ജാവാസ്ക്രിപ്റ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെബ് താളുകള്‍ക്കായി ക്ലയന്റ് ഭാഗത്തുള്ള സ്ക്രിപ്റ്റുകള്‍ രചിക്കുന്നതിനായി നെറ്റ്സ്കേപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു സ്ക്രിപ്റ്റിങ്ങ് ഭാഷയാണ് ജാവാസ്ക്രിപ്റ്റ്. ഇ.സി.എം.എ. സ്ക്രിപ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു സ്ക്രിപ്റ്റിങ് ഭാഷയാണിത്. നിരവധി പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും ആശയങ്ങള്‍ എടുത്ത് ഏറെക്കുറെ ജാവയെ അനുസ്മരിപ്പിക്കും പോലെയാണ് വികസിപ്പിച്ചിരിക്കുന്നതെങ്കിലും പ്രോഗ്രാമിങ് വൈദഗ്ദ്ധ്യം കുറവുള്ളവര്‍ക്കു പോലും കൈകാര്യം ചെയ്യാവുന്നത്ര ലളിതമാണ് ഇതിന്റെ ഉപയോഗക്രമം. ജാവാസ്ക്രിപ്റ്റിന്റെ ഘടന സെല്‍ഫ് പ്രോഗ്രാമിങ് ഭാഷയോട് സാദൃശ്യം പുലര്‍ത്തുന്നതാണ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
പേരില്‍ ജാവയുമായി സാമ്യം ഉണ്ടെങ്കിലും ഇരുഭാഷകളും സിയുടെ വ്യാകരണം കടമെടുത്തിരിക്കുന്നതൊഴിച്ചാല്‍ പ്രകടമായ സാദൃശ്യങ്ങള്‍ ഒന്നുമില്ല. നെറ്റ്സ്കേപ്പും സണ്‍ മൈക്രോസിസ്റ്റംസും തമ്മിലുള്ള കച്ചവടക്കരാറിന്റെ ഫലമായാണ് ലൈവ്സ്ക്രിപ്റ്റ് എന്ന ഇതിന്റെ ആദ്യകാലനാമം ജാവാസ്ക്രിപ്റ്റ് എന്നു മാറ്റിയത്. അക്കാലത്ത് പ്രബലമായിരുന്ന സണ്ണിന്റെ ജാവാ റണ്‍ടൈം നെറ്റ്സ്കേപിന്റെ ബ്രൗസറിനൊപ്പം കൂട്ടിച്ചേര്‍ക്കാനനുമതി നല്‍കിയതിനു പകരമായിരുന്നു ഇത്.
ഇപ്പോള്‍ "JavaScript" എന്നത് സണ്‍ മൈക്രോസിസ്റ്റംസിന്റെ അംഗീകൃതവ്യാപാരമുദ്രയാണ്[1].
[തിരുത്തുക] ചരിത്രം
മോക എന്ന പേരില്‍ നെറ്റ്സ്കേപ്പിലെ ബ്രെന്‍ഡന്‍ എയ്‌ഷ് ആണ് ഈ ഭാഷ വികസിപ്പിച്ചെടുത്തത്. പിന്നീട് ലൈവ്സ്ക്രിപ്റ്റ് എന്നും ജാവാസ്ക്രിപ്റ്റ് എന്നും പേരുമാറ്റി. നെറ്റ്സ്കേപ് നാവിഗേറ്റര്‍ എന്ന ബ്രൗസറില്‍ ജാവാ സാങ്കേതികവിദ്യയുടെ പിന്തുണ കൂട്ടിച്ചേര്‍ക്കുന്നതിനിടയിലാണ് ലൈവ് സ്ക്രിപ്റ്റ് എന്ന പേരില്‍ നിന്നും ജാവാസ്ക്രിപ്റ്റ് എന്ന പേരിലേക്കുള്ള മാറ്റം. 1995 ഡിസംബറില്‍ പുറത്തിറങ്ങിയ നെറ്റ്സ്കേപ് ബ്രൗസറിന്റെ 2.0B3 പതിപ്പിലാണ് ജാവാസ്ക്രിപ്റ്റിനുള്ള പിന്തുണ ആദ്യമായി ചേര്‍ക്കപ്പെട്ടത്.
[തിരുത്തുക] ജെസ്ക്രിപ്റ്റ്
വ്യാപാരമുദ്രാപ്രശ്നങ്ങള്‍ ഒഴിവാക്കാനായി മൈക്രോസോഫ്റ്റ് ജാവാസ്ക്രിപ്റ്റിനു സമാനമായി പുറത്തിറക്കിയ സ്ക്രിപ്റ്റിങ് ഭാഷക്ക് ജെസ്ക്രിപ്റ്റ് എന്നു പേരിട്ടു. 1996 ഓഗസ്റ്റില്‍ പുറത്തിറക്കിയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 3.0-നോടൊപ്പം ജെസ്ക്രിപ്റ്റ് പിന്തുണ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ജാവാസ്ക്രിപ്റ്റില്‍ അക്കാലത്തില്ലാതിരുന്ന വൈ2കെ പ്രശ്നപിന്തുണയും ജെസ്ക്രിപ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

