Jump to content

രാശിചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zodiac എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാശിചക്രം

ക്രാന്തിവൃത്തത്തിനു സമീപത്തുള്ള (ഇരുവശത്തുമുള്ള 8 ഭാഗ വീതം വീതിയിൽ) നക്ഷത്രരാശികളെ എല്ലാം ചേർത്ത് ഒരു ചക്രത്തിന്റെ രൂപത്തിൽ സങ്കല്പിക്കുന്നതാണ് ആണ്‌ രാശിചക്രം അഥവാ സൗരരാശി എന്ന്‌ അറിയപ്പെടുന്നത്‌. സൂര്യരാശി എന്നും ഇതിനു പേരുണ്ട്‌. ഇംഗ്ലീഷിൽ സോഡിയാക് (zodiac) എന്ന പേരിൽ അറിയപ്പെടുന്നു. ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണല്ലോ. നമ്മുടെ പൂർവികർ ഈ രാശിചക്രത്തെ 30° വീതമുള്ള 12 തുല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച്‌ അതിന്‌ ഓരോ പേരും കൊടുത്തു. മീനിന്റെ രൂപമുള്ള നക്ഷത്ര രാശിയെ മീനം എന്നും, സിംഹത്തിന്റെ രൂപം ഉള്ള രാശിയെ ചിങ്ങം എന്നും അതു പോലെ രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു. ഖഗോളം ഭൂമിയുടെ ചുറ്റും തിരിയുമ്പോൾ 30 ദിവസത്തോളം സൂര്യൻ ഈ 12 രാശികളിൽ ഒന്നിന്റെ ഉള്ളിൽ ആയിരിക്കും. അപ്പോൾ ആ മാസത്തെ നമ്മൾ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന്‌ ചിങ്ങമാസം ആണെന്ന്‌ പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾ ചിങ്ങം രാശിയിൽ ആണ്‌ എന്നാണ്‌.

രാശിചക്രത്തിലെ നക്ഷത്രരാശികൾ

[തിരുത്തുക]
രാശിചക്രത്തിന്റെ ചിത്രീകരണം - ക്രാന്തിവൃത്തത്തിന്റയും സൗര-ഭൗമ സ്ഥാനങ്ങളുടെയും പശ്ചാത്തലത്തിൽ
മലയാളം ഇംഗ്ലീഷ് അടയാളം English ആകാശ രേഖാംശം
1 ചിങ്ങം ലിയൊ ♌︎ Leo 120° മുതൽ 150° വരെ
2 കന്നി വിർഗൊ ♍︎ Virgo 150° മുതൽ 180° വരെ
3 തുലാം ലിബ്ര ♎︎ Libra 180° മുതൽ 210° വരെ
4 വൃശ്ചികം സ്കൊർപിയൊ ♏︎ Scorpio 210° മുതൽ 240° വരെ
5 ധനു സാജിറ്റെരിയാസ് ♐︎ Sagittarius 240° മുതൽ 270° വരെ
6 മകരം കാപ്രികൊൺ ♑︎ Capricon 270° മുതൽ 300° വരെ
7 കുംഭം അക്ക്വാറിയസ് ♒︎ Aquarius 300° മുതൽ 330° വരെ
8 മീനം പൈസിസ് ♓︎ Pisces 330° മുതൽ 360° വരെ
9 മേടം ഏരിസ് ♈︎ Aries 0° മുതൽ 30° വരെ
10 ഇടവം ടൊറസ് ♉︎ Taurus 30° മുതൽ 60° വരെ
11 മിഥുനം ജെമിനി ♊︎ Gemini 60° മുതൽ 90° വരെ
12 കർക്കിടകം കാൻസർ ♋︎ Cancer 90° മുതൽ 120° വരെ

രാശിചക്രത്തിലെ രാശികളുടെ സമയവിഭജനം

[തിരുത്തുക]
രാശിചക്രം

പാശ്ചാത്യരീതിയനുസരിച്ച് രാശിചക്രത്തിലെ 12 രാശികളേയും തുല്യമായ 12 ഖണ്ഡങ്ങളാക്കിയാണു് വിഭജിച്ചിരിക്കുന്നതു്. എന്നാൽ അവയ്ക്കു പൊരുത്തമുള്ള നക്ഷത്രക്കൂട്ടങ്ങൾ ഇങ്ങനെ കൃത്യമായല്ല ആകാശത്തു കാണപ്പെടുന്നതു്. കൂടാതെ, (ഭൂമിയിൽനിന്നും നോക്കുമ്പോൾ) ഓരോ രാശികളിലൂടെയും സൂര്യനും ഗ്രഹങ്ങളും കടന്നുപോകുന്നതു് ഒരേ വേഗത്തിലല്ല. ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയും അതിന്റെ അച്ചുതണ്ടിനുള്ള 23.5 ഡിഗ്രി ചെരിവുമാണു് ഈ വേഗവ്യത്യാസത്തിനു കാരണം. ഇതുമൂലം സൂര്യൻ ചില നക്ഷത്രരാശികളിൽ വളരെക്കുറച്ചുസമയവും മറ്റുചിലതിലൂടെ ശരാശരിയിൽ കൂടിയ സമയവും ചെലവഴിക്കുന്നു.

എന്നാൽ പൗരാണികഭാരതീയരീതിയിൽ ഈ വ്യത്യാസം പരിഗണിച്ച് രാശികളെ അവയുടെ പ്രവേഗവ്യത്യാസങ്ങൾക്ക് ആനുപാതികമായാണു് വിഭജിച്ചിരിക്കുന്നതു്. വ്യത്യസ്ത പദ്ധതികളിൽ ഈ വിഭജനരീതിക്കും അല്പാൽപ്പം വ്യത്യാസമുണ്ടു്. ഏകീകരിക്കപ്പെട്ട ഭാരതീയ പഞ്ചാംഗങ്ങളിൽ ആദ്യം ഇവയെ പാശ്ചാത്യരീതിയുമായി സമീകരിച്ചതിനുശേഷം ഓരോ ഗ്രഹങ്ങളുടേയും അതതു സമയത്തെ സ്ഥിതിയനുസരിച്ച് കൂടുതൽ സൂക്ഷ്മമായ കണക്കുകൾ ഉപയോഗിച്ച് ഗ്രഹസ്ഥിതി കണക്കുകൂട്ടുകയാണു് ചെയ്യുന്നതു്.

കേരളത്തിൽ പ്രചാരത്തിലുള്ള രാശിചക്രം. ജ്യോത്സ്യപ്രവചനങ്ങൾക്കായി ഉപയോഗിക്കുന്നത് ഇത്തരം രാശിചക്രമാണ്

പഞ്ചാംഗഗണിതത്തിനു് മലയാളികൾ ഉപയോഗിച്ചുവരുന്ന കൊല്ലവർഷപദ്ധതിയനുസരിച്ച് ഈ കണക്കുകൂട്ടലുകൾ കൂടുതൽ സൂക്ഷ്മമാണു്. എന്നാൽ ലഭ്യമായ മലയാളം പഞ്ചാംഗങ്ങളിൽ പലതിലും വ്യത്യസ്തരീതികളും ആധാരങ്ങളും ഉപയോഗിക്കുന്നതിനാൽ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ടു്.

നക്ഷത്രങ്ങളുടെ സീമാന്തങ്ങൾ

[തിരുത്തുക]

360 ഡിഗ്രിയുള്ള മൊത്തം രാശിചക്രത്തെ 12നു പകരം ഏകദേശം 27.3216 ഭാഗങ്ങളായി വിഭജിച്ച് അവയിലോരോന്നിനേയും സ്ഥാനീയമായി അടയാളപ്പെടുത്താനാണു് നക്ഷത്രങ്ങളെ നിർദ്ദേശാങ്കങ്ങളായി പരിഗണിക്കുന്നതു്. സൂര്യസിദ്ധാന്തം, ആര്യസിദ്ധാന്തം തുടങ്ങിയ രീതികളിൽ ഭ്രമണപഥപ്രവേഗമനുസരിച്ച് ഇവയെ സങ്കീർണ്ണമായ ഗണിതപ്രക്രിയകളിലൂടെ ആനുപാതികമായി വിഭജിച്ചിട്ടുണ്ടു്. കുറേക്കൂടി ലളിതമായി ഗർഗ്ഗ സമ്പ്രദായവും ആവിഷ്കരിച്ചിരിക്കുന്നു. എന്നാൽ, പിൽക്കാലത്തു് പല ജ്യോതിശാസ്ത്ര/ജ്യോതിഷശാഖകളും കണക്കുകൂട്ടൽ താരതമ്യേന എളുപ്പമാക്കുവാൻ പാശ്ചാത്യരീതി അനുകരിച്ച് സമീകൃതരേഖാംശങ്ങൾ സ്വീകരിച്ചു.

രാശിചക്രത്തെ നക്ഷത്രങ്ങളായി വിഭജിച്ചിരിക്കുന്ന രീതി താഴെക്കൊടുത്തിരിക്കുന്നു:

ക്രമാങ്കം നക്ഷത്രം സമീകൃത രേഖാംശം ഗർഗ്ഗ രീതി ബ്രഹ്മസിദ്ധാന്ത രീതി
1 അശ്വതി 13° 20′ 13° 20' 13° 10' 35
2 ഭരണി 26° 40′ 20° 0' 19° 45' 52.5
3 കാർത്തിക 40° 0′ 33° 20' 32° 56' 27.5
4 രോഹിണി 53° 20′ 53° 20' 52° 42' 20
5 മകയിരം 66° 40′ 66° 40' 65° 52' 55
6 ആതിര 80° 0′ 73° 20' 72° 28' 12.5
7 പുണർതം 93° 20′ 93° 20' 92° 14' 5
8 പൂയം 106° 40′ 106° 40' 105° 24' 40
9 ആയില്യം 120° 0′ 113° 20' 111° 59' 57.5
10 മകം 133° 20′ 126° 40' 125° 10' 32.5
11 പൂരം 146° 40′ 140° 0' 138° 21' 7.5
12 ഉത്രം 160° 0′ 160° 0' 158° 7' 0
13 അത്തം 173° 20′ 173° 0' 171° 17' 35
14 ചിത്തിര 186° 40′ 186° 40' 184° 28' 10
15 ചോതി 200° 0′ 193° 20' 191° 3' 27.5
16 വിശാഖം 213° 20′ 213° 20' 210° 49' 20
17 അനിഴം 226° 40′ 226° 40' 223° 59' 55
18 കേട്ട 240° 0′ 233° 20' 230° 35' 12.5
19 മൂലം 253° 20′ 246° 40' 243° 45' 47.5
20 പൂരാടം 266° 40′ 260° ' 256° 56' 22.5
21 ഉത്രാടം 280° 0′ 280° ' 276° 42' 15
28 അഭിജിത്ത് 280° 56' 30
22 തിരുവോണം 293° 20′ 293° 20' 294° 7' 5
23 അവിട്ടം 306° 40′ 306° 40' 307° 17' 40
24 ചതയം 320° 0′ 313° 20' 313° 52' 57.5
25 പൂരുരുട്ടാതി 333° 20′ 326° 40' 327° 3' 32.5
26 ഉത്രട്ടാതി 346° 40′ 346° 40' 346° 49' 25
27 രേവതി 360° 0′ 360° 0' 360° 0' 0

ബ്രഹ്മസിദ്ധാന്തമനുസരിച്ചുള്ള അതിസൂക്ഷ്മമായ കണക്കുകൂട്ടലിൽ, 27.3216 എന്ന സംഖ്യയിൽ പൂർണ്ണസംഖ്യയായ 27 കഴിഞ്ഞ് ബാക്കി വരുന്ന 0.3216 കണക്കിലെടുക്കാൻ വേണ്ടി ഇരുപത്തിയെട്ടാമതായി അഭിജിത്(अभिजित) എന്നൊരു നക്ഷത്രത്തെക്കൂടി പരിഗണിക്കാറുണ്ട്. ഉത്രാടം, തിരുവോണം എന്നിവയ്ക്ക് മധ്യേ നിലകൊള്ളുന്ന α, ε and ζ Lyrae - Vega എന്ന നക്ഷത്രമാണിതു്. അഭിജിത് നക്ഷത്രത്തിന് ജ്യോതിശാസ്ത്രഗണിതത്തിൽ ഒരു പ്രത്യേക സ്ഥാനമാണ് നല്കിയിരിക്കുന്നത്. പ്രത്യേകം പറയാത്തിടത്തോളം അതിനെ 27 നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറില്ല.



ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
"https://ml.wikipedia.org/w/index.php?title=രാശിചക്രം&oldid=3832894" എന്ന താളിൽനിന്ന് ശേഖരിച്ചത്