ഡ്രൂപ്പ്

മാംസള ഫലം. മാമ്പഴം, തേങ്ങ, ചെറി, ഒലിവ്, പീച്ച് (peach) എന്നീ ഫലങ്ങളെല്ലാം ഡ്രൂപ്പ് വിഭാഗത്തിൽപ്പെടുന്നു. ആമ്രകം, സ്റ്റോൺ ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. അണ്ഡാശയം അധോജനിയോ ഉപരിജനിയോ ആയ പുഷ്പങ്ങളിൽ നിന്നാണ് മാംസള ഫലങ്ങളുണ്ടാകുന്നത്. ആമ്രകം സ്ഫുടനം ചെയ്യാറില്ല. അതിനാൽ ഫലത്തിന്റെ മാംസളഭാഗം ജീർണിച്ചു പോകുമ്പോഴാണ് വിത്തുകൾ സ്വതന്ത്രമാകുന്നത്.
ഘടന[തിരുത്തുക]
ഡ്രൂപ്പിന്റെ ഫലകഞ്ചുകത്തിന് നേർത്ത പുറന്തൊലി അഥവാ ബാഹ്യഫലഭിത്തി (epicarp), ഇതിനുള്ളിലായി മാംസള ഭാഗമായ മധ്യഫലഭിത്തി (mesocarp), ഇതിനുള്ളിലായി ഉറപ്പുള്ള ഒരു തോടുപോലെ കാണപ്പെടുന്ന അന്തഃഫലഭിത്തി (endocarp) എന്നീ ഭാഗങ്ങളുണ്ട്. അന്തഃഫലഭിത്തിക്കുള്ളിലായാണ് വിത്ത് കാണപ്പെടുന്നത്.
മാമ്പഴത്തിന് കട്ടികുറഞ്ഞ തൊലിയും ഇതിനുള്ളിലായി മധുരമുള്ള മാംസള ഭാഗവും, മാംസള ഭാഗത്തിനുള്ളിൽ തോടും, തോടിനുള്ളിൽ വിത്തും കാണപ്പെടുന്നു. വിത്തിനെ പൊതിഞ്ഞ് ബീജാവരണങ്ങളുമുണ്ട്. ഇതിന്റെ മധുരമുള്ള മാംസളഭാഗത്ത് നാരുകളുണ്ട്. നാളികേരത്തിൽ മാംസള ഭാഗത്തിനു പകരം ചകിരി നിറഞ്ഞ ഭാഗമാണുള്ളത്. മാങ്ങയുടെ മാംസളമായ മധ്യഫലഭിത്തി ഭക്ഷ്യയോഗ്യമാണ്; തേങ്ങയുടെ ഭക്ഷ്യയോഗ്യമായ ഭാഗം ബീജാന്നമാണ്.
തൊടലിപ്പഴത്തിൽ അന്തഃഫലഭിത്തി രണ്ടു വിത്തുകളെ ആവരണം ചെയ്യുന്നു. ചിലയിനങ്ങളിൽ ഓരോ വിത്തിനേയും പൊതിഞ്ഞും അന്തഃഫലഭിത്തി കാണപ്പെടുന്നുണ്ട്. ഇത് പൈറീൻ (Pyrene) എന്നറിയപ്പെടുന്നു. സർപ്പഗന്ധിക്ക് രണ്ടു പൈറീനുകളുള്ള ഡ്രൂപ്പും ഡ്യുറാന്റ(Duranta)യ്ക്ക് നാലു പൈറീനുകളുള്ള ഡ്രൂപ്പുമാണ്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
അധിക വായനക്ക്[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്രൂപ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |