Jump to content

ഗാർഹിക പീഡനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാർഹിക പീഡനം

ഗാർഹിക പീഡനം വിവാഹമോ സഹവാസമോ മൂ‍ലമുള്ള കുടുംബവ്യവസ്ഥയ്ക്കുള്ളിലോ സംഘജീവിതത്തിലോ ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ ശാരീരികമായ അക്രമവും മറ്റ് തരത്തിലുള്ള അതിക്രമങ്ങളും ഉൾക്കൊള്ളുന്ന ആവർത്തിച്ചു കാണിക്കുന്ന പെരുമാറ്റ രീതിയാണ്. വൈവാഹിക പങ്കാളിയിൽ നിന്നോ (spouse) അടുത്ത ബന്ധത്തിലുള്ള പങ്കാളിയിൽ നിന്നോ എതിർലിംഗ പങ്കാളികൾ ഉള്ള ബന്ധത്തിലോ സമാന ലിംഗ പങ്കാളികൾ ഉള്ള ബന്ധത്തിലോ മുൻപങ്കാളിയിൽ നിന്നോ അതിക്രമം ഉണ്ടാകുമ്പോൾ അതിനെ ഉറ്റപങ്കാളിയിൽ നിന്നുള്ള അതിക്രമം എന്നു വിളിക്കുന്നു. കുട്ടികൾക്കും വൃദ്ധർക്കും എതിരെയുള്ള അക്രമങ്ങളും ഗാർഹിക അതിക്രമത്തിൽ ഉൾപ്പെടുന്നു. ഇതിന് ശാരീരികം, വാചികം, വൈകാരികം, സാമ്പത്തികം, മതപരം, പ്രത്യുല്പാദനപരം, ലൈംഗികം എന്നിങ്ങനെ വിവിധരൂപങ്ങൾ ഉണ്ട്.

ഇവ സൂക്ഷ്മമോ വ്യക്തമായ ബലപ്രയോഗം ഉൾപ്പെടുന്നതോ ആകാം. വൈവാഹിക ബലാത്സംഗം മുതൽ അടിക്കുക, ശ്വാസം മുട്ടിക്കുക, സ്ത്രീകളുടെ ചേലാകർമം, മരണത്തിനോ അംഗവൈകൃതത്തിനോ കാരണമാകുന്ന ആസിഡ് ആക്രമണങ്ങൾ വരെയുള്ള അക്രമാത്മകമായ ബലപ്രയോഗങ്ങൾ എന്നിവയെല്ലാം ഗാർഹിക പീഡനങ്ങളിൽ ഉൾപ്പെടുന്നു. ഗാർഹിക കൊലപാതകങ്ങളിൽ കല്ലെറിഞ്ഞു കൊല്ലൽ, നവവധുവിനെ തീവെച്ച് കൊല്ലൽ, ദുരഭിമാനക്കൊല, സ്ത്രീധനക്കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ആഗോള തലത്തിൽ ഗാർഹിക പീഡനത്തിന്റെ ഇരകൾ സിംഹഭാഗവും സ്ത്രീകളാണ്; പ്രത്യേകിച്ച് യാഥാസ്ഥിക പുരുഷാധിപത്യ സമൂഹങ്ങളിൽ. കൂടാതെ സ്ത്രീകൾ കൂടുതൽ രൂക്ഷമായ അതിക്രമങ്ങൾ സഹിക്കേണ്ടിയും വരുന്നു. ചില രാജ്യങ്ങളിൽ ഗാർഹിക പീഡനം ന്യായീകരിക്കത്തക്കതായി വീക്ഷിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സംശയിക്കപ്പെടുന്നതോ തെളിവുള്ളതോ ആയ പരപുരുഷഗമനത്തിന്റെ കാര്യത്തിൽ ഗാർഹിക പീഡനം നിയമപരമായും മതപരമായും അനുവദിക്കപ്പെടുന്നപോലുമുണ്ട്. അതത് രാജ്യങ്ങളിലിൽ നിലനിൽക്കുന്ന ലിംഗനീതിയും പുരുഷ മേൽക്കോയ്മയും ഗാർഹിക പീഡനവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ട് എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. ലോകമൊട്ടുക്കും ഏറ്റവും കുറച്ച് രേഖപ്പെടുത്തപ്പെടുന്ന അക്രമങ്ങളിൽ ഒന്നാണ് ഗാർഹിക പീഡനം. എന്നാൽ വികസിത പുരോഗമന രാജ്യങ്ങളിൽ ഇവയുടെ തോത് പൊതുവേ കുറവാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അക്രമിക്ക് തന്റെ അതിക്രമങ്ങൾ ന്യായീകരിക്കത്തക്കതാണെന്നോ നിയമത്തിന് മുൻപാകെ രേഖപ്പെടുത്തപ്പെടുകയില്ലെന്നോ തോന്നുമ്പോഴാണ് ഗാർഹിക പീഡനം സംഭവിക്കുന്നത്. ഇത് കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഇടയിൽ ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കത്തക്കതോ പൊറുക്കാവുന്നതോ ആണെന്ന ധാരണ സൃഷ്ടിക്കുകയും തലമുറകളായുള്ള അതിക്രമത്തിന്റെ തുടർച്ചയ്ക്ക് കാരണമാകുന്നു. വളരെക്കുറച്ച് ആളുകൾ മാത്രമേ പീഡകരായി സ്വയം കണക്കാക്കുകയുള്ളൂ. അവരുടെ അനുഭവത്തെ ഒരു കുടുംബപ്രശ്നം നിയന്ത്രണാതീതമായതായി മാത്രമേ അവർ പരിഗണിക്കുന്നുള്ളൂ. ഗാർഹിക പീഡനത്തെക്കുറിച്ചുള്ള അവബോധം, കാഴ്ചപ്പാട്, നിർവചനം രേഖപ്പെടുത്തിവെക്കൽ എന്നിവ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ അനുസരിച്ചിട്ടുള്ളതാണ്. നിർബന്ധിത വിവാഹത്തിലും ശൈശവവിവാഹത്തിലും ഗാർഹിക പീഡനം സാധാരണയാണ്.

അക്രമാസക്തമായ ബന്ധങ്ങളിൽ സംഘർഷം വർദ്ധിച്ച് അക്രമത്തിൽ എത്തുകയും തുടർന്ന് അനുരഞ്ജനത്തിലൂടെ ശാന്തത കൈവരിക്കുകയും ചെയ്യുന്ന പ്രക്രിയ ചാക്രികമായി ആവർത്തിക്കുന്നു. ഒറ്റപ്പെടൽ, അധികാരവും നിയന്ത്രണവും, പീഡനത്തിനുള്ള സാംസ്കാരികമായ അംഗീകാരം, സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതിരിക്കുക, അപമാനഭയം, പേടി, കുട്ടികളുടെ സംരക്ഷണത്തിന് വേറെ മാർഗ്ഗമില്ലാതിരിക്കുക എന്നീ കാരണങ്ങളാൽ ഗാർഹിക പീഡനത്തിനിരകളായ സ്ത്രീകൾ അക്രമാസക്തമായ ബന്ധങ്ങളിൽ കുടുങ്ങിപ്പോകുന്നു. മാനസികാഘാതം മൂലമുള്ള മാനസികപ്രശ്നങ്ങളും ഇവർ അഭിമുഖീകരിക്കേണ്ടിവരുന്നു. അക്രമം നടക്കുന്ന ഗാർഹിക സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്കും അനിയന്ത്രിതവും പ്രകോപനമില്ലാതെയുമുള്ള അക്രമസ്വഭാവം പോലുള്ള മാനസിക തകരാറുകൾ ചെറുപ്രായത്തിൽ തന്നെ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. ഈ കുട്ടികൾ മുതിർന്ന വ്യക്തികളായിക്കഴിഞ്ഞാൽ പീഡനത്തിന്റെ പൈതൃകം തുടർന്നുകൊണ്ടുപോകാനുള്ള സാദ്ധ്യതയും കൂടുതലാണ്. സാഡിസ്റ്റ് മനോഭാവം, അധികാരം, പുരുഷാധിപത്യം തുടങ്ങിയവ ഇതിന്റെ കാരണങ്ങളാണ്.

നിരുക്തിയും നിർവചനങ്ങളും

[തിരുത്തുക]

ആധുനിക സന്ദർഭത്തിൽ ഗാർഹിക പീഡനം എന്ന പദപ്രയോഗം ആദ്യമായി നടത്തിയത് 1973 ഇൽ ഇംഗ്ലണ്ടിന്റെ പാർലമെന്റിൽ ജാക്ക് ആഷ്ലി ആയിരുന്നു

സാധാരണയായി ഗാർഹിക പീഡനത്തെ ശാരീരിക അതിക്രമമായിട്ടാണ് കണ്ടുവന്നിരുന്നത്. ഭാര്യാപീഡനം, ഭാര്യയെ തല്ലൽ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചിരുന്നെങ്കിലും അവിവാഹിതരായ പങ്കാളികൾ, ശാരീരികമല്ലാത്ത പീഡനങ്ങൾ, സ്ത്രീ പീഡകർ, സമാന ലിംഗ ബന്ധങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നതിനായി ഈ വാക്കുകൾ ഉപേക്ഷിക്കുകയായിരുന്നു. അടുത്ത കുടുംബാംഗമോ പങ്കാളിയോ നടത്തുന്ന ശാരീരികവും, ലൈംഗികവും, മാനസികവും സാമ്പത്തികവുമായ എല്ലാ അക്രമങ്ങളെയും പൊതുവിൽ ഉൾക്കൊള്ളുന്നതാണ് ഗാർഹിക പീഡനത്തിന്റെ നിലവിലുള്ള നിർവചനം.

ഉറ്റപങ്കാളിയിൽ നിന്നുള്ള അതിക്രമം എന്ന പ്രയോഗം സാധാരണയായി ഗാർഹിക പീഡനത്തിനും ഗാർഹിക അതിക്രമത്തിനും പകരമായി ഉപയോഗിക്കാറുണ്ടെങ്കിലും അത് പ്രത്യേകമായി പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന പീഡനത്തെയാണ് സൂചിപ്പിക്കുന്നത് ( അതായത് വിവാഹം, സഹവാസം, സഹവാസം കൂടാതെയുള്ള അടുത്ത പങ്കാളികൾ തുടങ്ങിയ ബന്ധങ്ങൾ). ലോകാരോഗ്യസംഘടന നിയന്ത്രിക്കുന്ന സ്വഭാവത്തെയും പീഡനമായി കണക്കാക്കുന്നു. ഉറ്റപങ്കാളിയിൽ നിന്നുള്ള അതിക്രമം എതിർലിംഗ പങ്കാളികളിലും സമാന ലിംഗ പങ്കാളികളിലും, പുരുഷൻ സ്ത്രീയോടും, സ്ത്രീ പുരുഷനോടും കാണിക്കുന്നതായി കണ്ടുവരുന്നു. കുടുംബ അതിക്രമം എന്നത് കുട്ടികളോടും വൃദ്ധരോടും ഉള്ള അതിക്രമവും മറ്റ് അക്രമപ്രവർത്തികളും ഉൾപ്പെടുന്നതാണ്.

1993 ഇൽ ഐക്യ രാഷ്ട്ര സംഘടനയുടെ സ്ത്രീകൾക്കെതിരായ അതിക്രമം ഒഴിവാക്കുന്നത് സംബന്ധമായ പ്രഖ്യാപനം ഇങ്ങനെയാണ് ഗാർഹിക പീഡനത്തെ നിർവചിക്കുന്നത്:

കുടുംബത്തിൽ ഉണ്ടാകുന്ന ശാരീരികവും ലൈംഗികവും മാനസികവുമായ അതിക്രമം, ദേഹോപദ്രവം, വീട്ടിലുള്ള പെൺകുഞ്ഞുങ്ങളോട് ചെയ്യുന്ന ലൈംഗികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ, വൈവാഹിക ബലാത്സംഗം, സ്ത്രീകളിലെ ചേലാകർമം എന്നിവയും സ്ത്രീകൾക്ക് ഹാനികരമായ മറ്റ് പാരമ്പര്യ ആചാരങ്ങളും, പങ്കാളിയല്ലാത്ത ആളിൽ നിന്നുള്ള അക്രമവും, ചൂഷണവുമായി ബന്ധപ്പെട്ട അക്രമങ്ങളുമുൾപ്പെടെയുള്ള പീഡനങ്ങളുമാണ് ഗാർഹിക പീഡനം

ചരിത്രം

[തിരുത്തുക]
ഭാര്യയെ വടികൊണ്ട് മർദ്ദിക്കുന്ന പുരുഷൻ. Circa 1400.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിവരെ മിക്ക നിയമവ്യവസ്ഥകളും ഭാര്യയെത്തല്ലുന്നത് അവളുടെ മേൽ ഭർത്താവിനുള്ള അധികാരത്തിന്റെ സാധുവായ പ്രയോഗമായാണ് കണ്ടിരുന്നത്. ഇതിന് ഒരു അപവാദമായി 1641 ഇൽ Massachusetts Body of Liberties വിവാഹിതയായ സ്ത്രീക്ക് ഭർത്താവിൽ നിന്ന് ശാരീരിക നിയന്ത്രണങ്ങളിൽ നിന്ന് സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

19 ആം നൂറ്റാണ്ടിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഫലമായി ഗാർഹിക പീഡനത്തെ സംബന്ധിക്കുന്ന പൊതു അഭിപ്രായവും നിയമങ്ങളും യുണൈറ്റഡ് കിങ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലും മാറ്റത്തിനു വിധേയമായി. 1850 ഇൽ അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റേറ്റുകളിൽ ടെനിസിയാണ് ആദ്യമായി ഭാര്യാ പീഡനത്തിനെതിരെ നിയമനിർമ്മാണം നടത്തിയത്. തുടർന്ന് മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടർന്നു. 1878 ഇൽ UK Matrimonial Causes Act ഇംഗ്ലണ്ടിലെ സ്ത്രീകൾക്ക് പീഡകനായ ഭർത്താവിൽ നിന്ന് നിയമപരമായ വിവാഹമോചനം സാദ്ധ്യമാക്കി. 1870 ന്റെ അവസാനത്തോടെ അമേരിക്കൻ ഐക്യനാടുകളിൽ മിക്ക കോടതികളും ഭാര്യയെ മർദ്ദിച്ച് അനുസരിപ്പിക്കാൻ ഭർത്താക്കന്മാർക്കുള്ള അവകാശമുണ്ടെന്ന വാദം തള്ളിക്കളഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്ക് അമേരിക്കൻ ഐക്യനാടുകളിൽ ഗാർഹിക പീഡനങ്ങളിൽ പോലീസ് ഇടപെടൽ സ്ഥിരമായെങ്കിലും അറസ്റ്റുകൾ അപൂർവമായിത്തന്നെ തുടർന്നു.

ലോകമെമ്പാടുമുള്ള നിയമവ്യവസ്ഥകളിൽ ഗാർഹിക പീഡനത്തിന്റെ വിഷയം ചർച്ചചെയ്യപ്പെടുന്നത് 1990 കൾക്കു ശേഷം മാത്രമാണ്. 20 ആം നൂറ്റാണ്ടിനു മുൻപ് മിക്ക രാജ്യങ്ങളിലും ഗാർഹിക പീഡനത്തിനെതിരെ നിയമപരമോ പ്രായോഗികമോ ആയ വളരെക്കുറച്ച് സംരക്ഷണം മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഐക്യരാഷ്ട്ര സംഘടന 1993 ഇൽ ഗാർഹികപീഡനത്തെ നേരിടുന്നതിനുള്ള തന്ത്രപരമായ സഹായങ്ങൾ എന്ന രേഖ പ്രസിദ്ധപ്പെടുത്തി (Strategies for Confronting Domestic Violence: A Resource Manual). ഇത് ലോകരാജ്യങ്ങളെ ഗാർഹിക പീഡനത്തെ ഒരു കുറ്റകൃത്യമായി പരിഗണിക്കാൻ പ്രേരിപ്പിച്ചു. അത് എഴുതുന്ന സമയത്ത് നിയമവ്യവസ്ഥകൾ പൊതുവിൽ ഗാർഹിക പീഡനം നിയമപരമായ ഇടപെടലിനു സാദ്ധ്യതയില്ലാത്ത ഒന്നായി കണക്കാക്കിയിരുന്നു എന്നത് അംഗീകരിച്ചുകൊണ്ട് തന്നെ, കുടുംബജീവിതത്തിലെ സ്വകാര്യതയ്ക്കുള്ള അവകാശം കുടുംബാംഗങ്ങളുടെ നേരെ അതിക്രമം കാട്ടാനുള്ള അവകാശമല്ലെന്ന് രേഖ പ്രസ്താവിച്ചു. അക്കാലത്തെ അവസ്ഥ ഇങ്ങനെയാണ് രേഖയിൽ പ്രതിപാദിക്കുന്നത്: “കുട്ടികളെ ശാരീരികമായ അച്ചടക്ക നടപടികൾക്ക് വിധേയമാക്കുന്നത് മിക്ക നിയമവ്യവസ്ഥകളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ രാജ്യങ്ങൾ ഭാര്യയെ ശാരീരികമായി ശിക്ഷിച്ച് നന്നാക്കുന്നത് അനുവദിച്ചിരുന്നു. ഇപ്പോൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ തന്നെ കഴിഞ്ഞ നൂറു വർഷങ്ങളായി അത് നടന്നു വരുന്നു. ഭാര്യയുടെ ഇംഗിതത്തിന് വിരുദ്ധമായി ഭർത്താവുമായി ലൈംഗികബന്ധം പുലർത്താൻ നിർബന്ധിക്കപ്പെറ്റുന്ന അവസ്ഥ കുറ്റകരമായി കാണുന്നതിൽ മിക്ക നിയമവ്യവസ്ഥകളും പരാജയപ്പെട്ടു. [...] സ്ത്രീകൾ അക്രമത്തെ പ്രകോപിപ്പിക്കുന്നവരാണെന്നും, ഭാര്യമാർ ഭർത്താക്കന്മാരിൽനിന്നുള്ള പീഡനം ഒരു പരിധിവരെ സഹിക്കുകയും ആസ്വദിക്കുകവരെ ചെയ്യുകയും ചെയ്യുന്നവരാണെന്നതാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ഉള്ള വിശ്വാസം”

സമീപ ദശകങ്ങളിൽ ഗാർഹിക പീഡനത്തെ സ്വകാര്യതയായി കണക്കാക്കി ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് നിർത്തലാക്കാൻ ഉള്ള ആഹ്വാനം ഉയർന്നു വന്നിട്ടുണ്ട്. ഇസ്താംബുൾ കൺവെൻഷൻ ആണ് സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനും ഗാർഹിക പീഡനത്തിനും എതിരെയുള്ള നടപടി നിയമപരമായ ബാദ്ധ്യതയാക്കുന്ന യൂറോപ്പിലെ ആദ്യത്തെ രേഖ. ഗാർഹിക പീഡനത്തോടും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളോടും ഉള്ള സഹിഷ്ണുത നിയമത്തിലും പ്രയോഗത്തിലും അവസാനിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. യൂറോപ്യൻ രാജ്യങ്ങൾ നിയമപ്രകാരമോ പ്രായോഗികമായോ ഈ അതിക്രമങ്ങളെ അവഗണിക്കുകയായിരുന്നു എന്ന് അതിന്റെ വിശദമായ റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. “ മുൻകാല പതിവുകളിൽ ഇരയും കുറ്റവാളിയും വിവാഹിതരാണെങ്കിലോ ഒരു പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ ഉള്ളവരാണെങ്കിലോ നിയമനടപടികൾ ഒഴിവാക്കുന്ന ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും പ്രധാന ഉദാഹരണം വൈവാഹിക ബലാത്സംഗത്തിന്റേതാണ്. കുറ്റവാളിയും ഇരയും തമ്മിലുള്ള ബന്ധം മൂലം ഇത് വളരെക്കാലം ബലാത്സംഗമായി കണക്കാക്കപ്പെട്ടിരുന്നില്ല.

ദുരഭിമാനക്കൊല, സ്ത്രീധനക്കൊലപാതകങ്ങൾ, നിർബന്ധിത വിവാഹങ്ങൾ തുടങ്ങിയ ഗാർഹിക പീഡനത്തിന്റെ സവിശേഷ രൂപങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീ സംഘടനകളുടെ ഒട്ടേറെ വർഷങ്ങൾ നീണ്ട സംവാദങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി 2005 ഇൽ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ നിയന്ത്രിക്കാൻ ഗാർഹിക പീഡന നിരോധന നിയമം (Protection of Women from Domestic Violence Act PWDVA) പ്രാബല്യത്തിൽ വന്നു. വികാരാവേശത്താലുള്ള അക്രമങ്ങളെ (crime of passion) തികച്ചും ലഘുവായി കണ്ടിരുന്ന ചരിത്രമുള്ള ലാറ്റിൻ അമേരിക്കയും അന്താരാഷ്ട്രശ്രദ്ധിൽ വന്നു. ദുരഭിമാനക്കൊലയും വികാരാവേശത്താലുള്ള അക്രമങ്ങളും സമാനസ്വഭാവമുള്ളവയാണെന്ന വാദങ്ങൾ ഉയർന്നുവന്നു.

ചരിത്രപരമായി തന്നെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളിൽ നിന്നുള്ള അക്രമത്തിൽ നിന്ന് നിയമപരമായ സംരക്ഷണം കുറവായിരുന്നു. ഇന്നും ഇത് തന്നെയാണ് അവസ്ഥ. ഉദാഹരണത്തിന് പുരാതന റോമിൽ, പിതാവിന് മക്കളെ കൊല്ലാൻ നിയമപരമായ അധികാരം ഉണ്ടായിരുന്നു. പല സംസ്കാരങ്ങളും പിതാവിന് മക്കളെ അടിമകളായി വിൽക്കാനുള്ള അവകാശം അംഗീകരിച്ചിരുന്നു. ബാല ബലിയും ഒരു കാലത്ത് നിലനിന്നിരുന്നു. ശിശു മനശാസ്ത്രജ്ഞനായ സി. ഹെന്റി കെമ്പിന്റെ 'ദ ബാറ്റേർഡ് ചൈൽഡ് സിൻഡ്രോം' (The Battered Child Syndrome) എന്ന പുസ്തകം പുറത്തുവന്നതോടെ കുട്ടികളോടുള്ള കുറ്റകരമായ പെരുമാറ്റം മുഖ്യധാരയുടെ ശ്രദ്ധയാകർഷിച്ചുതുടങ്ങി. ഇതിനു മുൻപ് പീഡനഫലമായി കുട്ടികളിൽ ഉണ്ടാകുന്ന തുടർച്ചയായ എല്ലുപൊട്ടലുകൾ ഉൾപ്പെടെയുള്ള പരിക്കുകൾ പോലും ബോധപൂർവം ഏൽപ്പിച്ച ആഘാതത്തിന്റെ ഫലമായി കണക്കാക്കിയിരുന്നില്ല.

ഗാർഹിക പീഡനത്തിന്റെ വിവിധ രൂപങ്ങൾ

[തിരുത്തുക]

ശാരീരിക ആക്രമണമോ പ്രഹരമോ (അടിക്കുക, തൊഴിക്കുക, കടിക്കുക, തള്ളിമാറ്റുക, പിടിച്ചുവെക്കുക, കൈകൊണ്ട് അടിക്കുക, എറിയുക, തുടർച്ചയായ പ്രഹരങ്ങൾ ഏൽപ്പിക്കുകയോ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുക, ലൈംഗിക പീഡനം/ ബലാത്സംഗം, നിയന്ത്രിക്കുകയോ ആധിപത്യം സ്ഥാപിക്കുകയോ ചെയ്യുക, വിരട്ടിയൊതുക്കുക, നിരന്തരം ഒളിച്ച് പിന്തുടരുക (stalking), പെട്ടെന്ന് തിരിച്ചറിയാനാവാത്ത പീഡനം (ഉദാ, അവഗണന) എന്നിവയും സാമ്പത്തിക സ്രോതസ്സ് തടയുക എന്നിവ ഗാർഹിക പീഡനത്തിന്റെ പലരൂപങ്ങളാണ്. അപകടത്തിൽപ്പെടുത്തുക, ബലം പ്രയോഗിച്ച് എന്തെങ്കിലും ചെയ്യിക്കുക, തട്ടിക്കൊണ്ടുപോവുക, നിയമവിരുദ്ധമായി തടവിൽ വെക്കുക, അതിക്രമിച്ച് കയറുക, നിരന്തരം ഉപദ്രവിക്കുക എന്നിവയും ഗാർഹിക പീഡനത്തിൽ പെടുന്നു.

ശാരീരികം

[തിരുത്തുക]

ഭയപ്പെടുത്തുക, വേദനിപ്പിക്കുക, മുറിവേൽപ്പിക്കുക, മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക, ശാരീരിക അപകടം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചെയ്യുന്ന ശാരീരിക ഇടപെടലുകൾ ആണ് ശാരീരിക പീഡനത്തിൽ വരുന്നത്. ഭീഷണി, വിരട്ടൽ, നിയന്ത്രിക്കൽ, ഒറ്റപ്പെടുത്തൽ, നിയന്ത്രണത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ മറ്റു പീഡനസ്വഭാവങ്ങളുടെ മൂർദ്ധന്യാവസ്ഥയിലാവാം ശാരീരിക പീഡനം സംഭവിക്കുന്നത്. വൈദ്യസഹായം നിഷേധിക്കുക, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, നിർബന്ധമായി മരുന്നുകളോ മദ്യമോ കഴിപ്പിക്കുക എന്നിവയും ശാരീരിക പീഡനമാണ്. ഇരയെ വൈകാരികമായി ആക്രമിക്കാനായി കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ മുറിവേൽപ്പിക്കുന്നതും ശാരീരിക അതിക്രമത്തിൽപ്പെടും.

