ശൈശവ വിവാഹ നിരോധന നിയമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശാരീരികവും മാനസികവും ആയ പക്വത എത്തുന്നതിനു മുൻപ് ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ നടക്കുന്ന വിവാഹത്തെയാണ് ശൈശവവിവാഹം. യുനിസെഫിന്റെ വിവരണ പ്രകാരം 18 വയസിനു മുന്പുള്ള ഔപചാരികമായ അഥവാ നിയമപരമായ വിവാഹങ്ങളെ ആണ് ശൈശവവിവാഹം എന്ന് വിളിക്കുന്നത്. ശാരീരികമായി അപക്വമായ പ്രായത്തിലുള്ള വിവാഹമാകയാൽ യു എൻ വനിതാ സമിതി ശൈശവ വിവാഹത്തെ 18 വയസ്സിനു മുന്പുള്ള നിർബന്ധിത വിവാഹം എന്ന് കൂടി വിളിക്കുന്നു. വിവാഹ പ്രായം വ്യതസ്ത സമുദായങ്ങൾ, സ്ഥലങ്ങൾ എന്നിടങ്ങളിൽ വ്യത്യസ്തമാണ്. 18 വയസിൽ താഴെയുള്ള പെൺകുട്ടികളെ പ്രായപൂർത്തിയായ പുരുഷൻ വിവാഹം ചെയ്തു ശാരീരികബന്ധം പുലർത്തുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഒന്നാണ്.
ചരിത്രം
[തിരുത്തുക]ലോകരാജ്യങ്ങളിൽ പൊതുവെയും ഇന്ത്യയിൽ പ്രത്യേകിച്ചും നിലവിലുള്ള ഒരു അനാചാരമാണ് ശൈശവവിവാഹം. ലോകത്തിലെ മൂന്നിലൊന്ന് ശൈശവവിവാഹങ്ങളും ഇന്ത്യയിലാണ് കാണപ്പെടുന്നത്[1]. യൂനിസെഫിന്റെ കണക്ക് പ്രകാരം 47% ശതമാനം പെൺകുട്ടികൾ 18 വയസ്സിലും, 18% പെൺകുട്ടികൾ 15 വയസ്സിലും വിവാഹം കഴിക്കപ്പെടുന്നു[2]. ഇന്ത്യൻ നിയമപ്രകാരം കുറ്റകരമാണെങ്കിലും രാജ്യവ്യാപകമായി ഇത് കാണപ്പെടുന്നു. ആന്ധ്രാപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ശൈശവവിവാഹനിരക്ക് കൂടുതലാണ്[3]. കർക്കശമായ നിയമങ്ങളുടെയും ബോധവത്കരണത്തിന്റെയും ഫലമായി ഇന്ത്യയിലെ ശൈശവവിവാഹനിരക്ക് കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു[4]
കാരണങ്ങൾ
[തിരുത്തുക]പെൺകുട്ടികൾ രക്ഷിതാക്കൾക്ക് ഒരു ബാദ്ധ്യതയാണെന്ന തെറ്റായ സങ്കൽപ്പം, ചെറുപ്രായത്തിൽ വിവാഹം ചെയ്തുകൊടുക്കുന്നതിലൂടെ സ്ത്രീധനം കുറച്ചുകൊടുത്താൽ മതിയെന്ന വിശ്വാസം, പെൺകുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച വേവലാതികൾ, പ്രായം കൂടുന്തോറും പങ്കാളികളെ കിട്ടുവാൻ ബുധിമുട്ടുമെന്ന സങ്കൽപ്പം, വിവാഹപ്രായം നേരത്തെയാക്കുന്നതിലൂടെ പെൺകുട്ടികൾക്ക് സാമൂഹികമായും സാമ്പത്തികമായും അവരുടെ ഭാവി സുരക്ഷിതമായെന്ന തോന്നൽ, പ്രായം കൂടുംതോറും പെൺകുട്ടികൾ വഴിതെറ്റി പോകും എന്ന തെറ്റായ ചിന്ത, പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിലും ആവശ്യമില്ല എന്ന സ്ത്രീവിരുദ്ധമായ സങ്കല്പം, കൗമാര പ്രായത്തിലെ ലൈംഗികബന്ധം, പ്രസവം എന്നിവ നല്ലതാണ് എന്ന തെറ്റായ വിശ്വാസം, ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിലെ കുറവുകൾ, നിയമം നടപ്പാക്കുന്നതിൽ വരുന്ന അമാന്തം തുടങ്ങിയവയൊക്കെ ശൈശവ വിവാഹം വർദ്ധിക്കുവാൻ കാരണമായിട്ടുണ്ട്.[5]
1929-ശൈശവ വിവാഹ നിയന്ത്രണ നിയമം
[തിരുത്തുക]1930 ഏപ്രിൽ ഒന്നിനാണ് ശൈശവവിവാഹ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നത്. സർദാആക്ട് എന്നുകൂടി പേരുള്ള ഈ നിയമം ശൈശവവിവാഹം നിയന്ത്രികുക എന്ന ലക്ഷ്യത്തോടെ ആണ് ബ്രിട്ടിഷുകാർ കൊണ്ടുവന്നത്. ജമ്മു കാശ്മീർ ഒഴിച്ച് ഇന്ത്യയൊട്ടാകെ വ്യാപകമായ ഒരു നിയമമായിരുന്നു ഇത്. വിവാഹേതര ജീവിതത്തിൽ ഈ കാലത്ത് പെൺകുട്ടികൾ അനുഭവിച്ച പ്രശ്നങ്ങളെ പ്രതേകിച്ചു മാനസിക സമ്മർദ്ദങ്ങളേയും അത് വഴി ഉണ്ടായ ആത്മഹത്യകളും ആണ് ഇത്തരമൊരു നിയമ നിർമ്മാണത്തിന് വഴിതെളിച്ചത്. മാത്രമല്ല, ധാരാളം പെൺകുട്ടികൾ ആദ്യലൈംഗിക ബന്ധത്തിൽ അരക്കെട്ടു തകർന്നും മറ്റും മരിക്കാനിടയായതായി പറയുന്നു. കൗമാര പ്രായത്തിലെ പ്രസവം, ഗർഭധാരണം എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. അതിനാൽ ശൈശവവിവാഹം നിരോധിക്കാൻ അക്കാലത്തെ ഗൈനെക്കോളജിസ്റ്റുകൾ സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.
ഈ നിയമം പ്രകാരം ആൺകുട്ടി എന്നത് 21 വയസ്സോ അതിൽ താഴയോ എന്നും പെൺകുട്ടി എന്നത് 18 വയസ്സോ അതിൽ താഴയോ എന്നായി നിർവചിച്ചു. 18 മുതൽ 21 വയസ്സിനിടയിൽ ഉള്ള ഒരു ആൺകുട്ടി ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ 1,000 രൂപ പിഴയും 15 ദിവസം വരെ തടവും ശിക്ഷയായി വിധിച്ചു. 21 വയസിനു മുകളിൽ പ്രായമുള്ള പുരുഷനാണ് പെൺകുട്ടിയെ വിവാഹം ചെയ്യുന്നതെങ്കിൽ 3 മാസം വരെ തടവും പിഴയും ലഭിക്കും. ഈ നിയമപ്രകാരം ശൈശവവിവാഹത്തിന് കാർമ്മികത്വം വഹിക്കുന്നതും കുറ്റകൃത്യമായിമാറി. 3 മാസം വരെ തടവും പിഴയും നടത്തിയത് ശൈശവ വിവാഹമല്ല എന്ന് തെളിയിക്കാത്ത പക്ഷം ഇദ്ദേഹത്തിനു ലഭിക്കുമായിരുന്നു. തുല്യ തടവുശിക്ഷയും അല്പം കൂടി ഉയർന്ന പിഴയും ആയിരുന്നു വിവാഹം കഴിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാവിന് ലഭിക്കുക.1940തിലും 1978ലും ഈ നിയമത്തിൽ ഭേദഗതി വരുത്തി.
2006-ലെ ശൈശവവിവാഹ നിരോധന നിയമം
[തിരുത്തുക]ഈ നിയമ പ്രകാരം ശൈശവ വിവാഹം നിരോധിച്ചിരിക്കുന്നു. 2007 നവംബർ 1-നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.1929-ലെ ശൈശവവിവാഹ നിയന്ത്രണനിയമത്തിന്റെ പഴുതുകൾ അടച്ചു കൊണ്ടാണ് ഈ നിയമം വന്നത്. കേവലം നിയന്ത്രിക്കുക എന്നതിൽ നിന്നും പൂർണ്ണ നിരോധനം സാധ്യമാകുവാൻ അനുശാസികുന്നതിനാൽ ആയിരുന്നു പേരിലുള്ള മാറ്റം. നാട്ടിലും ഇന്ത്യയ്ക്കു പുറത്തുമുള്ള എല്ലാ ഇന്ത്യൻ പൗരനും ഈ നിയമം ബാധകമായിരിക്കും.
