ആഗോള ആർദ്രോഷ്ണാവസ്ഥാ നിരീക്ഷണം
ആഗോള-ആർദ്രോഷ്ണാവസ്ഥാ നിരീക്ഷണം | |
---|---|
Org type | UN agency |
Acronyms | WMO OMM |
Head | Petteri Taalas ഫിൻലാൻ്റ് |
Status | Active |
Established | 1950 |
Headquarters | Geneva, Switzerland |
Website | www |
ലോക അന്തരീക്ഷ നിരീക്ഷണ സംഘടന (World Meteorological Organisation)യുടെ[1] ആഭിമുഖ്യത്തിൽ ആഗോളവ്യാപകമായി ഏർപ്പെടുത്തിയിട്ടുള്ള കാലാവസ്ഥാനിരീക്ഷണപദ്ധതിയാണ് ആഗോള-ആർദ്രോഷ്ണാവസ്ഥാ നിരീക്ഷണം. സംഗ്രഹരൂപത്തിൽ W M O എന്നറിയപ്പെടുന്ന ഈ സംഘടന അന്തരീക്ഷവിജ്ഞാനരംഗത്ത് ശാസ്ത്ര-സാങ്കേതിക വികാസങ്ങൾ മൂലമുണ്ടായിട്ടുള്ള നേട്ടങ്ങളുടെ പ്രയോജനം ലോകമെമ്പാടും ലഭ്യമാക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അന്തരീക്ഷത്തെ സംബന്ധിച്ച് മാനവരാശിക്കുള്ള അറിവുകൾ വർധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ഈ പദ്ധതി പ്രയത്നിച്ചുവരുന്നു.
ആഗോളനിരിക്ഷണം
[തിരുത്തുക]അന്തരീക്ഷപ്രക്രിയകൾക്കു ഹേതുവായിത്തീരുന്ന വായു പിണ്ഡങ്ങൾക്കും (air mass)[2] അതുപോലുള്ള ആർദ്രോഷ്ണഘടകങ്ങൾക്കും (weather factors)[3] മനുഷ്യൻ നിർണയിച്ചിട്ടുള്ള അതിരുകളും വിഭജനരേഖകളും ബാധകമല്ലാത്തതിനാൽ, ലോകത്തുള്ള ഒരു രാഷ്ട്രത്തിനും തന്നെ പരസ്പരസഹായം കൂടാതെയുള്ള കാലാവസ്ഥാനിർണയനം സാധ്യമല്ല. സഞ്ചാരപഥത്തിൽ അപ്പോഴപ്പോഴുണ്ടാകുന്ന ഗുണവ്യതിയാനങ്ങൾ അനുസരിച്ച് ആർദ്രോഷ്ണഘടകങ്ങളുടെ സ്വഭാവവും തത്ഫലമായുണ്ടാവുന്ന അന്തരീക്ഷ പ്രക്രിയകളും മാറുന്നു. തന്നിമിത്തം കാലാവസ്ഥാ പ്രവചനം (Weather forecasting)[4] കൃത്യമായി നിർവഹിക്കുന്നതിന് ആഗോളവ്യാപകമായ നിരീക്ഷണം ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷനിരീക്ഷണരംഗത്ത് സാർവലൌകികമായ വ്യവസ്ഥകൾ ഒരു നൂറ്റാണ്ട്|നൂറ്റാണ്ടിനു]] മുൻപു മുതൽത്തന്നെ നിലവിൽ വന്നിട്ടുണ്ട്. എന്നാൽ ഈ രംഗത്തുണ്ടായ വൻപിച്ച സാങ്കേതികവികാസം ഇക്കാര്യത്തിൽ പുതിയ ഒരു സമീപനം ആവശ്യമാക്കിത്തീർത്തു. കൃത്രിമോപഗ്രഹങ്ങൾ, ഇലക്ട്രോണിക് കംപ്യൂട്ടറുകൾ, ആൾസഹായമില്ലാതെ പ്രവർത്തിക്കുന്ന നിരീക്ഷണയന്ത്രങ്ങൾ, സമുദ്രോപരിതലത്തിൽ പ്രവർത്തിക്കുന്ന പൊങ്ങുകൾ (meteorological buoys)[5] തുടങ്ങിയവയുടെ സഹായത്തോടെ കൃത്യമായി കാലാവസ്ഥാപ്രവചനം നടത്തുന്ന ഒരു സ്ഥിതി സംജാതമായിട്ടുണ്ട്. പക്ഷേ, ഇവയിലൂടെ ഗ്രഹിക്കപ്പെടുന്ന വിവരങ്ങൾ ലോകത്തിന്റെ ഏതു കോണിലേക്കും അപ്പപ്പോൾ വിനിമയം ചെയ്തെത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുവേണ്ട അന്താരാഷ്ട്ര സഹകരണവും വിനിമയവ്യവസ്ഥയും ആണ് ആഗോള ആർദ്രോഷ്ണാവസ്ഥാനിരീക്ഷണത്തിന് പ്രചോദകമായിത്തീർന്നത്.
ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ മൂന്നായി വിഭജിക്കാം.
- ആഗോള നിരീക്ഷണ വ്യവസ്ഥ
- ആഗോള വാർത്താവിനിമയ വ്യവസ്ഥ
- ആഗോള നിരീക്ഷണ കേന്ദ്രങ്ങൾ
ആഗോള നിരീക്ഷണവ്യവസ്ഥ
[തിരുത്തുക]ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ആർദ്രോഷ്ണാവസ്ഥയെ സംബന്ധിച്ച് ആകാവുന്നിടത്തോളം സ്ഥിതിവിവരങ്ങൾ ശേഖരിക്കുകയും അവയുടെ സഹായത്തോടെ കൃത്യമായ പ്രവചനം സാധ്യമാക്കുകയുമാണ് ആദ്യത്തെ ലക്ഷ്യം. നിലവിലുള്ള അന്തരീക്ഷനിരീക്ഷണ കേന്ദ്രങ്ങൾ ഭൂതലത്തിന്റെ ഏതാണ്ട് നാലിലൊരു ഭാഗത്തെ മാത്രമേ നിരീക്ഷണവിധേയമാക്കുന്നുള്ളു. ഉപര്യന്തരീക്ഷത്തെ സംബന്ധിച്ചു ഗ്രഹിക്കപ്പെടുന്ന വിവരങ്ങൾ നന്നേ അപര്യാപ്തവുമാണ്. ഈ കുറവു പരിഹരിക്കുവാൻ ആഗോള-ആർദ്രോഷ്ണാവസ്ഥാനിരീക്ഷണത്തിന്റെ ഭാഗമായി വിവിധയിനത്തിലുള്ള പുതിയ നിരീക്ഷണകേന്ദ്രങ്ങൾ കൂടുതൽ കൂടുതൽ സ്ഥാപിക്കുവാനുള്ള ശ്രമം നടന്നുവരുന്നു.
ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന പ്രത്യേക കൃത്രിമോപഗ്രഹങ്ങൾവഴി ആർദ്രോഷ്ണാവസ്ഥയെ സംബന്ധിച്ച സ്ഥിതിവിവരങ്ങൾ ഗ്രഹിക്കുകയാണ് മറ്റൊരു പരിപാടി. ഈ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ക്യാമറകൾ വഴി ലഭിക്കുന്ന മേഘാവരണത്തിന്റെ ഛായ ഭൂമിയിലെ വിവിധകേന്ദ്രങ്ങളിൽ പകർത്തപ്പെടുന്നതിനെത്തുടർന്ന്, മേഘാവരണത്തിന്റെ ആഗോളസ്ഥിതിയും അതോടനുബന്ധിച്ച് രൂപംകൊള്ളാവുന്ന അന്തരീക്ഷപ്രക്രിയകളും നിരീക്ഷകർക്ക് ബോധ്യമാവുന്നു. ആർദ്രോഷ്ണഘടകങ്ങളുടെ ഊർധ്വ (lvertica) ദിശയിലുള്ള സ്ഥിതിവിവരം ശേഖരിക്കുന്നതിന് കൃത്രിമോപഗ്രഹങ്ങളിൽ ലേസറുകൾ ഘടിപ്പിക്കുന്നു. അന്തരീക്ഷത്തിന്റെ ലംബദിശയിലുള്ള വിധാനം മനസ്സിലാക്കുന്നതിന് കാലാവസ്ഥാനിരീക്ഷണത്തിനായുദ്ദേശിച്ചുള്ള പ്രത്യേകയിനം റോക്കറ്റുകൾ വിക്ഷേപിക്കുന്ന പതിവും നിലവിൽ വന്നിട്ടുണ്ട്.