പുരുഷന്മാർ കൊല്ലപ്പെടുന്ന കേസുകളേക്കാൾ സ്ത്രീകളുടെ കൊല്ലപ്പെടുന്ന കേസുകളിൽ വലിയൊരുപങ്കും ഗാർഹിക പീഡനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. അമേരിക്കയിലെ സ്ത്രീകളുടെ കൊലപാതകങ്ങളിൽ അൻപത് ശതമാനവും നിലവിലുള്ള പങ്കാളിയോ മുൻ പങ്കാളിയോ ആണ് പ്രതി. ഇംഗ്ലണ്ടിൽ കൊലചെയ്യപ്പെടുന്ന പുരുഷന്മാരിൽ 6 ശതമാനം അടുത്ത പങ്കാളിയുടെ കയ്യാൽ കൊലചെയ്യപ്പെടുമ്പോൾ സ്ത്രീകളുടെ കാര്യത്തിൽ ഇത് 37 ശതമാനമാണ്. ക്യാനഡ, ആസ്ത്രേലിയ, സൌത്ത് ആഫ്രിക്ക, ഇസ്രായേൽ, അമേരിക്ക എന്നിവിടങ്ങളിൽ 40 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിൽ സ്ത്രീകൾ അടുത്ത പങ്കാളികളാൽ കൊലചെയ്യപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ആഗോളതലത്തിൽ ഏതാണ്ട് 38% സ്ത്രീകളുടെ കൊലപാതകങ്ങളും അടുത്ത പങ്കാളികളാണ് ചെയ്യുന്നത്.

ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടാൻ കൂടുതൽ സാദ്ധ്യതയുണ്ട്. മുൻപേ നിലനിൽക്കുന്ന പീഡനം ഗർഭകാലത്ത് അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കാവുന്ന തരത്തിൽ കൂടുതൽ തീവ്രമാവുകയും ചെയ്യും. ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞിനെ അപായപ്പെടുത്താൻ ആഗ്രഹിക്കാത്ത പീഡകൻ ഗർഭകാലത്ത് അല്പം പിൻവലിയാനും സാദ്ധ്യതയുണ്ട്. പ്രസവത്തിനു ശേഷം ഉടനുള്ള കാലയളവിൽ ഗാർഹിക പീഡനത്തിൽ നിന്നുള്ള അപകടസാദ്ധ്യത കൂടുന്നു.

ആസിഡ് ആക്രമണങ്ങൾ ആക്രമണത്തിന്റെ തീവ്രതയേറിയ രൂപമാണ്. അന്ധതയും സ്ഥിരമായ വടുക്കളും ഉൾപ്പെടെ ഗുരുതരമായ ഹാനിവരുന്ന തരത്തിൽ ഇരയുടെ മുഖത്തിനു നേരെ ആസിഡ് എറിഞ്ഞ് പരിക്കേൽപ്പിക്കുന്നു. ലൈംഗിക ബന്ധത്തിനായുള്ള അഭ്യർഥനയോ പ്രണയാഭ്യർഥനയോ നിരസിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള പ്രതികാരമായി ധാരാളമായി പ്രയോഗിക്കപ്പെടുന്ന ആക്രമണമാണിത്.

മദ്ധ്യപൂർവേഷ്യയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നടക്കുന്ന ആസൂത്രണം ചെയ്യപ്പെട്ട ഗാർഹിക കൊലപാതകങ്ങളാണ് ദുരഭിമാനക്കൊലകൾ. ഇര കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അഭിമാനം തകരാൻ കാരണമായി എന്ന വിശ്വാസമാണ് ദുരഭിമാനക്കൊലയ്ക്ക് കാരണം. കുടുംബം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കാതിരിക്കുക, ലൈംഗിക അതിക്രമത്തിന് ഇരയാവുക, വിവാഹമോചനം ആവശ്യപ്പെടുക, ആരോപിക്കപ്പെടുന്ന പരപുരുഷഗമനം എന്നീ കുറ്റങ്ങളാണ് ദുരഭിമാനക്കൊലയിലേക്ക് നയിക്കുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ, വിവാഹരാത്രിയിൽ കന്യകയല്ലെന്ന് കണ്ടുപിടിക്കപ്പെട്ടാൽ നവവധു ക്രൂരമായ ആക്രമണങ്ങൾക്കും ദുരഭിമാനക്കൊലയ്ക്കും വിധേയയാകും.

നവവധുവിനെ തീവെച്ചു കൊല്ലുന്നതും സ്ത്രീധനക്കൊലപാതകങ്ങളും വിവാഹത്തിനു ശേഷം സ്ത്രീധന സംബന്ധമായി ഭർത്താവിന്റെയും ബന്ധുക്കളുടെയും അതൃപ്തിക്ക് ഇരയാകുന്നതു കാരണം ഉണ്ടാകുന്ന കൊലകളാണ്. സ്ത്രീധന പീഡനം തെക്കേ ഏഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ആണ് കൂടുതലായി നടക്കുന്നത്. ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2011 ഇൽ 8618 സ്ത്രീധന മരണങ്ങൾ ഇന്ത്യയിൽ നടന്നു. പക്ഷെ അനൌദ്യോഗിക കണക്കുകൾ ഇതിന്റെ മൂന്നിരട്ടിയോളം വരും. 

ലൈംഗികം

[തിരുത്തുക]
അടുത്ത പുരുഷ പങ്കാളിയിൽ നിന്ന് ലൈംഗിക അതിക്രമമോ അതിനുള്ള ശ്രമമോ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ത്രീകളുടെ ശതമാനം(1990 കളുടെ അവസാനം)[1]
രാജ്യം ശതമാനം
സ്വിറ്റ്സർലൻഡ് 12%
ജർമനി 15%
യു എസ് ഏ 15%
ക്യാനഡ 15%
നിക്കരാഗ്വ 22%
യു കെ 23%
സിംബാബ്വെ 25%
ഇന്ത്യ 28%

ലൈംഗിക പീഡനം ലോകാരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ച് ഏതൊരു ലൈംഗിക പ്രവൃത്തിയും, ലൈംഗിക സഹകരണം നേടിയെടുക്കാനുള്ള ശ്രമം, അനാവശ്യമായ ലൈംഗിക കമന്റുകൾ, നിർബന്ധമായി ഒരു വ്യക്തിയുടെ ലൈംഗികതയെ ലക്ഷ്യമിടുന്ന പ്രവർത്തികൾ, ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുക തുടങ്ങിയവയാണ്. അനുവാദമില്ലാത്ത ലൈംഗിക പ്രവർത്തി, നിർബന്ധിതമായ കന്യകാത്വ പരിശോധന, സ്ത്രീകളുടെ ചേലാകർമം എന്നിവയും ലൈംഗിക അതിക്രമത്തിൽ പെടുന്നവയാണ്. ശാരീരിക ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം ആരംഭിക്കുന്നത് കൂടാതെ, വിധേയയാകുന്ന വ്യക്തി തന്റെമേൽ പ്രയോഗിക്കപ്പെടുന്ന അതിക്രമത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ കഴിയാതിരിക്കുന്നതും, നിരസിക്കാൻ കഴിയാതിരിക്കുന്നതും, താല്പര്യക്കുറവ് വ്യക്തമാക്കാൻ ഉള്ള കഴിവുകേടും ഒക്കെ ലൈംഗികത പീഡനമായിത്തീരുന്നതിനു കാരണമാകുന്നു. ഇത് പ്രായപൂർത്തിയാകാത്തതു മൂലമുള്ള പക്വതക്കുറവ്, രോഗം, വൈകല്യം എന്നിവയോ മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ പ്രഭാവം എന്നിവയോ വിരട്ടിലോ സമ്മർദ്ദം ചെലുത്തലോ മൂലം ആകാം. ഇവയൊക്കെ ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താറുമുണ്ട്. അതായത് ശക്തർ ദുർബലരുടെ മേൽ പ്രയോഗിക്കുന്ന അധികാര പ്രകടനം കൂടിയാണിത്. പുരുഷാധിപത്യ സമൂഹത്തിൽ ആഴത്തിൽ പടർന്ന ലിംഗ വിവേചനം, ലിംഗഅസമത്വം, ലൈംഗിക ദാരിദ്ര്യം തുടങ്ങിയവ ഇതിന്റെ തോത് വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

പല സംസ്കാരങ്ങളിലും ബലാത്സംഗത്തിന്റെ ഇരകൾ കുടുംബത്തിന് അപകീർത്തിയും കളങ്കവും വരുത്തിവെക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതുമൂലം ദുരഭിമാനക്കൊല അടക്കമുള്ള തീവ്രമായ ഹിംസകൾക്ക് വിധേയരാക്കപ്പെടുന്നു. ഇര ഗർഭിണിയാവുകയാണെങ്കിൽ പ്രത്യേകിച്ചും.

ഇന്ന് ജീവിച്ചിരിക്കുന്ന 12.50 കോടി സ്ത്രീകൾ സ്തീകളിലെ ചേലാകർമത്തിന് വിധേയരായിട്ടുണ്ട്. ആഫ്രിക്കയിലും മദ്ധ്യപൂർവേഷ്യയിലും ഉള്ള 29 രാജ്യങ്ങളിൽ ഇത് നിലവിലുണ്ട്.

മുതിർന്ന വ്യക്തികളും കുട്ടികളും തമ്മിലുള്ള ലൈംഗികത കുടുംബത്തിനുള്ളിൽ നടക്കുന്ന ലൈംഗിക ചൂഷണമോ അതിക്രമമോ ആകാം. ചില സംസ്കാരങ്ങളിൽ ആചാരപരമായ ബാലലൈംഗിക പീഡനങ്ങൾ കുടുംബത്തിന്റെ അറിവോടും സമ്മതത്തോടും കൂടി നടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ "ബച്ചാബാസി" ഇതിനുദാഹരണമാണ്. ബാലവിവാഹം മറ്റൊരു ഉദാഹരണമാണ്.

നിർബന്ധിതമായ പ്രത്യുല്പാദന നിയന്ത്രണം (Reproductive coercion) എന്നത് പങ്കാളിയുടെ പ്രത്യുല്പാദന അവകാശങ്ങൾ, ആരോഗ്യം, തീരുമാനമെടുക്കാനുള്ള അധികാരം എന്നിവയ്ക്കെതിരെയുള്ള ഭീഷണിയും അതിക്രമവും ആണ്. സമ്മർദ്ദം പ്രയോഗിച്ചും ബലപ്രയോഗം വഴിയും പങ്കാളിയെ ഗർഭധാരണത്തിനോ ഗർഭം അലസിപ്പിക്കുന്നതിനോ സമ്മതിപ്പിക്കുന്നത് ഇതിൽപെടുന്നു. ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം, ഗർഭനിരോധന ഉപാധികൾ ഉപയോഗിക്കാനുള്ള പേടിയോ കഴിവില്ലായ്മയോ, ലൈംഗിക താല്പര്യത്തോട് സഹകരിക്കാതിരുന്നാൽ ഉള്ള ആക്രണത്തോടുള്ള പേടി, വൈദ്യപരിചരണം തേടുന്നത് നിയന്ത്രിക്കാൻ കഴിയുന്ന പീഡകനായ പങ്കാളിയുടെ ഇടപെടൽ എന്നിവയുമായി നിർബന്ധിതമായ പ്രത്യുല്പാദന നിയന്ത്രണം ബന്ധപ്പെട്ടിരിക്കുന്നു

പല സംസ്കാരങ്ങളിലും വിവാഹം സ്ത്രീയെ ഗർഭധാരണത്തിനും പ്രസവത്തിനും നിർബന്ധിതരാക്കുന്നുണ്ട്. ഉദാഹരണത്തിന് ഘാനയിൽ വധൂശുൽകം കൊടുക്കുന്നത് പ്രത്യുല്പാദന നിബന്ധനയായാണ്. ഗർഭനിരോധന ഉപാധികൾ ഉപയോഗിക്കുന്ന സ്ത്രീകൾ അക്രമവും ഭീഷണിയും നേരിടേണ്ടിവരുന്നു. നിർബന്ധിത വിവാഹങ്ങൾ, സഹവാസം, ഗർഭാവസ്ഥ, പിന്തുടർച്ചാവകാശമായി ഭാര്യയെ നേടുക എന്നിവ ലോകാരോഗ്യസംഘടനയുടെ ലൈംഗിക അതിക്രമങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്തുടർച്ചാവകാശമായി ഭാര്യയെ നേടുക എന്നത് സഹോദരന്റെ വിധവയെ വിവാഹം ചെയ്യാൻ ബാദ്ധ്യതയുണ്ടായിരിക്കുകയും, വിധവ ഭർതൃ സഹോദരനെ വിവാഹം ചെയ്യാൻ നിർബന്ധിതയാവുകയും ചെയ്യുന്ന ആചാരമാണ്.

പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് വൈവാഹിക ബലാത്സംഗം. താല്പര്യമില്ലാത്ത സംഭോഗം സ്ത്രീക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടും വേദനയും ഉളവാക്കുന്നു. വളരെ കുറച്ച് മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നതും അതിൽ തന്നെ വളരെ കുറവു മാത്രം ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന പല രാജ്യങ്ങളിലും നിയമ വിധേയമായതുമായ കുറ്റകൃത്യമാണിത്. വിവാഹം എന്നത് സ്ത്രീ തന്റെ ഭർത്താവിന് ഇഷ്ടമുള്ളപ്പോഴെല്ലാം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കൊടുക്കുന്ന തിരിച്ചെടുക്കാൻ കഴിയാത്ത സമ്മതമായാണ് വിശ്വസിക്കപ്പെടുന്നത് എന്നതിനാലാണിത്. ലോകമെമ്പാടും വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നതിന് സ്ത്രീവിമോചനവാദികൾ 1960 കൾ മുതൽ ചിട്ടയായി പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ 2006 ലെ ഒരു പഠനം കാണിക്കുന്നത് ചുരുങ്ങിയത് 104 രാജ്യങ്ങളിലെങ്കിലും വൈവാഹിക ബലാത്സംഗം കുറ്റകരമായി കണക്കാക്കുന്ന നിയമങ്ങൾ ഉണ്ടെന്നാണ്. ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്നെങ്കിലും ഇന്ന് ലോകത്തെമ്പാടും ഈ നിലപാട് തള്ളിക്കളയുകയും വൈവാഹിക ബലാത്സംഗം കുറ്റകരമായി കണക്കാക്കപ്പെടാൻ തുടങ്ങുകയും ചെയ്യുന്നുണ്ട്.

വൈകാരികം

[തിരുത്തുക]

വൈകാരിക പീഡനം (മാനസിക പീഡനം) എന്നത് ഭീഷണിപ്പെടുത്തുകയും, വിരട്ടുകയും, അപമാനവീകരിക്കുകയും, ആത്മാഭിമാനം തകർക്കുകയും ചെയ്യുന്ന പെരുമാറ്റ രീതിയാണ് വൈകാരിക പീഡനം. ഇസ്താംബൂൾ കൺ വെൻഷന്റെ പ്രഖ്യാപനത്തിൽ ഒരു വ്യക്തിയുടെ മാനസികമായ സമഗ്രതയെ തകർക്കാനായി ബോധപൂർവം ബലപ്രയോഗവും ഭീഷണിയും പ്രയോഗിക്കുന്നതാണ് മാനസികമായ പീഡനം എന്ന് പറയുന്നു.

ഭീഷണി, ഒറ്റപ്പെടുത്തൽ, പരസ്യമായ അപമാനം, അനുകമ്പയില്ലാത്ത വിമർശനം, നിരന്തരമായ അവമതിപ്പ്, നിസ്സഹകരണം, വിശ്വാസത്തകർച്ചയുണ്ടാക്കൽ തുടങ്ങിയവ വൈകാരിക പീഡനത്തിൽ ഉൾപ്പെടും. നിർത്താതെ പിന്തുടരുക ഉറ്റപങ്കാളിയോ മുൻപങ്കാളിയോ നടത്തുന്ന മാനസികപീഡനത്തിന്റെ ഒരു പതിവു രൂപമാണ്. പങ്കാളിക്ക തന്റെമേൽ പൂർണനിയന്ത്രണമുണ്ടെന്ന് ഇരയ്ക്ക് തോന്നിപ്പോവുകയും ഇത് ക്രമേണ അവരുടെ ബന്ധത്തിലെ അധികാര സമവാക്യങ്ങളെ അതിക്രമിക്ക് അനുകൂലമാകുന്ന വിധത്തിൽ മാറ്റി മറിക്കുകയും ചെയ്യുന്നു. വിഷാദരോഗം, ഭക്ഷണ വ്യതിയാനം  (eating disorders), ആത്മഹത്യ, മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം എന്നിവയ്ക്ക് ഇരകൾ അടിമപ്പെടാൻ സാദ്ധ്യത കൂടുന്നു.

സാമ്പത്തികം

[തിരുത്തുക]

അടുത്ത പങ്കാളിക്ക് മറ്റേ പങ്കാളിയുടെ സാമ്പത്തിക സ്രോതസ്സുകളിന്മേൽ നിയന്ത്രണമുണ്ടാവുന്നതാണ് സാമ്പത്തിക പീഡനം. വൈവാഹിക സ്വത്തുക്കൾ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നു. ഇരയ്ക്ക് ഉപയോഗിക്കാവുന്ന സമ്പത്തിനെ പരിമിതപ്പെടുന്നതും അവരുടെ സാമ്പത്തിക സ്രോതസ്സുകളെ ചൂഷണം ചെയ്യുന്നതും സമ്പത്ത് ആർജിക്കുന്നതിൽ നിന്ന് പങ്കാളിയെ തടയുന്നതും സാമ്പത്തിക പീഡനത്തിൽപ്പെടുന്നു. സാമ്പത്തിക പീഡനം വിദ്യാഭ്യാസത്തിനുള്ള അവസരം, തൊഴിൽ, തൊഴില്പരമായ ഉയർച്ച എന്നിവയെ തടഞ്ഞ് ഇരയുടെ സ്വാശ്രയത്വത്തെ തകർക്കുകയും സമ്പത്ത് ആർജിക്കുന്നത് തടയുകയും ചെയ്യുന്നു.

ഇരയെ നിശ്ചിത ജീവനാംശത്തിൽ ജീവിക്കാൻ നിർബന്ധിതയാക്കുകയും പീഡകന്റെ അനുവാദമില്ലാത്ത ചെലവുകൾ നടത്താതിരിക്കാനായി പണം ചെലവിടുന്നതിനു മേൽനോട്ടം ഏർപ്പെടുത്തുകയും ചെയ്യുന്നത് കടം പെരുകുന്നതിനും ഇരയുടെ സമ്പാദ്യം ശോഷിക്കുന്നതിനും ഇടയാക്കുന്നു. പണം ചെലവഴിക്കുന്നതിനെ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ ശാരീരികവും മാനസികവും ലൈംഗികവുമായ അധിക പീഡനത്തിലേക്ക് നയിക്കുന്ന പകതീർക്കലുകളിലേക്ക് നയിക്കുന്നു. സ്ത്രീകൽക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സാദ്ധ്യതയില്ലാത്തതും ക്ഷേമപദ്ധതികളൊന്നും ലഭ്യമല്ലാത്തതുമായ രാജ്യങ്ങളിൽ ഭർത്താവിന്റെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിൽ സാമ്പത്തിക പീഡനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നു. അമ്മമാരിലും കുട്ടികളിലും ഉള്ള പോഷണക്കുറവ് പീഡനസ്വഭാവമുള്ള ബന്ധങ്ങളുള്ള കുടുംബങ്ങളിൽ കൂടുതലാണ്. ഗാർഹിക അതിക്രമങ്ങളിൽ ഭക്ഷണം നിഷേധിക്കുന്നത് ഇന്ത്യയിൽ സാധാരണയാണ്.

