അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന
അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന | |
---|---|
Org type | UN agency |
Acronyms | ICAO OACI ИКАО إيكاو |
Head | Raymond Benjamin |
Status | active |
Established | April 1947 |
Headquarters | Montreal, Canada |
Website | www |
സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന (International Civil Aviation Organization(ICAO)). ഇത് ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായി പ്രവർത്തിക്കുന്നു. 2006-ലെ കണക്കനുസരിച്ച് ഈ സംഘടനയിൽ ഇന്ത്യയുൾപ്പെടെ 189 അംഗങ്ങളുണ്ട്. കാനഡയിലെ മോൺട്രിയൽ ആണ് ഇതിന്റെ ആസ്ഥാനം.
ഭരണാധികാരസമിതി
[തിരുത്തുക]ഈ സംഘടനയുടെ ഉന്നത ഭരണാധികാരസമിതി അംഗരാഷ്ട്രപ്രതിനിധികൾ അടങ്ങുന്ന അസംബ്ലിയാണ്. ഇത് സംഘടനയുടെ നിയമനിർമ്മാണ സമിതികൂടിയാണ്. 1956 വരെ എല്ലാവർഷവും അസംബ്ലി യോഗങ്ങൾ നടത്തിയിരുന്നു. 1956-നുശേഷം മൂന്നുവർഷത്തിൽ ഒരിക്കൽ മാത്രം അസംബ്ലി സമ്മേളിക്കുന്നു.
അസംബ്ലി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന 36 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു കൌൺസിൽ ആണ് സംഘടനയുടെ ഭരണസമിതി. സംഘടനയുടെ കീഴിൽ ഉപസമിതികൾ സ്ഥാപിക്കുക, അംഗരാഷ്ട്രങ്ങൾക്കുവേണ്ട ഉപദേശങ്ങൾ നൽകുക എന്നിവ കൌൺസിലിന്റെ അധികാരപരിധിയിൽപ്പെടുന്നു. പ്രസിഡന്റ്, സെക്രട്ടറിജനറൽ എന്നിവരെ തിരഞ്ഞെടുക്കുന്നതും സംഘടനയുടെ പണച്ചുമതല കൈകാര്യം ചെയ്യുന്നതും കൌൺസിൽ തന്നെയാണ്.
പ്രവർത്തനങ്ങൾ
[തിരുത്തുക]കൌൺസിലിന്റെ നിയന്ത്രണങ്ങളിൽ എയർ നാവിഗേഷൻ കമ്മിഷനും എയർ ട്രാൻസ്പോർട്ട് കമ്മിറ്റിയും കമ്മിറ്റി ഓൺ ജോയിന്റ് സപ്പോർട്ട് ഒഫ് എയർ നാവിഗേഷൻ സർവീസസും ഫിനാൻസ് കമ്മിറ്റിയും ഉണ്ട്. സംഘടനയുടെ പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്.
- അന്താരാഷ്ട്ര വ്യോമഗതാഗത വ്യവസ്ഥകൾ നിശ്ചയിക്കുകയും വ്യോമഗതാഗതനടപടികൾ ശുപാർശ ചെയ്യുകയും അവ അന്താരാഷ്ട്ര സിവിൽ വ്യോമയാനസംഘടനയുടെ നിയമാവലിയിൽ ഉൾക്കൊള്ളിക്കുകയും ചെയ്യുക
- വ്യോമഗതാഗത പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കുക
- അന്താരാഷ്ട്ര സിവിൽവ്യോമയാനത്തിന്റെ വികാസനത്തിൽ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങൾ നീക്കാനുള്ള പദ്ധതികൾ ആലോചിക്കുക
- അന്താരാഷ്ട്രസിവിൽ വ്യോമയാനഗതാഗതത്തിന്റെ സുഗമവും സുരക്ഷിതവും നിരന്തരവുമായ നടത്തിപ്പിനുവേണ്ട നടപടികൾ ആവിഷ്കരിക്കുക.
ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ഗതാഗതസേവനങ്ങളും നിർദിഷ്ടസൌകര്യങ്ങളും ലക്ഷ്യമാക്കി പ്രാദേശികപദ്ധതികൾ തയ്യാറാക്കുക എന്നതു സംഘടനയുടെ സാങ്കേതിക പ്രവർത്തനങ്ങളുടെ പരിധിയിൽപ്പെടുന്നു. വിമാനത്താവളം, വ്യോമഗതാഗതം, ടെലികമ്യൂണിക്കേഷൻസ്, അന്തരീക്ഷഃശാസ്ത്രം, വ്യോമഗതാഗതചാർട്ട് എന്നിവയെ സംബന്ധിച്ചുള്ള സാങ്കേതികവിവരങ്ങൾ ഇതിൽപ്പെട്ടതാണ്. കാലാനുസൃതമായി പ്രാദേശികസമ്മേളനത്തിൽ ഇതിനെപ്പറ്റിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഇവയിലെ നിർദ്ദേശങ്ങൾ എയർ നാവിഗേഷൻ കമ്മീഷന്റെയും കൌൺസിലിന്റെയും പരിശോധനയ്ക്കും അംഗീകാരത്തിനും സമർപ്പിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്രവിമാനത്തപാൽ, വ്യോമഗതാഗതംവഴിയുള്ള വാണിജ്യാവകാശങ്ങൾ, വിമാനത്താവളത്തിനുള്ള കൂലി നിർണയനം, വിമാനമാർഗങ്ങൾ, സ്ഥിതിവിവരകണക്കുകളുടെ പ്രസിദ്ധീകരണം, വ്യോമഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ എന്നിവയെപ്പറ്റി ആലോചിച്ചു തീരുമാനങ്ങൾ എടുക്കുന്നത് എയർട്രാൻസ്പോർട്ട് കമ്മിറ്റിയാണ്.
1969-70-ൽ വിമാനക്കൊള്ള (Hijacking) തടയാൻ വേണ്ടി ലീഗൽ സബ്കമ്മിറ്റി ഒരു കരട്-അന്താരാഷ്ട്ര ഉടമ്പടി തയ്യാറാക്കുകയും വിമാനക്കൊള്ള നടത്തുന്നവരെ സംബന്ധിച്ച എക്സ്ട്രാഡിഷൻ നടപടികൾ ദ്വിപക്ഷീയ ഉടമ്പടികളിൽ (Bilateral agreements) ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത വിമാനം പിടിച്ചെടുക്കൽ സംബന്ധിച്ച സാങ്കേതികവും വ്യോമയാനപരവുമായ പ്രശ്നങ്ങൾ എയർ ട്രാൻസ്പോർട്ട് കമ്മിറ്റിയും എയർ നാവിഗേഷൻ കമ്മിഷനും പഠിക്കുന്നു.
നിയമനിർമ്മാണം
[തിരുത്തുക]അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിൽ നിയമാനുസൃതമല്ലാതുള്ള കൈകടത്തലുകൾ തടയുന്നതിനും അവ ഒഴിവാക്കുന്നതിനുവേണ്ടി ഭാവി നടപടികൾ ആവിഷ്കരിക്കുന്നതിനും 1969 ഏപ്രിലിൽ കൌൺസിൽ ഒരു കമ്മിറ്റിയെ നിയമിച്ചു. സംഘടനയുടെ ആഭിമുഖ്യത്തിൽ ഇത്തരം കുറ്റങ്ങളെ സംബന്ധിച്ച് 1963 സെപ്റ്റമ്പർ 14-ന് ടോക്കിയോയിൽവച്ച് ആലോചിക്കുകയും 1969 ഡിസംബർ 14-ന് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
അന്താരാഷ്ട്ര വ്യോമഗതാഗത നിയമങ്ങൾ തയ്യാറാക്കുന്നതും ഈ സംഘടനയാണ്. കാനഡയിലുള്ള കേന്ദ്ര ഓഫീസിനു പുറമേ ഫ്രാൻസ്, തായ്‌ലന്റ്, ഈജിപ്റ്റ്, മെക്സിക്കോ, പെറു, സെനെഗാൾ, കെനിയ എന്നിവിടങ്ങളിൽ ഈ സംഘടനയ്ക്ക് പ്രത്യേകം ഓഫീസുകളുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]- https://careers.icao.int/wd/plsql/wd_portal.show_page?p_web_site_id=3325&p_text_id=1272 Archived 2011-07-22 at the Wayback Machine.
- http://www.icao.int/env/
- http://www.radartutorial.eu/13.ssr/sr05.en.html
45°30′1″N 73°33′51″W / 45.50028°N 73.56417°W
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |