ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി
ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി | |
---|---|
നേതാവ് | റെജെപ് തയിപ് എർദ്വാൻ |
രൂപീകരിക്കപ്പെട്ടത് | ഓഗസ്റ്റ് 14, 2001 |
മുഖ്യകാര്യാലയം | No. 202 Balgat, അങ്കാര, തുർക്കി |
പ്രത്യയശാസ്ത്രം | സാമ്പത്തിക ഉദാരവൽക്കരണം[1] യാഥാസ്ഥിതികം[1] |
രാഷ്ട്രീയ പക്ഷം | മദ്ധ്യ-വലതുപക്ഷം[2][3][4][5][6] |
European affiliation | European People's Party (observer) |
നിറം(ങ്ങൾ) | മഞ്ഞ, ഓരഞ്ച്, നീല, വെള്ള |
പാർലമെന്റ്: | 334 / 550 |
മുനിസിപ്പാലിറ്റികൾ: | 1,452 / 2,919 |
വെബ്സൈറ്റ് | |
ഔദ്യോഗിക വെബ്സൈറ്റ് | |
തുർക്കിയിലെ രാഷ്ട്രീയം തുർക്കിയിലെ രാഷ്ട്രീയകക്ഷികൾ തിരഞ്ഞെടുപ്പുകൾ |
എ.കെ. പാർട്ടി എന്നറിയപ്പെടുന്ന ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി തുർക്കിയിലെ ഒരു പ്രധാന രാഷ്ട്രീയപ്പാർട്ടി ആണ്. റെജെപ് തയിപ് എർദ്വാനാണ് എ.കെ. പാർട്ടിയുടെ ചെയർമാനും സ്ഥാപക നേതാവും. 2001 ആഗസ്ത് 14-നാണ് ഈ പാർട്ടി രൂപീകൃതമായത്. പരമ്പരാഗതമായ ചിന്താഗതി പുലർത്തുന്ന ഈ പാർട്ടി എന്നാൽ തുറന്ന കമ്പോളവ്യവസ്ഥയേയും തുർക്കിയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനത്തെയും അനുകൂലിക്കുന്നു. 2007-ൽ തുർക്കിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 46.6% വോട്ടും 341 സീറ്റുകളും നേടി എ.കെ. പാർട്ടി അധികാരത്തിലെത്തുകയുണ്ടായി. റെജെപ് തയിപ് എർദ്വാൻ ഇപ്പോൾ തുർക്കിയുടെ പ്രധാനമന്ത്രിയും എ.കെ. പാർട്ടിയുടെ മറ്റൊരു പ്രധാനപ്പെട്ട നേതാവായ അബ്ദുല്ല ഗുൽ തുർക്കിയുടെ പ്രസിഡന്റും ആണ്.
രൂപീകരണം
[തിരുത്തുക]നെജ്മത്തിൻ എർബകാന്റെ വെൽഫെയർ പാർട്ടിയിലൂടെയാണ് ഇന്നത്തെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിലെ ഏതാണ്ടെല്ലാ മുൻനിരപ്രവർത്തകരും രാഷ്ട്രീയത്തിലെത്തിയത്. തീവ്ര ഇസ്ലാമികനിലപാടുകളെടുത്തിരുന്ന വെൽഫെയർ പാർട്ടിയെ രാജ്യത്തിന്റെ മതേതരമൂല്യങ്ങൾക്കെതിരെ പ്രവർത്തിച്ചു എന്ന് വിലയിരുത്തി, 1998 ജനുവരിയിൽ തുർക്കിയിലെ ഭരണഘടനാക്കോടതി നിരോധിച്ചു. ഈ സമയത്ത് മിക്ക വെൽഫെയർ പാർട്ടി അംഗങ്ങളും, പുതുതായി രൂപീകരിക്കപ്പെട്ട വെർച്യൂ പാർട്ടിയിൽ പ്രവർത്തനമാരംഭിച്ചു.
2001-ൽ വെർച്യൂ പാർട്ടിയും നിരോധിക്കപ്പെട്ടതോടെ അംഗങ്ങൾ രണ്ടായി പിളർന്നു. റെജപ് തയിപ് എർദ്വാൻ, അബ്ദുള്ള ഗുൽ തുടങ്ങിയ വെർച്യൂ പാർട്ടിയിലെ മിതവാദി നേതാക്കളാണ് ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി രൂപീകരിച്ചത്. ഇതേ സമയം, നെജ്മത്തിൻ എർബകാന്റെ നേതൃത്വത്തിലുള്ള തീവ്രവിഭാഗം, ഫെലിസിറ്റി പാർട്ടിക്ക് രൂപം കൊടുത്തു.
ഇസ്ലാമികവാദി കക്ഷിയുടെ പിൻഗാമിയാണെങ്കിലും രൂപീകരണത്തിനു ശേഷം, ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി മതേതരസ്വഭാവത്തിലേക്ക് നീങ്ങി. 2001 ഓഗസ്റ്റിൽ റജപ് തയിപ് എർദ്വാൻ പാർട്ടിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, എ.കെ. പാർട്ടി മതേതരത്വത്തെ മുറുകെപ്പിടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിനെ എതിർക്കുമെന്നും മതേതരത്വം മതത്തിന് എതിരല്ലെന്നും കൂട്ടിച്ചേർത്തു. ഇതിനു പുറമേ, യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനു വേണ്ടി ബുലന്ത് എജവിത് സർക്കാർ 2002-ൽ കൊണ്ടുവന്ന പരിഷ്കരണനടപടികളെ എ.കെ. പാർട്ടി പിന്താങ്ങുകയും ചെയ്തു.[7]
അധികാരത്തിലേക്ക്
[തിരുത്തുക]ബുലന്ത് എജവിത്തിന്റെ മതേതര കൂട്ടുകക്ഷി സർക്കാർ അധികാരത്തിലിരുന്ന 1999-2002 കാലയളവിലെ തുർക്കിയിലെ സാമ്പത്തികമാന്ദ്യവും വ്യാപകമായ അഴിമതിയും മൂലം പ്രതിപക്ഷത്തിരുന്ന വെർച്യൂ പാർട്ടിയുടെ ജനപിന്തുണ കാര്യമായി വർദ്ധിച്ചിരുന്നു. വെർച്യൂ പാർട്ടി പിളർന്നപ്പോൾ കൂടുതൽ ജനപിന്തുണ, മിതവാദിവിഭാഗമായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിക്ക് ലഭിച്ചു. മുൻപ് ഇസ്താംബൂളിന്റെ മേയറായി റജപ് തയിപ് എർദ്വാൻ കാഴ്ചവച്ച, അഴിമതിരഹിതമായ മികച്ച ഭരണം അതിന് മുതൽക്കൂട്ടായി. എജവിത്തിന്റെ കാലത്ത് തുർക്കിയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിനു വേണ്ടി നടത്തിയ നിയമനിർമ്മാണങ്ങളിലും ഭരണഘടനാഭേദഗതികളേയും എ.കെ. പാർട്ടി പിന്തുണച്ചു.
2002-ൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ബുലന്ത് എജവിത് സർക്കാർ പുറത്തായതിനെത്തുടർന്ന് നവംബർ 3-ന് നടന്ന തിരഞ്ഞെടുപ്പിൽ എ.കെ. പാർട്ടി വൻ മുന്നേറ്റം നടത്തി. 18 പാർട്ടികൾ മൽസരിച്ച ഈ തിരഞ്ഞെടുപ്പിൽ വെറും രണ്ടു കക്ഷികൾക്കു മാത്രമേ പാർലമെന്റംഗത്വത്തിനു വേണ്ട 10 ശതമാനം എന്ന കുറഞ്ഞ ജനപിന്തുണനേടാനായുള്ളൂ. എ.കെ. പാർട്ടി 34.3% വോട്ടുകൾ നേടിയപ്പോൾ രണ്ടാമതുവന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് 19.4% ആയിരുന്നു ലഭിച്ചത്. മറ്റു കക്ഷികളുടെ വോട്ട് ആനുപാതികമായി ഇരുകക്ഷികൾക്കും വീതിച്ചു നൽകിയതോടെ എ.കെ. പാർട്ടിക്ക് 364-ഉം , ആർ.പി.പി.ക്ക് 178 സീറ്റുകളും പാർലമെന്റിൽ ലഭിച്ചു. ബാകിയുള്ള 9 സീറ്റ് സ്വതന്ത്രർക്കായിരുന്നു. 2002-ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് തുർക്കിയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയഭൂകമ്പമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച പരമ്പരാഗത രാഷ്ട്രീയപ്രഭുക്കളെ തൂത്തെറിഞ്ഞ്, അര നൂറ്റാണ്ടുകാലത്തെ അസ്ഥിരമായ കൂട്ടുകക്ഷിസർക്കാരുകൾക്ക് അത് വിരാമമിട്ടു.
രാഷ്ട്രീയവിലക്ക് നിലനിന്നിരുന്നതിനാൽ റജപ് തയിപ് എർദ്വാന് ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായിരുന്നില്ല. അതുകൊണ്ട് അബ്ദുള്ള ഗുൽ പ്രധാനമന്ത്രിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർലമെന്റ് നിരവധി പരിഷ്കരണനടപടികൾ കൈക്കൊണ്ടു. എർദ്വാന്റെ രാഷ്ട്രീയവിലക്കും ഈ സർക്കാർ ഒഴിവാക്കി. 2003 മാർച്ചിൽ സിർത്ത് പ്രവിശ്യയിൽ നടന്ന പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിലെത്തിയ എർദ്വാൻ, അബ്ദുള്ള ഗുല്ലിൽ നിന്നും പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു. എർദ്വാന്റെ പുതിയ സർക്കാരിൽ ഗുൽ വിദേശകാര്യമന്ത്രിയാകുകയും ചെയ്തു.
എർദ്വാൻ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ മൂലം പാർട്ടിയുടെ ജനപിന്തുണ വീണ്ടും വർദ്ധിക്കുകയും 2004 മാർച്ചിലെ തദ്ദേശതിരഞ്ഞെടുപ്പിൽ എ.കെ. പാർട്ടിയുടെ ജനപിന്തുണ 34 ശതമാനത്തിൽ നിന്നും 43 ശതമാനമായി വർദ്ധിച്ചു. ആകെയുഌഅ 81 നഗരസഭകളിൽ 51-ഉം പാർട്ടി കരസ്ഥമാക്കി.
യൂറോപ്യൻ യൂനിയനിൽ അംഗത്വത്തിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, പല ഇസ്ലാമികവൽക്കരണനടപടികളിൽ നിന്നും എ.കെ. പാർട്ടി പിന്നാക്കം നീങ്ങി കൂടുതൽ മിതവാദസ്വഭാവം പ്രകടിപ്പിച്ചു. എന്നാൽ ഇസ്ലാമികവൽക്കരണത്തിനായി എ.കെ. പാർട്ടിക്ക് ഒരു ഗൂഢ അജണ്ടയുണ്ടെന്നും വളരെ സാവധാനം ലക്ഷ്യത്തിലേക്കടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വിമർശനങ്ങളുണ്ട്.
2002-ൽ അധികാരത്തിലേറിയപ്പോഴുണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കുക, ശരാശരി 7% സാമ്പത്തികവളർച്ചാനിരക്ക് നേടുക, രാജ്യത്തെ ആളോഹരിവരുമാനം ഇരട്ടിക്കുക, നിയമങ്ങളും നിലവാരങ്ങളും പരിഷ്കരിച്ച് മനുഷ്യാവകാശം ജനാധിപത്യം ന്യൂനപക്ഷാവകാശങ്ങൾ തുടങ്ങിയവ വിപുലമാക്കുക തുടങ്ങിയ വൻ നേട്ടങ്ങൾ, എ.കെ. പാർട്ടി സ്വന്തമാക്കി. ചുരുക്കത്തിൽ എ.കെ. പാർട്ടി ഭരണം, കമാലിസ്റ്റ് സ്റ്റേറ്റിസത്തിന് മരണമണീയായി.
2007-ലെ തിരഞ്ഞെടൂപ്പ് മിത-ഇസ്ലാമികവാദികളൂം, മതേതരമൗലികവാദികളും തമ്മിൽ നേരിട്ടുള്ള മൽസരമായിരുന്നു. 80 ശതമാനം ജനങ്ങൾ പങ്കെടുത്ത തിരഞ്ഞെടൂപ്പിൽ, 46.7 ശതമാനം വോട്ട് നേടി (തൊട്ടുമുൻപത്തെ തവണത്തേതിനേക്കാൽ 12 ശതമാനം അധികം) എ.കെ. പാർട്ടി ബഹുദൂരം മുന്നേറീ. ആർ.പി.പി.ക്ക് 20.9 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. വോട്ടുകൾ അധികം ലഭിച്ചെങ്കിലും ഇരുകക്ഷികൾക്കും പാർലമെന്റിൽ ലഭിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞു. നാഷണലിസ്റ്റ് ആക്ഷൻ പാർട്ടിക്കും (എം.എച്ച്.പി.) 10 ശതമാനം എന്ന കടമ്പ കടക്കാനായതിനാലാണ് ഇത്. യഥാക്രമം 341, 103, 80 എന്നിങ്ങനെയായിരുന്നു ഈ കക്ഷികൾക്ക് പാർലമെന്റിൽ ലഭിച്ച സീറ്റുകൾ. എർദോഗാൻ തന്നെ പുതിയ സർക്കാരിനെ നയിച്ചു. ലിംഗവ്യത്യാസമില്ലാതെ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനും തട്ടം ധരിക്കുന്നുണ്ടോ എന്നത് കണക്കാക്കാതെ സ്ത്രീകളെ പാർട്ടിയുടെ നേതൃനിരയിലേക്ക്ക് ഉയർത്താനും എ.കെ. പാർട്ടിയുടെ നേതാക്കൾ നടത്തിയ ശ്രമമായിരുന്നു അവർക്ക് ലഭിച്ച മുന്തൂക്കത്തിന്റെ ആധാരം.
2007-ന്റെ തുടക്കത്തിൽ അബ്ദുള്ള ഗുല്ലിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതിനെ, മതേതരവാദികൾ എതിർക്കുകയും പ്രസിഡണ്ട് തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2007-ലെ തിരഞ്ഞെടുപ്പിനു ശേഷം, സൈന്യത്തിന്റേയ്യും മതേതരവാദികളുടേയും എതിർപ്പിനെ മറീകടന്ന് 2007 ഓഗസ്റ്റ് 28-ന് നടന്ന തിരഞ്ഞെടുപ്പിൽ അബ്ദുള്ള ഗുൽ പ്രസിഡണ്ടായി തിരഞ്ഞെടൂക്കപ്പെട്ടു.[7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-23. Retrieved 2011-03-06.
- ↑ Jones, Gareth (22 July 2007). "Turkey goes to polls amid violence and fears of Islamism". The Independent. Archived from the original on 2011-05-15. Retrieved 28 February 2011.
- ↑ "Q&A: How will the result change Turkey?". BBC News. 15 November 2002. Retrieved 28 February 2011.
- ↑ Strauss, Delphine (21 May 2010). "Turkish Gandhi chosen to lead opposition". Financial Times. Retrieved 28 February 2011.
- ↑ Jones, Gareth (21 May 2007). "Turkey's AK Party struggles to hold center ground". Reuters. Retrieved 28 February 2011.[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Turkish parliament votes on Gul presidency - again". Daily Mail. 20 August 2007. Retrieved 28 February 2011.
- ↑ 7.0 7.1 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 111–112, 114–121. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)