Jump to content

സെനക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെനക്കയുടെ ഒരു പുരാതന അർത്ഥകായശില്പം

ലത്തീൻ സാഹിത്യത്തിന്റെ രജതയുഗത്തിൽ പുരാതന റോമിൽ ജീവിച്ചിരുന്ന സ്റ്റോയിക് ചിന്തകനും, രാജ്യതന്ത്രജ്ഞനും നാടകകൃത്തും ആയിരുന്നു ലുസ്യസ് അന്നേയസ് സെനക്ക (ജനനം ബിസി 4; മരണം എഡി 65) . ഒരു ഹാസ്യരചനയും അദ്ദേഹത്തിന്റേതായുണ്ട്. അവസാനത്തെ ജൂലിയോ-ക്ലോഡിയൻ ഭരണാധികാരിയായിരുന്ന നീറോ ചക്രവർത്തിയ്ക്ക് അദ്ദേഹം ഗുരുവും ഉപദേഷ്ടാവും ആയിരുന്നു. എങ്കിലും നീറോയെ അപായപ്പെടുത്താനായി നടന്ന "പിസോയുടെ ഗുഢാലോചനയിൽ" പങ്കുചേർന്നു എന്ന ആരോപണത്തെ തുടർന്ന് ചക്രവർത്തി അദ്ദേഹത്തെ നിർബ്ബന്ധപൂർവം ആത്മഹത്യ ചെയ്യിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം നിരപരാധി ആയിരുന്നിരിക്കാനാണ് സാദ്ധ്യത.[1][2]

എഴുത്തുകാരനും താർക്കികനുമായ "മുതിർന്ന സെനക്ക" അദ്ദേഹത്തിനു പിതാവും റോമൻ സാമാജികൻ ഗല്ലിയോ മൂത്ത സഹോദരനും ആയിരുന്നു. പിതാവിൽ നിന്നു വേർതിരിച്ചു കാട്ടാനായി "ചെറിയ സെനക്ക" (Seneca the Younger) എന്ന പേരിൽ അദ്ദേഹത്തെ പരാമർശിക്കുക പതിവാണ്.

ജീവിതം

[തിരുത്തുക]

തുടക്കം

[തിരുത്തുക]

റോമിലെ സംസ്കൃതവൃത്തങ്ങളിൽ വ്യാപരിച്ചിരുന്ന സ്പെയിൻകാരനായ 'മുതിർന്ന' സെനക്കയുടെ മകനായി സ്പെനിയിലെ കൊർദോവ നഗരത്തിലാണ് സെനക്ക ജനിച്ചത്. ജനിച്ചു താമസിയാതെ അദ്ദേഹത്തെ റോമിലേക്കു കൊണ്ടുപോയി. അവിടെ കിട്ടാവുന്നതിൽ നല്ല വിദ്യാഭ്യാസവും ലഭിച്ചു. പ്രഗല്ഭരായ ഗുരുക്കന്മാരിൽ നിന്നു സ്റ്റോയിക്ക്, എപ്പിക്യൂറിയൻ ദർശനങ്ങൾ പഠിച്ച അദ്ദേഹത്തിനു പ്രായോഗിക രാജനീതിയിൽ ഗുരുവായത് ഈജിപ്തിലെ റോമൻ സ്ഥാനപതിയായിരുന്ന ഒരു ബന്ധുവാണ്. ഒടുവിൽ വക്കീൽ പണിയിലേക്കു തിരിഞ്ഞ അദ്ദേഹം ആ വഴിയിൽ 'ക്വസ്റ്റർ' എന്ന സർക്കാർ പദവിയിലെത്തി. താമസിയാതെ സെനക്ക പോമ്പിയ പൗലീന എന്ന വനിതയെ വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യം സാമാന്യസന്തുഷ്ടി ഉള്ളതായിരുന്നു.

ചെറുപ്പത്തിൽ സസ്യമാത്രാഹാരം പരിശീലിക്കാൻ ശ്രമിച്ച അദ്ദേഹം ഒരു വർഷത്തിനു ശേഷം അതുപേക്ഷിച്ചെങ്കിലും ജീവിതകാലമാത്രയും പാനഭോജനങ്ങളിൽ മിതത്വം പാലിച്ചിരുന്നു. ഇടക്ക് കാസരോഗം വലച്ചപ്പോൾ സെനക്ക ആത്മഹത്യ പോലും ആലോചിച്ചു. അക്കാലത്ത് കലിഗുള ചക്രവർത്തിയുടെ അപ്രീതിക്കു പാത്രമായ സെനക്കയെ ചക്രവർത്തി വധിക്കാനൊരുങ്ങിയെങ്കിലും താമസിയാതെ ക്ഷയം പിടിച്ചു സ്വാഭാവികമായി മരിച്ചു കൊള്ളുമെന്നു ചക്രവർത്തിയെ ബോദ്ധ്യപ്പെടുത്തി സുഹൃത്തുക്കൾ അദ്ദേഹത്തെ രക്ഷപെടുത്തി.[3]

കോർസിക്ക

[തിരുത്തുക]

കലിഗുളയെ തുടർന്നു ചക്രവർത്തിയായ ക്ലോഡിയസിന്റെ കാലത്ത് സെനക്ക വീണ്ടും വിഷമത്തിലായി. കലിഗുളയുടെ സഹോദരി ജെർമാനിക്കസിന്റെ മകൾ ജൂലിയായുമായി അദ്ദേഹത്തിന് അനുചിതബന്ധമുണ്ടെന്ന രാജപത്നി മെസ്സാലിനയുടെ ആരോപണമായിരുന്നു കാരണം. തുടർന്ന് അദ്ദേഹത്തെ കോർസിക്ക ദ്വീപിലേക്കു നാടുകടത്തി. അവിടത്തെ അസൗമ്യമായ ചുറ്റുപാടുകളിൽ അദ്ദേഹത്തിനു പൊതുവർഷം 41 മുതൽ 49 വരെയുള്ള 8 വർഷം കഴിയേണ്ടി വന്നു. ഈ കഷ്ടപ്പാടിനെ ദാർശനികമായ നിർമ്മമതയോടെ ആദ്യം നേരിട്ട അദ്ദേഹത്തിനു ക്രമേണ മനസ്സിടിഞ്ഞു. തുടർന്ന് ദുരന്തനാടകങ്ങളുടെ രചനയിൽ അദ്ദേഹം ആശ്വാസം കണ്ടെത്തി. ദീർഘപ്രഭാഷണങ്ങളും ആപ്തവാക്യങ്ങളും നിറഞ്ഞ് ദാർശനികതയുടെ ഭാരം ചുമക്കുന്ന ആ കൃതികൾ, നാടകങ്ങളെന്ന നിലയിൽ പരാജയമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്.

രാജഗുരു

[തിരുത്തുക]

പൊതുവർഷം 48-ൽ, സെനക്കയുടെ ശത്രു മെസ്സാലിനയുടെ സ്ഥാനത്ത് അഗ്രിപ്പീന ക്ലാദിയസ് ചക്രവർത്തിയുടെ ഇഷ്ടപത്നി ആയതോടെ സെനക്കയ്ക്ക് നല്ലകാലമായി. 11 വയസ്സുണ്ടായിരുന്ന മകൻ നീറോ രാജകുമാരനു യോഗ്യനായ ഗുരുവിനെ അന്വേഷിച്ച അഗ്രിപ്പീന ഒടുവിൽ തെരഞ്ഞെടുത്തതു കോർസിക്ക ദ്വീപിൽ പ്രവാസിയായിരുന്ന സെനക്കയെ ആണ്. അങ്ങനെ പ്രവാസത്തിൽ നിന്നു മടങ്ങിവന്ന അദ്ദേഹം നീറോയെ സ്റ്റോയിക് ദർശനവും മറ്റും അഭ്യസിപ്പിക്കാൻ തുടങ്ങി. നീറോയ്ക്കു വേണ്ടി സെനക്ക എഴുതിയ സ്റ്റോയിക് ചിന്താവ്യാഖ്യാനങ്ങൾ അദ്ദേഹത്തിന്റെ നാടകങ്ങളെപ്പോലെ ആപ്തവാക്യങ്ങളും ആവർത്തനങ്ങളും നിറഞ്ഞ വിരസവായനയായി തോന്നിയേക്കാമെങ്കിലും സെനക്കയുടെ സമകാലീനർക്കിടയിൽ ഏറെ പ്രചാരം നേടി.[3]

അധികാരം

[തിരുത്തുക]

രാജപത്നി അഗ്രിപ്പീനയുടെ പിന്തുണയോടെ സാമ്രാജ്യത്തിലെ അധികാരകേന്ദ്രത്തോട് അടുത്തുനിന്ന സെനക്ക, അങ്ങനെ രാജനീതിയിലും ശക്തനായി. വളരെ സമ്പത്തും അദ്ദേഹം സ്വരുക്കൂട്ടി. ഏറെക്കാലം സെനക്ക റോമിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനും, രാജ്യതന്ത്രജ്ഞനും, മുന്തിരികൃഷിക്കാരനും ആയിരുന്നു. സ്റ്റോയിക് നിർമ്മമതയുടെ വക്താവായിരുന്നെകിലും സമ്പദ്സമാഹരണത്തിൽ അധികാരത്തിന്റെ സൗകര്യങ്ങൾ അദ്ദേഹം നന്നായി ഉപയോഗിച്ചു. ബ്രിട്ടൻ ഉൾപ്പെടെയുള്ള റോമൻ പ്രവിശ്യകളിൽ കൊള്ളപ്പലിശക്ക് പണം കടം കൊടുത്ത് അദ്ദേഹം സമ്പത്ത് വർദ്ധിപ്പിച്ചു. പൊതുവർഷം 60-61-ൽ റാണി ബൊവാഡിസിയയുടെ നേതൃത്വത്തിൽ റോമൻ മേൽക്കോയ്മക്കെതിരെ ബ്രിട്ടണിൽ നടന്ന കലാപത്തിന്റെ കാരണങ്ങളിലൊന്ന് സെനക്ക ഉൾപ്പെടെയുള്ള പണമിടപാടുകാരുടെ ദുര ആയിരുന്നെന്നു ചരിത്രകാരനായ കാസിയൂസ് ദിയോ കുറ്റപ്പെടുത്തിയിട്ടുണ്ട്.[4]

പൊതുവർഷം 54-ൽ ചക്രവർത്തിപദത്തിലെത്തിയ നീറോയ്ക്ക് സെനക്ക ഉപദേഷ്ടാവായി. എങ്കിലും അധികാരത്തിൽ വലിയൊരു പങ്ക് കൈയ്യാളിയിരുന്നത് രാജമാതാവ് അഗ്രിപ്പീന ആയിരുന്നു. ഈ മാതൃവാഴ്ച ഇഷ്ടപ്പെടാതിരുന്ന സെനക്ക അത് അവസാനിപ്പിക്കാൻ മുൻകൈയ്യെടുത്തു. സെനക്കയുടെ ഉപദേശമനുസരിച്ചുള്ള നീറോയുടെ ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ സാമ്രാജ്യം അഭിവൃദ്ധി പ്രാപിച്ചു. എങ്കിലും ക്രമേണ പെരുകിവന്ന നീറോയുടെ അതിക്രമങ്ങൾ കണ്ട അദ്ദേഹം, ചക്രവർത്തിയുടെ ഭോഗവാസനയെ പ്രീണിപ്പിച്ച് രാജനീതിയിൽ നിന്ന് അദ്ദേഹത്തെ അകറ്റിനിർത്താൻ ശ്രമിച്ചു. എങ്കിലും നീറോയുടെ പാതകങ്ങളിൽ പലതുമായും അദ്ദേഹത്തിനു സഹകരിക്കേണ്ടി വന്നു. തന്നെ വിമർശിച്ച അമ്മ അഗ്രിപ്പീനയെ കൊലപ്പെടുത്തിയ നീറോ അതിനെ ന്യായീകരിച്ചു സെനറ്റിനയച്ച കത്ത് സെനക്കയുടെ തൂലികയിൽ പിറന്നതായിരുന്നു .[5]

നീറോയുടെ അതിക്രമങ്ങൾ അതിരു വിട്ടപ്പോൾ തനിക്കു ബാക്കിയുണ്ടായിരുന്ന അധികാരത്തിൽ നിന്നു കൂടി വിരമിക്കാൻ സെനക്ക ആഗ്രഹിച്ചെങ്കിലും ചക്രവർത്തി അത് ആദ്യം അനുവദിച്ചില്ല. പൊതുവർഷം 64-ലെ അഗ്നിബാധക്കു ശേഷം റോമിന്റെ പുനർനിർമ്മിതിക്കു ചക്രവർത്തി സംഭാവന ആവശ്യപ്പെട്ടപ്പോൾ തന്റെ സ്വത്തിന്റെ വലിയൊരു ഭാഗം സെനക്ക സംഭാവന നൽകി. ക്രമേണ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ അദ്ദേഹം തെക്കൻ ഇറ്റലിയിൽ ക്യാമ്പേനിയയിലുള്ള തന്റെ വസതിയിൽ ഒതുങ്ങി കഴിഞ്ഞു. ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നെങ്കിലോ എന്ന ഭയത്തിൽ കുറേക്കാലം അദ്ദേഹം കാട്ടുകനികളും ഒഴുക്കുവെള്ളവും മാത്രം ആഹരിച്ചു ജീവിച്ചു. ചക്രവർത്തിയുടെ ചാരന്മാരേയും വധശ്രമങ്ങളേയും ഭയന്ന് ഒറ്റപ്പെട്ടു ജീവിച്ച ഇക്കാലത്താണ് അദ്ദേഹം പുരാതനലേഖകന്മാരുടെ പ്രപഞ്ച, പ്രകൃതി നിരീക്ഷണങ്ങൾ സമാഹരിച്ച 'പ്രകൃതിസമസ്യകൾ' (Naturales quaestiones) എന്ന കൃതി എഴുതിയത്. "ലൂസില്ലസിനുള്ള സന്മാർഗ്ഗലേഖനങ്ങൾ" എന്ന കൃതിയാണ് സെനക്കയുടെ ഇക്കാലത്തെ രചനകളിൽ ഏറ്റവും പ്രസിദ്ധമായത്. സ്റ്റോയിക് ചിന്തയുടെ സൗമ്യവ്യാഖ്യാനമാണത്.

സെനക്കയുടെ മരണം

പൊതുവർഷം 65-ലെ നീറോയെ വധിക്കാനായി നടന്ന ഗൂഢാലോചനയിൽ പങ്കുചേർന്നുവെന്ന ആരോപണത്തിനു മറുപടി പറയാൻ ചക്രവർത്തി സെനക്കയ്ക്ക് ആളയച്ചു. തനിക്കു രാജനീതിയിൽ താത്പര്യമില്ലെന്നും സമാധാനം മാത്രമേ അന്വേഷിക്കുന്നുള്ളു എന്നും സെനക്ക മറുപടി പറഞ്ഞു. മറുപടി നീറോയെ അറിയിച്ച സന്ദേശവാഹകൻ, സെനക്ക ഭയമോ ദുഃഖമോ പശ്ചാത്താപമോ പ്രകടിപ്പിച്ചില്ലെന്നും വ്യക്തമാക്കി. "അയാളോടു മരിക്കാൻ പറയുക" എന്നു പറഞ്ഞു നീറോ വീണ്ടും സന്ദേശവാഹകനെ അയച്ചു. സന്ദേശം കേട്ട സെനക്ക വിൽപ്പത്രം എഴുതാനിരുന്നപ്പോൾ, കല്പന ഉടൻ നടപ്പാക്കാനാണ് ഉത്തരവെന്നു സന്ദേശവാഹകൻ അറിയിച്ചു.[4] അതോടെ സെനക്ക പത്നിയെ ആലിംഗനം ചെയ്ത ശേഷം സ്വന്തം ധമനികൾ മുറിച്ച് രക്തമൊഴുക്കി. രക്തം വാർന്നു പൊയ്ക്കൊണ്ടിരിക്കെ അദ്ദേഹം തന്റെ കേട്ടെഴുത്തുകാരന് റോമൻ ജനതക്കുള്ള അന്തിമസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് മരണം വേഗത്തിലാക്കാനും സോക്രട്ടീസിന്റെ മാതൃക പിന്തുടരാനുമായി അദ്ദേഹം ഹെംലോക്ക് എന്ന വിഷപാനീയവും കുടിച്ചു. ഭർത്താവിനൊപ്പം മരിക്കാനാഗ്രഹിച്ച സെനക്കയുടെ പത്നി പൗളീനയും സ്വന്തം ധമനികൾ മുറിച്ചു മരിക്കാൻ ശ്രമിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. നീറോയുടെ ഉത്തരവനുസരിച്ച് വൈദ്യന്മാർ അവളുടെ ധമനികൾ കെട്ടി രക്തശ്രാവം നിർത്തി.[3][6]

സിസിലിയിലെ റോമൻ ഗവർണ്ണറെ സംബോധന ചെയ്ത് എഴുതിയിരിക്കുന്ന "ലൂസില്ലസിനുള്ള സന്മാർഗ്ഗലേഖനങ്ങൾ" എന്ന രചന സ്റ്റോയിക് ചിന്തയുടെ പ്രസാദപൂർണ്ണമായ വ്യാഖ്യാനമാണ്. ധനികനായ ഒരു മനുഷ്യന്റെ ആവശ്യങ്ങൾ മുന്നിൽ കണ്ട് സ്റ്റോയിക് ആദർശം വിശദീകരിക്കുകയാണ് അതിൽ സെനക്ക. പിൽക്കാലലേഖകന്മാർ ഏറെ പിന്തുടർന്ന ആത്മഗതശൈലിയിലുള്ള പ്രബന്ധം (informal essay) എന്ന രചനാസങ്കേതത്തിന്റെ ആദ്യമാതൃകകളായിരുന്നു അതിൽ സമാഹരിക്കപ്പെട്ടിരുന്നത്. സാഹിത്യത്തിന്റേയും, രാജനീതിയുടേയും ദർശനത്തിന്റേയും ആഴങ്ങളറിഞ്ഞ ജ്ഞാനിയും സഹിഷ്ണുവും സൗമ്യനുമായ ഒരു റോമാക്കാരനെ അവയിൽ വായനക്കാർ കണ്ടെത്തുന്നു. തന്റെ വാർദ്ധക്യത്തേയും കാസരോഗത്തേയും അലസമായ രചനാശൈലിയേയും ഒക്കെ സെനക്ക അതിൽ ഫലിതത്തോടെ നോക്കിക്കാണുന്നു.[൧] എല്ലാക്കാര്യത്തിലും ഒരു പോലെ ജ്ഞാനികളാകാൻ നമുക്കാവില്ല എന്നത് തത്ത്വചിന്തയുടെ ആദ്യപാഠമാണെന്ന് അദ്ദേഹം കരുതി. അനന്തതയുടെ കണങ്ങളും നിത്യതയിലെ നിമിഷങ്ങളും മാത്രമായ നാം പ്രപഞ്ചത്തെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ആകാശഗോളങ്ങൾ ആർത്തുചിരിക്കും. അതിനാൽ സെനക്ക വേദാന്തത്തിൽ നിന്നും ദൈവശാസ്ത്രത്തിൽ നിന്നും അകലം പാലിക്കുന്നു. ദൈവസ്വഭാവം, ആത്മാവ്, ധാർമ്മികദർശനം എന്നിവയിൽ അദ്ദേഹം അവസാനവാക്കായി ഒരു നിയമവും അവതരിപ്പിക്കുന്നില്ല.[3]

മദ്ധ്യകാലത്തെ ഒരു കൈയെഴുത്തുപ്രതിയിൽ പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും നടുവിൽ സെനക്ക

അതേസമയം, സന്തുഷ്ടിയാണ് നമ്മുടെ ലക്ഷ്യമെങ്കിലും അതിലേക്കുള്ള വഴി സദാചാരത്തിന്റേതാണെന്നു സെനക്ക കരുതി. സുഖം നന്മയാകുന്നത്, സദാചാരവുമായി ഇണങ്ങി നിൽക്കുമ്പോഴാണ്. എറിഞ്ഞുകിട്ടുന്ന ഓരോ എല്ലിൻകഷണത്തിനും നേരേ ഓടുന്ന നായ്ക്കളാകരുത് നാം. എല്ലാദിവസവും പ്രവൃത്തികളെ അവലോകനം ചെയ്തും അവനവന്റെ തെറ്റുകളെ കാർക്കശ്യത്തോടെയും മറ്റുള്ളവരുടെ വീഴ്ചകളെ കാരുണ്യത്തോടെയും വീക്ഷിച്ചും നമുക്ക് ജ്ഞാനത്തിൽ മുന്നേറാം. ഏകാന്തതാപ്രേമത്തെ മാനസികമായ പക്വതയുടെ ലക്ഷണങ്ങളിലൊന്നായി അദ്ദേഹം കരുതി. മനുഷ്യർ കൂട്ടുചേരുമ്പോഴാണ് ഒറ്റയായിരിക്കുമ്പോൾ എന്നതിനേക്കാൾ ദുഷ്ടത കാട്ടുന്നത്. മനുഷ്യരുടെ മരണഭയത്തേയും ഈ രചനയിൽ സെനക്ക വിമർശിക്കുന്നു. നിത്യതയോളം തുടരാൻ മാത്രം സന്തുഷ്ടി നിറഞ്ഞതല്ല ജീവിതം. ജീവന്റെ ജ്വരബാധക്കു ശേഷം മരണനിദ്രയെ നാം സ്വാഗതം ചെയ്യുകയാണു വേണ്ടത്. ശാന്തിയുടെ പടിവാതിൽക്കൽ മടിച്ചു നിൽക്കുന്നതിനേക്കാൾ നിന്ദനീയമായി മറ്റെന്തുണ്ട്? ജീവിതം അവസാനിപ്പിക്കാൻ പല വഴികളും ഉണ്ടെന്നിരിക്കെ ജീവിതത്തെക്കുറിച്ചു പരാതി പറയാൻ നമുക്ക് ഒരു ന്യായവുമില്ല. ധമനികൾ മുറിച്ചോ, ഹൃദയം ഭേദിച്ചോ, കൊക്കയിൽ ചാടിയോ, നദിയിൽ മുങ്ങിയോ എല്ലാം നമുക്ക് നിത്യസ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കാവുന്നതാണ്.[3]

വിലയിരുത്തൽ

[തിരുത്തുക]

സെനക്കയുടെ ജീവിതചര്യ, അദ്ദേഹം പ്രഘോഷിച്ച സ്റ്റോയിക് ആദർശത്തിലെ നിർമ്മമതയുമായി പലപ്പോഴും ചേർന്നുപോയില്ല. എഴുത്തുകാരനെന്ന നിലയിൽ സ്റ്റോയിക് ആദർശത്തിന്റെ തികവുറ്റ മാതൃകയും ജീവിതത്തിൽ അതിന്റെ സന്ദിഗ്ദ്ധമാതൃകയും അദ്ദേഹം കാഴ്ചവച്ചു. രാജനീതിയിൽ നീറോയുടെ അതിക്രമങ്ങൾക്ക് മനസ്സില്ലാതെയെങ്കിലും പലപ്പോഴും കൂട്ടുനിന്നതിന്റെ പേരിലും, ആർത്തിയോടെ നടത്തിയ സ്വകാര്യസമ്പദ്സമാഹരണത്തിന്റെ പേരിലും അദ്ദേഹം വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, രചനകളിലെ ആദർശധീരതയും, മരണത്തിന്റെ അസാധാരണതയും പിൽക്കാലങ്ങളിൽ സെനക്കയുടെ വ്യക്തിത്വത്തിന്റെ ആദർശവൽക്കരണത്തിനു വഴിതെളിച്ചു. ക്രിസ്തീയചിന്തയിലെ ഉന്നതന്മാരിൽ പലരും സെനക്കയെ പുകഴ്ത്തി. ലത്തീൻ ക്രിസ്തീയസാഹിത്യത്തിന്റെ പ്രാരംഭകനായ തെർത്തുല്യൻ (160-220) അദ്ദേഹത്തെ "നമ്മിൽ ഒരാൾ" എന്നു വിശേഷിപ്പിച്ചു."'പേഗൻ' ആയ അദ്ദേഹം പറഞ്ഞതിനപ്പുറം നമുക്കെന്തു പറയാനിരിക്കുന്നു" എന്ന് അഗസ്റ്റിനും അത്ഭുതപ്പെട്ടു. സെനക്കയും പൗലോസ് അപ്പസ്തോലനും കൈമാറിയതായി പറയപ്പെട്ട കത്തുകളും ഒരു കാലത്ത് പ്രചരിച്ചിരുന്നു. അവയുടെ പരമാർത്ഥതയിൽ ജെറോമിനെപ്പോലുള്ള ക്രിസ്തീയപണ്ഡിതന്മാർ വിശ്വസിച്ചിരുന്നു.[4]

മദ്ധ്യകാലക്രിസ്തീയസങ്കല്പമനുസരിച്ചുള്ള പരലോകചിത്രം വരച്ചുകാട്ടിയ ഡിവൈൻ കോമഡിയിൽ ഡാന്റെ, സെനക്കയ്ക്ക്, ക്രിസ്തീയവിശ്വാസവുമായി പരിചയപ്പെടാതിരുന്നിട്ടും ധാർമ്മികജീവിതം നയിച്ച പൗരാണികലോകത്തിലെ മറ്റു മഹദ്‌വ്യക്തികൾക്കൊപ്പം സ്വർഗ്ഗനരകങ്ങളുടെ അതിരിലുള്ള 'ലിംബോ' എന്നയിടത്തിൽ സ്ഥാനം കൊടുത്തു.[7]

റോമാസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ചിന്തകന്മാരിൽ ഒരാളാണു സെനക്ക. സ്റ്റോയിക് ചിന്തയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം അതിപ്രധാനമാണ്. പിൻകാലങ്ങൾ സ്റ്റോയിസിസത്തെ വിലയിരുത്തിയത് സെനക്കയുടെ അവതരണത്തെ മുൻനിർത്തിയാണ്. നവോത്ഥാനയുഗത്തിൽ നടന്ന സ്റ്റോയിക് ചിന്തയുടെ പുനർജ്ജനി സെനക്കയുടെ രചനകളെ ആശ്രയിച്ചായിരുന്നു.[8]

കുറിപ്പുകൾ

[തിരുത്തുക]

^ കാസരോഗിയുടെ വലിവ്, അന്ത്യശ്വാസം വലിയുടെ പരിശീലനമാണെന്നായിരുന്നു ഫലിതം.

അവലംബം

[തിരുത്തുക]
  1. Bunson, Matthew, A Dictionary of the Roman Empire page 382. Oxford University Press, 1991
  2. Fitch, John (2008). Seneca. City: Oxford University Press, USA. p. 32. ISBN 978-0-19-928208-1.
  3. 3.0 3.1 3.2 3.3 3.4 വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ മൂന്നാം ഭാഗം (പുറങ്ങൾ 301-308)
  4. 4.0 4.1 4.2 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറം 260)
  5. വിൽ ഡുറാന്റ് (പുറങ്ങൾ 274-84)
  6. ന്യൂയോർക്കിലെ ഫൊർധാം സർവകലാശാലയുടെ ഇന്റർനെറ്റ് സോഴ്സ്ബുക്ക്, റോമൻ ചരിത്രകാരനായ ടാസിറ്റസ് വിവരിക്കുന്ന സെനക്കയുടെ മരണം Archived 2014-11-08 at the Wayback Machine.
  7. ക്രിസ്റ്റ്യൻ ക്ലാസ്സിക്സ് എത്തേറിയൽ ലൈബ്രറിയിൽ ഡിവൈൻ കോമഡിയുടെ ആദ്യഖണ്ഡമായ ഇൻഫെർണോ, നാലാം കാന്റോ
  8. സെനക്കയെക്കുറിച്ച് സ്റ്റാൻഫോർഡ് ദാർശനികവിജ്ഞാനകോശത്തിലുള്ള ലേഖനം

[[വർഗ്ഗം:Upload Photos of Natural Heritage sites of India to help Wikipedia & win fantastic Prizes Check out the rules here [ഒഴിവാക്കുക] Reading Problems? Click here സഹായം വർഗ്ഗം:1-ആം നൂറ്റാണ്ടിലെ തത്ത്വചിന്തകർ]]

"https://ml.wikipedia.org/w/index.php?title=സെനക്ക&oldid=3989261" എന്ന താളിൽനിന്ന് ശേഖരിച്ചത്