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

ഗാർഹിക പീഡനം ലോകത്തിന്റെ എല്ലാഭാഗങ്ങളിലും, എല്ലാ സംസ്കാരങ്ങളിലും സംഭവിക്കുന്നു. അത് എല്ലാ സാമ്പത്തിക നിലയിലുള്ള ആളുകളെയും ബാധിക്കുന്നു.

ലിംഗഭേദം

[തിരുത്തുക]

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ലിംഗഭേദത്തെക്കുറിച്ച് സംവാദങ്ങൾ തുടരുന്നുണ്ട്. പശ്ചാത്തലം മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള രീതിശാസ്ത്രപരമായ പരിമിതികൾ, സമാനമല്ലാത്ത രീതിയിൽ ശേഖരിക്കപ്പെടുന്ന സാമ്പിളുകൾ, സ്വയം റിപ്പോർട്ട് ചെയ്യുന്നതിൽ പ്രതികരിക്കുന്നയാൾക്കുള്ള വിമുഖത തുടങ്ങിയ പ്രശ്നങ്ങൾ നിലവിൽ ഗവേഷണരംഗം അഭിമുഖീകരിക്കുന്നു. പെട്ടെന്ന് തിരിച്ചറിയാനാകാത്ത പീഡനം നേരിടുന്ന ആളുകളിലും, ഒന്നിലധികം പങ്കാളികളാൽ പീഡിപ്പിക്കപ്പെട്ടിട്ടുള്ളവരിലും, ദീർഘകാലം പീഡിപ്പിക്കപ്പെട്ടവരിലും ഗാർഹികപീഡനത്തെ സ്വാഭാവികമായി കാണാനുള്ള വ്യഗ്രത ഉണ്ടാവുകയും കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാദ്ധ്യത കുറയുകയും ചെയ്യുന്നു.

പുരുഷന്മാരും സ്ത്രീകളും ഉറ്റപങ്കാളിക്ക് മേൽ നിയന്ത്രണത്തിനായി ഹിംസാത്മകമായി ബലം പ്രയോഗിക്കുന്നുണ്ടെന്ന് ഹാംബിയുടെ (2009) റിപ്പോർട്ട് പറയുന്നു. പക്ഷെ നിയന്ത്രണം എന്നതിനെ നിർവചിക്കുന്നതും പ്രയോഗിക്കുന്നതും വ്യത്യസ്തമായ രീതിയിൽ ആണെന്ന് മാത്രം. പീഡനസ്വഭാവമുള്ള ബന്ധങ്ങളിൽ സ്വയംനിർണയാവകാശം നേടാൻ വേണ്ടിയാണ് സ്ത്രീകൾ നിയന്ത്രണം നേടുന്നത്. പുരുഷന്മാരാകട്ടെ പങ്കാളിയുടെ മേൽ അധികാരം സ്ഥാപിക്കുന്നതിനായാണ് നിയന്ത്രണം പ്രയോഗിക്കുന്നത്. അടുത്തപങ്കാളികൾക്കിടയിലുള്ള പീഡനത്തിൽ സ്ത്രീകൾ പീഡകരാവുന്നത് മിക്കപ്പോഴും പങ്കാളിയുടെ ആക്രമണ സ്വഭാവത്തോടുള്ള പ്രതികരണമായോ ആത്മരക്ഷയ്ക്കായോ തിരിച്ചടിയായോ ആണെന്നാണ് 2010 ഇൽ നടത്തിയ സ്ത്രീകൾ പീഡകരാകുന്ന അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളെ ചിട്ടയായി അവലോകനം ചെയ്തപ്പോൾ ലഭിച്ച നിഗമനം.

അടുത്ത പങ്കാളിയിൽ നിന്നുള്ള പീഡനത്തോട് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രതികരണം വ്യത്യസ്തമാണെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.  സൈക്കോളജി ഓഫ് വയലൻസ് എന്ന ജേണലിൽ ഉള്ള 2012 ലെ ഒരു അവലോകനം പറയുന്നത് സ്ത്രീകളിൽ അടുത്ത പങ്കാളിയുടെ പീഡനത്തിന്റെ ഫലമായുള്ള പരിക്കുകളും ഭയവും മാനസികാഘാതത്തിന് ശേഷമുള്ള മാനസികപ്രശ്നങ്ങളും കൂടുതൽ തീവ്രമാണെന്നാണ് . 70% സ്ത്രീ ഇരകളും പീഡനത്തെത്തുടർന്ന് വളരെ പേടിച്ച അവസ്ഥയിലാണെങ്കിൽ 85% പുരുഷ ഇരകൾക്കും പേടിയൊന്നും ഉണ്ടായിരുന്നില്ല. “അടിക്ക് ശക്തികൊടുക്കുന്നത് ഭയമാണെങ്കിൽ പരിക്കുകൾ ആ ഭയം നിലനിർത്താൻ സഹായിക്കുന്നു.“

2013 ലെ ഒരു അവലോകനം അഞ്ച് വൻകരകളിലെയും പഠനങ്ങളിൽ ലിംഗനീതിയും ഗാർഹികപീഡനവും തമ്മിൽ ഉള്ള ബന്ധം പരിശോധിച്ചിരുന്നു. ആരാണ് ശാരീരികമായി ആക്രമിക്കപ്പെടുന്നത്, എത്ര ഗുരുതരമായി ആക്രമിക്കപ്പെടുന്നു, ആരാണ് കൂടുതൽ ഭയം പ്രകടിപ്പിക്കുന്നത്, കൂടുതൽ അനുബന്ധ മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നത് എന്നതൊക്കെ പരിശോധിച്ചാൽ, ഗാർഹിക പീഡനം സ്ത്രീകളെയാണ് കൂടുതൽ ഇരയാക്കുന്നത് എന്ന് ഗവേഷകർ കണ്ടെത്തി.

  1. Seager, Joni (2009). The Penguin atlas of women in the world (4th ed.). New York: Penguin Books. ISBN 9780143114512.
"https://ml.wikipedia.org/w/index.php?title=ഗാർഹിക_പീഡനം&oldid=3778876" എന്ന താളിൽനിന്ന് ശേഖരിച്ചത്