മിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹജ്ജിനു വരുന്നവർക്ക് താമസിക്കാനുള്ള മിനായിലെ തമ്പുകൾ

ഹജ്ജ് തീർത്ഥാടനത്തിലെ ഒരു പ്രധാന ഇടമായ മിന (മുന)  അറിയപ്പെടുന്നത്  "കൂടാരങ്ങളുടെ നഗരം" [1] [2] എന്ന പേരിലാണ്. സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലെ  മശായിർ ജില്ലയിൽ മക്ക നഗരത്തിന് 8 കിലോമീറ്റർ (5 മൈൽ) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയായ മിനയ്ക്ക്, ഏകദേശം 20 km2 (7.7 ചതുരശ്ര മൈൽ) വിസ്തീർണ്ണം ഉണ്ട്. മിനായിൽ കൂടാരങ്ങൾ, ജമറാത്ത് പ്രദേശം, അറവുശാലകൾ എന്നിവ ഉൾക്കൊള്ളുന്നു.[1]

മിന ഏറ്റവും പ്രശസ്തമായത് ഹജ്ജ് തീർത്ഥാടനത്തിൽ ഈ സ്ഥലത്തിന്റെ പ്രാധാന്യം കൊണ്ടാണ്. ദുൽഹിജ്ജ മാസത്തിൽ ഒന്നിലധികം രാത്രികളിൽ മിനായിൽ തങ്ങുന്ന തീർഥാടകരെ ഉൾക്കൊള്ളുന്നതിനായി, 100,000-ലധികം എയർകണ്ടീഷൻ ചെയ്ത ടെന്റുകൾ ഈ പ്രദേശത്ത് നിർമ്മിച്ചിട്ടുണ്ട്, ഇത് മിനയ്ക്ക് "കൂടാരങ്ങളുടെ നഗരം" എന്ന ഇരട്ടപ്പേര് നൽകി. 3 ദശലക്ഷം ആളുകൾക്ക് വരെ തങ്ങാൻ  ശേഷിയുള്ള മിനയെ ലോകത്തിലെ ഏറ്റവും വലിയ കൂടാര നഗരം എന്ന് വിളിക്കുന്നു.[1][3][4] ഹജ്ജിന്റെ അവസാന ദിവസങ്ങളിൽ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിൽ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയൽ ചടങ്ങ് നടത്തുന്ന  സ്ഥലമാണ് മിന താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ജമറാത്തുകൾ. ഇസ്‌ലാമിക പ്രവാചകൻ ഇബ്രാഹിം (അബ്രഹാം) തന്റെ മകനായ ഇസ്മാഈലിനെ ബലിയർപ്പിക്കാനുള്ള അല്ലാഹുവിന്റെ കൽപ്പന നടപ്പാക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞതിനെ അനുസ്മരിപ്പിക്കുന്നതാണ് കല്ലെറിയൽ ചടങ്ങ്.[5]

ചരിത്രം[തിരുത്തുക]

ഇസ്ലാമിക ചരിത്ര പ്രകാരം, ഇബ്രാഹിം തന്റെ ഭാര്യ ഹാജറയെയും (ഹാഗർ) അവരുടെ മകൻ ഇസ്മാഈലിനെയും ഇസ്മായേൽ ശിശുവായിരിക്കുമ്പോൾ മക്കയുടെ താഴ്‌വരയിൽ ഉപേക്ഷിച്ചു. മക്കയിലെ തന്റെ കുടുംബത്തെ അദ്ദേഹം പിന്നീട്  ഒരിക്കൽ സന്ദർശിച്ചപ്പോൾ, മിനാ താഴ്‌വരയിൽ തന്റെ മകനെ ബലിയർപ്പിക്കാൻ അള്ളാഹു അദ്ദേഹത്തോട് സ്വപ്നത്തിൽ ഉത്തരവിട്ടു. ബലിയർപ്പിക്കുമ്പോൾ ഒരു പിശാച്  ഇബ്രാഹിമിനെ തടസ്സപ്പെടുത്തുകയും പിശാചിനെ കല്ലെറിയാൻ അല്ലാഹു കൽപ്പിക്കുകയും ചെയ്തു. പ്രതീകാത്മകമായി  പിശാചിനെ കല്ലെറിയുന്ന ചടങ്ങ് ഈ വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലാണ്.[5] പ്രവാചകൻ മുഹമ്മദ്, മദീന നിവാസികളുമായി ഉണ്ടാക്കിയ  അൽ-അഖബ പ്രതിജ്ഞയും മിനയിൽ നടന്നെന്ന് വിശ്വസിക്കപ്പെടുന്നു.

ഇപ്പോഴത്തെ നിലയിലുള്ള സ്ഥിര കൂടാരങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് തീർത്ഥാടകർ സ്വന്തമായി ടെന്റുകൾ കൊണ്ട് വരികയും ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോൾ അവ പൊളിച്ചുമാറ്റുകയും ചെയ്യുമായിരുന്നു. 1990-കളിൽ സൗദി ഗവൺമെന്റ് സ്ഥിരമായ കോട്ടൺ ടെന്റുകൾ സ്ഥാപിച്ചു. പെട്ടെന്ന് തീ പിടിക്കാവുന്ന ഈ കോട്ടൺ കൂടാരങ്ങൾ ധാരാളം തീർത്ഥാടകരുടെ ജീവൻ അപഹരിച്ചു. 340-ലധികം തീർത്ഥാടകരുടെ മരണത്തിന് കാരണമായ 1997-ലെ മിന തീപിടുത്തത്തിന് ശേഷം, 8 x 8 മീറ്റർ (26 അടി × 26 അടി) അളവുള്ള 100,000-ലധികം സ്ഥിരം കൂടാരങ്ങൾ നിർമ്മിച്ചു.[1][6] [7] തീയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ടെഫ്ലോണിന്റെ പുറം പാളിയോട് കൂടിയ ഫൈബർഗ്ലാസ് കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. കൂടാരങ്ങളെ ക്യാമ്പുകളായി തിരിച്ച്, ഓരോന്നിനും അതിന്റേതായ പുറം മതിലുകൾ നൽകി,  ക്യാമ്പുകൾ വിവിധ രാജ്യക്കാർക്ക് വീതിച്ചു നൽകുകയും ചെയ്തിരിക്കുന്നു. 3 ദശലക്ഷം തീർഥാടകർക്ക് വരെ ഇങ്ങനെ താൽക്കാലിക താമസസൗകര്യം നൽകുന്നു. ഓരോ ക്യാമ്പിലും ഒരു അടുക്കള, കുളിമുറി, വുദു സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ മറ്റ് ക്യാമ്പുകളുമായി പാതകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാരങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി പ്രത്യേക നിറങ്ങളും നമ്പറുകളും നൽകിയിട്ടുണ്ട്.[1]

ഭൂമി ശാസ്ത്രം[തിരുത്തുക]

ഏകദേശം 400 മീറ്റർ (1320 അടി) ഉയരത്തിൽ, മിന എന്ന പേരിലുള്ള താഴ്വരയിലാണ് മിന സ്ഥിതി ചെയ്യുന്നത്.[8] പടിഞ്ഞാറ് മക്കയിലെ അൽ-അസീസിയ ജില്ല, വടക്ക് നാലാമത്തെ റിംഗ് റോഡ്, കിഴക്ക് മുസ്ദലിഫ, തെക്ക് അൽ-ജാമിഅ ജില്ല എന്നിവയാണ് അതിർത്തികൾ. മിനയുടെ ഏറ്റവും പടിഞ്ഞാറ്  അറ്റത്തുള്ള  സവിശേഷതകൾ പിശാചിന്റെ കല്ലെറിയുന്ന സമയത്ത് കല്ലെറിയുന്ന മൂന്ന് ജമറാത്തുകളാണ്. ഇവ ജമറത്ത് അൽ-സുഘ്ര (ഏറ്റവും പടിഞ്ഞാറുള്ളതും ചെറുതും), ജമറത്ത് അൽ-വുസ്ത (മധ്യത്തിലുള്ളത്), ജമറത്ത് അൽ-കുബ്ര (ജമറത്ത് അൽ-അഖബ), ഏറ്റവും വലുതും കിഴക്കും എന്നീ പേരുകളിൽ അറിയപ്പെടുന്നു. 2003-ലെ ഒരു പഠനത്തിൽ, ആദ്യത്തെ രണ്ടെണ്ണം തമ്മിലുള്ള അകലം 135 മീ (443 അടി) ആയും പിന്നീടുള്ള രണ്ടെണ്ണം തമ്മിലുള്ള ദൂരം 225 മീ (738 അടി) ആയും അളന്നു.[8] മിനയുടെ വടക്കുകിഴക്ക് ഭാഗത്താണ് ഹജ്ജ് തീർഥാടകരുടെ ബലിമൃഗങ്ങളെ അറുക്കുന്ന അറവുശാലകൾ. ഹജ്ജ് വേളയിൽ മാത്രം പ്രാർത്ഥന നടക്കുന്ന മസ്ജിദുൽ-ഖൈഫ് എന്ന പള്ളി മിന താഴ്‌വരയുടെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ[തിരുത്തുക]

ഏകദേശം 20,000 m2 (220,000 ചതുരശ്ര അടി) വിസ്തൃതിയുള്ള മസ്ജിദ് അൽ-ഖൈഫ് മിനയിലെ ഏറ്റവും വലിയ പള്ളിയാണ്.

ഗതാഗതം[തിരുത്തുക]

സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈവേകളിലൊന്നായ ഹൈവേ 40, മിനയിൽ നിന്ന് 3 കിലോമീറ്ററിൽ താഴെ (1.9 മൈൽ) അൽ ഹജ്ജ് സ്ട്രീറ്റിലൂടെ എത്തിച്ചേരാനാകും. ഹജ്ജ് വേളയിൽ മാത്രം  സജീവമാകുന്ന, നിലവിൽ സൗദി അറേബ്യയിലെ ഏക സമ്പൂർണ്ണ മെട്രോ പാതയായ മശായിർ അൽ-മുഖദ്ദസ്സ മെട്രോ മിനയിലാണ്.  വടക്കു പടിഞ്ഞാറ് ദിശയിൽ ഓടുന്ന ഈ മെട്രോ അറഫാ മൈതാനിയിൽ തുടങ്ങി മുസ്‌ദലിഫ വഴി, സൈനിക ആശുപത്രിക്ക് സമീപമുള്ള മിന സ്റ്റേഷൻ 1-ലും അവിടെ നിന്നും 1 കിലോമീറ്റർ (0.62 മൈൽ) ദൂരമുള്ള  മിന സ്റ്റേഷൻ 2-ലും (മിന അൽ-ജിസ്ർ ആശുപത്രിക്ക് സമീപം) നിർത്തിയ ശേഷം   ജമറാത്തിന് അടുത്തുള്ള  മിന സ്റ്റേഷൻ-3 ൽ യാത്ര അവസാനിപ്പിക്കുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Mina, The City of Tents" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-11-22.
  2. "Mina tent city hosts over 2 million Hajj pilgrims" (ഭാഷ: ഇംഗ്ലീഷ്). 2019-08-10. ശേഖരിച്ചത് 2022-11-22.
  3. Reporter, Staff. "WATCH: Flyover of Mina, the world's largest city of tents" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-11-22.
  4. Atassi, Basma. "Mecca's $7,000-per-night makeshift room" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-11-22.
  5. 5.0 5.1 Huzaifa, Abu (2014-04-23). "The Jamarat" (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2022-11-22.
  6. agencies, Staff and (2006-01-13). "A history of hajj tragedies" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-11-22.
  7. Reuters. "A Stampede Near Mecca Killed More Than 700 People Taking Part In the Hajj Pilgrimage" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-11-22. {{cite web}}: |last= has generic name (help)
  8. 8.0 8.1 "https://doi.org/10.5120%2F19868-1853". doi:10.5120/19868-1853. {{cite journal}}: Cite journal requires |journal= (help); External link in |title= (help)
"https://ml.wikipedia.org/w/index.php?title=മിന&oldid=3824467" എന്ന താളിൽനിന്ന് ശേഖരിച്ചത്