ഈ നിയമത്തിലും മുൻനിയമം പോലെ തന്നെ ആൺകുട്ടി എന്നത് 21 വയസ്സോ അതിൽ താഴെയോ എന്നും, പെൺകുട്ടി എന്നത് 18 വയസ്സോ അതിൽ താഴെയോ എന്നുമായി നിർവ്വചിച്ചിട്ടുണ്ട്. ഈ നിയമ പ്രകാരം ശൈശവവിവാഹം പ്രതിരോധിക്കുന്നതിനു പൂർണ്ണമായ അധികാരവും നിയമ പരിരക്ഷയും കുട്ടികൾക്ക് കൊടുക്കപ്പെട്ടു. വിവാഹം നടന്നാൽ തന്നെയും ഇരയായ പെൺകുട്ടിക്ക് വാങ്ങിയ സ്വത്തെല്ലാം തിരിച്ചു കൊടുക്കണം എന്നും പ്രയപൂർത്തിയാകുന്ന പ്രായം വരേയ്ക്കും അവൾക്ക് താമസസൗകര്യം ഒരുക്കണമെന്നും ഉത്തരവായി. കൂടാതെ നേരത്തെ ഉള്ള 3 മാസം തടവ് ശിക്ഷ 2 വർഷമാക്കി ഉയർത്തി.
വിവാഹം റദ്ദാക്കികിട്ടുവാനുള്ള അവകാശം
[തിരുത്തുക]ഇത്തരത്തിൽ ശൈശവവിവാഹത്തിലെ പ്രായപൂർത്തിയാവാത്ത പാർട്ടിക്ക്, തന്റെ വിവാഹം റദ്ദ് ചെയ്ത് കിട്ടുവാൻ കോടതിയിൽ ഹരജി ബോധിപ്പിക്കാവുന്നതാണ്. [6] ഹരജി ബോധിപ്പിക്കുന്ന സമയത്ത് വിവാഹത്തിലെ കക്ഷി പ്രായപൂർത്തിയാവാത്തയാളാണെങ്കിൽ രക്ഷിതാവിനോ അല്ലെങ്കിൽ പ്രൊബേഷൻ ഓഫീസർ മുഖേന കുട്ടിയുടെ അടുത്തയാളിനോ വിവാഹം റദ്ദാക്കിക്കിട്ടുവാൻ ഹരജി കൊടുക്കാം. ശൈശവവിവാഹത്തിലെ ഇരയായ ആൾ പ്രായപൂർത്തിയായിട്ടാണ് വിവാഹം റദ്ദ് ചെയ്യുവാൻ ഹരജികൊടുക്കുന്നതെങ്കിൽ, അത് പ്രായപൂർത്തിയായി 2 വർഷത്തിനകം കൊടുക്കേണ്ടതാണ്. വിവാഹം റദ്ദാക്കുന്ന സയത്ത് കോടതി, വിവാഹസമയത്ത് കൈമാറ്റം ചെയ്ത പണം, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങൾ തുടങ്ങിയവ മറ്റേപാർട്ടിക്ക് തിരിച്ചു കൊടുക്കുവാൻ ഉത്തരവിടാവുന്നതാണ്.
ഈ നിയമപ്രകാരമുള്ള പരാതികൾ, ശൈശവവിവാഹം നടന്ന സ്ഥലത്തോ, എതിർകക്ഷിയുടെയോ കുട്ടിയുടെയോ താമസസ്ഥലത്തോ, അല്ലെങ്കിൽ ദമ്പതികൾ അവസാനമായി താമസിച്ച സ്ഥലത്തോ ഉള്ള അധികാര പരിധിയിലുള്ള കോടതിയിലാണ് കൊടുക്കേണ്ടത്.
ജീവനാംശം, താമസം തുടങ്ങിയവയ്ക്കുള്ള അവകാശം
[തിരുത്തുക]ശൈശവവിവാഹം അസാധുവാക്കിയാലും പെണ്ണിനു പുനർവിവാഹം വരെ ചിലവിനു കൊടുക്കുവാൻ പുരുഷൻ ബാധ്യസ്ഥനാണ്. ഇനി പുരുഷൻ പ്രായപൂർത്തിയാവാത്തയാളാണെങ്കിൽ അയാളുടെ രക്ഷിതാക്കളോട് പെണ്ണിനു ചിലവിനു കൊടുക്കുവാൻ കോടതിക്ക് ഉത്തരവിടാവുന്നതാണ്. ജീവനാംശ തുക മാസത്തിലോ അല്ലെങ്കിൽ ഒന്നിച്ച് ഒരു തുകയായോ നൽകണം. കൂടാതെ, പെണ്ണിന്റെ പുനർവിവാഹം വരെ സ്ത്രീക്ക് താമസ സൗകര്യമേർപ്പെടുത്തുവാനും പുരുഷനു ബാദ്ധ്യതയുണ്ട്. ജീവനാംശതുക നിർണ്നയിക്കുമ്പോൾ കോടതി, വിവാഹം നിലവിലുണ്ടായിരുന്ന സന്ദർഭത്തിൽ സ്ത്രീക്ക് ലഭിച്ചുവന്നിരുന്ന സൗകര്യങ്ങൾ, പുരുഷന്റെ വരുമാനം തുടങ്ങിയവ കണക്കിലെടുക്കുന്നതാണ്.[7]
ശൈശവവിവാഹത്തിൽ ജനിച്ച കുട്ടികൾ
[തിരുത്തുക]ശൈശവവിവാഹത്തിലൂടെ ജനിച്ച കുട്ടികളെ നിയമാനുസരണം ജനിച്ച കുട്ടികളായി കണക്കാക്കുന്നതാണ്. [8]വിവാഹം റദ്ദാക്കുന്ന സമയത്ത് ജനിച്ച കുട്ടികളെയും ഗർഭസ്ഥ ശിശുക്കളെയും ഈ വിധത്തിൽ പരിഗണിക്കുന്നതാണ്. ശൈശവവിവാഹത്തിൽ കുട്ടി ജനിച്ചിട്ടുണ്ടെങ്കിൽ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ചും കോടതി തീരുമാനമെടുക്കുന്നതാണ്. കുട്ടിക്കും ചിലവിനു കൊടുക്കുവാൻ അച്ചനോട് കൽപ്പിക്കാവുന്നതാണ്. കുട്ടി ആരുടെ സംരക്ഷണത്തിൽ കഴിയണമെന്ന് തീരുമാനിക്കുമ്പോൾ, കോടതി, കുട്ടിയുടെ താൽപ്പര്യം സംരക്ഷിക്കപ്പെടുന്ന തീരുമാനമായിരിക്കും എടുക്കുക.
കുറ്റവും ശിക്ഷയും
[തിരുത്തുക]2006-ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം, 18 വയസ്സിനു മുകളിലുള്ള ഒരു പുരുഷൻ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്ന പക്ഷം അവന്, 2 വർഷം വരെയുള്ള കഠിനതടവോ, ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അർഹനാണ്.[9] ശൈശവവിവാഹം നടത്തുകയോ, അതിനു നിർദ്ദേശം നൽകുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 2 വർഷം വരെയുള്ള കഠിനതടവോ, ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അർഹനാണ്.[10]. ശൈശവവിവാഹം പ്രോൽസാഹിപ്പിക്കുകയോ, അതു തടയുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്ന മാതാപിതാക്കൾ, രക്ഷിതാക്കൾ എന്നിവർക്കും സംഘടനകൾക്കും, ശൈശവവിവാഹമാണെന്നറിഞ്ഞുകൊണ്ട് അതിൽ പങ്കെടുത്ത എല്ലാവർക്കും 2 വർഷം വരെയുള്ള കഠിനതടവോ, ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അർഹനാണ്.[11]. എന്നാൽ 11-ആം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് സ്ത്രീകളെ ശിക്ഷിക്കാൻ പാടില്ല.
കോടതിയുടെ നിരോധന ഉത്തരവുകൾ
[തിരുത്തുക]ശൈശവ വിവാഹം നടത്താൻ പോകുന്നുവെന്ന വിവരം കിട്ടിയാൽ, ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി, ഇത്തരത്തിലുള്ള വിവാഹം തടഞ്ഞുകൊണ്ട് ഒരു നിരോധന ഉത്തരവു പുറപ്പെടുവിക്കുന്നതാണ്. പ്രൊബേഷൻ ഓഫീസറുടെയോ മറ്റാരുടെയെങ്കിലും പരാതിപ്രകാരമോ അല്ലെങ്കിൽ കോടതിക്ക് സ്വമേധയാലോ ഇത്തരത്തിൽ കേസെടുത്ത് ശൈശവവിവാഹം നടത്തുന്നത് തടയാൻ സാധിക്കുന്നതാണ്.[12].[13]
പ്രശ്നങ്ങൾ
[തിരുത്തുക]ശാരീരികവും മാനസികവും ബൗദ്ധികവും ആയ പക്വത എത്താത്തതിനാൽ തന്നെയും ശൈശവവിവാഹം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വ്യക്തിപരവും സാമൂഹികവും ആയ പ്രശ്നങ്ങളിലേക്ക് വഴിതെളിയികും. ആരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യ തുടങ്ങിയ ഒട്ടനവധി സാമൂഹിക വിപത്തുകളിലേക്ക് ശൈശവവിവാഹം നയിക്കും. ഗർഭപാത്രം, യോനി, ഇടുപ്പെല്ല് എന്നിവയുടെ വളർച്ച പൂർത്തി ആകാത്തത് മൂലം കൗമാരപ്രായത്തിലെ പ്രസവം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷകരമാകാൻ സാധ്യത കൂടുതലാണ്. ചെറുപ്രായത്തിലെ ഗർഭധാരണം അപകടകരമായ ഒന്നായിട്ടാണ് മെഡിക്കൽ സയൻസ് കാണുന്നത്. ഇത് പലപ്പോഴും പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകാം. മാത്രമല്ല സ്ത്രീകളിലെ ഹോർമോൺ വ്യവസ്ഥ ശക്തിപ്പെടാൻ കുറഞ്ഞത് 21 വയസെങ്കിലും വേണമെന്നിരിക്കെ കൗമാര പ്രായത്തിലെ ലൈംഗികബന്ധം പലപ്പോഴും പെൺകുട്ടികൾക്ക് ബുദ്ധിമുട്ടാകാം. പണ്ട് കാലത്ത് മുതിർന്ന പുരുഷനുമായുള്ള ലൈംഗികബന്ധത്തിനിടെ പെൺകുട്ടികൾ അരക്കെട്ടു തകർന്നു മരിക്കാനിടയാത് ശൈശവവിവാഹം നിരോധിക്കാൻ പ്രധാന കാരണമായി പറയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Girls Not Brides, "Child marriage: the facts," The Elders http://www.theelders.org/docs/child-marriage-factsheet.pdf Archived 2013-09-03 at the Wayback Machine.
- ↑ UNICEF, 2010, "Statistics" http://www.unicef.org/infobycountry/india_statistics.html Archived 2018-12-25 at the Wayback Machine.
- ↑ India Development Gateway, 2011, "Facts and figures about child marriage" http://www.indg.in/social-sector/social-awareness/stop-child-marriages/stop-child-marriages Archived 2012-01-01 at the Wayback Machine.
- ↑ "Child marriages on decline in India;UN report". The Economic Times. 12-10-2012. Archived from the original on 2014-02-22. Retrieved 16 February 2014.
{{cite news}}
: Check date values in:|date=
(help) - ↑ http://www.unicef.org/india/Child_Marriage_handbook.pdf Archived 2014-10-21 at the Wayback Machine. Reson why child marriages continue-Handbook on Prohibition of Child marriage Act
- ↑ Section 3 of the Prohibition of Child marriage Act
- ↑ Section 4 Prohibition of child Marriage Act
- ↑ Section 6 of Prohibition of Child Marriage Act
- ↑ section 9, The Prohibition of Child Marriage Act-2006
- ↑ section 10, The Prohibition of Child Marriage Act-2006
- ↑ section 11, The Prohibition of Child Marriage Act-2006
- ↑ section 13, The Prohibition of Child Marriage Act-2006
- ↑ http://www.madhyamam.com/news/263224/131227[പ്രവർത്തിക്കാത്ത കണ്ണി] ശൈശവ വിവാഹം കോടതി തടഞ്ഞു,മാധ്യമം-27-12-2013
1.SCcert ,sociology text /class 12/chapter11/women and society