വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ
ദൃശ്യരൂപം
(വിക്കിപീഡിയ:Five pillars എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ എല്ലാ ഔദ്യോഗിക നയങ്ങളെയും മാർഗ്ഗരേഖകളെയും സംഗ്രഹിച്ച് പഞ്ചസ്തംഭങ്ങളാക്കി എഴുതാം. വിക്കിപീഡിയയുടെ സ്വഭാവം നിശ്ചയിച്ച് വിക്കിപീഡിയയെ താങ്ങി നിർത്തുന്നത് ഈ അഞ്ചു തൂണുകളാണ്, അവ താഴെ പറയുന്നു.
വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, പൊതുവായതും അതേ പോലെ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനകോശങ്ങളുടേയും, പഞ്ചാംഗങ്ങളുടെയും, സർക്കാരിന്റെ ആനുകാലിക അറിയിപ്പുകളുടേയും ഗുണങ്ങൾ ഇണക്കിച്ചേർത്ത ഒരു വിജ്ഞാനകോശം. എല്ലാ ലേഖനങ്ങളും സൂക്ഷ്മപരിശോധനയിൽ കൃത്യത പാലിക്കാൻ പരിശ്രമിക്കേണ്ടവയാണ്, ഇതര സ്രോതസ്സുകൾ ഇല്ലാത്തവ നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ദയവായി അവ നൽകാൻ ശ്രമിക്കുക. വ്യക്തിവിചാരങ്ങൾ, അനുഭവജ്ഞാനം, തർക്കങ്ങൾ, എന്നിവയ്ക്കുള്ള വേദിയല്ല വിക്കിപീഡിയ. കണ്ടെത്തലുകൾ, ആശയങ്ങൾ, വ്യാഖ്യാനങ്ങൾ, സ്വന്തം ഗവേഷണഫലങ്ങൾ, തുടങ്ങിയവയുടെ പ്രസക്തിയും കൃത്യതയും ഉറപ്പു വരുത്താനാവാത്തതിനാൽ ഉചിതമായ രേഖകളല്ല. വിക്കിപീഡീയ; പരസ്യപ്രചരണവേദി, പൊങ്ങച്ചപ്രസിദ്ധീകരണം; അരാജകത്വ/ ജനാധിപത്യ പരീക്ഷണങ്ങൾ; ചിക്കിച്ചിതറിയ വിവരശേഖരം; വെബ് വിലാസപ്പട്ടിക തുടങ്ങിയവയുടെ ഗണത്തിൽ പെടുന്നില്ല. ഇത് ഒരു വാർത്താപത്രമോ, നിഘണ്ടുവോ, ഗ്രന്ഥശാലയോ അല്ല; ഇത്തരം ഉള്ളടക്കങ്ങൾ വിക്കിമീഡിയയുടെ സഹോദരസംരംഭങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. | |
വിക്കിപീഡിയക്ക് തീർച്ചയായും ഒരു സന്തുലിതമായ കാഴ്ചപ്പാടുണ്ടാവണം, അതായത് ലേഖനങ്ങളെ ഏതെങ്കിലും പ്രത്യേക വീക്ഷണകോണിലേക്ക് മാത്രം നയിക്കരുത്. ഇതിനായി ചില സന്ദർഭങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ കൃത്യതയോടെ, ഓരോ കാഴ്ചപ്പാടിനും വ്യക്തമായ പശ്ചാത്തലം നൽകിക്കൊണ്ട്, ഇവയിലേതെങ്കിലുമൊന്നാണ് ശരി എന്ന് വരാത്തവിധം വിക്കിപീഡിയയിൽ പ്രതിപാദിക്കേണ്ടിവരും. സാധ്യമാവുമെങ്കിൽ, പ്രത്യേകിച്ചും തർക്കവിഷയങ്ങളിൽ പുനഃപരിശോധിക്കാവുന്ന, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള പരാമർശങ്ങൾ എപ്പോഴും ചേർക്കേണ്ടതാണ് എന്നാണിത് അർത്ഥമാക്കുന്നത്. സന്തുലിതത്തെപറ്റിയുള്ള തർക്കം ഉടലെടുക്കുകയാണെങ്കിൽ, ശാന്തമാവാനുള്ള സമയം പ്രഖ്യാപിച്ച്, ലേഖനത്തിൽ തർക്കവിഷയമാണെന്ന് കാണിക്കുന്ന ഒരു അനുബന്ധം ചേർത്തതിനു ശേഷം, സംവാദത്താളിൽ സമവായം രൂപപ്പെടുത്തി, തർക്കപരിഹാരം നടത്താവുന്നതാണ്. | |
വിക്കിപീഡിയയുടെ ഉള്ളടക്കം സ്വതന്ത്രമാണ്, അതായത് ആരാലും തിരുത്തപ്പെടാം. എല്ലാ വാക്കുകളും ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമാണെന്നതിനാൽ അപ്രകാരം പകർത്തുകയോ, വിതരണം ചെയ്യപ്പെടുകയോ, ബന്ധിപ്പിക്കുകയോ ചെയ്തേക്കാം. ലേഖനങ്ങൾ ആർക്കു വേണമെങ്കിലും തിരുത്താവുന്നതാണ് എന്ന് മനസ്സിലാക്കുക, ഒരു പ്രത്യേക വ്യക്തി മാത്രം ഏതെങ്കിലും പ്രത്യേക ലേഖനം നിയന്ത്രിക്കുന്നില്ല, താങ്കളുടെ സംഭാവനകൾ ജനങ്ങളുടെ ഇച്ഛാനുസരണം ആരാലും ദയാരഹിതമായി തിരുത്തി വിതരണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ പകർപ്പവകാശ ലംഘനം നടത്തുകയോ, സ്വതന്ത്രാനുമതിയിലല്ലാത്ത രചനകൾ സമർപ്പിക്കുയോ ചെയ്യരുത്. | |
വിക്കിപീഡിയക്ക് ഒരു പെരുമാറ്റച്ചട്ടമുണ്ട്, സഹവിക്കിപീഡിയരോട് താങ്കൾക്ക് വിയോജിപ്പുള്ളപ്പോഴും പരസ്പരം ബഹുമാനിക്കുക. സംസ്കാരത്തോടെ പെരുമാറുക. താത്പര്യവ്യത്യാസം അഥവാ താത്പര്യസംഘർഷം ഒഴിവാക്കുക, വ്യക്തിപരമായ ആക്രമണം, അർഥം വച്ചുള്ള പ്രയോഗങ്ങൾ, വിശാലാർഥത്തിലുള്ള ആരോപണങ്ങൾ, എന്നിവ ഒഴിവാക്കുക. വീക്ഷണങ്ങൾ വ്യത്യസ്തമെങ്കിലും ലേഖനങ്ങളിലെ പ്രവർത്തനങ്ങൾക്ക് സമവായം കണ്ടെത്തുക, തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക, മൂന്നു മുൻപ്രാപന നിയമം പിന്തുടരുക, നമുക്ക് മെച്ചപ്പെടുത്തുവാനും ചർച്ചചെയ്യുവാനും മലയാളം വിക്കിപീഡിയയിൽ 86,277 ലേഖനങ്ങളുണ്ടെന്ന കാര്യമോർക്കുക. പരസ്പരവിശ്വാസത്തോടെ പ്രവർത്തിക്കുക. ഒരിക്കലും ഒരു വാദമുഖം ഉയർത്തിക്കാട്ടുന്നതിന് വിക്കിപീഡിയയെ ഉപയോഗിക്കാതിരിക്കുക. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ നല്ല ഉദ്ദേശ്യത്തോടെയാണെന്ന് ഊഹിക്കുക. സ്വീകരണ മനോഭാവത്തോടെയിരിക്കുക. | |
വിക്കിപീഡിയയുടെ നിയമങ്ങൾ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല, പാലിക്കപ്പെടേണ്ട അഞ്ച് അടിസ്ഥാന തത്ത്വങ്ങൾ അല്ലാതെ വിക്കിപീഡിയക്ക് നിർബന്ധിത നിയമങ്ങൾ ഒന്നും തന്നെയില്ല. വിക്കിപീഡിയക്ക് നന്മയാണുണ്ടാകുന്നതെങ്കിൽ ഏതു നിയമങ്ങളും ലംഘിക്കാം. സമഗ്രവും പരിപൂർണ്ണവുമായ ലേഖനങ്ങളാണ് വിക്കിപീഡിയുടെ ലക്ഷ്യമെങ്കിലും ഒരോ തിരുത്തുകളിലും അതുണ്ടാവണമെന്ന് നിർബന്ധമില്ല. ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിലും, തിരുത്തുന്നതിലും, തലക്കെട്ട് മാറ്റുന്നതിലും സംശയക്കേണ്ടതില്ല, വിജ്ഞാനകോശനിർമ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു. താങ്കൾ ഏതെങ്കിലും സന്ദർഭത്തിൽ അറിഞ്ഞോ അറിയാതെയോ തിരുത്തലുകളിലൂടെ ലേഖനം നശിപ്പിച്ചേക്കാമെന്ന പേടി വേണ്ട. കാരണം ലേഖനത്തിന്റെ പഴയ അവസ്ഥകൾ വിക്കിപീഡിയ സംരക്ഷിച്ചു വെക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് എന്തെങ്കിലും തെറ്റു പറ്റിയാൽ തന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയും. താങ്കളുടെ തിരുത്തലുകളും ഭാവിയിലേക്ക് സൂക്ഷിക്കുന്നുണ്ടെന്ന് ഓർക്കുക. |