വൈദ്യുത വാഹനം
വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെയാണ് വൈദ്യുതവാഹനങ്ങൾ എന്ന് പറയുന്നത്. നിലവിൽ വാഹനങ്ങൾ ഓടിക്കാൻ പെട്രോളിയം ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. പെട്രോൾ-ഡീസൽ എൻജിനുകൾ ആണ് ഭൂരിഭാഗം വാഹനങ്ങളിലും ഉപയോഗിക്കുന്നത്. വാഹനം ഓടുന്നതിന് ആവശ്യമായ ഘൂർണ്ണനബലം ചക്രങ്ങൾക്ക് നൽകാനായി വൈദ്യുതമോട്ടോറുകളാണ് വൈദ്യുതവാഹനങ്ങളിൽ ഉപയോഗിക്കുന്നത്.
പ്രധാന വാഹനങ്ങൾ[തിരുത്തുക]
വൈദ്യുത തീവണ്ടി[തിരുത്തുക]

വൈദ്യുതതീവണ്ടിയാണ് ഈ കുടുംബത്തിലെ പ്രചാരമുള്ള പ്രധാനി. തീവണ്ടി പാളങ്ങൾക്ക് മുകളിലൂടെ പോകുന്ന അതിസ്ഥാനിക വൈദ്യുതകമ്പികളിൽ നിന്നും നേരിട്ടാണ് തീവണ്ടി എൻജിനുകൾ വൈദ്യുതി ഉപയോഗിക്കുന്നത്. പഴയ കൽക്കരി വണ്ടികളേയും ഡീസൽ വണ്ടികളേയും മറികടന്ന് ഇപ്പോൾ വൈദ്യുതതീവണ്ടികൾ കൂടുതൽ പ്രചാരത്തിലായിരിക്കുന്നു.
മറ്റ് വാഹനങ്ങൾ[തിരുത്തുക]

ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ബസ്സുകൾ, കാറുകൾ തുടങ്ങി വിവിധതരം വാഹനങ്ങളും ഇപ്പോൾ വൈദ്യുതിയെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. തീവണ്ടികളിൽ നിന്നും വ്യത്യസ്തമായി വാഹനത്തിൽ ഉറപ്പിച്ചിരിക്കുന്ന ബാറ്ററിയിൽ ശേഖരിച്ചു വച്ചിട്ടുള്ള വൈദ്യുതിയാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ബാറ്ററിയിലെ വൈദ്യുതി തീരുന്ന മുറക്ക് ചാർജ്ജ് ചെയ്യുകയും വേണം.
ഇരുചക്രവാഹനങ്ങളാണ് ഇന്ന് കൂടുതലായി പ്രചാരത്തിൽ ഉള്ളത്. കാറുകളും പ്രചാരത്തിലായി വരുന്നു. ഒരു തവണ ചാർജ്ജ് ചെയ്യുമ്പോൾ കൂടുതൽ ദൂരം ഓടുന്ന വാഹനങ്ങൾക്കായി ഗവേഷണങ്ങൾ നടക്കുന്നു. വി.ആർ.എൽ.എ ബാറ്ററികളാണ് ഇന്ന് ഭൂരിഭാഗം വൈദ്യുതവാഹനങ്ങളിലും ഉപയോഗിക്കുന്നത്. ഇതിലും മേന്മയേറിയ ലിത്തിയം-അയോൺ ബാറ്ററികളിലേക്ക് ഇവ മാറിക്കൊണ്ടിരിക്കുന്നു. വൈദ്യുതോർജ്ജത്തെ പരമാവധി ദക്ഷതയോടെ ഉപയോഗിക്കാനുള്ള എല്ലാ സാങ്കേതികവിദ്യകളും ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നു. പെട്രോൾ ബാങ്കുകൾ പോലെ വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ പലയിടത്തും സ്ഥാപിച്ചു വരുന്നു.
സാങ്കേതികവിദ്യ[തിരുത്തുക]
മികച്ച ബാറ്ററികളേക്കാളേറെ വൈദ്യുതമോട്ടോർ രംഗത്തുണ്ടായ വിപ്ലവമാണ് വൈദ്യുതവാഹനങ്ങൾ പ്രചാരത്തിലാവാൻ കാരണം. ഉയർന്ന ദക്ഷതയുള്ള ബി.എൽ.ഡി.സി. മോട്ടോറുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ബ്രഷുകൾ ഇല്ലാത്ത ഡി.സി മോട്ടോറുകളാണിവ. ബ്രഷുകൾ ഇല്ലാത്തതിനാൽ തന്നെ തേയ്മാനവും സ്പാർക്കിംഗും മൂലമുള്ള ഊർജ്ജനഷ്ടം ഒഴിവാകുന്നു. സാധാരണരീതിയിലുള്ള മോട്ടോറുകളേക്കാൽ വില കൂടുതലാണ് എന്നതു മാത്രമാണ് ഒരു ന്യൂനത. വാഹനങ്ങളുടെ ചക്രങ്ങളിൽ തന്നെ നേരിട്ടാണ് മോട്ടോറുകൾ ഘടിപ്പിക്കുന്നത്. അതിനാൽ പരമാവധി ദക്ഷത ലഭിക്കുകയും ചെയ്യുന്നു.
വൈദ്യുതകാറിനെ ഇല്ലാതാക്കിയതാര്?[തിരുത്തുക]
who killed the electric car എന്ന പേരിൽ ഒരു ഡോക്യുമെന്ററി സോണിപിക്ചേഴ്സ് ഇറക്കിയിട്ടുണ്ട്. ക്രിസ്സ് പൈനിയാണ് ഇത് സംവിധാനം ചെയ്തത്. വൈദ്യുതവാഹനങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെപ്പറ്റിയും എണ്ണകമ്പനികൾക്ക് വൈദ്യുതവാഹനങ്ങളോടുള്ള നിലപാടിനെക്കുറിച്ചുമെല്ലാം ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നു.
ഗുണങ്ങൾ[തിരുത്തുക]
- സാമ്പത്തിക ലാഭം
- മലിനീകരണം പരമാവധി കുറവ്
- ഉയർന്ന ദക്ഷത
- പരിസ്ഥിതി സൌഹൃദമായ വാഹനം
- ശബ്ദരഹിതമായ വാഹനം
ദോഷങ്ങൾ[തിരുത്തുക]
നിലവിൽ ഉള്ള വൈദ്യുതവാഹനങ്ങൾക്ക് പല പ്രശ്നങ്ങളും ഉണ്ട്.
- ബാറ്ററിയിൽ സൂക്ഷിക്കാവുന്ന വൈദ്യുതിക്ക് പരിധിയുള്ളതിനാൽ ഒരു ചാർജിംഗിൽ സഞ്ചരിക്കാവുന്ന ദൂരം പരിമിതപ്പെടുന്നു.
- ബാറ്ററി വീണ്ടും ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്
- ബാറ്ററി ചാർജ്ജ് കുറയുന്നതിനനുസരിച്ച് മോട്ടോറിന്റെ പവറും കുറയുന്നു.
ഈ പ്രശ്നങ്ങളെ കൂടി ഒഴിവാക്കാവുന്ന വിധത്തിൽ ആധുനികസാങ്കേതികവിദ്യകൾ വികസിപ്പിച്ചു വരുന്നു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Electrically-powered vehicles എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Alternative Fueling Station Locator, charging stations (EERE).
- Int. Forum on Advanced Microsystems for Automotive Applications - Enabling the Electric Vehicle.
- Plug-In Electric Vehicle industry information and comparisons.