Jump to content

ശോശാമ്മ ഐപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. ശോശാമ്മ ഐപ്പ് 1942ൽ പത്തനംതിട്ടയിലെ നിരണത്തു ജനിച്ചു. വെച്ചൂർ പശുക്കളുടെ [1]സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞ.

കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആയിരുന്നു ഈ വഴിയിൽ അവർ പ്രവർത്തനം ആരംഭിച്ചത്. 1950കളിൽ അവരുടെ വീട്ടിലും വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. 1989ലാണ് അന്യം നിന്നുപോകുമായിരുന്ന കേരളത്തിലെ തനതു കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഈ പശുക്കൾ ഉരുത്തിരിഞ്ഞത്. ഇവയുടെ സംരക്ഷണത്തിനായുള്ള വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണവർ. വെച്ചുർ പശുവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല അവരുടെ പ്രവർത്തനങ്ങൾ. കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാൻ അവർ മുൻകയ്യെടുത്തു. കുട്ടനാടൻ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും അവർ പ്രവർത്തിച്ചു.

ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എൻ. ഇ. പി)അംഗീകാരം ലഭിച്ചു. ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ താമസം. കാർഷിക സർവ്വകലാശാലയിലെ റിട്ട. പ്രൊഫസ്സർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ടു മക്കൾ.

ഒടുവിൽ പത്മശ്രീ പുരസ്കാരം : വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഡോ . ശോശാമ്മ ഐപ്പിന് 2022 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2016-01-18.
"https://ml.wikipedia.org/w/index.php?title=ശോശാമ്മ_ഐപ്പ്&oldid=4021907" എന്ന താളിൽനിന്ന് ശേഖരിച്ചത്