ഉള്ളടക്കത്തിലേക്ക് പോവുക

പുള്ളിമോത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dolphin fish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുള്ളിമോത
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. hippurus
Binomial name
Coryphaena hippurus
Linnaeus, 1758

പെർസിഫോമിസ് മത്സ്യഗോത്രത്തിൽപ്പെടുന്ന കൊറിഫേനിഡേ കുടുംബത്തിലെ ഒരിനം കടൽമീനാണ് പുള്ളിമോത (Coryphaena hippurus). ലോകമെമ്പാടും കാണപ്പെടുന്ന ഇവ മെക്സിക്കോ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ സാധാരണമാണ്. തീരത്ത് നിന്ന് അകലെ നടുകടലിൽ ഉപരിതലത്തോട് ചേർന്നാണ് ഇവ പൊതുവേ കാണപ്പെടുക.

വർഗ്ഗീകരണശാസ്ത്രം

[തിരുത്തുക]
പുള്ളിമോതകൾ, ദക്ഷിണാഫ്രിക്കയിൽ നിന്നും

1758-ൽ വിഖ്യാത സ്വീഡിഷ് ശാസ്ത്രകാരനും വർഗ്ഗീകരണശാസ്ത്രത്തിൻ്റെ പിതാവുമായ കാൾ ലിനേയസ് ആണ് ഇവയ്ക്ക് Coryphaena hippurus എന്ന ശാസ്ത്രനാമം നല്കിയത്. Coryphaena hippurus hippurus, Coryphaena hippurus equisetis എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു.

ഉടലുരുവം

[തിരുത്തുക]

പരന്ന് നീണ്ട ഉടലുകളാണ് പുള്ളിമോതകൾക്ക് ഉള്ളത്. തല മുതൽ വാൽച്ചിറക് വരെ നീളുന്ന നീണ്ട മേൽച്ചിറകുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്. മുതുച്ചിറകിൽ 55 മുതൽ 65 വരെ മുള്ളുകൾ കാണപ്പെടുന്നു. ആണ്മീനുകളുടെ തല പെണ്മീനുകളെ വച്ച് നോക്കുമ്പോൾ മുഴച്ചിരിക്കുന്നതായി കാണാൻ കഴിയും. പെണ്മീനുകളുടേത് സാധാരണ വൃത്താകൃതിയിലായിരിക്കും. മുഴുവളർച്ചയെത്തിയ ആണ്മീനുകളൾക്ക് 1.8 മീറ്ററോളം നീളവും 30.5 കിലോഗ്രാമോളം തൂക്കവുമുണ്ടായിരിക്കും. 16 കിലോഗ്രാമിലധികം തൂക്കമുള്ള പെണ്മീനുകളെ അപൂർവമായേ കാണാറുള്ളൂ. വിസ്തൃതമായ ചരിഞ്ഞ വായും താടിയെല്ലുകളിലും മേലണ്ണാക്കിലും നിരയായി കാണുന്ന പല്ലുകളും ഇവയുടെ പ്രത്യേകതകളാണ്. വാൽച്ചിറക് രണ്ടു പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു.[1]


പുള്ളിമോത

പുള്ളിമോതകളുടെ മുതുകിന് പൊതുവേ നീല നിറവും, അടിഭാഗത്തോട്ട് ചെല്ലുമ്പോൾ പച്ച അല്ലെങ്കിൽ സ്വർണ, നിറവുമായിരിക്കും. മുതുകിലെ നീലനിറം മിക്കപ്പോഴും അതിൻ്റെ മേൽച്ചിറകുകളിലേക്കും വ്യാപിച്ചിരിക്കും. മറ്റു ചിറകുകൾക്ക് മഞ്ഞയോ ഓറഞ്ചോ നിറമായിരിക്കും. മീൻ ചത്തു കഴിഞ്ഞാൽ തിളക്കമുള്ള നിറങ്ങളെല്ലാം പതിയെ അപ്രത്യക്ഷമാകും.

പെരുമാറ്റം

[തിരുത്തുക]
പുള്ളിമോതയുടെ ഒരു ഛായാചിത്രം

പുള്ളിമോതകൾ ഒറ്റയായോ കൂട്ടമായോ കാണപ്പെടുന്നു. 4 മുതൽ 5 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. ഇരയെ പിന്തുടർന്ന് മണിക്കൂറിൽ 50 നോട്ടുകൾ (92.6 കിലോമീറ്റർ മണിക്കൂറിൽ) വരെ വേഗത്തിൽ ഇവയ്ക്ക് നീന്താൻ കഴിയും. വളരെവേഗം വളരുന്ന മീനുകളാണിവ. ഏതാണ്ട് 30-ലേറെ തരം മീനുകളെ ഇവ ഇരയാക്കാറുണ്ട്. മെഴുമീൻ, കൂന്തൽ, ഞണ്ട്, അയല, മറ്റ് ചെറിയ കൂട്ടം കൂടുന്ന മീനുകൾ എന്നിവയെ എല്ലാം ഇവ അകത്താക്കാറുണ്ട്.

പ്രജനനം

[തിരുത്തുക]

4 മുതൽ 5 മാസം വരെ പ്രായമുള്ളപ്പോൾ (20 സെൻ്റിമീറ്ററോളം നീളം വയ്ക്കുമ്പോൾ) ഇവ മുട്ട ഇട്ടുതുടങ്ങും. ഒരു പെണ്മീൻ 80,000 മുതൽ 1,000,000 മുട്ടകൾ വരെ ഒരു തവണ ഇടാറുണ്ട്. വർഷത്തിൽ രണ്ട് മുതൽ മൂന്ന് തവണ വരെ മുട്ടയിടൽ നടക്കാറുണ്ട്.

പുള്ളിമോതക്കുഞ്ഞ്

ഒഴുകി നടക്കുന്ന സർഗാസം കടൽപ്പായലുകൾക്കിടയിലാണ് പുള്ളിമോതക്കുഞ്ഞുങ്ങളെ സാധാരണയായി കാണാറുള്ളത്. കുഞ്ഞുങ്ങൾക്ക് മെലിഞ്ഞുനീണ്ട ശരീരപ്രകൃതിയാണെങ്കിലും വളരുംതോറും ഇവയുടെ വശങ്ങൾ വിസ്തൃതമാവുന്നു.[2] ഇവയുടെ ശരീരത്തിനു കുറുകേയായി മേൽച്ചിറകുകൾ വരെ നീളുന്ന നിരവധി വരകളും കാണുവാൻ കഴിയും.

മറ്റ് ഭാഷകളിൽ

[തിരുത്തുക]
പുള്ളിമോതകൾ പ്രാചീന ഗ്രീസിലെ മിനോവൻ ചിത്രകലയിൽ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പുള്ളിമോത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബങ്ങൾ

[തിരുത്തുക]
  1. Dianne J. Bray (2011). "Mahi Mahi, Coryphaena hippurus". Fishes of Australia. Retrieved 7 October 2014.
  2. Bostwick, Joshua (2000). "Coryphaena hippurus". Animal Diversity Web. Retrieved August 17, 2011.
  3. "mahimahi" (in ഇംഗ്ലീഷ്). Te Aka Māori Dictionary. Retrieved 2022-09-02.
"https://ml.wikipedia.org/w/index.php?title=പുള്ളിമോത&oldid=4582745" എന്ന താളിൽനിന്ന് ശേഖരിച്ചത്