വെൽവെറ്റ് വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെൽവെറ്റ് വിപ്ലവം
Part of the Revolutions of 1989
ജനകീയ പ്രക്ഷോഭം 25 November 1989 , പ്രാഗ്.
Date17 November 1989 – 29 ഡിസമ്പർ 1989
(1 മാസം, 1 ആഴ്ച and 5 ദിവസം)
Locationചെകോസ്ലാവാക്യ
Participantsചെക്- സ്ലോവക് ജനത
Outcome

വിപ്ലവം അഥവാ മൃദുവിപ്ലവം എന്നത് 1989-ൽ ചെകോസ്ലാവാക്യ കമ്യൂണിസ്റ്റ് വ്യവസ്ഥക്ക് അന്ത്യം കുറിച്ച് ജനാധിപത്യവ്യവസ്ഥയിലേക്കു പരിണമിച്ച സമാധാനപരവും അക്രമരഹിതവുമായ പ്രക്രിയയെ സൂചിപ്പിക്കുന്നു.[1],[2] വെൽവെറ്റു വിപ്ലവത്തെത്തുടർന്ന് 1993-ജനുവരി ഒന്നിന് വെൽവെറ്റ് വിച്ഛേദവും നടന്നു- ചെകോസ്ലാവാക്യ ചെക് റിപബ്ലിക്, സ്ലോവാക്യ എന്നു രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു.[3]

പശ്ചാത്തലം[തിരുത്തുക]

കമ്യൂണിസ്റ്റ് ചെകോസ്ലാവാക്യ[തിരുത്തുക]

രണ്ടാം ആഗോളയുദ്ധക്കാലത്ത് നാത്സികൾ കൈയേറ്റം നടത്തി പിടിച്ചെടുത്ത ചെകോസ്ലവാക്യയെ പിന്നീട് മോചിപ്പിച്ചത് സോവിയറ്റ് റഷ്യ ആയിരുന്നു. അതുകൊണ്ടുതന്നെ ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാഭാവികമായും ജനപിന്തുണ ലഭിച്ചു. 1948-ൽ കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നു.

അലെക്സാൻഡർ ദൂപ്ചെക്- പ്രാഗ് വസന്തം[തിരുത്തുക]

അറുപതുകളിൽ രാജ്യത്തിന്റെ സാമ്പത്തികനില ഏറെ പരിതാപകരമായി. 1968-ജനവരിയിൽ അധികാരമേററ പാർട്ടി നേതാവ് അലക്സാൻഡർ ദൂപ്ചെക് ഉദാരവത്കരണത്തിന് പ്രോത്സാഹനവും നേതൃത്വവും നല്കി. ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിന്ന ഹ്രസ്വമായ ഈ കാലഘട്ടം പ്രാഗ് വസന്തം എന്നറിയപ്പെടുന്നു[4],[5].

സോവിയറ്റ് റഷ്യയുടെ സൈനികനടപടി[തിരുത്തുക]

ചെകോസ്ലാവാക്യയുടെ പോക്ക് കമ്യൂണിസ്റ്റ് താത്പര്യങ്ങൾക്ക് എതിരാണെന്ന വാദവുമായി 1968- ഓഗസ്റ്റിൽ സോവിയറ്റ് റഷ്യ സൈനികനടപടിയിലൂടെ ചെകോസ്ലാവാക്യയെ അധീനപ്പെടുത്തി,ദൂപ്ചെകിനെ തടവിലാക്കി മോസ്കായിലേക്കു കടത്തിക്കൊണ്ടു പോയി. [6] മറ്റു ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ റഷ്യൻ നിർദ്ദേശങ്ങളനുസരിച്ച് ഭരണം നടത്തി, സാമ്പത്തികനില മെച്ചപ്പെടുത്താൻ ഏറെ പരിശ്രമിച്ചു. സാമ്പത്തികനില താത്കാലികമായി മെച്ചപ്പെട്ടെങ്കിലും ജനങ്ങൾക്ക് യാതൊരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. വിമതർ കൂട്ടത്തോടെ അറസ്റ്റു ചെയ്യപ്പെട്ടു. 1977 ജനവരിയിൽ ചെകോസ്ലാവാക്യൻ ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും ചാർട്ടർ 77 എന്ന പേരിൽ ഒരു നിവേദനം[7] ഭരണകൂടത്തിനു സമർപ്പിച്ചു. 1975-ലെ ഹെൽസിങ്കി കരാർ[8] അനുസരിച്ചുള്ള മനുഷ്യാവകാശനിയമങ്ങൾ പാലിക്കപ്പെടണമെന്നതായിരുന്നു ഉള്ളടക്കം. പക്ഷെ നിവേദനത്തിൽ ഒപ്പു വെച്ചവരെല്ലാം തടവിലാക്കപ്പെട്ടു.

പ്രേരകങ്ങൾ[തിരുത്തുക]

പെരസ്ട്രോയിക[തിരുത്തുക]

1985-മുതൽ ഗോർബാചേവ് അധികാരമേറ്റതോടെ സോവിയറ്റ് റഷ്യയിൽ കാര്യമായ രാഷ്ട്രീയ-സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പിൽ വന്നു തുടങ്ങി.[9] ചെകോസ്ലാവാക്യയിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഇതിന്റെ പ്രതികരണങ്ങൾ ഉണ്ടായി.

ബെർലിൻ മതിൽ- തകർച്ച[തിരുത്തുക]

1989 നവമ്പർ നാലിന് പൂർവ ബെർലിൻ നിവാസികൾ ജനാധിപത്യത്തിനായി പ്രക്ഷോഭം നടത്തി. നവമ്പർ ഒമ്പതിന് അവർ ബെർലിൻ മതിൽ തകർത്ത് പശ്ചിമ ബെർലിനിലേക്ക് ഇരച്ചു കയറി.[10]

1989 നവമ്പർ -ഡിസമ്പർ[തിരുത്തുക]

1939 നവമ്പറിൽ ജർമനിയുടെ നാത്സി സൈന്യം പ്രാഗിലെ വിദ്യാർഥി പ്രക്ഷോഭത്തെ നിഷ്കരുണം അടിച്ചമർത്തിയ സംഭവം ആഗോള വിദ്യാർഥി ദിനമായി ആചരിക്കപ്പെടുന്നു.[11] ആ ദിനത്തിന്റെ അമ്പതാം വാർഷികമെന്ന നിലക്ക് 1989, നവമ്പർ 17-ന് പ്രാഗിലെ വിദ്യാർഥികൾ സംഘടിച്ചു പ്രകടനം നടത്തി.[12]

വിദ്യാർഥി പ്രക്ഷോഭം[തിരുത്തുക]

സമാധാനപരമായാണ് സമ്മേളനം ആരംഭിച്ചതെങ്കിലും നിലവിലുള്ള ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവും വിദ്യാഥികൾ നടത്തി. പോലീസ് നിർദ്ദയമായവിധത്തിൽ വിദ്യാർഥികളെ നേരിട്ടു. ഇതിനെതിരായി രാജ്യം ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇതായിരുന്നു വെൽവെറ്റ് വിപ്ലവത്തിന്റെ ആരംഭം കുറിച്ചത്. ഏകകക്ഷി ഭരണം അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പു നടത്താനും ആവശ്യപ്പെട്ടുകൊണ്ട് പൗരസംഘടനകൾ രംഗത്തിറങ്ങി. നവമ്പർ 27-ന് രാജ്യമൊട്ടാകെ പണിമുടക്കി.[13]ജനങ്ങളുമായി കൂടിയാലോചന നടത്താൻ കമ്യൂണിസ്റ്റ് ഭരണകൂടം നിർബന്ധിതമായി.

വുത്സാവ് ഹാവെൽ[തിരുത്തുക]

ജനങ്ങളുടെ വക്താവായി വുത്സാവ് ഹാവെൽ ചർച്ചക്കെത്തി. ഭരണകൂടത്തിനെതിരെ പ്രഖ്യാപനങ്ങൾ നടത്തിയന്ന കുറ്റത്തിന് അഞ്ചു വർഷത്തോളം തടവുശിക്ഷയുഭവിച്ച വ്യക്തിയായfരുന്നു ഹാവെൽ. ഹാവെലിന്റെ ശക്തഹീനരുടെ ശക്തി എന്ന ലേഖനം [14] ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. 1989 ഡിസമ്പറിൽ നിലവിലിരുന്ന ഭരണാധികാരികൾ രാജി വെച്ചൊഴിഞ്ഞു. ജനപ്രതിനിധി വുത്സാവ് ഹാവെലിന്റെ നേതൃത്വത്തിൽ താത്കാലിക ജനകീയ ഗവണ്മെന്റ് നിലവിൽ വന്നു. 1990 ജൂണിൽ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഹാവെൽ വീണ്ടും ഭരണധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു.

കമ്യൂണിസം- ഒരു മ്യൂസിയം[തിരുത്തുക]

പ്രാഗിൽ കമ്യൂണിസത്തിനായി ഒരു പ്രത്യേക മ്യൂസിയം ഉണ്ട്. 1921-ൽ കമ്യൂണിസം വേരു പിടിച്ചു തുടങ്ങിയതു മുതൽ 1989-ൽ പിഴുതെറിയപ്പെട്ടതു വരെയുള്ള സംഭവവികസങ്ങൾ ചിത്രങ്ങളിലൂടേയും രേഖകളിലൂടേയും പ്രദർശിപ്പിച്ചിരിക്കുന്നു. സ്വപ്നങ്ങൾ, യാഥാർഥ്യങ്ങൾ, പേടിസ്വപ്നങ്ങൾ എന്നിങ്ങനെ മ്യൂസിയം മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. [15]

പ്രത്യാഘാതങ്ങൾ[തിരുത്തുക]

ചെക്-സ്ലോവക് ചേരിതിരിവുകൾ ചെകോസ്ലാവാക്യയുടെ നിലനില്പിനെ സാരമായി ബാധിച്ചു, ഒടുവിൽ 1992 ഡിസമ്പർ 31-ന് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ചെക് റിപബ്ലിക്, സ്ലോവക് റിപബ്ലിക് എന്ന് രണ്ടു പുതിയ രാഷ്ട്രങ്ങൾ നിലവിൽ വന്നു. ഈ വിഭജനം സമാധാനപരമായിട്ടാണ് നടന്നത്. അതിനാൽ വെൽവെറ്റ് വിച്ഛേദനമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. Wheaton, Bernard (1992). The Velvet Revolution:Czechoslovakia, 1988-1991. Publisher: Westview Press. ISBN 978-0813312040.
  2. "The Velvet Revolution: Peaceful End to Communism in Czechoslovakia". Archived from the original on 2020-09-18. Retrieved 2019-02-02.
  3. Innes, Abby (2001). Czechoslovakia: The Short Goodbye. Yale University Press. ISBN 978-0300090635.
  4. Bischof, Gunter (2010). The Prague Spring and the Warsaw Pact invasion of Czechoslovakia in 1968. Lexington Books. ISBN 978-0739143056.
  5. Dubcek, Alexander (1995). Hope Dies Last. USA: Kodansha USA Inc. ISBN 978-1568360003.
  6. "Soviet Invasion of Czechoslovakia". Milestones:1961-1968. History.tae.gov. Retrieved 2019-02-02.
  7. "Declaration of Charter 77/Making the History of 1989". Archived from the original on 2019-01-20. Retrieved 2019-02-02.
  8. "Helsinki Final Act 1975". Milestones: 1969-1976 Office of the Historian. Retrieved 2019-02-02.
  9. Gorbachev, Mikhail,S. (1988). Perestroika: New Thinking of our Country and the World. Harper& Row. ISBN 978-0060915285.{{cite book}}: CS1 maint: multiple names: authors list (link)
  10. Sarotte, Mary Elis (2015). The Collapse: Accidental Opening of the Berlin Wall. Basic Books. ISBN 978-0465049905.
  11. "The International Day of Students". Archived from the original on 2019-01-22. Retrieved 2019-02-02.
  12. "Czech Republic, Slovakia: Velvet Revolution at 25 BBC News". Retrieved 2019-02-02.
  13. "Czechoslovakia's Velvet Revolution(1989)/ICNC". Retrieved 2019-02-02.
  14. Havel, Vaclav (October 1978). "The Power of the Powerless". International Center on nonviolent Conflict. ICNC. Retrieved 2019-02-02.
  15. "Museum of Communism, Prague". Retrieved 2019-02-02.
"https://ml.wikipedia.org/w/index.php?title=വെൽവെറ്റ്_വിപ്ലവം&oldid=4023899" എന്ന താളിൽനിന്ന് ശേഖരിച്ചത്