Jump to content

വിക്കിപീഡിയ:ശൈലീപുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Manual of style എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില പദങ്ങളുടെയും പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഈ താളിലെ നിർദ്ദേശങ്ങൾ ഏവരും പാലിക്കുവാൻ ശ്രദ്ധിക്കുക.

ഇംഗ്ലീഷ് സ്പെല്ലിംഗ്

മലയാളത്തിലേയ്ക്ക് ലിപിമാറ്റം നടത്തിയ വാക്കുകൾ എങ്ങനെ എഴുതണം; അമേരിക്കൻ സ്പെല്ലിംഗാണോ ഇംഗ്ലീഷ് സ്പെല്ലിംഗാണോ ഉപയോഗിക്കേണ്ടത്, എന്ന കാര്യങ്ങളിൽ താഴെക്കൊടുത്തിരിക്കുന്ന ശൈലി സ്വീകരിക്കാവുന്നതാണ്[1]

  • ഇംഗ്ലീഷിൽ തിരിച്ചുവിടൽ താളുകളുണ്ടാക്കുമ്പോൾ ഏതുതരം സ്പെല്ലിംഗും ഉപയോഗിക്കാം
  • കമ്പ്യൂട്ടർ സംബന്ധിയായ സാങ്കേതികപദങ്ങളിൽ അവ രൂപം കൊണ്ട സ്ഥലത്തെ സ്പെല്ലിംഗ് ഉപയോഗിക്കാം
  • ഇതൊഴികെയുള്ള അവസരങ്ങളിൽ ബ്രിട്ടീഷ് സ്പെല്ലിംഗ് ഉപയോഗിക്കുക
  • മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ട വാക്കുകൾക്ക് മലയാളത്തിൽ പ്രചാരത്തിലുള്ള രൂപം ഉപയോഗിക്കുക
  • ലിപിമാറ്റം ചെയ്യുമ്പോൾ വാക്കിന്റെ ഉറവിടത്തിലുള്ള ഉച്ചാരണത്തിനോട് അടുത്തുനിൽക്കുന്ന തരത്തിൽ വേണം ചെയ്യുവാൻ.

മാസങ്ങളുടെ പേരുകൾ

ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകൾ എഴുതേണ്ടത്.

  • ജനുവരി
ജാനുവരി, ജനവരി എന്നീ വകഭേദങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • ഫെബ്രുവരി
ഫിബ്രവരി, ഫെബ്രവരി എന്നിവ ഒഴിവാക്കുക
  • മാർച്ച്
  • ഏപ്രിൽ
അപ്രീൽ, എപ്രീൽ, ഏപ്രീൽ എന്നിവ ഒഴിവാക്കുക
  • മേയ്
മെയ്, മെയ്യ് എന്നിവ ഒഴിവാക്കുക
  • ജൂൺ
  • ജുലൈ
ജൂലായ്, ജുലായ് എന്നിവ ഒഴിവാക്കുക
  • ഓഗസ്റ്റ്
ആഗസ്റ്റ്, ആഗസ്ത്, ഓഗസ്ത് എന്നിവ ഒഴിവാക്കുക
  • സെപ്റ്റംബർ
സെപ്തംബർ, സെപ്റ്റമ്പർ, സെപ്തമ്പർ എന്നിവ ഒഴിവാക്കുക
  • ഒക്ടോബർ
ഒക്റ്റോബർ ഒഴിവാക്കുക
  • നവംബർ
നവമ്പർ ഒഴിവാക്കുക
  • ഡിസംബർ
ഡിസമ്പർ ഒഴിവാക്കുക

ഭൂമിശാസ്ത്ര നാമങ്ങൾ

  • ഇന്ത്യ
ഇൻ‌ഡ്യ എന്ന രൂപമാണ് കൂടുതൽ യോജിച്ചതെന്ന ഒരുവാദമുണ്ട്. എങ്കിൽതന്നെയും ഏതാണ്ട് സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന രൂപമെന്ന നിലയിൽ ഇന്ത്യ എന്നെഴുതുക.
  • ഓസ്ട്രേലിയ
ആസ്ത്രേലിയ ഒഴിവാക്കണം
ആസ്ട്രേലിയ ഒഴിവാക്കണം
  • ഓസ്ട്രിയ
ആസ്ത്രിയ ഒഴിവാക്കണം

സ്ഥലപ്പേരുകൾ വിശദമാക്കുമ്പോൾ

ചിലപ്പോൾ സ്ഥലപ്പേര് മാത്രം തലക്കെട്ട് നൽകിയാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ, സ്ഥലപ്പേരിനോടൊപ്പം ജില്ലയുടെയോ സംസ്ഥാനത്തിന്റേയോ രാജ്യത്തിന്റേയോ പേര് നൽകാം. ഇത്തരം വിവരങ്ങൾ സ്ഥലപ്പേരിനു ശേഷം കോമ (,) ഉപയോഗിച്ച് വേർതിരിക്കണം. ഉദാഹരണം മുട്ടം, ഇടുക്കി ജില്ല[2]

നഗരവും പട്ടണവും

നഗരം, പട്ടണം എന്നിവ ഏകദേശം ഒരേ അർത്ഥമുള്ള വാക്കുകളാണെങ്കിലും വിക്കിപീഡിയയിലെ വർഗ്ഗീകരണത്തിന് ഐകരൂപം വേണ്ടിടത്ത് പട്ടണങ്ങൾ എന്നുപയോഗിക്കുക.[3] നഗരങ്ങളും പട്ടണങ്ങളും തമ്മിൽ വസ്തുനിഷ്ഠമായ ഒരു വേർതിരിവു് എളുപ്പമല്ലാത്തതിനാൽ വർഗ്ഗീകരണം നടത്തുമ്പോൾ എല്ലാ നഗരങ്ങളും പട്ടണങ്ങളായി പരിഗണിക്കുക. ഉദാഹരണം: വർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ എന്ന വർഗ്ഗത്തിലാണു് കൊച്ചിയേയും കോഴിക്കോടിനേയും മറ്റും ഉൾപ്പെടുത്തേണ്ടതു്.

ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം

മലയാളം വിക്കിപീഡിയയിലെ ഓരോ ലേഖനവും പല വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു (ഉദാ: ഫീചേർ‌ഡ് ഫലകം / ചിത്രശാല / ലേഖനത്തിന്റെ ഉള്ളടക്കം / ഇന്റർവിക്കി കണ്ണികൾ / വർഗ്ഗങ്ങള് തുടങ്ങിയവ‍). എല്ലാ ലേഖനത്തിലും എല്ലാ വിഭാഗങ്ങളും ഉണ്ടാവണമെന്നില്ലെങ്കിലും ഉള്ള ഓരോ വിഭാഗവും ലേഖനത്തിൽ ചേർ‌ക്കുമ്പോൾ പാലിക്കേണ്ട ക്രമം ആണു് താഴെ.

വിക്കിപീഡിയയിലെ ലേഖനങ്ങളിലെ വിഭാഗങ്ങൾക്ക് ഐക്യരൂപമുണ്ടാകാൻ വിവിധവിഭാഗങ്ങൾ താഴെ കാണുന്ന ക്രമത്തിൽ വേണം ഓരോ ലേഖനത്തിലും ചേർ‌ക്കാൻ. നിലവിലുള്ള ലേഖനങ്ങളിലെ വിഭാഗങ്ങൾ ഈ ക്രമം പാലിക്കുന്നില്ലെങ്കിൽ പ്രസ്തുത വിഭാഗങ്ങൾ ഈ ക്രമത്തിൽ ആക്കേണ്ടതാണു്.

  1. ഫീച്ചേർ‌ഡ് ഫലകം - തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് മാത്രം
  2. പ്രെറ്റി യൂആർഎൽ - ഫീച്ചേർ‌ഡ് ഫലകം ഇല്ലെങ്കിൽ ഇതു് എപ്പോഴും ആദ്യം വരണം. അല്ലെങ്കിൽ അതു് വരേണ്ട സ്ഥാനത്തു് വരില്ല. മാത്രമല്ല പ്രെറ്റി യൂആർഎൽ ഫലകത്തിനു് മുൻപ് അനാവശ്യ സ്പേസും കൊടുക്കരുതു്.
  3. ലേഖനത്തെ സംബന്ധിച്ച വിവിധ അറിയിപ്പുകൾ. ഉദാ: ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങൾ ചേർ‌ക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം തുടങ്ങിയവ
  4. ഇൻഫോ‌ബോക്സ് ആവശ്യമുണ്ടെങ്കിൽ അത്
  5. ലേഖനത്തിന്റെ ഉള്ളടക്കം
  6. ചിത്രശാല
  7. ഇതും കൂടി കാണുക
  8. ലേഖനത്തെ സം‌ബന്ധിക്കുന്ന കവാടം ഉണ്ടെങ്കിൽ അത്
  9. കുറിപ്പുകൾ
  10. അവലംബം
    അവലംബത്തിന്റെ താഴെ അവസാനവരിയായി സ്വതന്ത്രപ്രസാധക അനുമതി പത്രം ഉപയോഗിക്കുന്ന മറ്റു് ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തിനു് കടപ്പാടു് നൽകുന്ന ഫലകം:Sarvavinjanakosam പോലുള്ള ഫലകം ചേർക്കുക.
  11. പുറത്തേക്കുള്ള കണ്ണികൾ
  12. ഇതരവിക്കിസം‌രംഭങ്ങൾ (ഉദാ:വിക്കി കോമൺ‌സ്, വിക്കിഗ്രന്ഥശാല തുടങ്ങിയവ)
  13. ചില ലേഖനങ്ങളിൽ താഴെ കാണാറുള്ള നാവിഗേഷണൽ ഫലകങ്ങൾ ഉദാ:ഏതെങ്കിലും നക്ഷത്രരാശി ലേഖനം നോക്കുക.
  14. സ്റ്റബ്ബ് ഫലകം ആവശ്യമെങ്കിൽ അത്
  15. വിവിധ വർ‌ഗ്ഗങ്ങൾ
  16. ഇന്റർ വിക്കി കണ്ണികൾ

സംഖ്യകൾ

വലിയസംഖ്യകളെ സൂചിപ്പിക്കാൻ

നിത്യ ജീവിതത്തിൽ നമുക്കു് ഉപയോഗിക്കേണ്ടി വരുന്ന വലിയ സംഖ്യകളെ സൂചിപ്പിക്കാൻ പ്രാചീന കേരളത്തിൽ വിപുലമായ ഒരു നാമകരണ സമ്പ്രദായം ഉണ്ടായിരുന്നു. ഇതിനായി വെള്ളം (സംഖ്യ) എന്ന ലേഖനം കാണുക. എങ്കിലും ഇപ്പോൾ നമ്മുടെ ഉപയോഗം ലക്ഷത്തിലും കോടിയിലും മാത്രമായി ഒതുങ്ങുന്നു. പക്ഷെ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷകളിലൂടെ മില്യൻ,ബില്യൺ, ട്രില്യൺ തുടങ്ങിയ പ്രയോഗങ്ങൾ ഇപ്പോൾ പല മാദ്ധ്യമങ്ങളിലും കാണാറുണ്ട്. ഇതു പലപ്പോഴും തെറ്റിദ്ധാരണയ്ക്കു് ഇടയാക്കാറുണ്ട്. ഉദാഹരണത്തിനു് ബില്യൺ എന്ന പദത്തിനു് വിവിധ രാജ്യങ്ങളിൽ ഉള്ള അർത്ഥം കാണാൻ en:Long and short scales എന്ന ലേഖനം കാണുക. ശാസ്ത്രത്തിൽ ഉന്നതവിദ്യാഭ്യാസമുള്ള മലയാളികൾക്കുപോലും പലപ്പോഴും ഈ പ്രയോഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

അതിനാൽ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളിൽ വലിയ സംഖ്യകളെ സൂചിപ്പിക്കേണ്ടി വരുമ്പോൾ, മലയാളികൾ നിത്യജീവിതത്തിൽ സാധാരണ ഉപയോഗിക്കുന്ന ലക്ഷം (100000), കോടി (10000000) തുടങ്ങിയവ ഉപയോഗിക്കുക. ഇതിലും വലിയ സംഖ്യകളെ സൂചിപ്പിക്കുവാൻ സൈന്റിഫിക്കു് നൊട്ടേഷൻ (ഉദാ: 500000000000 = 5 X 1011) ഉപയോഗിക്കുക.

അഭികാമ്യമായ ചില പ്രയോഗങ്ങൾ

  • പത്തു് ദശലക്ഷം പോലുള്ള പ്രയോഗങ്ങൾ ദയവായി ഒഴിവാക്കുക. പകരം ഒരു കോടി എന്നു് ഉപയോഗിക്കുന്നതാണു് അഭികാമ്യം.
  • നൂറായിരം എന്ന് പ്രയോഗം ഒഴിവാക്കുക. പകരം ഒരു ലക്ഷം എന്നുപയോഗിക്കുക,

ചില ഉദാഹരണങ്ങൾ

  • 1 - മില്യൺ = 1 ദശലക്ഷം = 10 ലക്ഷം എന്നുപയോഗിക്കുക,
  • 10 മില്യൺ = 10 ദശലക്ഷം = 100 ലക്ഷം = 1 കോടി എന്നുപയോഗിക്കുക
  • 1 ബില്യൺ = 100 കോടി എന്നുപയോഗിക്കുക
  • പ്രപഞ്ചത്തിന്റെ പ്രായം = 13.6 ബില്യൺ വർഷം = 1360 കോടി വർഷം എന്നുപയോഗിക്കുക
  • ഭൂമിയുടെ പ്രായം = 4.54 ബില്യൺ വർഷം = 454 കോടി വർഷം എന്നുപയോഗിക്കുക

നിർബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങൾ

  • പേരുകൾക്കു മുന്നിൽ ശ്രീ, ശ്രീമതി എന്നിവ ചേർക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.
  • പേരുകൾക്കൊപ്പം മാസ്റ്റർ, മാഷ്,ടീച്ചർ എന്നിങ്ങനെയൊക്കെ കേരളത്തിൽ പ്രയോഗിക്കുമെങ്കിലും വിക്കിപീഡിയ ലേഖനങ്ങളിൽ അവ ആവശ്യമില്ല. (ഉദാ: പി.കെ. ശ്രീമതി. പി.കെ.ശ്രീമതി ടീച്ചർ വേണ്ട)
  • സാധാരണ ഉപയോഗത്തിലുള്ള പേര് തിരിച്ചുവിടൽ താളായി നിലനിർത്താം[4] .
  • എന്നാൽ ഒരു വ്യക്തി അറിയപ്പെടുന്നത് യഥാർത്ഥനാമത്തിലല്ലെങ്കിൽ, പൊതുവേ അറിയപ്പെടുന്ന പേര്‌ ലേഖനങ്ങളിൽ ഉപയോഗിക്കാം. (ഉദാ: കുഞ്ഞുണ്ണി മാഷ്) ഇത്തരം ഒഴിവുകഴിവുകൾ[4] അതാത് സംവാദം താളിൽ ചർച്ച ചെയ്യേണ്ടതാണ്.

അവലംബം (References)

വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങൾ റഫറൻ‌സായി ചേർക്കുക എന്നതാണ് പൊതുവായ കീഴ്‌വഴക്കം.


അതായത് “സി.പി.എം. തീവ്രവാദ സംഘടനയാണ്” എന്നൊരു പ്രസ്താവന എഴുതിയശേഷം ആ വാദം ഉന്നയിക്കുന്ന ഏതെങ്കിലും സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ലിങ്കു നൽകുകയല്ല ശരിയായ നടപടി. തീവ്രവാദ സംഘടനകളെപ്പോലുള്ള വിവാദ വിഷയങ്ങളിൽ കോടതി ഉത്തരവുകൾ, വിവിധ സർക്കാർ ഉത്തരവുകളുടെയോ റിപ്പോർട്ടുകളുടെയോ ലിങ്കുകൾ, അവ സംബന്ധിച്ച വാർത്തകൾ, അംഗീകൃത വർത്തമാന പത്രങ്ങളുടെ ലിങ്കുകൾ ഇവയൊക്കെ നൽകുകയാണുത്തമം.

ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ സംഘടനയുടെ മുഖപത്രത്തേക്കാൾ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങൾ ലിങ്കുകളായി നൽകുകയാണുചിതം. മുഖപത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങളെ മാത്രമായിരിക്കും എല്ലായ്പ്പോഴും മുറുകെപിടിക്കുക എന്നതാണ് ഇതിനു കാരണം.

രാജ്യാന്തര പ്രശ്നങ്ങളിൽ നിഷ്പക്ഷ ഏജൻ‌സികളുടെ ലിങ്കുകൾ നൽകുന്നതു് കൂടുതൽ അഭികാമ്യമാണു്.

ഓപ്പൺ ഡിസ്കഷൻ ഫോറങ്ങൾ, ചാറ്റ് ഫോറങ്ങൾ, ബ്ലോഗുകളിലെ കമന്റുകൾ ഇവ ആധികാരിക തെളിവുകളായി സ്വീകരിച്ച് അവതരിപ്പിക്കരുത്. എന്നാൽ വ്യക്തമായ തെളിവുകളോടെയും റഫറൻ‌സുകളുടെയും എഴുതപ്പെട്ട ബ്ലോഗ് ലേഖനങ്ങൾ തെളിവുകളായി സ്വീകരിക്കാം. ഇത്തരം ഇന്റർനെറ്റ് ലേഖനങ്ങൾ പിന്നീട് തിരുത്തപ്പെടുകയോ അപ്രത്യക്ഷമാവുകയോ ചെയ്യാനുള്ള സാദ്ധ്യത പരിഗണിച്ച് അവയുടെ വെബ് ആർക്കൈവ് കണ്ണികൾ കൂടി ഉൾപ്പെടുത്തുന്നതു് കൂടുതൽ നന്നായിരിക്കും.

നമ്മുടെ അഭിപ്രായങ്ങൾക്ക് ബലം വർദ്ധിപ്പിക്കാനല്ല, മറിച്ച് ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറൻ‌സുകൾ എന്ന കാര്യം മറക്കാതിരിക്കുക.

അവലംബങ്ങൾ സാധ്യമാകുന്നത്രയും മലയാളത്തിൽ തന്നെ നൽകാൻ ശ്രമിക്കുക.[5]


റെഫറൻസുകൾ നൽകുന്നതിനുള്ള വിക്കിവിന്യാസങ്ങളെക്കുറിച്ചറിയാൻ എഡിറ്റിങ് വഴികാട്ടി എന്ന സഹായം താൾ കാണുക


ജനന-മരണതീയതികൾ നൽകേണ്ട ശൈലി

മരണമടഞ്ഞ വ്യക്തികൾക്ക്: ഉദാ: മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) എന്ന രീതി

ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്: ഉദാ: വി.എസ്. അച്യുതാനന്ദൻ (ജനനം: 1923 ഒക്ടോബർ 23) എന്ന രീതി.

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ചുരുക്കിയെഴുതുമ്പോൾ

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ ചുരുക്കിയെഴുതുമ്പോൾ താഴെ പറയുന്ന ശൈലി അവലംബിക്കുക.

എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവൻ നായർ/ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

ഒരേ പേരിൽ അറിയപ്പെടുന്നവർ

ഒരേ പേരിൽ വിവിധ കാലയളവുകളിലും വിവിധ ഭാഷകളിലും അഭിനയിക്കുന്ന ചലച്ചിത്രനടിമാരുണ്ട്. ഉദാഹരണത്തിന്, അംബിക, മീന, കാർത്തിക എന്നീ പേരുകളിൽ ഒന്നിൽക്കൂടുതൽ നടിമാരുണ്ട്. ഇത്തരത്തിലുള്ളവർക്കുള്ള ലേഖനങ്ങളുടെ തലക്കെട്ട് നൽകുമ്പോൾ:[6]

  1. വ്യക്തിയുടെ പൂർണ്ണമായ യഥാർത്ഥ പേരുപയോഗിക്കാൻ ആദ്യം ശ്രമിക്കുക.
  2. അത് മനസ്സിലാക്കാൻ പ്രയാസമാണെങ്കിൽ വലയത്തിൽ പ്രവർത്തനകാലഘട്ടവും മേഖലയും നൽകുക. ഉദാഹരണം കാർത്തിക (1980-കളിലെ നടി)

കുറിപ്പുകൾ

ലേഖനങ്ങളിൽ കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ, കുറിപ്പുകളുടെ പ്രതീകമായി, (൧, ൨, ൩ .. എന്നിങ്ങനെയുള്ള) മലയാളം അക്കങ്ങൾ ഉപയോഗിക്കുക. കുറിപ്പുകൾ നൽകുന്നതെങ്ങനെയെന്നറിയാൻ എഡിറ്റിങ്‌ വഴികാട്ടി കാണുക.

ചിത്രശാല

ലേഖനങ്ങളിലെ ഉള്ളടക്കം വ്യക്തമാകുന്നതിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ഉൾപ്പെടുത്തുന്നത് വളരെ ഗുണകരമാണ്. ലേഖനങ്ങളിലെ ചിത്രങ്ങൾ അതാതുകാര്യങ്ങളെ പ്രതിപാദിക്കുന്ന ഖണ്ഡികയിൽത്തന്നെ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ സ്ഥലപരിമിതിയുണ്ടെങ്കിൽ ലേഖനങ്ങളിൽ ഏറ്റവും താഴെയായി ചിത്രശാല എന്ന വിഭാഗമുണ്ടാക്കി അവശ്യചിത്രങ്ങൾ അവിടെ ഗാലറിയായി ഉൾപ്പെടുത്താം. ചിത്രശാല ഉൾപ്പെടുത്തുമ്പോൾ താഴെക്കാണുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കുക.[7]

  1. അവശ്യചിത്രങ്ങൾ, ലേഖനത്തിന്റെ ഉള്ളടക്കത്തോടൊപ്പം ഉൾക്കൊള്ളിക്കാൻ സ്ഥലപരിമിതിയുണ്ടെങ്കിൽ മാത്രം ചിത്രശാല ഉപയോഗിക്കുക.
  2. ചിത്രശാലയിലെ ഓരോ ചിത്രത്തിന്റെയും പ്രതിപാദ്യത്തെക്കുറിച്ച് ലേഖനത്തിൽ വിവരണം വേണം.
  3. ഓരോ ചിത്രത്തിനു താഴെയും വിവരണം നിർബന്ധമായും വേണം
  4. ഒരേ ധർമ്മം നിർവഹിക്കുന്ന രണ്ടാം ചിത്രമാകരുത്. ഒരേ ധർമ്മം നിർവ്വഹിക്കുന്ന മെച്ചപ്പെട്ട രണ്ടാംചിത്രമുണ്ടെങ്കിൽ ആദ്യത്തെ ചിത്രത്തെ ഒഴിവാക്കി പുതിയ ചിത്രം സ്ഥാപിക്കുക. കൂടുതൽ ചിത്രങ്ങൾക്കായി കോമൺസ് താളിലേക്കോ വർഗ്ഗത്തിലേക്കോ ഉള്ള കണ്ണി നൽകാവുന്നതാണ്. ഇതിനായി {{commonscat}} എന്ന ഫലകം ഉപയോഗിക്കാം.

ഇതരഭാഷാവിക്കികളിലേക്കുള്ള കണ്ണികൾ

ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ഇംഗ്ലീഷ് വിക്കിയിലേക്കോ മറ്റ് ഭാഷകളിലേക്കോ കണ്ണികൾ നൽകരുത്.[8] ഉദാഹരണമായി, സാർഡോലുട്ര എന്ന ജന്തുവിനെപ്പറ്റി ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടെന്നും മലയാളത്തിൽ ഇല്ലെന്നും കരുതുക. ഈ ജന്തുവിനെപ്പറ്റി പരാമർശിക്കുന്ന മറ്റ് ലേഖനങ്ങളിൽ സാർഡോലുട്ര (വിക്കി സിന്റാക്സ് : [[:en:Sardolutra|സാർഡോലുട്ര]]) ഇങ്ങനെ കണ്ണി നൽകരുത്, സാർഡോലുട്ര (വിക്കി സിന്റാക്സ് : [[സാർഡോലുട്ര]]) എന്നിങ്ങനെ നിലവിലില്ലാത്ത ലേഖനത്തിലേക്ക് ചുവന്ന കണ്ണി നൽകുകയാണ് വേണ്ടത്. താളിൽ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചുള്ള അന്യഭാഷാലേഖനങ്ങളിലേക്കുള്ള കണ്ണികൾ താളിൽ ഏറ്റവും താഴെയായി നൽകാവുന്നതാണ്, സൈഡ്ബാറിൽ "ഇതരഭാഷകളിൽ" എന്ന തലക്കെട്ടിനുകീഴെ ഇവ ദൃശ്യമാകും. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചുള്ള അന്യഭാഷാലേഖനത്തിലേക്ക് കണ്ണി ചേർക്കുന്നത് വളരെ ഉപയോഗപ്രദമാകുമെന്ന് കരുതുന്നുവെങ്കിൽ അത്യാവശ്യ അവസരത്തിൽ "പുറത്തേക്കുള്ള കണ്ണികൾ" എന്ന ഭാഗത്ത് അവ ലിങ്ക് ചെയ്യാം.

ഇൻഫോബോക്സുകൾ

ടാക്സോബോക്സ് തയ്യാറാക്കുന്നതിന് സ്വീകരിക്കാവുന്ന ശൈലി

  • ടാക്സോബോക്സിൽ വിവരങ്ങൾ കഴിയുന്നതും മലയാളത്തിൽ കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ ശാസ്ത്രീയനാമം (ജീനസ് നാമവും സ്പീഷീസ് നാമവും) ലാറ്റിൻ ലിപികളിൽകൂടി എഴുതേണ്ടത് വ്യക്തത ലഭിക്കാനാവശ്യമാണ്.
  • മലയാളത്തിൽ ലിപ്യന്തരം വരുത്തിയ ശാസ്ത്രീയനാമത്തിനുശേഷം ലാറ്റിൻ ലിപികളിലുള്ള നാമം വലയത്തിനുള്ളിൽ ഉൾപ്പെടുത്തുക എന്നതാണ് ഈ പ്രത്യേക വിഷയത്തിലുള്ള ലേഖനങ്ങളുടെ കാര്യത്തിൽ പിന്തുടരാവുന്ന ശൈലി.
  • മലയാളത്തിൽ നിലവിൽ ലേഖനമില്ലാത്ത ശാസ്ത്രീയനാമങ്ങളും ലേഖകന് മലയാളം ഉറപ്പായി അറിയാത്ത നാമങ്ങളും തൽക്കാലം ഇംഗ്ലീഷിൽ നിലനിർത്തുകയും താളുണ്ടാവുകയോ മലയാളം പേര് ലഭ്യമാവുകയോ ചെയ്യുമ്പോൾ മലയാളത്തിലേയ്ക്ക് മാറ്റുകയും ചെയ്യാം.
  • ഇടയ്ക്കിടെ പേരുമാറ്റമുണ്ടാകുന്നത് ടാക്സോബോക്സിൽ നിന്നുള്ള കണ്ണി മുറിയാൻ കാരണമായേക്കും. ഇത് ഒഴിവാക്കാൻ പൈപ്പ്ഡ് ലിങ്കുകൾ നൽകാവുന്നതാണ്[9] .

ജീവചരിത്രങ്ങളിലെ ഇൻഫോബോക്സ്

  • ഇൻഫോബോക്സുകളിൽ spouse/partner എന്ന അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.[10]

ഇംഗ്ലീഷിലുള്ള തിരിച്ചുവിടലുകൾ

ലേഖനങ്ങളിലേക്ക് വിക്കിപീഡിയക്ക് പുറത്തുനിന്ന് കണ്ണിചേർക്കുന്നതിനും വിക്കിപീഡിയക്കകത്തുതന്നെ കണ്ണിചേർക്കൽ എളുപ്പമാക്കുന്നതിനും ഇംഗ്ലീഷിലുള്ള തിരിച്ചുവിടൽ സഹായകമാകാറുണ്ട്. ഇംഗ്ലീഷിലുള്ള തിരിച്ചുവിടലുകൾ സൃഷ്ടിക്കുമ്പോൾ മൊത്തത്തിൽ വലിയക്ഷരത്തിലുള്ള തിരിച്ചുവിടലുകൾ അഭികാമ്യമല്ല. സെന്റൻസ് കേസിലുള്ള തിരിച്ചുവിടലുകൾ സൃഷ്ടിക്കുക. (അതായത് Example അഭികാമ്യം. EXAMPLE ഒഴിവാക്കുക). എന്നാൽ ചുരുക്കെഴുത്തുകൾ പോലെയുള്ള മൊത്തം വലിയക്ഷരത്തിൽ എഴുതുന്ന വാക്കുകൾക്ക് (ഉദാഹരണം: NASA) ഈ ശൈലി ബാധകമല്ല.[11]

ലേഖനങ്ങളുടെ തലക്കെട്ട്

ലേഖനത്തിന്റെ തലക്കെട്ടായി നൽകത്തക്ക പദം മലയാളത്തിൽ നിലവിലില്ലെങ്കിൽ ആ പദം മറ്റേതു ഭാഷയിൽ നിന്നും സ്വീകരിക്കാവുന്നതാണ്. ലേഖനങ്ങളുടെ തലക്കെട്ടിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്.[12]

ഇതും കാണുക

അവലംബം

  1. "വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) - ഇംഗ്ലീഷ് സ്പെല്ലിംഗ്". വിക്കിപീഡിയ. Retrieved 18 മാർച്ച് 2013.
  2. സ്ഥലപ്പേരുകളെക്കുറിച്ചുള്ള ചർച്ച, പഞ്ചായത്തിൽനിന്ന്
  3. "നഗരം പട്ടണം". വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം). Retrieved 2013 മാർച്ച് 16. {{cite web}}: Check date values in: |accessdate= (help)
  4. 4.0 4.1 "വ്യക്തികളുടെ നാമങ്ങൾ-വിശേഷണങ്ങൾ". വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം). വിക്കിപീഡിയ. Retrieved 17 മാർച്ച് 2013.
  5. അവലംബം മലയാളത്തിലാക്കുന്നതിനെക്കുറിച്ചുള്ള നയരൂപീകരണചർച്ച
  6. "അഭിനേതാക്കളുടെ വിവക്ഷകൾ". വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം). Retrieved 2013 മാർച്ച് 16. {{cite web}}: Check date values in: |accessdate= (help)
  7. ചിത്രശാലയെക്കുറിച്ചുള്ള ഈ ശൈലിയുടെ രൂപീകരണച്ചർച്ച പഞ്ചായത്തിൽ കാണുക
  8. ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണികൾ : നയരൂപീകരണചർച്ച
  9. "വിക്കിപീഡിയ:നയരൂപീകരണം". വിക്കിപീഡിയ. Retrieved 21 മാർച്ച് 2013.
  10. "വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)". ഭാര്യയും പങ്കാളിയും. വിക്കിപീഡിയ. Retrieved 11 ഏപ്രിൽ 2013.
  11. "വലിയക്ഷരങ്ങളിലെ തിരിച്ചുവിടൽ". വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം). Retrieved 26 ഏപ്രിൽ 2013.
  12. "വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)". വിക്കിപീഡിയ. Retrieved 2013 ജൂലൈ 25. {{cite web}}: Check date values in: |accessdate= (help)