Jump to content

പ്രാചീന ഗ്രീക്ക് നാഗരികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ancient Greece എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാർഥിനോൺ ക്ഷേത്രം:പ്രാചീന ഗ്രീക്കു വാസ്തുകലയുടെ പ്രതീകം.ഏതൻസിലെ 'അക്രോപൊളിസ്‌' എന്ന സ്ഥലത്താണിത്‌.

മിനോ‍യൻ,മൈസീനിയൻ‍ നാഗരികതകൾക്കും ഇരുണ്ടയുഗത്തിനും ശേഷം കൊറിന്തിലെ റോമൻ പടയോട്ടം വരെയുള്ള ഗ്രീസിന്റെ ചരിത്രവും ജനജീവിതവുമാണ്‌ പ്രാചീന ഗ്രീക്ക് (യവന) നാഗരികത എന്നറിയപ്പെടുന്നത്. ആധുനിക യൂറോപ്യൻ സംസ്കാരത്തിന്‌ അടിത്തറ പാകിയത്‌ പ്രാചീന ഗ്രീക്ക്‌ സംസ്കാരമാണ്‌. ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നാഗരികത നവോത്ഥാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്ത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളർച്ചയ്ക്ക്‌ നിരവധി സംഭാവനകൾ നൽകി.

ഭൂപ്രകൃതി

[തിരുത്തുക]

തെക്കു കിഴക്കേ യൂറോപ്പിൽ ബാൾക്കൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത്‌ ഉൾക്കടലുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ്‌ ഗ്രീസ്‌. കടലിനോടുള്ള സാമിപ്യവും വാസയോഗ്യമായ നിരവധി താഴ്‌വരകളോടു കൂടിയ ഭൂപ്രകൃതിയും സുഖകരമായ സമശീതോഷ്ണ കാലാവസ്ഥയുമാണ്‌ ഗ്രീക്ക് സംസ്കാരത്തിന്റെ വളർച്ചയ്ക്കു സഹായകമായ ഘടകങ്ങൾ.[1]

നിരപ്പല്ലാത്ത ഭൂഘടനയാണ്‌ ഗ്രീസിനുള്ളത്.ആകെ ഭൂഭാഗത്തിന്റെ എഴുപതുശതമാനവും കുന്നുകളും ചെറുപർവതങ്ങളും ശേഷിക്കുന്ന മുപ്പതു ശതമാനം സമുദ്രനിരപ്പിൽനിന്ന് 3000 മുതൽ 8000 അടി വരെ ഉയരത്തിലുള്ള വാസയോഗ്യമായ താഴ്വരകളുമാണ്‌‌.[2]ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ താഴ്വരകൾ തമ്മിൽ കരഗതാഗതം ദുഷ്കരമായിരുന്നു. എന്നാൽ തെക്കു കിഴക്കൻ ഭൂഭാഗങ്ങൾ പ്രകൃതിദത്തമായയ ജലപാതകളൽ സമ്പന്നമായിരുന്നു. ഈജിയൻ കടലിടുക്കിലൂടെയുള്ള ജലഗതാഗതം ഗ്രീക്കുകാരെ ഈജിപ്റ്റുമായും കിഴക്കൻ രാജ്യങ്ങളുമായുമുള്ള വ്യാപാരം ശക്തിപ്പെടുത്താൻ സഹായിച്ചു.[1]

ദൈർഘ്യമേറിയ വേനലും ദൈർഘ്യം കുറഞ്ഞ തണുപ്പുകാലവുമുള്ള മെഡിറ്ററേനിയൻ കാലാവസ്ഥയായിരുന്നു ഗ്രീസിന്റെ മറ്റൊരു സവിശേഷത. കടൽ കരയിലെ താപനില മിതമായി നിലനിർത്താൻ സഹായിച്ചു. തണുപ്പുകാലത്താണ്‌ ആകെ മഴയിലധികവും ലഭിച്ചിരുന്നത്.[2] താഴ്വരകളിലെ മണ്ണ് ധാന്യം,മുന്തിരി,ഒലീവ് എന്നിവയുടെ കൃഷിക്കനുയോജ്യമായ എക്കൽ നിക്ഷേപങ്ങളാൽ സമ്പന്നമായിരുന്നു. ജലസേചനം സാധ്യമായിരുന്നില്ല. വാർഷിക വർഷപാതത്തെ ആശ്രയിച്ചായിരുന്നു കൃഷി.[1]

കാലഘട്ടം

[തിരുത്തുക]

മറ്റു പല പുരാതന സംസ്കാരങ്ങളെയും പോലെ ഗ്രീക്ക്‌ സംസ്കാരത്തിന്റെയും കൃത്യമായ കാലഘട്ടം കണക്കാക്കപ്പെട്ടിട്ടില്ല. ബി.സി.1150-ൽ മൈസീനിയൻ നാഗരികത നശിക്കുകയും ഗ്രീക്ക് സംസ്കാരം ശക്തമാവുകയും ചെയ്തതായി ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. മറ്റു ചിലർ ആദ്യ ഒളിമ്പിക്സ് നടന്ന ബി.സി.770 കാലഘട്ടം ഗ്രീക്കു സംസ്കാരത്തിന്റെ ആരംഭമായി കണക്കാക്കുന്നു. മൈസീനിയൻ നാഗരികതയുടെ നാശത്തിനും ആദ്യ ഒളിമ്പിക്സിനുമിടയ്ക്കുള്ള കാലഘട്ടത്തെക്കുറിച്ച് വ്യക്തമായവിവരങ്ങൾ ലഭ്യമല്ല. ഈ കാലഘട്ടം ഇരുണ്ട യുഗം എന്നറിയപ്പെടുന്നു.

ബി.സി.323-ൽ അലക്സാണ്ടർ ചക്രവർത്തിയുടെ മരണത്തോടെ ഹെല്ലനിക്‌ യുഗം ആരംഭിച്ചു. എങ്കിലും ബി.സി.146-ലെ റോമൻ പടയോട്ടം വരെ ഗ്രീക്ക്‌ സംസ്കാരം നിലനിന്നു.

ജനങ്ങൾ

[തിരുത്തുക]

ഗ്രീക്ക്‌ നാഗരികതയുടെ ആവിർഭാവത്തിനു മുൻപ്‌ ഗ്രീസിൽ നിലനിന്നിരുന്നത്‌ ഈജിയൻ നാഗരികതയായിരുന്നു. പിന്നീട്‌ അയോണിയന്മാരും ബി.സി 2000-ത്തിനും 1500-നും ഇടയ്ക്ക്‌ ഡാന്യൂബ്‌ നദീതടത്തിലെ ഇടയന്മാരായിരുന്ന അക്കേയന്മാരും ഗ്രീസിലേയ്ക്ക്‌ കുടിയേറി. ഇവരിൽ നിന്നാണ്‌ 'ഗ്രീക്ക്‌' എന്ന പേര്‌ ഉത്ഭവിച്ചത്‌. തുടർന്നു വന്ന ഡോറിയന്മാർ ബി.സി 12-ആം നൂറ്റാണ്ടു മുതൽ 200വർഷം ഗ്രീസ്‌ ഭരിച്ചു. ആദിപിതാവായ ഹെല്ലന്റെ സ്മരണയ്ക്കായി അവർ ഹെല്ലന്മാർ എന്ന പേരു സ്വീകരിച്ചു.

ഡോറിയന്മാരുടെ ഭാഷയും ജീവിതശൈലിയും അക്കേയരിൽ നിന്നും അയൊണിയരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.അവർ ആഡംബരജീവിതം നയിക്കാനിഷ്ടപ്പെട്ടിരുന്ന യുദ്ധപ്രിയരായിരുന്നു.ആർക്കിപലെഗോയിലെ ദീപസമൂഹങ്ങളും സിസിലിയും അവരുടെ ശക്തികേന്ദ്രങ്ങളായിരുന്നു.അയോണിയർ കലയിൽ നിപുണരായിരുന്നു.അവർ സമാധാനപ്രിയരഅയിരുന്നു.അക്കാലത്തെ പ്രമുഖ പട്ടണങ്ങളിലൊന്നായിരുന്ന Attica അവരുടെ കൈവശമായിരുന്നു.[3]‌.

ഗ്രീക്കു കാരും ഇന്ത്യയിലെ ആര്യന്മാരും ഇറാനിയന്മാരും ഒരേവർഗത്തിൽപ്പെട്ടവരാണെന്ന്‌ ചില നരവംശശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.ഇന്ത്യയിൽ, യവനർ എന്നാണ് ഗ്രീക്കുകാരെ വിളിക്കുന്നത്. അയോണിയ എന്ന വാക്കിൽ നിന്നുമാണ് യവനർ എന്ന പദം ഉണ്ടായത്. അക്കാമെനിഡ് കാലഘട്ടത്തിലെ പുരാതന പേർഷ്യൻ ലിഖിതങ്ങളിൽ യോന എന്നാണ് ഗ്രീക്കുകാരെ പറയുന്നത്[4]‌.

ചരിത്രം

[തിരുത്തുക]

മൈസീനിയൻ നാഗരികത

[തിരുത്തുക]
A Mycenaean funeral mask identified as the "Mask of Agamemnon" by Heinrich Schliemann

ഗ്രീക്ക് നഗരമായിരുന്ന മൈസീനി കേന്ദ്രീകരിച്ച് ബി.സി.1600-മുതൽ 1100 വരെ ,ഗ്രീസിൽ നിലനിന്നിരുന്ന നാഗരികതയാണ്‌ മൈസീനിയൻ നാഗരികത. ദക്ഷിണഗ്രീസിലെ പെലോപ്പൊനീഷ്യയിലായിരുന്നു 'സുവർണനഗരം' എന്നറിയപ്പെട്ടിരുന്ന മൈസീനി സ്ഥിതി ചെയ്തിരുന്നത്‌. ബി.സി.1900 -ൽ ഉത്തര ഗ്രീസിൽ കുടിയേറിയ ഇന്തോ യൂറോപ്യൻ നരവംശത്തില്പ്പെട്ട ജനതയാണ്‌ ഈ സംസ്കാരത്തിന്‌ അടിത്തറ പാകിയത്. ബി.സി. 1400 നും 1200നും ഇടയിൽ നോസസ്‌ നഗരത്തിന്റെ പതനത്തോടെ ഗ്രീസിലെ പ്രധാന വാണിജ്യകേന്ദ്രം എന്ന സ്ഥാനം മൈസീനിയ്ക്കു ലഭിച്ചു.[1]

അക്കാലത്തെ ഗ്രീക്ക് ലിപി ലീനിയർ ബിയിലെഴുതിയ ലിഖിതങ്ങളനുസരിച്ച് മൈസീനിയൻ രാജാക്കന്മാർ വനാക്സ് എന്നറിയപ്പെട്ടിരുന്നു.പുരോഹിതരും ഉദ്യോഗസ്ഥരും സേനാമേധാവികളുമായിരുന്നു സമൂഹത്തിലെ ഉപരിവർഗ്ഗം. അവർ യുദ്ധതത്പരരായിരുന്നു.കളിമൺപാത്ര നിർമ്മാണത്തിൽ നിപുണരുമായിരുന്നു.പ്രമുഖ ചക്രവർത്തി അഗമമ്‌നന്റെ നേതൃത്വത്തിൽ 1250-ൽ മൈസീനിയൻ സൈന്യം ട്രോയ് നഗരം പിടിച്ചടക്കി.1150-ലെ ഡോറിയന്മാരുടെ മുന്നേറ്റം ഗ്രീസിലെ മൈസീനിയൻ നാഗരികതയ്ക്ക് അന്ത്യം കുറിച്ചു.[5]‌.

ഇരുണ്ട യുഗം

[തിരുത്തുക]

ഗ്രീക്ക് സംസ്കാരത്തിൽ ബി.സി.1150 മുതൽ 750 വരെയുള്ള കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.ഈ കാലമാണ്‌ ഇരുണ്ട യുഗം എന്നറിയപ്പെടുന്നത്.ബി.സി. 1150-ൽ മൈസീനിയൻ നാഗരികതയുടെ നാശത്തിനുശേഷം ഗ്രീസിലെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു.കൃഷിയിലും ഗണ്യമായ കുറവു സംഭവിച്ചു.ഇക്കാലത്ത് ഗ്രീസിൽ നിന്നു പലായനം ചെയ്ത അയോണിയർ ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറേ തീരങ്ങളിൽ ആധിപത്യമുറപ്പിച്ചു.ഡോറിയന്മാർ പെലൊപ്പനേഷ്യയിലും ക്രെറ്റും റോഡുമുൾപ്പെടെയുള്ള ദക്ഷിണ ഈജിയൻ ദ്വീപുകളിലും ശക്തിപ്രാപിച്ചു.ബി.സി.950 ആയപ്പോഴേക്കും ആയുധ നിർമ്മാണത്തിൽ വെങ്കലത്തിനു പകരം ഇരുമ്പ് ഉപയോഗിച്ചു തുടങ്ങി.മൺപാത്രനിർമ്മാണശൈലിയിലും മാറ്റം സംഭവിച്ചു..[5] [6]‌.

ഹോമർ യുഗം

[തിരുത്തുക]

ഇലിയഡ്‌,ഒഡീസ്സി എന്നീ ഗ്രീക്ക്‌ ഇതിഹാസങ്ങൾ രചിച്ച അന്ധകവിയാണ്‌ ഹോമർ. അദ്ദേഹത്തിന്റെ കാവ്യങ്ങൾ ഇരുണ്ട യുഗത്തിലെ ഗ്രീക്ക് ജനജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്‌.ഇലിയഡും ഒഡീസ്സിയും നാടൻപാട്ടുകളുടെ രൂപത്തിലായിരുന്നു പ്രചരിച്ചത്‌.ബി.സി.എട്ടാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടമാണ്‌ ഈ കാവ്യങ്ങളിൽ ചിത്രീകരിക്കപ്പെട്ടത്.

Greece according to the Iliad

ട്രോജൻ യുദ്ധമാണ്‌ ഇലിയഡിലെ പ്രധാനപ്രതിപാദ്യം.സ്പാർട്ടയിലെ രാജാവിന്റെ പത്നി ഹെലനെ ട്രോയ് നഗരത്തിലെ രാജകുമാരൻ പാരിസ് തട്ടിക്കൊണ്ടുപോകുന്നതും,അതേത്തുടർന്ന് സ്പാർട്ടയിലെ രാജാവിന്റെ സഹോദരനും മൈസീനിയൻ രാജാവുമായ അഗമമ്‌നൻ പത്തു വർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിലൂടെ ട്രോയ് നഗരം പിടിച്ചടക്കുന്നതുമാണ്‌ കഥാതന്തു.ട്രോജൻ യുദ്ധത്തിനു ശേഷമുള്ള ഗ്രീക്ക് വീരപുരുഷൻ ഒഡീസസിന്റെ ജീവിതമാണ്‌ ഒഡീസിയിലെ പ്രതിപാദ്യം .

ഹോമറിന്റെ കൃതികളിലെ ഗ്രീക്ക്‌ ജനത വെളുത്ത്‌ ഉയരം കൂടിയവരായിരുന്നു.അവർ ഗ്രാമങ്ങളിൽ ജീവിച്ചു.ഓരോ ഗ്രാമവും മറ്റുള്ളവയുമായി സമ്പർക്കമില്ലാതെ പ്രത്യേകം രാഷ്ട്രങ്ങളായി നിലനിന്നു. ഓരോ രാജ്യത്തും രാജാക്കന്മാരുമുണ്ടായിരുന്നു. സേനാനായകനും,ഭരണ കർത്താവും പുരോഹിതനും ന്യായാധിപനും രാജാവു തന്നെയായിരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു നിയമങ്ങൾ. അവ രാജാവിനും ബാധകമായിരുന്നു. സമൂഹത്തിന്റെ മുകൾത്തട്ടിലുണ്ടായിരുന്ന പ്രഭുക്കന്മാർ ഭരണ നിർവ്വഹണത്തിൽ രാജാവിനെ സഹായിച്ചു പോന്നു. ജനങ്ങളുടെ തൊഴിൽ കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു. ശിൽപകലയിലും,ചിത്രകലയിലും ശാസ്ത്രത്തിലും നിപുണരായ ഒരു പ്രത്യേക ജനവിഭാഗവുമുണ്ടായിരുന്നു. എല്ലാവരും പ്രഭുക്കന്മാരുടെ ആശ്രിതരായിരുന്നുജനങ്ങൾ ബഹുദൈവാരാധകരായിരുന്നു. അവർ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നില്ല. രാജാവു തന്നെയായിരുന്നു പ്രധാന പുരോഹിതൻ. [7]‌.അവർ "വെളിപാടു"കളിൽ വിശ്വസിച്ചിരുന്നു. വെളിച്ചപ്പാടുകളെപ്പോലെ ഒരു വിഭാഗം ജനങ്ങൾ "ഒറാക്കിൾ" എന്നറിയപ്പെട്ടിരുന്ന വെളിപാടു സ്ഥലങ്ങളിൽ 'വെളിച്ചപ്പെട്ടിരുന്നു. വാസ്തു ശിൽപകലയിൽ ഇവർ വിദഗ്ദ്ധരായിരുന്നു. ലോഹങ്ങളിലെ കൊത്തുപണികളിലും,കെട്ടിടനിർമ്മാണത്തിലും അവർ ഗണ്യമായ പുരോഗതി കൈവരിച്ചു. വ്യാപാരകാര്യങ്ങളിൽ അവർ തികച്ചും അജ്ഞരായിരുന്നു. 'കച്ചവടക്കാരൻ' എന്നർത്ഥം വരുന്ന വാക്കു പോലും അക്കാലത്ത്‌ ഗ്രീക്ക്‌ ഭാഷയിലുണ്ടായിരുന്നില്ല.[3]

ഇരുണ്ടയുഗത്തിനു ശേഷമുള്ള കാലഘട്ടമാണിത് (ബി.സി.700-500).രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരികരംഗങ്ങളിൽ ഗ്രീസ് വൻ പുരോഗതി കൈവരിച്ച ഈ കാലഘട്ടം ഗ്രീക്ക് നാഗരികതയുടെ സുവർണകാലമാണ്‌.പോളിസ് എന്ന നഗരരാഷ്ട്രങ്ങൾ രൂപം കൊണ്ടത് ഇക്കാലത്താണ്‌.[1]

ബി.സി. എട്ടാം നൂറ്റാണ്ട്‌

[തിരുത്തുക]

വികലമായിരുന്ന മയേഷ്യൻ ലിപിയിൽ നിന്നും,വ്യക്തമായ നിയമങ്ങളുള്ള ഫിനേഷ്യൻ ലിപിയിലേക്കുള്ള മാറ്റവും,തുടർന്ന്‌ സാക്ഷരതയിലും എഴുത്തു വിദ്യയിലും ഗ്രീക്കുകാർ കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയുമാണ്‌ ഈ കാലഘട്ടത്തിന്റെ മുഖമുദ്ര.നഗരരാഷ്ട്രങ്ങളുടെ(Polis) ഉദയവും വളർച്ചയുമാണ്‌ മറ്റൊരു പ്രധാന സംഭവവികാസം.ഒരു നഗരവും അതിനു ചുറ്റുമുള്ള നിരവധി കാർഷികഗ്രാമങ്ങളും ചേർന്നതായിരുന്നു ഒരു നഗരരാഷ്ട്രം.ഏതൻസ്‌,സ്പാർട്ട,കൊറിന്ത്‌,തെബിസ്‌ എന്നിവയായിരുന്നു പ്രധാന നഗരരാഷ്ട്രങ്ങൾ.[8][9]ഹാൾസിസ് , എറിട്രിയ എന്നീ രണ്ടു പ്രധാനനഗരങ്ങൾ തമ്മിലുണ്ടായ ലെലന്റൈൻ യുദ്ധം(710-650 BC) നടന്നത് ഇക്കാലത്താണ്‌.[10]

ഏഴാം നൂറ്റാണ്ട്‌

[തിരുത്തുക]

ഈ കാലഘട്ടത്തിൽ രാജഭരണത്തിൽ നിന്നും പ്രഭുത്വത്തിലേയ്ക്കും,പിന്നീട്‌ ഏകാധിപത്യഥിലേയ്ക്കും നഗരരാഷ്ട്രങ്ങൾ കൂപ്പുകുത്തി. ഏകാധിപതികൾ ആദ്യം ടൈറനോസ്‌(tyrannos) എന്നും പിന്നീട്‌ ടെറന്റ്‌(terrent)എന്നും അറിയപ്പെട്ടു.ഇന്ന്‌ ഇംഗ്ലീഷിൽ 'ടെറന്റ്‌' എന്ന പദത്തിനർത്ഥം "ജനദ്രോഹിയായ ഏകാധിപതി" എന്നാണ്‌.എന്നാൽ ഗ്രീസിലെ ടെറന്റുകൾ പ്രഭുക്കന്മാരുടെ സ്വേച്ഛാധികാരം അടിച്ചമർത്തി ജനക്ഷേമത്തിനായി പ്രവർത്തിക്കുന്നവരായിരുന്നു[11][9]

ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്‌ ഗ്രീസിൽ 'വ്യാപാരികൾ' എന്ന പുതിയ വർഗ്ഗം ഉദയം ചെയ്തത്‌. നാണയസമ്പ്രദായവും ക്രയവിക്രയ സംസ്കാരവും അവരുടെ സംഭാവനകളായിരുന്നു. കുറഞ്ഞകാലം കൊണ്ടു തന്നെ അവർ ഗ്രീക്ക്‌ സാമ്പത്തികവ്യവസ്ഥയിൽ ഗണ്യമായ സ്വാധീനം ചെലുത്തി. അവരുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച അക്കാലത്തെ ഭരണാധികാരികളിൽ ഭീതിയുളവാക്കി.

ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഏതൻസിൽ നിലനിന്നിരുന്ന ഒരു നാണയം ;ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ നിന്ന്‌.

വർദ്ധിച്ച ജനസംഖ്യയും,സ്ഥലപരിമിതിയും, ഒരു ചെറിയ വിഭാഗത്തിന്റെ കൈവശം കുന്നു കൂടിയ കണക്കറ്റ സമ്പത്തും സാമൂഹിക അസമത്വത്തിനും, അധികാര മത്സരങ്ങൾക്കും കളമൊരുക്കി.[12] സ്പാർട്ടയിൽ വളർന്നു വന്ന പ്രഭുവർഗ്ഗം അയൽ രാജ്യമായ മൈസീനിയ ആക്രമിച്ചു. ഇരുപതു കൊല്ലത്തെ സുദീർഘമായ ചെറുത്തു നിൽപിനു ശേഷം മൈസീനിയ സ്പാർട്ടയിൽ ലയിച്ചു.പിന്നീട്‌ ഇടയ്ക്കിടെയുണ്ടായ ആഭ്യന്തരകലഹങ്ങൾ അടിച്ചമർത്താനായി,ഓരോ സ്പാർട്ടൻ പൗരനും നിർബന്ധിത സൈനികസേവനം വേണമെന്ന നിയമം നിലവിൽ വരുത്തി. ഈ കാലഘട്ടത്തിൽ ഏതൻസും സമാനമായ മാറ്റങ്ങളിലൂടെ കടന്നു പോകയായിരുന്നു. നിരവധി ആഭ്യന്തര സംഘർഷങ്ങൾക്കു ശേഷം,ആർക്കൺ രാജാവിന്റെ നേതൃത്വത്തിൽ, ബി.സി.621-ൽ, ഏതൻസിൽ ഒരു ഏകീകൃത നിയമസംഹിത നിലവിൽ വന്നു.

ചുരുക്കത്തിൽ ഏഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും സാമൂഹിക സാമ്പത്തിക ഉച്ചനീചത്വങ്ങൾ ഗ്രീസിൽ കൊടികുത്തി വാണു.

ആറാം നൂറ്റാണ്ട്‌

[തിരുത്തുക]
ആറാം നൂറ്റാണ്ടിലെ ഗ്രീക്ക്‌ അധിനിവേശപ്രദേശങ്ങൾ .

ഏതൻസും,കൊറിന്തും വാണിജ്യകേന്ദ്രങ്ങളായി ഉയർന്നു. ദ്രുതഗതിയിലുള്ള ജനസംഖ്യാവർദ്ധനവും, സ്ഥലപരിമിതിയും യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക്‌ കുടിയേറിപ്പാർക്കാൻ ഗ്രീക്കുകാരെ നിർബന്ധിതരാക്കി.ദക്ഷിണ ഇറ്റലിയിലേയ്ക്കും,സിസിലിയിലേയ്ക്കും,ഏഷ്യാമൈനറിലേയ്ക്കുമുള്ള കുടിയേറ്റം കോളനികളുടെ രൂപവത്കരണത്തിനും ഗ്രീക്ക്‌ സംസ്കാരത്തിന്റെ വ്യാപനത്തിനും കാരണമായി.[9]പുത്തൻ വ്യാപാര സാധ്യതകൾ ഗ്രീക്കുകാരുടെ ജീവിത നിലവാരം അഞ്ചിരട്ടി വരെ ഉയർത്തി.

ആറാം നൂറ്റാണ്ടിൽ ഏതൻസ്‌ പെസിസ്ട്രാറ്റസിന്റെയും മക്കളായ ഹിപ്പിയസിന്റെയും ഹിപ്പാർക്കസിന്റെയും അധീനതയിലായി.ബി.സി.510-ൽ അഥീനിയൻ ഉപരിവർഗ്ഗത്തിന്റെ പ്രതിനിധിയായ ക്ലീസ്തനീസ്‌ സ്പാർട്ടയിലെ ഭരണാധികാരികളുടെ സഹായത്തോടെ ഏതൻസ്‌ പിടിച്ചടക്കി.അദ്ദേഹമാണ്‌ ആദ്യമായി 'ജനാധിപത്യം' എന്ന ആശയം അവതരിപ്പിച്ചത്‌.തുടർന്ന്‌ ഏതൻസിന്‌ വികസനത്തിന്റെ സുവർണകാലമായിരുന്നു.

Classical Greece

[തിരുത്തുക]

മാസിഡോണിയൻ സാമ്രാജ്യത്തിന്റെ ഉദയം വരെയുള്ള കാലഘട്ടം.ഏതൻസിന്റെ സുവർണകാലമാണിത്.

ഗ്രീക്ക്‌-പേർഷ്യൻ യുദ്ധങ്ങൾ

[തിരുത്തുക]

ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്‌,അയോണിയയിലെ ഗ്രീക്ക്‌ ആധിപത്യം അവസാനിപ്പിച്ച ശേഷം, പേർഷ്യൻ രാജാവായിരുന്ന ദാരിയസ്‌ ഒന്നാമൻ ബി.സി.490-ൽ ഗ്രീസ്‌ ആക്രമിച്ചു.മാരത്തോൺ യുദ്ധം(Battle of Marathon) എന്നറിയപ്പെട്ട പ്രസ്തുത യുദ്ധത്തിൽ അഥീനിയൻ പട്ടാളം ഐതിഹാസിക വിജയം നേടി.പിന്നീട്‌ പത്തു വർഷങ്ങൾക്കു ശേഷം,ദാരിയസ്‌ ഒന്നാമന്റെ മകൻ സെറസ്‌ ഒന്നാമൻ നടത്തിയ ആക്രമണത്തിലും ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങൾ ഒന്നിച്ചു നിന്ന്‌ വിജയം കൈവരിച്ചു.ഗ്രീക്ക്‌ പേർഷ്യൻ യുദ്ധ പരമ്പര ബി.സി.449-വരെ തുടർന്നു.അവസാനം അയോണിയ അടക്കമുള്ള ഗ്രീക്ക്‌ കോളനികൾ പേർഷ്യൻ സ്വാധീനത്തിൽ നിന്നും മുക്തമാക്കുവാൻ ഗ്രീക്ക്‌ പട്ടാളത്തിനു കഴിഞ്ഞു.

പെരിക്ലിയൻ യുഗം

[തിരുത്തുക]
പെരിക്ലിസ്‌

ഗ്രീസിൽ പെരിക്ലിസിന്റെ(492-429 BC)[13] ഭരണകാലമാണ്‌ പെരിക്ലിയൻ യുഗം എന്നറിയപ്പെടുന്നത്‌.ഏതൻസിലെ നാവിക സേനാനായകനായിരുന്ന സാന്തിപ്പസിന്റെയും ഭരണകർത്താവായിരുന്ന ക്ലൈസ്തനിസിന്റെ സഹോദരിയായിരുന്ന അഗാരിസ്റ്റയുടെയും മകനായി. 5-ാ‍ം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജനിച്ച പെരിക്ലിസ്‌ ബി.സി.461-ൽ ഏതൻസിന്റെ അനിഷേധ്യ നേതാവും ഭരണാധികാരിയുമായി[14].അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ എല്ലാ മണ്ഡലങ്ങളിലും ഏതൻസ്‌ വളർച്ചയുടെ പൂർണത കൈവരിച്ചു.അക്രോപൊളിസിൽ ക്ഷേത്രങ്ങൾ പണികഴിപ്പിക്കപ്പെട്ടതും ഇക്കാലത്താണ്‌. ഏതൻസിന്റെ സുവർണകാലം എന്നാണ്‌ ഈ കാലഘട്ടത്തെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്‌.[15] അക്കാലത്ത്‌ ഏതൻസ്‌ നഗരം ഹെല്ലാസിന്റെ പാഠശാല(The School Of Hellas) എന്നു വിഖ്യാതമായി.ചെറുപ്പം മുതൽക്കേ പൗരബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം നൽകിവന്നതിനാലായിരുന്നു അത്‌.രാഷ്ട്രീയ രംഗത്ത്‌ പരിപൂർണ പ്രജാപ്രഭുത്വ ഭരണം നടപ്പിലാക്കിയത്‌ ഇക്കാലത്താണ്‌.

പെലോപ്പൊനീഷ്യൻ യുദ്ധം

[തിരുത്തുക]

ഗ്രീക്ക്‌-പേർഷ്യൻ യുദ്ധങ്ങൾക്കു ശേഷം ഗ്രീക്ക്‌ സാമ്രാജ്യത്തിന്റെ വലിയ പങ്കും അഥീനിയൻ സൈന്യത്തിന്റെ കീഴിലായി.ഇത്‌ ഏതൻസും സ്പാർട്ടയും തമ്മിലുള്ള ആഭ്യന്തരകലഹത്തിലും ഒടുവിൽ പെലോപ്പൊനീഷ്യൻ യുദ്ധത്തിലും കലാശിച്ചു.ബി.സി.431 മുതൽ 404 വരെയായിരുന്നു യുദ്ധം.യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ അസാമാന്യമായ നാവികശക്തി ഏതൻസിന്‌ രക്ഷയായെങ്കിലും,സിസിലിയിലെ പരാജയവും(ബി.സി.413),പേർഷ്യൻ സഹായത്തോടെ അയോണിയയിൽ നിന്നുള്ള ധാന്യലഭ്യത ഇല്ല്ലാതാക്കുകയെന്ന സ്പാർട്ടയുടെ തന്ത്രവും(ബി.സി.404) ഏതൻസിന്‌ തിരിച്ചടിയായി.ഒടുവിൽ ബി.സി.405-ൽ അഥീനിയൻ സൈന്യം പരാജയം സമ്മതിച്ചു.അപ്പോഴേയ്ക്കും അധീനതയിലുണ്ടായിരുന്ന കോളനികളുടെ മുക്കാൽ പങ്കും ഏതൻസിനു നഷ്ടമായിരുന്നു.

അഥീനിയൻ സാമ്രാജ്യം:പെലൊപ്പനേഷ്യൻ യുദ്ധത്തിനു തൊട്ടു മുൻപ്‌.(431BC)

പെലോപ്പൊനീഷ്യൻ യുദ്ധത്തിലുണ്ടായ വിജയം ഗ്രീസിൽ സ്പാർട്ടയ്ക്ക്‌ സർവാധികാരം നേടിക്കൊടുത്തു.എന്നാൽ ബി.സി 395-ൽ ഏതൻസും,തെബിസും,കൊറിന്തും അടക്കമുള്ള ഒരു കൂട്ടം നഗരരാഷ്ട്രങ്ങൾ ഒരുമിച്ചുനിന്ന്‌ സ്പാർട്ടയുടെ സർവ്വാധിപത്യത്തെ ചോദ്യം ചെയ്തു.താഴേക്കിടയിൽ നിന്നാരംഭിച്ച ഈ ചലനങ്ങൾ ഒടുവിൽ കൊറിന്ത്യൻ യുദ്ധത്തിൽ (ബി.സി.395-387)അവസാനിച്ചു.പിന്നെയും 16 വർഷം കൂടി സ്പാർട്ടൻ ആധിപത്യം നില നിന്നു.ബി.സി.371-ൽ തെബിസുമായുണ്ടായ ലെറ്റ്ച്യൂറായുദ്ധത്തിലേറ്റ പരാജയത്തോടെ ഗ്രീസിലെ സ്പാർട്ടൻ ആധിപത്യം അവസാനിച്ചു.

സ്പാർട്ട സമ്പത്തിലും സൈനികശക്തിയിലും രണ്ടാം സ്ഥാനത്തേയ്ക്ക്‌ പിന്തള്ളപ്പെട്ടപ്പോൾ തെബിസ്‌ ഒരു പുതിയ ശക്തിയായി ഉയർന്നു.ബി.സി.361-ഓടു കൂടി തെബിസിന്റെയും ശക്തി ക്ഷയിച്ചു.

മാസിഡോണിയൻ സാമ്രാജ്യം

[തിരുത്തുക]

നിരന്തരമായ യുദ്ധങ്ങൾ ഗ്രീക്ക്‌ സംസ്കാരത്തിന്റെ പ്രൗഢി ക്ഷയിപ്പിച്ചു. ആ കാലഘട്ടത്തിലാണ്‌ പടിഞ്ഞാറൻ ഗ്രീക്കിലെ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ ഉദയം.മാസിഡോണിയൻ ചക്രവർത്തിയായിരുന്ന മഹാനായ ഫിലിപ്‌ രണ്ടാമൻ, തെസ്സാലിയും ത്രേസ്സുമടക്കമുള്ള ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങൾ കീഴടക്കി പടയോട്ടം ആരംഭിച്ചത്‌.ഏതൻസിന്റെ നേതൃത്വത്തിലുള്ള കോൺഫെഡറേഷൻ മാസിഡോണിയൻ ആക്രമണത്തെ ചെറുത്തുവെങ്കിലും ബി.സി.338-ൽ നടന്ന ഷീറോണിയാ യുദ്ധത്തിൽ അവർ പരാജയപ്പെടുകയും സ്പാർട്ടയൊഴികെയുള്ള എല്ലാ ഗ്രീക്ക്‌ രാഷ്ട്രങ്ങളും ഫിലിപ്പിന്‌ കീഴടങ്ങുകയും ചെയ്തു.തുടർന്ന്‌ ഏഷ്യാമൈനർ ആക്രമിച്ചു കീഴടക്കാൻ പദ്ധതിയിട്ടെങ്കിലും, ബി.സി.336-ൽ തന്റെ അനുയായിയുടെ കൈയാൽ ഫിലിപ്‌ ചക്രവർത്തി കൊല്ലപ്പെട്ടു.

ഫിലിപ് രണ്ടാമന്റെ പുത്രനായ അലക്സാണ്ടർ ബി.സി.337-ലാണ്‌ അധികാരമേറ്റത്‌.പേർഷ്യൻ രാജാവായിരുന്ന ദാരിയസ്‌ മൂന്നാമനെയും സിറിയൻ, പാലസ്തീനി,ഈജിപ്ഷ്യൻ ഭരണാധികാരികളെ പരാജയപ്പെടുത്തി, സിന്ധുനദീതടം വരെയെത്തിയ മഹാനായ അലക്സാണ്ടർ ചക്രവർത്തി ബി.സി.323-ാ‍മാണ്ടിൽ അന്തരിച്ചു.

ഹെല്ലനിസ്റ്റിക് യുഗം

[തിരുത്തുക]

അലക്സാണ്ടറുടെ മരണത്തിനും റോമാക്കാർ ഗ്രീസ്‌ ആക്രമിയ്ക്കുന്നതിനും ഇടയിലുള്ള കാലഘട്ടമാണ്‌ ഹെല്ലനിസ്റ്റിക്‌ യുഗം എന്നറിയപ്പെടുന്നത്‌. അലക്സാണ്ടറുടെ ഭരണകാലത്ത്‌ യവനസംസ്കാരത്തിന്റെ പ്രശസ്തി വാനോളം ഉയർന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം പ്രധാന സേനാനായകന്മാർ തമ്മിൽ രാജ്യം പങ്കു വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ബി.സി.331-ഓടു കൂടി മൂർധന്യതയിലെത്തുകയും ബി.സി.301-ലെ ഇപ്സസ്‌ യുദ്ധത്തോടെ വിഭജനം പൂർത്തിയാകുകയും ചെയ്തു.ഈജിപ്റ്റും ഫിനീഷ്യയും പാലസ്തീനും ടോളമിയുടെ അധികാരപരിധിയിലായിരുന്നു. സെല്യൂക്കസ്‌ മെസപ്പൊട്ടോമിയയുടെയും പേഴ്സ്യയുടെയും സിറിയയുടെയും അധിപനായി. ലിസിമാക്കസിന്‌ ഏഷ്യാമൈനറിന്റെയും ത്രെയിസിന്റെയും ആധിപത്യം ലഭിച്ചു

മൂന്നാം നൂറ്റാണ്ടിന്റെ അവസാനം റോമൻ ആക്രമണത്തോടെ ഹെല്ലനിസ്റ്റിക്‌ യുഗം അവസാനിച്ചു. ബി.സി. 275-ൽ സിസിലിയും ബി.സി.201-ൽ സ്പെയിനും റോമൻ സൈന്യത്ത്തിന്റെ അധീനതയിലായി.സെല്യൂക്കിഡ് സാമ്രാജ്യം ബി.സി. 64 വരെയും ടോളമിയുടെ സാമ്രാജ്യം ബി.സി.30 വരെയും റോമൻ പടയോട്ടത്തെ ചെറുത്തു നിന്നുവെങ്കിലും ഒടുവിൽ റോമിന്‌ കീഴ്പ്പെട്ടു. റോമിന്റെ ആധിപത്യം യവനസംസ്കാരത്തെ പൂർണമായി തളർത്തിയില്ല. ഗ്രീസിൽ ക്രിസ്തുമതത്തിന്റെ വ്യാപനം പൂർണമാകുന്നതുവരെ ഗ്രീക്ക് നാഗരികത നിലനിന്നു.

സാമൂഹ്യ ജീവിതം

[തിരുത്തുക]

ഏതൻസിൽ സമ്പത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ നാലു തട്ടുകളായി തിരിച്ചിരുന്നു.കൂടുതൽ സമ്പത്തു നെടുന്നവർക്ക്‌ താഴ്‌ന്ന തട്ടിൽ നിന്ന്‌ ഉയർന്ന തട്ടുകളിലേയ്ക്‌ ഉയരാൻ അവസരമുണ്ടായിരുന്നു.കൃഷിക്കാരും കന്നുകാലി വളർത്തുന്നവരുമായിരുന്നു എന്നും സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിച്ചിരുന്നത്‌.ശിൽപകലയിലും, വാസ്തുവിദ്യയിലും വിദഗ്ദരായിരുന്ന മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു. അവരെല്ലാം ഉപരി വർഗ്ഗമായിരുന്ന ഭൂവുടമകളുടെ ആശ്രിതരായിരുന്നു. . ബി.സി. ഏഴാം നൂറ്റാണ്ടോടു കൂടി വ്യാപാരികൾ എന്ന പുതിയ വർഗ്ഗം ഉദയം ചെയ്തു.സമ്പത്ത്‌ ആ ചെറിയ വിഭാഗത്തിന്റെ കൈയിൽ കുന്നു കൂടുകയും, സ്വാഭാവികമായും അവർ സമൂഹത്തിന്റെ മുകൾത്തട്ടിലേയ്ക്കുയരുകയും ചെയ്തു.

സ്പാർട്ടയിൽ ശിക്ഷണം പൂർത്തിയാക്കിയ പുരുഷന്മാർക്കെല്ലാം തുല്യപരിഗണന നൽകപ്പെട്ടിരുന്നു.എങ്കിലും പുരോഹിതൻ കൂടിയായിരുന്ന ഭരണാധികാരി ഉയർന്ന കുടുംബ പാരമ്പര്യമുള്ളവരായിരിക്കണമെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു. അടിമകൾ ഗ്രീസിൽ ധാരാളമായുണ്ടായിരുന്നു.അവർക്ക്‌ കുടുംബജീവിതം നയിയ്ക്കാനും,വസ്തുവകകൾ കൈവശം വയ്ക്കാനും അധികാരമുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയാവകാശങ്ങൾ നൽകിയിരുന്നില്ല.ബി.സി.5-ാ‍ം നൂറ്റാണ്ടോടു കൂടി ഗ്രീക്കിലെ ആകെ ജനതയുടെ മൂന്നിലൊരു ഭാഗം അടിമകളായിരുന്നു.

താഴേക്കിടയിലുള്ള കർഷകകുടുംബങ്ങൾ പോലും അടിമകളെ പോറ്റിയിരുന്നു.റോമൻ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി, അടിമകളെ സ്വതന്ത്രരാക്കാൻ ഉടമകൾക്ക്‌ അവകാശമുണ്ടായിരുന്നു.അടിമകളെ ഉപദ്രവിയ്ക്കാനോ കൊല്ലാനോ ഉള്ള സ്വാതന്ത്ര്യം ഉടമകൾക്കുണ്ടായിരുന്നില്ല.

വ്യക്തികൾക്കും കുടുംബങ്ങൾക്കുമെന്ന പോലെ രാഷ്ട്രങ്ങൾക്കും സ്വന്തമായി അടിമകൾ ഉണ്ടായിരുന്നു.പൗരന്മാരുടെ സുരക്ഷയും ആരാധനാലയങ്ങ്ലുടെ പരിപാലനവുമായിരുന്നു അവരുടെ പ്രധാന ചുമതല.

മതവിശ്വാസങ്ങൾ

[തിരുത്തുക]

ബഹുദൈവവിശ്വാസികളായിരുന്നു ഗ്രീക്കുകാർ.ഒളിമ്പസ്‌ പർവ്വതത്തിൽ നിവസിച്ചിരുന്നതായി വിശ്വസിച്ചിരുന്ന 12 ഒളിമ്പ്യന്മാരായിരുന്നു പ്രധാന ദേവന്മാർ.ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനായിരുന്ന സീയൂസ്‌,അദ്ദേഹത്തിന്റെ ഭാര്യ ഹീര,വരുണ ദേവനായ പോസിഡൺ,സൂര്യദേവൻ അപ്പോളോ,കലയുടെ ദേവതയായ അഥീന,യുദ്ധദേവനായ അറീസ്‌,ധാന്യങ്ങളുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ഡിമിറ്റർ,സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ദേവതയായ ആഫ്രോഡിറ്റി,അടുപ്പിന്റെ ദേവിയായ ഹെസ്റ്റിയ,കർഷകരുടെയും ഇടയന്മാരുടെയും ദേവനായ ഹെർമസ്‌,പ്രേമത്തിന്റെ ദേവനായ ഇറോസ്‌,കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രക്ഷകയായ ആർടിമിസ്‌ ദേവി എന്നിവരായിരുന്നു ഒളിമ്പ്യന്മാർ.യുദ്ധവിജയത്തിനും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഗ്രീക്ക്‌ ജനത ദേവന്മാരെ സമ്പ്രീതരാക്കാൻ ശ്രമിച്ചു.ശകുനങ്ങളിലും വെളിപാടുകളിലും പുനർജന്മത്തിലും അവർ വിശ്വസിച്ചിരുന്നു.

രാഷ്ട്രീയം

[തിരുത്തുക]

ഗ്രീക്കുകാർ ആദ്യം ഗ്രാമങ്ങളിലാണ്‌ ജീവിച്ചിരുന്നത്‌.ഗ്രീസിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഓരോ ഗ്രാമവും മറ്റുള്ളവയിൽ നിന്ന്‌ വേർതിരിക്കപ്പെട്ടിരുന്നു.കാലക്രമത്തിൽ ഗ്രാമങ്ങൾ ഒന്നു ചേർന്ന്‌ പൊതു സമുദായങ്ങൾ സംഘടിപ്പിയ്ക്കപ്പെട്ടു.ഇങ്ങനേ സംഘടിപ്പിയ്ക്കപ്പെട്ട സമുദായങ്ങൾ "പോളിസ്‌" എന്നറിയപ്പെട്ടു.ഈ പോളിസുകൾ പിന്നീട്‌ നഗരരാഷ്ട്രങ്ങളായി വളർന്നു. ഒരുനഗരവും കുറെ കാർഷിക ഗ്രാമങ്ങളും ചെർന്നതായിരുന്നു ഒരു നഗരരാഷ്ട്രം.മതപരമായ ഉത്സവങ്ങൾ എല്ലാ നഗരരാഷ്ട്രങ്ങളെയും ഒന്നിച്ചു കൂടാൻ സഹായിച്ചു.ഒളിമ്പിക്‌ കായിക മത്സരങ്ങളും ഹോമറുടെ ഇതിഹാസങ്ങളും അവരിൽ ഐക്യം വളർത്തി. നഗരരാഷ്ട്രങ്ങളുടെ ഭരണം രാജാക്കന്മാരിൽ നിന്നും പ്രഭുക്കന്മാരിലേയ്ക്ക്‌ മാറിമറിഞ്ഞു.വ്യാപാരികളെന്ന സമ്പന്ന വർഗ്ഗത്തിന്റെ ഉദയത്തോടെ പ്രഭുത്വഭരണം അവസാനിപ്പിച്ച്‌ ഏകാധിപതികളായ ടെറന്റുകൾ ഭരണം കൈയടക്കി.കലയു സാഹിത്യവും തത്ത്വചിന്തയും പ്രോത്സാഹിപ്പിച്ചിരുന്നവരായിരുന്നു ടെറന്റുകൾ.കൊറിന്ത്‌ എന്ന നഗരരാഷ്ട്രത്തിന്റെ ടെരന്റായിരുന്ന പെരിയാൻഡർ പ്രജാക്ഷേമതത്പരനായിരുന്നു. ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങളിൽ ജനായത്ത ഭരണത്തിന്‌ കളമൊരുക്കിയത്‌ ടെറന്റുകളാണെന്നു പറയാം.പ്രജാപ്രഭുത്വത്തിന്‌ ഗ്രീക്കുകാർ നൽകിയ പേര്‌ "ഡെമോക്രസി" എന്നാണ്‌.ജനങ്ങൾ എന്നർത്ഥം വരുന്ന "ഡെമോസ്‌" എന്ന വാക്കിൽ നിന്നാണ്‌ "ഡെമോക്രസി" യുടെ ഉദയം.എന്നാൾ ഗ്രീക്ക്‌ ഡെമോക്രസിയിൽ പങ്കു ചേരാൻ അവകാശമുള്ളവർ വളരെ കുറവായിരുന്നു.അടിമകൾക്കും സ്ത്രീകൾക്കും വോട്ടവകാശമുണ്ടായിരുന്നില്ല.കാലക്രമത്തിൽ ഗ്രീക്ക്‌ ജനാധിപത്യം അധ്പതിയ്ക്കുകയും സ്വയം നശിയ്ക്കുകയും ചെയ്തു.

വിദ്യാഭ്യാസം

[തിരുത്തുക]

വിട്ടുവീഴ്ചയില്ലാത്ത്‌ ശിക്ഷണമായിരുന്നു പ്രാചീന ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങളിലെ പ്രഭുകുടുംബങ്ങളിൽ ജനിക്കുന്ന പൗരന്‌ വിധിയ്ക്കപ്പെട്ടിരുന്നത്‌.വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ കുടുംബത്തിൽ നിന്നു വെർപെടുത്തി പ്രത്യേകം പരിശീലനകെന്ദ്രങ്ങളിൽ കൊണ്ടുപോയി ആയോധനമുറകളിലും തത്ത്വചിന്തയിലും പരിശീലനം നൽകിയിരുന്നു.വിദ്യാഭ്യാസത്തിനു ശേഷം സൈനിക സേവനം നടത്താൻ ഓരോ പൗരനും നിർബന്ധിതനായിരുന്നു. പെരിക്ലിസിന്റെ ഭരണകാലത്ത്‌ ഏതൻസ്‌ "ഹെല്ലാസിന്റെ പാഠശാല" എന്ന വിശേഷണത്തിനർഹമായി.മറ്റു നഗരരാഷ്ട്രങ്ങളിൽ നിന്നും പൗരന്മാർ ശിക്ഷണത്തിന്‌ ഏതൻസിൽ വന്നു ചേർന്നു.രാഷ്ട്രമീമാംസയും,പൗരധർമ്മവുമായിരുന്നു പ്രധാന പഠനവിഷയങ്ങൾ.

നിയമവ്യവസ്ഥ

[തിരുത്തുക]

പ്രാചീന ഗ്രീസിലെ നിയമ വ്യവസ്ഥ മതാചാരങ്ങളിൽ അധിഷ്ഠിതമായിരുന്നു.പ്രധാന പുരോഹിതൻ കൂടിയായിരുന്ന രാജാവും നിയമങ്ങൾനുഷ്ഠിയ്ക്കാൻ ബാധ്യസ്ഥനായിരുന്നു.

സാംസ്കാരിക സംഭാവനകൾ

[തിരുത്തുക]

ഇന്നു യൂറോപ്പിൽ പ്രബലമായി നിലനിൽക്കുന്ന പല ചിത്ര,വാസ്തുകലാ സങ്കേതങ്ങളും പ്രാചീന ഗ്രീക്ക്‌ കലാസംസ്കാരത്തിന്റെ ബാക്കിപത്രങ്ങളാണ്‌.പെരിക്ലിയൻ കാലഘട്ടത്തോടെ വളർച്ചയുടെ പൂർണത കൈവരിച്ച്‌ ഗ്രീക്ക്‌ കല,അലക്സാണ്ടറുടെ പടയോട്ടത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു.ലോഹപ്പാത്രങ്ങളിലെയും മൺപാത്രങ്ങളിലെയും കൊത്തുപണികളും മാർബിൾ ശിൽപനിർമ്മാണവും ചിത്രകലയും അവരുടെ പ്രത്യേകതകളായി വളർന്നു. ബി.സി.1000-നും 700 നുമിടയ്ക്ക് പാത്രങ്ങളിൽ ജ്യാമിതീയ രൂപങ്ങൾ വരച്ചു ചേർക്കുന്ന രീതി നിലവിൽ വന്നു.ബി.സി.500 വരെ പാത്രങ്ങളിൽ കറുത്ത ചായം കൊണ്ട് ചിത്രങ്ങൾ വരച്ചു.ബി.സി.500നു ശേഷം കറുപ്പിൽ കടും ചുവപ്പ് ചായമുപയോഗിച്ച് ദേവകളുടെ ചിത്രങ്ങൾ വരച്ചു തുടങ്ങി.[16]

ബിസി 5-ആം നൂറ്റാണ്ടിൽ കൊറിന്ത്യയിൽ നിർമിയ്ക്കപ്പെട്ട പാത്രം

സ്വർണവും വെള്ളീയും പ്രാചീന ഗ്രീസിലെ വില പിടിച്ച ലോഹങ്ങളായിരുന്നു.വെങ്കലമാണ്‌ ശില്പനിർമ്മാണത്തിനുപയോഗിച്ചിരുന്നത്. ശില്പികൾ കൂട്ടമായി ഗ്രീക്ക് അഗ്നിദേവനായ ഹെഫെസ്റ്റസിന്റെ ക്ഷേത്രത്തിനു സമീപം വസിച്ചു.മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്ന ഗ്രീക്കുകാർ കല്ലറയിൽ സൂക്ഷിക്കാൻ സ്വർണത്തിലും വെള്ളിയിലും ഗൃഹോപകരണങ്ങളും പണികഴിപ്പിച്ചിരുന്നു. ബി.സി.575-ൽ ഏതൻസിൽ ചെമ്പു നാണയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു.[17]

മിനോവൻ കാലഘട്ടം മുതൽക്കു തന്നെ ഗ്രീസിൽ ചുവർചിത്രകല നിലനിന്നിരുന്നു.ബി.സി.450-ൽ ഏതൻസിൽ ജീവിച്ചിരുന്ന പോളിഗ്നോട്ടസ് ചുവർചിത്രകലയിൽ അഗ്രഗണ്യനായിരുന്നു.ദേവകൾക്കു പുറമേ യുദ്ധവീരന്മാരും ചിത്രങ്ങളുടെ വിഷയമായി.[17]

വാസ്തുവിദ്യ

[തിരുത്തുക]

ചുണ്ണാമ്പു കല്ലുകളിൽ നിർമ്മിയ്ക്കപ്പെട്ടവയായിരുന്നു സാധാരണ കെട്ടിടങ്ങളിൽ പലതും.ഗ്രീക്ക്‌ വാസ്തുവിദ്യാമികവിന്റെ മകുടോദാഹരണമാണ്‌ ഏതൻസിലെ പാർഥിനോൺ ക്ഷേത്രം.മനോഹരമായി അലങ്കരിച്ച ക്ഷേത്രത്തിനുള്ളിൽ സ്വർണവും ആനക്കൊമ്പും കൊണ്ടു തീർത്ത അഥീനാദേവിയുടെ ശില്പവുമുണ്ട്.[18].ഏതൻസിലെ തന്നെ ഹെപ്പാസ്റ്റസിന്റെ ക്ഷേത്രം മറ്റൊരു ഉദാത്ത സൃഷ്ടിയാണ്‌.ഏതൻസിലെ തന്നെ എറിക്ത്യോൺ രാജാവ് പണിയിച്ച അഥീനാക്ഷേത്രവും അതിമനോഹരമയ ശില്പങ്ങളാൽ അലംകൃതമാണ്‌.

പുരാതന ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്ന, എഫീസസ്സിലെ ക്ഷേത്രം മറ്റൊരു മനോഹര സൃഷ്ടിയാണ്‌.ബി.സി. 356-ൽ ആ ക്ഷേത്രം കത്തി നശിച്ചു.ആ രാത്രിയിലാണ്‌ മഹനായ അലക്സാണ്ടർ ജനിച്ചത്.

ഏതൻസിലെ ഹെപ്പാസ്റ്റസ്‌ ക്ഷേത്രം;ബി.സി.5-ം നൂറ്റാണ്ടിൽ നിർമ്മിയ്ക്കപ്പെട്ടത്‌.

സാഹിത്യം

[തിരുത്തുക]

ലിഖിത വിദ്യയുടെ പ്രചാരത്തിനു മുൻപു തന്നെ ഗ്രീസിൽ സാഹിത്യരംഗം ശക്തിപ്പെട്ടിരുന്നു.ഹോമറുടെ പ്രശസ്ത കൃതികളായ "ഇലിയഡും" "ഒഡീസ്സിയും" വായ്മൊഴി രൂപത്തിലാണ്‌ പ്രചരിയ്ക്കപ്പെട്ടത്‌[19].പിന്നീട്‌ പെരിക്ലിയൻ യുഗത്തിൽ ഗീതകങ്ങൾ എന്ന സാഹിത്യ ശാഖ പുഷ്ടിപ്പെട്ടു.5-ാ‍ം നൂറ്റാണ്ടിലെ തന്നെ ഈസ്കിലസ്‌ ഗ്രീക്ക്‌ ദുരന്തനാടകശാഖയ്ക്ക്‌ തുടക്കം കുറിച്ചു.സോഫോക്ലിസ്, യൂറിപ്പിഡസ് എന്നിവർ അക്കാലത്തെ പ്രമുഖ നാടകകൃത്തുക്കളായിരുന്നു[6].ചരിത്രത്തിന്റെ പിതാവെന്നു വിഖ്യാതനായ ഹെറഡോട്ടസും തത്ത്വചിന്തകരായിരുന്ന അരിസ്റ്റോട്ടിലും പ്രസംഗകലാവിദഗ്ദ്ധനായിരുന്ന ഡെമോസ്തനീസും അവരുടെതായ സംഭാവനകൾ സാഹിത്യത്തിനു നൽകി.

തത്ത്വചിന്ത

[തിരുത്തുക]

ബി.സി.ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഥേൽസിൽ നിന്നാണ്‌ ഗ്രീക്ക്‌ തത്ത്വചിന്തയുടെ വേരുകൾ ആരംഭിയ്ക്കുന്നത്‌.മൈലീഷ്യൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തത്ത്വചിന്താധാരയിൽ ജപ്രപഞ്ചത്തിന്റെ അടിസ്ഥാനം ജലമാണെന്നും ഭൂമി ഒരു കുമിള പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നുവെന്നും ഭൂമിയിലെഎല്ലാ ജീവജാലങ്ങളും ദൈവികചൈതന്യം നിറഞ്ഞവയാണെന്നും സിദ്ധാന്തിച്ചു.അനാക്സിമാൻഡർ,അനാക്സിമെനസ് എന്നിവർ ഈ ചിന്താസരണിയുടെ പ്രയോക്താക്കളായിരുന്നു.[20] മൈലീഷ്യൻ ചിന്താസരണിക്കെതിരായി ഉയർന്നു വന്നവരാണ്‌ പൈതഗോറിയന്മാർ.ഗണിതശാസ്ത്രജ്ഞൻ കൂടിയായിരുന്ന പൈതഗോറസിന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന ഈ വിഭാഗം ജീവനും പ്രകൃതിയും ഗണിതശാസ്ത്രത്തിലധിഷ്ടിതമാണെന്നു സിദ്ധാന്തിച്ചു.ആത്മാവ് അനശ്വരമാണെന്നും മരണശേഷം അവ ഒരു ശരീരത്തിൽ നിന്നും മറ്റൊന്നിലേക്കു പ്രവേശിക്കുന്നുവെന്നും അവർ വിശ്വസിച്ചു.[21]

ബി.സി.5-ാ‍ം നൂറ്റാണ്ടിലാണ്‌ സോഫിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉദയം.[22]. "വിവേകം" എന്നർഥം വരുന്ന സോഫിയ എന്ന പദത്തിൽ നിന്നാണ്‌ ഈ വാക്ക്‌ ഉദയം ചെയ്തത്‌.സദാചാരമെന്നൊന്നില്ലെന്നും സാഹചര്യങ്ങൾക്കനുസൃതമായി സദാചാരമാനദണ്ഡങ്ങൾ മാറ്റപ്പെടണമെന്നുമായിരുന്നു അവരുടെ വാദം.തർക്ക ശാസ്ത്രവും വ്യാകരണവും സോഫിസ്റ്റുകളുടെ സംഭാവനകളാണ്‌.സോക്രട്ടീസും പ്ലേറ്റോയും സോഫിസ്റ്റുകളെ ശക്തമായി വിമർശിച്ചു.[20]

പ്ലേറ്റോയും അരിസ്റ്റോട്ടിലും

വിജ്ഞാനത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്നവയായിരുന്നു മഹാനായ സോക്രട്ടീസിന്റെയും, ശിഷ്യനായ പ്ലേറ്റൊയുടെയും ചിന്താഗതികൾ.അവർ അന്ധമായ പാരമ്പര്യവാദത്തെ എതിർക്കുകയും വിപ്ലവകരമായ മാറ്റത്തിനു വേണ്ടി വാദിയ്ക്കുകയും ചെയ്തു.പ്ലേറ്റോ ബി.സി.387-ൽ സ്ഥാപിച്ച[23] അക്കാദമി എന്ന സർവ്വകലാശാല പ്രാചീന ഗ്രീസിന്റെ ധിഷണാകേന്ദ്രമായി വളർന്നു. പ്ലേറ്റോയുടെ ശിഷ്യനായിരുന്നു മഹാനായ അരിസ്റ്റോട്ടിൽ.ജ്യോതിശാസ്ത്രത്തിലും,തർക്കശാസ്ത്രത്തിലും സാഹിത്യത്തിലും രാഷ്ട്രമീമാംസയിലും വിഖ്യാതനായിരുന്ന അദ്ദേഹം അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു കൂടിയായിരുന്നു.

ശാസ്ത്രം

[തിരുത്തുക]

ക്ഷേത്രഗണിതം,ഭൗതികശാസ്ത്രം,ജ്യോതിശാസ്ത്രം,ജീവശാസ്ത്രം എന്നീ മേഖലകളിലെ ഇന്നു നിലനിൽക്കുന്ന പല ശാസ്ത്രതത്വങ്ങളും രൂപം കൊണ്ടത് പ്രാചീന ഗ്രീസിലാണ്‌.വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസും‌(460-377 ബി.സി.) ഗണിതശാസ്ത്രജ്ഞനായിരുന്ന പൈതഗോറസും,തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന അരിസ്റ്റോട്ടിലും ആർക്കിമിഡീസുമെല്ലാം ശാസ്ത്രപുരോഗതിയ്ക്ക്‌ ഗണ്യമായ സംഭാവനകൾ നൽകി.

കായികമത്സരങ്ങൾ

[തിരുത്തുക]

യുദ്ധപരിശീലനത്തിന്റെയും ദേവാരാധനയുടെയും ഭാഗമായിരുന്നു ഗ്രീക്കുകാർക്ക് കായിക മത്സരങ്ങൾ.മിക്ക നഗരരാഷ്ട്രങ്ങളിലും സൈനികസേവനം നിർബന്ധിതമാക്കിയിരുന്നതിനാൽ ആരോഗ്യ പരിപാലനത്തിനായി ചെറുപ്പക്കാർ കായികവിനോദങ്ങളിൽ ഏർപ്പെട്ടു.പ്രാദേശികമത്സരങ്ങൾ കൂടാതെ വളരെ വലിയ കായിക മേളകളും നടന്നിരുന്നു.

മാരത്തോൺ എന്ന ദീർഘദൂര ഓട്ടത്തിന്റെ ജന്മദേശം ഗ്രീസാണ്‌.ബി.സി.490-ലെ ഗ്രീക്ക്-പേർഷ്യൻ യുദ്ധത്തിൽ സ്പാർട്ടയുടെ സഹായം അഭ്യർഥിച്ചുകൊണ്ട് ഏതൻസിലെ മാരത്തോണിൽ നിന്നും സ്പാർട്ടയിലേക്ക് ഏകദേശം 150 മൈൽ രണ്ടു ദിവസം കൊണ്ട് ഓടിയെത്തിയ ഫിഡിപ്പിഡസാണ്‌ ചരിത്രത്തിലെ ആദ്യ ദീർഘദൂര ഓട്ടക്കാരൻ. [24]

ബി.സി.776-ൽ പശ്ചിമ ഗ്രീസിലെ ഒളിമ്പിയയിലാണ്‌ ആദ്യ ഒളിമ്പിക്സ് നടന്നതെന്നു വിശ്വസിക്കുന്നു.ഒളിമ്പിയയിലെ ദേവന്മാരുടെ അധിപനായ് സ്യൂസിനെ പ്രീതിപ്പെടുത്താനായിരുന്നു അത്[25].രഥയോട്ടം,ദ്വന്ദ്വയുദ്ധം,പെന്റാത്തലോൺ എന്നിവയായിരുന്നു പ്രമുഖ മൽസരയിനങ്ങൾ.പെന്റാത്ത്‌ലോണിൽ ഓട്ടം,ചാട്ടം,രഥയോട്ടം,ജാവലിന് ത്രോ‍,ഡിസ്കസ് ത്രോ എന്നീയിനങ്ങളുൾപ്പെട്ടിരുന്നു[26] ഒലിവ് ചില്ലകൾകൊണ്ടുള്ള കിരീടമായിരുന്നു വിജയിക്കുള്ള സമ്മാനം. അവ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ചിഹ്നമായിരുന്നു..ബി.സി.776 മുതൽ എ.ഡി.393 വരെ പ്രാചീന ഒളിമ്പിക്സ് നിലനിന്നു.[25][27]

അവലംബം

[തിരുത്തുക]
 1. 1.0 1.1 1.2 1.3 1.4 B. Pomeroy, Sarah (1999). Ancient Greece: a political, social, and cultural history. Oxford University Press. ISBN 0195097432.
 2. 2.0 2.1 Ann Apel, Melanie (2004). Land and resources of ancient Greece. The Rosen Publishing Group. ISBN 0823967697.
 3. 3.0 3.1 Ludwig Heeren, Arnold Hermann (1845). "2 -Earliest Condition of the Nation and its branches". Ancient Greece. Henry G. Bohn. pp. 42–48. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
 4. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 127. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
 5. 5.0 5.1 Spielvogel, Jackson J. (2008). "3 - Early Greece". Western Civilization: To 1500, Volume 1. Cengage Learning,. pp. 56–57. ISBN 049550288X. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
 6. 6.0 6.1 Edwards, I. E. S. (1975). "38 - Greek Settlement in Asia Minor‍". The Cambridge Ancient History, Part 2, Volume 1. Cambridge University Press. p. 796. ISBN 049550288X. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help); zero width joiner character in |chapter= at position 36 (help)
 7. Launderville, Dale. (2003). Piety and politics: the dynamics of royal authority in Homeric Greece, biblical Israel, and old Babylonian Mesopotamia. Wm. B. Eerdmans Publishing. ISBN 0802839940. {{cite book}}: Cite has empty unknown parameter: |coauthors= (help)
 8. Osborne, Robin (2004). Greek history (illustrated ed.). Routledge. ISBN 0415317177. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 9. 9.0 9.1 9.2 Ehrenberg, Victor (1968). From Solon to Socrates: Greek history and civilization during the sixth and fifth centuries B.C. Retrieved 1-9-2009. {{cite book}}: Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 10. Hall, Jonathan M (2007). "A Practice of History". A history of the archaic Greek world, ca. 1200-479 BCE (illustrated ed.). Wiley-Blackwell. pp. 4–5. ISBN 9780631226673. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 11. "tyrant—Definitions from Dictionary.com". Dictionary.reference.com. Retrieved 2009-01-06.
 12. Holland T. Persian Fire p69-70. ISBN 978-0-349-11717-1
 13. Wilson, Nigel Guy authorlink= (2006). "Chronological List of Individuals". In Nigel Guy Wilson (ed.). Encyclopedia of ancient Greece (illustrated ed.). Routledge. pp. xxii. ISBN 9780415973342. Retrieved 1-9-2009. {{cite book}}: Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Missing pipe in: |first= (help)
 14. Herodotus, VI, 131.Plutarch, Pericles, III.
 15. Malam, John (2003). Exploring Ancient Greece (illustrated ed.). Evans Brothers. pp. 20-21. ISBN 9780631226673. Retrieved 1-9-2009. {{cite book}}: Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 16. ഗ്രീക്ക് സംസ്കാരം - ബാലരമ ഡൈജസ്റ്റ്,2002 ഫെബ്രുവരി 2,പേജ് 26-27
 17. 17.0 17.1 Morris, Ting (2004). Arts and crafts of the ancient world (illustrated ed.). pp. 1–26. ISBN 9781583409121. {{cite book}}: |access-date= requires |url= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 18. Tarbell, F.B. A History of Ancient Greek Art. (online book).
 19. Porter, John. “The Iliad as Oral Formulaic Poetry.” The Iliad as Oral Formulaic Poetry. 8 May 2006. University of Saskatchewan. Accessed 26 November 2007.
 20. 20.0 20.1 Burnet, John (2003). Early Greek Philosophy. Kessinger Publishing. ISBN 9780766128262. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 21. Pythagoreans
 22. Sprague, Rosamond Kent, The Older Sophists, Hackett Publishing Company (ISBN 0-87220-556-8)
 23. "About Academy". Archived from the original on 2011-05-19. Retrieved 2008-07-27.
 24. History Of Marathon
 25. 25.0 25.1 "Ancient Olympic Games: History". International Olympic Committee. Retrieved 2006-12-28.
 26. Covert, Kim (2004). "1-The Ancient Olympics". Ancient Greece. Early civilizations (illustrated ed.). pp. 5–6. ISBN 9780736824682. {{cite book}}: |access-date= requires |url= (help); Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 27. McCann, Liam (2006). The Olympics Facts, Figures & Fun (illustrated ed.). AAPPL. ISBN 9781904332404. Retrieved 2 സെപ്റ്റംബർ 2009. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]