മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Medical transcription എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു ഭിഷഗ്വരനോ അദ്ദേഹം ചുമതലപ്പെടുത്തിയ വ്യക്തിയോ, ശബ്ദലേഖനസംവിധാനത്തിൽ (voice recorder) രേഖപ്പെടുത്തിയ, രോഗവിവരങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് ലിഖിതരൂപത്തിലാക്കുന്ന പ്രക്രിയയാണ് മെഡിക്കൽ ട്രാൻസ്ക്രിപ്‌ഷൻ. ശബ്ദരൂപത്തിലുള്ള ഒരു രേഖയെ ലിഖിതരൂപത്തിലാക്കുന്നതിനെയാണ് ട്രാൻസ്ക്രിപ്‌ഷൻ എന്നുപറയുന്നത്. ഇങ്ങനെ ആക്കുന്ന വ്യക്തി മെഡിക്കൽ ട്രാന്സ്ക്രിപ്ഷനിസ്റ്റ് (medical transcriptionist) എന്ന പേരില് അറിയപ്പെടുന്നു. അമേരിക്ക, ബ്രിട്ടൺ മുതലായ രാജ്യങ്ങളാണു ഈ രീതിയിലുള്ള ചികിൽസാരേഖ ലേഖന സമ്പ്രദായം തുടങ്ങിവച്ചത്. വളരെക്കാലം മുമ്പ് തന്നെ അമേരിക്കയിലെ ആരോഗ്യരംഗത്ത് ഇതു ഉപയോഗിച്ചു വന്നിരുന്നു.[അവലംബം ആവശ്യമാണ്]

പാശ്ചാത്യരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ലഭിക്കുന്ന പുറംജോലിക്കരാറുകളിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഒരു പ്രധാനഘടകമാണ്.

ചരിത്രം[തിരുത്തുക]

മെഡിക്കൽ ട്രാൻസ്ക്രിപ്ഷന്റെ പുരാതന രൂപം 1960 കളിലെപ്പെഴൊ ഉദയം ചെയ്തതാണ്[അവലംബം ആവശ്യമാണ്]. ഡോക്ടർമാർ തന്നെ എഴുതിയുണ്ടാക്കിയ ചെറിയ കുറിപ്പുകളായി സൂക്ഷിച്ചിരുന്ന, ചികിൽസാരംഗത്തിന്റെ ഈ പ്രധാനപ്പെട്ട ഭാഗം, പിന്നീടുള്ള വായനയ്ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു, കൂടാതെ ഇവ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ആശുപത്രി അധികാരികളെ കുഴക്കിയിരുന്നു. ആരോഗ്യ ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഈ കുറിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചികിൽസാരേഖകൾ വേണ്ടവിധം രേഖപ്പെടുത്തുന്നതും സൂക്ഷിക്കുന്നതും അത്യാവശ്യമായി വന്നു. അങ്ങനെ ഡോക്ടർ രോഗികളുടെ രോഗവിവരങ്ങൾ ശബ്ദ രൂപത്തിൽ രേഖപ്പെടുത്തുകയും, പിന്നീട് അത് മറ്റൊരാൾ കേട്ട് ഒരു ടൈപ്പ് റൈറ്ററിന്റെ സഹായത്തോടെ ലിഖിതരൂപത്തിലാക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിൽ വന്നു. പക്ഷേ, ഇത്തരം ആയിരക്കണക്കിന് രേഖകൾ സൂക്ഷിക്കുന്നതിന് വളരേയധികം സ്ഥലം വേണ്ടിയിരുന്നു എന്നു മാത്രമല്ല ആവശ്യമുള്ളപ്പോൾ തിരിച്ചെടുക്കുന്നതിനും കേടു കൂടാതെ സൂക്ഷിക്കുന്നതിനും വളരെയധികം പണിപ്പെട്ടിരുന്നു.

എൺപതുകളുടെ മധ്യത്തിൽ കമ്പ്യുട്ടറിന്റെ ഉപയോഗം ആരോഗ്യമേഖലയിലും സാധാരണമായതോടു കൂടി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വളരേയധികം പുരോഗതി കൈവരിച്ചു. റ്റൈപ്പ് റൈറ്ററിനു പകരം കമ്പ്യൂട്ടർ ഉപയോഗിച്ചു തുടങ്ങി എന്നാൽ മൾട്ടിമീഡിയ എന്ന സങ്കേതം നിലവിലില്ലാത്തതിനാൽ അപ്പോഴും സാധാരണ ശബ്ദ ലേഖന സംവിധാനമാണു ഉപയോഗിച്ചു കൊണ്ടിരുന്നത്. പക്ഷേ രേഖകൾ സൂക്ഷിക്കാൻ വലിയ ഒരു മുറിയുടെ ആവശ്യം ഇല്ലെന്നത് കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ലേഖനത്തിനു പ്രാമുഖ്യമേകി. പിന്നീട് വിവരസാങ്കേതികവിദ്യയിലുണ്ടായ സ്ഫോടനാത്മകമായ വിപ്ലവം മെഡിക്കൽ ട്രാൻസ്ക്രിപ്ഷനെ അതിന്റെ അത്യുന്നത ശ്രേണികളിലെത്തിച്ചു. മൾട്ടിമീഡിയയുടെയും ഇന്റർനെറ്റിന്റെയും ആവിർഭാവം മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ രംഗത്ത് അഭൂതപൂർവ്വമായ മുന്നേറ്റത്തിനു വഴിവെച്ചു. ഇന്റെർനെറ്റിന്റെ സഹായത്തോടെ ലോകത്തിലെവിടെ നിന്നും ഏതു രാജ്യത്തിലെയും ചികിൽസാരേഖകൾ രേഖപ്പെടുത്താമെന്നായി. അതോടെ ആശുപത്രികൾ തദ്ദേശീയരായ ലേഖകരെക്കൊണ്ട് ചികിൽസാരേഖകൾ ലേഖനം ചെയ്യുന്നതിൽ നിന്നും മാറി, മറ്റു വികസ്വരരാജ്യങ്ങളിൽ, താരതമ്യേന കുറഞ്ഞ ചിലവിൽ, കരാറടിസ്ഥാനത്തിൽ ഈ ജോലികൾ ചെയ്യിക്കുന്നതിൽ താല്പര്യം കാണിച്ചു തുടങ്ങി. അങ്ങനെ ഇന്ത്യ അടക്കമുള്ള പല ഏഷ്യൻ രാജ്യങ്ങളും പുറം ജോലിക്കരാർ എന്ന പേരിൽ ഇത്തരം ജോലികൾ ഏറ്റെടുത്തു.

സാങ്കേതികവിദ്യകൾ മാറിമറിയുന്ന ഈ കാലത്ത് മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ രംഗത്തും മാറ്റങ്ങൾ പ്രത്യക്ഷമാണ്‌. ശബ്ദം തിരിച്ചറിഞ്ഞ് രേഖപ്പെടുത്താൻ സഹായിക്കുന്ന സോഫ്റ്റ് വെയറുകൾ എത്തിയതോടെ മെഡിക്കൽ ട്രാൻസ്ക്രിപ്റ്റ്ഷൻ രംഗത്തിനു പുതിയൊരു മാനം കൈവന്നിരിക്കുന്നു. പൂർണ്ണമായല്ലെങ്കിലും ഏകദേശ ക്യത്യതയോടെ ട്രാൻസ്ക്രിപ്ഷൻ ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഇന്നു ലഭ്യമാണ്.

പുറമേ നിന്നുള്ള കണ്ണികൾ[തിരുത്തുക]