Jump to content

ബർലാമും ജോസഫാത്തും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Barlaam and Josaphat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്തീയകലയിൽ ജോസഫാത്തിന്റെ ചിത്രീകരണത്തിന്റെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു മാതൃക

ഗൗതമബുദ്ധന്റെ ജീവിതകഥയെ ആശ്രയിച്ച് രൂപപ്പെട്ട്, മദ്ധ്യയുഗങ്ങളിൽ ക്രൈസ്തവലോകത്ത് ഏറെ പ്രചാരവും മാന്യതയും നേടിയ ഒരു കല്പിതകഥയാണ് ബർലാമും ജോസഫാത്തും. പുരാതന ഇന്ത്യയിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കപ്പെടുന്ന സത്യാന്വേഷിയായ ജോസഫാത്ത് എന്ന രാജകുമാരന്റേയും അയാളെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ബർലാം എന്ന ക്രൈസ്തവതാപസന്റേയും കഥയാണിത്. ജോസഫാത്ത് എന്ന പേര് ബോധിസത്ത്വൻ എന്ന വാക്കിന്റെ ആവർത്തിച്ചുള്ള രൂപപരിണാമം വഴി ഉണ്ടായതാണെന്നു കരുതപ്പെടുന്നു. ഈ കഥയുടെ ബലത്തിൽ ബർലാമും ജോസഫാത്തും പാശ്ചാത്യ-പൗരസ്ത്യക്രിസ്തീയതകളുടെ പുണ്യവാളപ്പട്ടികകളിൽ പോലും ഉൾപ്പെട്ടു.[1]

കഥാസംഗ്രഹം[തിരുത്തുക]

ബർലാമും ജോസഫാത്തും, 1680-ലെ റഷ്യൻ മുദ്രണം

ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പസ്തോലന്റെ വേദപ്രചാരവേലയുടെ ഫലമായി ക്രൈസ്തവീകരിക്കപ്പെട്ട ഇന്ത്യയിൽ നാലാം നൂറ്റാണ്ടിൽ അധികാരത്തിൽ വന്നതായി സങ്കല്പിക്കപ്പെട്ട ക്രിസ്തുമതവിരുദ്ധനായ അബെന്നർ ചക്രവർത്തിയുടെ പുത്രനാണ് കഥയിലെ ജോസഫാത്ത്. രാജകുമാരൻ ക്രിസ്തുമതം സ്വീകരിക്കുമെന്നു ജനത്തിനു മുൻപു തന്നെ ജോത്സ്യന്മാർ പ്രവചിച്ചിരുന്നതിനാൽ ബാഹ്യലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തി സുഖഭോഗങ്ങളുടെ നടുവിൽ ചക്രവർത്തി അയാളെ വളർത്തി. ഈ വിലക്കുകൾക്കിടയിലും ലോകദുഃഖം തിരിച്ചറിഞ്ഞ ജോസഫാത്തിനെ ഒരു രന്തവ്യാപാരിയുടെ വേഷത്തിൽ വന്നെത്തിയ ബർലാം ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നു. ഈ മാറ്റം തടയാൻ ശ്രമിച്ചു പരാജയപ്പെട്ട ചക്രവർത്തി, ഒടുവിൽ സ്വയം ക്രിസ്ത്യാനിയായ ശേഷം രാജ്യഭാരം മകനെ ഏല്പിച്ച് താപസനാവുന്നു. കുറേക്കാലം രാജ്യം ഭരിച്ച ശേഷം ജോസഫാത്തും ഒടുവിൽ ചക്രവർത്തി പദം ഉപേക്ഷിച്ചു തപസ്സിന്റെ വഴി പിന്തുടർന്ന് മരുഭൂമിയിലെത്തുന്നു. അവിടെ തന്റെ ഗുരു ബർലാമിനെ വീണ്ടും കണ്ടുമുട്ടുന്ന അയാൾ ഗുരുവിനൊപ്പം വിശുദ്ധജീവിതം നയിച്ചു ഒടുവിൽ മരണം പ്രാപിക്കുന്നു.[1]

ഉത്ഭവം[തിരുത്തുക]

ബുദ്ധകഥയുടെ ഈ ക്രിസ്തീയഭാഷ്യത്തിന്റെ ആദിരൂപം, മഹായാനപാരമ്പര്യത്തിലെ സംസ്കൃതമൂലത്തിൽ നിന്ന് പരിഭാഷകളുടേയും പരാവർത്തനങ്ങളുടേയും ഒരു പരമ്പരയിലൂടെ ഉരുത്തിരിഞ്ഞതാണ്. സംസ്കൃതത്തിലെ മൂലരചനയുടെ കടപ്പാട്, അശ്വഘോഷ ന്റെ ബുദ്ധചരിതം, മഹായാനപാരമ്പര്യത്തിലെ ആദ്യപാഠങ്ങളിലൊന്നായ ലളിതവിസ്താരം, പാലിഭാഷയിലെ ജാതകകഥകൾ എന്നിവയോടാകാം. മൂലകഥ മനിക്കേയൻ പരിഭാഷകർ വഴി മദ്ധ്യപേർഷ്യനിലും അതിൽ നിന്ന് അറബി ഭാഷയിലുമെത്തിയിരിക്കാം. അറബിയിൽ നിന്ന് ഒരു എബ്രായ പരിഭാഷയും അതിൽ നിന്ന് ജൂത-പേർഷ്യൻ പരിഭാഷയും പിറന്നു. ജൂതപേർഷ്യനിൽ നിന്ന് ഒൻപതാം നൂറ്റാണ്ടിൽ അത് ജോർജ്ജിയൻ ഭാഷയിലെത്തി. ജോർജ്ജിയൻ പരിഭാഷയെ ആശ്രയിച്ച് ജോർജ്ജിയൻ താപസൻ യൂത്തിമിയസ് അതിനെ ഗ്രീക്കു ഭാഷയിലെത്തിച്ചു. പിൽക്കാലത്തുണ്ടായ ക്രിസ്തീയഭാഷ്യങ്ങളുടെയെല്ലാം ഉറവിടം ഈ ഗ്രീക്കു പരിഭാഷയാണ്.[2] ഈ പരിഭാഷ, വിഖ്യാത ക്രിസ്തീയചിന്തകൻ ദമാസ്കസിലെ യോഹന്നാനെ (John of Damascus) അതിന്റെ കർത്താവായി സങ്കല്പിച്ചു. തുടർന്ന് ലത്തീൻ, പുരാതന നോർസ്, റഷ്യൻ, എത്യോപിക്, കാറ്റലൻ, പോർച്ചുഗീസ്, ഐസ്‌ലാണ്ടിക്, ഇറ്റാലിയൻ, ഫ്രെഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അതിനു പരിഭാഷകളുണ്ടായി. ഷേക്സ്പിയറുടെ "വെനീസിലെ വ്യാപാരി" എന്ന നാടകത്തിലെ ഒരു ഭാഗം, ഈ കഥയിലെ ഒരു സന്ദർഭത്തെ ഉപജീവിക്കുന്നു.[3]

'വിശുദ്ധർ'[തിരുത്തുക]

കല്പിതകഥയിലെ പാത്രങ്ങളാണെങ്കിലും ബർലാമിനും ജോസഫാത്തിനും പല ക്രിസ്തീയവിഭാഗങ്ങളിലും വിശുദ്ധപദവി ലഭിച്ചു. റോമൻ കത്തോലിക്കാസഭയിൽ നവംബർ 27 അവരുടെ അനുസ്മരണദിനം ആയപ്പോൾ ഗ്രീക്കു സഭയുടെ പഞ്ചാംഗത്തിൽ അത് ആഗസ്റ്റ് 26-ന് ആയി.[4]ബെൽജിയത്തിൽ ആന്ത്വെർപ്പിലെ ഒരു ദേവാലയത്തിൽ 'വിശുദ്ധ' ജോസഫാത്തിന്റേതായി പറയപ്പെടുന്ന അസ്ഥിശകലങ്ങൾ തിരുശേഷിപ്പുകളായി ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 വേലായുധൻ പണിക്കശ്ശേരി, "മാർക്കോപോളോ ഇന്ത്യയിൽ" (പുറങ്ങൾ 48-51)
  2. BARLAAM AND IOSAPH, Encyclopedia Iranica
  3. 3.0 3.1 Diarmaid Macculloch "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറങ്ങൾ 231-32)
  4. "ബർലാമും ജോസഫാത്തും", കത്തോലിക്കാവിജ്ഞാനകോശം
"https://ml.wikipedia.org/w/index.php?title=ബർലാമും_ജോസഫാത്തും&oldid=2284762" എന്ന താളിൽനിന്ന് ശേഖരിച്ചത്