യോഹന്നാനു ലഭിച്ച വെളിപാട്
ക്രിസ്തീയബൈബിളിന്റെ രണ്ടാം ഭാഗമായി പുതിയനിയമം എന്നറിയപ്പെടുന്ന രചനാശേഖരത്തിലെ അവസാനഗ്രന്ഥമാണ് യോഹന്നാനു ലഭിച്ച വെളിപാട്. വെളിപാട്, വെളിപാടു പുസ്തകം, യേശുക്രിസ്തുവിന്റെ വെളിപാടു പുസ്തകം തുടങ്ങിയ പേരുകളും ഇതിനുണ്ട്. കൂടാതെ "യുഗാന്ത്യദർശനം", "യോഹന്നാന്റെ യുഗാന്ത്യദർശനം" എന്നുമൊക്കെയും ഇതിനു പേരുകളുണ്ട്. ഗ്രീക്കു ഭാഷയുടെ കൊയ്നേ വകഭേദത്തിലുള്ള(Koine Greek) ഇതിന്റെ മൂലപാഠത്തിലെ 'അനാവരണം' എന്നർത്ഥമുള്ള 'അപ്പോകാലുപ്സിസ്' (apokalupsis) എന്ന ആദ്യവാക്കിനെ അടിസ്ഥാനമാക്കിയുള്ള പേരാണിത്.
സമാനസ്വഭാവമുള്ള ഇതരരചനകളെ സൂചിപ്പിക്കാനും 'അപ്പോകാലിപ്സ്' എന്ന പേരുപയോഗിക്കാറുണ്ട്. ഇതുൾപ്പെടുന്ന സാഹിത്യശാഖ 'യുഗാന്ത്യദർശനസാഹിത്യം' അഥവാ 'അപ്പോകാലിപ്സ് സാഹിത്യം' എന്നറിയപ്പെടുന്നു. ഭാവിസംഭവങ്ങളുടെ പൂർവദർശനം, ദർശനാനുഭവങ്ങളുടേയോ പരലോകയാത്രയുടേയോ വിവരണം എന്നിവ പ്രതീകാത്മകമായ ശൈലിയിലുള്ള ഇവയിലെ ആഖ്യാനത്തിന്റെ സവിശേഷതകളാകുന്നു.[1] സുവിശേഷങ്ങളിലും ലേഖനങ്ങളിലും യുഗാന്ത്യദർശനസ്വഭാവമുള്ള പല ഖണ്ഡങ്ങളും കാണാമെങ്കിലും പുതിയനിയമത്തിലെ ഏക യുഗാന്തദർശനഗ്രന്ഥം വെളിപാടു പുസ്തകമാണ്.[2]
ഈ പുസ്തകം ഭൂ-സ്വർഗ്ഗ-നരകലോകങ്ങളെ നന്മതിന്മകളുടെ ശക്തികൾക്കിടയിലുള്ള അന്തിമസമരത്തിൽ മുഖാമുഖം നിർത്തുന്നു. ഇതിലെ കഥാപാത്രങ്ങളും ചിത്രങ്ങളും ഒരേസമയം യഥാതഥവും, പ്രതീകാത്മകവും; ആത്മീയവും, ഭൗതികവും ആകുന്നു. ഈ കൃതിയുടെ ദുരൂഹസ്വഭാവം അതിന്റെ അർത്ഥവും സന്ദേശവും വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാർക്കിടയിൽ തർക്കത്തിന് വഴിയൊരുക്കുന്നു. അതേസമയം അത് കാലത്തെ അതിജീവിക്കുക മാത്രമല്ല, അനേകം തലമുറകളിൽ സാധാരണക്കാരും അല്ലാത്തവരുമായ ബൈബിൾ വായനക്കാരുടെ ഭാവനാലോകത്തെ ഒരുപോലെ സ്വാധീനിച്ചു.
ക്രിസ്തീയപാരമ്പര്യം അനുസരിച്ച് ഈ കൃതിയുടെ കർത്താവ് പുതിയനിയമത്തിലെ നാലാമത്തെ സുവിശേഷത്തിന്റേയും മൂന്നു ലേഖനങ്ങളുടേയും കൂടി കർത്താവായി അറിയപ്പെടുന്ന 'പ്രിയശിഷ്യൻ' യോഹന്നാനാണ്. ചരിത്രനിരൂപണസങ്കേതം(Historical-critical method) പിന്തുടരുന്ന പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ കൃതിയും യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന സുവിശേഷവും ഒരു വ്യക്തിയുടേതല്ല.[3][4] ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്താണ് വെളിപാടുപുസ്തകം രചിക്കപ്പെട്ടതെന്നു മിക്കവാറും നിരൂപകർ കരുതുന്നു.[5]
കർതൃത്വം
[തിരുത്തുക]യോഹന്നാന് ഈജിയൻ കടലിലെ പത്മോസ് എന്ന ദ്വീപിലായിരിക്കെ ലഭിച്ച ദൈവവെളിപാടാണിതെന്നാണ് കൃതിയുടെ തന്നെ സാക്ഷ്യം. ഈ സാക്ഷ്യത്തെ അടിസ്ഥാനമാക്കി, യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായ സെബദീപുത്രൻ യോഹന്നാനാണ് ഈ കൃതി എഴുതിയതെന്ന് രണ്ടാം നൂറ്റാണ്ടിലെ ഐറേനിയസും അദ്ദേഹത്തെ പിന്തുടർന്ന മിക്കവാറും ക്രിസ്തീയ ചിന്തകന്മാരും കരുതി. ഈ നിലപാടിനോടുള്ള എതിർപ്പിനും മൂന്നാം നൂറ്റാണ്ടിലെ അലക്സാണ്ഡ്രിയയിലെ ദിയോനിഷ്യസിനോളമെങ്കിലും പഴക്കമുണ്ട്. ശൈലിയുടേയും ഭാഷയുടേയും പരിഗണനകൾ വച്ച്, ഇതിന്റെ കർത്താവ് അപ്പസ്തോലനായ യോഹന്നാൻ ആയിരിക്കാൻ സാധ്യതയില്ലെന്ന് ദിയോനിഷ്യസ് വാദിച്ചു. ഒന്നാം നൂറ്റാണ്ടിലെ എഫേസോസിൽ, യോഹന്നാൻ എന്നു പേരായ രണ്ടു ക്രിസ്തീയനേതാക്കൾ ജീവിച്ചിരുന്നുവെന്ന ക്രിസ്തീയലേഖകൻ പേപ്പിയസിന്റെ സാക്ഷ്യത്തെ ആശ്രയിച്ച്, അപ്പസ്തോലനല്ലാത്ത മറ്റൊരു യോഹന്നാനാണ് വെളിപാടു പുസ്തകം എഴുതിയതെന്ന് ദിയോനിഷ്യസ് കരുതി. രണ്ടു യോഹന്നാന്മാരുടെ കാര്യം പാപ്പിയാസിനെ തന്നെ ആശ്രയിച്ച് പറയുന്ന ആദ്യകാലക്രിസ്തീയതയുടെ ചരിത്രകാരൻ കേസറിയായിലെ യൂസീബിയസും വെളിപാടു പുസ്തകത്തിന്റെ കർത്താവ് രണ്ടാമത്തെ യോഹന്നാൻ ആയിരിക്കാൻ സാദ്ധ്യത കാണുന്നു.[6][ക]
യഹൂദ-ക്രൈസ്തവലിഖിതസഞ്ചയത്തിൽ പെടുന്ന സന്ദിഗ്ദ്ധരചനകളിൽ(apocrypha) മിക്കവയേയും പോലെ, മുൻകാലങ്ങളിലെ ഒരു മഹദ്‌വ്യക്തിയുടെ പേരിൽ അദ്ദേഹത്തിന്റെ മരണശേഷം എഴുതപ്പെട്ട രചനയാണിതെന്ന നിലപാട് ഇന്നു പ്രബലമാണ്. അപ്പസ്തോലനായ യോഹന്നാനെ ഇതിന്റെ കർത്താവായി കാണുന്ന പാരമ്പര്യം പൗരാണികകാലത്തും സംശയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഗൗരവപൂർവം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ്. "പാത്മോസിലെ യോഹന്നാന്റെ" സാമൂഹ്യസാഹചര്യങ്ങളും സഭാസമൂഹത്തിലെ നിലയും ഇന്നും ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എങ്കിലും ഏഷ്യാമൈനറിലെ ദേശാടകനായ ഒരു മതപ്രഘോഷകനായിരുന്നു അദ്ദേഹമെന്ന് ഇക്കാലത്തെ മിക്കവാറും പണ്ഡിതന്മാർ കരുതുന്നു.[7]
വെളിപാടു പുസ്തകത്തിന്റെ കർത്താവ് ആരായിരുന്നാലും യേശുവിന്റെ കുരിശുമരണത്തിന്റെ പശ്ചാത്തലത്തിൽ ബൈബിൾ പാരമ്പര്യത്തിന്റെ പുനസൃഷ്ടി നടത്തിയ അദ്ദേഹത്തിന് ഗ്രെക്കോ-റോമൻ ലോകത്തിലെ പഴങ്കഥകളും ജ്യോതിഷവുമെല്ലാം പരിചയമായിരുന്നെന്നും യഹൂദനെന്നതിനൊപ്പം ഗ്രെക്കോ-റോമൻ ലോകത്തിലെ 'പൗരൻ' കൂടി ആയിരുന്നിരിക്കണം അദ്ദേഹമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[8]
ഉള്ളടക്കം
[തിരുത്തുക]സഭകൾക്കുള്ള കത്ത്
[തിരുത്തുക]ഏഴു സഭകൾക്ക് യോഹന്നാനിൽ നിന്നുള്ള ഒരു കത്തിന്റെ രൂപത്തിൽ തുടങ്ങുന്ന ഈ ഗ്രന്ഥം പൗലോസിയ ലേഖനങ്ങളുടെ മട്ടിൽ കൃപാശംസയോടെ സമാപിക്കുന്നു. [8]ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഏഷ്യാമൈനറിന്റെ തീരത്തുള്ള പാത്മോസ് ദ്വീപിൽ യോഹന്നാനു പ്രത്യക്ഷപ്പെട്ട് 'ഏഷ്യ'യിലെ ഏഴുസഭകളിലെ അഹംഭാവികൾക്കും ലോകവ്യഗ്രർക്കും മുന്നറിയിപ്പും വിശ്വസ്തർക്ക് പ്രോത്സാഹനവും നൽകിക്കൊണ്ട് കത്തെഴുതാൻ ആവശ്യപ്പെടുന്നു. ഏഴു സഭകൾ എഫെസോസ്, സ്മിർണാ, പെർഗാ മോസ്, തിയത്തീറാ, സാർദിസ്, ഫിലദെൽഫിയാ, ലവൊദീക്യാ എന്നിവിടങ്ങളിലേതാണ്. വിശ്വാസസ്ഥിരതയ്ക്കും തീക്ഷ്ണതയ്ക്കും വേണ്ടിയുള്ള ആഹ്വാനവും വഴിതെറ്റിക്കുന്ന പ്രബോധകന്മാർക്കെതിരായുള്ള മുന്നറിയിപ്പുമാണ് ഈ കത്തുകളിലുള്ളത്. ലവുദിക്യായിലെ സഭയ്ക്കുള്ള കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:
“ | നീ തണുപ്പും ചൂടും ഇല്ലാത്ത മന്ദോഷ്ണൻ ആയതു കൊണ്ട് എന്റെ വായിൽ നിന്നു നിന്നെ ഞാൻ തുപ്പിക്കളയും....എനിക്കൊന്നിനും കുറവില്ല എന്നു നീ പറയുന്നു. പക്ഷേ, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്നു നീ അറിയുന്നില്ല. അതുകൊണ്ട്, സമ്പന്നനാകാൻ....അഗ്നിശുദ്ധി ചെയ്തെടുത്ത സ്വർണ്ണവും നിന്റെ നഗ്നതയുടെ ലജ്ജാകരമായ അവസ്ഥ കാണാതിരിക്കാൻ ധരിക്കുന്നതിന്നുള്ള വെള്ളവസ്ത്രവും നിനക്കു കാഴ്ച ലഭിക്കാൻ നിന്റെ കണ്ണുകളിൽ പൂശുന്നതിനുള്ള കർപ്പൂരക്കുഴമ്പും നീ എന്നിൽ നിന്നു വാങ്ങണമെന്നു ഞാൻ ഉപദേശിക്കുന്നു.[9] | ” |
ദുരിതപരമ്പര
[തിരുത്തുക]തുടർന്ന് ആത്മീയാനുഭൂതിയിൽ ലയിച്ച് സ്വർഗ്ഗത്തിലേക്ക് ആനയിക്കപ്പെട്ട യോഹന്നാൻ, ആർക്കും തുറക്കാൻ കഴിയാത്തവിധം മുദ്രപതിക്കപ്പെട്ട ഒരു ചുരുൾ കയ്യിലേന്തി, സ്വർഗ്ഗസിംഹാസനത്തിൽ സൂര്യകാന്തം പോലെയും മരതകമണിപോലെയും ശോഭിച്ചിരുന്ന ദൈവത്തെ കണ്ടു. ദൈവഹസ്തങ്ങളിലിരുന്ന ഏഴു മുദ്രകളുള്ള ചുരുൾ തുറക്കാൻ കെല്പുള്ളവരായി ഭൂ-സ്വർഗ്ഗങ്ങളിൽ ആരുമില്ലെന്നറിഞ്ഞ് യോഹന്നാൻ നെടുവീർപ്പിട്ടു. എങ്കിലും ദൈവസിംഹാസനത്തിനടുത്തു നിന്ന മൂപ്പന്മാരിൽ ഒരാൾ അദ്ദേഹത്തോട്, യഹൂദാ ഗോത്രത്തിലെ സിംഹം, ദാവീദിന്റെ വേര്, എല്ലാം ജയിച്ചടക്കിയിരിക്കുന്നതിനാൽ അവനു മുദ്രകൾ പൊട്ടിച്ച് ചുരുൾ തുറക്കാനാകുമെന്നു പറഞ്ഞു. ബലികഴിക്കപ്പെട്ടതിന്റെ ചിഹ്നങ്ങളുമായി സിംഹാസനത്തിനടുത്തു നിന്നിരുന്ന കുഞ്ഞാടു തന്നെയായിരുന്നു ആ സിംഹം.
കുഞ്ഞാട് ചുരുളിന്റെ ഏഴു മുദ്രകളിൽ ആറും പൊട്ടിച്ച മുറയ്ക്ക് തിന്മനിറഞ്ഞ ലോകത്തിനു നേരേയുള്ള ദൈവകോപത്തിന്റെ സൂചനയായി ആറു ദുരിതങ്ങൾ സംഭവിച്ചു. ഏഴാമത്തെ മുദ്ര തുറന്നപ്പോൾ അരമണിക്കൂർ നേരത്തേയ്ക്ക് സ്വർഗ്ഗത്തിൽ നിശ്ശബ്ദത പരന്നു. തുടർന്ന് കാഹളമേന്തിയ ഏഴു മാലാഖമാരുടെ ദർശനമാണ്. ഒരോ കാഹളം വിളിയേയും പിന്തുടർന്ന് ഓരോ ദുരിതം സംഭവിച്ചു. തുടർന്നൊരു ഭാഗത്ത് (16-ആം അദ്ധ്യായം), ദൈവകോപത്തിന്റെ ഏഴു ചഷകങ്ങൾ ഭൂമിയുടെ മേൽ ചൊരിയുന്ന ഏഴു മാലാഖമാരെ കാണാം.
അന്തിമയുദ്ധം
[തിരുത്തുക]പിന്നീടുള്ള അദ്ധ്യായങ്ങളിൽ ദൈവികവും പൈശാചികവുമായി ശക്തികൾക്കിടയിലുള്ള വിശ്വവ്യാപിയായ സമഗ്രയുദ്ധത്തിനു വഴിയൊരുങ്ങുന്നു. ഒരു പക്ഷത്ത് കുഞ്ഞാടും, അതിന്റെ പേരും ദൈവത്തിന്റെ മുദ്രയും വഹിക്കുന്ന 144,000 പേരും മറുപക്ഷത്ത് ഏഴു ശിരസുകളുള്ള മൃഗവും, സാത്താന്റെ ദൂതനായ അന്തിക്രിസ്തുവും അവനാൽ വഞ്ചിക്കപ്പെട്ടവരും ആയിരുന്നു. സാത്താന്റെ നഗരമായ ബാബിലോൺ എന്ന വേശ്യ നിലം പരിശാക്കപ്പെടുകയും, മൃഗം പരാജയപ്പെടുകയും സാത്താൻ ബന്ധനസ്ഥനാവുകയും ചെയ്തതിനെ തുടർന്ന് ആയിരം വർഷത്തേയ്ക്ക് ഭൂമിയിൽ വിശുദ്ധന്മാരുടെ വാഴ്ചയാണ്. അതിനൊടുവിൽ അന്തിമവിധിക്കു മുൻപായി സാത്താൻ വിമോചിതനാവുന്നു. പിന്നെ, ലോകത്തിനു മേലുള്ള ദൈവത്തിന്റെ ന്യായവിധിയെ തുടർന്ന് പുതിയ ആകാശവും പുതിയ ഭൂമിയും പഴയ അകാശത്തിനും ഭൂമിക്കും പകരമായി വരുന്നു. വിശുദ്ധനഗരമായ യെരുശലേം കുഞ്ഞാടിന്റെ സ്വർഗ്ഗീയവധുവായി ദൈവത്തിൽ നിന്ന് ഇറങ്ങിവരുകയും ഭൂമിയുടെ മഹത്ത്വം മുഴുവൻ അതിൽ ഒന്നിച്ചു ചേരുകയും ചെയ്യുന്നു.[8]
സമാപനം
[തിരുത്തുക]വെളിപാടുപുസ്തകത്തിൽ സമാപനത്തിലെ കൃപാശംസയ്ക്കു മുൻപ്, പുസ്തകത്തിലെ പ്രവചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേക്കുകയോ അതിൽ നിന്ന് എന്തെങ്കിലും എടുത്തുമാറ്റുകയോ ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പു കാണാം. കൂട്ടിച്ചേർക്കുന്നവർക്ക് പുസ്തകത്തിൽ വിവരിച്ചിട്ടുള്ള ബാധകൾ ദൈവം നൽകുമെന്നും എടുത്തു മാറ്റുന്നവർക്ക് ജീവന്റെ വൃക്ഷത്തിലും വിശുദ്ധനഗരത്തിലും ഓഹരി നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്.[10]
'ഏഴു'-കളുടെ പരമ്പര
[തിരുത്തുക]ഈ കൃതിയുടെ സങ്കല്പലോകത്തിൽ ഏഴ് എന്ന സംഖ്യ പ്രധാനമായിരിക്കുന്നു. ഏഴിന്റെ പരമ്പരകളാണ് ഇതിലെ ആഖ്യാനഗതിയെ നിശ്ചയിക്കുന്നത്: ഏഴു സഭകൾക്കെഴുതുന്ന ഏഴു കത്തുകളിൽ തുടങ്ങി, ഏഴു മുദ്രകൾ, ഏഴു കാഹളം വിളികൾ, ഏഴു ദുരിതചഷകങ്ങൾ എന്നിവയിലൂടെ ഇതു മുന്നോട്ടു പോകുന്നു. ഈ പരമ്പരകളിൽ ഓരോന്നും അതിനു മുൻപുള്ള പരമ്പരയിലെ സമാപനഖണ്ഡം എന്ന മട്ടിൽ വരുന്നത് അവയുടെ പിന്തുടർച്ചയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.[7]
വ്യാഖ്യാനം
[തിരുത്തുക]ഈ പുസ്തകം ക്രിസ്തീയഭാവനയെ ത്വരിതഗതിയിൽ, സ്ഥായിയും മൗലികവുമായി സ്വാധീനിച്ചു. വിശ്വസ്തർക്കുള്ള സമ്മാനത്തേയും ശത്രുക്കൾക്കുള്ള ശിക്ഷയേയും കുറിച്ചുള്ള അതിലെ വാഗ്ദാനങ്ങൾ പീഡനങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന ആദിമസഭയ്ക്ക് ആശയുടെ അത്താണിയായി. സഹസ്രാബ്ധവാഴ്ചയെക്കുറിച്ചുള്ള പ്രവചനം, യേശുവിന്റെ പുനരാഗമനത്തിലെ കാലവിളംബത്തെക്കുറിച്ചു വ്യഗ്രതപ്പെട്ടിരുന്നവരെ ആശ്വസിപ്പിച്ചു.[11] ഈ കൃതിയുടെ വ്യാഖ്യാനങ്ങളിൽ സാധാരണയായി, താഴെപ്പറയുന്ന നാലു സമീപനങ്ങൾ പ്രതിഫലിച്ചു കാണാം:
- അപ്പസ്തോലികം, ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ അപ്പസ്തോലികയുഗത്തിലെ സഭയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇതിൽ പരാമർശിക്കപ്പെടുന്നതെന്ന നിലപാടാണിത്; ഈ വ്യാഖ്യാനമനുസരിച്ച് നീറോയെപ്പോലുള്ള റോമാ[ഖ] സാമ്രാട്ടുകളുടെ കീഴിൽ ആദിമസഭ നേരിട്ട പീഡനങ്ങളാണ് ഇതിന്റെ രചനയുടെ പശ്ചാത്തലം
- ചരിത്രപരം, വിശ്വചരിത്രത്തിന്റെ ഒരു ബൃഹദ്‌ചിത്രമായി ഈ കൃതിയെ കാണുന്ന സമീപനമാണിത്;
- ഭവിഷ്യം, വെളിപാടു പുസ്തകം ഭാവിയിൽ നടക്കാനിരിക്കുന്ന യഥാർത്ഥ സംഭവങ്ങളുടെ പൂർവദർശനമാണെന്ന നിലപാടാണിത് ;
- ആദർശപരം, അല്ലെങ്കിൽ പ്രതീകാത്മകം, ഈ പുസ്തകം യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ പരാമർശിക്കുന്നില്ലെന്നും ആത്മീയമാർഗ്ഗത്തേയും നന്മ-തിന്മകളുടെ ശക്തികൾക്കിടയിൽ നടക്കുന്ന നിരന്തരസമരത്തേയും സംബന്ധിച്ച അന്യാപദേശമാണെന്നുമുള്ള വാദമാണിത്.
ഈ സമീപനങ്ങൾ ഒറ്റപ്പെട്ടു നിൽക്കുന്നവയല്ല. കൂടുതൽ പൂർണ്ണവും വ്യക്തവുമായ വ്യാഖ്യാനം സാദ്ധ്യമാകാൻ ഇവയിൽ ഒന്നിലേറെ സമീപനങ്ങൾ ഒരുമിച്ച് പിന്തുടരുക പതിവാണ്.
ഒരിജൻ, വിക്ടോറിനസ്
[തിരുത്തുക]ഈ കൃതിയിലെ പ്രവചനങ്ങളേയും വാഗ്ദാനങ്ങളേയും അക്ഷരാർത്ഥത്തിൽ എടുക്കുന്നതിനെതിരേയുള്ള നിലപാടാണ് സഭാപിതാക്കന്മാർ പൊതുവേ പിന്തുടർന്നത്. ഗ്രീക്കു സഭയിലെ മഹാചിന്തകനായ അലക്സാണ്ഡ്രിയയിലെ ഒരിജൻ(ക്രി.വ.185 മുതൽ 254) ബൈബിളിലെ മറ്റെല്ലാ ഗ്രന്ഥങ്ങളേയും പോലെ ഇതിനേയും പ്രതീകാത്മകശൈലിയിൽ വ്യാഖ്യാനിച്ചു. ഇതിൽ വാഗ്ദാനം ചെയ്യപ്പെടുന്ന സഹസ്രാബ്ധവാഴ്ചയെ അക്ഷരാത്ഥത്തിൽ എടുക്കുന്നവരെ "വിശുദ്ധലിഖിതങ്ങളെ യഹൂദനിലപാടിൽ നിന്നു കാണുന്നവർ" എന്ന് അദ്ദേഹം വിമർശിച്ചു. വെളിപാടിന്റെ ഒരു സമ്പൂർണ്ണ വ്യാഖ്യാനം രചിക്കാൻ ഒരിജൻ പദ്ധതിയിട്ടിരുന്നെങ്കിലും അതു സാധിക്കുന്നതിനു മുൻപ് അദ്ദേഹം മരിച്ചു. ഈ ഗ്രന്ഥത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ സമ്പൂർണ്ണവ്യാഖ്യാനം ഇന്നത്തെ സ്ലോവേനിയയുടെ ഭാഗമായ പെട്ടാവിൽ നിന്നുള്ള വിക്ടോറിനസ് (Victorinus of Pettau) ക്രി.വ. 300-നടുത്ത് ലത്തീൻ ഭാഷയിൽ രചിച്ചതാണ്. ഈ കൃതിയിലെ വിവരണങ്ങളുടെ രേഖീയമായ വായനയ്ക്കെതിരെ ഈ വ്യാഖ്യാതാവ് മുന്നറിയിപ്പു നൽകി. പരിഗണിച്ചു കഴിഞ്ഞ വിഷയങ്ങളിലേക്കു തിരികെ പോയി അതിനെ ആവർത്തിച്ചു പരിശോധിക്കുക എന്നത് ദൈവാത്മപ്രേരണയുടെ രീതിയാണെന്ന് അദ്ദേഹം വിശദീകരിച്ചു. എങ്കിലും വലിയൊരളവും വരെ ഈ കൃതിയിലെ പ്രവചനങ്ങളെ ഇദ്ദേഹം വ്യാഖ്യാനിച്ചത് ചരിത്രത്തിൽ നിറവേറാനിരിക്കുന്ന സംഭവങ്ങൾ എന്ന നിലയിൽ തന്നെയാണ്.[7]
ടൈക്കോനിയസ്, അഗസ്റ്റിൻ,ജെറോം
[തിരുത്തുക]വെളിപാടിന്റെ ആത്മീയദൃഷ്ടിയിൽ നിന്നുള്ള വ്യാഖ്യാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നാമം നാലാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിലെ ഡോണറ്റിസ്റ്റ് സഭയിൽ നിന്നുള്ള ടൈക്കോണിയസ് ആണ്. ടൈക്കോണിയസിന്റെ വ്യാഖ്യാനത്തിന്റെ ശകലങ്ങൾ മാത്രമാണ് നിലവിലുള്ളത്. വെളിപാടിലെ സഹസ്രാബ്ധവാഴ്ചാവാഗ്ദാനത്തെ ടൈക്കോണിയസ് വ്യാഖ്യാനിച്ചത്, യുഗാന്ത്യം വരെ, ജീവിക്കുന്നവരുടേയും മരിച്ചവരേയും ഉൾക്കൊണ്ടു കൊണ്ടുള്ള സഭയുടെ വാഴ്ച ആയാണ്. അന്തിക്രിസ്തുവിനെപ്പോലും വ്യക്തിരൂപത്തിൽ എന്നതിനപ്പുറം, സഭയിലെ തിന്മയുടെ വളർച്ചയുടെ പ്രതീകമായി അദ്ദേഹം കണ്ടു. ജെറോമും അഗസ്റ്റിനും മറ്റും വഴി പിന്നീട് പ്രചരിച്ച പ്രതിരൂപാത്മകവും ആത്മീയവുമായ വ്യാഖ്യാനത്തിനു തുടക്കം കുറിച്ചത്. ഇദ്ദേഹമാണ്.[7]
ഉത്തരാഫ്രിക്കയിൽ ടൈക്കോണിയസിന്റെ സമകാലീനനും അദ്ദേഹം അംഗമായിരുന്ന ഡോണറ്റിസ്റ്റു സഭയുടെ തീവ്രവൈരിയുമായിരുന്ന പ്രഖ്യാതക്രിസ്തീയ ചിന്തകൻ ഹിപ്പോയിലെ ആഗസ്തീനോസിന്റെ വെളിപാടു വ്യാഖ്യാനവും പൊതുവേ ടൈക്കോണിയസിന്റെ വഴി പിന്തുടർന്നു. പ്രവചനങ്ങളെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നതിനു പകരം അവയെ ഓരോ വ്യക്തിക്കുമുള്ളിലും സഭയിൽ പൊതുവേയും നന്മതിന്മകളുടെ ശക്തികൾക്കിടയിൽ നടക്കുന്ന പോരാട്ടത്തിന്റെ പ്രതീകാത്മക ചിത്രമായി വിലയിരുത്തുകയാണ് ദൈവനഗരം എന്ന തന്റെ പ്രഖ്യാതഗ്രന്ഥത്തിൽ ആഗസ്തീനോസ് ചെയ്തത്.[12] ഈ കൃതിയിൽ വാക്കുകളുടെ എണ്ണത്തിനൊപ്പം രഹസ്യങ്ങളും ഉണ്ടെന്നും ഓരോ വാക്കും ബഹുവിധമായ അർത്ഥത്തെ സംവഹിക്കുന്നെന്നും ആഗസ്തീനോസിന്റെ സമകാലീനനായ പ്രഖ്യാതപണ്ഡിതൻ ജെറോം കരുതി.[13]
ഫിയോരെയിലെ യൊവാക്കീം
[തിരുത്തുക]വെളിപാടു പുസ്തകത്തിന്റെ ചരിത്രാധിഷ്ഠിത വ്യാഖ്യാനങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് 12-ആം നൂറ്റാണ്ടിലെ (ക്രി.വ.1135-1202) സിസ്റ്റേഴ്‌സ്യൻ സന്യാസി, ഫിയോരെയിലെ യോവാക്കീം എഴുതിയതാണ്. 'നിത്യസുവിശേഷം' (Eternal Gospel) എന്ന തന്റെ സങ്കല്പത്തിനു യൊവാക്കീം ആധാരമാക്കിയത് "ഭൂമിയിൽ വസിക്കുന്ന എല്ലാ ഗോത്രങ്ങളോടും ഭാഷക്കാരോടും ജനങ്ങളോടും വിളംബരം ചെയ്യാനുള്ള ശാശ്വതസുവിശേഷവുമായി മറ്റൊരു മാലാഖ ആകാശമദ്ധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു" എന്ന 14-ആം അദ്ധ്യായം 6-ആം വാക്യമാണ്.[14] വെളിപാടിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ യോവാക്കീമിന്റെ ചരിത്രവീക്ഷണം, മനുഷ്യചരിത്രത്തെ ദൈവികത്രിത്വത്തെ പ്രതിഫലിപ്പിക്കും വിധം മൂന്നു യുഗങ്ങളായി തിരിച്ചു. പിതാവിന്റെ യുഗമായ പഴയനിയമകാലം, ക്രിസ്തുവിന്റെ ജനനം മുതൽ ക്രി.വ. 1260 വരെയുള്ള പുത്രന്റെ യുഗം, 1260-ൽ ആരംഭിക്കാനിരുന്ന പരിശുദ്ധാത്മാവിന്റെ യുഗം എന്നിവയായിരുന്നു അവ. യോവാക്കെമിന്റെ ജീവിതകാലത്ത് അദ്ദേഹം പൊതുവേ ബഹുമാനിക്കപ്പെട്ടെങ്കിലും മരണശേഷം ഔദ്യോഗികസഭ ഈ ആശയങ്ങൾക്കു വിലക്കു കല്പിച്ചു. തോമസ് അക്വീനാസ് തന്റെ ദൈവശാസ്ത്രസംഗ്രഹത്തിലും (Summa Theologiae) അവയെ തള്ളിപ്പറഞ്ഞു. എന്നാൽ ഇറ്റാലിയൻ കവി ഡാന്റെയുടെ പ്രഖ്യാതകൃതിയായ ഡിവൈൻ കോമഡി യോവാക്കീമിനെ സ്വർഗ്ഗത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.[15]
മാർട്ടിൻ ലൂഥർ
[തിരുത്തുക]വെളിപാടു പുസ്തകത്തിന്റെ ശ്രദ്ധേയമായ മറ്റൊരു വ്യാഖ്യാനം പ്രൊട്ടസ്റ്റന്റ് നവീകരണ നായകൻ മാർട്ടിൻ ലൂഥറുടേതാണ്. ആദ്യം ഈ കൃതിയെ ഒരുതരം വൈമുഖ്യത്തോടെയാണ് ലൂഥർ സമീപിച്ചത്. തന്റെ ജർമ്മൻ ബൈബിളിന്റെ 1522-ലെ പതിപ്പിൽ വെളിപാടു പുസ്തകത്തിനെഴുതിയ ആമുഖത്തിൽ അദ്ദേഹം ഇതിനെ കാനോനിക ഗ്രന്ഥമായി അംഗീകരിച്ചതു തന്നെ കഷ്ടിച്ചാണ്. അത് അപ്പസ്തോലികമോ പ്രവചനപരമോ അല്ലെന്നും അതിൽ ക്രിസ്തു പഠിപ്പിക്കപ്പെടുകയോ കാണപ്പെടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ അതേ പുസ്തകത്തിന്റെ 8 വർഷത്തിനു ശേഷം ഇറക്കിയെ പതിപ്പിലെ പുതിയ അവതാരികയിൽ ലൂഥർ ഈ നിലപാടു മാറ്റി. ഭൂതകാലത്ത് നിറവേറിയ വെളിപാടുവചനങ്ങളുടെ തിരിച്ചറിവ്, ഭാവിയെക്കുറിച്ചുള്ള ആ കൃതിയുടെ ദർശനത്തെ മനസ്സിലാക്കാനുള്ള താക്കോൽ നൽകുമെന്നു ലൂഥർ കരുതി. മാർപ്പാപ്പയെ അന്തിക്രിസ്തുവിനു സമമായി കാണുന്നുവെന്നതായിരുന്നു ലൂഥറുടെ പുതിയ വ്യാഖ്യാനത്തിന്റെ സവിശേഷതകളിൽ ഒന്ന്. തുടർന്നു വന്ന നൂറ്റാണ്ടുകളിൽ ലൂഥറുടെ ഈ വ്യാഖ്യാനം വെളിപാടു പുസ്തകത്തോടുള്ള പ്രൊട്ടസ്റ്റന്റ് സമീപനത്തിനു വഴികാട്ടിയായി.[7]
ആധുനികദൃഷ്ടിയിൽ
[തിരുത്തുക]ആധുനിക സാഹിത്യഭാവനയെ അഗാധമായി സ്വാധീനിച്ച ഈ രചന ആധുനികാലത്ത് നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. തീർത്തും അക്രിസ്തീയമായ രചയെന്നും പുതിയനിയമത്തിലെ യൂദാസ്കറിയോത്താ എന്നും ഡി.എച്ച് ലോറൻസും[8] "ഒരു മയക്കുമരുന്നടിമയുടെ ദർശനങ്ങളുടെ വിചിത്രശേഖരം" എന്ന് ബർണാർഡ് ഷായും ഇതിനെ വിശേഷിപ്പിച്ചു. യഹൂദ യുഗാന്തദർശനത്തിന്റെ കവിതയായ വെളിപാടു പുസ്തകവും യവനദർശനത്തിൽ പൊതിഞ്ഞ നാലാമത്തെ സുവിശേഷവും ഒരേ വ്യക്തിയുടെ കൃതിയാവുന്നതെങ്ങനെയെന്നു ചരിത്രകാരനായ വിൽ ഡുറാന്റ് അത്ഭുതംകൂറുന്നു. നീറോയുടെ ക്രിസ്തുമതപീഡനം ഉളവാക്കിയ രോഷത്തിന്റെ തിരയടിയിൽ, യേശുവിന്റെ സന്ദേശത്തിൽ കയ്പും കറുപ്പും കലർത്താൻ ചിലർക്കെങ്കിലും ഇന്നും പ്രേരണ നൽകുന്ന വെളിപാടു പുസ്തകം എഴുതിയ യോഹന്നാൻ തന്നെ പക്വവാർദ്ധക്യത്തിൽ, സ്നിഗ്ദ്ധമായ ആദ്ധ്യാത്മവിദ്യ(mellow metaphysics) നിറഞ്ഞ സുവിശേഷവും എഴുതിയിരിക്കാം എന്ന് അദ്ദേഹം അനുമാനിക്കുന്നു.[11]
മലയാളത്തിലെ പ്രമുഖ്യ സാഹിത്യചിന്തകൻ കെ.പി. അപ്പൻ ഈ കൃതിയെ നിർല്ലോഭം പുകഴ്ത്തിയിട്ടുണ്ട്. "വെളിപാടു പുസ്തകം വിശ്വസ്തസാക്ഷികളായ വാക്കുകൾ കൊണ്ടാണ് രചിച്ചിരിക്കുന്നതെന്നും അതിലെ പ്രവചനവാക്യങ്ങൾ തിളങ്ങുന്ന പ്രഭാതനക്ഷത്രങ്ങളെ ഓർമ്മിപ്പിക്കുന്നു" എന്നും, "ബൈബിൾ, വെളിച്ചത്തിന്റെ കവചം" എന്ന കൃതിയിൽ അപ്പൻ അഭിപ്രായപ്പെടുന്നു. അതേസമയം ഇതിനെ ചരിത്രത്തിന്റെ അക്ഷരാർത്ഥത്തിലുള്ള പ്രവചനമായി കാണുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പു തരുന്നു. അപ്പന്റെ അഭിപ്രായത്തിൽ, ചരിത്രശാസ്ത്രത്തിൽ ജീവിക്കാതെ വിശ്വാസത്തിൽ ഉറപ്പിച്ചിരിക്കുന്ന കൃതിയാണിത്. ക്രിസ്തീയസംസ്കാരവുമായി ഗാഢബന്ധമില്ലാത്തവർ പോലും ഈ കൃതിയുടെ സ്വാധീനത്തിൽ പെട്ടേക്കാമെന്ന് കരുതിയ ഈ നിരൂപകൻ ഉദാഹരണമായി, മലയാളം നാടകൃത്ത് തോപ്പിൽ ഭാസി ഒരു നവലോകത്തിന്റെ പ്രതീക്ഷയിൽ എഴുതിയ നാടകത്തിന് "പുതിയ ആകാശവും പുതിയ ഭൂമിയും" എന്നു പേരിട്ടതു ചൂണ്ടിക്കാട്ടുന്നു. സമത്വസുന്ദരമായ ഭൗമികസ്വർഗത്തെക്കുറിച്ച് ഉട്ടോപ്യൻ സ്വപ്നങ്ങൾ കണ്ട തോമസ് മൂറിനെയെന്നല്ല കാറൽ മാർക്സിനെപ്പോലും ഈ കൃതി അബോധമായെങ്കിലും സ്വാധീനിച്ചിരിക്കാമെന്നും അപ്പൻ കരുതി.[16] മനുഷ്യഭാവനയുടെ ദുരൂഹത, ബോധത്തിന്റെ സങ്കീർണ്ണത, ജീവിതത്തിൽ അബോധമനസ്സു വഹിക്കുന്ന പങ്ക് എന്നിവയൊന്നും ബൈബിളിന്റെ പരിഗണനയിൽ വരുന്നില്ല എന്ന വിമർശനത്തിനു മറുപടിയായി ഇയ്യോബിന്റെ പുസ്തകത്തിനൊപ്പം എടുത്തു കാട്ടാവുന്ന ഒരു രചനയായും അപ്പൻ വെളിപാടു പുസ്തകത്തെ കാണുന്നു.[17]
കുറിപ്പുകൾ
[തിരുത്തുക]ക ^ "ഏഷ്യാമൈനറിൽ യോഹന്നാൻ എന്നു പേരുള്ള രണ്ടു പേർ ഉണ്ടായിരുന്നെന്നും ഇന്നേ വരെ യോഹന്നാന്റേതെന്നറിയപ്പെടുന്ന രണ്ടു ശവകുടീരങ്ങൾ അവിടെയുണ്ടെന്നും ഉള്ള കഥയെ അദ്ദേഹം(പേപ്പിയസ്) പിന്തുണക്കുന്നു. ഇതു വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. കാരണം, ആദ്യത്തെ വ്യക്തിയെ യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന വെളിപാടു ലഭിച്ചയാളായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആ വെളിപാട്, യോഹന്നാൻ എന്ന പേരുണ്ടായിരുന്ന രണ്ടാമത്തെയാൾക്കു ലഭിച്ചതായിരിക്കാൻ സാധ്യതയുണ്ട്."[6]
ഖ ^ പതിമൂന്നാം അദ്ധ്യായത്തിലെ അവസാന വാക്യത്തിൽ(13:18) മൃഗത്തിന്റെ സംഖ്യ '666' ആണുന്നു പറയുന്നത് നീറോ[8], ഡൊമിഷൻ[18]എന്നീ റോമൻ സാമ്രാട്ടുകളിൽ ഒരാളെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
ലേഖനം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Walter A. Elwell, ed. "Apocalyptic." Evangelical Dictionary of Biblical Theology. Grand Rapids, MI: Baker, 1996. Page 28.
- ↑ Other apocalypses popular in the early Christian era did not achieve canonical status, except 2 Esdras (also known as the Apocalypse of Ezra), which is recognized as canonical in the Ethiopian Orthodox Churches.
- ↑ Bart D. Ehrman wrote that "it can be stated without reservation that whoever wrote the Gospel did not write this book." Ehrman 2004, p. 467ff
- ↑ "Although ancient traditions attributed to the Apostle John the Fourth Gospel, the Book of Revelation, and the three Epistles of John, modern scholars believe that he wrote none of them." Harris, Stephen L., Understanding the Bible (Palo Alto: Mayfield, 1985) p. 355
- ↑ Robert Mounce. The Book of Revelation, pg. 15-16. Cambridge: Eerdman's. Books.google.com
- ↑ 6.0 6.1 യൂസീബിയസ്, ക്രിസ്തു മുതൻ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം, ഇംഗ്ലീഷ് പരിഭാഷ ഗി.എ.വില്യംസൺ, ഡോർസെറ്റ് പ്രസാധനം(പുറം 150)
- ↑ 7.0 7.1 7.2 7.3 7.4 വെളിപാട്, റോബർട്ട് ആൾട്ടറും ഫ്രാങ്ക് കെർമോഡും ചേർന്നു സംശോധന ചെയ്ത "The Literary Guide to the Bible"-ൽ ബെർണാഡ് മക്ഗിൻ എഴുതിയിട്ടുള്ള ലേഖനം(പുറം 523-41)
- ↑ 8.0 8.1 8.2 8.3 8.4 വെളിപാടു പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ ജോൺ സ്വീറ്റിന്റെ ലേഖനം(പുറങ്ങൾ 651-655)
- ↑ വെളിപാട്, 3:16-18(ഓശാന മലയാളം ബൈബിൾ പരിഭാഷ)
- ↑ യോഹന്നാനു ലഭിച്ച വെളിപാട്, 22:18-19
- ↑ 11.0 11.1 സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ മൂന്നാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 592-95)
- ↑ ആഗസ്തീനോസ്, ദൈവനഗരം 20-ആം പുസ്തകം, അദ്ധ്യായങ്ങൾ 7, 9
- ↑ നോളായിലെ മെത്രാൻ പൗളീനോസിനെഴുതിയ കത്ത്, ജെറോമിന്റെ കത്തുകളിൽ 53-ആമത്തേത്
- ↑ കത്തോലിക്കാ വിജ്ഞാനകോശം, ഫ്ലോറായിലെ യൊവാക്കീം
- ↑ ഡിവൈൻ കോമഡി, 'പറുദീസ' പന്ത്രണ്ടാം കാന്റോ
- ↑ കെ.പി. അപ്പൻ, "ബൈബിൾ, വെളിച്ചത്തിന്റെ കവചം", എന്ന പുസ്തകത്തിലെ "പുതിയ ജറുശലേം" എന്ന ലേഖനം
- ↑ "ബൈബിൾ, വെളിച്ചത്തിന്റെ കവചം", "വേദപുസ്തകവും ഞാനും" എന്ന ലേഖനം
- ↑ കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറം 557) "....666 എന്ന സംഖ്യ, ഡോമിഷൻ ചക്രവർത്തിയുടെ പേരിനെ അടിസ്ഥാനമാക്കിയാവാം. അദ്ദേഹത്തിന്റെ പേരിന്റെ അക്കസമങ്ങളുടെ തുക (sum of numerical equivalents) ഈ സംഖ്യയാണ്. കർത്താവും ദൈവവും ആയി താൻ സംബോധന ചെയ്യപ്പെടണം എന്നു നിർബന്ധിച്ച ആദ്യത്തെ ചക്രവർത്തി അദ്ദേഹമാണ്."