ആഗോള വാർത്താവിനിമയ വ്യവസ്ഥ
[തിരുത്തുക]കാലാവസ്ഥാപ്രവചനത്തെ സംബന്ധിച്ച് ആർദ്രോഷ്ണ ഘടകങ്ങളുടെ സ്ഥിതിവിവരങ്ങൾ എത്രമാത്രം കിട്ടുന്നുവെന്നതിനല്ല, എത്ര എളുപ്പം കിട്ടുന്നുവെന്നതിനാണ് പ്രസക്തി. സന്ദേശങ്ങൾ പിടിച്ചെടുക്കുന്നതിനും ശേഖരിക്കപ്പെടുന്ന വിവരങ്ങൾ എത്രയും വേഗം വിനിമയം ചെയ്യുന്നതിനും പോന്ന ടെലികമ്മ്യൂണിക്കേഷൻ സംവിധാനം ഉണ്ടായിരിക്കേണ്ടത് ഒരു അന്തരീക്ഷ നിരീക്ഷണ കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. ആഗോളവാർത്താവിനിമയ വ്യവസ്ഥയുടെ പ്രധാനഘടകം ലോകവ്യാപകമായി പ്രവർത്തിക്കുന്ന മൂന്നു നിരീക്ഷണകേന്ദ്രങ്ങളെ പരസ്പരം ബന്ധിക്കുന്ന ട്രങ്ക് സർക്യൂട്ട് (trunk circuit)[6] ആണ്; ടെലികമ്മ്യൂണിക്കേഷൻ രീതിയിൽ മിനിറ്റിൽ 3,600 വാക്കുകളെന്ന തോതിൽ വാർത്താവിനിമയം നടത്തുവാനുള്ള സംവിധാനമാണിത്. ഇതിനോടു ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ നാനാകേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെ ഒരു വ്യൂഹമുണ്ട്. ഇവയിലോരോന്നും അതതു രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള ചെറിയ നിരീക്ഷണ കേന്ദ്രങ്ങളുമായി സദാ ബന്ധം പുലർത്തുന്നവയാണ്. ആഗോള വാർത്താവിനിമയ വ്യവസ്ഥയുടെ മറ്റൊരു മെച്ചം അക്കങ്ങളിലും അക്ഷരങ്ങളിലുമുള്ള വാർത്താവിതരണത്തിനു പുറമേ, ചിത്രവിനിമയംകൂടി നടത്തുന്നുവെന്നതാണ്. ഉപഗ്രഹാന്തരീക്ഷവിജ്ഞാനീയ(Satellite Meteorology)ത്തിന്റെ[7] വികാസം ആഗോള വാർത്താവിനിമയ വ്യവസ്ഥയുടെ കാര്യക്ഷമത ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
ആഗോളനിരീക്ഷണകേന്ദ്രങ്ങൾ
[തിരുത്തുക]മേല്പറഞ്ഞ സംവിധാനങ്ങൾ നടപ്പിൽ വരുത്തുവാൻ സങ്കീർണവും സൂക്ഷ്മവുമായ അനേകം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികശേഷിക്കു നിരക്കാത്തത്ര വിലപിടിപ്പുള്ള യന്ത്രസംവിധാനമാണ് ആവശ്യമായി വന്നിരിക്കുന്നത്. ആഗോളവ്യാപകമായി അറിയിപ്പുകൾ പകർന്നുകൊടുക്കുന്നതിനു കഴിവുള്ള മൂന്നു നിരീക്ഷണ കേന്ദ്രങ്ങൾ മോസ്കോ, വാഷിങ്ടൺ, മെൽബൺ എന്നിവിടങ്ങളിൽ സ്ഥാപിതമായിരിക്കുന്നു. സുസജ്ജമായ സാങ്കേതികസംവിധാനം ഈ കേന്ദ്രങ്ങളുടെ സവിശേഷതയാണ്. ആർദ്രോഷ്ണഘടകങ്ങളുടെ സ്ഥിതിവിവരങ്ങൾ ശേഖരിച്ച് സംഗ്രഹിക്കുന്നതിനു പുറമേ, അവയുടെ വിശ്ലേഷണവും (analysis) വിനിമയവും സാധിക്കുന്നതിൽ ലോകവ്യാപകമായ സമീപനം നടത്തുവാൻ ഈ കേന്ദ്രങ്ങൾക്കു കഴിയുന്നു. ഇവയുമായി ബന്ധപ്പെട്ട് മേഖലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അഞ്ചു കേന്ദ്രങ്ങളുണ്ട്: മോസ്കോ, ന്യൂഡൽഹി, ന്യൂയോർക്ക്, ഓഫൻബാക്ക് (ജർമനി), ടോക്കിയോ എന്നിവിടങ്ങളിലുള്ള ഈ സ്ഥാപനങ്ങൾ ആഗോളനിരീക്ഷണകേന്ദ്രങ്ങളെ ഓരോ രാഷ്ട്രത്തിലെയും പ്രധാനനിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവർത്തിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.wmo.int/pages/index_en.html World Meteorological Organization
- ↑ http://ww2010.atmos.uiuc.edu/%28Gh%29/guides/mtr/af/arms/home.rxml Air Masses: uniform bodies of air
- ↑ http://www.slideshare.net/TShepard/weather-factors-2001526 Archived 2010-11-21 at the Wayback Machine. Weather Factors - SlideShare
- ↑ http://www.usatoday.com/weather/wforcst0.htm Understanding weather forecasting - USA Today
- ↑ http://meteorologytraining.tpub.com/14269/css/14269_86.htm METEOROLOGICAL BUOYS
- ↑ http://www.howto.gov/contact-centers/technologies/trunk-circuit-networks Archived 2012-03-08 at the Wayback Machine. Trunk Circuit Networks | HowTo.gov
- ↑ http://itg1.meteor.wisc.edu/wxwise/satmet/index.html Archived 2010-06-13 at the Wayback Machine. UW-Madison Satellite Meteorology
പുറംകണ്ണികൾ
[തിരുത്തുക]- http://www.wmo.int/pages/themes/climate/index_en.php
- http://www.wmo.int/pages/mediacentre/news/index_en.html
- http://severe.worldweather.wmo.int/
- http://www.wmo.int/pages/about/index_en.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആഗോള-ആർദ്രോഷ്ണാവസ്ഥാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |