വീണ പൂവ്
മലയാളത്തിലെ പ്രശസ്ത കവിയായ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. 1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് ഈ രചന ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടർന്ന്, അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും ആ കാവ്യം പ്രസിദ്ധീകരിച്ചു.
മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ്.
വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ, ഒരു പൂവിന്റെ ജനനംമുതൽ മരണംവരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങളെ, മനുഷ്യജീവിതത്തിന്റെ നൈമിഷികതയുമായി ബന്ധിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ കുമാരനാശാൻ ചിത്രീകരിച്ചിരിക്കുന്നു.
വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടെ ലഭിച്ച അംഗീകാരം, കുമാരനാശാനിലെ കവിയ്ക്ക് കൂടുതൽ പ്രചോദനമേകി. വീണപൂവ് എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് ശ്രദ്ധേയനായ കവിയെന്നനിലയിൽ കുമാരനാശാൻ അംഗീകരിക്കപ്പെട്ടത്.
വീണപൂവിനെത്തുടർന്നു രചിച്ച "തീയക്കുട്ടിയുടെ വിചാരം" അദ്ദേഹത്തിന്റെ സാമൂഹികാവബോധത്തിന്റെ ദൃഷ്ടാന്തമായിക്കണക്കാക്കാം.
കവിതാപരിസരം
[തിരുത്തുക]മലയാളത്തിൽ ഏറ്റവും കൂടുതൽ പഠിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്ത കവിയാണു കുമാരനാശാൻ. ആശാന്റെ കൃതികളിൽ ഏറ്റവുമധികം വായിക്കപ്പെട്ടതും അർത്ഥഗർഭവും ആശയഗംഭീരവുമായ കൃതിയാണ് "വീണപൂവ്". പ്രത്യക്ഷതലത്തിൽ ഒരു പൂവിന്റെ ജീവിതത്തിലെ ജനനംമുതൽ മരണാസന്നതവരെയുള്ള ഘട്ടങ്ങളിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തിന്റെതന്നെ നൈമിഷികതയെ ആഖ്യാനിച്ച "വീണപൂവ്" കൊല്ലവർഷം 1083 വൃശ്ചികത്തിൽ (1907 നവംബർ), കവി ശ്രീനാരായണ ഗുരുവോടൊന്നിച്ച് (സന്ദർഭവശാൽ ഗുരു രോഗശയ്യയിലായിരിക്കുമ്പോൾ) ചില ക്ഷേത്രപ്രതിഷ്ഠകളുമായി ബന്ധപ്പെട്ട് പാലക്കാട് താമസിക്കുമ്പോൾ രചിക്കപ്പെട്ടതാണ്. അന്നുവരെ പ്രധാനമായും സ്തോത്രകൃതികളും കീർത്തനങ്ങളുംമാത്രം രചിച്ചുപോന്ന കുമാരനാശാൻ പ്രദേശവാസിയായ വിനയചന്ദ്രഗൌഡ എന്ന ജൈനമതസ്ഥന്റെവീട്ടിൽച്ചെന്നപ്പോൾ അവിടെ വീണുകിടന്ന മുല്ലപ്പൂക്കളെയാസ്പദമാക്കി ഒരു കവിത രചിച്ചുകൂടെയെന്ന ഗൌഡയുടെ ചോദ്യത്തിനുത്തരമായി, തന്റെ മനസ്സിൽ മുമ്പേ നാമ്പിട്ട ആശയത്തെ, "പന്തലിൽനിന്നു താഴത്തുവീണുകിടന്നിരുന്ന സുഗന്ധവാഹിനിയായ മുല്ലപ്പൂവിനെക്കണ്ട് മനംനൊന്തെഴുതിയത്" എന്ന കുറിപ്പോടെ ഖണ്ഡകാവ്യത്തിന്റെ ആദ്യശ്ലോകമായി ആശാൻ, ഗൌഡയുടെ ഡയറിയിൽ പകർത്തിവയ്ക്കുകയായിരുന്നു.
തലശ്ശേരിയിൽനിന്ന് മൂർക്കോത്ത് കുമാരൻ പ്രസിദ്ധീകരിച്ചിരുന്ന "മിതവാദി" മാസികയിൽ "ഒരു വീണപൂവ്" എന്ന തലക്കെട്ടിൽ ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. ആ കാവ്യത്തിന്റെ ദാർശനിക സൗരഭ്യത്തിലാകൃഷ്ടനായ "ഭാഷാപോഷിണി" എഡിറ്റർ സി.എസ്. സുബ്രഹ്മണ്യൻപോറ്റിയുടെ താല്പര്യപ്രകാരം, കൊല്ലവർഷം 1084 വൃശ്ചികത്തിൽ ഭാഷാപോഷിണിയിൽ 'വീണപൂവ്' എന്നപേരിൽ അതു പുനഃപ്രസിദ്ധീകരിച്ചു.
തിരുവിതാംകൂറിലെ പാഠ്യപുസ്തകസമിതിയുടെ അദ്ധ്യക്ഷനായിരുന്ന കേരളവർമ്മ വീണപൂവ് എന്ന കാവ്യം പദ്യപാഠാവലിയിൽ ഉൾപ്പെടുത്തുകയുംചെയ്തു. അതോടെയാണ്, കവിതയും കവിയും അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും ജൈത്രയാത്രയാരംഭിച്ചത്.
ചില അപവാദങ്ങളോഴിച്ചാൽ കവിതാപ്രമേയമെന്നാൽ, പുരാണേതിഹാസസന്ദർഭങ്ങളോ കഥാപാത്രങ്ങളോ ശൃംഗാരാഭാസങ്ങളുടെ അനാവരണങ്ങളോമാത്രമാണെന്നുള്ള ധാരണകളെവഹിക്കുകയും കവിതയെന്നാൽ പ്രാസമൊപ്പിക്കൽമാത്രമാണെന്നനിലയിലേക്കു കൂപ്പുകുത്തുകയുംചെയ്തുകൊണ്ടിരുന്ന മലയാളിയുടെ കാവ്യാസ്വാദനഭാവുകത്വം എന്നേയ്ക്കുമായി മാറ്റിമറിക്കാൻ കേവലം 41 ശ്ലോകങ്ങൾമാത്രമുള്ള ഈ കാവ്യത്തിനായി. ആശാന്റെ ജീവിതവീക്ഷണത്തിന്റെ പൂർണ്ണാവിഷ്കാരമാണു "വീണപൂവ്". നളിനിയും ലീലയും സീതയും (ചിന്താവിഷ്ടയായ സീത) വാസവദത്തയും (കരുണ) സാവിത്രിയും (ദുരവസ്ഥ) മാതംഗിയുമൊക്കെ (ചണ്ഡാലഭിക്ഷുകി) വിധിയുടെ അലംഘനീയതയുടെ ഇരകളായിവീണ പൂവുകളാണ്. എം.എൻ. രാജൻ നിരീക്ഷിച്ചതുപോലെ, "കൊതിച്ചതും വിധിച്ചതും രണ്ടായിത്തീരുന്നതിന്റെ അനിവാര്യമായ ആത്മസംഘർഷമാണ്, മനുഷ്യരുടെ ജീവിതദുരന്തമെന്നും എന്നാൽ മോചനമില്ലാത്ത ഈയവസ്ഥയിൽ വിലപിക്കുന്നതിലർത്ഥമില്ലെന്നുള്ളതുമാണ്, കുമാരനാശാൻ്റെ കാഴ്ചപ്പാട്. ഒരു കവി, തൻ്റെ കാവ്യജീവിതസങ്കല്പങ്ങളെയാകെ ഒരൊറ്റ ബിംബമാക്കിയിട്ടുണ്ടെങ്കിൽ അതു കുമാരനാശാനും അദ്ദേഹത്തിന്റെ വീണപൂവുംമാത്രമാണ്."
കാവ്യം
[തിരുത്തുക]1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
2
ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ, പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാർന്നു മലരേ, ദളമർമ്മരങ്ങൾ
3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും ബാലാതപത്തിൽ വിളയാടിയുമാടലെന്യേ നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ
4
ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി- ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ- ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ
5
ഈവണ്ണമൻപൊടു വളർന്നഥ നിന്റെയംഗ- മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു പൂവേ! അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
6
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം പാരിങ്കലേതുപമ, ആ മൃദുമെയ്യിൽ നവ്യ- താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ
7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ- വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ നേരേ വിടർന്നു വിലസീടിന നിന്ന നോക്കി- യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം
8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക- മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ തെല്ലോ കൊതിച്ചനുഭവാർത്ഥികൾ ചിത്രമല്ല- തില്ലാർക്കുമീഗുണവു, മേവമകത്തു തേനും
9
ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ- ളേതും സമാനമഴകുള്ളവയെങ്കിലും നീ ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ- മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം
10
“കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം, മാലേറെയെങ്കിലുമതീവ മനോഭിരാമം ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ- യീ ലോലമേനി പറയുന്നനുകമ്പനീയം.
11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ- യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം എന്നല്ല ദൂരമതിൽനിന്നനുരാഗമോതി വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ
12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം
13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാൻ എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ? ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ- ലാകൃഷ്ടനായ്, അനുഭവിച്ചൊരു ധന്യനീയാൾ പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ- ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ!
15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ അത്യുഗ്രമാം തരുവിൽ ബത കല്ലിലും പോയ് പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?
16
ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ- മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നൂ വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ ക്രന്ദിയ്ക്കയാം; കഠിന താൻ ഭവിതവ്യതേ നീ.
17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു നന്ദിച്ച വണ്ടു കുസുമാന്തരലോലനായി എന്നെച്ചതിച്ചു ശഠൻ, എന്നതു കണ്ടു നീണ്ടു വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ
18
ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ! ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ- ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
19
പോകട്ടതൊക്കെയഥവാ യുവലോകമേലു- മേകാന്തമാം ചരിതമാരറിയുന്നു പാരിൽ ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം മൂകങ്ങൾ പിന്നിവ പഴിക്കുകിൽ ദോഷമല്ലേ?
20
പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു സാകൂതമാം പടി പറന്നു നഭസ്ഥലത്തിൽ ശോകാന്ധനായ് കുസുമചേതന പോയമാർഗ്ഗ- മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?
21
ഹാ! പാപമോമൽമലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും?
22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി
23
ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ
24
അത്യന്തകോമളതയാർന്നൊരു നിന്റെ മേനി- യെത്തുന്ന കണ്ടവനിതന്നെയധീരയായി സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ- രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ
25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ- മെന്യേ ഗതമൗക്തികശുക്തിപോൽ നീ സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു മിന്നുന്നു നിൻ പരിധിയെന്നു തോന്നും
26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ ദേഹത്തിനേകി ചരമാവരണം ദുകൂലം സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേൽ നീഹാരശീകരമനോഹരമന്ത്യഹാരം
27
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ ക- ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു; നേരായി നീഡതരുവിട്ടു നിലത്തു നിന്റെ ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു
28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ- മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ, പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര- മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ- കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി- ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു.
30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ? എന്തിന്നതാശു വിധിയേവമപാകരിച്ചു? ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ- തെന്തുള്ളു ഹാ, ഗുണികളൂഴിയിൽ നീണ്ടു വാഴാ.
31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം ബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ- ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?
32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ, ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം
33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ- ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം ഒന്നിനുമില്ല നില-ഉന്നതമായ കുന്നു- മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.
34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
35
ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും ഉത്‌പന്നനാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ
36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ ചൈതന്യവും ജഡവുമായ് കലരാം ജഗത്തി- ലേതെങ്കിലും വടിവിലീശ്വര വൈഭവത്താൽ
37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ- ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോൽ സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിൻ മേൽ കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.
38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ- ണമ്പോടടുക്കുമളിവേണികൾ ഭൂഷയായ് നീ ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ- സമ്പത്തെയും തമധികം സുകൃതം ലഭിക്കാം
39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കു ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ് നീ സ്വർല്ലോകവും സകലസംഗമവും കടന്നു ചെല്ലാം നിനക്കു തമസഃ പരമാം പദത്തിൽ
40
ഹാ! ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ- യീശാജ്ഞ പോലെ വരുമൊക്കെയുമോർക്ക പൂവേ!
41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു കഷ്ടം!
വിവാദം
[തിരുത്തുക]കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിത്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവർ ഉണ്ട്. പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) അയ്യപ്പൻപിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.
പ്രസൂന ചരമം ചെത്തിമിനുക്കി വിപുലീകരിച്ചതാണ് രണ്ടു വർഷത്തിനു ശേഷം വിവേകോദയത്തിൽ വന്ന കുമാരനാശാന്റെ വീണപൂവ് എന്നു ഡോ. അടൂർ സുരേന്ദ്രൻ തന്റെ ഗവേഷണ പ്രബന്ധം വഴി സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. [1]
അടൂർ സുരേന്ദ്രന്റെ അഭിപ്രായത്തിൽ, അയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തിൽ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിൻ അണയൽ ആയി കല്പിച്ചപ്പോൾ, ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണവറ്റി പുകഞ്ഞുവാടി അണഞ്ഞു എന്നാക്കി. അയ്യപ്പൻ പിള്ളയുടെ ശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" എന്ന വൃത്തം തന്നെ ആശാനും ഉപയോഗിച്ചു. ചുരുക്കത്തിൽ വീണപൂവിന്റെ മൂലം അയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂർ സുരേന്ദ്രൻ തന്റെ പ്രബന്ധത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു.