ആദ്യ ദീര്‍ഘദൂര ഓട്ടക്കാരന്‍ എന്നാണു വിശ്വാസം.[15]

[തിരുത്തുക] അവലംബം

  1. a standard date is 776 BC or the first Olympiad. Some would extend the period to ca. 1000 BC to the inclusion of the Dorian invasion and the Greek Dark Ages.
  2. http://news.bbc.co.uk/1/hi/health/latest_news/110852.stm
  3. http://www.etymonline.com/index.php?term=tyranthttp://dictionary.reference.com/browse/tyrant .
  4. Holland T. Persian Fire p69-70. ISBN 978-0-349-11717-1
  5. http://en.wikipedia.org/wiki/Cleisthenes
  6. Herodotus, VI, 131.Plutarch, Pericles, III.
  7. http://www.metmuseum.org/toah/hd/vase/hd_vase.htm
  8. Tarbell, F.B. A History of Ancient Greek Art. (online book).
  9. Porter, John. “The Iliad as Oral Formulaic Poetry.” The Iliad as Oral Formulaic Poetry. 8 May 2006. University of Saskatchewan. Accessed 26 November 2007.
  10. Sprague, Rosamond Kent, The Older Sophists, Hackett Publishing Company (ISBN 0-87220-556-8)
  11. http://odysseus.culture.gr/h/3/eh351.jsp?obj_id=2407
  12. Ancient Olympic Games. Microsoft Encarta Online Encyclopedia 2006. Microsoft Corporation (1997-2006). ശേഖരിച്ചത് 2006-12-27.
  13. Ancient Olympic Games: History. International Olympic Committee. ശേഖരിച്ചത് 2006-12-28.
  14. The Ancient Olympic Games. International Olympic Committee. ശേഖരിച്ചത് 2006-12-28.
  15. Prologue


[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം