ധ്രുവക്കുറുക്കൻ
| ധ്രുവകുറുക്കൻ[1] | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Carnivora |
| കുടുംബം: | Canidae |
| ജനുസ്സ്: | Alopex |
| വർഗ്ഗം: | A. lagopus |
| ശാസ്ത്രീയ നാമം | |
| Alopex lagopus (Linnaeus, 1758) |
|
| Arctic Fox range | |
| പര്യായങ്ങൾ | |
|
Alopex lagopus |
|
ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം കുറുക്കനാണ് ധ്രുവക്കുറുക്കൻ. കാനിഡെ(Candiae) ജന്തുകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: അലോപെക്സ് ലാഗോപ്പസ് ( Alopex lagopus ). ധ്രുവക്കുറുക്കന് സാധാരണ കുറുക്കനെ അപേക്ഷിച്ച് വലുപ്പം കുറവാണ്.
ഉള്ളടക്കം |
ശരീര ഘടന [തിരുത്തുക]
കുറുക്കന്റേതിനെക്കാൾ നീളം കൂടിയ കാലുകളും നായയുടേതിനു സദൃശമായ തലയും പല്ലും ഇവയുടെ സവിശേഷതയാണ്. ആൺമൃഗത്തിന് തലയും ഉടലും കൂടി 46-68 സെന്റിമീറ്റർ. നീളം വരും; വാലിന് 30-40 സെന്റിമീറ്ററും. തോളറ്റംവരെ 30 സെന്റിമീറ്ററും. ഉയരവും നാലര കിലോഗ്രാമോളം തൂക്കവുമുണ്ടായിരിക്കും. പെൺമൃഗത്തിന്റെ തലയ്ക്കും ഉടലിനും കൂടി 53 സെന്റിമീറ്ററും വാലിന് 30 സെന്റിമീറ്ററും നീളവും മൂന്നു കിലോഗ്രാം തൂക്കവും ഉണ്ടായിരിക്കും. ശീതകാലത്ത് ഇവയ്ക്ക് വെളുത്ത നിറമാണ്; വേനൽക്കാലത്ത് ഇളം നീലയും. അതിനാൽ ഇവയെ നീലക്കുറുക്കൻ എന്നും വിശേഷിപ്പിക്കാറുണ്ട്.
ആവാസ മേഖല [തിരുത്തുക]
യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ തുന്ദ്ര പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഐസ്‌ലാന്റിലെ കരയിൽ ജീവിക്കുന്ന ഏക സസ്തനി ധ്രുവക്കുറുക്കനാണ്; അവിടെ ഇവ സാധാരണയാണുതാനും. -70oC വരെയുള്ള തണുപ്പ് അതിജീവിക്കാൻ ധ്രുവക്കുറുക്കനു കഴിയും.
ഒരു ആൺമൃഗവും ഒന്നോ രണ്ടോ പെൺമൃഗങ്ങളും അടങ്ങിയ ചെറുകൂട്ടങ്ങളായാണ് ഇവയെ കാണുക. കുന്നിൻചരിവുകളിൽ എക്കൽമണ്ണും മണലും ഉപയോഗിച്ചുണ്ടാക്കുന്ന ചെറു ഗുഹകളാണ് ഇവയുടെ വാസസ്ഥലം.
സ്വഭാവം [തിരുത്തുക]
എലികൾ, പ്രാണികൾ, ധ്രുവക്കരടികൾ ഉപേക്ഷിച്ചുപോയ മാംസക്കഷണങ്ങൾ, ചത്തടിഞ്ഞ മത്സ്യങ്ങൾ തുടങ്ങിയവ ധ്രുവക്കുറുക്കൻ ആഹാരമാക്കുന്നു. മേയ്-ജൂൺ മാസക്കാലമാണ് ധ്രുവക്കുറുക്കന്റെ പ്രജനനകാലം. ഗർഭകാലം 51-57 ദിവസങ്ങളാണ്. ഒരു പ്രസവത്തിൽ 4 മുതൽ 11 വരെ കുഞ്ഞുങ്ങളുണ്ടാകും. പെൺകുറുക്കനും കുഞ്ഞുങ്ങൾക്കും ആഹാരം സമ്പാദിച്ചുകൊടുക്കുന്നതും അവയെ ശത്രുക്കളിൽനിന്നു സംരക്ഷിക്കുന്നതും കുടുംബത്തിലെ ആൺകുറുക്കനാണ്. വൻതോതിലുള്ള വേട്ടയാടൽമൂലം ധ്രുവക്കുറുക്കൻ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.
അലോപെക്സ് കോർസാക് ( Alopex corsac ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മറ്റൊരിനം ധ്രുവക്കുറുക്കൻ മംഗോളിയ, വടക്കൻ ചൈന എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
അവലംബം [തിരുത്തുക]
- ↑ Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. http://www.bucknell.edu/msw3/browse.asp?id=14000873.
- ↑ Angerbjörn, A., Hersteinsson, P. & Tannerfeldt, M. (2008). Alopex lagopus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 11 February 2009.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധ്രുവക്കുറുക്കൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |