യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം
ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം. "1 യോഹന്നാൻ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. പ്രാദേശിക ക്രിസ്തീയസഭകളേയോ വ്യക്തികളേയൊ ഉദ്ദേശിച്ചല്ലാതെ എഴുതപ്പെട്ട 7 സന്ദേശരചനകളുടേതായി, പുതിയനിയമത്തിലുള്ള "കാതോലിക ലേഖനങ്ങൾ" എന്ന വിഭാഗത്തിലെ ഒരു രചനയാണിത്. പുതിയനിയമത്തിലെ നാലാമത്തെ സുവിശേഷത്തിന്റേയും, ഇതേപേരുമായി ബന്ധപ്പെട്ട മറ്റു രണ്ടു ലേഖനങ്ങളുടേയും കർത്താവായി അറിയപ്പെടുന്ന യേശുവിന്റെ 'പ്രിയശിഷ്യൻ' യോഹന്നാന്റെ രചനയായി ക്രിസ്തീയപാരമ്പര്യം ഇതിനെ കണക്കാക്കുന്നു. എഫേസോസിൽ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലായിരിക്കണം ഇതിന്റെ രചന നടന്നത്.[1] യേശു "മാംസരൂപത്തിൽ"(in the flesh) ലോകത്തിൽ പ്രത്യക്ഷപ്പെട്ടില്ല; യേശുവിന്റെ ആത്മാവു മാത്രമാണ് കാണപ്പെട്ടത് എന്ന വിരുദ്ധപ്രബോധനത്തെ നേരിടാനാണ് ഇതെഴുതപ്പെട്ടത്. യഥാർത്ഥ പ്രബോധകന്മരെ ക്രിസ്ത്യാനികൾക്ക് എങ്ങനെ തിരിച്ചറിയാനാകും എന്നു ലേഖകൻ വിശദീകരിക്കുന്നു: സദാചാരനിഷ്ഠ, മാംസമായി അവതരിച്ച യേശുവിനെക്കുറിച്ചുള്ള പ്രഘോഷണം, സ്നേഹം എന്നിവയാണ് ആധികാരികതയുള്ള പ്രബോധകന്മാരുടെ തിരിച്ചറിവ്.[1]
കർതൃത്വം
[തിരുത്തുക]സുവിശേഷകനായ യോഹന്നാൻ വയോവൃദ്ധനായിരിക്കെ എഫേസോസിൽ വച്ച് നിർവഹിച്ച രചനയാണിതെന്നാണ് പരമ്പരാഗതമായ വിശ്വാസം. യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന സുവിശേഷവും, രണ്ടും മൂന്നും ലേഖനങ്ങളും എഴുതിയ വ്യക്തിയുടെ തന്നെ രചനയാണിതെന്ന് ലേഖനത്തിന്റെ ഉള്ളടക്കം, ഭാഷ, സങ്കല്പലോകം എന്നിവ വ്യക്തമാക്കുന്നു. എന്നാൽ അപ്പസ്തോലനായ യോഹന്നാൻ ഈ പുതിയനിയമഗ്രന്ഥങ്ങളിൽ ഒന്നിന്റേയും കർത്താവല്ലെന്ന് ആധുനിക ബൈബിൾ പണ്ഡിതന്മാരിൽ വലിയൊരുഭാഗം വിശ്വസിക്കുന്നു. പുരാതനപാരമ്പര്യമനുസരിച്ച് നാലാമത്തെ സുവിശേഷം, വെളിപാടു പുസ്തകം, യോഹന്നാന്റെ പേരിലുള്ള മൂന്നു സുവിശേഷങ്ങൾ എന്നിവയുടെ കർത്താവ് അപ്പസ്തോലനായ യോഹന്നാനാണെങ്കിലും, അവയിലൊന്നും അദ്ദേഹത്തിന്റെ രചനയല്ലെന്നു പല ആധുനികപണ്ഡിതന്മാരും കരുതുന്നതായി സ്റ്റീഫൻ എൽ ഹാരിസ് പറയുന്നു."[1]
യോഹാനിയൻ 'കോമ'
[തിരുത്തുക]യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിലെ ഒരു ഭാഗത്തെ വ്യവസ്ഥാപിതക്രിസ്തുമതത്തിലെ ത്രിത്വസങ്കല്പവുമായി തെളിവായി ബന്ധപ്പെടുത്താനുള്ള ശ്രമം അതിനെ ബൈബിളിലെ ഏറ്റവും വിവാദമുണർത്തിയ ശകലങ്ങളിലൊന്നാക്കി. ഈ ലേഖനത്തിലെ അവസാനാദ്ധ്യായത്തിലെ രണ്ടു വാക്യങ്ങളാണ് (5:7-8), അവയ്ക്കിടയിൽ ചേർക്കപ്പെട്ട്, പിന്നീട് "യോഹാനിയൻ കോമ" (Comma Johanneum) എന്ന പേരിൽ അറിയപ്പെട്ട ഒരു വാക്യഖണ്ഡം മൂലം പ്രസിദ്ധമായത്. ഈ വാക്യഖണ്ഡം, ലേഖനത്തിന്റെ ക്രി.വ. ഒൻപതാം നൂറ്റാണ്ടിനു മുൻപുള്ള പകർപ്പുകളിലൊന്നും കാണുന്നില്ല. എന്നാൽ ഇംഗ്ലീഷ് ഭാഷയിലെ പ്രഖ്യാതമായ ജെയിംസ് രാജാവിന്റെ ബൈബിളിൽ(King James Bible) പോലും അതു പിന്നീടു കടന്നു കൂടി.
ക്രി.വ. 800-നടുത്ത് ഈ വാക്യഖണ്ഡം ലത്തീൻ ഭാഷയിലുള്ള വുൾഗാത്തെ പരിഭാഷയുടെ ചില പാഠങ്ങളിൽ കടന്നു കൂടി. തുടർന്ന് ഇതിന്റെ പിന്നോട്ടുള്ള പരിഭാഷ പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലുള്ള ചില കൈയെഴുത്തുപ്രതികളിലും ചേർക്കപ്പെട്ടു. ആ വാക്യഖണ്ഡത്തിന്റെ ആധികാരികതയെക്കുറിച്ചു സംശയം ഉണ്ടായിരുന്നിട്ടു പോലും അതിനെ താൻ പ്രസിദ്ധീകരിച്ച സ്വീകൃതപാഠത്തിന്റെ (Received Text) പതിപ്പിൽ ഉൾപ്പെടുത്താൻ പ്രഖ്യാത നവോത്ഥാനകാല ചിന്തകൻ ഇറാസ്മസ് സമ്മർദ്ദങ്ങൾക്കു വഴങ്ങി തയ്യാറായതാണ് ജെയിംസ് രാജാവിന്റെ ബൈബിളിൽ അതു കടന്നു കൂടാൻ ഇടയാക്കിയതെന്ന് ബാർട്ട് എർമാൻ കരുതുന്നു. വിവാദപരമായിത്തീർന്ന വാക്യങ്ങളുടെ രണ്ടു പാഠങ്ങൾ താഴെക്കാണും വിധമാണ്.
ശൂദ്ധപാഠം | 'കോമ'യോടെ |
5:7 സാക്ഷ്യം വഹിക്കുന്നവരായി മൂന്നു പേർ. 5:8 ആത്മാവും ജലവും രക്തവും; ഇവ ഒരുപോലെ സാക്ഷ്യം വഹിക്കുന്നു. |
5:7 സാക്ഷ്യം വഹിക്കുന്നവരായി മൂന്നു പേർ സ്വർഗ്ഗത്തിലുണ്ട്: പിതാവ്, വചനം, പരിശുദ്ധാത്മാവ്; ഇവർ ഒന്നാകുന്നു. 5:8 ഭൂമിയിൽ സാക്ഷി പറയുന്നവരായി മൂവരുണ്ട്: ആത്മാവും ജലവും രക്തവും; ഇവ ഒരുപോലെ സാക്ഷ്യം വഹിക്കുന്നു |
ബൈബിളിന്റെ ആധുനിക പതിപ്പുകൾ മിക്കവയിലും "യോഹാനിയൻ കോമ" ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതിന്റെ ആധികാരികതയെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ആൽബർട്ട് ബാൺസ് ഇങ്ങനെ നിരീക്ഷിക്കുന്നു:
എല്ലാവശവും പരിഗണിച്ചു കഴിഞ്ഞപ്പോൾ എനിക്കു തോന്നുന്നത്, ഈ വാക്യഖണ്ഡം ദൈവപ്രേരിത ലിഖിതങ്ങളുടെ ശുദ്ധപാഠത്തിന്റെ ഭാഗമല്ലെന്നും ത്രിത്വസങ്കല്പത്തിനു തെളിവായി അതിനെ ആശ്രയിക്കരുതെന്നുമാണ്.[2]
ലേഖനം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Harris, Stephen L., Understanding the Bible (Palo Alto: Mayfield, 1985) "1 John," p. 355-356
- ↑ Barnes, Albert (2007-02-07). "Albert Barnes New Testament Notes". StudyLight.org. Retrieved 2007-02-07.