Jump to content

അന്തിക്രിസ്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതും കാണുക: മസീഹുദ്ദജ്ജാൽ
അന്തിക്രിസ്തുവും സാത്താനും - ലൂക്കാ സിഞ്ഞോരെല്ലിയുടെ "അന്തിക്രിസ്തുവിന്റെ നടപടികൾ" എന്ന ചിത്രത്തിൽ നിന്ന് (കാലം ക്രി.വ.1501-നടുത്ത്

പല ക്രിസ്തീയ വിഭാഗങ്ങളുടെയും സങ്കല്പമനുസരിച്ച്, ലോകാവസാനത്തിനടുത്ത നാളുകളിൽ യേശുക്രിസ്തുവിന്റെ പടസാദൃശ്യത്തിൽ മനുഷ്യരെ വഴിതെറ്റിക്കാൻ വരാനിരിക്കുന്ന വ്യാജമിശിഹായാണ്‌ അന്തിക്രിസ്തു,മസീഹുദ്ദജ്ജാൽ(അർത്ഥം :വ്യാജനായമിശിഹ ), അല്ലെങ്കിൽ എതിർക്രിസ്തു. ലോകാവസാനത്തെ പരാമർശിക്കുന്നതായി കരുതപ്പെടുന്ന പുതിയനിയമ ഖണ്ഡങ്ങളുടെ ക്രിസ്തീയവ്യാഖ്യാനങ്ങളിൽ ചിലതിലാണ്‌ ഈ സങ്കല്പത്തിന്റെ അടിസ്ഥാനം. ഈ "കപടരക്ഷകൻ" മനുഷ്യരുടെ പല ദാഹങ്ങളും പരിഹരിക്കുന്നതായി കാണപ്പെടുമെങ്കിലും അന്തിമരക്ഷ അവർക്ക് നഷ്ടപ്പെടുത്തുകയാണ്‌ അയാളുടെ ലക്ഷ്യം. അന്തിക്രിസ്തു എന്ന മലയാളം വാക്കിന്റെ ആദ്യപാദം ക്രിസ്തീയ യുഗാന്തവീക്ഷണം(eschatology) അനുസരിച്ചുള്ള ലോകാവസാനത്തെ സൂചിപ്പിക്കുന്നു. എന്നാൽ പുതിയനിയമത്തിന്റെ കൊയ്നേ ഗ്രീക്കു മൂലത്തിലെ "ആന്റെക്രിസ്തോസ്"(ἀντίχριστος) എന്ന പദത്തിന്‌ ക്രിസ്തുവിന്റെ പ്രതിദ്വന്ദി, പകരക്കാരൻ എന്നൊക്കെയാണർത്ഥം.[1] [2] ചില മലയാളം ബൈബിൾ പരിഭാഷകളിൽ അന്തിക്രിസ്തു എന്നതിനു പകരം എതിർക്രിസ്തു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.[൧] [൨]

യുഗാന്തകാലത്തെ കപടരക്ഷകനെക്കുറിച്ചുള്ള വിശ്വാസം ഇസ്ലാം, യഹൂദ മതങ്ങളിലുമുണ്ട് കൂടാതെ സെന്റ് നിക്കോളാസ് സാത്താനും സാന്താക്ലോസ് യേശുവിന്റെ എതിർക്രിസ്തു. ഇസ്ലാമിലെ ദജ്ജാൽ, യഹൂദമതത്തിലെ അർമിലസ് എന്നീ സങ്കല്പങ്ങൾ ക്രിസ്തുമതത്തിലെ അന്തിക്രിസ്തു സങ്കല്പത്തിന്‌ സമാനമാണ്‌.

ചരിത്രപശ്ചാത്തലം

[തിരുത്തുക]

അവ്യവസ്ഥയുടെ(chaos) പ്രളയജലത്തിൽ നിന്ന് ലോകങ്ങളെ സൃഷ്ടിച്ച ദൈവവും പ്രളയത്തിന്റെ വ്യാളിയുമായുള്ള സംഘർഷത്തെ സംബന്ധിച്ച പൗരസ്ത്യകഥകളിലാണ്‌ അന്തിക്രിസ്തു സങ്കല്പത്തിന്റെ വേരുകൾ. പ്രകൃതിയിലെ അവ്യവസ്ഥയ്ക്കെതിരെയുള്ള വ്യവസ്ഥയുടേയും ദൈവഹിതത്തിന്റേയും വിജയമാണ്‌ ഈ പഴങ്കഥകൾ ഘോഷിക്കുന്നത്. ചില ബൈബിൾ കഥകൾ അവ്യവസ്ഥയെ, ദൈവത്തിന്റേയും ദൈവജനത്തിന്റേയും ശത്രുക്കളായ സാമ്രാജ്യങ്ങളും സാമ്രാട്ടുകളുമായി ചരിത്രവൽക്കരിച്ചു. എബ്രായ ബൈബിളിലും അപ്പോക്രിഫയിലും, ഈജിപ്തും അസീറിയയും ബാബിലോണും അന്തിയോക്കസ് എപ്പിഫാനസിന്റെ സെല്യൂക്കിഡ് സാമ്രാജ്യവും എല്ലാം അങ്ങനെ ദൈവഹിതത്തെ ധിക്കരിക്കുന്ന അവ്യവസ്ഥയുടെ പ്രതിനിധികളായി. ബൈബിൾ കാലത്തെ മഹാസാമ്രാജ്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതായ റോമുമായി അവ്യവസ്ഥയെ ബന്ധിപ്പിക്കുന്ന പുതിയനിയമത്തിലെ വെളിപാട് പുസ്തകം ഈ പഴങ്കഥയുടെ ചരിത്രവൽക്കരണം കുറേക്കൂടി മുന്നോട്ടുകൊണ്ടുപോകുന്നു.[3]

പുതിയനിയമത്തിൽ

[തിരുത്തുക]
വെളിപാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിൽ പറയുന്ന കടലിൽ നിന്നു വരുന്ന ജന്തു, ക്രിസ്തീയ യുഗാന്തസങ്കല്പത്തിലെ കപടമിശിഹായായ അന്തിക്രിസ്തുവിന്റെ പ്രതിരൂപമായി കരുതപ്പെടുന്നു‌

അന്തിക്രിസ്തു എന്ന പദം പുതിയനിയമത്തിൽ യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളിലായി അഞ്ചുവട്ടം പത്യക്ഷപ്പെടുന്നുണ്ട്. ഒരിടത്ത് അത് ബഹുവചനവും മറ്റു നാലിടങ്ങളിലും ഏകവചനവുമാണ്‌.[4] യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ അന്തിക്രിസ്തുവിന്റെ വരവ്, അന്ത്യനാഴികയുടെ അടയാളമായി പറയുന്നു. യേശു മാംസരൂപമെടുത്ത ക്രിസ്തുവാണെന്നതിനെ നിഷേധിക്കുന്ന വ്യാജപ്രവാചകന്മാർ പ്രകടിപ്പിക്കുന്നത് അന്തിക്രിസ്തുവിന്റെ ചൈതന്യമാണ്‌. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ, അന്തിക്രിസ്തു എന്ന പദം കാണുന്നില്ലെങ്കിലും അതിന്റെ രണ്ടാം അദ്ധ്യായത്തിൽ വിവരിക്കുന്ന "പാപത്തിന്റെ മനുഷ്യൻ", യോഹന്നാന്റെ ലേഖനങ്ങളിലെ അന്തിക്രിസ്തുവിനെ തന്നെ സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. ക്രിസ്തുവിന്റെ ഈ പ്രതിദ്വന്ദിയുടെ സ്വഭാവവും, ദൗത്യവും, ആഗമനവും, വെളിപാടുകളും പൗലോസ് സംഗ്രഹിക്കുന്നുണ്ട്. കർത്താവിന്റെ ദിവസത്തിന്റെ ആഗമനത്തിനു മുൻപ് വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന ഈ നിഷേധിയുടെ വരവ് സംഭവിക്കേണ്ടതുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്. തന്റെ പുനരാഗമനത്തിൽ കർത്താവ് അവനെ നശിപ്പിക്കുന്നതു വരെ, അവൻ ദേവാലയത്തിൽ കർത്താവിന്റെ സ്ഥാനത്ത് കടന്നിരിക്കുകയും ജനത്തെ പൈശാചികമായ അടയാളങ്ങളും അത്ഭുതങ്ങളും കാട്ടി വഴിതെറ്റിക്കുകയും ചെയ്യും.


പുതിയനിയമത്തിലെ വെളിപാടുപുസ്തകം പതിമൂന്നാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു ജന്തുക്കളും അന്തികിസ്തുവിന്റെ പ്രതിരൂപങ്ങളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അവയിൽ, കടലിൽ നിന്നു കയറിവരുന്ന ജന്തു അതിന്റെ മരണവും ഉയിർപ്പും ദൈവികമായ ബഹുമാനം അവകാശപ്പെടുന്നതും വഴി യേശുവിന്റെ വികൃതാനുകരണമാവുന്നു. കരയിൽ നിന്നു വരുന്ന കുഞ്ഞാടിന്റെ സ്വരമുള്ള രണ്ടാമത്തെ ജന്തു, അടയാളങ്ങളും അത്ഭുതങ്ങളും കാട്ടുകയും ആദ്യത്തേതിനെ ആരാധിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതു വഴി ക്രിസ്തീയസങ്കല്പത്തിലെ പരിശുദ്ധാത്മാവിന്റെ അനുകരണമാവുന്നു. ആദ്യജന്തുവിന്റെ ശരീരത്തിലെ മുറിപ്പാടും 666 എന്ന അതിന്റെ അടയാളസംഖ്യയും[൩] ദൈവികമായ ആരാധന അവകാശപ്പെട്ടിരുന്ന ക്രിസ്തുമതപീഡകൻ നീറോ ചക്രവർത്തിയുമായി അന്തിക്രിസ്തുവിനെ ബന്ധിപ്പിച്ച് അതിന്‌ രാഷ്ടീയമാനം നൽകുന്ന സൂചനകളായി പറയപ്പെടുന്നു.[3]

പിൽക്കാലചരിത്രം

[തിരുത്തുക]
മാർപ്പാപ്പയെ വെളിപാട് പുസ്തകത്തിലെ ജന്തുവിന്മേൽ സവാരിചെയ്യുന്ന ബാബിലോൺ വേശ്യയായി കാട്ടുന്ന പ്രൊട്ടസ്റ്റന്റ് ചിത്രീകരണം

ആദ്യകാല ക്രൈസ്തവസഭ റോമാസാമ്രാജ്യത്തേയും സാമ്രാട്ടിനേയും അന്തിക്രിസ്തുവുമായി ബന്ധപ്പെടുത്തി വീക്ഷിച്ചിരിക്കാമെങ്കിലും ക്രിസ്തുമതത്തിന്റെ സ്ഥാപനവൽക്കരണത്തിനും റോമിന്റെ ക്രൈസ്തവീകരണത്തിനും ശേഷം ഈ മനോഭാവം മാറി. സാമ്രാജ്യം ഭൂമിയിൽ ദൈവഹിതത്തെ പ്രതിനിധീകരിക്കുന്നതായി വിലയിരുത്തപ്പെട്ടതോടെ, റോമിന്റേയും വ്യവസ്ഥാപിതസഭയുടേയും ശത്രുക്കൾ അന്തിക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി എണ്ണപ്പെടുകയും വെളിപാട് പുസ്തകത്തിനു പോലും ഈ നിലപാടിൽ നിന്നുള്ള പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാവുകയും ചെയ്തു. അധികാരസ്ഥാനങ്ങളെ തിന്മയുടെ പ്രതിരൂപങ്ങളായി കാണുന്ന പഴയ വ്യാഖ്യാനം സ്വീകൃതിയിലേയ്ക്കു തിരിച്ചുവന്നത്, സഭാനേതൃത്വത്തിലേയും രാഷ്ട്രാധികാരത്തിലേയും അഴിമതി പിൽക്കാലങ്ങളിൽ അതിരുവിട്ടപ്പോഴാണ്‌. ദുരന്തങ്ങളും, മതത്യാഗവും, വിശ്വസ്തരുടെ രക്തസാക്ഷിത്വവും ആയി വരാനിരുന്ന അന്തിക്രിസ്തുവിന്റെ വാഴ്ചയെക്കുറിച്ചുള്ള ഭീതി മദ്ധ്യയുഗവും കടന്ന് പതിനാറും പതിനേഴും നൂറ്റാണ്ടുകൾ വരെ ക്രൈസ്തവബോധത്തെ വേട്ടയാടി.[3]


മതത്തിലേയും രാജനീതിയിലേയും പ്രതിയോഗികളെ അന്തികിസ്തുവുമായി ബന്ധപ്പെടുത്തി, അവരോടുള്ള ചെറുത്തുനില്പിന്‌ ധാർമ്മികപരിവേഷം നൽകാനുള്ള പ്രവണതയും ക്രൈസ്തവലോകത്ത് സാധാരണമായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ സഭാനവീകരണത്തിനു ശ്രമിച്ച ജോൺ വൈക്ലിഫ് (1320-1384) മാർപ്പാപ്പയെ അന്തിക്രിസ്തുവെന്നു വിളിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലേയും റഷ്യയിലേയും[൪] വ്യവസ്ഥാപിത അധികാരസ്ഥാനങ്ങൾ നെപ്പോളിയനെതിരേയും അന്തിക്രിസ്തു വിശേഷണം ഉപയോഗിച്ചിട്ടുണ്ട്.[5]

ഇതരമതങ്ങളിൽ

[തിരുത്തുക]

ഇസ്ലാം

[തിരുത്തുക]

മസി അദ്-ദജ്ജാൽ (അറബി: الدّجّال "വഞ്ചകനായ മിശിഹാ"), ഇസ്ലാമിക യുഗാന്തചിന്തയിലെ ഒരു ദുഷ്ടവ്യക്തിത്വമാണ്‌. ഭാവിയിൽ വിധിദിവസത്തിനു മുൻപ് മിശിഹായാണെന്നവകാശപ്പെട്ട് ദജ്ജാൽ വരുവാനിരിക്കുന്നു. ദജ്ജാലിന്റെ സമയത്ത് വീണ്ടും വരുന്ന യേശുവായിരിക്കും അവനെ തോല്പിക്കുന്നതെന്നും ഇസ്ലാം മതസ്ഥർ വിശ്വസിക്കുന്നു.

പ്രവാചകൻ ഇങ്ങനെ പറഞ്ഞിരുന്നു: "ഞാൻ നിങ്ങൾക്ക് അവനെക്കുറിച്ച് മുന്നറിയിപ്പു തരുന്നു. എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതകൾക്ക് അവനെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരേ അവനെക്കുറിച്ച് ഒരു പ്രവാചകനും പറയാത്ത ഒരു കാര്യം ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഒറ്റക്കണ്ണനായിരിക്കും. അല്ലാഹു ഒറ്റക്കണ്ണനല്ല.{സാഹി ബുഖാരി}

  • കറുത്ത തലപ്പാവുകൾ ധരിച്ച എന്റെ സമൂഹത്തിൽപെട്ടവരായ എഴുപതിനായിരം പണ്ഡിതന്മാർ ദജ്ജാലിനെ അനുഗമിക്കും. (ഇമാം അഹമ്മദ് ഇബ്ൻ ഹൻബൽ മസ്നാദ് (പുറം796)[6]

യഹൂദമതം

[തിരുത്തുക]

യഹൂദ യുഗാന്തചിന്തയിലെ ഒരു സമാനസങ്കല്പമാണ്‌ അർമിലസ് (ארמילוס‎). അവൻ യെരുശലേം കീഴടക്കുകയും യഥാർത്ഥ മിശിഹാ വന്ന് അവനെ പരാജയപ്പെടുത്തുന്നതിനു മുൻപുള്ള കാലം യഹൂദജനതയെ പീഡിപ്പിക്കുകയും ചെയ്യും. അർമിലസിന്റെ അനിവാര്യമായ പരാജയം, മിശിഹായുടെ യുഗത്തിൽ തിന്മയുടെ മേലുള്ള നന്മയുടെ അന്തിമ വിജയത്തെ സൂചിപ്പിക്കുന്നു. അർമിലസിനെ കഷണ്ടിത്തലയനും, ഭാഗികമായി ബധിരനും, അംഗഭംഗം വന്നവനും കുഷ്ഠരോഗിയും ആയി ചില യഹൂദസ്രോതസ്സുകൾ ചിത്രീകരിക്കുന്നു.[7]

വിലയിരുത്തൽ

[തിരുത്തുക]

ദുഷ്ടതയെ അജയ്യമാക്കിക്കാട്ടുന്ന പകിട്ടുകളേയും അതിനെതിരെ അനതിവിദൂരഭാവിയിൽ ദൈവികശക്തി നേടാനിരിക്കുന്ന അന്തിമവിജയത്തേയും ആ വിജയത്തിൽ പങ്കുപറ്റാനാകും വരെ വിശ്വാസത്തിൽ സ്ഥിരതയോടെ നിൽക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ചുള്ള ബോദ്ധ്യങ്ങളാണ്‌ അന്തിക്രിസ്തു സങ്കല്പത്തിൽ പ്രതിഫലിക്കുന്നതെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി നിരീക്ഷിക്കുന്നുണ്ട്.[3]

കുറിപ്പുകൾ

[തിരുത്തുക]

൧.^ "കുഞ്ഞുങ്ങളേ, അവസാന നാഴികയായിരിക്കുന്നു. എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടില്ലേ? അതുപോലെ പല എതിർക്രിസ്തുമാരും ഇപ്പോൾ വന്നു കഴിഞ്ഞു."[8]

൨.^ "കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം."[9]

൩.^ "ബുദ്ധിയുള്ളവൻ ജന്തുവിന്റെ സംഖ്യ കണക്കാക്കട്ടെ. കാരണം, അത് ഒരു മനുഷ്യന്റെ സംഖ്യയായിരുന്നു. അറുനൂറ്റി അറുപത്താറാണ്‌ ആ സംഖ്യ."[10] 666 റോമൻ ചക്രവർത്തി നീറോയെ സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. എബ്രായ സംഖ്യാജ്യോതിഷം(numerology) അനുസരിച്ച്, നീറോയുടെ പേര്‌ അരമായ ഭാഷയിൽ എഴുതുമ്പോൾ അക്ഷരങ്ങളുടെ സംഖ്യാമുല്യങ്ങളുടെ തുക 666 ആയരിക്കുമത്രെ.

൪.^ നെപ്പോളിയന്റെ പേരിന്റെ ഫ്രഞ്ചു രൂപത്തിന്റെ (L'Empereur Napoleon) ഹീബ്രൂ സംഖ്യാമൂല്യം അന്തിക്രിസ്തുവിന്റെ സംഖ്യയായ 666 ആണെന്നും അതിനാൽ അദ്ദേഹം അന്തിക്രിസ്തുവാണെന്നും ഉള്ള വ്യാഖ്യാനം ടോൾസ്റ്റോയ്-യുടെ യുദ്ധവും സമാധാനവും എന്ന നോവലിൽ ഒരിടത്തു കാണാം.[11]

അവലംബം

[തിരുത്തുക]
  1. See Strong's Bible Dictionary: αντί Archived 2012-07-16 at Archive.is Related terms as noted by the Catholic Encyclopedia include: antibasileus-a king who fills an interregnum; antistrategos-a propraetor; anthoupatos-a proconsul; antitheos-in Homer,one resembling a god in power and beauty, in other works it stands for a hostile god
  2. See Strong's Bible Dictionary: χριστος Archived 2012-07-11 at Archive.is
  3. 3.0 3.1 3.2 3.3 The Antichrist, the Oxford Companion to the Bible, പുറങ്ങൾ 31-32
  4. Strong's G500 "Word Search Results for "antichristos (Strong's 500) Strong's antichristos (Strong's 500)"". The Blue Letter Bible. Retrieved 2007-11-27. {{cite web}}: Check |url= value (help)
  5. Bertrand Russel, A History of Western Philosophy(പുറങ്ങൾ 485, 751-752
  6. "Harun Yahya". Awaited Mahdi.com. Archived from the original on 2011-08-17. Retrieved 2010-06-18.
  7. "Midrash Vayosha". Archived from the original on 2010-06-10. Retrieved 2010-07-04.
  8. 1 യോഹന്നാൻ 2:18-19, മലയാളം ഓശാന ബൈബിൾ
  9. 1 യോഹന്നാൻ 2:18, സത്യ വേദപുസ്തകം, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ
  10. വെളിപാട് പുസ്തകം അദ്ധ്യായം 13:18
  11. യുദ്ധവും സമാധാനവും, ഒൻപതാം പുസ്തകം, അദ്ധ്യായം XIX
"https://ml.wikipedia.org/w/index.php?title=അന്തിക്രിസ്തു&oldid=4018808" എന്ന താളിൽനിന്ന് ശേഖരിച്ചത്