Jump to content

തുർക്കിയുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യ, യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന തുർക്കി നിരവധി ചരിത്ര സ്മരണകൾ ഉറങ്ങുന്ന പ്രദേശമാണ്. രണ്ട് ഭൂഖണ്ഡങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭൂപ്രകൃതി തുർക്കിയുടെ ചരിത്രപരവും സാംസ്കാരികപരവുമായ പരിണാമത്തെ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രത്തിലുടനീളം പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി സംസ്കാരങ്ങളുടെ സമ്മേളന വേദിയായിരുന്നു തുർക്കി. ഒട്ടോമൻ സാമ്രാജ്യം എന്ന പേരിലാണ് തുർക്കി മുമ്പ് അറിയപ്പെട്ടത്.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് തുർക്കിയുടെ ചരിത്രം കടന്നുപോന്നത്. 15-ാം ശതകത്തിനു മുമ്പുള്ള ചരിത്രം ഏഷ്യ മൈനറിന്റേതും; അതിനുശേഷമുള്ളത് ഓട്ടോമൻ സാമ്രാജ്യത്തിന്റേതും ആധുനിക തുർക്കി റിപബ്ളിക്കിന്റേതുമാണ്.

പുരാതനചരിത്രം

[തിരുത്തുക]
ബൈസാന്റൈൻ കാലത്ത് നിർമ്മിക്കപ്പെട്ട അയ സോഫിയ

പുരാതന നാഗരികതകളിൽ ഒന്നാണ് തുർക്കി. പതിനൊന്നാം ശതകത്തിൽ തുർക്കികൾ ഏഷ്യാമൈനറിൽ (അനറ്റോളിയ) എത്തുന്നതിനു മുമ്പ് ഇവിടം ഹിറ്റൈറ്റ്, പേർഷ്യൻ, ഗ്രീക്ക്, റോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിനുശേഷം ഏഷ്യാമൈനർ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ കീഴിലായി.

തുർക്കികളുടെ ആഗമനം

[തിരുത്തുക]

പതിനൊന്നാം നൂറ്റാണ്ടീൽ ഏഷ്യാമൈനറിലെത്തിയ സെൽജ്യൂക്കുകളാണ് ഇവിടെയെത്തിയ ആദ്യത്തെ തുർക്കി വംശജർ. പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുക എന്നതിനു പുറമേ അനീതി നടത്തുന്നവരെ ഇസ്ളാമിന്റെ നാമത്തിൽ കീഴടക്കുക ശാന്തി നിലനിർത്തുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1071 -ൽ മാൻസികേർട്ട് യുദ്ധത്തിൽ ഇവർ ബൈസാന്തിയൻ ചക്രവർത്തിയെ പരാജയപ്പെടുത്തിയത് ഏഷ്യാമൈനറിലെ അധികാര സമവാക്യങ്ങളിൽ വൻ മാറ്റങ്ങളുണ്ടാക്കി. ഇതോടെ ഇവിടം ക്രമേണ തുർക്കികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമായി മാറി. സെൽജൂക്ക് തുർക്കികൾ ഏഷ്യാമൈനറിൽ സ്ഥാപിച്ച സാമ്രാജ്യം റൂം സുൽത്താനത്ത് എന്ന പേരിൽ അറിയപ്പെട്ടു.

ഓട്ടൊമൻ സാമ്രാജ്യം

[തിരുത്തുക]
സുൽത്താൻ അഹ്മദ് മസ്ജിദ് - ഓട്ടമൻ കാലത്തെ ഒരു ചരിത്രസ്മാരകമാണ്
പ്രധാന ലേഖനം: ഓട്ടമൻ സാമ്രാജ്യം

പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളിയരുടെ ആക്രമണപരമ്പരകൾക്കൊടുവിൽ കോസ്ദാഗിൽ വച്ച് മംഗോളിയർ സെൽജൂക്കുകളെ പരാജയപ്പെടുത്തിയതോടെ മംഗോളിയരുടെ മേൽക്കോയ്മ സ്വീകരിക്കുവാൻ സെൽജൂക്കുകൾ നിർബന്ധിതരായി. സെൽജൂക്ക് ആധിപത്യം ദുർബലമായപ്പോൾ നിരവധി തുർക്കി നാട്ടുരാജ്യങ്ങൾ പതിമൂനാം നൂറ്റാണ്ടിന്റെ പകുതിയോടെ ഏഷ്യാമൈനറിൽ നിലവിൽ വന്നു. വടക്കു പടിഞ്ഞാറൻ ഏഷ്യാമൈനറിലെ സോഗത് എമിറേറ്റായിരുന്നു ഇവയിൽ വച്ച് ഏറ്റവും ശക്തം. ഉസ്മാൻ ഒന്നാമൻ ആയിരുന്നു ഈ നാട്ടുരാജ്യത്തിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ഒസ്മാനികൾ അഥവാ ഒട്ടോമനുകൾ എന്നറിയപ്പെട്ടു. 1453-ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തത് തുർക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. യൂറോപ്യൻ പ്രതാപത്തിന്റെ പ്രതീകമായിരുന്ന ബൈസാന്തിയൻ ക്രിസ്ത്യൻ സാമ്രാജ്യത്തിന്റെ മേലുള്ള തുർക്കികളുടെ ജയം ഇസ്ളാമിന്റെ വിജയമായും കണക്കാക്കപ്പെട്ടു. ഏഷ്യാമൈനറിലെ ഒരു ചെറിയ എമിറേറ്റിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.

ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. പരാജയപ്പെട്ട കേന്ദ്രീയശക്തികൾക്കൊപ്പം തുർക്കിയും ഉൾപ്പെട്ടിരുന്നതുകൊണ്ട് 1920-ൽ സഖ്യകക്ഷികളുമായുള്ള ഒരു സമാധാന കരാറിൽ തുർക്കിക്കും ഒപ്പിടേണ്ടതായി വന്നു. സെവ്ര കരാർ എന്ന ഈ കരാർ പ്രകാരം ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം തുർക്കിക്കു നഷ്ടമായി. ഈ കരാറിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച മുസ്തഫ കെമാൽ പാഷ അങ്കാറയിൽ ഒരു ബദൽ സർക്കാർ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയിൽനിന്ന് തുർക്കിയെ മോചിപ്പിച്ച കെമാൽ പാഷ സുൽത്താൻ ഭരണം അവസാനിപ്പിച്ച് ഒട്ടോമൻ ഭരണവും അവസാനിപ്പിച്ചു.

തുർക്കി റിപ്പബ്ലിക്ക്

[തിരുത്തുക]
പ്രധാന ലേഖനം: തുർക്കി
പ്രമാണം:MustafaKemalAtaturk.jpg
മുസ്തഫ കമാൽ അത്താത്തുർക്ക് - ആധുനികതുർക്കിയുടെ പിതാവ്

ഒട്ടോമൻ ഭരണത്തിന് സമാപ്തി കുറിച്ച കെമാൽ അത്താത്തുർക്കിന്റെ നേതൃത്വത്തിൽ 1923-ൽ തുർക്കി ഒരു റിപ്പബ്ളിക്കായി മാറി. കെമാൽ തന്നെയായിരുന്നു റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ പിൻഗാമിയായ നവതുർക്കി റിപ്പബ്ളിക്കിനെ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയിൽ ആധുനികവത്ക്കരിക്കുക എന്നതായിരുന്നു കെമാൽ പാഷയുടെ പ്രധാന ലക്ഷ്യം. തുർക്കിയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ഒറ്റക്കക്ഷിജനാധിപത്യം, ദേശീയത, ജനപ്രിയനയം, പരിവർത്തനവാദം, തീവ്രമതേതരത്വം, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ളിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടർക്കിസം (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു. രാഷ്ട്രത്തിന്റെ ഈ അടിസ്ഥാന തത്ത്വങ്ങൾ തുർക്കി ഭരണഘടനയിൽ എഴുതി ചേർത്തിട്ടുണ്ട്. മറ്റു പാർട്ടികൾക്ക് പ്രവർത്തനസ്വാതന്ത്ര്യമില്ലാത്ത ഏകകക്ഷിജനാധിപത്യമാണ് കെമാൽ പിന്തുടർന്നത്. കെമാലിനു ശേഷമാണ് മറ്റു കക്ഷികൾക്കും പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചത്.

മതനിരപേക്ഷതയായിരുന്നു അട്ടാടർക്കിസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ ഘടകം. ഒരു മതേതര രാജ്യത്തെ വാർത്തെടുക്കുവാനുള്ള കെമാലിന്റെ ശ്രമങ്ങൾ തുർക്കിയിൽ എതിർപ്പുളവാക്കിയെങ്കിലും അവയെ ശക്തമായി അടിച്ചമർത്തിക്കൊണ്ട് ഇദ്ദേഹം തന്റെ കർമപരിപാടിയുമായി മുന്നോട്ടുപോയി.

ഒട്ടോമൻ സാമൂഹിക വ്യവസ്ഥിതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി 1924 മാർച്ച് 3-ന് ഖിലാഫത്ത് നിർത്തലാക്കിയതോടെ മതവും രാഷ്ട്രീയവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടു. ശരീ അത്തിനു പകരം യുറോപ്യൻ രാജ്യങ്ങളുടെ മാതൃകയിലുള്ള സിവിൽ നിയമം പ്രാബല്യത്തിൽ വരുത്തിയതും മദ്രസ വിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസത്തിൽ ലയിപ്പിച്ചതും ആധുനികതയിലേക്കുള്ള തുർക്കിയുടെ പുരോഗതിയെ ത്വരിതപ്പെടുത്തി. ഇസ്‌ലാം ദേശീയ മതമാണ് എന്ന നിയമ വ്യവസ്ഥിതി 1928-ൽ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഒട്ടോമൻ ഭരണത്തിൻകീഴിൽ അടിച്ചമർത്തപ്പെട്ടിരുന്ന[അവലംബം ആവശ്യമാണ്] സ്ത്രീകൾക്ക് വോട്ടവകാശവും സർക്കാർ സർവീസിൽ പ്രവേശനവും അനുവദിച്ചു.

രാജ്യത്തിനകത്തും പുറത്തും സമാധാനം എന്നതായിരുന്നു കെമാലിന്റെ വിദേശനയം. വെറുപ്പിന്റെ രാഷ്ട്രീയത്തോടു വിട പറഞ്ഞുകൊണ്ട് ഗ്രീസ്, യുഗോസ്ളാവിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി ധാരണയിലെത്തിയ ഇദ്ദേഹം സോവിയറ്റ് യൂണിയൻ, ജർമനി എന്നീ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിച്ചു. കെമാൽ പാഷയുടെ മരണശേഷം 1938-ൽ ഇസ്മത് ഇനോനുവായിരുന്നു അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് (1938).

കമാലിനു ശേഷം

[തിരുത്തുക]
ഇസ്മത് ഇനോനു - തുർക്കിയുടെ രണ്ടാമത്തെ പ്രസിഡണ്ട്

കമാലിസ്റ്റ് വിപ്ലവത്തിന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമൂലമായ മാറ്റം വരുത്താൻ സാധിച്ചെങ്കിലും മുസ്തഫ കമാൽ എന്ന ഒറ്റ നേതാവിലുള്ള അമിതമായ ആശ്രിതത്വം, അതിന്റെ ഏറ്റവും വലിയ ബലഹീനതയായിരുന്നു. കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് രാജ്യത്തെ മാറ്റങ്ങൾ കാര്യമായ പങ്കോ സ്വാധീനമോ വഹിക്കാനായില്ല. കമാലിന്റെ മരണത്തോടെ ഈ കഴിവുകേട് മറനീക്കി പുറത്തെത്താനാരംഭിച്ചു.[1]

ഹിറ്റ്ലറുടെ വളർച്ചയെ പരിഭ്രാന്തിയോടെ വീക്ഷിച്ച തുർക്കി രണ്ടാം ലോകയുദ്ധമാരംഭിച്ചതോടെ, കമാലിന്റെ അകത്തും പുറത്തും സമാധാനം എന്ന നിലപാടുയർത്തി, നിഷ്പക്ഷത പാലിച്ചു. യുദ്ധമാരംഭിച്ചപ്പോൾ കൈക്കൊണ്ട നിഷ്പക്ഷതാ നയമായിരുന്നു തുർക്കിയെ യുദ്ധവിപത്തിൽ നിന്ന് പരിരക്ഷിച്ചത്. നാസി- സോവിയറ്റ് കരാർ നിലവിൽവന്നതിനെത്തുടർന്ന് ബ്രിട്ടനും ഫ്രാൻസുമായി ഒരു പരസ്പര സഹായ ഉടമ്പടിയിൽ തുർക്കി ഒപ്പുവച്ചെങ്കിലും (1939) നിഷ്പക്ഷതാ നയത്തിൽ നിന്നും തുർക്കി വ്യതിചലിച്ചില്ല. 1941-ൽ സോവിയറ്റ് യൂണിയനെ ജർമനി ആക്രമിച്ചതോടെ സഖ്യകക്ഷികൾക്കൊപ്പം ചേരാൻ സമ്മർദമുണ്ടായെങ്കിലും 1944 വരെ നിഷ്പക്ഷതാ നയത്തിൽത്തന്നെ തുർക്കി ഉറച്ചു നിന്നു. 1944-ൽ തുർക്കി നാസി ജർമനിയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയും 1945-ൽ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അച്ചുതണ്ട് ശക്തികൾക്കെതിരെ യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കു മാത്രമേ യു.എൻ. സമ്മേളനത്തിൽ പങ്കെടുക്കാനാവൂ എന്ന സഖ്യകക്ഷികളുടെ ഉപാധിയാണ് ജർമനിക്കെതിരെ യുദ്ധം ചെയ്യാൻ തുർക്കിയെ പ്രേരിപ്പിച്ചത്. 1945-ൽ തുർക്കി യു. എൻ. അംഗമായി.

യുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയൻ കിഴക്കൻ തുർക്കിയിലെ രണ്ട് പ്രവശ്യകളുടെ മേൽ ഉന്നയിച്ച അവകാശവാദത്തെ തുർക്കി തള്ളിക്കളഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ശീതയുദ്ധകാലത്ത് യു.എസ്സുമായി കൂടുതൽ അടുത്ത തുർക്കിക്ക് യു.എസ്. സാമ്പത്തിക സഹായം നൽകി.

ബഹുകക്ഷിരാഷ്ട്രീയത്തിന്റെ തുടക്കം

[തിരുത്തുക]

അമേരിക്കൻ സ്വാധീനത്തിന്റെ ഫലമായി ഭരണം കൂടുതൽ ജനാധിപത്യവൽക്കരിക്കുവാനും പ്രതിപക്ഷകക്ഷികളുടെ രൂപീകരണത്തിനുള്ള നിരോധനം നീക്കുവാനും കമാലിന്റെ പിൻഗാമിയായ ഇസ്മത് ഇനോനു തയ്യാറായി.

പുതുതായി രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയകക്ഷികളിൽ മുൻ ആർ.പി.പി. അംഗങ്ങൾ തന്നെ അടങ്ങിയ ഡെമോക്രാറ്റിക് പാർട്ടി (ഡി.പി.) ആയിരുന്നു പ്രമുഖസ്ഥാനത്ത്. ജലാൽ ബയാർ, അദ്നാൻ മെൻഡെരസ് എന്നിവരായിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഡി.പി. കമാലിസം ഉയർത്തിപ്പിടിച്ചിരുന്നെങ്കിലും സാമ്പത്തികവും മതപരവുമായ കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഇടപെടൽ ലഘൂകരിക്കുന്നതിന് പ്രാമുഖ്യം നൽകി. 1946-ൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി വൻ ഭൂരിപക്ഷം നേടിയെങ്കിലും 1950-ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി വൻഭൂരിപക്ഷം നേടീ. പാർലമെന്റിൽ ആർ.പി.പി.യുഎടെ 75 സ്ഥാനങ്ങൾക്കെതിരെ 408 സ്ഥാനങ്ങളാണ് ഡി.പി.ക്ക് ലഭിച്ചത്. ജനങ്ങളിൽ 55 ശതമാനം പേരുടെ പിന്തുണയും ഡി.പിക്ക് ലഭിച്ചു. പാർലമെന്റ് ബയാറിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മെൻഡരസ് പ്രധാനമന്ത്രിയുമായി.[1]

ഡെമോക്രാറ്റിക് ഭരണകൂടം സമ്പദ്ഘടനയ്ക്കുമേലുള്ള സർക്കാർ നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 10 വർഷം അധികാരത്തിലിരുന്ന ഡെമോക്രാറ്റിക് പാർട്ടി അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനമാണ് ഇവിടെ നടപ്പിലാക്കിയത്.

ഈ സർക്കാറിന്റെ കാലത്ത് പള്ളികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയും നിയമവിരുദ്ധമായി പലയിടങ്ങളിലും അറബി അക്ഷരങ്ങളുടെ ഉപയോഗമാരംഭിക്കുകയും ചെയ്തു. ഇതിനു പുറമേ പള്ളികളിൽ അറബിയിൽ ബാങ്ക് വിളിക്കുന്നതിന് നിലവിലുണ്ടായിരുന്ന പിഴശിക്ഷ, മെൻഡരസ് നിർത്തലാക്കി. ഈ നടപടികളെ രാജ്യത്തെ ഇസ്ലാമികഭൂരിപക്ഷം വ്യാപകമായി സ്വാഗതം ചെയ്തു. 1954-ലെ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡി.പിയുടെ ജനപിന്തുണ 58.4 ശതമാനം ആയി ഉയർന്നു. തുടർന്ന് സർക്കാർ പ്രാഥമികതലത്തിൽ മതവിദ്യാഭ്യാസം നിർബന്ധിതവും ദ്വിതീയതലത്തിൽ ഐഛികവുമാക്കി. മാത്രമല്ല ഇമാം ഖതിബ് എന്നറീയപ്പെടുന്ന ദൈവശാസ്ത്രസ്കൂളുകളേയ്യും കലാലയങ്ങളേയും അംഗീകൃതമാക്കുകയും ചെയ്തു. സർക്കാർ നിയന്ത്രണത്തിലുള്ള റേഡിയോ, ഖുറാൻ വചനങ്ങൾ പ്രക്ഷേപണം ചെയ്യാനാരംഭിക്കുകയും ചെയ്തു. സയിദ് നൂർസിയുടെ നൂർജുലുക് പ്രസ്ഥാനം പോലുള്ള നിയമവിരുദ്ധമായിരുന്ന ഇസ്ലാമികപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളേയും ഡി.പി. സർക്കാർ വളരാനനുവദിച്ചു.

ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രാജ്യത്തെ നഗരവാസികളെ വലച്ചതിനെത്തുടർന്ന് 1958-ലെ തിരഞ്ഞെടുപ്പിൽ ഡി.പിയുടെ ജനപിന്തുണ കുറച്ചു. എങ്കിലും അവർക്ക് അധികാരത്തിൽ തുടരാൻ സാധിച്ചിരുന്നു. ഇക്കാലയളവിൽ പ്രതിപക്ഷം പ്രക്ഷോഭങ്ങളാരംഭിച്ചെങ്കിലും ഇവയെ സർക്കാർ നിഷ്കരുണം അടീച്ചമർത്തി. വെല്ലുവിളിയെ എതിരിടാൻ മെൻഡെരസ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നു. അതുവഴി ജഡ്ജിമാരേയും സർക്കാരുദ്യോഗസ്ഥരേയും പിരിച്ചുവിടാനുള്ള അധികാരം, രാഷ്ട്രീയയോഗങ്ങൾ, രാഷ്ട്രീയസഖ്യങ്ങൾ എന്നിവയെ നിരോധിക്കാനുള്ള അധികാരം തുടങ്ങിയവ സർക്കാരിനു ലഭിച്ചു. എങ്കിലും പ്രശ്നങ്ങളുടെ കാതലായ സാമ്പത്തികകെടുകാര്യസ്ഥത പരിഹരിക്കപ്പെടാനാവാതെ കിടന്നു. 1960 ഏപ്രിലിൽ പ്രതിപക്ഷക്കാരേയും ഒരു വിഭാഗം പത്രസ്ഥാപനങ്ങളേയും കുറിച്ച് അന്വേഷിക്കുന്നതിനും സംശയമുള്ളവരെ തടവിലാക്കുന്നതിനുമായി ഒരു സമിതിയെ മെൻഡരസിന്റെ ആശിർവാദത്തോടെ പാർലമെന്റ് നിയോഗിച്ചു. നിയമനിർമ്മാണസംവിധാനവും നിർവഹണവിഭാഗവും തമ്മിലുള്ള ഈ സമ്മേളനം, ഭരണഘടനയുടെ അടിത്തറയെത്തന്നെ ലംഘിച്ചു.[1]

ആദ്യത്തെ സൈനിക അട്ടിമറിയും പുതിയ ഭരണഘടനയും

[തിരുത്തുക]

ഇസ്ലാമിക യാഥാസ്ഥിതികരെ പ്രീണിപ്പിക്കുവാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങൾ പട്ടാളത്തിൽ അതൃപ്തിയുണ്ടാക്കി. ഇതേത്തുടർന്ന് 1960 മേയ് 27-ന് ജനറൽ ജമാൽ ഗുർസലിന്റെ നേതൃത്വത്തിൽ സൈന്യം അധികാരം പിടീച്ചെടുത്തു. കമാലിസ്റ്റ് മൂല്യങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ നടപടിയുടെ ലക്ഷ്യമായി പറഞ്ഞത്. സൈന്യം ബയാറിനേയും മെൻഡരസിനേയും തടവിലാക്കുകയും എല്ലാ രാഷ്ട്രീയകക്ഷികളേയും നിരോധിക്കുകയും ചെയ്തു. നീണ്ട ഒരു വിചാരണക്കു ശേഷം, ഭരണഘടന ലംഘിച്ചെന്ന കുറ്റത്താൽ മെൻഡരസ് വധശിക്ഷക്ക് വിധിക്കപ്പെട്ടു. ബേയറിന് ജീവപര്യന്തം തടവും വിധിച്ചു. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ അഭ്യർത്ഥന അവഗണിച്ചുകൊണ്ട് 1961 സെപ്റ്റംബർ 17-ന് സൈനികഭരണകൂടം മെൻഡരസിനെ തൂക്കിലേറ്റി.

അധികാരം പിടിച്ചെടുത്ത സൈനികസംഘം നാഷണൽ യൂണിറ്റി കമ്മിറ്റി എന്ന പേരിലാണ് അറിയപ്പെട്ടത്. ഗുർസലിന്റെ നേതൃത്വത്തിൽ 38 സൈനികോദ്യോഗസ്ഥർ അടങ്ങിയ ഈ സമിതി, ജി.എൻ.എയുടെ അധികാരങ്ങൾ‌ ഏറ്റെടുത്തു. കമ്മിറ്റി, ഡെമോക്രാറ്റിക് പാർട്ടിയെ നിരോധിച്ചു. 1961 ജനുവരിയിൽ പുതുതായി ഏർപ്പെടുത്തിയ പ്രതിനിധിസഭ പുതിയ ഭരണഘടനയും തിരഞ്ഞെടൂപ്പുനിയമവും തയ്യാറാക്കുകയും രാഷ്ട്രീയകക്ഷികൾക്കായുള്ള നിരോധനം ഒഴിവാക്കുകയും ചെയ്തു.

ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ മുസ്തഫ കമാൽ അത്താത്തുർക്കിനെ ദേശീയനേതാവായി പ്രഖ്യാപിച്ചു. മതനിരപേക്ഷത രാജ്യത്തിന്റെ അടീസ്ഥാനശിലയാക്കി രണ്ടാമത്തെ ആർട്ടിക്കിളിൽ പറയുന്നു. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയനിയമവ്യ്വസ്ഥകളിൽ മാറ്റം വരുത്തുന്നതിനോ, വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കു വേണ്ടിയോ മതത്തെ ഉപയോഗിക്കുന്നതിനെ ഈ ഭരണഘടന വിലക്കി. ആധുനികശാസ്ത്രവിദ്യാഭ്യാസത്തിന്റെ അടീത്തറയിൽ നിന്നുകൊണ്ടുള്ളതായിരിക്കണം മതപഠനം എന്നും നിഷ്കർഷിച്ചു. എന്നാൽ ഏകീകൃതവിദ്യാഭ്യാസം, ഹാറ്റ് ധരിക്കൽ, സൂഫി ആശ്രമങ്ങളുടെ നിരോധനം, ലത്തീൻ അക്ഷരമാല തുടങ്ങിയ മുൻപുണ്ടായിരുന്ന നിയമങ്ങൾ പുതിയ ഭരണഘടനയിൽ നിന്നും ഒഴിവാക്കി. രണ്ടു വർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ കാലാവധി പൂർത്തിയാക്കുന്ന ഒരു സെനറ്റും നാലു വർഷം കാലാവധിയുള്ള 450 അംഗങ്ങളടങ്ങിയ മഹാദേശീയസഭയും (ജി.എൻ.എ.) അടങ്ങിയ രണ്ടൂ തട്ടുകളുള്ള പാർലമെന്റാണ് ഈ ഭരണഘടനയനുസരിച്ച് നിലവിൽ വന്നത്.[1] തുടർന്ന് ഗ്രാൻഡ് നാഷണൽ അസംബ്ലി, ജമാൽ ഗുർസലിനെ തുർക്കിയുടെ നാലാമത്തെ പ്രസിഡണ്ടായും തിരഞ്ഞെടുത്തു.

1961 ഒക്ടോബറീൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി, 36.7 ശതമാനം ജനപിന്തുണനേടി. ജസ്റ്റിസ് പാർട്ടി എന്ന് പേരുമാറ്റിയ ഡെമോക്രാറ്റിക് കക്ഷിക്ക് 34.7 ശതമാനം പിന്തുണയുണ്ടായിരുന്നു. ജനറൽ റഗി ഗുമുസ്പാല എന്ന മുൻ സൈനികോദ്യോഗസ്ഥനായിരുന്നു ആയിരുന്നു അന്ന് ജെ.പിയെ നയിച്ചത്.[1] ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ഇനോനുവിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭകളാണ് 1965 വരെ തുർക്കിയിൽ മാറിമാറി അധികാരത്തിലിരുന്നത്. 1965 ഫെബ്രുവരിയിൽ സൈനികഭരണകൂടത്തിന്റെ പിന്തുണയിൽ സു അത് ഹൈരി ഉർഗുപ്ലുവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. ജസിസ് പാർട്ടിയിലെ സുലൈമാൻ ദെമിറേൽ ആയിരുന്നു ഉപപ്രധാനമന്ത്രി.

സുലെയ്മാൻ ദെമിറേൽ

1965 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ട് നേടീ, ജസ്റ്റിസ് പാർട്ടി വ്യക്തമായ മുന്നേറ്റം നേടി. സുലെയ്മാൻ ദെമിറേലിന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലെത്തി.

മതവിദ്യാഭ്യാസം സ്കൂളുകളിൽ ഉയർന്ന ക്ലാസുകളിൽ നടപ്പിലാക്കിയും ഇസ്താബൂളിലും കോന്യയിലും ഉന്നതമതപഠനകേന്ദ്രങ്ങൾ സ്ഥാപിച്ചും ഇക്കാലത്ത് ജസ്റ്റിസ് പാർട്ടി, കമാലിസത്തിൽ നിന്നും പിന്നോട്ട് നീങ്ങി. 1951-നും 1967-നും ഇടക്ക് രാജ്യത്തെ മതാതിഷ്ഠിത സന്നദ്ധസംഘടനകളുടെ എണ്ണം 237-ൽ നിന്നും 2510 ആയി ഉയർന്നു. ഇവ ഇസ്ലാമികപുനരുദ്ധാരണത്തിന്റെ പ്രധാന ഉപകരണങ്ങളായി. 1963-ൽ ജെ.പിയുടെ നേതാവായ ഗുമുസ്പാല മുങ്കൈയെടുത്ത്, തുർക്കി, യൂറോപ്യൻ സാമ്പത്തികസംഘത്തിൽ (European Economic Community) അസോസിയേറ്റ് അംഗത്വത്തിനായി അപേക്ഷ നൽകി. സാമ്പത്തികമേഖലയെ ഉദാരമാക്കിയ ഈ നടപടി, ജസ്റ്റിസ് പാർട്ടിയുടെ നട്ടെല്ലായിരുന്ന രാജ്യത്തെ മദ്ധ്യവർഗ്ഗത്തെ കക്ഷിയിൽ നിന്ന് അകറ്റി. ഇത് നിരവധി ചെറീയ കക്ഷികളുടെ ഉദയത്തിന് വഴിതെളിച്ചു. നെജ്മത്തിൻ എർബകാൻ നയിച്ച നാഷണൽ ഓർഡർ പാർട്ടി ഇതിലൊരു പ്രധാന ഇസ്ലാമിക വലതുപക്ഷകക്ഷിയായിരുന്നു.[1] 1972-ൽ ഇത് നാഷണൽ സാൽവേഷൻ പാർട്ടി എന്ന് പേരുമാറ്റി.

രണ്ടാം സൈനിക അട്ടിമറി

[തിരുത്തുക]

1960-കളുടെ അന്ത്യത്തിൽ രാഷ്ട്രീയകക്ഷികൾ സൃഷ്ടിച്ച അരാജകത്വം നേരിടുന്നതിൽ ദെമിറേൽ പരാജയപ്പെട്ട സാഹചര്യത്തിൽ 1971 മാർച്ചിൽ പട്ടാളം ഇടപെട്ട് ഇദ്ദേഹത്തെ രാജിവയ്പ്പിച്ചു. പട്ടണപ്രദേശങ്ങളിൽ ഇടതുപക്ഷത്തിന്റെ ഉയർച്ചയെ തടയാനായില്ലെന്നതാണ് ഈ അട്ടിമറിക്ക് കാരണമായി സൈന്യം ഉയർത്തിക്കാണിച്ചത്. ഇതിനെത്തുടർന്ന് ആർ.പി.പിയുടെ കീഴിൽ മുൻപ് ഉപപ്രധാനമന്ത്രിയായിരുന്ന നിഹാത് എറീമിന്റെ നേതൃത്വത്തിൽ ഒരു സർക്കാരിനെ നിയമിക്കുകയും ചെയ്തു. പട്ടാളത്തിന്റെ പിന്തുണയുള്ള ജനകീയ ഭരണകൂടങ്ങളാണ് 1973-ലെ തെരഞ്ഞെടുപ്പു വരെ തുർക്കിയിൽ അധികാരത്തിലിരുന്നത്. എറീമിനു ശേഷം, 1972 മേയിൽ ഫെറിത് മെലിൻ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു.

ബുലന്റ് എജവിത്

1973 ഒക്ടോബറീലെ പൊതുതിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. 12 ശതമാനം ജനപിന്തുണയാർജ്ജിക്കുകയും 49 മണ്ഡലങ്ങളിൽ വിജയം നേടുകയും ചെയ്ത, ഇസ്ലാമികവാദിയായിരുന്ന നെജ്മത്തിൻ എർബകാന്റെ നാഷണൽ സാൽവേഷൻ പാർട്ടി (എൻ.എസ്.പി.), മദ്ധ്യവലതുപക്ഷത്തെ ജസ്റ്റിസ് പാർട്ടിക്കും മദ്ധ്യഇടതുപക്ഷത്തെ ആർ.പി.പിക്കുമൊപ്പം നിർണായകശക്തിയായി. ഏറ്റവും വലിയ ഒറ്റ കക്ഷിയായ റിപ്പബ്ളിക്കൻ പീപ്പിൾസ് പാർട്ടി നേതാവായ എജവിത് എൻ.എസ്.പിയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കിയെങ്കിലും 1974 അവസാനത്തോടെ ഈ മന്ത്രിസഭ നിലംപതിച്ചു.

1975-നും 1980-നുമിടയ്ക്ക് ദെമിറേൽ, എജവിത് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭകളാണ് മാറിമാറി തുർക്കിയിൽ അധികാരത്തിലിരുന്നത്. അധികാരം നിർണ്ണയിക്കുന്നതിൽ ഇസ്ലാമികവാദി എൻ.എസ്.പി. നിർണ്ണായകപങ്കും വഹിച്ചു. 1977-ലെ തിരഞ്ഞെടുപ്പിൽ എൻ.എസ്.പിയുടെ ജനപിന്തുണ 8.6 ശതമാനം ആയിക്കുറഞ്ഞെങ്കിലും രാഷ്ട്രീയ-വിദ്യാഭ്യാസരംഗങ്ങളിലെ ഇസ്ലാമികവൽക്കരണത്തിന് യാതൊരു കുറവും വന്നില്ല. 1970-കളുടെ അവസാനം, രാജ്യത്തെ അധോവർഗ്ഗത്തിന്റേയും മദ്ധ്യവർഗ്ഗത്തിന്റേയും ദേശീയശബ്ദമായി എൻ.എസ്.പി. മാറി. എൻ.എസ്.പിയുടെ ഈ വിജയം മറ്റു കക്ഷികളേയും ഇസ്ലാമികവോട്ട് ലക്ഷ്യമാക്കുയുള്ള രാഷ്ട്രീയം പ്രാവർത്തികമാക്കാൻ നിർബന്ധിതരാക്കി.[1]

മൂന്നാം സൈനിക അട്ടിമറിയും ഇസ്ലാമികവൽക്കരണവും

[തിരുത്തുക]

1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. ഇക്കാലത്ത് നഗരചേരികളിലെ ചെറുപ്പക്കാരുടെ എണ്ണം കുത്തനെ വർദ്ധിച്ചു. ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ വർദ്ധനവും യൂറോപ്യൻ സമ്പദ്ഘടനയിലെ മാന്ദ്യവും രാജ്യത്തിന്റെ ഉയർന്ന വിദേശകടബാദ്ധ്യതയും മൂലം രാജ്യത്ത് തൊഴിലില്ല്ലായ്മയും പണപ്പെരുപ്പവും രൂക്ഷമായി. തൊഴിലില്ലാത്ത ചെറുപ്പക്കാർ ഇടതും വലതും പക്ഷങ്ങളിലുള്ള തീവവാദപ്രസ്ഥാനങ്ങളിൽ ചേക്കേറി. ഇത് രാഷ്ട്രീയസംഘടനങ്ങൾക്ക് വഴിവച്ചു. നഗരപ്രദേശങ്ങളിലെ പ്രക്ഷോഭങ്ങൾ ഗ്രാമങ്ങളിലേക്കും പടർന്നു. അവിടെ തുർക്കികളും കുർദ്ദുകളും തമ്മിലും, ഷിയകളും സുന്നികളും തമ്മിലുമായി വംശീയ-സാമുദായിക-പ്രാദേശികകലഹങ്ങൾ ഉടലെടുത്തു.

അൽപർസ്ലാൻ തുർക്കേശ് നേതൃത്വം നൽകിയ അതിദേശീയവാദികളുടെ സംഘടനയായ നാഷണൽ ആക്ഷൻ പാർട്ടിയും (എൻ.എ.പി.) സുന്നികളിലെ തീവ്രവാദിവിഭാഗമായ നൂർജൂക്കുകളുമായി ചേർന്ന് ഷിയ വിഭാഗത്തിൽപ്പെട്ട അലവികൾക്കെതിരെ[൧] സംഘടിത ആക്രമണങ്ങൾ അരങ്ങേറി. എൻ.എ.പിയുടെ കീഴിൽ ബോസ്‌കുർത്ത് (ഗ്രേ വോൾവ്സ്) എന്ന പേരുള്ള ഒരു യുവജനസംഘടന രൂപം കൊള്ളുകയും ഇതിനു ബദലായി അകിൻജിലാർ എന്ന പേരിൽ എൻ.എസ്.പിയും യുവജനസംഘടന രൂപീകരിക്കുകയും ചെയ്തു. ഇടതുപക്ഷക്കാരായ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അലവികളേയും ആക്രമിക്കുക എന്നത് ഈ സംഘടനകൾ പ്രഖ്യാപിതലക്ഷ്യമാക്കി. 1978 ഡീസംബറീൽ, മൂന്നു ദിവസം നീണ്ട ഒരു സാമുദായിക-രാഷ്ട്രീയസംഘർഷം, തെക്കുകിഴക്കൻ ഭാഗത്തുള്ള കഹ്രാമന്മരാസ് എന്ന പട്ടണത്തിൽ നടന്നു. ഇവിടെ മരണമടഞ്ഞ 117 പേരിൽ കൂടുതലും അലവികളായിരുന്നു. അലവികളെ സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയായ എജവിത് പന്ത്രണ്ട് കിഴക്കൻ പ്രവിശ്യകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.എങ്കിലും സ്ഥിതിഗതികൾ ശാന്തമായീല്ല. 1980 വേനൽക്കാലത്ത് ദെമിറേലിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് പാർട്ടിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷിസർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ഒരാഴ്ചയിലും നൂറോളം പേർ കൊല്ലപ്പെട്ടു.

1980 സെപ്റ്റംബർ 6-ന് വേൾഡ് അസംബ്ലി ഓഫ് ഇസ്ലാമിക് യൂത്ത് ഫോർ ലിബറേഷൻ ഓഫ് പാലസ്തീൻ എന്ന പേരിൽ ഒരു ജാഥ കോന്യയിൽ നടന്നു. എൻ.എസ്.പി. ആയിരുന്നു. ഇതിന്റെ നടത്തിപ്പുകാർ. ഇരുപത് അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുത്ത ഈ ജാഥയിൽ വൻ ജനപ്രാതിനിത്യം ഉണ്ടായിരുന്നു. മറ്റു പല പ്രഖ്യാപനങ്ങൾക്കുമൊപ്പം, തുർക്കിയിൽ ഒരു ഇസ്ലാമികഭരണകൂടം സ്ഥാപിക്കുന്നതിനും ഈ റാലിയിൽ പ്രഖ്യാപനമുണ്ടായി. ഈ സംഭവം വെറൂം ആറൂ ദിവസങ്ങൾക്കുള്ളിൽ ഒരു സൈനികാട്ടിമറിയിലേക്കു നയിക്കുകയും 1980 സെപ്റ്റംബർ 12-ന് ദെമിറേൽ സർക്കാർ പുറത്താവുകയും ചെയ്തു.

"ഫാസിസ്റ്റ്-കമ്മ്യൂണീസ്റ്റ് പ്രവർത്തകരേയും മതഭാന്തരേയും നിയന്ത്രിക്കുക" എന്നതായിരുന്നു ഈ അധികാരമേറ്റെടുക്കലിന്റെ ലക്ഷ്യം എന്ന് ജനറൽ കെനാൻ എവ്രൻ നേതൃത്വം നൽകിയ സൈനികനേതൃത്വം പുറത്തിറക്കിയ വാർത്താക്കുറീപ്പിൽ പറഞ്ഞു. സൈന്യം ദെമിറേൽ, എർബകാൻ തുടങ്ങിയ രാഷ്ട്രീയനേതാക്കളെ തടവിലാക്കുകയും എല്ലാ രാഷ്ട്രീയകക്ഷികളേയും നിരോധിക്കുകയും ചെയ്തു. ജനറൽ എവ്‌റന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങൾ അടങ്ങിയതായിരുന്നു നാഷണൽ സെക്യൊരിറ്റി കൗൺസിൽ എന്ന സൈനികഭരണകൂടം. ഒരു ആഭ്യന്തരയുദ്ധം ഒഴിവാക്കുക എന്നതും മാർക്സിസ്റ്റ് ആശയങ്ങളേയും കക്ഷികളേയ്യും സമൂഹത്തിൽ നിന്ന് പിഴുതുമാറ്റുക എന്നതുമായിരുന്നു സനികഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾ.

ഇസ്ലാമിക ആശയങ്ങളും വിദ്യാഭ്യാസവും മാർക്സിസത്തിന്‌വിരുദ്ധമായിക്കരുതി, ഭരണകൂടം, 1967 മുതൽ ഇത് ഐഛികമായിരുന്ന ഇസ്ലാമികപഠനം, ദ്വിതീയവിദ്യാലയങ്ങളിൽ നിർബന്ധിതമാക്കി. മൂന്നുവർഷത്തെ സൈനികഭരണകാലത്ത്, സര്വകലാശാലകളിലെ ഇസ്ലാമികപഠനവിഭാഗങ്ങളുടെ എണ്ണം 2-ൽ നിന്ന് 8 ആയി ഉയർന്നു. 1959-ൽ ആരംഭിച്ച ദ് ഹൈയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡിസ് എന്ന സ്ഥാപനം, ഫാക്കൽറ്റി ഓഫ് ഡിവൈനിറ്റി ഓഫ് മർമാറ യൂനിവേഴ്സിറ്റി ഇൻ ഇസ്താംബൂൾ ആക്കി ഉയർത്തി. സർക്കാർ നിയന്ത്രണത്തിലുള്ള റേഡിയോയും ടെലിവിഷനും ഇസ്ലാമികപരിപാടികൾ പ്രക്ഷേപണം ചെയ്യാനുമാരംഭിച്ചു.

1982-ന്റെ തുടക്കത്തിൽ പുതിയ ഭരണഘടനയും തിരഞ്ഞെടുപ്പ് നിയമവും നിർമ്മിക്കുന്നതിന് 160 അംഗ പ്രതിനിധിസഭയെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ നിയമിച്ചു. വക്കീലന്മാർ, സാങ്കേതികവിദഗ്ദ്ധർ, വിരമിച്ച് സൈനികർ, വിദ്യാഭ്യാസവിചക്ഷകർ, സർക്കാർ ഉദ്യോഗസ്ഥർ, സാമ്പത്തികവിദഗ്ദ്ധർ തുടങ്ങിയവർ അടങ്ങിയ പ്രതിനിധിസഭ, തികച്ചും വലതുപക്ഷവും, പ്രാതിനിത്യസ്വഭാവവുമില്ലാത്തതാണെന്ന് വിലയിരുത്തപ്പെട്ടു.

മുൻപത്തെ ഭരണഘടനയുടെ ആമുഖമടക്കം നിരവധി വകുപ്പുകൾ അതേപടി നിലനിർത്തിയപ്പോൾ, ചില അടിസ്ഥാനസ്വാതന്ത്ര്യങ്ങൾ ഭരണഘടനയിൽ നിന്നും നീക്കം ചെയ്തു. തൊഴിലാളിസംഘടനകളുടെ സംഘടിതവിലപേശലിനുള്ള അവകാശവും അവയെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തു എന്നത് ഇതിന്റെ ഒരു പ്രധാന ഉദാഹരണമാണ്. ഇത് നിയമങ്ങളെ വീറ്റോ ചെയ്യാനും ഭരണഘടനക്കോടതികളിലെ ന്യാധിപന്മാരെ നിയമിക്കാനുള്ള അധികാരം പ്രസിഡണ്ടീന് നൽകി. ഈ ഭരണഘടന സെനറ്റിനെ ഒഴിവാക്കി. ആവശ്യമായ ഭേദഗതികൾ വരുത്തിയതിനു ശേഷം, 1982 നവംബറിൽ എൻ.എസ്.സി. ഈ ഭരണഘടന വോട്ടിനിട്ട് അംഗീകരിച്ചു. ഇതിനകം സൈനികസ്ഥാനം രാജിവച്ച കെനാൻ എവ്രനെ ഏഴുവർഷത്തെ കാലാവധിയിൽ പ്രസിഡണ്ടായും തിരഞ്ഞെടുത്തു.[1]

1980-ലെ സൈനിക അട്ടിമറീ, തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സൈനിക ഇടപെടലായി വിലയിരുത്തപ്പെടുന്നു. പട്ടാളഭരണകാലത്ത് നാൽപ്പതിലധികം പേരെ വധശീക്ഷക്ക് വിധേയരാക്കി. നൂറുകണക്കിനു പേരെ കാണാതാവുകയും, ആയിരക്കണക്കിനു പേർക്ക് പീഠനങ്ങൾ അനുഭവിക്കേണ്ടി വരുകയും നിരവധി പേർ തടവറയിൽ മരണമടയുകയും ചെയ്തു.[2]

ഓസലിന്റെ ഉയർച്ച

[തിരുത്തുക]
തുർഗുത് ഓസൽ

പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയപ്പാർട്ടികളെ നിരോധിച്ചതുമായ കൗൺസിലിന്റെ നടപടികൾ പാശ്ചാത്യ സർക്കാരുകളുടെ വിമർശനത്തിനിടയാക്കി. ജനാധിപത്യ വ്യവസ്ഥിതിയിലേക്കു മടങ്ങുവാനുള്ള അന്താരാഷ്ട്ര സമ്മർദം ഏറിയ പശ്ചാത്തലത്തിൽ 1983-ൽ രാഷ്ട്രീയപ്പാർട്ടികളുടെമേലുള്ള നിരോധനം നീക്കുവാനും തിരഞ്ഞെടുപ്പ് നടത്തുവാനും നാഷണൽ സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചു. എങ്കിലും സൈന്യം അഗീകരിച്ച കക്ഷികൾക്ക് മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളൂ. വലതുപക്ഷരാഷ്ട്രീയക്കാരെ സൈനികഭരണകൂടം തടവിൽ നിന്നും മോചിപ്പിച്ചെങ്കിലും ഇടതുപക്ഷത്തിന് പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. സൈനിക അട്ടിമറിക്കു മുൻപ് ഇടതുപക്ഷക്കാർക്ക് പ്രാമുഖ്യമുണ്ടായിരുന്ന പൊതുഭരണ, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വലതുപക്ഷക്കാരെ നിയമിച്ചു. ഇതോടെ ഇടതുപക്ഷത്തിന്റെ പ്രതിരോധം നാമമാത്രമായി.

മുൻപ് ദെമിറേലിന്റെ കീഴിൽ ഉന്നതോദ്യോഗസ്ഥനും സൈനികഭരണത്തിനു കീഴിൽ ഉപപ്രധാനമന്ത്രിയായും പ്രവർത്തിച്ചിരുന്ന തുർഗുത് ഓസൽ 1983-ൽ സ്ഥാപിച്ച മദ്ധ്യവലതുപക്ഷകക്ഷിയായിരുന്ന മദർലാൻഡ് കക്ഷി ഇക്കാലത്ത് വൻ മുന്നേറ്റം നടത്തി. നിരോധിക്കപ്പെട്ടിരുന്ന തീവ്രവലതുപക്ഷകക്ഷികളായിരുന്ന എൻ.എസ്.പി., എൻ.എ.പി. തുടങ്ങിയവയിലെ അംഗങ്ങൾ ഓസലിന്റെ കക്ഷിയിൽ അണിചേർന്നു.

1983 നവംബറിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 7 ശതമാനം കുറഞ്ഞ ജനസമ്മതി എന്ന നിയമം, ചെറിയ കക്ഷികൾക്ക് തിരിച്ചടീയായി. മദർലാൻഡ് കക്ഷി, ഈ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷം നേടുകയും ഓസൽ പ്രധാനമന്ത്രിയാകുകയും ചെയ്തു. തുടർന്നു മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടൂപ്പിൽ 40 ശതമാനം ജനപിന്തുണനേടീ, മദർലാൻഡ് പ്രകടനം തുടർന്നു.

തികഞ്ഞ ഇസ്ലാം മതവിശ്വാസിയായിരുന്ന ഓസലിന്റെ കാലത്ത് രാജ്യത്തെ ഇസ്ലാമികവൽക്കരണം തുടർന്നുകൊണ്ടേയിരുന്നു. 1945-ൽ തുർക്കിയിൽ 20,000 മോസ്കുകളുണ്ടായിരുന്ന സ്ഥാനത്ത് 1985-ലായപ്പോൾ 72000 ആയി. ടെലിവിഷനിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾക്കുള്ള ഇസ്ലാമികപരിപാടിയിൽ നിന്നും മറ്റും ആർജ്ജവമുൾക്കൊണ്ട്, രാജ്യത്തെ കൂടുതൽ സ്ത്രീകൾ ഇസ്ലാമികരീതിയിലുള്ള വസ്ത്രധാരണം ആരംഭിച്ചു. സൂഫികളടക്കമുള്ള ഇസ്ലാമികപ്രസ്ഥാനങ്ങളോട് ഓസൽ അനുഭാവപൂർണ്ണമായ നിലപാടിലായിരുന്നു. നക്ഷ്ബന്ദി, നൂർജു, സുലൈമാൻജി തുടങ്ങിയ സൂഫി പ്രസ്ഥാനങ്ങൾ ഇക്കാലത്ത് കൂടുതൽ ജനകീയമായി. സൂഫികളിൽ ഏറ്റവും വലിയ വിഭാഗമായ നക്ഷ്ബന്ദികൾ, പ്രധാന രാഷ്ട്രീയകക്ഷികൾക്ക് പിന്തുണ നൽകിയും പിൻവലിച്ചും തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ പ്രമുഖസ്ഥാനം വഹിച്ചു. മദർലാൻഡ് കക്ഷി, 1991 വരെ തുർക്കിയിൽ അധികാരത്തിലിരുന്നു.

പട്ടാളഭരണകാലത്ത് നിരോധിക്കപ്പെട്ട കക്ഷികളെല്ലാം പുതിയ പേരുകളിൽ പുനർരൂപീകരിക്കപ്പെട്ടു. ദെമിറേലിന്റെ ജസ്റ്റിസ് പാർട്ടി, ട്രൂ പാത്ത് പാർട്ടി എന്ന പേരിൽ സംഘടീപ്പിക്കപ്പെട്ടു. എർബകാന്റെ എൻ.എസ്.പി., വെൽഫെയർ പാർട്ടി എന്ന പേരിലും എൻ.എ.പി., നാഷണലിസ്റ്റ് ലേബർ പാർട്ടി എന്ന പേരിലും പുനർജനിച്ചു. തുർക്കിയിലെ ആദ്യത്തെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പോപ്പുലർ പാർട്ടി എന്ന പേരിലായിരുന്നു പുനഃസ്ഥാപിക്കപ്പെട്ടത്. എർദാൽ ഇനോനു ആയിരുന്നു ഇതിന്റെ നേതാവ്.[1]

ഊർജ്ജിത ഇസ്ലാമികവൽക്കരണവും തട്ടം വിവാദവും

[തിരുത്തുക]

തുർക്കിയിൽ നിലവിലിരുന്ന നിയമമനുസരിച്ച് പൊതുസ്ഥാപനങ്ങളിൽ സ്ത്രീകൾ തട്ടം ധരിക്കുന്നത് വിലക്കിയിരുന്നു. 1989-ൽ ചില സർവ്വകലാശാലാവിദ്യാർത്ഥിനികൾ തട്ടം ധരിക്കുന്നതിനെതിരെ റെക്റ്റർ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നുണ്ടായ പ്രശ്നസംഭവങ്ങളും വിവാദങ്ങളും രണ്ടു പതിറ്റാണ്ടോളമായി തുടരുന്നു. 1989 മാർച്ചിൽ നടക്കാനിരുന്ന തദ്ദേശതിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട്, പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് തട്ടം ധരിക്കുന്നതിലുള്ള വിലക്ക് ഒഴിവാക്കാനായി തുർഗുത് ഓസൽ നിയമം പാസാക്കി. എന്നാൽ പ്രസിഡണ്ട് കെനാൻ എവ്രൻ ഇതിനെ എതിർക്കുകയും, ഭരണഘടനക്ക് വിരുദ്ധമാണെന്ന് വിലയിരുത്തി ഭരണഘടനാകോടതി, ഈ നിയമം റദ്ദാക്കുകയും ചെയ്തു. ഇസ്ലാമികവാദികൾ രാജ്യവ്യാപകമായി പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. എവ്രനെ കുറ്റപ്പെടുത്തിക്കൊണ്ട് തുർക്കിഷ് ഭാഷയിൽ വാർത്താപ്രക്ഷേപണം നടത്തി ഇറാനും ഈ പ്രക്ഷോഭത്തിൽ പങ്കു ചേർന്നു. തുർക്കിയുടെ ആന്തരികകാര്യങ്ങളിൽ ഇടപെടുന്നതിൽ പ്രതിഷേധിച്ച് തെഹ്രാനിലെ സ്ഥാനപതിയെ തുർക്കി തിരിച്ചുവിളീച്ചു. 1990-ന്റെ തുടക്കത്തിലും ഈ വിവാദം ആളിക്കത്തി. ഇതിനെത്തുടർന്ന് കാമ്പസുകളീൽ തട്ടം ധരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഓരോ സർവകലാശാലക്കും സ്വന്തമായി നടപ്പാക്കാമെന്ന് ഓസൽ സർക്കാർ നിയമമിറക്കി.

ആ വർഷം തന്നെ തട്ടം നിരോധിച്ച ഒരു സർവകലാശാലക്കെതിരെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ‌ ഒരു കീഴ്‌ക്കോടതിയിൽ പരാതി നൽകി. മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, കോടതി ഈ നിരോധനം നീക്കി. വിദ്യാർത്ഥികളും അദ്ധ്യാപകരും പഠനം ബഹിഷ്കരിച്ച് പ്രതിഷേധപ്രകടനങ്ങൾ നടത്തിയെങ്കിലും പ്രസിഡണ്ട് എവ്രൻ ഇത്തവണ ഇടപെടാതെനിന്നു.

കമാലിസ്റ്റ് നയങ്ങളെ കാറ്റിൽപറത്തി, ഓസൽ സർക്കാർ ഇസ്ലാമികധനകാര്യസ്ഥാപനങ്ങൾക്ക് അനുമതി നൽകി. നക്ഷ്ബന്ദി വിഭാഗക്കാരായിരുന്നു, ഇവയിൽ കൂടുതലും നടത്തിയിരുന്നത്. ഇതിനകം സർക്കാർ വകുപ്പുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജോലിയിൽ പ്രവേശിച്ച ഇസ്ലാമികപ്രവർത്തകർക്ക് ധനസഹായമെത്തിക്കാൻ ഇതിലൂടെ സർക്കാരിന് സാധിച്ചു. 1990 ആയപ്പോഴേക്കും രാജ്യത്തെ പൊതുസേവനരംഗത്തും സൈന്യത്തിലും ഇസ്ലാമികവാദികളുടെ പ്രത്യേകിച്ച് മൗലികവാദികളുടെ എണ്ണം വളരെയേറെ വർദ്ധിച്ചു. 1990 ഫെബ്രുവരിയിൽ ഇസ്ലാമികമൗലികവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 40 ഉദ്യോഗസ്ഥരെ വിദ്യാഭ്യാസമന്ത്രാലയത്തിൽ നിന്നും 15 വ്യോമസേന ഉദ്യോഗസ്ഥരേയും സർക്കാർ പുറത്താക്കുന്നതിലേക്കു വരെ കാര്യങ്ങൾ നീങ്ങി.[1]

മദ്ധ്യേഷ്യൻ ബന്ധങ്ങൾ

[തിരുത്തുക]

1991 ഒക്ടോബറീൽ നടന്ന പൊതുതിരഞ്ഞെടൂപ്പിൽ ഓസലിന്റെ മദർലാൻഡ് കക്ഷി 115 സീറ്റിലേക്കൊതുങ്ങി. ദെമിറേലിന്റെ ട്രൂ പാത്ത് പാർട്ടിയും എർദാൽ ഇനോനുവിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പോപ്പുലിസ്റ്റ് പാർട്ടിയും ചേർന്ന സഖ്യം 1991 നവംബറിൽ അധികാരത്തിലേറി. ദെമിറേലായിരുന്നു പ്രധാനമന്ത്രി. ഇസ്ലാമികവാദി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം, 17 ശതമാനം വോട്ടും 62 സീറ്റുകളും കരസ്ഥമാക്കി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഗൾഫ് യുദ്ധം നടന്ന 1991 കാലത്തെ ദയനീയമായ സാമ്പത്തികവളർച്ചയും (1.9 ശതമാനം), ഓസൽ പ്രസിഡണ്ടായതിനു ശേഷം സജീവരാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നതു മൂലമുള്ള നേതൃത്വത്തിന്റെ അഭാവവുമാണ് മദർലാൻഡ്‌ കക്ഷിക്ക് തിരിച്ചടിയായത്. വാർഷികനാണയപ്പെരുപ്പം 74 ശതമാനമായപ്പോൾ പലിശനിരക്ക് 100 ശതമാനവും കടന്നു. ഇതോടെ വെൽഫെയർ പാർട്ടി നേതാക്കാൾ കൂടുതൽ പലിശരഹിതസ്ഥാപനങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടാനാരംഭിച്ചു.

പുതിയതായി അധികാരത്തിലെത്തിയ സർക്കാരിനും സാമ്പത്തികപ്രശ്നത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ 1991 ഡിസംബറിൽ സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തെത്തുടർന്ന് നിലവിൽ വന്ന പുതിയ മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകൾ, വൻ സാമ്പത്തിക-നയതന്ത്ര-സാംസ്കാരികസാധ്യതകൾ തുർക്കിക്ക് മുൻപിൽ തുറന്നു. ഈ റിപ്പബ്ലിക്കുകൾ നിലവിൽ വന്ന് ഒരു മാസത്തിനകം തന്നെ അസർബൈജാനിലേയും, താജികിസ്താൻ ഒഴികെയുള്ള നാല് മദ്ധ്യേഷ്യൻ പ്രസിഡണ്ടുമാരേയും 1991 ഡിസംബറിന്റെ മദ്ധ്യത്തിൽ ഓസൽ അങ്കാറയിലേക്ക് ക്ഷണിച്ചു. പിന്നാലെ ഓസലും ഈ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽ സന്ദർശനം നടത്തി. തുർക്കി പത്രങ്ങൾ‌ മദ്ധ്യേഷ്യയിൽ പ്രചാരത്തിലായി, തുർക്കിഷ് ടെലിവിഷന്റെ അവ്രാസ്യ ചാനൽ അസർബൈജാനിൽ പ്രക്ഷേപണമാരംഭിച്ചു. മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകളുമായി തുർക്കിയുടെ വ്യാപാരബന്ധങ്ങൾ ശക്തിപ്പെട്ടു. പടിഞ്ഞാറൻ രാജ്യങ്ങളും മദ്ധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ തുർക്കിക്ക് ഒരു മദ്ധ്യസ്ഥന്റെ സ്ഥാനം കൈവന്നു.

എന്നാൽ അസർബൈജാനും അർമേനിയയും തമ്മിലുണ്ടായ അതിർത്തിത്തർക്കവും അർമേനിയ അസർബൈജാന്റെ ഒരു ഭാഗം കൈയേറിയതുമായ നടപടീ, സൈനികമായി അസർബൈജാനെ സഹായിക്കാൻ തുർക്കിയെ പ്രേരിപ്പിച്ചു. എന്നാൽ മറ്റു നാറ്റോ അംഗരാഷ്ട്രങ്ങളുടെ വികാരം അർമേനിയക്ക് അനുകൂലമായിരുന്നു. നാറ്റോയിൽ ഒറ്റപ്പെടുമെന്ന ഭയത്തിൽ 1993-ൽ ജനുവരിയിൽ പ്രശ്നത്തിലിടപെടാൻ ദെമിറേൽ വിസമ്മതിച്ചു. 1993 ഏപ്രിലിൽ ബാകുവിലേക്കുള്ള ഒരു സന്ദർശനത്തിനിടെ, അസർബൈജാനുമായി ഒരു പ്രതിരോധക്കരാറിന് ഓസൽ സമ്മതമറിയിച്ചു. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അധികാരപരിധിക്കു പുറത്തായിരുന്നതിനാൽ പ്രാവർത്തികമായില്ല. തുർക്കിയുടെ ഈ നടപടി, മദ്ധ്യേഷ്യയുമായി തുടർന്നുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.

1993 ഏപ്രിൽ 17-ന് ഹൃദയാഘാതം മൂലം പ്രസിഡണ്ട് ഓസൽ മരണമടഞ്ഞതിനെത്തുടർന്ന് 1993 ജൂണിൽ, ദെമിറേൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ദെമിറേലിന്റെ കീഴിൽ ധനമന്ത്രിയായിരുന്ന താൻസു ചില്ലർ ട്രൂ പാത്ത് പാർട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായി. തുർക്കിയിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായിരുന്നു ചില്ലർ. ഇതിനു പുറമേ‌ ഒരു രാഷ്ട്രീയകക്ഷിയിൽ ചേർന്ന് മൂന്നുവർഷത്തിനകം പ്രധാനമന്ത്രി സ്ഥാനത്തെത്തി എന്ന പ്രത്യേകതയും അവർക്കുണ്ട്.[1]

ഇസ്ലാമികകക്ഷിയുടെ ഉയർച്ച

[തിരുത്തുക]

ഓസലിന്റെ മരണത്തോടെ മദർലാൻഡ് പാർട്ടിയും, പുതുമുഖമായ ചില്ലറിന്റെ നേതൃത്വം മൂലം ട്രൂ പാത്ത് പാർട്ടിയും വെല്ലുവിളികൾ നേരിടുന്നതിനിടയിൽ എർബകാന്റെ വെൽഫെയർ പാർട്ടി കൂടുതൽ ശക്തി പ്രാപിച്ചു. 1994 മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടൂപ്പിൽ മുൻപത്തെ തവണത്തേതിന്റെ ഇരട്ടി (19 ശതമാനം) വോട്ട് നേടി, വെൽഫെയർ പാർട്ടി ട്രൂ പാത്ത് (21.5%) മദർലാൻഡ് (21%) കക്ഷികളുടെ ഒപ്പത്തോളമെത്തി. തുർക്കിയിലെ പ്രധാനപ്പെട്ട നഗരങ്ങളായ ഇസ്താംബൂളും അങ്കാറക്കും പുറമേ‌ 24 നഗരങ്ങൾ വെൽഫെയർ പാർട്ടിയുടെ നിയന്ത്രണത്തിലായി. വെൽഫെയർ പാർട്ടിയിലെ റെജെപ് തയിപ് എർദ്വാൻ, മെലി ഗോക്ജെക് എന്നിവരായിരുന്നു യഥാക്രമം ഇസ്താംബൂളിലേയും അങ്കാറയിലേയും മേയർമാരായി സ്ഥാനമേറ്റത്.

1995 ഓഗസ്റ്റിൽ കുറേ ഭരണഘടനാവകുപ്പുകളിൽ ഭേദഗതി വരുത്താനായി എന്നതാണ് താൻസു ചില്ലറിന്റെ ഭരണത്തിലെ ശ്രദ്ധേയമായ നേട്ടം. ഈ ഭേദഗതികൾ മൂലം, ഉദ്യോഗസ്ഥ-തൊഴിലാളിസംഘടനകൾക്ക് സ്വതന്ത്രമായി രാഷ്ട്രീയകക്ഷികളുമായി ബന്ധം സ്ഥാപിക്കാനും അദ്ധ്യാപകർക്ക് രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെടാനും കഴിഞ്ഞു. വോട്ടുചെയ്യാനുള്ള പ്രായം 21-ൽ നിന്നും 18 ആക്കുകയും ഗ്രാൻഡ് നാഷണൽ അസംബ്ലിയിലെ എണ്ണം 450-ൽ നിന്നും 550 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തു.

തൊട്ടടുത്ത മാസം മൂന്നരലക്ഷം പൊതുമേഖലാജീവനക്കാർ, ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സമരമാരംഭിച്ചു. ഇത് ചില്ലറുടെ കൂട്ടുകക്ഷിസർക്കാരിനെ ഉലച്ചു. ഇരുപതോളം പാർലമെന്റംഗങ്ങൾ ട്രൂ പാത്ത് പാർട്ടിയിൽ നിന്നുതന്നെ രാജിവച്ചു. ഇത് സർക്കാരിനെ ന്യൂനപക്ഷമാക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം ഒക്ടോബർ അവസാനം അവസാനിച്ചെങ്കിലും പൊതുതിരഞ്ഞെട്പ്പ് നേരത്തേ‌നടത്താൻ നിർബന്ധിതമായി.

1995-ലെ തെരഞ്ഞെടുപ്പിൽ 21.4 ശതമാനം വോട്ടും, 158 സീറ്റുകളും നേടി വെൽഫെയർ പാർട്ടി, പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി. ചില്ലറുടെ ട്രൂ പാത്ത് പാർട്ടിക്ക് 135-ഉം മദർലാൻഡിന് 131 സീറ്റുകളും ലഭിച്ചു. മെസൂത് യിൽമാസായിരുന്നു മദർലാൻഡ് കക്ഷിയെ ഈ തിരഞ്ഞെടുപ്പിൽ നയിച്ചത്. ബുലന്ത് എജവിത് നയിച്ച ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടിക്ക് 76 സീറ്റും ലഭിച്ചു.

ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടിയുടെ പുറത്തു നിന്നുള്ള പിന്തുണയിൽ മദർലാൻഡ് കക്ഷിയും ട്രൂ പാത്ത് കക്ഷിയും ചേർന്നുള്ള കൂട്ടുകെട്ടാണ് ആദ്യം സർക്കാർ രൂപീകരിച്ചത്. യിൽമാസ് പ്രധാനമന്ത്രിയും ചില്ലർ ഉപപ്രധാനമന്ത്രിയുമായി. 80 അംഗങ്ങളുടെ അസാന്നിധ്യത്തിൽ 206-നെതിരെ 257 പേരുടെ പിന്തുണ നേടി 1996 മാർച്ച് 12-ന് ഈ സർക്കാർ വിശ്വാസവോട്ട് നേടി. എന്നാൽ 543 അംഗങ്ങളുഌഅ പാർലമെന്റിൽ കുറഞ്ഞത് 272 പേരുടെ പിന്തുണയെങ്കിലും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി, വെൽഫെയർ പാർട്ടി ഈ വിശ്വാസവോട്ടെടുപ്പിനെതിരെ പരാതി നൽകുകയും മേയ് 14-ന് ഈ വോട്ടെടുപ്പ് അസാധുവായി ഭരണഘടനാകോടതി വിധിക്കുകയും ചെയ്തു.

നെജ്മത്തിൻ എർബകാൻ

ഇക്കാലയളവിൽ വെൽഫെയർ പാർട്ടി ചില്ലർക്കെതിരെ പാർലമെന്റിൽ നിരന്തരം അഴിമതിയാരോപണങ്ങൾ ഉന്നയിച്ചുപോന്നു. യിൽമാസ് സർക്കാർ പുറത്തായതോടെ, തനിക്കെതിരെയുള്ള ആരോപണങ്ങളെ ഒഴിവാക്കാനെന്നവണ്ണം ചില്ലർ, വെൽഫെയർ പാർട്ടിയോടടുത്തു. തിരഞ്ഞെടുപ്പുവേളയിൽ ഇസ്ലാമികവാദികളെ നിശിതമായി എതിർത്ത ചില്ലറുടെ മലക്കംമറിച്ചിലായിരുന്നു ഇത്. രാജ്യത്തെ 80 ശതമാനം നാണയപ്പെരുപ്പത്തെ കുറക്കുന്നതിന് ചില്ലറൂം എർബക്കാനും ചേർന്ന് പൊതു മിനിമം പരിപാടിയുണ്ടാക്കി. സർക്കാരിന്റെ കാലാവധിയിൽ ആദ്യത്തെ 2 വർഷം എർബകാനും തുടർന്നുള്ള രണ്ടുവർഷം ചില്ലറൂം പ്രധാനമന്ത്രിയായിരിക്കാൻ ധാരണയായി. അങ്ങനെ 1996 ജൂൺ 28-ന് മതേതരഭരണഘടനയുള്ള തുർക്കി റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇസ്ലാമികവാദി പ്രധാനമന്ത്രിയായി നെജ്മത്തിൻ എർബകാൻ സ്ഥാനമേറ്റു.

എന്നാൽ എർബകാന്റെ നയപരിപാടികളെ, മതേതരവാദികളായ തുർക്കിഷ് മാദ്ധ്യമങ്ങളും അഞ്ചു ജനറൽമാരടങ്ങിയ സൈനികനേതൃത്വവും നിരന്തരം എതിർത്തുപോന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇറാനുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം അമേരിക്കൻ താൽപര്യങ്ങൾക്കു വിരുദ്ധമായി ഇറാനുമാതി പ്രകൃതിവാതകക്കരാറീലും ഏർപ്പെട്ടു. ഇസ്ലാമിക് കോമൺ മാർക്കറ്റ് എന്ന തന്റെ പഴയ ആശയം സജീവമാക്കുന്നതിനായി എർബകാൻ നിരവധി ഇസ്ലാമികരാജ്യങ്ങളിൽ സന്ദർശനം നടത്തി. 1997 ജൂണീൽ ഇസ്താംബൂളീൽ എട്ട് മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി സംഘടിപ്പിക്കുകയും, ഡി. 8 എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചു.[1] എന്നാൽ എർബകാനു ശേഷം നിലവിൽ വന്ന സർക്കാർ ഈ സംഘടനക്ക് വലിയ പ്രാധാന്യ്ം കൽപ്പിച്ചില്ല.

നാലാമത്തെ സൈനിക ഇടപെടൽ

[തിരുത്തുക]

1997 ജനുവരി ആദ്യം (റംസാൻ സമയത്ത്), പൊതുകാര്യാലയങ്ങളിലെ തട്ടം നിരോധനം പിൻവലിക്കും, ഇസ്താംബൂളിലെ പ്രശസ്തമായ താക്സിം ചത്വരത്തിലും അങ്കാറയിലെ ചാങ്കയ ജില്ലയിലും പള്ളികൾ നിർമ്മിക്കും എന്നിങ്ങനെയുള്ള തന്റെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങൽ എർബകാൻ ആവർത്തിച്ചു. നടപടിയെടുക്കാൻ സൈനികനേതാക്കൾ പ്രസിഡണ്ട് ദെമിറേലിനോടാവശ്യപ്പെട്ടു. തൊഴിലാളിസംഘടനകളും സ്ത്രീപക്ഷവാദികളും പ്രകടനങ്ങളും ശക്തമാക്കി.

റംസാനിലെ അവസാന വെള്ളിയാഴ്ച, ജെറുസലേം വിമോചനദിവസം എന്ന പേരിൽ ചില മുസ്ലീം രാജ്യങ്ങൾ ആഘോഷിക്കുന്നു. 1997 ജനുവരി 31-ന് അവസാൻ റംസാൻ വെള്ളിയാഴ്ച അങ്കാറയുടെ പ്രാന്തത്തിലുള്ള സിൻജാൻ പട്ടണത്തിലെ വെൽഫെയർ പാർട്ടി മേയർ എർഗിൻ യിൽദിസ് ഈ ദിനം ആചരിക്കുകയും ഹിസ്ബുള്ളയുടെ പോസ്റ്ററുകളുമേന്തി, ഇസ്രയേൽ വിരുദ്ധ പ്രതീകാത്മക കല്ലേറും മറ്റും നടത്തി. തുർക്കിയിലെ ഇറാൻ സ്ഥാനപതിയും ഈ ആഘോഷത്തിൽ പങ്കെടുത്തു സംസാരിച്ചിരുന്നു. മതമൗലികവാദി എന്നുവിളിക്കപ്പെടുന്നതിൽ അഭിമാനിക്കണമെന്നും അമേരിക്കയുമായും ഇസ്രയേലുമായും കൂട്ടുചേരുന്നവരെ എതിർക്കണമെന്നും അദ്ദേഹം പ്രസംഗിച്ചു. ഫെബ്രുവരി 4-ന് സിൻജാൻ പ്രദേശത്തിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുക്കുകയും. മേയർ യിൽദിസിനെ പിരിച്ചുവിടൂകയും ചെയ്തു.

ഫെബ്രുവരി 28-ന് സൈന്യത്തിന് പ്രാമുഖ്യമുള്ള നാഷണൽ സെക്യൂരിറ്റ് കൗൺസിൽ യോഗത്തിൽ വച്ച് ഇസ്ലാമികരാഷ്ട്രീയത്തിന്റെ ഉയർച്ചയെ തടയുന്നതിന് 18 ആവശ്യങ്ങൾ സൈനികനേതൃത്വം പ്രധാനമന്ത്രി എർബകാനു മുൻപിൽ അവതരിപ്പിച്ചു. എന്നാൽ എർബകാൻ ഇവ അംഗീകരിക്കാൻ വിസമ്മതിച്ചു. പട്ടാളം തന്റെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിലൂടെ ലഭിക്കുന്ന സഹതാപതരംഗം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാമെന്ന് എർബകാൻ കരുതിയിരുന്നെങ്കിലും എർബകാന്റെ നിലപാട്, അദ്ദേഹത്തിന്റെ ട്രൂ പാത്ത് പാർട്ടിയിൽ വിള്ളലുണ്ടാക്കി. ഇത് സൈനികനേതൃത്വത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ എർബകാനെ നിർബന്ധിതനാക്കി.

പ്രാഥമികവിദ്യാഭ്യാസത്തിന്റെ കാലയളവ് അഞ്ചിൽ നിന്നും എട്ടാക്കി ഉയർത്തുക എന്നത് സൈനികനേതൃത്വത്തിന്റെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇതുവഴി, കുട്ടികൾ കൂടുതൽ കാര്യപ്രാപ്തി നേടുകയും ദ്വിതീയതലത്തിൽ മതവിദ്യാഭ്യാസത്തിലേക്ക് നീങ്ങുന്നതിൽ നിന്നും തടയിടാനാകുമെന്നും കരുതി.[൨] സൈനികനേതൃത്വത്തിന്റെ ആവശ്യമനുസരിച്ച് പാർലമെന്റ് ഇസ്രായേലുമായി ഒരു സ്വതന്ത്രവ്യാപാരക്കരാറും ഒപ്പുവച്ചു. 1997 ഏപ്രിലിൽ ഇസ്ലയേൽ വിദേശകാര്യമന്ത്രി ഡേവിഡ് ലെവിയെ സ്വീകരിച്ചതിനു ശേഷം, എർബകാൻ, തന്റെ ഇരുപത്തിയഞ്ചാം മക്ക തീർത്ഥാടനത്തിനു പുറപ്പെട്ടു. തന്റെ കുടുംബാംഗങ്ങളോടൊപ്പം അമ്പത് വെൽഫെയർ പാർട്ടി പാർലമെന്റംഗങ്ങളും സൗഅദിയിലെ ഫഹദ് രാജാവിന്റെ ഔദ്യോഗികാതിഥ്യത്തിൽ എർബകാനെ അനുഗമിച്ചിരുന്നു. എർബകാന്റെ ഈ നീക്കം മതേതരവാദികളായ സൈനികനേതൃത്വത്തെ ചൊടിപ്പിച്ചു. പരമോന്നതസൈന്യാധിപൻ, ജനറൽ ഇസ്മയിൽ ഹക്കി കരദായി എർബകാന്റെ നടപടിയെ എതിർത്ത് പ്രസ്താവനയിറക്കി. ജനാധിപത്യസംവിധാനത്തിൽ പട്ടാളത്തിന്റെ ഇടപെടലിനെ എതിർത്തും പല കോണുകളിൽ നിന്നും പ്രതിഷേധമുയർന്നു. ജൂൺ 14-ന് അമേരിക്കയുടെ വിദേശകാര്യസെക്രട്ടറിയായിരുന്ന മാഡെലിൻ ഓൾബ്രൈറ്റ് പരസ്യമായി പട്ടാളത്തെ വിമർശിച്ചു.

എർബകാനും സൈന്യവും തമ്മിലുള്ള സ്പർദ്ധ, ട്രൂ പാത്ത് പാർട്ടിയിലും വിമതനീക്കത്തിന് വഴിയൊരുക്കി. പാർലമെന്റിൽ ട്രൂ പാത്ത് പാർട്ടിയുടെ അംഗസംഖ്യ, 102 ആയി കുറയുകയും എർബകാന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തു. 1997 ജൂൺ 18-ന് എർബകാൻ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു. പാർലമെന്റിലെ രണ്ടാമത്തെ വലിയ വിഭാഗത്തിന്റെ നേതാവും മദർലാൻഡ് കക്ഷിയുടെ തലവനുമായിരുന്ന മെസൂത് യിൽമാസിനെ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡണ്ട് ദെമിറേൽ ക്ഷണിച്ചു. എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടിയെക്കൂടി ഉൾപ്പെടുത്തി ഒരു ന്യൂനപക്ഷ കൂട്ടുകക്ഷിസർക്കാർ, രൂപീകരിക്കപ്പെട്ടു.

രാജ്യത്തിന്റെ മതേതരമൂല്യങ്ങൾക്കെതിരെ പ്രവർത്തിച്ചു എന്ന് വിലയിരുത്തി, 1998 ജനുവരിയിൽ ഭരണഘടനാക്കോടതി, എർബകാന്റെ വെൽഫെയർ കക്ഷിയെ നിരോധിക്കുകയും അദ്ദേഹത്തെ അഞ്ചുവർഷത്തേക്ക് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിൽ നിന്നും തടയുകയും ചെയ്തിരുന്നു. എന്നാൽ മിക്ക വെൽഫെയർ പാർട്ടി അംഗങ്ങളും, പുതുതായി രൂപീകരിക്കപ്പെട്ട വെർച്യൂ പാർട്ടിയിൽ പ്രവർത്തനമാരംഭിച്ചു.

1998 ഡിസംബറിൽ മെസൂത് യിൽമാസ് സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം വിജയിച്ചതിനെത്തുടർന്ന് 1999-ൽ ഒരു പൊതുതിരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങി. 22 ശതമാനം വോട്ടും 128 സീറ്റുകളുമായി എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി മുന്നിലെത്തി. രണ്ടാം സ്ഥാനത്തെത്തിയ വെർച്യൂ പാർട്ടിക്ക് 101 എം.പിമാരായിരുന്നു ഉണ്ടായിരുന്നത്. 10 ശതമാനം കുറഞ്ഞ ജനപിന്തുണ ലഭിക്കാതെ, തുർക്കിയിലെ ആദ്യ പാർട്ടിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി ആദ്യമായി പാർലമെന്റിൽ നിന്നും അപ്രത്യക്ഷമായി. 1999 മേയ് 2-ന് പാർലമെന്റംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങിൽ വെർച്യൂ പാർട്ടിയുടെ പ്രതിനിധിയായ മെർവി കവാക്ജി എന്ന 31 വയസുകാരി തട്ടം ധരിച്ചെത്തിയതിനെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി അംഗങ്ങൾ എതിർക്കുകയും അവർക്ക് സത്യപ്രതിജ്ഞ ചെയ്യാനാവാതെ പുറത്തു പോകേണ്ടതായി വരുകയും ചെയ്തത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.

ദെവ്ലത് ബചേലിയുടെ നാഷ്ണൽ ആക്ഷൻ പാർട്ടി, മദർലാൻഡ് പാർട്ടി എന്നിവയെ ഉൾപ്പെടുത്തി 351 അംഗങ്ങളുടെ പിന്തുണയിൽ ബുലന്ത് എജവിത് 1999 ജൂണിൽ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു.[1]

സാമ്പത്തികമാന്ദ്യം

[തിരുത്തുക]

1999 തുർക്കിയുടെ ജി.ഡി.പി. 6.4 ശതമാനം കുറവുണ്ടായി നാണ്യപ്പെരുപ്പം 66 ശതമാനവുമായിരുന്നു. ബാങ്കിങ് മേഖല കടൂത്ത പ്രതിസന്ധി നേരിട്ടു. ബാങ്കിങ് രംഗത്തെ ഉന്നതരും രാഷ്ട്രീയക്കാരും ചേർന്ന സാമ്പത്തികതിരിമറികൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. സ്വകാര്യമേഖലയിലെ 13 ബാങ്കുകൾ‌ പാപ്പരായി. കുറേ ബാങ്കുകളെ സർക്കാർ ഏറ്റെടുത്തതുമൂലം സർക്കാരിന്റെ സാമ്പത്തികസ്ഥിതിയും വഷളായി. വൻ പൊതുമേഖലാസ്ഥാപനങ്ങളും അഴിമതിയിൽ മുങ്ങി.

അഹ്മെത് നെജ്ദെത് സെസർ - തുർക്കിയുടെ പത്താമത്തെ പ്രസിഡണ്ട്

ദെമിറേലിന്റെ പ്രസിഡണ്ട് കാലാവധി തീർന്നതിനെത്തുടർന്ന്, 2000 മേയ് മാസത്തിൽ ഭരണഘടനാക്കോടതിയുടെ തലവനായിരുന്ന അഹ്മെത് നെജ്ദെത് സെസർ, പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 5 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം മറ്റു രണ്ടു പേരെ പരാജയപ്പെടുത്തിയത്. 1988-ൽ പ്രസിഡണ്ട് കെനാൻ എവ്രൻ ആയിരുന്നു സെസറീനെ ഭരണഘടനാക്കോടതിയുടെ തലവനായി നിയമിച്ചത്. മതേതരത്വത്തിന്റെ ശക്തമായ വക്താവായിരുന്ന അദ്ദേഹത്തിന് സൈന്യത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. സൈന്യത്തിന്റെ തലവനേയും ജഡ്ജിമാരേയും നിയമിക്കനുള്ളതും, നിയമങ്ങളെ വീറ്റോ ചെയ്യാനുമുള്ള വിവേചനാധികാരങ്ങൾ പ്രസിഡണ്ടിനുണ്ടായിരുന്നെങ്കിലും, സെസർ ഏകാധിപത്യപ്രവണത പ്രകടീപ്പിക്കാത്ത ഒരു പരിഷ്കരണവാദിയായിരുന്നു. രാജ്യാന്തരനിലവാരത്തിൽ മനുഷ്യാവകാശങ്ങളും, അഭിപ്രായസ്വാതന്ത്ര്യവും ഉൾക്കൊള്ളുന്ന നിയമങ്ങൾ തുർക്കിയിൽ നടപ്പാക്കാൻ അദ്ദേഹം ശ്രമിച്ചു. അഴിമതിയാണ് തുർക്കിയിലെ സാമ്പത്തിക-രാഷ്ട്രീയസ്ഥിരതക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണീ എന്നദ്ദേഹം വിലയിരുത്തി. അഴിമതിക്കെതിരെ നടപടികളെടുക്കുന്നതിൽ പ്രധാനമന്ത്രി എജവിത് പരാജയപ്പെട്ടെന്ന് 2001 ഫെബ്രുവരിയിൽ നടന്ന ഒരു നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ യോഗത്തിൽ പ്രസിഡണ്ട് സെസർ വിമർശിച്ചു. ക്ഷുഭിതനായ എജവിത്, പ്രസിഡണ്ടിന്റെ മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. മന്ത്രിസഭ ഇതിൽ എജവിതിന് പിന്തുണ നൽകുകയും ചെയ്തു. പ്രസിഡണ്ടും മന്ത്രിസഭയും തമ്മിലുള്ള തുറന്ന പോര് സാമ്പത്തികരംഗം വീണ്ടും വഷളാവുന്നതിലേക്ക് കാര്യങ്ങൾ നയിച്ചു. പലിശനിരക്ക് ഇക്കാലത്ത് 150 ശതമാനം വരെയായി. സാമ്പത്തികമാന്ദ്യം രണ്ടൂ മാസം കൊണ്ട് 5 ലക്ഷം പേരെ തൊഴിൽരഹിതരാക്കി.

രാജ്യത്തെ സാമ്പത്തികപ്രശ്നങ്ങൾ, വെർച്യൂ പാർട്ടിയുടെ ഉയർച്ചക്ക് ഗുണം ചെയ്തു. മതേതരകക്ഷികളുടെ ഭരണത്തിലും, സാമ്പത്തികനോട്ടത്തിലുമുള്ള വീഴ്ചകളിൽ നിന്നും വെർച്യൂ പാർട്ടി നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ അതിന് ഒരു വൻ തിരിച്ചടീ നേരിട്ടു. വെർച്യൂ പാർട്ടി, മതേതരത്വത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും, അതിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാനും 2001 ജൂണീൽ ഭരണഘടനാകോടതി വിധിച്ചു. വെർച്യൂ പാർട്ടിയുടെ വനിതാപാർലമെന്റംഗങ്ങളായിരുന്ന ബെകീർ സോബാജി, നസ്ലി ഇലിജാക് എന്നിവർ തട്ടം ഉപയോഗിക്കുന്നതിനെയാണ് ഇതിന്റെ തെളിവായി ചൂണ്ടിക്കാണീക്കപ്പെട്ടത്. ഈ രണ്ടു പേരെയും പാർലമെന്റംഗത്വത്തിൽ നിന്നും പുറത്താക്കുകയും അഞ്ചുവർഷത്തേക്ക് രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിലക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന വെർച്യൂ പാർട്ടി അംഗങ്ങൾ രണ്ടായി വിഘടീക്കപ്പെട്ടു. എർബകാനെ അനുകൂലിച്ചിരുന്ന 48 അംഗങ്ങൾ ഫെലിസിറ്റി പാർട്ടി (സാദെത് പാർട്ടിസി) എന്ന കക്ഷി രൂപീകരിക്കുകയും എർദോഗാൻ, ഗുൽ എന്നിവരുടെ നേതൃത്വത്തിലുള്ള 51 പേർ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എ.കെ. പാർട്ടി) എന്ന മിതവാദകക്ഷി രൂപീകരിക്കുകയും ചെയ്തു.

മറ്റു രാജ്യങ്ങളെപ്പോലെ, 2001-ലെ അമേരിക്കയിലെ തീവ്രവാദി ആക്രമണത്തിൽ നടുക്കം പ്രകടിപ്പിച്ച തുർക്കി, തങ്ങളുടെ വ്യോമമേഖലയും വ്യോമത്താവളങ്ങളും തുറന്നുകൊടുത്ത് അഫ്ഗാനിസ്താനിലെ താലിബാനെതിരെയുള്ള ആക്രമണത്തിൽ അമേരിക്കക്ക് സഹായവും നൽകി. 9/11-നു ശേഷമുള്ള അന്താരാഷ്ട്രപരിതഃസ്ഥിതി, രാജ്യത്തെ ഇസ്ലാമികതയുടെ എല്ലാ ചിഹ്നങ്ങളേയും ഉന്മൂലനം ചെയ്യാനുള്ള അവസരമായി സൈനികനേതൃത്വം കരുതി.

ഉസ്ബെകിസ്താനും കിർഗിസ്താനുമായി അമേരിക്ക നേരിട്ട് പ്രതിരോധബന്ധങ്ങൾ സ്ഥാപിച്ചതോടെ തുർക്കിക്ക് ഒരു ഇടനിലക്കാരൻ എന്ന സ്ഥാനം ഇല്ലാതായി.

യൂറോപ്യൻ യൂണീയനിലെ അംഗത്വത്തിനുള്ള വ്യവസ്ഥകൾ‌ പാലിക്കുന്നതിന് പാർലമെന്റംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ, ഭരണഘടനയിലെ 34 വകുപ്പുകൾ ഭേദഗതി ചെയ്തു. 1926 മുതൽ പ്രാബല്യത്തിലിരുന്ന സിവിൽ നിയമത്തിനു പകരം 2002 ജനുവരിയിൽ 1030 വകുപ്പുകളുള്ള ഒരു പുതിയ സിവിൽ നിയമം പാർലമെന്റ് പാസാക്കി. ഇത് സ്ത്രീകൾക്ക് എല്ലാ മേഖലകളിലും പുരുഷന്മാരോടൊപ്പം തുല്യത ഉറപ്പാക്കി. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹിതരാവുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആയും നിജപ്പെടുത്തി, മുൻപ് ഇത് യഥാക്രമം പതിനഞ്ചും പതിനേഴുമായിരുന്നു.

എങ്കിലും പ്രധാനപ്രശ്നമായിരുന്ന അഴിമതി, രാജ്യത്തിന്റെ മതേതര അടിത്തറയെ തകർക്കുന്ന രീതിയിൽ തുടർന്നുകൊണ്ടേയിരുന്നു. പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ പേഴ്സണൽ ഡയറക്റ്റർ ഉൾപ്പെട്ട ഒരു കൈക്കൂലിക്കേസ് ഒരു ടെലിവിഷനിലൂടെ പുറത്തുവന്നതിനെത്തുടർന്ന്, തന്റെ അഴിമതിവിരുദ്ധനടപടീകൾ പരാജയപ്പെട്ടെന്ന് എജവിത്തിന് സമ്മതിക്കേണ്ടീ വന്നു.

2001-ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോൽപ്പാദനം വീണ്ടൂം 9.4 ശതമാനം കുറഞ്ഞു. ഇത് എജവിത്തിന്റെ മുന്നണിയിലെ എല്ലാ സഖ്യകക്ഷികളുടേയും നിലനിൽപ്പിനെത്തന്നെ ബാധിച്ചു. പാർലമെന്റിൽ പ്രാതിനിത്യമില്ലാതിരുന്നതിനാൽ മതേതരപക്ഷത്തുള്ള റിപ്പബ്ലിക്ക പീപ്പിൾസ് പാർട്ടിയും, അഴിമതി വിമുകതമായിരുന്ന മുൻ ഇസ്ലാമികകളികളുടെ പിൻഗാമിയായിരുന്ന എ.കെ. പാർട്ടിയും മാത്രം ഈ ആരോപണങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

യൂറോപ്യൻ യൂണിയന്റെ ജനാധിപത്യനിലവാരത്തിലെത്തുന്നതിന്‌ വേണ്ടി പാർലമെന്റിലവതരിപ്പിക്കപ്പെട്ട രണ്ടാമത്തെ പരിഷ്കരണപാക്കേജിനെ എ.കെ. പാർട്ടി പിന്താങ്ങി. പുതിയ നിയമം, രാഷ്ട്രീയപാർട്ടികളെ നിരോധിക്കൽ അത്ര എളുപ്പമല്ലാതാക്കി. പീഠിപ്പിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും ഇതിൽ വ്യ്വസ്ഥയുണ്ടായിരുന്നു. 2002 ഓഗസ്റ്റിൽ നടപ്പാക്കിയ മൂന്നാം പരിഷ്കരണനടപടികൾ പ്രകാരം വധശിക്ഷ ഒഴിവാക്കുകയും ന്യൂനപക്ഷമായ കുർദുകൾക്ക് വിദ്യാഭ്യാസത്തിനും വാർത്താവിനിമയത്തിനുമുള്ള അവകാശങ്ങളും നൽകി.[1]

എ.കെ. പാർട്ടി യുഗം

[തിരുത്തുക]
റെജപ് തയിപ് എർദ്വാൻ

ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി പിളർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട ബുലന്ത് എജവിത് സർക്കാർ രാജിവച്ചതിനെത്തുടർന്ന് 2002 നവംബറിൽ തുർക്കിയിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. മൊത്തം 18 പാർട്ടികൾ മൽസരിച്ച ഈ തിരഞ്ഞെടൂപ്പിൽ വെറൂം രണ്ടു കക്ഷികൾക്കു മാത്രമേ 10 ശതമാനം എന്ന കടമ്പ കടക്കാനായുള്ളൂ. വൻ മുന്നേറ്റം നടത്തിയ എ.കെ. പാർട്ടിക്ക് 34.3 ശതമാനവും, റീപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് 19.4 ശതമാനവുമായിരുന്നു ലഭിച്ചത്. മറ്റു കക്ഷികളുടെ വോട്ട് ആനുപാതികമായി ഇരുകക്ഷികൾക്കും വീതിച്ചു നൽകിയതോടെ എ.കെ.പിക്ക് 364-ഉം , ആർ.പി.പി.ക്ക് 178 സീറ്റുകളും പാർലമെന്റിൽ ലഭിച്ചു. ബാക്കിയുള്ള 9 സീറ്റ് സ്വതന്ത്രർക്കായിരുന്നു. അരനൂറ്റാണ്ടുകാലത്തെ കൂട്ടുകക്ഷിഭരണങ്ങൾക്ക് വിരാമമിട്ട് എ.കെ. പാർട്ടി അധികാരത്തിലെത്തി. എ.കെ. പാർട്ടി നേതാവായ റെജപ് തയിപ് എർദ്വാന് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്ക് നിലവിലുണ്ടായിരുന്നതിനാൽ, തുടക്കത്തിൽ അബ്ദുള്ള ഗുല്ലാണ് പ്രധാനമന്ത്രിയായത്. രാഷ്ട്രീയവിലക്ക് നീങ്ങിയതിനു ശേഷം 2003 മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എർദ്വാൻ ജയിക്കുകയും പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

2003-ന്റെ തുടക്കത്തിൽ ഇറാഖ് ആക്രമണകാലത്ത്, ഇറാഖിലേക്കുള്ള അമേരിക്കൻ കപ്പലുകൾക്ക് നങ്കൂരമിടുന്നതിനും, സേനക്ക് താവളമൊരുക്കുന്നതിനും, വ്യോമമേഖല ഉപയോഗിക്കുന്നതിനും അമേരിക്ക തുർക്കിയോട് അനുവാദമാരാഞ്ഞു. ആർ.പി.പി. അംഗങ്ങളും, എ.കെ. പാർട്ടിയിലെ നൂറോളം അംഗങ്ങളും എതിർത്തതോടെ, തുർക്കി പാർലമെന്റിൽ ഇതിനായി കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. ഇതിനെത്തുടർന്ന് അമേരിക്കയുടെ ആവശ്യം നിരസിക്കപ്പെട്ടു. മാർച്ചിൽ എർദ്വാൻ പ്രധാനമന്ത്രിയായതിനു ശേഷം പെന്റഗണിന് തുർക്കി വ്യോമമേഖല ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന് പാർലമെന്റിനോടാവശ്യപ്പെടുകയും ഇത് അനുവദിക്കപ്പെടുകയും ചെയ്തു.

തുർക്കിയുടെ യൂറോപ്യൻ യൂനിയനിലുള്ള സ്ഥിരാംഗത്വത്തിനു വേണ്ടി എർദ്വാനും ശ്രമം തുടർന്നു. സൈന്യത്തിനും ഇക്കാര്യത്തിൽ അനുകൂലനിലപാടായിരുന്നു.

കുർദിഷ് അനുകൂലനിലപാടുകാരെ ശിക്ഷിക്കുന്നതിനായി മുൻപ് ഉപയോഗിക്കപ്പെട്ടിരുന്ന തീവ്രവാദവിരുദ്ധനിയമത്തിലെ കുപ്രസിദ്ധമായ എട്ടാം വകുപ്പ് ഒഴിവാക്കിയത് ഒരു പ്രധാനനിയമനിർമ്മാണമായിരുന്നു. ഇതോടൊപ്പം കുർദുകൾക്ക് സാംസ്കാരികാവകാശങ്ങളും, കുട്ടികൾക്ക് കുർദിഷ് പേരുകൾ ഇടാനും, കുർദിഷ് ഭാഷയിലുള്ള സ്വകാര്യ റേഡിയോ ടെലിവിഷൻ ചാനലുകൾക്കും അനുമതിയായി.

2003 ജൂലൈയിൽ നടപ്പാക്കിയ പരിഷ്കരണനടപടീ ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതുവഴി സൈനികനേതൃത്വത്തിന് ഭൂരിപക്ഷമുള്ള നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ നിർവഹണാധികാരങ്ങൾ ഇല്ലായ്മ ചെയ്തു. യൂറോപ്യൻ യൂനിയൻ മാനദണ്ഡപ്രകാരം അത് അങ്ങനെ ഒരു ഉപദേശകസമിതി മാത്രമായി.

എർദ്വാന്റെ ഒരു വർഷത്തെ ഭരണകാലയളവിൽ മതേതരവാദികളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി ഉദാരമായ നയങ്ങൾ നടപ്പിലാക്കി.ഉദ്യോഗസ്ഥതലത്തിലെ അഴിമതി കുറച്ചതിനൊപ്പം നാണയപ്പെരുപ്പം പതിനഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിക്കുകയും ചെയ്തു. 2004 മാർച്ചിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുകയും ചെയ്തു. എ.കെ. പാർട്ടിയുടെ ജനപിന്തുണ 34 ശതമാനത്തിൽ നിന്നും 43 ശതമാനമായി വർദ്ധിച്ചു. ആകെയുള്ള 81 നഗരസഭകളിൽ 51-ഉം പാർട്ടി കരസ്ഥമാക്കി.

രാഷ്ട്രീയത്തടവുകാരെ വിചാരണ ചെയ്യുന്നതിന്‌സൈന്യം ഉപയോഗിച്ചിരുന്ന രാജ്യസുരക്ഷാക്കോടതി (സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട്) നിർത്തലാക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ ബോർഡുകളിൽ നിന്നും റേഡിയോ ടെലിവിഷൻ സ്ഥാപനങ്ങളിൽ നിന്നും സൈന്യത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുന്നതിനും ഉള്ള ഭരണഘടനാഭേദഗതി ഇക്കാലത്ത് പ്രസിഡണ്ട് അംഗീകരിച്ചു.

തുടർന്ന് ശിക്ഷാനിയമവും പാർലമെന്റ് ഭേദഗതി ചെയ്തു. അത് അഭിപ്രായസ്വാതന്ത്ര്യം വർദ്ധിപ്പിച്ചു. ഭരണകൂടത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് പൗരന്മാരെ ഭരണകൂടത്തിന്റെ സേവകർ ആയിക്കണ്ടിരുന്ന കമാൽ അത്താത്തുർക്കിന്റെ സ്റ്റേറ്റിസ്റ്റ് സമീപനത്തിന് അവസാനമായി. പൗരന്മാരുടെ സ്വകാര്യജീവിതത്തിൽ ഭരണകൂടം ഇടപെടുന്നതിൽ നിയന്ത്രണമായി.[൩]

യൂറോപ്യൻ യൂനിയനിൽ പൂർണ്ണാംഗത്വം നേടാനുള്ള ശ്രമത്തിനിടെ, അസർബൈജാനിലേക്കും മദ്ധ്യേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള അതിന്റെ താൽപര്യം കുറഞ്ഞു.

എർദോഗാൻ സർക്കാരിന്റെ ശക്തവും അഴിമതിമുക്തവുമായ ഭരണം, തുർക്കിയുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടാൻ സഹായകമായി. തൊട്ടു മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി, 2004-ലെ മൊത്ത ആഭ്യന്തരോൽപ്പാദനം, 10 ശതമാനം വർദ്ധിക്കുകയും നാണ്യപ്പെരുപ്പം 9.3 ശതമാനമാകുകയും ചെയ്തു. 2005 ജനുവരി 1-ന് ന്യൂ തുർക്കിഷ് ലിറ (എൻ.ടി.എൽ.) എന്ന പുതിയ നാണയം പുറത്തിറക്കി. പത്തുലക്ഷം പഴയ ലിറ, ഒരു പുതിയ ലിറക്ക് തുല്യമായിരുന്നു. ഒരു അമേരിക്കൻ ഡോളർ 1.35 എൻ.ടി.എല്ലിന് തുല്യവുമായിരുന്നു.

സാമ്പത്തികരംഗം ഭദ്രമായതിനു ശേഷം, ഏറ്റവും പ്രധാനപ്പെട്ട കുർദിഷ് വംശീയപ്രശ്നത്തിലേക്ക് എർദോഗാൻ ശ്രദ്ധ ചെലുത്തി. തെ. കിഴക്കൻ തുർക്കിയിൽ സ്വതന്ത്രരാജ്യത്തിനുവേണ്ടി പോരാടിയ കുർദിഷ് വർക്കേർസ് പാർട്ടി (ജഗഗ) ഫെബ്രുവരി 2000-ൽ തുർക്കിക്കെതിരെയുള്ള കലാപം അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച്, അനുരഞ്ജനത്തിലൂടെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലാണ് തുടർന്ന് കുദുർകൾ ശ്രദ്ധേകേന്ദ്രീകരിച്ചത്. തുർക്കി ഗവൺമെന്റിനെതിരെയുള്ള കുർദിഷ് ഗറില്ലകളുടെ വിപ്ളവത്തിൽ അനേകം പേർക്ക്, പ്രത്യേകിച്ച് കുർദുകൾക്ക്, ജീവഹാനി സംഭവിച്ചിട്ടുണ്ട്. 1990-കളിൽ കുർദിഷ് ജനതയുടെമേൽ അടിച്ചേൽപ്പിച്ച ക്രൂരതകളുടെ പേരിൽ യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള തുർക്കിയുടെ ശ്രമങ്ങളെ യൂറോപ്യൻ രാജ്യങ്ങൾ തടയുകയുണ്ടായി. 2004-മേയിൽ തുർക്കിയുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതായി കുർദിസ്ഥാൻ വർക്കേർസ് പാർട്ടി പ്രഖ്യാപിച്ചെങ്കിച്ചു. എന്നാൽ 2005 ഓഗസ്റ്റിൽ കുർദിഷ് മേഖലയുടെ കേന്ദ്രമായിരുന്ന ദിയാർബകീർ നഗരത്തിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്ത്, കുർദിഷ് പ്രശ്നത്തിൽ തുർക്കി സർക്കാർ തെറ്റ് ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി എർദ്വാൻ പരസ്യമായി സമ്മതിച്ചു. ഒരു ഒത്തുതീർപ്പിനുള്ള എർദ്വാന്റെ ശ്രമത്തോട് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി അനുകൂലമായി പ്രതികരിച്ചു. ഒരു മാസത്തെ വെടിനിർത്തൽ അവർ പ്രഖ്യാപിച്ചു.[1]

യു.എൻ, നാറ്റോ എന്നിവയിൽ അംഗമാണ് തുർക്കി. സൈപ്രസിനെച്ചൊല്ലി ഗ്രീസുമായുള്ള തർക്കവും കുർദുകളുടെ ആഭ്യന്തര കലാപവുമാണ് ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.

കുറിപ്പുകൾ

[തിരുത്തുക]
  • 1 ^ തുർക്കിയിൽ സാമൂഹികമായി താഴ്ന്നനിലയിലുള്ള ഇടതുപക്ഷ അനുഭാവമുള്ള ഒരു ഷിയാവിഭാഗമാണ് അലവികൾ. തുർക്കിയിലെ മൊത്തം ജനസംഖ്യയുടെ ആറിലൊന്ന് അലവികളാണ്.[1]
  • 2 ^ 1997 ജൂണിൽ എർബകാനെ പുറത്താക്കിയതിനു ശേഷം, സൈന്യത്തിന്റെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസബിൽ പാർലമെന്റ് 242-നെതിരെ 277 വോട്ടിന് പാസാക്കി. ഒരു ദശാബ്ദത്തിൽ മതവിദ്യാഭ്യാസസ്ഥാപനങ്ങളായ ഇമാം ഖതിബുകളിൽ പ്രവേശനം പ്രതിവർഷം അഞ്ചു ലക്ഷം എന്ന തോതിൽ നിന്നും 71,000 ആക്കി കുറക്കാനായത് ഈ നടപടിയുടെ വിജയത്തെ സൂചിപ്പിക്കുന്നു. ഇത് ഇമാം ഖതിബ് മതവിദ്യാലയങ്ങളുടെ അടച്ചുപൂട്ടലിന് കാരണമായി.[1]
  • 3 ^ എന്നാൽ തുർക്കിദേശീയതയെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നുള്ള ശിക്ഷാനിയമത്തിലെ 301-ആം വകുപ്പ് നിലനിർത്തിയിരുന്നു. 2006-ൽ നോബൽ സമ്മാനജേതാവായ ഓർഹാൻ പാമുകിനെതിരെ ഈ നിയമം പ്രയോഗിക്കുകയും ചെയ്തു. "മുപ്പതിനായിരം കുർദുകളും പത്തുലക്ഷം അർമേനിയരും ഈ നാട്ടിൽ കൊല്ലപ്പെട്ടെങ്കിലും ആരും അതേക്കുറിച്ച് സംസാരിക്കാൻ പോലും ഭയപ്പെടുന്നു" എന്ന് ഒരു സ്വിസ് പ്രസിദ്ധീകരണത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞതിനാണ് ഈ നടപടി നേരിട്ടത്.

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 76–91. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://www.todayszaman.com/news-235868-school-changes-its-coup-general-name.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തുർക്കിയുടെ_ചരിത്രം&oldid=3975927" എന്ന താളിൽനിന്ന് ശേഖരിച്ചത്