വൈദ്യുത മോട്ടോർസൈക്കിൾ
മുൻകൂട്ടി ചാർജ്ജുചെയ്ത ബാറ്ററികളിൽ നിന്നുമുള്ള ഊർജ്ജത്താൽ വൈദ്യുതമോട്ടോറിന്റെ സഹായത്തോടെ രണ്ടോ മൂന്നോ ചക്രങ്ങൾ ഉപയോഗിച്ച് മുന്നോട്ടു നീങ്ങാൻ കഴിവുള്ള സഞ്ചാരവാഹനങ്ങളാണ് വൈദ്യുത മോട്ടോർ സൈക്കിളുകൾ അഥവാ ഇ-ബൈക്ക് / ഇ-സ്കൂട്ടർ. ഫോസിൽ അധിഷ്ഠിത ഊർജ്ജത്തിന്റെ ദൌർലഭ്യവും ആഗോള താപമാനവർദ്ധനവുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും കണക്കിലെടുത്ത് ഇത്തരം വാഹനങ്ങളുടെ പ്രചാരവും ഉപയോഗവും അനുദിനം ഉയർന്നുവരുന്നു. ഊർജ്ജോപഭോഗവും പരിസ്ഥിതിപ്രശ്നങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങൾക്കു് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനസർക്കാരുകളും സബ്സിഡി, നികുതിയിളവ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്.
ചരിത്രം
[തിരുത്തുക]ഇനങ്ങൾ
[തിരുത്തുക]വലിപ്പവും ഘടനയും അനുസരിച്ച് വൈദ്യുത മോട്ടോർ സൈക്കിളുകളെ പല ഇനങ്ങളാക്കി തരം തിരിക്കാം.
വൈദ്യുതമോട്ടോർ ഘടിപ്പിച്ച സാധാരണ സൈക്കിളുകൾ
[തിരുത്തുക]വിപണിയിൽ ലഭിക്കുന്ന മിക്കവാറും സൈക്കിളുകൾ തക്കതായ അധികഘടകങ്ങൾ ചേർത്ത് വൈദ്യുതീകരിക്കാവുന്നതാണ്. ഇത്തരം പരിവർത്തനത്തിന് 5000 രൂപ മുതൽ 10000 രൂപവരെ വില വരുന്ന അനുയോജ്യമായ കിറ്റുകൾ ലഭ്യമാണ്. കായികമായ അദ്ധ്വാനമില്ലാതെത്തന്നെ മണിക്കൂറിൽ ഏകദേശം 15-20 കിലോമീറ്റർ വേഗതയിൽ സാധാരണ സൈക്കിളിൽ സവാരി ചെയ്യാൻ ഇങ്ങനെ സാദ്ധ്യമാണ്. 10Ah വരെ ഊർജ്ജധാരിതയുള്ള VRLA ബാറ്ററികളാണ് ഇത്തരം കിറ്റുകളിൽ ഉപയോഗിക്കപ്പെടുന്നത്.
വൈദ്യുത സ്കൂട്ടറുകൾ
[തിരുത്തുക]കാൽ അരക്കെട്ടിനൊപ്പം ഉയർത്താതെത്തന്നെ ഒരു വശത്തുനിന്നും മറ്റേ വശത്തേക്കു് നീക്കാവുന്ന തരം വാഹനത്തെയാണു് സ്കൂട്ടർ അഥവാ സ്കൂട്ടി എന്നു വിളിക്കുന്നത്. ഇത്തരം വാഹനങ്ങൾക്ക് താരതമ്യേന വ്യാസം കുറഞ്ഞ ചക്രങ്ങളാണ് ഉണ്ടാവുക. സ്ത്രീകൾക്കും കുട്ടികൾക്കും സവാരി ചെയ്യാൻ കൂടുതൽ സൗകര്യം ഇത്തരം വാഹനങ്ങളാണ്. ഇപ്പോൾ ഇന്ത്യയിൽ ലഭിക്കുന്ന മിക്കവാറും വൈദ്യുതമോട്ടോർ സൈക്കിളുകൾ ഇത്തരത്തിൽ പെട്ടവയാണ്.
250 വാട്ട് വരെ ശക്തിയും മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗവുമുള്ള ഇ-ബൈക്കുകൾ ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല. പല സംസ്ഥാനസർക്കാരുകളും റോഡ് നികുതി, എക്സൈസ് തീരുവ തുടങ്ങിയ നിബന്ധനകളിൽ നിന്നും ഈ ഇനം വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ലഘുവാഹനങ്ങൾക്കു പുറമേ ശക്തിയും വേഗവും കൂടുതലുള്ള ഇ-ബൈക്കുകളും വിപണിയിൽ ലഭ്യമാണു്.
വൈദ്യുത മോട്ടോർ സൈക്കിളുകൾ
[തിരുത്തുക]വലിയ ചക്രങ്ങളുള്ളതും സീറ്റിനും കൈപ്പിടിയ്ക്കും ഇടയിൽ ലോഹച്ചട്ടം ഘടിപ്പിച്ചിട്ടുള്ളതുമായ ഇരുചക്രവാഹനങ്ങൾ സ്കൂട്ടറുകളിൽ നിന്നും വിഭിന്നമാണ്. ഇവയെ മോട്ടോർ സൈക്കിളുകൾ അഥവാ മോപ്പെഡുകൾ എന്നു പറയാം.
ഇന്ത്യയിൽ ഇത്തരം വൈദ്യുതമോട്ടോർ സൈക്കിളുകൾ ഇപ്പോൾ പ്രചാരത്തിലായിട്ടില്ല.
പ്രധാന ഘടകങ്ങൾ
[തിരുത്തുക]പരമ്പരാഗത മോട്ടോർ ഇരുചക്രവാഹനങ്ങളിൽ നിന്നു വിഭിന്നമായി വൈ.മോ.സ.യിൽ ആന്തരികദഹനയന്ത്രമോ ഇന്ധനസംഭരണിയോ ഗിയർ സംവിധാനമോ അവയോടനുബന്ധിച്ച ക്ലച്ച്, ചോക്ക്, സ്റ്റാർട്ടർ തുടങ്ങിയ മറ്റു ഘടകങ്ങളോ ഉണ്ടാവുകയില്ല. പകരം ചക്രത്തിനോടു നേരിട്ടു ഘടിപ്പിച്ച ഒരു വൈദ്യുതമോട്ടോറും അതിനു് ഊർജ്ജം പകരുന്ന ബാറ്ററിയും ചാർജ്ജിങ്ങ്, ഡിസ്ചാർജ്ജിങ്ങ്, വേഗത തുടങ്ങിയവ നിയന്ത്രിക്കുന്ന ഇലൿട്രോണിൿ നിയന്ത്രണസംവിധാനവും കാണാം. അതുകൊണ്ടു് വൻതോതിൽ നിർമ്മിക്കപ്പെടുമ്പോൾ ഇത്തരം വാഹനങ്ങളുടെ വില ഇനിയും ഗണ്യമായി കുറഞ്ഞുവരാൻ സാദ്ധ്യതയുണ്ടു്.
ബാറ്ററി
[തിരുത്തുക]വാൾവ് റെഗുലേറ്റഡ് ലെഡ് ആസിഡ് (Valve regulated Lead Acid - VRLA) ബാറ്ററികൾ അഥവാ തേയ്മാനരഹിത-സംവൃതബാറ്ററികൾ (Maintenance free Sealed Batteries) ആണു് പൊതുവേ ഇക്കാലത്തു് വൈദ്യുതമോട്ടോർ സൈക്കിളുകളിൽ ഉപയോഗിക്കുന്നതു്. താരതമ്യേന വിലകുറഞ്ഞ സാധാരണ ലെഡ് ആസിഡ് ബാറ്ററികളുടെ പരിഷ്കരിച്ച രൂപമാണിവ. 20 മുതൽ 50 വരെ ആമ്പിയർ-ഹവർ (AH) ഊർജ്ജധാരിതയുള്ള ഇത്തരം ബാറ്ററികൾ മിക്കവാറും മൊത്തം 48 വോൾട്ട് ഉള്ള ഒരു പെട്ടി ആയി ആണു് ഘടിപ്പിക്കപ്പെടുന്നതു്.
കണ്ട്രോൾ യൂണിറ്റ്
[തിരുത്തുക]ബാറ്ററിയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആവശ്യമുള്ള നിരക്കിലും സമയത്തും മോട്ടോറിലേക്കു് എത്തിച്ചുകൊടുക്കുന്ന ജോലിയാണു് കണ്ട്രോളർ എന്നും അറിയപ്പെടുന്ന നിയന്ത്രണയൂണിറ്റിനുള്ളതു്. ബാറ്ററിയിൽ നിന്നുമുള്ള DC വൈദ്യുതിയെ പൾസ് വിഡ്ത്ത് മോഡുലേഷൻ (PWM) വഴി ക്രമീകരിച്ച് വാഹനത്തിനു് അതതു സമയത്തു് ആവശ്യമുള്ള വേഗതയും ശക്തിയും പ്രദാനം ചെയ്യുന്നതു് കണ്ട്രോൾ യൂണിറ്റ് ആണു്.
മോട്ടോർ
[തിരുത്തുക]പൂജ്യം മുതൽ പരമാവധിയുള്ള വേഗം വരെ ആവശ്യം പോലെ നിയന്ത്രിക്കാവുന്ന സൌകര്യം കൂടുതലുള്ളതു് DC മോട്ടോറുകളിലാണു്. ഘർഷണവും വൈദ്യുതതീപ്പൊരിയും (spark) മൂലം നഷ്ടപ്പെടാവുന്ന ഊർജ്ജച്ചെലവും കൂടി കണക്കിലെടുത്തു് ബ്രഷ്‌ലെസ്സ് ഡി.സി. മോട്ടോറുകൾ (BLDC) ആണു് ഇ-ബൈക്കുകളിൽ വ്യാപകമായി ഉപയോഗിക്കുന്നതു്.
ബ്രേക്ക് സംവിധാനം
[തിരുത്തുക]സാധാരണ മോട്ടോർ സൈക്കിളുകളിൽ പെട്ടെന്നു നിറുത്തേണ്ടി വരുമ്പോഴും ഇറക്കം ഇറങ്ങുമ്പോളും മറ്റും ബ്രേക്ക് ഉപയോഗിക്കാറുണ്ടു്. ഓടിക്കൊണ്ടിരിക്കുന്ന ചക്രങ്ങളെ ബലമായി ഉരസി അവയിൽ ബാക്കിയുള്ള ഗതികോർജ്ജം ഘർഷണത്തിലൂടെ താപമാക്കി മാറ്റി വാഹനത്തിന്റെ ആവേഗം (momentum) ഇല്ലാതാക്കിയാണു് ഇത്തരം ബ്രേക്കുകൾ പ്രവർത്തിക്കുന്നതു്. പ്രവേഗം മൂലം വാഹനത്തിൽ സംഭരിക്കപ്പെട്ടിരുന്ന ഗതികോർജ്ജം ഇങ്ങനെ ഉപയോഗശൂന്യമായ താപമാക്കി മാറ്റുന്നതിലൂടെ ഗണ്യമായ ഇന്ധനനഷ്ടം ഉണ്ടാവുന്നുണ്ടു്.
വൈദ്യുതമോട്ടോർ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഒരു സാദ്ധ്യത ഇത്തരം ഊർജ്ജനഷ്ടം ഒഴിവാക്കാം എന്നതാണു്. വാഹനം നിർത്തുകയോ വേഗത കുറക്കുകയോ ചെയ്യേണ്ടിവരുമ്പോൾ അധികമുള്ള ഊർജ്ജത്തിൽ ഒരു പങ്കു് തക്കതായ ഇലക്ട്രോണിൿ സംവിധാനത്തിലൂടെ തിരിച്ച് ബാറ്ററിയിലേക്കു് ഒഴുക്കാൻ സാധിക്കും. (ഇതിനെ പുനരുല്പാദനക്ഷമ രോധം - regenerative breaking എന്നു വിളിക്കുന്നു. ഡീസൽ / വൈദ്യുത തീവണ്ടികളിലും മറ്റും ഇത്തരം സംവിധാനം തുടക്കം മുതലേ ഉണ്ടു്.)
Eko Vehicle ന്റെ EV 60 (http://www.ekovehicle.com/index.asp?file=ev60) എന്ന മോഡലിന് regenerative breaking സംവിധാനം ഉപയോഗിക്കുന്നു.
എങ്കിൽപ്പോലും പൂർണ്ണമായ ബ്രേക്കിങ്ങ് ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇ-ബൈക്കുകളിലും സാധാരണ പോലത്തെ ഡ്രം/ഡിസ്ക് അധിഷ്ഠിത ബ്രേക്ക് സംവിധാനങ്ങൾ കൂടി ഘടിപ്പിച്ചിട്ടുണ്ടു്.
ഗുണങ്ങൾ
[തിരുത്തുക]ദോഷങ്ങൾ
[തിരുത്തുക]വൈദ്യുതവാഹനങ്ങളും പരിസ്ഥിതിയും
[തിരുത്തുക]ഭാരതത്തിലെ പ്രധാന ഇ-ബൈക്ക് നിർമ്മാതാക്കളും ഉൽപ്പന്നങ്ങളും
[തിരുത്തുക]ഭാരതത്തിൽ ഇ--ബൈക്ക് വിപണി ഇപ്പോഴും അർഹമായ പ്രചാരം നേടിയിട്ടില്ല. സൈക്കിളുകൾ അല്ലാതെയുള്ള മൊത്തം ഇരുചക്രവിപണിയിൽ ഇവയുടെ പങ്കു് ഒരു ശതമാനത്തിൽ കുറവാണു്. ഇൻഡ്യയിൽ വൈദ്യുതവാഹനത്തിന്റെ തുടക്കക്കാർ ബാംഗ്ലൂർ ആസ്ഥാനമായ Eko Vehicle (http://www.ekovehicle.com) എന്ന കമ്പനിയാണ്. 80 കളുടെ തുടക്കത്തിൽ തന്നെ അവർ വൈദ്യുത ഇരു ചക്ര വാഹനങ്ങൾ നിരത്തിലിറക്കി. വലിയ പ്രചാരമൊന്നും അന്ന് അതിന് ലഭിച്ചില്ല. പിന്നീട് Reva എന്ന കാർ 1994 ന് ശേഷം നിർമ്മിക്കപ്പെട്ടു. പിന്നീട് Eko Cosmic എന്ന ലൈസൻസ് വേണ്ട 500W മോട്ടോർ ഉപയോഗിക്കുന്ന ഇരുചക്രവാഹനം Eko Vehicle പുറത്തിറക്കി. അത് ഇൻഡ്യ മുഴുവൻ ദക്ഷതയേറിയ യാത്ര ആഗ്രഹിക്കുന്നവരെ ആവേശഭരിതരാക്കി. കേരളത്തിലും ധാരാളം വാഹനങ്ങൾ അവർ വിറ്റഴിച്ചു. പിന്നീട് ധാരാളം നിർമ്മാതാക്കൾ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കി.
അഹമ്മദാബാദ് കേന്ദ്രമായ എലക്ട്രോതേം ഇന്ത്യാ ലിമിറ്റഡ് (Electrotherm (I) Ltd.) നിർമ്മിക്കുന്ന യോ-ബൈക്ക് (http://www.yobykes.in/) , ഇരുചക്രവാഹനവിപണിയിലെ അതികായരായ ഹീറോയുടെ ഹീറൊ എലക്ട്രിൿ, ബി.എസ്.എ., മോറെല്ലോ യമസാക്കി (http://www.morellolife.com/) തുടങ്ങിയവരാണു് ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കൾ. ഘടകഭാഗങ്ങൾ ഇറക്കുമതിചെയ്തു് അന്തിമരൂപഘടന മാത്രം സ്വന്തമായി പൂർത്തിയാക്കി ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചാണു് മിക്ക ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നതു്.