സുസ്ഥിര വികസന ലക്ഷ്യങ്ങളും ഇന്ത്യയും
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികൾ "സുസ്ഥിര വികസന ലക്ഷ്യങ്ങളും ഇന്ത്യയും" എന്നറിയപ്പെടുന്നു. ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു.[1] ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[2]
പശ്ചാത്തലം
[തിരുത്തുക]ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ ലക്ഷ്യങ്ങളിൽ വിജയം എങ്ങനെ നടപ്പാക്കാമെന്നും അളക്കാമെന്നും ആലോചിക്കുമ്പോൾ, ഇന്ത്യ സുസ്ഥിര വികസന ലക്ഷ്യസൂചിക SDG ബേസ്‌ലൈൻ റിപ്പോർട്ട് 2018 ൽ പുറത്തിറക്കി, ഇന്ത്യയിൽ SDGകൾ എങ്ങനെ അളക്കുമെന്നത് കാണിച്ച് NITI ആയോഗ് ഇതിന് തൃത്വം നൽകി.[3] നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഇന്ത്യൻ സൂചികയുടെ അടിസ്ഥാന റിപ്പോർട്ട് പുറത്തിറക്കി, ഇത് 2030 ലെ SDG ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിലേക്ക് ഇന്ത്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൈവരിച്ച പുരോഗതിയെ സമഗ്രമായി രേഖപ്പെടുത്തുന്നു.[4]
ഇന്ത്യയുടെ സുസ്ഥിത വികസന ലക്ഷ്യ സൂചിക
[തിരുത്തുക]17 SDG-കളിൽ 13-ലും വ്യാപിച്ചുകിടക്കുന്ന "ഇന്ത്യയും സുസ്ഥിര വികസന ലക്ഷ്യങ്ങളും" എന്ന സൂചിക നിർമ്മിച്ചു. സൂചിക എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും 62 ദേശീയ സൂചകങ്ങളുടെ ഒരു കൂട്ടം പുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.[5] ഭാരത സർക്കാരിന്റെ ഇടപെടലുകളുടെയും പദ്ധതികളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കി അവയുടെ പുരോഗതി അളക്കുന്നു. രാജ്യത്തിന്റെയും അതിന്റെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണം പ്രദാനം ചെയ്യുന്നതാണ് "ഇന്ത്യയുടെ സുസ്ഥിത വികസന ലക്ഷ്യ സൂചിക".[6]
17 SDG-കളിൽ 13-ലെയും മൊത്തത്തിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനുമായി ഒരു ദേശീയ SDG സൂചിക സ്കോർ കണക്കാക്കി. സ്‌കോറിന്റെ മൂല്യം 13 എസ്‌ഡിജികളും അതത് ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തിന്റെ ശരാശരി പ്രകടനത്തെ സൂചിപ്പിക്കുന്നു. സ്കോർ 0 മുതൽ 100 ശതമാനം വരെയാണ്. ഒരു സംസ്ഥാനം 100 ശതമാനം സ്‌കോർ നേടിയാൽ, അത് 2030-ൽ സംസ്ഥാനം നിശ്ചയിച്ച ദേശീയ ലക്ഷ്യം കൈവരിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. മറുവശത്ത്, ഒരു സംസ്ഥാനം 0 സ്‌കോർ നേടിയാൽ, അത് സംസ്ഥാനം ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതായി സൂചിപ്പിക്കുന്നു.[1]
ഇന്ത്യൻ സുസ്ഥിര വികസന സൂചിക എന്നത് നയരൂപകർത്താക്കൾ, ബിസിനസ്സുകൾ, സിവിൽ സമൂഹം, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവർക്കും മനസ്സിലാക്കാനും ഉപയോഗിക്കാനും കഴിയുന്ന ഒരു സംയോജിത അളവാണ്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പ്രകടനത്തിന്റെ മൊത്തത്തിലുള്ള വിലയിരുത്തൽ നൽകുന്നതിനും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സൂചികകളിൽ അവരുടെ പ്രകടനം വിലയിരുത്താൻ നേതാക്കളെയും വികസന നിർമ്മാതാക്കളെയും സഹായിക്കാനും ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 2030-ലെ എസ്ഡിജികളിലേക്കുള്ള ഇന്ത്യയുടെയും അതിന്റെ സംസ്ഥാനങ്ങളുടെയും പുരോഗതി അളക്കാൻ ഇത് ലക്ഷ്യമിടുന്നു.[7]
ലക്ഷ്യപ്രാപ്തിയും പുരോഗതിയും
[തിരുത്തുക]2015-16 മുതൽ മാതൃ-ശിശു ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നേടിയ സുപ്രധാന നേട്ടങ്ങൾ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക് അനുസരിച്ച് 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഭൂരിപക്ഷവും ഫലപ്രാപ്തിയിലേക്ക് പുരോഗമിക്കുന്നതിന്റെ 284 സൂചകങ്ങൾ കണ്ടെത്തി .ഏതൊരു ജില്ലയും നേടിയിട്ടുള്ള പരമാവധി എസ്ഡിജി സൂചകങ്ങളുടെ എണ്ണം 13 ആണ് - സാധ്യമായ 33ൽ. ലക്ഷദ്വീപും എറണാകുളവും (കേരളം) ഈ നാഴികക്കല്ല് കൈവരിച്ചു. 13 സൂചകങ്ങൾ വരെ കൈവരിച്ച 61 ജില്ലകൾ പ്രധാനമായും കേരളം, തമിഴ്‌നാട്, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തി.[8]
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തിട്ടുള്ള ഏകദേശം 94 ജില്ലകൾ ഏഴ് മുതൽ എട്ട് വരെ സൂചകങ്ങൾ നേടിയിട്ടുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, ഒഡീഷ, ജാർഖണ്ഡ് എന്നിവ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്, കാരണം അവയിൽ രണ്ടോ അതിൽ കുറവോ സൂചകങ്ങളിൽ ലക്ഷ്യം നേടിയ 171 ജില്ലകൾ ഉൾപ്പെടുന്നു.[8]
വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ
[തിരുത്തുക]സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാദേശികവൽക്കരിക്കുന്നതിലും അവ നേടാനുള്ള പ്രയാണത്തിൽ ആഗോള സഹകരണം വർധിപ്പിക്കുന്നതിലും ഇന്ത്യ മികവ് പുലർത്തി. ഗവൺമെന്റ് പോളിസികളും നീതി ആയോഗും ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയും തമ്മിൽ ഈ മാസമാദ്യം ഒപ്പുവച്ച കരാറാണ് ഒരു പ്രധാന സംഭവം. ഇന്ത്യാ ഗവൺമെന്റ് - ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സഹകരണ ചട്ടക്കൂട് 2023-2027 എന്നാണ് ഈ കരാർ അറിയപ്പെടുന്നത്. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ഈ ചട്ടക്കൂട് ആരോഗ്യം, ക്ഷേമം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാമ്പത്തിക വളർച്ച, പരിസ്ഥിതി, കാലാവസ്ഥ, വ്യക്തികളുടെയും സമൂഹങ്ങളുടെയും ശാക്തീകരണം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കും.[9]
ഉടമ്പടിയിലൂടെ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൂടുതൽ പ്രാദേശികവൽക്കരിക്കാനും ദക്ഷിണ-ദക്ഷിണ സഹകരണത്തിലൂടെ സഹകരണം വർദ്ധിപ്പിക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യ ഉറപ്പിച്ചു.[10] ഈ ചട്ടക്കൂട് ആഗോളതലത്തിൽ സുസ്ഥിര വികസനത്തിന്റെ ഇന്ത്യയുടെ വിജയകരമായ മാതൃകകൾ പ്രദർശിപ്പിക്കുകയും ചെയ്യും.മെച്ചപ്പെട്ട, ആരോഗ്യകരമായ, കൂടുതൽ സമൃദ്ധമായ നാളെക്കായുള്ള പ്രത്യാശ ശക്തമായ ഒരു പ്രചോദനമാണ്, ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹം എല്ലാവർക്കും സുസ്ഥിരമായ പുരോഗതിയുടെ ഉയർന്ന ഉയരങ്ങൾ കൈവരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കും.[11][12]
വെല്ലുവിളികളും പ്രതിസന്ധികളും
[തിരുത്തുക]സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളിൽ ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ചില മേഖലകളിലെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഫെബ്രുവരി 20 ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2030 സമയപരിധിക്ക് ഏഴുവർഷം മാത്രം ബാക്കിയുള്ളപ്പോൾ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിൽ 50% സൂചകങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യ പിന്നിലാണ്. ലാൻസെറ്റ് പഠനങ്ങൾ അനുസരിച്ച് 50% SDG സൂചകങ്ങൾക്കുള്ള സമയപരിധി ഇന്ത്യ നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. 75 ശതമാനത്തിലധികം ഇന്ത്യൻ ജില്ലകളും ദാരിദ്ര്യം, വിളർച്ച, ശൈശവ വിവാഹം, ഗാർഹിക പീഡനം, പുകയില ഉപഭോഗം തുടങ്ങിയ നിർണായക എസ്ഡിജി സൂചകങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പുറത്താണെന്ന് ലാൻസെറ്റ് പഠനം പറയുന്നു.[13]
ഇന്ത്യയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മൈക്രോപ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നത് പ്രധാന വെല്ലുവിളിയാണ്. മൈക്രോപ്ലാസ്റ്റിക് ഒരു സുപ്രധാന പാരിസ്ഥിതിക പ്രശ്നമാണ്, കൂടാതെ സമുദ്രജീവികൾക്കും ഭൗമജീവികൾക്കും മനുഷ്യന്റെ ആരോഗ്യത്തിനും അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.[14] 2030-ഓടെ ആരോഗ്യപരിപാലന രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്നത് ഇന്ത്യയുടെ ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കും. ഇന്ത്യയിലെ സ്ത്രീകളിൽ വിളർച്ചയുടെ വ്യാപനം 57% ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 2030 വരെ വിളർച്ചയുടെ വ്യാപനം പകുതിയായി കുറയ്ക്കുക എന്ന ലക്‌ഷ്യം ഇപ്പോഴും മുന്നിൽ നിൽക്കുന്നു. 2016-21 കാലയളവിനുള്ളിൽ വ്യാപനം വർധിച്ചിട്ടുള്ളതിനാൽ സ്ത്രീകൾക്കിടയിലെ വിളർച്ച ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ലെന്ന് വിമർശകർ വിശ്വസിക്കുന്നു, ഈ പ്രവണത തുടരുകയാണെങ്കിൽ, ലക്ഷ്യങ്ങൾ കൈവരിക്കാനാവില്ല. അതേസമയം 2030 ഓടെ ഈ വിഹിതം 23.57% ആയി കുറയ്ക്കുക എന്നതാണ് ദേശീയ ലക്ഷ്യം.[8][15] UNDP അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഹവോലിംങ് സുവിന്റെ അഭിപ്രായത്തിൽ സുസ്ഥിര വികസനത്തിന്റെ പുരോഗതി വളരെയധികം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്ന പല രാജ്യങ്ങൾക്കും മനുഷ്യവികസനത്തിന് മുൻഗണന നൽകാനുള്ള സ്വാതന്ത്ര്യമില്ല.[16]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Niti ayog".
- ↑ https://www.hindustantimes.com/ht-insight/international-affairs/development-cooperation-towards-the-sdgs-the-india-model-101685174248114.html
- ↑ "India may hit SDG 1.2 target before schedule". The Times of India. 18 ജൂലൈ 2023.
- ↑ "Development cooperation towards the SDGs: The India model". Hindustan Times (in ഇംഗ്ലീഷ്). 27 മേയ് 2023.
- ↑ "Role of Management in creating Sustainable Development in India". Urban Transport News. Archived from the original on 2023-08-06. Retrieved 2023-08-06.
- ↑ "Decoding the Intersectionalities between Climate Change and Sustainable Development Goals in the Global South: A Dasra and ORF Report | Science-Environment". Devdiscourse (in ഇംഗ്ലീഷ്).
- ↑ "World well short of pace needed to meet UN's 2030 sustainable development goals". The Hindu (in Indian English). 22 ജൂൺ 2023.
- ↑ 8.0 8.1 8.2 "Failure to Achieve SDGs by 2030 Will Badly Hit India's Health Sector". The Wire.
- ↑ "India's commitment to sustainable development manifests in progress on SDGs".
- ↑ "Budget 2023 | India has made significant progress in many SDGs: Finance Minister". The Hindu (in Indian English). 1 ഫെബ്രുവരി 2023.
- ↑ Bhattacharyya, Sanghamitra (19 ഏപ്രിൽ 2023). "How India Fares On Sustainable Development Goals — 4 Graphs Offer An Insight". news.abplive.com (in ഇംഗ്ലീഷ്).
- ↑ "NSSO survey shows India's progress on UN's Sustainable Development Goals". Hindustan Times (in ഇംഗ്ലീഷ്). 8 മാർച്ച് 2023.
- ↑ "India likely to miss deadline for 50% of SDG indicators: Lancet study". The Hindu (in Indian English). 25 ഫെബ്രുവരി 2023.
- ↑ "Managing microplastic pollution is important for meeting sustainable development goals in India". www.downtoearth.org.in (in ഇംഗ്ലീഷ്).
- ↑ Gera, Ishaan (29 ജൂൺ 2023). "Significant progress in SDGs, but challenges remain: MoSPI". The Economic Times.
- ↑ "Only 12% of Sustainable Development Goals targets are on track: Haoliang Xu, Assistant Secretary General of UNDP". The Hindu (in Indian English). 15 ജൂൺ 2023.